2013, മേയ് 11, ശനിയാഴ്‌ച

ജ്വരം.                                             
അടയാളങ്ങള്‍..
നോവല്‍.
 (ആദ്യ ഭാഗത്തിന് )                                   
                                   അധ്യായം അഞ്ച്.
                                         ജ്വരം.

വേനല്‍ കുന്നുകയറിവന്നു.
മുരടിച്ചു മഞ്ഞളിച്ച പുല്‍നാമ്പുകള് വാര്‍ദ്ധക്യത്തിന്റെ ജ്വരം കൊണ്ട് പുളഞ്ഞു.
ചുരുള്‍ വീണു മെലിഞ്ഞ ഇലകള്‍  തായ്‌വേരുകളെ പൊതിഞ്ഞു വിലപിക്കുന്ന നേരം
കുന്നിഞ്ചെരിവുകള്‍ തേടി പാഞ്ഞുപോകുമ്പോള്‍  അറവുകാരന്‍ വളര്‍ത്തുന്ന ആടുകള്‍ മണികള്‍ കിലുക്കി ശബ്ദമുണ്ടാക്കി.

ആടുകള്‍ കൂട്ടത്തോടെ മേയുന്നത് കാണാന്‍ അക്കുക്കാക്കായ്ക്ക് രസമാണ്‍.
വിലങ്ങന്റെ ചെരുവില്‍ ഇനിയും ഇലകള്‍ പൊഴിക്കാന്‍ മടിച്ചുനില്‍ക്കുന്ന  ഒരു കശുമാവുണ്ട്.
അതിന്റെ ചുവട്ടില്‍ ആമത്തൊണ്ടു പോലെയുണ്ട് ഒരു പാറ!
അതിന്റെ മുകളില്‍ കയറിയിരുന്ന് പാടാന്‍ പഴകിപ്പതിഞ്ഞ ഒരു മൈലാഞ്ചിപ്പാട്ടും ..!
അക്കുക്കാക്ക പതിഞ്ഞ ശബ്ദ്ത്തില്‍ പാടുമ്പോള്‍ കുറുമ്പന്മാരായ ചില കൊറ്റനാടുകള്‍ മുരടനക്കി ശബ്ദമുണ്ടാക്കും.

ഓരോ ഞായറാഴ്ചകളില്‍, അല്ലങ്കില്‍ കല്യാണങ്ങളില്, ചിലപ്പോള്‍ വിരുന്നുകള്‍ക്കു വേണ്ടി ചില ആടുകള്‍ കൂട്ടത്തില് നിന്ന് അപ്രത്യക്ഷമാകും.
അതിനു പകരം പുതിയവ വരും ആ സ്ഥാനം കൈയേല്‍ക്കാന്‍..‍‍
‍എങ്കിലും പുതിയവക്ക് വഴി കാണിക്കാന്‍ പരിചയ സമ്പന്നരായവര്‍ എപ്പോഴും ആ കൂട്ടത്തില്‍ കാണും ...

ഇന്ന് പുതിയൊരു ആട് വന്നിട്ടുണ്ട്.
നീണ്ട താടിമീശയുള്ള കറുത്തു കൊഴുത്ത ഒരു കൊറ്റനാട്.
ബ്രാത്ത് വെക്കുന്നെങ്കില്‍ ഇവനെ വെക്കണം.
അത്രക്കുണ്ട് അവന്‍റെ  ഉശിര്‍!

മുഷിഞ്ഞതും പിഞ്ഞിയതുമായ മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയെങ്കിലും ഒരു മുറിബീഡി തിരഞ്ഞു അക്കുക്കാക്ക..
ഒരു ബീഡി അല്ലെങ്കില്‍ ഒരു കാലിച്ചായ.., 
ഒരു പത്തു രൂപ കിട്ടിയിരുന്നെങ്കില്‍

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും അറവുകാരന്‍ ബെഞ്ചിയുടെ  മോന്‍ .അതു കുടിച്ചിട്ട് ഒരു ഓട്ടമുണ്ട് നേരെ വിലങ്ങന്‍ കുന്നിലേക്ക്..
വിലങ്ങന്റെ മുകളറ്റം വരെ ഓടിക്കയറുമ്പോഴേക്കും ആ ചോര വിയര്‍ത്ത് വെള്ളമായിട്ടുണ്ടാകും!

തരില്ലെന്നറിയാം,എന്നാലും ഇന്നലെ ആടുകളെ കൊണ്ടുപോകാന്‍ വന്ന നേരത്ത് ഒരു പത്തു രൂപ അക്കുക്കാക്ക അവനോടു ചോദിച്ചു.
ഒരു കുട്ടി റീ ചാര്‍ജ്ജിന്റെ കാശ്!
കൊറ്റനാടിന്റെ ശേലുള്ള ഊശാന്‍ താടി തിരുമ്മിക്കൊണ്ട് അവന്‍ ഒന്നു തുറിച്ചുനോക്കി.
പിന്നെ പോക്കറ്റില്‍ ഒന്നുമില്ലെന്ന് ആഗ്യം കാണിച്ച് അവന്‍ വേഗം ആടുകളെയും കൊണ്ട് പോയി.

അക്കുക്കാക്ക ഒരു വെറുതെ ഒരു പാട്ട് മൂളിനോക്കി.
പാട്ട് പലപ്പോഴും ചുമക്കിഷ്ടമാകില്ല.
കുറേ ചുമച്ചിട്ടുണ്ട്.
അന്നൊക്കെ ഓരോ ചുമക്കും കാജാബീഡിയുടെ സ്വാദായിരുന്നു.
ചോര തുപ്പാന്‍ തുടങ്ങിയപ്പോഴാണ് അമലയില്‍ പോയി പരിശോധിപ്പിച്ചത്.

അക്കുക്കാക്കാന് ടിബിയാണ്‍.
യൂണിയന്‍ ഷെഡ്ഡില്‍ ചെന്നപ്പോള്‍ കൂട്ടുകാര്‍ അടക്കം പറഞ്ഞു.
അവര്‍ ടിബിയുടെ പുതിയ ചങ്ങാതിയെ പേടിച്ചു .
അങ്ങിനെ രാവൊന്നിരുട്ടിവെളുത്തപ്പോഴേക്കും അക്കുക്കാക്ക യൂണിയന്‍ കാരന്‍ അല്ലാതായി.

നൂര്‍ജ കൂട്ടിരുന്നു പരിചരിച്ചപ്പോഴൊക്കെ അക്കുക്കാക്ക ഓര്‍മ്മപ്പെടുത്തി,
“ബേണ്ട നൂര്‍ജ്ജ്യോ.. ന്റെ അടുത്തൂന്ന് പോ ജ്ജ്..സൂക്കേട് അനുക്ക് പകരും..”

“ഇങ്ങ്ക്കിള്ളത് ഞമ്മക്കും വരട്ടെ.
ന്റെ റബ്ബേ.. ഈ സൂക്കേട് ഞമ്മക്ക് തന്നോളീന്‍..ആ പാവത്തിനെ വെര്‍തെ വിടിന്‍ .. “

നൂര്‍ജയുടേ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടു.
അക്കുക്കാക്കയുടെ രോഗം മാറി,പക്ഷെ ആരോഗ്യം നഷ്ടപ്പെട്ടു.
പഴയതുപോലെ ഭാരം ഇറക്കാനും കയറ്റാനും വയ്യാതായി.
അങ്ങിനെ വിവശതയോടെ ഉമ്മറത്തെ മുറിത്തിണ്ണയില്‍ ശൂന്യതയിലേക്ക് മിഴിയെറിഞ്ഞ് ഇരിക്കുമ്പോഴാണ് കൈയ്യില്‍ ഒരു കെട്ട് പ്രമാണവുമായി ബഷീര്‍ വന്നത്

“ബാപ്പാ ..ഞാനൊരു ഓട്ടൊ വാങ്ങാന്‍ പോണ്‍.,“

“അതിന്  തോനെ കായി ബേണ്ടെ ബശീറെ?”

“അതൊക്കെ ഒരാള്‍ തരാന്ന് പറഞ്ഞിട്ട്ണ്ട് വാപ്പാ..
പക്ഷെ അതിന്  ഒരു ഒറപ്പിന് പൊരേന്റെ ആധാരം പണയം കൊടുക്കണംന്ന് ഓന്‍.”

“ബേണ്ടാ ..ഞമ്മക്ക് പുടികിട്ടി..ആധാരം ബെച്ചിട്ട് ഒന്നും ബേണ്ടാ ബശീറേ..”

ബഷീര്‍ കുറച്ചുനേരം ബാപ്പയെ തുറിച്ചു നോക്കി നിന്നു.
പിന്നെ ഒന്നും മിണ്ടാതെ വന്നതുപോലെ തിരിച്ചു നടന്നു.

“മോനെ ബശീറെ .. ചോറ് തിന്നിട്ട് പോടാ..”

നൂര്‍ജ പടിക്കലോളം ചെന്നു.
ബഷീര്‍ നിന്നില്ല.

വീണ്ടും  ബഷീര്‍ വരുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.
മൂക്കറ്റം കുടിച്ചിട്ടുണ്ട്.
വാതില്‍ക്കല്‍ തട്ടി വിളിച്ചപ്പോള്‍ നൂര്‍ജക്ക് പാവം തോന്നി
"ന്‍റെ മോന്‍ ബശീറ്..."
അവര്‍ വേഗം ചെന്ന്‍ വാതില്‍ തുറന്നുകൊടുത്തു . 

വന്നപാടെ വാപ്പായുടെ നെഞ്ചിന്‍ കൂടു നോക്കി കിടക്കപ്പായിലിട്ട് ഒറ്റ ചവിട്ട്.
പിന്നെ വലിച്ച് മുറ്റത്ത് മുറ്റത്തിട്ട് തലങ്ങും വിലങ്ങും ചവിട്ടി.
കരഞ്ഞുകൊണ്ട് വന്ന് വട്ടം പിടിച്ച നൂര്‍ജയെ അകലേക്ക് തള്ളിയെറിഞ്ഞു.
പ്രാണവേദനയോടെ പിടഞ്ഞുകൊണ്ടിരുന്ന ബാപ്പയെ എഴുന്നേല്‍പ്പിച്ചിരുത്തി കൈയില്‍ കരുതിയ പ്രമാണങ്ങളിലൊക്കെ ഒപ്പിടുവിച്ചു.

അന്നു പോയ ബഷീര്‍ പിന്നെ മൂന്നിന്റെ അന്നാണ് വന്നത്.
വരുമ്പോള്‍ ഒരു പുതു പുത്തന്‍ ഓട്ടോയുമുണ്ടായിരുന്നു.

കുറച്ചു നാള്‍ പിന്നെ കുഴപ്പമില്ലാതെ പോയി.
എന്നും വൈകീട്ട് വരുമ്പോള്‍ ഉമ്മായുടെ കൈയ്യില്‍ കൈ നിറയെ കാശുകൊടുക്കും.
ബഷീര്‍ നന്നായെന്നു എല്ലാവരും കരുതി.

“ദേ മനുഷ്യാ.. ബശീറ് ഇപ്പോള്‍ നന്നായി വീടും കുടിയുമൊക്കെ നോക്കിണ്ട്.. ഓന്‍ വയസ്സ് മുപ്പത്തിനാലായില്ലെ.
ഓന്റെ നിക്കാഹ് ഇനീം നീട്ടിക്കൊണ്ട് പോണോ?”

നൂര്‍ജ പറഞ്ഞത് ശരിയാണെന്ന് അക്കുക്കാക്കക്കും തോന്നി.
മകള്‍ റജുലയുടെ ഭര്‍ത്താവിന്റെ അനുജത്തിയുടെ ബന്ധത്തില്‍ പെട്ട കുട്ടിയാണ് ജമീല  .
നല്ല സൌന്ദര്യവും,സ്വഭാവവും!
അങ്ങിനെയാണ് ജമീലയെ ബഷീറിന് ആലോചിക്കുന്നത്.
എല്ലാറ്റിനും അനുജത്തിയുടെ ഭര്‍ത്താവു തന്നെ മുന്‍ കൈ എടുത്തു.

നിക്കാഹ് കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പലിശക്കാരന്‍ വിന്‍സെന്റ്  ഗുണ്ടകളുമായി വീട്ടില്‍ വന്ന് ബഹളമുണ്ടാക്കി.
രണ്ടു ലക്ഷം രൂപയെടുത്തിട്ട് ഇത്ര നാളായിട്ടും ഒരു മാസത്തെ പലിശ പോലും കൊടുത്തിട്ടില്ലത്രെ!

അന്ന് കുടീന്റെ അകത്തു വീണ  തുപ്പെണ്ണിന്റെ കണ്ണീരു കണ്ടിട്ട് അക്കുക്കാക്കയുടെ നെഞ്ചു പൊട്ടി.

അന്നു രാത്രി ബഷീര്‍ വീണ്ടും കുടിച്ചിട്ടു വന്നു.
പലിശ തീര്‍ക്കാന്‍ ജമീലയുടെ പണ്ടങ്ങള്‍ ചോദിച്ചു.
ഉപ്പയോട് ചോദിക്കാതെ എങ്ങിനെ?
ജമീല അങ്ങിനെയാണ്‍ ചിന്തിച്ചത്,പക്ഷെ ബഷീറിനു അങ്ങിനെ ഒരനുവാദത്തിന്റെ ആവശ്യം തോന്നിയില്ല.

തര്‍ക്കം കേട്ട് ചെന്നതാണ് അക്കുക്കാക്ക..

“നിര്‍ത്തടാ ഹമുക്കെ..അനുക്ക് നാണം ഉണ്ടടാ..
വാപ്പാനെ തല്ലീട്ടാണ് ജ്ജ് അന്ന്‍ പൊരേന്റെ ആധാരം കൊണ്ടു പോയി പണയം ബെച്ചത്..ആദ്യം ജ്ജ് അതു നശിപ്പിച്ചു..
ഇപ്പൊ ജ്ജ് ഈ പെങ്കുട്ടീന്റെ പണ്ടോം വിറ്റ് നശിപ്പിക്കാനെക്കൊണ്ട്..
ഇറങ്ങിപ്പൊ ..
കുടിച്ച് ലക്കില്ലാണ്ടെ ഇക്കുടീല് നി നീയ് വേണ്ട  ..”

“വാപ്പയാണോന്നൊന്നും നോക്കൂലാ..കൊന്നു കളയും ഞാന്‍..”
ബഷീര്‍ അക്കുക്കാക്കയെ ശക്തിയോടെ പിടിച്ചു തള്ളി.

പാവം അക്കുക്കാക്ക!
‍ചുമരില്‍ തലയടിച്ചു വീണതില്‍ പിന്നെ ഉണര്‍ന്നത് സുബോധമില്ലാതെയാണ്‍.
ആരോഗ്യം കുറെക്കൂടി മോശമായി.
മായക്കാഴ്ചകള്‍ കൂട്ടുകാരനുമായി.

അക്കുക്കാക്കയുടെ ഈ അവസ്ഥ പ്രാണനെപ്പോലെ തന്നെ സ്നേഹിച്ചിരുന്ന നൂര്‍ജയേയും തളര്‍ത്തി.
റജുലയും ഭര്‍ത്താവും കൂടി വന്നു ബഷീറിന്റെ എതിര്‍പ്പു വകവെക്കാതെ ഉമ്മയെ കൂടെ കൊണ്ടു പോയി.

അക്കുക്കാക്ക അങ്ങിനെ അവിടെ ഏകനാക്കപ്പെട്ടു..
എങ്കിലും ജമീലക്ക് അക്കുക്കാക്കയുടെ സാന്നിധ്യം വളരെ ആശ്വാസമായിരുന്നു.

അക്കുക്കാക്ക വീട്ടില്‍ നിന്നും ഇറങ്ങുന്നത് പലപ്പോഴും ജമീല അറിയാറില്ല.
പോയാല്‍ തന്നെ ഒന്നുകില്‍ യൂണിയന്‍ ഷെഡ്ഡ് ,അല്ലെങ്കില്‍ കുന്നിന്‍ ചെരുവ്..അതു കൊണ്ട് ആരും അതത്ര ഗൌനിച്ചുമില്ല.
യൂണിയന്‍ ഷെഡ്ഡില്‍ പോയാല്‍ അറിയാവുന്ന ആരെങ്കിലും ഒരു കാലി ച്ചായ വാങ്ങിച്ചു കൊടുക്കും.
കുന്നിറങ്ങുമ്പോള്‍ അക്കുക്കാക്കയുടെ മനസ്സില്‍ അതായിരുന്നു.

ഷെഡ്ഡില്‍ ചെന്നപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
പുഴക്കല്‍ പാടത്ത് ശോഭാ സിറ്റിക്ക് ഓപ്പോസിറ്റായി വേറെ കമ്പനി പാടം നികത്തി ഫ്ലാറ്റുകള്‍ പണിയാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.
കുറച്ചുനാള്‍ പണിക്ക് വേറെ എവിടെയും പോകേണ്ട.
അതുകൊണ്ട് എല്ലാവരും അവിടെ കൂടി.

ആരെയും കാണാത്തതു കൊണ്ട് അക്കുക്കാക്കയ്ക്ക് നിരാശ തോന്നി .
ഒന്നുകില്‍ ചായ അല്ലെങ്കില്‍ ബീഡി
അക്കുക്കാക്ക രണ്ടു കൈയ്യും ത്രാസ് തൂക്കുന്നതു പോലെ തൂക്കി നോക്കി.
പിന്നെ എന്തോ ചിന്തിച്ചുറപ്പിച്ചു മുന്നോട്ടു തന്നെ നടന്നു.വെയിലിന് ചൂടേറിക്കൊണ്ടിരുന്നു.
ചില്ലു ജാലകത്തിനപ്പുറം കനത്ത വെയില്‍ പരക്കുന്നത് ഫൈസു വെറുതെ നോക്കിക്കൊണ്ട് നിന്നു .

സലാമിക്കയും അജിത്തും ജാഫറിക്കയുടെ കാറില്‍ തന്നെ മടങ്ങി .
എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മൊബൈല്‍ നമ്പര്‍ തന്നിരുന്നു.

ഇവിടെ നിന്ന്‍ നടന്നാല്‍ ഒന്നര കിലോമീറ്റര്‍ വരും ജമീലയുടെ വീട്ടിലേക്ക്.
ദുരിതപ്പെടുന്ന കൂടപ്പിറപ്പാണ് .
വെറുതെ ഒന്ന് ചെന്ന് കണ്ടാല്‍ തന്നെ അവള്‍ക്ക് എന്ത് ആശ്വാസമാകും .
പോകാം ,അതിനു മുന്‍പ് ആരെങ്കിലും വരട്ടെ .
അഹമ്മദ് ഹാജിക്ക് പോലും സുഖമില്ലാതിരിക്കുകയാണ് .
പെട്ടെന്ന്‍ തലചുറ്റി വീണതാണ് .അതുകൊണ്ട് ഇപ്പോള്‍ തന്‍റെ സാന്നിദ്ധ്യം ഇപ്പോളിവിടെ അത്യാവശ്യം തന്നെ .

ഹാജിയാര്‍ താഴെ കാഷ്വാലിറ്റിയില്‍ ഒബ്സര്‍വേഷനില്‍ ഉണ്ട് .
ബ്ലഡ്പ്രഷര്‍ തൊണ്ണൂറിന് താഴെ വന്നതുകൊണ്ട് ഡ്രിപ്പ് കൊടുക്കേണ്ടി വന്നു .

മന്‍സൂറിനെ തിയേറ്ററില്‍ നിന്ന്‍ ഐ സി യു വിലേക്ക് മാറ്റിയപ്പോള്‍ ഒന്ന് കാണാന്‍ മാത്രം അവസരം സാജിതക്കും ഹാജിയാര്‍ക്കും കൊടുത്തിരുന്നു.
മകനെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാന്‍ ആയില്ല .
വാവിട്ടുകരഞ്ഞു കൊണ്ട് ബോധരഹിതനായി വീണു .

ഹാജിയാര്‍ ഇപ്പോള്‍ മയക്കത്തിലാണ് .
മരുന്നുതുള്ളികള്‍ സൂചിത്തുമ്പിലെക്ക് വീണിറങ്ങുന്നതുംനോക്കി സാജിതയിരുന്നു .
മൊബൈല്‍ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടു .
ഖത്തറില്‍ നിന്നും ഉപ്പയാണ് .

“ങാ ..മോളെ ,ഉമ്മാക്ക് നിന്നോട് സംസാരിക്കണമെന്ന് .
ഞാന്‍ കൊടുക്കാം .”

സാജിത വെറുതെ മൂളി .

“മോളെ സാജിതാ ..നൌഷാദിനെ ഇപ്പത്തന്നെ ഉമ്മ വിളിച്ചേക്കണ്  .
മാമ മൊഹിയെയും കൂട്ടി വരും ..
മൊഹി ഇന്നലെ വീട്ടില് വന്നിട്ടുണ്ട് .”

“ഞാനറിഞ്ഞു .മാമ ഇന്നലെ വിളിച്ചിരുന്നു ...
അവന് ...”
സാജിത പറഞ്ഞുവന്നത് പെട്ടെന്ന്‍ നിര്‍ത്തി .

“എന്താ മോളെ ?”

“ഒന്നൂല്ല്യ ഉമ്മാ .അവന്‍ ബാംഗ്ലൂരില്‍നിന്ന് വന്നൂന്ന്‍ പറഞ്ഞതാ ..”

ഫോണില്‍ നിന്നും ഒരു അലേര്‍ട്ട് ഉണ്ടായി .
ഡിസ്പ്ലേ ശ്രദ്ധിച്ചു .നൌഷാദ് മാമയാണ് ..

“ഉമ്മാ മാമ ലൈനിലുണ്ട് .പിന്നെ വിളിക്കാം ..”
അവള്‍ അടുത്ത കോളെടുത്തു .

“സാജിതാ ഇപ്പോ എങ്ങിനെയുണ്ട് ?”

“എന്നോട് കുഴപ്പമില്ലെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത് .പക്ഷെ ഇപ്പോഴും ക്രിട്ടിക്കല്‍ സ്റേജില്‍ ആണെന്നാണ്‌ സംസാരം .
മാമ വേഗം വരണം ..
എനിക്ക് തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാണ്ടായി ത്തുടങ്ങി ..”

“നീ ടെന്‍ഷന്‍ വിട് ..ഞാന്  ചിത്ര ജാലകം കണ്സ്ട്രഷന്‍റെ ഒരു പ്രോജക്റ്റ് ചെയ്യുകയായിരുന്നു ....
അല്ല ..ഞാനിപ്പോള്‍ തന്നെ പുറപ്പെട്ടുകഴിഞ്ഞു ..”

“കൂടെ മൊഹി വരുന്നില്ലേ ?”

“ഓ ..അവന് പുറത്തെവിടെയോ ആണ് .
അത് ഞാന്‍ വന്നിട്ട് പറയാം .
പൈസ എത്ര വേണ്ടിവരും ?”

“പൈസയോ ?”

“ങാ .. താത്ത വിളിച്ചു പറഞ്ഞിരുന്നു ..”

“ഓ ..എന്‍റെ കൈയില്‍ ഇക്കാന്റെ എ ടി എം കാര്‍ഡ് ഉണ്ട് .
ഇപ്പോള്‍ തന്നെ നാല്‍പ്പതിനായിരം രൂപ വിഡ്രോ ചെയ്തതേ ഉള്ളൂ .
മാമ ഇങ്ങോട്ട് വന്നാല്‍ മാത്രം മതി .”

“എന്നാല്‍ ശരി ..”

സാജിത ഫോണ്‍ വാനിറ്റി ബാഗിലിട്ടു .
കുടിക്കാന്‍ കുറച്ചു വെള്ളം വേണമെന്ന് തോന്നി .
അവള്‍ താഴെ വെച്ചിരുന്ന മിനറല്‍ വാട്ടറിന്റെ ബോട്ടില്‍ തിരഞ്ഞു ..

സിസ്റര്‍ പറഞ്ഞിട്ടാണ് ഫൈസു ഡോക്ടറുടെ കാബിനില്‍ ചെന്നത് .
ചെല്ലുമ്പോള്‍ ഡെസ്ക്ടോപ്പില്‍ തെളിഞ്ഞ ബ്രൈനിന്റെ സ്കാനിംഗ് ഇമേജുകള്‍ പരിശോധിക്കുകയായിരുന്നു ഡോക്ടര്‍ അബ്സര്‍ മുഹമ്മദ്‌ .

“ഡോക്ടര്‍ വിളിച്ചെന്ന്‍ പറഞ്ഞു ..”

“നിങ്ങള്‍ മന്‍സൂറിന്റെ കൂടെ വന്നതല്ലേ ?”

“അതെ .പ്രത്യേകിച്ച് എന്തെങ്കിലും ?’

“മന്‍സൂര്‍ പൂര്‍ണ്ണമായും അപകടാവസ്ഥ തരണം ചെയ്തു എന്ന് പറയാറായിട്ടില്ല .
പ്രത്യേകിച്ച് എടുത്തു പറയാനുള്ളത് ഹൈപ്പോതലാമസിനെറ്റ ചില ക്ഷതങ്ങളാണ്.
അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നാല്‍ തന്നെ ശരീരത്തിനോട്‌ പ്രതികരിക്കാന്‍ പറ്റാതെ ദിവസങ്ങളോളം അങ്ങിനെ കിടന്നു എന്നു വന്നേക്കാം ..
പിന്നെ ടിപ്പര്‍ ഇടിച്ചുണ്ടായ ആക്സിഡന്റ് എന്നല്ലേ പറഞ്ഞത് ?”

“അതെ സാര്‍ ..”

“കുന്നംകുളം സി ഐ രമേശ്‌ അരൂരിനെ ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് ..
പിന്നെ മന്‍സൂറിന്റെ വാപ്പയുടെ കാര്യം ഞാന്‍ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ജയന്‍ എവൂരുമായി സംസാരിച്ചു .
ആള്‍ക്ക് മുന്നേ തന്നെ ചെറിയ ചെറിയ ബ്ലോക്കുണ്ട് .
അവസരം വന്നപ്പോള്‍ എല്ലാം പുറത്തു ചാടിയതാണ് .
എന്തായാലും രണ്ടു ദിവസം ഇവിടെ അഡ്മിറ്റ്‌ ആവുന്നതല്ലേ നല്ലത് ?”

“നല്ലത് അതാണെങ്കില്‍ അങ്ങിനെയാവാം ഡോക്ടര്‍ .”

“അപ്പോള്‍ ശരി ,പൊയ്ക്കോളൂ ..”

കാര്യങ്ങള്‍ ഫൈസുവിനെ കൂടുതല്‍ ആശയ ക്കുഴപ്പത്തിലാക്കി ..
എന്തായാലും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ സാജിതയെ ഇപ്പോള്‍ അറിയിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഫൈസുവിനു തോന്നി .    
 .....................................................................
   

11 അഭിപ്രായങ്ങൾ:

 1. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കട്ടെ .
  എല്ലാവരും ഭയപ്പെടുന്ന പോലെ കഥാപാത്രങ്ങളുടെ ആധിക്യം നോവലിന്‍റെ ഗതിയെ ബാധിക്കുമോ എന്നു ഞാനും ചിന്തിച്ചുനോക്കി .അതുകൊണ്ട് തന്നെ പുതിയൊരു രീതി കഥാപാത്രങ്ങളെ വിന്യസിക്കുന്നതില്‍ ഇവിടെ സ്വീകരിക്കുന്നുണ്ട് ..

  മറുപടിഇല്ലാതാക്കൂ
 2. ഡോക്ടര്‍മാരെയെല്ലാം ഡോക്ടര്‍മാരാക്കീയത് നന്നായി.
  വല്ല കേസും വന്നാല്‍ ഒരു വക്കീലിനെ വേണമല്ലോ
  അതിനാരുണ്ട്?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്തേട്ടാ .. നമുക്കും വേണം ഒരു വക്കീല്‍ .ഫീസില്ലാത്ത വക്കീല്‍ ആണെങ്കില്‍ വളരെ നല്ലത് അല്ലെ ?

   ഇല്ലാതാക്കൂ
 3. ഹൊ കലക്കി, സകലമാന ഗുലുമാലുകളും ഉണ്ടല്ലൊ ഇതിൽ ഹിഹിഹി
  തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 4. :) ഹിഹിഹി
  തുടരട്ടെ ... തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 5. തുടക്ക അവതരണം ഇഷ്ടായി..പിന്നീടെപ്പോഴൊ നാടക തിരകഥ വായിക്കുന്ന പോലെ തോന്നിപ്പിച്ചു..
  കഥാപാത്രങ്ങൾ ബോറടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ട്ടൊ..
  ആശംസകൾ..!

  മറുപടിഇല്ലാതാക്കൂ
 6. മുഷിഞ്ഞതും പിഞ്ഞിയതുമായ മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയെങ്കിലും ഒരു മുറിബീഡി തിരഞ്ഞു അക്കുക്കാക്ക..
  ഒരു ബീഡി അല്ലെങ്കില്‍ ഒരു കാലിച്ചായ..,
  ഒരു പത്തു രൂപ കിട്ടിയിരുന്നെങ്കില്‍…!!

  കൊല്ലെന്നെ കൊല്ല്..!! ;)
  പുഷ്പാംഗതന്‍ ബായ്....

  നന്നായിട്ടുണ്ട്.. ട്ടോ..
  കഥ തുടരട്ടെ..
  ആശംസകള്‍ :)

  മറുപടിഇല്ലാതാക്കൂ
 7. വായന തുടരുന്നു അല്ലാതെ കൂടുതല്‍ ഒന്നും പറയാനില്ല ഇടയ്ക്കെപ്പോഴോ വായനായുടെ രസച്ചരട് പൊട്ടുന്നുണ്ട് ഒരു പക്ഷെ ഓരോ പാര്‍ട്ട് പാര്ട്ടായി വായിക്കുനത് കൊണ്ടാവാം

  മറുപടിഇല്ലാതാക്കൂ
 8. അക്കുക്കാക്ക എന്നാ കഥാപാത്രം മ്മടെ അക്കാക്കുക്കയെ തലകീഴായി നിര്‍ത്തീതാണോ ന്നൊരു തംസയം...:) :) നന്നായിട്ടുണ്.. തുടരട്ടങ്ങനെ തുടരട്ടെ..

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .