2013, ഏപ്രിൽ 27, ശനിയാഴ്‌ച

സൗഹൃദം .


അടയാളങ്ങള്‍..
നോവല്‍.

 
അധ്യായം മൂന്ന്.
 സൗഹൃദം .
 
പഴയ ഇരുനില മാളിക പൊളിച്ചുമാറ്റി പുതിയത് പണിയാന്‍ അഹമ്മദ് ഹാജിക്ക് ഇഷ്ടമുണ്ടായിരുന്നില്ല.
വലിയ വീടിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ നാലു ഭാഗത്തുനിന്നും നല്ല കുളിര്‍മ്മയുള്ള ഇളം കാറ്റിനെ കൂട്ടു  കിട്ടുമായിരുന്നു.
ചെമ്മണ്‍നിരത്തിലൂടെ പോകുന്ന വാഹനങ്ങള്‍ പറത്തിവിടുന്ന  പൊടി നിറഞ്ഞു ചുവന്ന മുല്ലയും മൈലാഞ്ചിയും.

മുറ്റത്തെ വലിയ മൂവാണ്ടന്‍ മാവിന്റെ തണല്‍ പറ്റി മാമ്പഴം തിന്നാന്‍ എത്തുന്ന അണ്ണാരക്കണ്ണനെ തന്റെ കൂട്ടുകാരനാക്കിയ ബാല്യം മന്‍സൂറിന്റെതായിരുന്നു.
അവന്റെ വിളി കേള്‍ക്കേണ്ട താമസം അത് നീട്ടിപ്പിടിച്ച കൈക്കുള്ളില്‍ വന്നു കയറും.
പിന്നെ അവന്റെ തോളിലൂടെ തലയിലേക്ക് കയറും,എന്നിട്ട് മുടിയിഴകളില്‍ പരതി ഇക്കിളിയിട്ടുകൊടുക്കും..

മാവില്‍ കയറാന്‍ മന്‍സൂറിന് വശമുണ്ടായിരുന്നില്ല.
കളിയൂഞ്ഞാലിനു കയറിടാനും പഴുത്ത മൂവാണ്ടന്‍ മാമ്പഴം കാക്ക കൊത്തിവീഴ്ത്തും മുന്‍പ് മാവില്‍ കയറി പറിച്ചെടുക്കാനും  ഫൈസുവിനോടൊപ്പം മനേഷും ഉണ്ടായിരുന്നു.

‘മണ്ടൂസാ..നിക്ക് പൌത്താങ്ങാ.. താഴെ നിന്നും ജമീലയും സഫിയയും വിളിച്ചു പറയും.
‘ഇത് സപിയാക്ക്.. ജമീലാ അത് നെനക്കാട്ടോ.. മേലാകെ നിറയുന്ന നീറിന്റെ കടി കൊണ്ടു ചൊറിഞ്ഞിട്ടും മനേഷ് എത്താക്കൊമ്പുകളിലെ പഴുത്ത മാങ്ങ തേടുന്നത് അവര്‍ക്ക് രസമായിരുന്നു.

തൊടിയില്‍ നിറയെ തണല്‍ പരത്തി നിന്നിരുന്ന തേന്‍ വരിക്കയുംതാമര ചക്കയുമടക്കമുള്ള നാലു പ്ലാവുകളും‍ ,
അതിരു കാത്തു നിന്നിരുന്ന ഭീമാകാരന്മാരായ മൂന്ന് തേക്കുകളും
വീടുപണിക്കു വേണ്ടി മുറിച്ചു.
പേരയും സപ്പോട്ടയും റെയിന്‍ ട്രീയുമെല്ലാം ഗാര്‍ഡന്‍ വഴി മാറി.

പ്രകൃതി യുടെ തണലുരിഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ചുട്ടുപൊള്ളുന്ന അശാന്തിയിലേക്ക് കൂട് മാറ്റിക്കെട്ടിയത് മന്‍സൂറിന്‍ കല്യാണമാലോചിക്കാന്‍ തുടങ്ങിയപ്പോളാണ്.
കാലത്തിനൊത്ത മാറ്റം അതായിരുന്നു ന്യായീകരണം.
പിന്നെ പിന്നെ കുളിര്‍മ്മ നല്‍കുക എന്നത് അടച്ചിട്ട മുറിയിലെ എയര്‍ക്കണ്ടീഷനറിന്റെ ചുമതലയായി.

പുതിയ വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്നു ലാപ് ടോപ്പില്‍  നെറ്റ് സെറ്റര്‍ കണക്റ്റ് ചെയ്തു ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മന്‍സൂറിന്റെ ഭാര്യ സാജിത .
ഹുക്കില്‍ കൊളുത്തിയ ചൂരല്‍ കൊട്ടയില്‍ ഇരുന്ന് തനിയെ ആടിക്കൊണ്ടിരുന്നു  മന്‍സൂര്‍ വായിച്ചുകൊണ്ടിരുന്ന പുതിയ പുസ്തകങ്ങള്.

“യാസിന്‍ ..എന്നിട്ട് ഫീവറുണ്ടായിട്ടുംനീ ഗ്രൌണ്ടില്‍ പോയി..?
സുന്ദരമായ അവളുടെ വിരലുകള്‍ അക്ഷരങ്ങള്‍ എന്റര്‍ ചെയ്തു.
അനുസരണയില്ലാതെ ചുരുണ്ട മുടിയിഴകള്‍ കീബോര്‍ഡില്‍ വന്നു വീണു.

“സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റ് എന്നു പറഞ്ഞാല്‍ അങ്ങിനെയാണ്.
ടീമിന്റെ വിജയം,അതില്‍ക്കുറഞ്ഞതൊന്നിനും വിട്ടു വീഴ്ച്ചക്കൊരുങ്ങില്ല ഒരു നല്ല കളിക്കാരന്‍.
അങ്ങേത്തലക്കല്‍ നിന്നും മറുപടിയെത്തി.

“ശരി, നീ നല്ല കളിക്കാരനായിക്കൊ..നിന്റെ ടീമിന്‍ വിജയങ്ങളും ട്രോഫികളും നല്‍കിക്കൊണ്ടിരുന്നൊ..
നിനക്കെന്തുവന്നാലും എനിക്കെന്താ..?
ഇക്ക മാര്‍ക്കറ്റില്‍ പോയി വരാന്‍ സമയമായെന്നു തോന്നുന്നു.
ഞാന്‍ ക്വിറ്റ് ചെയ്തു..

“ഞാനും അതെ .
എനിക്കു സൈറ്റില്‍ പോകാന്‍ സമയമായി.
ഗുഡ് ഡെ.

“ഒക്കെ യാസിന്‍..
ബൈ..
സാജിത ഫേസ് ബുക്ക് ഡിസ് കണക്റ്റ് ചെയ്തു.


ഗേറ്റ് തുറക്കുന്ന  ശബ്ദം കേട്ടു.
ടേണ്‍ ഓഫ് ചെയ്യാനൊരുങ്ങുമ്പോഴാണ് ആമിന വരുന്നത് കണ്ടത്.
സാജിതയുടെ സുന്ദരമായ മുഖം കടന്നല്‍ക്കുത്തേറ്റതുപോലെ ചുവന്നു.

സാജിതമോളെ ..വാപ്പയുണ്ടൊ അകത്ത് ?..
ആമിനയുടെ വാക്കുകള്‍ക്ക്  ഇടര്‍ച്ചയുണ്ടായി.
പരവേശപ്പെട്ടെന്നോണം അവര്‍ നാക്കു കൊണ്ട് ചുണ്ടു നനച്ചു.

ഉം. ബെല്ല് അടിച്ചേക്കൂ..
സാജിതയുടെ നീരസം വെളിവാക്കുന്ന വാക്കുകള്‍ ആരോടൊ ക്കെയോ ഉള്ള പ്രതികാരം പോലെ തോന്നി.
മൂര്‍ച്ചയുള്ള നഖം കൊണ്ട്  അവള്‍ ലാപ്പ് ടോപ്പില്‍ ചില മുദ്രകള്‍വരച്ചു.

ആമിന കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി .
അകത്ത് മനോഹരമായ ഒരു വീണാനാദം മുഴങ്ങി.
വളരെ വിലപിടിപ്പുള്ള ഒരു കോളിങ്ങ്!

അഹമ്മദ് ഹാജി വാതില്‍ തുറന്നു വന്നു.
മുറിക്കയ്യന്‍ ബനിയനില്‍ പറ്റിയ എന്തോ വേഷ്ടികൊണ്ട് തുടക്കുന്നെന്നു ഭാവിച്ചു.
പിന്നെ കോസടിയിലും ചെറുതായി തട്ടി സാവകാശം ഇരുന്നു.
ദെന്താ ആമിനാ ..ജ്ജ് മുറ്റത്തന്നെ നിന്ന് കളഞ്ഞെ .കേറി കുത്തിയിരിക്കിന്‍..

വേണ്ട ഹാജിയാരേ ഞമ്മളിവിടന്നെ നിന്നോളാം.
ആമിന ഭവ്യതയോടെ പറഞ്ഞു.
ദെന്ത് പണ്യാ ആമിനാ . ഇതും അന്റെ കുടുമ്പന്നെ. പിന്നെന്താ അനുക്ക് ഇത്ര അകലം തോന്നാന്‍?

അല്ലെങ്കിലും വാക്കുകള്‍ക്കിടയില്‍ അകലം സൂക്ഷിക്കുന്നവനായിരുന്നില്ല ഹാജിയാര്‍.
ഹജ്ജിന് പോയി വന്നതില്‍ പിന്നെ എല്ലാവര്‍ക്കും അദ്ദേഹം അഭിമതനായത് വാക്കുകള്‍ക്കുള്ള സാന്ത്വന സ്വരമാകാം.
ആമിനക്ക് വിഷയത്തിലേക്ക് വരാമെന്ന് തോന്നി.

“കേറി ഇരിക്കണം ,സാജിതമോള്‍ടെ കയ്യോണ്ട് ഒരു തുള്ളി വെള്ളം
  ബാങ്ങിക്കുടിക്കണം ന്നൊക്കെ ഞമ്മടെ ഖല്‍ബില്‍ പെരുത്ത് പൂതീണ്ട്  .
 പക്ഷെല് കൊറെ നാളായി ഞമ്മള് ബയീന്റെ കാര്യം പറയാന്‍ തൊടങ്ങീട്ട് .ഇങ്ങളതൊന്ന് ശെര്യാക്കിത്തരാണ്ടെ എങ്ങിന്യാ ഹാജ്യാരെ..

ഇതാ ആമിന അന്നെ മക്കാറാക്കണ ഹലാക്കിന്റെ കാര്യം.
ഒക്കെ ഞമ്മള് പണ്ടേ പറഞ്ഞ് സബൂറാക്കീതാണ്“
  
ഞമ്മടെ ബഴീന്റെ വീതി കൂട്ടിത്തരാന്‍ ഇന്റെ ബീരാനിക്കാന്റെ കാലത്തന്നെ എത്ര വട്ടം പറഞ്ഞതാണ്. അന്നും ഇങ്ങള് ഇതന്നെ പറഞ്ഞേക്കണ്..

മുഖം അല്‍പ്പം അലോസരപ്പെട്ടെങ്കിലും ഹാജിയാര്‍ അത് പുറത്തു ഭാവിച്ചില്ല.
ചുണ്ടില്‍ ഒരു ചിരി വിടര്‍ത്തി.
അതില്‍ എന്തേ ഇപ്പൊ അനുക്ക് സംശയം..
അന്റെ കുടീന്റെ അവുത്തക്ക് നാശണല്‍ പെര്‍മ്മിറ്റിന്റെ ലോറി കടത്തണോ?
ഞമ്മടെ ഭൂമീന്റെ അവുത്തുകൂടി ജ്ജ് കടത്തിക്കോ.
ഞമ്മക്ക് നൂറുവട്ടം സമ്മതാ.
പറഞ്ഞുവരുമ്പൊ ഞമ്മളും അന്റെ കെട്ട്യോന്‍ ബീരാനും നല്ല കൂട്ടായിരുന്നെ.
ഞമ്മടെ വാപ്പായും അന്റെ കെട്ട്യോന്റെ  വാപ്പയും അതിലും ബെല്ല്യ കൂട്ടായിരുന്നു.
 ഞമ്മടെ വാപ്പാ ഇങ്ങ‍ക്ക് പത്തു സെന്റു സ്ഥലവുംഅതിലൊരു
 ബീടും ഉണ്ടാക്കിത്തരുമ്പോള്‍  ഞമ്മള് ഒരു പത്തു വയസ്സുള്ള
കുട്ട്യായിരുന്നെ..ഇന്നിപ്പൊ ഞമ്മക്കു വയസ്സായി . ന്നാലും
ഞമ്മക്കാവണപോലെ അന്നെ സഹായിക്കാന്‍ പെരുത്ത് സന്തോഷേള്ളൂ.

അതോണ്ടാവൂലാ.ഇങ്ങ്ള് ഭൂമി റേഷ് ശെയ്ത് തര്യേന്ന്.
 ഒരോരം ചേര്‍ന്ന് നടക്കാന്‍ള്ള ബഴ്യേ ക്കൂടെ ഇന്റെ
കുടീല്‍ക്ക്  ഒരു സക്കിള്‍ കടത്താനന്നെ പറ്റൂലാ..
ഒരു ബണ്ടി കടക്കാന്‍ പാകത്തിന് വീതി തരിൻ ഹാജ്യാരെ..

കേട്ടുകഴിഞ്ഞതും ഹാജിയാര്‍ തന്റെ കൈ കൂട്ടിയടിച്ചു.പിന്നെ കോസടിയില്‍ ഒന്ന് ആഞ്ഞിരുന്നു.
പഷ്ട്.. . ദ് അന്റെ മോന്  ഫൈസല്‍ പറഞ്ഞിട്ട്
 ദേ ഇപ്പ പോയതെ ഉള്ളൂ..നാട്ടുനടപ്പുള്ള വെലേം അതില്‍
  കൂടുതലും തരാന്നെ ഓന്‍ പറഞ്ഞത്.ഹ്ഹും

ഇങ്ങള്‍ ചോദിക്ക് ഹാജിയാരെ . ഇങ്ങ്ക്ക് എത്രേ വേണ്ടേ..?‍‍
പടച്ചോനാണെ ന്റെ മോന്‍ തരും…“

ശരി ശരി..അന്റെ മോനോടു പറഞ്ഞ കാര്യം തന്നെ ഞമ്മള്
 ഇപ്പൊ അന്നോടും കൂടി പറയാം..അന്റെ പത്തു സെന്റ്  
ഭൂമീന്റെ വെല.
ജ്ജ് അതു വിറ്റാല്‍ എന്തു കിട്ടുംന്ന് ഞമ്മള്‍ ചോദിക്കിണില്ല.ഒരു മുന്തിയ വില.
 സെന്റിന് രണ്ട് ലക്ഷം വെച്ചിട്ട് ഒരു ഇരുപത് ലക്ഷം ഉര്‍പ്യ ഞാന്‍ അങ്ങോട്ട് തരും.  ന്തേ..?

വാക്കുകള്‍ ആമിനായുടെ ഹൃദയത്തില്‍ തന്നെ തറച്ചു.
അവരുടെ മുഖം വിവര്‍ണ്ണമായി.
ചോദിച്ചത് ഒരു വണ്ടി കടത്താനുള്ള വീതി.
പക്ഷെ സ്വന്തം അനുഭവങ്ങളുടെ ജന്മഭൂമി തന്നെ പകരം വിലയിട്ടിരിക്കുന്നു.
ഓര്‍മ്മകളില്‍ നിന്നും ഒരായിരം കൊളുത്തുകള്‍ ചുറ്റിലും മുറുക്കിവലിക്കുന്നോ..

പറയാന്‍ എളുപ്പം കയീം ഹാജ്യാരെ. പക്ഷെല് അന്ന് ന്റെ
 കെട്ട്യോന്റെ വാപ്പ ഇങ്ങടെ വാപ്പാക്ക് കൊടുത്ത ഒരു വാക്കുണ്ട്.
ഉയിരുള്ള കാലം ഒന്നിച്ചു ഉണ്ടാവുംന്ന്. 
  ഖബറില് മണ്ണ് വീണ് കാലം കൊറെ ആയേക്കണ് .അതോണ്ട്
ഓരടെ വാക്കിന്റെ വെല  വേണേല്  മറക്കാം.
 പക്ഷേല് ന്റെ ബീരാനിക്കാ
  മനുഷേന്റെ കയ്യും പിടിച്ച് പതിനാല് വയസ്സിലാ ഞമ്മള്   ഇക്കുടീല്‍ ബന്ന് കേറീത്.
രണ്ട് കൊല്ലെ ഓര് പോയിട്ട് ആയുള്ളൂലോ ന്റെ റബ്ബേ
ഇപ്പളും മനുസന്റെ ചൂടും ചൂരും ഞമ്മടെ കുടീന്റെ അവുത്തുന്ന് പോയീട്ടില്ലാ
പിന്നെ മണ്ണ് വിട്ട് പോവാന്‍ ഞമ്മക്ക് എങ്ങനെ കയൂം
ന്റെ അള്ളാ ..സഹിക്കാന്‍ പറ്റ്ണില്ല്യ..
ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

ഒരു നിമിഷത്തെക്ക് ഹാജ്യാര്‍ ഒന്നും പറയാന്‍ തോന്നിയില്ല.
വിഷയം ഇങ്ങനെ തുടര്‍ന്നു പോകുന്നതിലുള്ള വിഷമവും മുഖത്തുതെളിഞ്ഞു.

“ഓന്റെ കാര്യത്തില്‍ അനുക്കുള്ള പോലേള്ള വിഷമം ഞമ്മക്കും ഉണ്ട്ന്ന്
കൂട്ടിക്കോളിന്‍.
പക്ഷെങ്കി അതിലും ബല്ല്യ വെഷമത്തിലാ ഞമ്മടെ മന്‍സൂര്‍ മോനും ഓന്റെ കെട്ട്യോള്‍ സാജിതയും.
ഇത്രെം ബെല്ല്യ ബീടിന്റെ അരീത്തന്നെ അന്റെ കുടി ഇങ്ങനെ കാണുമ്പൊ ഓള്‍ടെ കുടുമ്മക്കാര്‍  ഓനോട് ശോദിക്കണ ഹലാക്കിന്റെ ഒരു ശോദ്യമുണ്ട്‍, 
‘മോനെ മന്‍സൂറേ  അന്റെ വീടിന്റെ അരീത്ത് ഇതത്ര നന്നല്ലാട്ടോ ‘ന്ന്.
എത്ര നാള്‍   ഇത് കേട്ട് നിക്കും ഓളും ഓനും. അല്ലാ ജ്ജ് പറ .
എത്രയായാലും ഇതൊക്കെ കാണേം കേക്കേം ചെയ്യുമ്പോ കുറച്ച്
ബെഷമം ഞമ്മക്കും കാണൂല്ലെ ആമിനാ
അനക്ക് പുടി കിട്ടി ..ഏത് ...
ഞമ്മക്ക് ആകെള്ള ഒരു മോന്‍ .
ഐഷുമ്മ പോയേപ്പിന്നെ ജ്ജല്ലെ ഓനെ നോക്കീത്. 
ഓന്റെ സന്തോഷം  അനുക്കും കാണണ്ടെ ആമിന..
അതോണ്ട് മറുത്തൊന്നും പറയണ്ട ജ്ജ്.

പെട്ടെന്ന് വിഷയം മാറ്റണമെന്ന് ഹാജിയാര്‍ക്ക് തോന്നി.
അതുകൊണ്ട് വാച്ചില്‍ സമയം നോക്കി തിട്ടപ്പെടുത്തി.
അള്ളാ ഞമ്മക്ക് പള്ളിക്കല് പോവാണ്ട് ആമിനാ..
പോവാന്‍ നോക്കട്ടെ.
അനുക്കും കാണൂലൊ കുടീന്റെ
അവുത്ത്പണി അല്ലെ?

എന്തു മറുപടി പറയണം എന്ന്ആമിനക്ക് നിശ്ചയമില്ലായിരുന്നു.
വിചാരിച്ചകാര്യങ്ങള്‍ നടന്നില്ല എന്നതിന്റെ വേദന സ്വയം ഉള്ളില്‍ ചുമന്ന് അവര്‍ തിരിച്ച്  നടന്നു.
തിരികെ ഗേറ്റ് അടച്ച് തഴുതിടുമ്പോഴും നിരാശയാല്‍ തല താഴ്ന്നുതന്നെ നിന്നു.

ആമിന ശപിച്ചിട്ടാണോ പോയത്.
എന്തൊ മനസ്സിലാകെ അസ്വസ്ഥത നിറയുന്നതുപോലെ അഹമ്മദ് ഹാജിക്കു തോന്നി.
നാഡി ഞരമ്പുകള്‍ വല്ലാതെ തുടിക്കുന്നു.
ഹൃദയം അകാരണമായി പിടക്കുന്നു.
അല്‍പ്പസമയം അകത്തു പോയിക്കിടക്കാമെന്നു വിചാരിച്ച് കോസടിയില് ‍നിന്നെഴുന്നേറ്റു.
വലതു കാല്‍ ഒന്നു വഴുതി.
“അള്ളാ
ചാരുപടിയില്‍ പിടുത്തം കിട്ടി.
അതുകൊണ്ട് തറയില്‍ വീണില്ല!
മാര്‍ബിളില്‍  തറ തുടക്കുമ്പോള്‍ വെള്ളം തൂവിയതാണ്.
സാരമില്ല..പാവം സാജിത..അവള്‍ കുട്ടിയല്ലെ..

വാതില്‍ അടച്ച് കൊളുത്തിടുമ്പോള്‍  കാല്‍പ്പെരുമാറ്റം കേട്ടു.
ഗോവണിയിറങ്ങി വരുന്ന സാജിത.
അവളുടെ നോട്ടം തന്റെ മുഖത്തു തന്നെയാണെന്നു ശ്രദ്ധിച്ചു.
മുഖത്തു നല്ല ദേഷ്യവും വിഷമവുമുണ്ട്.പാവം

എന്താ സാജിതമോളെ അനുക്കൊരു വിഷമം?

ചോദ്യം കേട്ട് അവള്‍ പടിയില്‍ തന്നെ നിന്നു.

  തീരെ സെന്‍സില്ലാത്ത സ്ത്രീ ,അല്ലെ ഉപ്പാ..
കൂടെ കുറെ ചീപ്പ് സെന്റിമെന്‍സും.സ്റ്റുപ്പിഡ് ഫെല്ലോസ്..
ഉപ്പാക്ക് അങ്ങ് വിട്ടു പറഞ്ഞു കൂടായിരുന്നോ.നമ്മുടെ സ്ഥലം
തിരിച്ചുതന്ന്  ഇവിടന്ന് ഒഴിഞ്ഞു പോവാന്‍..?
സാജിത ആമിനയോടുള്ള തന്റെ അമര്‍ഷം തുറന്നുകാട്ടി.

“അതുപിന്നെ മോളെ.. അങ്ങ്നൊക്കെ ആരടേം മോത്തുനോക്കി പറയാന്‍ പാടൂല്ല.
പടച്ചോന്‍  അറിഞ്ഞൂടാത്ത എന്തു കാര്യാള്ളത് സാജിതമോളെ..
ആമിനേം പുള്ളാരും ഓരടെ ഇഷ്ടത്തിനന്നെ ഇബ്ടന്ന് പോട്ടെ.  
അതിന് ഏറിപ്പോയാ ഒരു രണ്ട് കൊല്ലം.അപ്പുറം പോവൂല്ലാ..

“ഈ ഉപ്പായുടെ ഒരു അയഞ്ഞ മനസ്സാണ്.
 ഉപ്പാന്റെ സ്വാധീനം വേണ്ടപോലെ ഉപയോഗിച്ചാല്‍  രണ്ടേരണ്ട് ദിവസം മതിയാവില്ലെ ചാപ്റ്റര്‍ ക്ലോസ് ചെയ്യാന്‍..

“ശരി ശരി..പക്ഷെങ്കില് നാട്ടില്‍ ഉപ്പാക്ക് ഒരു പേരുണ്ട്.  
ഞമ്മളെക്കൊണ്ട് കഴീണ കാലം വരെ
അതങ്ങനനെ നിക്കണംന്നെ ന്റെ ഉള്ളില്

“ഇതില്‍ എന്താ ഉപ്പ തെറ്റുള്ളത്..നമ്മള്‍ അവര്‍ക്ക് നല്ല വില കൊടുക്കിന്നില്ലെ?

സാജിത പറയുന്നതില്‍ കാര്യമുണ്ട്.
പക്ഷെ അത് ആമിനയുടെ മുഖത്തു നോക്കി പറയാന് കഴിയുന്നുമില്ല.
ഹാജിയാര്‍ ചിന്തയോടെ താടി ചൊറിഞ്ഞു,പിന്നെ അസ്വസ്ഥതയോടെ ഉലാത്താന്‍ തുടങ്ങി.
ഫോണ്‍ ശബ്ദിക്കുന്നു.
എത്ര മനോഹരം,പക്ഷെ ഇപ്പോള്‍ അത് അരോചകമാവുന്നു.

ഉപ്പാ ആരൊ വിളിക്കുന്നുണ്ട്.

എടുക്ക് മോളേ..

സാജിത തിരികെ പടികയറാന്‍ തുടങ്ങിയതായിരുന്നു.
അവള്‍ ഫോണെടുത്തു.

ഹല്ലോ..സാജിത മന്‍സൂര്‍ സ്പീക്കിങ്ങ് ..

ഇത് ഫൈസുവാണ് സാജിത . ഹാജ്യാരില്ലെ?
പെട്ടെന്നുള്ള ഫൈസുവിന്റെ ശബ്ദം കേട്ട് ഒരു നിമിഷം അവള്‍ റിസീവര്‍ കയ്യിലിട്ട് ഞെരിച്ചു.
   
പ്ലീസ് ഹോള്‍ഡ്
ഇത് ഉപ്പാക്കാണ്.
റിസീവര്‍ നീട്ടിക്കൊണ്ട് സാജിത അഹമ്മദ് ഹാജിയെ വിളിച്ചു.

ആരാ മോളേ ?
“ആ ഫൈസലാണ് ഉപ്പാ .

ഹറാം പിറപ്പിന്റെ ഒരു കാര്യം.
പിറുപിറുത്തുപോയി ..

ഇന്‍ഷാ അള്ളാ...ഓന് പുത്യ ഐഡിയ എന്തേലും ബന്നിട്ടുണ്ടാകും സാജിതാഎന്തായാലും ഞമ്മളൊന്ന് നോക്കട്ടെ”
അഹമ്മദ് ഹാജി റിസീവര്‍ വാങ്ങി.
       
എന്തേ മോനെ ഫൈസു..എന്തേ അനുക്ക് ഇനീം പറയാള്ളെ?

ഫൈസു അങ്ങേത്തലക്കല്‍ നിന്ന് വിയര്‍ത്തു.
അവനു വാക്കുകള്‍ കിട്ടാതായി..
എങ്ങനെയാണ് പറയേണ്ടത്..

“അത് പിന്നെ..ഹാജ്യാരെ.. നമ്മടെ മന്‍സൂറിന് ചെറിയൊരു  ആക്സിഡന്റ് പറ്റി ഹാജ്യാരെ..മാര്‍ക്കറ്റീന്ന് വരണ വഴി ബൈക്ക് ഒന്ന് സ്ലിപ്പായി..
 ഞങ്ങള്‍ അമലയിലാണ്.സാജിതാനേം കൂട്ടി  വേഗം വരണം..

ചതിച്ചൊ പടച്ചോനെഇപ്പൊ എങ്ങിനേണ്ട് ന്റെ മോന്?
“വല്ല്യ കുഴപ്പല്ല്യ..ന്നാലും വേഗം എത്തണം

ഞമ്മളിതാ എത്തീ..
വിറക്കുന്ന കൈകളോടെ ഫോണ്‍ വെക്കുമ്പോഴേക്കും സാജിത അടുത്തെത്തിയിരുന്നു.
റിസീവര്‍ പിടിച്ചുവാങ്ങിതിരിച്ചുവിളിക്കുമ്പോഴേക്കും ലൈന്‍ ഡിസ്കണക്ടായി.

മോളെ .. നമ്മടെ മന്‍സൂറിന്  സുഖല്ല്യാണ്ടായേക്കണ്.
  
“യാ ഇലാഹീ..എന്തുപറ്റി ഇക്കാന്..                                 

“ബൈക്ക് തെറ്റി വീണേക്ക്ണ് ഞമ്മടെ മോന്‍.
അമലേലാ..

“അള്ളാ          

“ഈസമയത്ത് കാറോടിക്കാന്‍ അന്നേക്കൊണ്ടാവോ..?

“സാരല്ല്യ ഉപ്പാ.കാറ് ഞാനെടുക്കാം..

“എങ്കി..എങ്കി..ആദ്യം ഞമ്മള് കുറച്ച് ബെള്ളം കുടിക്കട്ടെ മോളെ..
അഹമ്മദ് ഹാജി വിവശതയോടെ അടുക്കളയിലേക്ക് നടന്നു.
****************************
(അടുത്ത ഭാഗത്തിന് ..)

13 അഭിപ്രായങ്ങൾ:

 1. വായിക്കുകയും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ടവര്ക്ക് നന്ദി ..
  ജെഫു ജൈലാഫ് .. നിർദേശത്തിനു നന്ദി. ഇക്കാര്യത്തിൽ തികച്ചും പുതുമ ഉണ്ടാക്കും ട്ടോ ..

  മറുപടിഇല്ലാതാക്കൂ
 2. ഹൊ ആകെ സസ്പൻസാക്കി നിർത്തിയല്ലോ, ശെരിക്കും നല്ല രസമുള്ള എഴുത്ത് കെട്ടൊ, നന്നായി എഴുതി, തുടരുക
  ഈ ഹാജിയരെപ്പോലെ നമുക്കിടയിലും പലരുമുണ്ട്, പണവും പേരും പെരുമയുംകൊണ്ട് ജീവിക്കുന്നവർ, അവരുടെ മനസ്സ് എത്ര പ്രയോജനശൂന്യമാണ്..............

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. സംഭവം ഉഷാറായി വരുന്നുണ്ട്.

  കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് ചില പ്രശസ്ത ബ്ലോഗര്‍മാരുടെ
  പേരുകളുമായുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണല്ലോ...!!
  അല്ലേ?...

  പ്രശസ്ത ബ്ലോഗര്‍ ഒന്നുമല്ലെങ്കിലും,
  'അക്കാകുക്ക' എന്നൊരു പേരില്‍ ഒരു കഥാപാത്രത്തിന്
  അവസരം ഉണ്ടാവുമോ?... ;)

  അടുത്ത എപ്പിസോഡിന് ആശീര്‍വാദങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 4. ഒരുമാതിരി കോപ്പിലാനായ പരിപാട്യാ ട്ടോ ഇങ്ങനെ
  സസ്പെൻസില് കൊണ്ടോയി നിറുത്തല്.
  കൊഴപ്പല്ല്യാ എഴുത്ണത് ങ്ങളല്ലേ ?
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 5. കഴിഞ്ഞ അധ്യായത്തിന്റെ നിലവാരത്തിലേക്ക് ഈ അധ്യായം എത്തിയില്ല എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം , സസ്പെന്‍സ് നിലനിര്‍ത്തി , തുടരുന്നു കൂടെ

  മറുപടിഇല്ലാതാക്കൂ
 6. നന്നായി പുരോഗമിക്കുന്നുണ്ട്
  ഓരോ അദ്ധ്യായവും രസകരമായി വായിയ്ക്കുന്നു

  മറുപടിഇല്ലാതാക്കൂ
 7. രസമാകുന്നുണ്ട് അടുത്തതില്‍ കാണാം

  മറുപടിഇല്ലാതാക്കൂ
 8. Nannaayittund... Oru paad theemukal parayan shramikkunnundallo..

  മറുപടിഇല്ലാതാക്കൂ
 9. ഒരു നോവല്‍ എന്ന നിലക്ക് പശ്ചാത്തല നിര്‍മാണം വളരെ മനോഹരമായി തന്നെ നടക്കുന്നു പിന്നെ പതിവ് സസ്പെന്‍സും എല്ലാമായി പുരോഗമിക്കുക തന്നെയാണ് തുടര്‍ന്ന് വരട്ടെ

  മറുപടിഇല്ലാതാക്കൂ
 10. നല്ല നിലയില്‍ മുന്നോട്ടു കൊണ്ട് പോവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ ലക്കം കഴിഞ്ഞ ലക്കങ്ങളോളം മികച്ചതായില്ല എന്ന അഭിപ്രായം തന്നെയാണ് എനിക്കും. പക്ഷെ ഒട്ടും ദുര്‍ഗ്രാഹ്യമല്ലാത്ത ലളിതമായ എഴുത്ത് സുന്ദരമായ വായന തരുന്നു എന്നത് മറ്റൊരു സത്യം

  മറുപടിഇല്ലാതാക്കൂ
 11. പോരട്ടെ പോരട്ടെ അങ്ങിനെ പോരട്ടെ ...

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .