2023, ജൂൺ 17, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനാല് .

ചക്കയും മാങ്ങയും തിന്നാലും വിശപ്പടങ്ങും.
അങ്ങനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നത്രെ!
പത്തായം സ്വയം പെറുന്ന നാൾ.
അതിൽ നിന്നും നെല്ലുവാരി ചക്കി കുത്തി അരി വെളുപ്പിച്ചിരുന്ന നാൾ..
ഇല്ലായ്മയുടെ ആ കാലത്ത് മനുഷ്യൻ പരസ്പരം സ്നേഹിച്ചിരുന്നു, സഹായിച്ചിരുന്നു.
എന്നാലിപ്പോൾ തൻ്റെ ഇല്ലായ്മയിലും വല്ലായ്മയിലും കൂട്ടുചേരാനും സഹായിക്കാനും ആരൊക്കെയുണ്ടാകും?

അതിരിനോടു ചേർന്ന് കുറച്ചു പച്ചക്കറിയിനങ്ങൾ കൃഷി ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് വലിയ പട്ടകൾ വിരിയിച്ച് ആജാനുബാഹുവെപ്പോൽനിലകൊള്ളുന്ന വലിയകുളഞ്ചേമ്പ്!
ചേമ്പിൻ്റെ വലിയ തണ്ടുകൾ ആദ്യം ജമീല വെട്ടിയെടുത്തു.
പരിപ്പിട്ടു വെക്കാം.
ഇനി കിഴങ്ങ് കട വാങ്ങി പറിച്ചെടുക്കണം.
ചേമ്പിൻ കിഴങ്ങ് മോരൊഴിച്ചു വെച്ചാൽ നല്ല സ്വാദായിരിക്കും!

അവൾ കൈക്കോട്ടെടുത്ത് ചേമ്പു പറിയ്ക്കാൻ ആരംഭിക്കവെ അതിരിൽ നിന്നും ശ് ശ്.. എന്നൊരു ശബ്ദം കേട്ടു .
ആമിനാത്ത വിളിക്കുന്നതാണ്.
പ്രതീക്ഷിക്കാതെ വന്ന വിളിയിൽ അമ്പരപ്പാണ് ജമീലക്ക് തോന്നിയത് .

" ഞാനെല്ലാം കാണുന്നുണ്ട് മോളെ.
വലിയ കഷ്ടമാണല്ലൊ നിൻ്റെ കാര്യം! "

ജമീല ഒന്നും മിണ്ടിയില്ല. ആമിനാത്ത എന്തൊക്കെയാണ് മനസ്ലിൽ വെച്ചിരിക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു.

"നീയെന്താ ഒന്നും മിണ്ടാത്തത്? എനിക്കു നിന്നോട് ഒരു പിണക്കവുമില്ല.
കറിവെക്കാൻ നിനക്കു ഞാൻ ഒരു കുല കായ തരട്ടെ?. മൂത്തതാണ്. നാലു ദിവസം വെച്ചിരുന്നാൽ  പഴുക്കും. ഞാലിപ്പൂവനാ, നല്ല സ്വാദുണ്ടാവും ."

ജമീല തലയാട്ടി.
അവൾക്ക് കറിയേക്കാളും പഴത്തേക്കാളുമൊക്കെ അപ്പോൾ വേണ്ടിയിരുന്നത് സ്നേഹമായിരുന്നു. അത് തൻ്റെ അയൽക്കാരിയുടേതാകുമ്പോൾ കൂടുതൽ  രുചി നിറഞ്ഞതാകും!

ഉമ്മയില്ലാത്ത തന്നെ ഉമ്മയെപ്പോലെ സ്നേഹിച്ചിട്ടുണ്ട് ആമിനാത്ത.
കാലം മാറി വരികയും പിന്നെ പിന്നെ ബന്ധങ്ങളെ അതിരു വിലക്കി മനുഷ്യൻ ഭൂമിക്കു വേണ്ടി ദാഹിക്കുകയും സ്വാർത്ഥരായി പരസ്പരം കലഹിക്കുകയും ചെയ്തതോടെ അവർ തമ്മിൽ വലിയ ശത്രുതയിലായി . അതിരുകൾക്കപ്പുറത്ത് അപരിചിതരുടേതെന്ന പോലെ രണ്ടു ധ്രുവങ്ങളായി മാറിനിന്നു  നോക്കാൻ ശീലിച്ചു.

ഇന്നിപ്പോൾ തൻ്റെ പട്ടിണിയും പരിവട്ടങ്ങളുമാകാം അവരിലെ ദയയെ ഉണർത്തിയതും അവരെ പിന്നെയും ഒരു മനുഷ്യ സ്നേഹിയാക്കിത്തീർത്തതും.
ആരുമില്ലാതിരിക്കെ ഒരാളെങ്കിലും തനിക്കു തുണയായെത്തിയത് ജമീലയെ ഒരു പാട് ആഹ്ലാദിപ്പിച്ചു.

"വാ.. "
ആമിനാത്ത വിളിക്കുന്നു .

അതിരില്ലാത്ത അതിരിനു മുകളിലൂടെ ജമീല ഒരു സ്വപ്നാടകയെന്നവണ്ണം നടന്നു.
അവളുടെ വറുതികളിലേക്ക് ശമനമെന്നോണം ആമിനാത്ത വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് ഞാലിപ്പൂവൻ്റെ നടുവെ വെട്ടിയിറക്കി.
നടുവൊടിഞ്ഞ് വാഴ താഴേക്ക് അമർന്ന് നിലം തൊടും മുമ്പേ വാഴക്കുല ആമിനാത്ത വെട്ടി കൈയ്യിലെടുത്തു.

വേറിട്ടമർന്നുപോയ ഒരു ബന്ധം വീണ്ടും പുനർജനിച്ച് ഹൃദയങ്ങൾ കൂടിച്ചേരുന്നതിന് മാത്രമായി ആ കുലയപ്പോൾ ജമീലക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

"നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ മോളെ?!.വിശേഷം വല്ലതുമായോ?"

"അറിയില്ല. ഉണ്ടെന്നു തോന്നുന്നു."
ജമീല മുഖം കുനിച്ചു.
നിക്കാഹു കഴിഞ്ഞ് പുതുവീട്ടിൽ പോയ തൻ്റെ മകളുടെ സാമീപ്യം പോലെ അതെല്ലാം ആമിനാത്തക്കു തോന്നി.

"ഷിംനക്കും വിശേഷമുണ്ട്. മൂന്നു മാസമായി.. അകത്തേക്കു വാ. ഒരു ഗ്ലാസ് ചായ കുടിച്ചിട്ടു പോകാം."

ജമീല തലയാട്ടി.
അവൾക്കപ്പോൾ ചായയും ആവശ്യമില്ലായിരുന്നു. പക്ഷെ പാലും മധുരവും സമ്മേളിച്ച ചായപോലെ അവർ പെയ്തിറക്കിയ സ്നേഹമപ്പോൾ അവൾക്കു  വളരെ അത്യാവശ്യമുണ്ടായിരുന്നുതാനും!

അവൾ കറയറ്റു വീണിരുന്ന ഞാലിപ്പൂവൻ കുല താഴെ വെച്ചു. ആമിനാത്തയെ പിന്തുടർന്ന് പിന്നെയും നടന്നു. അവർ രണ്ടു പേരും അടുക്കളയിൽ കയറി. ഒരുപാടു നാളത്തെ വിരാമത്തിനു ശേഷം വീണ്ടുമാ അടുക്കള പുതിയ ചായയിട്ടു അവർക്കായി പങ്കിട്ടു നൽകി.

ദോശയിൽ തേങ്ങാചട്ട്ണി യൊഴിച്ച് പാത്രത്തോടെ ആമിനാത്ത ജമീലക്കു നേരെ നീട്ടി.

" കഴിക്ക് മോളെ.. "
അങ്ങിനെ അവർ അവളെ  ഉള്ളതുകൊണ്ട് ഊട്ടാനും തുടങ്ങി.

" അബ്ബാസെവിടെ ആമിനാത്താ? "
ദോശ മുറിച്ച് ചട്ണിയിൽ മുക്കി കഴിക്കാൻ നേരം അവൾ ആമിനാത്തയോടു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.

ആമിനാത്ത മകനെയോർത്തു വിലപിക്കുന്നവളായിരുന്നു.
തൻ്റെ മകൻ വഴിതെറ്റിപ്പോകുന്നവരുടെ കൂട്ടത്തിൽ ചേർന്നു പോയതിൽ ദുഃഖിക്കുന്നവളുമായിരുന്നു.

തന്നെപ്പോലെ മക്കളെയോർത്തു വിലപിക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ തൻ്റെ മകൻ്റെ കഥയും ചേർത്തു പറയുന്ന ഒരു വേദനിക്കുന്ന ഉമ്മയായി അവർ ജമീലയുടെ മുമ്പിൽ നിന്നു.

"അവനെ പറ്റി നല്ലതും പറയാൻ പറ്റില്ല . ചീത്തയും പറയാൻ പറ്റില്ല. എവിടേക്കാണ് അവൻ്റെ പോക്കെന്ന് എനിക്കറിയില്ല. ചീത്ത ആളുകളുമായാണ് അവൻ്റെ സഹവാസം."

ജമീലക്ക് കഥ മനസ്സിലായില്ല. ഏറെ നാളായി അബ്ബാസും ഷിംനയും ആമിനാത്തയുമെല്ലാം അവളുടെ അതിരുകൾക്കപ്പുറം മറുലോകത്തിലെ ആളുകൾ മാത്രമായിരുന്നല്ലൊ. അതുകൊണ്ടുതന്നെ അവളുടെ അറിവിലേക്കായി ആമിനാത്ത ചില പഴങ്കഥകളുടെ കെട്ടഴിച്ചു.
അവർ കുളമ്പു മനുഷ്യൻ്റെ കഥ പറയാനാരംഭിച്ചു.

പതിനഞ്ചിന്റെ കൗമാരപ്രായത്തിലാണ് അബ്ബാസ് ആദ്യമായി കഞ്ചാവിൻ്റെ രുചിയറിയുന്നത്. അതവനെ മാസ്മര ലഹരിയിലമർത്തി അനുഭൂതിയുടെ തിരത്തള്ളലിൽ ഒഴുക്കിയിറക്കി  അനാവശ്യ കൂട്ടുകെട്ടിൽ ചെന്നു ചാടിച്ചു.

അതിനു മുമ്പവൻ വലിയ ദു:ഖത്തിലായിരുന്നു. സ്വയം പഠിപ്പുപേക്ഷിച്ച് ഏതോ നഷ്‌ടബോധത്തിൻ്റെ ചുമടും പേറി ഉമ്മയോടു പോലും മിണ്ടാതെ
ഭ്രാന്തൻ കുന്നിൽ അലഞ്ഞു നടക്കും. പ്രകൃതിയുടെ പച്ചമേലാപ്പും മേലെ മാനത്തിൽ വിടരുന്ന സിന്ദൂരക്കുറിയുമൊക്കെ അവനന്നു കാണുന്നുണ്ടായിരുന്നോ  ആസ്വദിച്ചിരുന്നോ? അറിയില്ല.. 

അന്നൊരു ദിവസം പെട്ടെന്നെന്തോ തട്ടി തട്ടി വരുന്ന ശബ്ദം കേട്ടാണ് തനിക്കു നേരെ ഒരു കൂറ്റൻ പാറക്കല്ല് ഉരുണ്ടു വരുന്നത്  അവർ കാണുന്നത്. പെട്ടെന്ന് കണ്ടതുകൊണ്ടു മാത്രം ചാടി മാറി രക്ഷപ്പെട്ടു. എങ്കിലും ചാട്ടത്തിനിടക്ക് അവൻ്റെ കാൽ വഴുതി താഴേക്കു തെന്നിപ്പോയി. എങ്കിലുമവൻ വീഴ്ചക്കിടക്ക്  ഒരു ചെടിക്കമ്പിൽ പിടിച്ച് പറ്റി രക്ഷപ്പെട്ടു . അവിടെ അവൻ അണച്ചു കിടക്കവെ അയാൾ മുഖാമുഖം വന്നു. കുളമ്പു മനുഷ്യൻ!

ആറടിയോളം പോന്ന പേടിപ്പിക്കുന്ന തൻ്റെ ആകാരത്തിൽ താഴെ, കുളമ്പു മുളച്ച തൻ്റെ വലതുകാൽ മുന്നോട്ടു നീക്കിവെച്ച് ഒരു ഭ്രാന്തൻ ചിരി ചിരിച്ച് കുളമ്പു മനുഷ്യൻ അബ്ബാസിനെ ഉറ്റു നോക്കി.
കുളമ്പുകാൽ കണ്ട് പേടിച്ചു കരഞ്ഞ അവൻ്റെ വായിലേക്ക് അയാൾ ബലമായി ഭാംഗ് തേച്ചു കൊടുത്തു.
മദിപ്പിക്കുന്ന ലഹരി ബലമായി നുണച്ചിറക്കിച്ചു.

അവൻ്റെ വേദനകളെ ലഹരികൊണ്ട് മായിച്ചു കളഞ്ഞ് തിരികെ കുന്നുകയറിപ്പോകുന്ന കുളമ്പു മനുഷ്യനെ അങ്ങിനെ അവൻ ഭ്രാന്തൻ കുന്നിൽ വെച്ച് ആദ്യമായിക്കണ്ടു!

അമ്മ മകനെത്തേടിച്ചെല്ലുന്നത് ആരോ പറഞ്ഞറിഞ്ഞാണ്. ആമിനാത്ത ചെന്നപ്പോൾ കണ്ട കാഴ്ച ലഹരിലമർന്ന് കുന്നും ചെരുവിൽ വീണു കിടക്കുന്ന തൻ്റെ അരുമ മകനെയായിരുന്നു.
ആ അമ്മയുടെ വിലാപം കുന്നിൻ ചെരുവിനെ ഉണർത്തി.
ആട്ടിടയരുടെതായ, ചെരിവു നിവാസികളുടെതായ ആൾക്കൂട്ടം ആ സമയത്ത് അമ്മയെ സഹായിക്കാനെത്തി.

മത്തിറങ്ങിയ മകൻ എന്നിട്ടും പേടിച്ചു കരഞ്ഞു.
കുളമ്പു മനുഷ്യൻ ഒരു ഭീമാകാരം പൂണ്ട ജിന്നായി അവൻ്റെ സ്വപ്നങ്ങളിൽ പോലും നിറഞ്ഞു വന്ന് പേടിപ്പിച്ചു.
അപ്പോൾ തന്നെ ഭ്രാന്തൻ കുന്നിൽ കുളമ്പു മനുഷ്യൻ വന്നതായുള്ള പേടിപ്പിക്കുന്ന കഥകൾ ആളുകൾ പൊടിപ്പും തൊങ്ങലും ചേർന്ന് അതിവേഗം നാടു മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു. ആരും പിന്നെ കുന്നുകയറാൻ അങ്ങോട്ടു പോകാതെയായി. കന്നു കൂട്ടങ്ങളേയും ആടുകളേയും കൊണ്ട് കുന്നുകയറാൻ മടിച്ച് ഇടയർ ശങ്കരൻ കുളത്തിൻ്റെ പാടപച്ചപ്പിലേക്ക് താവളം മാറ്റി. നാട് ഭീതിയിലമർന്നു.

ഭ്രാന്തൻ കുന്നിന് ഭ്രാന്തു പിടിക്കുന്നു. അതു തൻ്റെ ശിരസ്സു കുലുക്കി പാറക്കൂട്ടങ്ങളെ താഴേക്കു വർഷിക്കുന്നു.
അസമയത്ത് കഥയറിയാതെ കുന്നുകയറിച്ചെല്ലുന്നവരെ  കുളമ്പുമനുഷ്യൻ വന്നു തൻ്റെ കുളമ്പുകാൽ കാട്ടി പേടിപ്പിക്കുന്നു..
കാട്ടുതീ പോലെ പ്രചരിക്കുന്ന ജനമനസ്സിൽ കനൽ കത്തിക്കുന്ന വാർത്തകൾക്കൊടുവിൽ
അവസാനം പോലീസിറങ്ങി. അവർ ഭ്രാന്തൻ കുന്നു വളഞ്ഞു. ചടയൻ ഗോവിന്ദനെന്ന കുളമ്പു മനുഷ്യനെ അയാളുടെ കുളമ്പുകാൽ സഹിതം അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി.

എന്നിട്ടും കലിയടങ്ങാതെ പോലീസ് ഭ്രാന്തൻ്റെ കാലം തൊട്ട് ഇന്നുവരെ
ഭ്രാന്തൻ കുന്നിൽ നിരനിരയായി പൂത്തുലഞ്ഞു നിന്നിരുന്ന  നീല ചടയൻ കഞ്ചാവു ചെടികളൊന്നാകെ പിഴുതെടുത്തു തീയിട്ടു. കഞ്ചാവിൻ്റെ ലഹരിയുള്ള മദം പിടിപ്പിക്കുന്ന പുക അവിടെയെങ്ങും ചുറ്റിപ്പടർന്നു. ഭ്രാന്തൻ കുന്നിൻ്റെ പവിത്രതക്കൊപ്പം ഭ്രാന്തൻ്റെ പ്രസാദമായ വിശുദ്ധ ചെടികളൊക്കെ കരിഞ്ഞു പൊടിഞ്ഞ് ചാരം മാത്രമായി കാറ്റത്ത് മണ്ണിലിളകിക്കളിച്ചു.

നീണ്ട ജയിൽവാസത്തിനു ശേഷം ജയിലിറങ്ങിയ ചടയൻ ഗോവിന്ദൻ വീണ്ടും ഭ്രാന്തൻ കുന്നിലെത്തി.
തൻ്റെ പ്രിയപ്പെട്ട നീല ചടയൻ കഞ്ചാവു ചെടികളെ കാണാഞ്ഞ് അയാൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉറക്കെയുറക്കെ കരഞ്ഞു. അയാളുടെ കരച്ചിൽ കുന്നിനൊരോരത്തിരുന്ന് അബ്ബാസും കേട്ടു .
അവൻ ധൃതിയിൽ കുന്നു കയറി.

"വാടാ.ഇങ്ങടുത്തു വാടാ."
ചടയൻ ഗോവിന്ദൻ അബ്ബാസിനെ വിളിച്ചു.
അവൻ പേടിയുള്ളതുകൊണ്ട് അടുത്തേക്ക് ചെല്ലാൻ മടിച്ചു.

" ഇതെൻ്റെ കുന്നാടാ.. എൻ്റെ കുന്ന്..
ആരാടാ ഇവിടത്തെ എൻ്റെ ചെടികളൊക്കെ ഇങ്ങനെ നശിപ്പിച്ചത്?
ഇവിടെയുണ്ടായിരുന്ന എൻ്റെ പൊന്ന് ചെടികളൊക്കെ എവിടെ ടാ?"
അയാൾ ഹൃദയം നുറുങ്ങി കരയാൻ തോന്നി.

തെമ്മാടിയാണെങ്കിലും കരയുന്നവനിൽ അബ്ബാസിന് അലിവു തോന്നി.
അബ്ബാസ് പഴയതെല്ലാം ഓർമ്മിച്ച് ചടയനോടു പറഞ്ഞു കൊടുത്തു.

" അപ്പോൾ അന്ന് കുന്നിൻ നിന്നും വീണ ആ ചെക്കൻ നീയായിരുന്നോടാ?! ഞാനാടാ അന്നു നിന്നെ രക്ഷപ്പെടുത്തിയ ആൾ."

അബ്ബാസ് ചടയനെ തിരിച്ചറിഞ്ഞു. ചടയൻ അബ്ബാസിനേയും. 
തനിക്ക് ആദ്യമായി ലഹരി വാരിത്തന്ന പ്രിയ ഗുരുവിനെ തിരിച്ചറിഞ്ഞ് അവൻ ആരാധനയോടെ കണ്ണുനിറയെ നോക്കിക്കണ്ടു.
അവർ രണ്ടു പേരും നഷ്ടസ്വപ്നങ്ങളിൽ പോലീസുകാരെ പ്രതിചേർത്ത് ഭാംഗിനേക്കുറിച്ചോർത്തു വിലപിച്ചു.
എല്ലാം നശിപ്പിച്ച പോലീസുകാരെ പ്രാകി.
വിലാപങ്ങൾക്കൊടുവിൽ അപ്പോൾ മുതൽ അവർ നല്ല ചങ്ങാതികളായി.

ആമിനാത്ത അവസാനിക്കാതെ ഇനിയും തുടരാനിരിക്കുന്ന തൻ്റെ മകൻ്റെ കഥ ഇങ്ങനെ ജമീലയോട് പറഞ്ഞു നിർത്തി.

" അവരിപ്പോൾ എവിടെയുണ്ട്?"
ജമീല ആമിനാത്തയോടു ചോദിക്കുന്നു.

" അവർ ഇവിടൊക്കെത്തന്നെയുണ്ട്. എന്തോ പുതിയ പദ്ധതികളുമൊക്കെയായി ഭ്രാന്തൻ കുന്നിലേക്ക് വന്നും പോയുമിരിക്കുന്നതു കാണാം."
ആമിനാത്ത പറയുന്നു.

"അവനെന്തേ ഇങ്ങനെയൊക്കെയായി?"
പിന്നെയും ചോദ്യങ്ങൾ.

" ആ ,എനിക്കറിയില്ല."
ഉത്തരമില്ലാത്ത ഉത്തരങ്ങൾ.

എന്നാൽ ഇതിൻ്റെയൊക്കെ ഉത്തരങ്ങൾ ഭ്രാന്തൻ കുന്നിൻ്റെ ചെരിവോരങ്ങളിൽ ഒന്നിലിരുന്ന് അബ്ബാസും ചടയൻ ഗോവിന്ദനും പരസ്പരം പറയാൻ തുടങ്ങിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .