2011, മാർച്ച് 18, വെള്ളിയാഴ്‌ച

എന്റെ കാല്ക്കുലെറ്റര്‍.


ദയവായി എന്നെ കണ്ണുരുട്ടി നോക്കരുതേ ...
കമന്റെടുത്തെറിയരുതേ ....
എനിക്ക് പേടിയാണ് ....
കാരണം ,
ഞാനൊരു പാവമാണ് ....

26/1/72 ആണ് ജനനം .
തൂക്കം 80.കിലോ .
ഉയരം 5.അടി 9.ഇഞ്ച് .
കള്ളു കുടിക്കില്ല.
ബീഡി വലിക്കില്ല .
മുച്ചീട്ട് കളിക്കില്ല .
പെണ്ണുങ്ങളെ നോക്കി ദ്വയാര്‍ത്ഥത്തില്‍ കമന്റുക പോലുമില്ല !
എന്നിട്ടും ഡെത്ത്  കാല്ക്കുലെറ്റര്‍ എനിക്ക് തന്നത് 18.കൊല്ലവും 6.മാസവും 2.ദിവസവും മാത്രം ആയുസ്സ് !
പേടിക്കാന്‍ ഇനി എവിടെ പോകണം ?
അല്‍പ്പ സ്വല്‍പ്പം ബഡായി ഒക്കെ അടിക്കും എന്നല്ലാതെ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് !

ടിക്ക് ടിക്ക് ടിക്ക് ....
സെക്കണ്ടുകള്‍ കൊഴിയുന്നു ...
വെറുതെ ഒരു ജന്മം എന്ന് പറയിക്കാതെ, 
ഇനിയെങ്കിലും ഈശ്വര ഭജനമൊക്കെയായി കഴിഞ്ഞാലെന്താ?
ദൈവത്തെ കണ്ടിട്ടുള്ളവരും ശബ്ദം മാത്രം കേട്ടിട്ടുള്ളവരും ദൈവത്തെ കണ്ടിട്ടുള്ളവരെ കണ്ടിട്ടുള്ളവരും ഇനി കാണാന്‍ ശ്രമിക്കുന്നവരും ഇത് വായിച്ചിട്ട് എന്റെ രക്ഷക്കെത്തട്ടെ ...
പാഴായിപ്പോയ നിമിഷങ്ങളെ വിട ..
വില മതിക്കാത്ത പുതിയ നിമിഷങ്ങളെ വരിക ...

എന്റെ വീടിനെ പറ്റിയും വീട്ടുകാരെ പറ്റിയും ധാരാളം ചിന്തിക്കാറുണ്ട് .
അവര്‍ക്ക് വേണ്ടി (കൂട്ടത്തില്‍ എനിക്കും )ധാരാളം സമ്പാദിക്കാന്‍ ശ്രമിക്കുന്നുമുണ്ട് .
ആ സമയമാകട്ടെ ഇതാ അടുത്തുവരുന്നു ...
വെറും കയ്യോടെ വന്നു ,
വെറും കയ്യോടെ പോകേണ്ടിയും വരുന്നു !
അവിടെ എത്തിയാല്‍ ആ ചോദ്യമുണ്ടാകും ...
'നരകത്തില്‍ എടുക്കാതിരിക്കാന്‍ നീ എന്തൊക്കെ ചെയ്തു 'എന്ന് ...

ഇതെല്ലാം ഒരു പാവത്താന്റെ ചിന്തകള്‍ ആയതുകൊണ്ട് നിങ്ങള്‍ക്കു ചിരി വരുന്നുണ്ടാകും !
അണ്ണാന്‍കുഞ്ഞിനും തന്നാല്‍ ആയത് എന്നൊരു ചൊല്ലുണ്ടല്ലോ ,
അതുകൊണ്ട് അല്‍പ്പ സമയം ദൈവത്തെ വിചരിക്കാമെന്നു കരുതുന്നു .
ദൈവത്തെ പ്രണയിക്കുകയും പ്രണയത്താല്‍ ധ്യാനിക്കുകയും ചെയ്യുന്ന ഗുരു ഭൂതന്മാരെ , അനുഗ്രഹിക്കുക ...

ദൈവത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ചില വിഫല ശ്രമങ്ങള്‍ നടത്തിനോക്കാം ആദ്യം എന്ന് വിചാരിക്കുന്നു .
നിരീശ്വര വാദികള്‍ ചിരിക്കുക .

ശൂന്യതയില്‍ നിന്നും ഒരു പ്രപഞ്ചം ഉണ്ടാകുമോ ?
എവിടെ ..!
അപ്പോള്‍ ആ ശൂന്യതയില്‍ എന്തോ ഉണ്ടായിരുന്നു .
ഉണ്ട് ..
അതുറപ്പാ ..
അത് ദൈവമാണ് .

ശൂന്യതയില്‍ ഇരുന്നുകൊണ്ട് അവന്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുമോ ?
പിന്നെ എവിടെ ഇരുന്നുകൊണ്ട് അവന്‍ പ്രപഞ്ചം സൃഷ്ടിച്ചു ?
അവന്റെ സിംഹാസനം എവിടെ ആയിരുന്നു ?

ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ ഒരു ഉത്തരം ഉണ്ടാകുന്നു ,
ദൈവം ശൂന്യത പോലെ ആണെന്ന് ....!
ശൂന്യതക്ക് തുടക്കം എവിടെ ,
ഒടുക്കം എവിടെ ...?
അതുപോലെ ദൈവത്തിനും തുടക്കവും ഒടുക്കവും ഇല്ല !
കോടാനുകോടി നക്ഷത്രങ്ങള്‍ എങ്ങും വ്യാപിച്ചു കിടക്കെ അവിടെയെല്ലാം ആ പ്രഭാവ കേന്ദ്രം ഇല്ലാതെ വരുമോ ?
പ്രപഞ്ചത്തിന്റെ ഒരു ബിന്ദു പോലുമാകാത്ത ഈ ഭൂമിയിലിരുന്നു ദൈവത്തിന്റെ വ്യാപ്തി അളക്കാന്‍ മാത്രം വിഡ്ഢിത്തം ഞാന്‍ കാണിക്കാമോ ..!

ഈ ഭൂമി ഇളകിപ്പോകാതിരിക്കാന്‍ എങ്ങനെ ഉറപ്പിച്ചിരിക്കുന്നു എന്ന് നോക്കാം .
ഒരു സൂര്യനെ ആണ് അവന്‍ ഉറപ്പിച്ചിട്ടുള്ളത് !
സത്യത്തില്‍ സൂര്യനെയും ഉറപ്പിച്ചിട്ടുണ്ടോ ?
ഇല്ല .
ഈ സൌരയൂഥം ചേര്‍ന്ന ഗാലക്സികള്‍ മറ്റൊരു ഗാലക്സിയെ ചുറ്റുന്നു !
ആ കേന്ദ്ര ബിന്ദുവും മറ്റൊന്നിനെ ചുറ്റുന്നു ....

ഓരോ ഷെല്ലില്‍ വ്യത്യസ്ഥ അളവില്‍ ഇലക്ട്രോണുകള്‍ കറങ്ങി ത്തിരിയുന്നു .
ആ ഷെല്ലുകളും അത് പോലെ ചലിക്കുന്നുണ്ട് .
ചലനം ...
ചലനമാണ് ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം .

ശൂന്യതയില്‍ നിന്നല്ല ഈ പ്രപഞ്ചമുണ്ടായത് .
ശൂന്യതയില്‍ നിര്‍വികാരനായി കിടന്നിരുന്ന ദൈവം വികാരത്തെ ചലിപ്പിക്കാന്‍ തുടങ്ങിയത് മുതലാണ്‌ .

കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി ഒരു യോഗിയുടെ അടുത്തു പോകാം .
യോഗി എന്താണ് ചെയ്യുന്നത് ?

മനസ്സിന്റെ ചലനമാണ് എല്ലാ വികാരങ്ങള്‍ക്കും കാരണം എന്ന് മനസ്സിലാക്കി ആദ്യം അവന്‍ മനസ്സിനെ അവഗണിക്കാന്‍ തുടങ്ങും .
ഇങ്ങനെ മനസ്സൊതുങ്ങി ആത്മ തത്വം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ ജ്ഞാനിയും മൂന്നു കാലങ്ങളിലും സഞ്ചരിക്കാന്‍ കഴിവുള്ളവനും നിഗ്രഹാനുഗ്രഹ ശക്തിയുള്ളവനും ആകുന്നു .
 
ദൈവവും മുപ്പത്തി മുക്കോടി ദേവതകളും തമ്മില്‍ അഹം ബോധം കൊണ്ടാണ് വേര്‍തിരിക്ക പ്പെട്ടിരിക്കുന്നത് എന്നറിയുന്ന യോഗി പിന്നീട് അഹം ഇല്ലാതാക്കി ദൈവത്തില്‍ ലയിക്കാന്‍ ശ്രമിക്കുന്നു .
വിജയിക്കുമോ ..?
ആകുമായിരിക്കാം,
ചിലപ്പോള്‍ ഇല്ലായിരിക്കാം ...
നമുക്കെന്തായാലും ഒരു യോഗിയൊന്നും ആകാന്‍ സമയമില്ലാത്തതുകൊണ്ടു ദൈവത്തെ പ്രണയിച്ചു കാര്യം നേടാം .

പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ,
അതിന്റെ ഭൂതകാലത്തില്‍ ഒരു കാര്യത്തിന് ഒരു കാരണം എന്ന നിലയില്‍ ദൈവം പ്രപഞ്ചത്തിന്റെ ഭാവിയും രൂപപ്പെടുത്തി .
ഒരു വിത്ത്‌ കുഴിച്ചിടുമ്പോള്‍ അത് മരമായി വളര്‍ന്നു കായ്ച്ചു ഫലം നല്‍കും എന്ന് നമുക്കറിയാം .
ഒരു സോഫ്ടുവെയര്‍ നിര്‍മ്മിക്കുന്ന ലാഘവ ത്തോടെയല്ല അത് .
ഒരു സോഫ്ട് വെയര്‍ പ്രവര്‍ത്തിക്കുന്നു എന്ന ലാഘവ ത്തോടെ ആണ് അത് സംഭവിക്കുന്നത്‌ !

കാരണം ദൈവം ആദ്യം തന്നെ പ്രപഞ്ചമെന്ന സോഫ്ടുവെയര്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു !
ആ നിര്‍മാണ ക്രമത്തിനനുസരിച്ചു അതിപ്പോള്‍ നമ്മളൊക്കെ യായി പ്രവര്‍ത്തിച്ചു കാണിക്കുക മാത്രമാണിപ്പോള്‍ !

നമ്മള്‍ക്കൊക്കെ സ്വര്‍ഗ്ഗം നല്‍കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നില്ല .
കാരണം അത് മുന്‍പേ അവന്‍ നിശ്ചയിച്ചിട്ടുള്ള കാര്യമാണ് ,
പക്ഷെ അങ്ങനെ വിചാരിക്കുന്നു ....
അവിവേകങ്ങള്‍ തിരുത്തിതന്നാലും ....
***************

  







 

17 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഏതായാലും നരകത്തില്‍ വരാനാണ് ആഗ്രഹിക്കുന്നത് ..അവിടെയെ കൂട്ടുകാരൊക്കെ ഉണ്ടാകൂ ..സ്വര്‍ഗത്തില്‍ പാലും തേനും മാത്രം ഒഴുകുകയല്ലേ ..എല്ലാദിവസവും അങ്ങിനെ ആയാല്‍ ഒരു രസവും ഉണ്ടാകില്ല ..ശേ ..!!

    മറുപടിഇല്ലാതാക്കൂ
  2. തന്നെ തന്നെ.. നല്ല ശൈലി ..ഇഷ്ട്ടപെട്ടു

    മറുപടിഇല്ലാതാക്കൂ
  3. ചിരിയ്ക്കാന്‍ ഓടി വന്നതായിരുന്നൂ, ചുവട് മാറ്റി ചവിട്ടിയല്ലേ, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. അപ്പൊ രമേശ്‌ സാറിനൊപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു ല്ലേ..

    അല്ല..എന്താ മുഖത്തൊരു ഫയം പോലെ...

    മറുപടിഇല്ലാതാക്കൂ
  5. ഇതെന്താ എല്ലാവരും ഇപ്പോള്‍ മരണത്തെ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  6. പറഞ്ഞ പോലെ ഒരു പുതിയ ശൈലിയിലാണല്ലോ.
    നന്നായി ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ശരിക്കും ഇയാള്‍ വായനക്കാരനെ കബിളിപ്പിച്ചു ഞാനൊന്ന് ഉള്ളുതുറന്നു ചിരിക്കാം എന്ന് കരുതി വന്നു
    അപ്പൊ ദേ കിടക്കാണ് ഉയര്‍ന്ന ചിന്ത എന്‍റെ പടച്ചോനെ ഈ പഹയനും ഭുദ്ധി ജീവി ആയി

    മറുപടിഇല്ലാതാക്കൂ
  8. നമ്മുടെ രമേശേട്ടന്‍ ഒരു ‘ഡെത്ത് കാല്‍ക്കുലറ്ററും‘ കൊണ്ട് വന്നിരുന്നു ... അതിനു ശേഷം മരണത്തിന്റെ മാറ്റൊലികള്‍...
    എല്ലാരും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ...

    ഞാന്‍ സ്വര്‍ഗ്ഗത്തില്ലയിരിക്കും .... അവിടുന്നു ടൂര്‍ ഉണ്ടാകുമല്ലോ നരകത്തിലേക്ക് ...അപ്പോ കാണാം ...ഹി ഹി..

    ആശംസകള്‍ ............

    മറുപടിഇല്ലാതാക്കൂ
  9. മാഷേ.. പതിനെട്ടു കൊല്ലം കൂടിയുള്ളപ്പോൾ ഈ വിധ ചിന്തകൾ വരുന്ന നിങ്ങളേതു കേച്ചേരിക്കാരനാടോ...പിന്നെ ചിന്തകളുടെ ഭാവേന പറയാൻ ശ്രമിച്ചത് ഇഷ്ട്ടപ്പെട്ടു...ഒന്നു പരിചയപെടേണ്ടെ???

    മറുപടിഇല്ലാതാക്കൂ
  10. പതിനെട്ട് കൊല്ലം കൂടെ ഈ പഹയനെ ഞമ്മള് സഹിക്കണ്ടേ.. അതാ സങ്കടം...
    നന്നായിരിക്കുന്നു മാഷേ.. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  11. നല്ല ശൈലി ..ഇഷ്ട്ടപെട്ടു ...

    മറുപടിഇല്ലാതാക്കൂ
  12. 'കള്ളു കുടിക്കില്ല. ബീഡി വലിക്കില്ല .
    മുച്ചീട്ട് കളിക്കില്ല .പെണ്ണുങ്ങളെ നോക്കി
    ദ്വയാര്‍ത്ഥത്തില്‍ കമന്റുക പോലുമില്ല !
    എന്നിട്ടും ഡെത്ത് കാല്ക്കുലെറ്റര്‍ തന്നത് 18
    കൊല്ലം മാത്രം ആയുസ്സ് !'

    അത് കുറച്ചു കഷ്ടമായിപ്പോയി... നല്ലവരെ ദൈവം അധികനാള്‍ ഈ ഭൂമിയിലിട്ടു
    കഷ്ടപ്പെടുത്തില്ല എന്ന് കേട്ടിട്ടില്ലേ :)
    കുറച്ചു ദുശ്ശീ ലങ്ങള്‍ ഒക്കെ തുടങ്ങി നോക്കൂ...

    മറുപടിഇല്ലാതാക്കൂ
  13. വേറെ ഒരു സോഫ്റ്റ്‌വെയറ് ഇവിടെ വായിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  14. ദൈവം ആദ്യം തന്നെ പ്രപഞ്ചമെന്ന സോഫ്ടുവെയര്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു
    സ്വര്‍ഗത്തിലേക്ക്‌ പോകാന്‍ ശ്രമിച്ചാല്‍ ഇപ്പോഴത്തെ വോട്ടു പിടുത്തം പോലെ പലരും പലവഴിക്കും അതൊക്കെ ഒപ്പിച്ചിട്ടുണ്ടാകും. അത് കൊണ്ട് കാത്തിരുന്നു കാണാം എന്ന് കരുതുന്നു.

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .