2011, മാർച്ച് 6, ഞായറാഴ്‌ച

മേസണെ തേടി...

സ്വപ്നങ്ങളെ പറ്റി ആര്‍ക്കും ഒരഭിപ്രായവുമില്ലേ !
എന്തായാലും ആദ്യം എന്റെ സ്വപ്നത്തെ പറ്റി പറയട്ടെ ..

ഇന്ന് ഞാന്‍ ഉണര്‍ന്നത് സൈറ്റില്‍ വെച്ചു കുട്ടന്‍ മേസ്തിരി മോശമല്ലാത്ത കുറച്ചു തെറികള്‍ എന്നെ വിളിക്കുന്ന സ്വപ്നവും കണ്ടാണ്‌ !

എന്നെ സംബന്ധിച്ചിടത്തോളം  എന്റെ ഇന്നത്തെ കാര്യം സംസാരിച്ചതാണ് ഈ സ്വപ്നം എന്നോട് .
അതുകൊണ്ട് തന്നെ മേസ്തിരി എന്നെ സൈറ്റില്‍ വെച്ചു ചീത്ത പറയാതിരിക്കാന്‍ വേണ്ടി ഇന്ന് ഞാന്‍ ലീവെടുത്ത്  വീട്ടിലിരിക്കുകയും ,
മേസ്തിരിക്ക് പകരം കടുപ്പമുള്ള ഭാഷയില്‍ തന്നെ ഭാര്യയുടെ വായില്‍ നിന്നും സ്വപ്നത്തില്‍ കണ്ടത് പോലെയൊക്കെ കേട്ടുകൊണ്ട് ഇപ്പോള്‍ ബ്ലോഗെഴുതിക്കൊണ്ടിരിക്കുന്നു !

ഇതുപോലെ തന്നെ സംഭവിച്ച മറ്റൊരു സ്വപ്നത്തെ പറ്റിയാണ് ഇവിടെ എഴുതുന്നത്‌ ...

എന്റെ വീടുപണി ഇനിയും കഴിഞ്ഞിട്ടില്ല !
മേസണ്‍ ജോബിയെ വിളിക്കണം എന്ന് വിചാരിച്ചു ഉറങ്ങാന്‍ കിടന്നതാണ് .
അന്നത്തെ സ്വപ്നത്തില്‍ ഞാന്‍ മേസണ്‍ ജോബിയെ വിളിക്കാന്‍ ചെന്നപ്പോള്‍ ജോബിയുടെ പട്ടി എന്നെ കടിക്കാന്‍ വിചാരിച്ചുകൊണ്ട്‌ പാടത്തും പറമ്പിലും ഇട്ടോടിക്കുകയാണ് ..!

സ്വപ്നം എന്തായാലും സത്യമാവും .
അതുകൊണ്ട് ജോബിയെ വിളിക്കാതെ വേറെ ഏതെങ്കിലും മേസണെ വിളിക്കാം .
അതാണ്‌ ബുദ്ധി ! .

ഒരു മേസണെ കിട്ടാന്‍ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നേരം വെളുപ്പിച്ചപ്പോള്‍ആണ് കോഴിക്കോട്ടും കുന്നംകുളത്തുമൊക്കെ മേസന്റെ ആപ്പീസുകള്‍ ഉള്ളകാര്യം ഒരു ബ്ലോഗില്‍ വായിച്ചത് ഓര്‍മ്മയില്‍ വന്നത് !

അങ്ങനെ ഞാന്‍ കുന്നംകുളത്ത് മേസണ്‍ ബംഗ്ലാവില്‍ എത്തപ്പെട്ടു.
എന്നെ കണ്ടപാടെ സെക്യൂരിറ്റി വട്ടത്തില്‍ നിരന്നു ഒരൊറ്റ പിടുത്തമാണ് !

"നീ ആരാടാ ?
എന്തിനാ വന്നത് ?"
കട്ടത്താടിയും മീശയുമൊക്കെ ഉള്ള ഒരു സെക്യൂരിറ്റി എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി .

"ഞാന്‍ അയ്യോ ഒരു പാവമാണ് .
വീടുപണിക്ക് ഒരു  മേസണെ കിട്ടുമോ എന്നറിയാന്‍ വന്നതാണ് "
എനിക്ക് പേടിയായിത്തുടങ്ങി .

"അത് കള.
നീ ഫോട്ടോ എടുക്കാന്‍ വന്നതല്ലേ ?"

"ഫോട്ടോയോ ?
അതും മേസന്റെ ..
അത് കിട്ടിയിട്ട് എനിക്കെന്തിനാണ്‌ !"
എനിക്കപ്പോഴും ഒന്നും മനസ്സിലായില്ല .
ചിലപ്പോള്‍ ഒക്കെ അങ്ങനെ ആണ് ,
എനിക്ക് മനസ്സിലായി വരാന്‍ കുറെ നേരമെടുക്കും !

ങീ ങീ ങീ ...
എവിടെ നിന്നോ ഒരു സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ ?
ഞാന്‍ ചെവിയോര്‍ത്തുനോക്കി .
ശരിയാണ് .

"ഒരു സ്ത്രീയല്ലേ കരയുന്നത് ?"
ഞാന്‍ ചോദിച്ചു .

"നിനക്ക് കേള്‍ക്കുന്നത് പോലെയൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാം  .
നിന്നെപ്പോലെ മേസണ്‍ ബംഗ്ലാവിന്റെ ഫോട്ടോയെടുക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പിടിച്ചു മുറിയില്‍ പൂട്ടിയിട്ടതാണ് "
താടിക്കാരന്‍ അലസമായി പറഞ്ഞു .

എങ്കില്‍ അതാരായിരിക്കും ?
അതൊരുപക്ഷേ നമ്മുടെ ....
പെട്ടെന്നെന്റെ ശിരസ്സില്‍ ഒരു ഇടി വെട്ടിയതുപോലെ തോന്നി .

"ആളെയൊന്നു കാണാന്‍ പറ്റുമോ?
 പ്ലീസ് പ്ലീസ് ..."
ഞാന്‍ ഒരു അഞ്ഞൂറാന്റെ ..
തെറ്റിപ്പോയി ,
അഞ്ഞൂറിന്റെ നോട്ടെടുത്ത് കാണിച്ചു .

താടിക്കാരന്‍ ഇങ്ങനെ നോട്ടും കണ്ടുനില്‍ക്കെ അയ്യാളുടെ മനസ്സലിഞ്ഞു വെണ്ണ പരുവമായി !
'ഠിം '...
ഒരു റാഞ്ചല്‍ കൊണ്ട് നോട്ടും വാങ്ങി അയ്യാള്‍ ഇങ്ങനെ പറഞ്ഞു .
"കാണിച്ചു തരുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.
പക്ഷെ നേരിട്ട് പറ്റില്ല .
 ആ ജനലവാതിലിനിടയില്‍ ഒരു പഴുതുണ്ട് .
അതിനിടയിലൂടെ വേണം നോക്കാന്‍ ."

"സമ്മതം "
അങ്ങിനെ ഞാന്‍ വിറച്ചുവിറച്ചു  ഒരുവിധം വാതില്‍ പഴുതിലൂടെ നോക്കി .
അകത്ത് ഒരു സ്ത്രീ നിന്ന് കരയുന്നു ...
ആരാത് ?
കുഴപ്പമില്ല !
അത് നമ്മുടെ ആളല്ല !
ഹാവു..
ആശ്വാസം !
ഇത് വേറെ ആരോ ആര്‍ത്തി പിടിച്ചു മേസണ്‍ ബംഗ്ലാവിന്റെ ഫോട്ടം എടുത്തു  ബ്ലോഗിലിടാന്‍ വന്നതാണ് ..
ഹിഹിഹി ...

''എല്ലാം കണ്ടു കഴിഞ്ഞല്ലോ അല്ലെ .
ഇനി എന്താ തന്റെ അടുത്ത പരിപാടി ?"
താടിക്കാരനാണ്.

"ഒരു മേസണെ കൂടെ പറഞ്ഞുവിട്ടാല്‍ വീട്ടില്‍ പോകാമായിരുന്നു "

'ഹഹഹ ...'
ഞാന്‍ പാവമായതുകൊണ്ടാകും അയാള്‍ ചിരിക്കാന്‍ തുടങ്ങി .

''പറ്റില്ല മാഷേ .
ഇവിടെ ചില ഫോര്‍മാലിട്ടീസൊക്കെ ഉണ്ട് .
ഇവിടെ അതിക്രമിച്ചു കടന്നവര്‍ ആരായാലും മെമ്പേഴ്സ് മീറ്റിങ്ങില്‍ ഹാജരാക്കിയിട്ടെ പുറത്തുവിടൂ"
താടിക്കാരന്‍ എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് പറഞ്ഞു .
ഇടക്കയാള്‍ പോക്കറ്റിലും നോക്കികൊണ്ടിരുന്നു .

''ഈ മെമ്പേഴ്സ്  ആളെങ്ങിനെയാണ്.
അവരെന്നെ ഉപദ്രവിക്കുമോ ?
നായ കടിക്കുന്നതുപോലെയോ മറ്റോ?"
ഞാന്‍ സ്വപ്നത്തെ കുറിച്ചോര്‍ത്തു നെടുവീര്‍പ്പിട്ടു ഇങ്ങനെ ചോദിച്ചു ...

''ഇല്ലില്ല ചോദ്യം ചെയ്യുകയെ ഉള്ളൂ .
പിന്നത്തെ കാര്യം പറയാന്‍ പറ്റില്ല. 
ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യില്‍ .."

വലയുമോ ?
എന്റെ ദൈവമേ ..
ഇതിനായിരുന്നോ നീ ഇങ്ങനത്തെ ഒരു സ്വപ്നം കാണിച്ചുതന്നത് !

പേടിക്കുകയും അങ്ങനെ വിയര്‍ക്കുകയും ചെയ്യുന്ന എന്നെ അവര്‍ ഒരു ഹാളില്‍ കൊണ്ടുപോയി നിര്‍ത്തി .

മീറ്റിങ്ങ് തുടങ്ങി എന്ന് തോന്നുന്നു .
ഹാളില്‍ ആളനക്കം .
ഓരോരുത്തരായി ഹാളിലേക്ക് വരാന്‍ തുടങ്ങി. 

"ആ വരുന്നതാണ് ഇവിടത്തെ അഡ്മിന്‍ "
കറുത്ത കോട്ടും സ്യൂട്ടുമൊക്കെ ഇട്ടിട്ടു വരുന്ന ആളെ ചൂണ്ടി താടിക്കാരന്‍ പറഞ്ഞു .

അഡ്മിന്‍ എന്റെ അടുത്തേക്ക് വന്നു .
"ഗ്ലാറ്റ്മീറ്റ് യൂ .."
അയാള്‍ എന്റെ കൈ പിടിച്ചു കുലുക്കി .

"ബൈ ദി ബൈ ,
നിങ്ങള്‍ എന്തിനാണ് ഇവിടെ അതിക്രമിച്ചു കടന്നത്‌ ?"

''സത്യമായിട്ടും ഞാന്‍ അതിക്രമിച്ചു കടന്നതല്ല .
ഞാന്‍  മേസനെ പണിക്കു വിളിക്കാന്‍ വേണ്ടി വന്നതാണ് ..."
ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു  .

" എതു പണിക്ക് ?"

"എന്റെ...വീടുപണിക്ക്... "
ഞാന്‍ നില്‍ക്കുന്നിടം കുറേശ്ശെ നനഞ്ഞുതുടങ്ങി .

"ഇവിടത്തെ മേസന്മാരെ കൊണ്ട് പോയി വീടുപണി നടത്താന്‍ നീയാരാണ് ?"

"ഞാന്‍ ..ഒരു പാവമാണ്.. "

"ആയിക്കോട്ടെ .
ദൈവം സ്വര്‍ഗ്ഗത്തില്‍ ഒരു ഫ്ലാറ്റ് കെട്ടുന്നുണ്ട് എന്ന വിവരം നിനക്കറിയാമോ ?.
ഞങ്ങള്‍ ആ ഫ്ലാറ്റിന്റെ മേസന്മാരാന് .
നിനക്ക് മനസ്സിലാകുന്നുണ്ടോ ?
മണ്ടാ .."

മണ്ടന്മാര്‍...
എന്നോടാണ് ചോദിക്കുന്നത് !
"മനസ്സിലായി "

"എന്ത് മനസ്സിലായി ..?
എന്തായാലും ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇത്രേം കണ്ട നീ വെറുതെ തിരിച്ചു പോകാമോ ...?
വേണോ ?.."

"വേണം "

"തിരിച്ചു പോകണമെന്നുന്ടെങ്കില്‍  ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും .
മൂന്നിനും ശരിക്കുള്ള ഉത്തരം പറഞ്ഞില്ലെങ്കില്‍,
ഇവിടെ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വലിയ ചട്ടുകമുണ്ട് .
അത് നന്നായി ചൂടാക്കി ചന്തിയില്‍ വച്ചു നല്ല വലിപ്പത്തില്‍ പൊള്ളിക്കും .
മനസ്സിലായോ ?"
അയാള്‍ പേടിപ്പിക്കുകയാണ്  .

(ഹമ്മേ...! )
"ഉവ്വ് !"

"എന്നാല്‍ ആദ്യത്തെ ചോദ്യം .
ശ്രദ്ധിച്ചു കേള്‍ക്കണം .
ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന സമയത്ത് തലയില്‍ നിറച്ച സാധനമെന്ത് ?"

"പിണ്ണാക്ക് "
വേഗം തന്നെ ഉത്തരം പറഞ്ഞു .

"ഇത് ശരിയായ ഉത്തരമല്ല ,
എന്നാലും ആശയപരമായി കൊള്ളാം .
അതുകൊണ്ട് ഇനി അടുത്ത ചോദ്യം .
ദൈവം ഇപ്പോള്‍ ഈ ഫ്ലാറ്റ് പണിയിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ?"

"മേസന്മാര്‍ക്ക് താമസിക്കാന്‍ വേണ്ടി .. "
(ഉത്തരം ശരിയാവണെ..)

"ഒപ്പിക്കാം, അല്ലെ ....
അടുത്തത്‌ .
ദൈവം എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചത് ?"

ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ എന്നെ പൊള്ളിക്കും .
"പ്രാര്‍ത്ഥിക്കാന്‍.. "
(അഡ്മിന്‍ടെ മുഖം കാണുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു ..)

"ഉത്തരങ്ങള്‍ക്കു കുഴപ്പമില്ല അതുകൊണ്ട് ശിക്ഷയില്‍ ഇളവുണ്ട് .
എങ്കിലുംഒരു കാര്യം കൂടി ,
ഇവിടുന്നു പോകണമെങ്കില്‍ ദൈവത്തെ കുറിച്ചു നല്ല രണ്ടുവാക്ക്‌ സംസാരിക്കുകയും അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ,
തുടര്‍ന്ന്  ഞങ്ങളുടെ പ്രാര്‍ത്ഥനാ പരിപാടികളില്‍ പങ്കു കൊള്ളുകയും വേണം "

"സംസാരിക്കാം "
ഞാന്‍ സമ്മതിച്ചു .

ടും ടും ടും ..
(മൈക്കില്‍ കൊട്ടിയതാണ് .) 
 "എന്റെ പ്രിയപ്പെട്ട മേസന്മാരെ മേസത്തികളെ ..."

സദസ്സ് പിറുപിറുക്കാന്‍ തുടങ്ങി .
എന്തെങ്കിലും അബദ്ധം പറ്റിയോ !
അപ്പോഴാണ്‌ 'സ്ത്രീകള്‍ക്ക് പ്രവേശനമില്ല 'എന്ന് എന്‍ട്രന്‍സില്‍ എഴുതിവച്ചിട്ടുള്ള ബോര്‍ഡു കണ്ടത് !
അതാണ്‌ മേസത്തി കളെ യൊന്നും കാണാത്തത് !

 "ഞാന്‍ ദൈവവുമായി വളരെ അടുത്തു പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് .
(ഐക്ക്യു ഐക്ക്യു !)
അതുകൊണ്ട് തന്നെ ഇവിടെ ദൈവത്തെ പറ്റി രണ്ടുവാക്ക് സംസാരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷവുമുണ്ട്  (ചുമ്മാതാ )."

ഓഡിയന്സ്  'ഇവനാരട 'എന്നമട്ടില്‍ മിഴിച്ചു നോക്കുകയാണ് !
ഹിഹിഹി ...

"ആദിയില്‍,
 ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ,
ദൈവവും ഭാര്യയായ ശൂന്യതയും കൂടി സ്വസ്ഥമായി കഴിഞ്ഞിരുന്ന കാലം !

കുറെനാള്‍ അങ്ങിനെ കഴിഞ്ഞപ്പോള്‍ ദൈവത്തിനു ഒരു മോഹം തോന്നി !
കുറെ മക്കളും പേരക്കുട്ടികളും ഒക്കെ ആയാലെന്താ ?
(ഈ ദൈവത്തിന്റെ ഒരു കാര്യം !)

ഇപ്പോള്‍ ഞാന്‍  സൃഷ്ടിക്കുന്നതിനെ ഒന്നും പുതിയതായി ആര്‍ക്കും വീണ്ടും സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല എന്ന ഊര്‍ജ സംരക്ഷണ ഉടമ്പടിപ്രകാരം ദൈവം ഒരു ബിഗ്‌ ബാഗു നമ്മുടെ ശൂന്യതക്ക്  സമ്മാനിച്ചു !

ഇതൊക്കെ ആദ്യമായിട്ടല്ലേ .
(ശൂന്യതയുടെയും ഒരു കാര്യം !ഹിഹിഹി ....)

അതുകൊണ്ട് ബാഗു കിട്ടിയപ്പോള്‍ ശൂന്യത 'അയ്യോ പൊത്തോ ..'എന്ന് കരഞ്ഞു വിളിക്കുകയും ബാഗു തമോഗര്‍ത്തങ്ങളില്‍ വീണു പൊട്ടി നാലിന് പതിനാറായി തകര്‍ന്നു അനേകം ഗ്യാലക്സികള്ണ്ടാവുകയും ചെയ്തു .

 കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഈ ഗ്യാലക്സികളിലുള്ള സൂര്യന്മാര്‍ക്കെല്ലാം തങ്ങള്‍ക്കും കുറെ മക്കളും പേരക്കുട്ടികളും ആയാലെന്താ എന്ന് തോന്നുകയും (അച്ഛന്റെ അല്ലെ മക്കള്‍ !ഹിഹിഹി ...),
അങ്ങനെ പരസ്പരം കൂട്ടിത്തട്ടി കൂട്ടിത്തട്ടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ ഉണ്ടാക്കുകയും ചെയ്തു .

ഇതില്‍ ഭൂമി എന്നൊരു ഗ്രഹം തന്റെ സന്താന മോഹം ചന്ദ്രനോട് പറയുകയും ,
അത് ശരിയാണല്ലോ എന്ന് തോന്നി ചന്ദ്രന്‍ ചില വേലിയേറ്റങ്ങള്‍ ഒക്കെ നടത്തി ആദ്യമായി സമുദ്രത്തില്‍ ജീവനുണ്ടാക്കി .

സമുദ്രത്തില്‍ഇങ്ങനെ ജീവന്‍ ധാരാളമായി പെരുകിയപ്പോള്‍ അവ തമ്മില്‍ തമ്മില്‍ വെട്ടും കുത്തും തുടങ്ങി .
ഇതില്‍ സഹികെട്ട സമുദ്രം കൂടുതല്‍ കുറുമ്പുള്ളവരെ തിരമാലക്കൈകള്‍കൊണ്ട് ചുട്ട അടി അടിച്ചു പുറത്താക്കുകയുംചെയ്തു. (അടികൊണ്ട ഭാഗത്ത് അവയ്ക്ക് പിന്നീട് വാല് വളരുകയുമുണ്ടായി !)

ഈ വാലന്മാര്‍ കരയ്ക്ക് കയറി പിന്നെയും വഴക്കടിക്കുകയും തല്‍ഫലമായി ചിലരുടെയൊക്കെ വാല് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ മനുഷ്യരുണ്ടായി !

ഈ മനുഷ്യര്‍ തമ്മിലും ചില യുദ്ധങ്ങളൊക്കെ വേണ്ടിവന്നതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ജാതിയും മതവും ദൈവങ്ങള്മൊക്കെ ഉണ്ടാക്കേണ്ടിവന്നു.
അങ്ങിനെ ഒരുജാതിമനുഷ്യനായി ഈ ഞാനും ഉണ്ടായി !

ഒരു മനുഷ്യനായതുകൊണ്ട് എന്റെ യൊക്കെ മുതു മുത്തച്ഛനായ ഈ ദൈവത്തെയൊന്നു കാണണം കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുകയും ,
അതിനു വേണ്ടി ചില പൊസ്തകങ്ങളൊക്കെ വാങ്ങി വായിക്കുകയും ചെയ്തു  !

ശേഷം ഞാന്‍ ദൈവത്തെ കാണുന്നതിനു വേണ്ടി ഒരു ആല്‍മരത്തിനു ചോട്ടില്‍ ചെന്നിരുന്നു സമാധിയുമായി .

ബുദ്ധി ,മനസ്സ് ,ഇന്ദ്രിയങ്ങള്‍ ,ഇന്ദ്രിയ വിഷയങ്ങള്‍ എന്നിവയെയെല്ലാം അടക്കി നിര്‍ത്തി ഒടുവില്‍ ചിത്തവൃത്തികളെ ഇല്ലാതാക്കുകയുംചെയ്തിട്ട് ഒടുവില്‍ ആത്മാവെന്നു പറയുന്ന ദൈവത്തിനു മുഖാമുഖം ഞാന്‍ നിര്‍ത്തപ്പെട്ടു !
(എന്റെയും ഒരു കാര്യം !)

"എടാ എന്തിനാണ് നീയിപ്പോള്‍ ഇങ്ങോട്ട് വന്നത് ?"
ദൈവത്തിനു ഇഷ്ടമായിട്ടില്ലെന്നു തോന്നുന്നു .
ഇത്രയും കഷ്ട്ടപ്പെട്ട് ചെന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ !

"വന്നൊന്നു കാണണമെന്ന് ഒരാഗ്രഹം തോന്നി .പൊറുക്കണം .."
സാധാരണ നിലക്കാണെങ്കില്‍ കരഞ്ഞു പോകേണ്ടതാണ് ..
പക്ഷെ ഇന്ദ്രിയങ്ങളെ അടക്കിപ്പിടിച്ചിട്ടാണ് ചെന്നത് എന്നത്കൊണ്ട് നിര്‍ഗുണനായിത്തന്നെ നില്‍ക്കാന്‍ പറ്റി!

"നിനക്കിനിയും വരാന്‍ സമയമായിട്ടുണ്ടായിരുന്നില്ല .
നിന്റെ വീടുപണിയും മറ്റു ചില വീട്ടുകാര്യങ്ങളും ഇനിയും ബാക്കി കിടക്കുകയാണ് .
അപ്പോഴേക്കും കുറ്റിയുംപറച്ചു വന്നിരിക്കുന്നു !
സമയമാകുമ്പോള്‍ ഒരു കുട്ടിയെ ഞാന്‍ അങ്ങോട്ട്‌ പറഞ്ഞയക്കുമായിരുന്നല്ലോ ..
പോപോപോ ... "
ദൈവം പറയുകയാണ് .

സമയമായിട്ടുണ്ടാവില്ല .
മടങ്ങിപ്പോയേക്കാം.

"നില്‍ക്കു.."
തിരിച്ചു പോരാന്‍ തുടങ്ങിയ എന്നെ ദൈവം പിന്‍വിളി വിളിച്ചു .

"എന്തായാലും നീ ഇത്രേം വരെ വന്നതല്ലേ .
ഒരുകാര്യം കൂടി ...
ഞാന്‍ ഈ ലോകത്തിലെ ഇടപാടുകളെല്ലാം മതിയാക്കി ഷട്ടര്‍ ഇടുവാന്‍ പോവുകയാണ് .

സത്യത്തില്‍ ഞാന്‍ ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം ഇപ്പോള്‍ നിനക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല .
അവിടെ എല്ലാവരും ഞാന്‍ എവിടെയാണെന്ന് അറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടിക്കൊണ്ടിരിക്കയാണ് .
അതുകൊണ്ട് നീ ചെന്ന് അവരോടു പറയണം ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടെന്ന്.
നേരമാകുമ്പോള്‍ പോരാന്‍ റെഡിയായിരിക്കാന്‍ പറ .
ശേഷം ബാക്കി അവന്മാര്  തീരുമാനിച്ചോളും .
ഹല്ലപിന്നെ..."

"എല്ലാം അവിടുത്തെ ഇഷ്ടം .
ഹല്ലാ പിന്നെ .."
എന്ന് മറുപടിയും പറഞ്ഞു ഞാനിങ്ങു പോന്നു .

സദസ്യര്‍ ഉറങ്ങുന്നുണ്ടോ ?
ഇല്ലെന്ന് തോന്നുന്നു .
മൈക്കില്‍ വീണ്ടും ഒന്ന് കൊട്ടി .
ടുംടുംടും ...

"ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞുകൊണ്ട് ഈ പ്രസംഗം ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു "

ഉഷാര്‍ ഉഷാര്‍ !
നല്ല കൈയടി ..

അഡ്മിന്‍ എന്നെ ഓഫീസ് റൂമിലേക്ക്‌ വിളിച്ചു .

"ഇരിക്കൂ .
നിങ്ങളുടെ പ്രസംഗം ഇവിടെ എല്ലാവര്ക്കും വളരെ ഇഷ്ടമായി .
അതുകൊണ്ട് നിങ്ങളെ ഇവിടത്തെ മറ്റൊരു അഡ്മിനായി നിയമിച്ചു കഴിഞ്ഞു .
ഒരു പുറപ്പെടാ അഡ്മിന്‍ ആയി,
ശിഷ്ട്ട കാലം ഇനി ഇവിടെ കഴിയാം ."

"അയ്യോ ,അതുപിന്നെ ..ഞാന്‍ .."

"ഒന്നും പറയണ്ട "
അവര്‍ വാതില്‍ പുറത്തുനിന്നും പൂട്ടി .

അങ്ങനെ രാത്രിയായപ്പോള്‍ ഞാന്‍ ജനാല വഴി മുകളില്‍ കയറി .
ഓടുപൊളിച്ചു ശീലമുണ്ടായിരുന്നത്കൊണ്ട് പുറത്തെത്താനും അതുവഴി വീട്ടിലേക്കു ഓടി രക്ഷപ്പെടാനും പറ്റി.

*******************  

  



23 അഭിപ്രായങ്ങൾ:

  1. കൊള്ളാം .കൊത്തികൊത്തി മുറത്തില്‍ കേറി കൊത്തുകാ അല്ലേ..
    ഞാനിവിടൊക്കെതന്നെ ഉണ്ട് കേട്ടോ.ബി കെയര്‍ ഫുള്‍.

    ആദ്യത്തെ തേങ്ങ ഉടക്കാനും എനിക്ക് തന്നെ നിയോഗം!!

    മറുപടിഇല്ലാതാക്കൂ
  2. എതായാലും നല്ല ഭാവനയുണ്ട് കെട്ടോ...സംഗതി പുളൂസാണെങ്കിലും..

    മറുപടിഇല്ലാതാക്കൂ
  3. പറഞ്ഞ് പറഞ്ഞ് .., ഹ്മ്.. ബാക്കി ഞാൻ പറയുന്നില്ല :)

    മറുപടിഇല്ലാതാക്കൂ
  4. പോരുന്ന വഴിക്ക് ആ പെണ്‍കുട്ടിയെ അങ്ങ് രക്ഷിക്കാന്‍ പാടില്ലയിരുന്നോ? ഹി..ഹി..

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്നം എന്നു തുടക്കം കണ്ടപ്പോള്‍ തിടുക്കായി വായിയ്ക്കാന്‍...ആകാംക്ഷയോടെ ആണേലും അവസാനം വരെ ചിരി നിലനിര്‍ത്തി...എല്ലാ പോസ്റ്റിലും ‘ചേച്ചിയ്ക്ക്’ ഒരു പ്രധാന റോള്‍ കൊടുക്കുന്നത് ഇഷ്ടായി...അവരില്ലാത്ത ഒരു പോസ്റ്റ് ചേട്ടന്‍ ഇല്ലാല്ലേ..

    മറുപടിഇല്ലാതാക്കൂ
  6. എന്ത് /മുല്ല ഫുള്‍ ബിയറിനു ഓര്‍ഡര്‍ ചെയ്തത് കേട്ടില്ലേ ? അതെടുത്തു കൊടുക്കാന്‍ ഇവിടെയാരുമില്ലെന്നോ ? ച്ചായ് ..മ്ലേച്ചം മ്ലേച്ചം ...

    മറുപടിഇല്ലാതാക്കൂ
  7. അത്ശരി, പ്രാസംഗികനാണല്ലേ ?
    ബഡായി കൊള്ളാം..

    മറുപടിഇല്ലാതാക്കൂ
  8. അങ്ങനെ രാത്രിയായപ്പോള്‍ ഞാന്‍ ജനാല വഴി മുകളില്‍ കയറി .
    ഓടുപൊളിച്ചു ശീലമുണ്ടായിരുന്നത്കൊണ്ട് പുറത്തെത്താനും അതുവഴി വീട്ടിലേക്കു ഓടി രക്ഷപ്പെടാനും പറ്റി.

    നാട്ടില്‍ തെളിയാതെ കിടക്കുന്ന കേസേല്ലാം തലയില്‍ വന്നു കേറാതെ നോക്കിക്കോ.......!!!

    മറുപടിഇല്ലാതാക്കൂ
  9. ഏയ്..അല്ല ഭായ്...ഇങ്ങളേത് കേച്ചേരികാരനാടോ...
    ഒരാളടിച്ച പോസ്റ്റിൽ വീണ്ടും ഗോളടിക്കാൻ പാടില്ല അതറിയില്ലേ (ORPC law)
    നർമം വരുന്ന വഴിയേ...നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  10. ചിരിക്കുള്ള വകയുണ്ട്,
    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. ഓടുപൊളിക്കാരെ സൂക്ഷിക്കുക.......കൊള്ളാം മാഷേ കുറെ ചിരിച്ചു

    മറുപടിഇല്ലാതാക്കൂ
  12. ചിരിയില്‍ ഒരു കുറവുമില്ല. നന്നായി.

    മറുപടിഇല്ലാതാക്കൂ
  13. എത്ര ഭംഗിയായിട്ടാണ് നുണ പറയുന്നത് !
    ഇനിയും ഒരുപാടു നുണക്കഥകള്‍ എഴുതി
    ചിരിപ്പിക്കാന്‍ കഴിയട്ടെ, ആശംസകള്‍ ......

    മറുപടിഇല്ലാതാക്കൂ
  14. എന്‍റെ ബ്ലോഗി മോന്‍റെ ബഡായിയെ കടത്തിവേട്ടുമല്ലോ..

    എന്തായാലും എഴുത്ത്‌ ഉഗ്രനായിന്നു പറഞ്ഞാല്‍ ഉക്രനായി ട്ടോ.

    മറുപടിഇല്ലാതാക്കൂ
  15. മൈക്കില്‍ മുട്ടിമുട്ടി അത് പൊളിച്ച് കളയുമല്ലോ.
    പുതിയ പോസ്റ്റ്‌ ഇടുന്നത് അറിയാന്‍ പറ്റുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  16. ഈ ബ്ലോഗ്‌ ഫോളോ ചെയ്തിട്ടും പുതിയ പോസ്റ്റ്‌ വരുന്നത് അറിയാറില്ല...'മേസനെ തേടി ' ഇപ്പോഴാണ് വായിക്കുന്നത്..കേവലം ഒരു സ്വപ്നത്തില്‍ തുടങ്ങി എവിടെയൊക്കെ എത്തി അല്ലേ..നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി.

    മറുപടിഇല്ലാതാക്കൂ
  17. കുട്ടന്‍ മേസ്തിരി തെറി പറഞ്ഞേ ഒള്ളേ അതോ തലയ്ക്കടിച്ചോ ?? :)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .