2023, ജൂൺ 21, ബുധനാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനഞ്ച്.

ഭ്രാന്തൻ കുന്ന് ചിലപ്പോഴൊക്കെ കഥാകാരൻമാരുടെയും കവികളുടേയും  സമ്മേളന കേന്ദ്രമാകാറുണ്ട്.
അതുപോലെ പാട്ടുകാരുടേയും.
അവരും അവരുടെ ആസ്വാദകരുമായി വന്ന് ഈണത്തോടെ, താളമിട്ട് നീട്ടിപ്പാടും.

ഫോട്ടോയെടുപ്പുകാർ, വിവാഹ ആൽബങ്ങൾ ഒരുക്കാനെത്തുന്ന സ്റ്റുഡിയോ ക്കാർ അവരൊക്കെ തങ്ങളുടെ വർക്കുകൾക്കുള്ള പശ്ചാത്തല ദൃശ്യങ്ങളൊരുക്കാൻ ഭ്രാന്തൻ കുന്നിൻ്റെ വശ്യമനോഹാരിതയെ തന്നെ ഒപ്പിയെടുക്കും.

ഇനി കമിതാക്കൾക്കുമുണ്ട് ഭ്രാന്തൻ കുന്നിലിടം! അവർക്കവരുടെ സ്നേഹത്തേയും നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളേയും  ആഴത്തിൽ പങ്കുവെക്കാനും, കളി ചിരികൾ പറഞ്ഞുല്ലസിക്കാനും, ആകാശ പറവകളെ പോലെ ഉരഞ്ഞും കൊക്കുരുമ്മിയിരിക്കാനും അവരും തങ്ങളുടേതായ ഒരിടം അവിടെയൊരുക്കിയിടാറുണ്ട്!

എന്തിനായിരിക്കാം ഇവരെല്ലാം ഈ കുന്നിനെ സ്നേഹിക്കുന്നത്? ലോകം മുഴുവൻ മനുഷ്യൻ വലിയ വലിയ കാഴ്ചകൾ ഒരുക്കി നിർത്തിയിരിക്കെ ഈ കുന്നിൻ്റെ ഇട്ടാവട്ടത്തിൽ ചുരുണ്ടു കയറിയിരിക്കാൻ മാത്രം എന്തൊക്കെയുണ്ടാകാം ഇവിടെ?

മനുഷ്യൻ തൻ്റെ അലച്ചിലിനിടയ്ക്കൽപ്പം കുന്നിൻ്റെ ശാന്തതയിലിരുന്ന് കുറച്ചുനേരത്തേക്കെങ്കിലും മനസ്സിൽ നിന്നും ജീവിതത്തിൻ്റെ കടും ഭാരം ഇറക്കി വെക്കും.
പിന്നെ ഇളം കാറ്റ് ആശ്വാസവാക്കുകളായി അവരുടെ ചിന്തകളെ ആകമാനം തഴുകിത്തലോടിനിൽക്കും.
ജീവിത ദുഃഖങ്ങളെ അന്നേരത്തേക്കെങ്കിലും കെട്ടുപാടുകളറുത്ത് മോചിപ്പിക്കും.
ലോകം മുഴുവനും സ്വസ്ഥത തേടി അലഞ്ഞു തിരിഞ്ഞു നടന്നാൽ പോലും കിട്ടാത്തത്ര ആനന്ദം ഇവിടത്തെ ഒരു ചുറ്റുവട്ടത്തിൽ ചെന്നിരുന്ന് ആരും, ഏതു ഭാഷക്കാരും ഏതു മതക്കാരും മനം നിറച്ച് അളവില്ലാതെത്തന്നെ വാരിക്കൂട്ടും!

എന്നാൽ ചിലപ്പോളൊക്കെ ഈ കുന്നും അസ്വസ്ഥമാകാറുണ്ട്. പല പ്രകാരം കൊണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ട് തൻ്റെ ചുറ്റുപാടുകളോട് തുപ്പി ആ തൊപ്പി യെന്ന ചെറുപ്പക്കാരനെപ്പോലെ കടുത്ത വിദ്വേഷകരായി മാറുന്നവരും അവരുടെ കരവാളെടുത്ത് തങ്ങളുടെ കടുത്ത തീരുമാനങ്ങളെടുക്കാൻ മാത്രം കുന്നുകയറി വന്നു കൂടാറുണ്ട്. കൂടാതെ ഇങ്ങനെ വരുന്നവരിൽ കള്ളൻമാരുണ്ടാകാം, ഒളിവിൽ പാർക്കാൻ വരുന്നവരുണ്ടാകാം, സാമൂഹിക ദ്രോഹികളുണ്ടാകാം. അങ്ങിനെ തരം മാറിയുള്ള ആളുകളുടേയും ഇടത്താവളമായി ചിലപ്പോളൊക്കെ ഭ്രാന്തൻ കുന്ന് നിറം മാറി നിൽക്കാറുണ്ട്!

ഭ്രാന്തൻ കുന്നിൻ്റെ അടിവാരത്തും അടുത്ത താവളമായ തെങ്ങിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ലഹരി വിൽപ്പന  തകൃതിയായി നടക്കുന്നുണ്ട്. ലഹരി മൂത്ത് അവർ ചിലപ്പോൾ തമ്മിൽ കുത്തി വഴക്കുണ്ടാക്കുന്നു.

ഭ്രാന്തൻ കുന്നിനടിവാരത്തുള്ള കുടിവെള്ള സംഭരണിക്കു ചുവട്ടിൽ കുറച്ചു നാൾ മുമ്പേയാണ് ഒരാളുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കരി ഓയിൽ ഒഴിച്ചു വികൃതമാക്കി തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കാണുന്നത്.
അന്നാകാഴ്ച ആദ്യം കണ്ടതും സന്തോഷെന്ന ഒരു കന്നു വളർത്തൽകാരനായിരുന്നു.

കുറച്ചു നാളുകൾക്കു ശേഷം  സമീപത്തുള്ള ആളൊഴിഞ്ഞയിടത്തെ കിണറ്റിലും അതുപോലൊരാൾ വീണു മരിച്ചതായി സ്ഥലവാസികൾ കണ്ടെത്തി.

പുതിയ തലമുറക്കിത് എന്തു പറ്റി എന്നു ചോദിക്കുന്നില്ല. ലഹരി എല്ലാക്കാലത്തും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്കൂളിൽ, കലാലയങ്ങളിൽ, സിനിമാമേഖലയിൽ എന്നു വേണ്ട, മനുഷ്യൻ ചെന്നെത്തുന്ന എല്ലായിടത്തും ഇന്ന് ആൺ പെൺ ഭേദമില്ലാതെത്തന്നെ ലഹരിക്കടിമപ്പെട്ടവരുടെ നീണ്ട നിര തന്നെ കാണാം. എംഡിഎംമെ വിറ്റതിന് ചൂണ്ടലിൽ നിന്നും ഇന്നാണ് ഒരു പെൺകുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയത് !

പോലീസിൻ്റെ കണ്ണുവെട്ടിക്കുന്നതാണ് ലഹരി വിതരണത്തിൻ്റെ വിജയതന്ത്രം. ഭ്രാന്തൻ കുന്നിൻ്റേതു പോലുള്ള ആളൊഴിഞ്ഞ സുരക്ഷിത താവളത്തിൽ  ഒളിഞ്ഞിരുന്ന്  കച്ചവടക്കാർ തങ്ങളുടെ ഇടപാടുകാർക്ക്  ലഹരി കൈമാറുന്നു. വലിയ നിരക്കിൽ പണം പറ്റുന്നു.

അങ്ങിനെയുള്ള ലഹരി കച്ചവടക്കാരിൽ ഒരാളുടെ പേര് ചടയൻ ഗോവിന്ദനെന്നാണ്. മറ്റൊരാളുടെ പേര് അബ്ബാസ് എന്ന് ഇനിയും രൂപപ്പെടാനിരിക്കുന്നു.
ഉമ്മ ആമിനാത്ത ,അനുജത്തി ഷിംല, പിന്നെ ജമീലയും മറ്റു നാട്ടുകാരും ഇവരാരുമറിയാതെ അബ്ബാസ് ഭ്രാന്തൻ കുന്നിൽ ഈയൊരു ലക്ഷ്യത്തോടെ താവളമടിക്കുന്നു. ഒരിക്കൽ നുകർന്നതും വീണ്ടും നുകരാൻ കൊതിക്കുന്നതും തൻ്റെ സിരകളെ മത്തുപിടിപ്പിക്കാൻ മാത്രം കെൽപ്പുള്ളതുമായ കഞ്ചാവു ചെടികൾ ഭ്രാന്തൻ കുന്നിലെങ്ങും തഴച്ചുവളരുന്നത് സ്വപ്നം കാണുന്നു!

അവൻ്റെ സ്വപ്നങ്ങളെ നിറം പകർത്താനും അതു യാഥാർത്ഥ്യമാക്കി കൊടുക്കാനും   പണ്ടു കൈയ്യിൽ കരുതിയൊളിപ്പിച്ച അന്നത്തെ നീലച്ചടയൻ വിത്തിനങ്ങളുമായി അതു പാകി വളർത്താനിടം തിരഞ്ഞെത്തിയിട്ടുണ്ട് കൂടെ അവൻ്റെ പ്രിയ കൂട്ടുകാരനായി  ചടയൻ ഗോവിന്ദനും!

ഭ്രാന്തൻ കുന്നിൻ്റെ പഴയ കഞ്ചാവാവകാശങ്ങളുടെ പിന്തുടർച്ചാസാധ്യതകൾ സ്വപ്നം കണ്ട് വീണ്ടുമവിടെ പുതിയ കൃഷിയിറക്കാൻ അബ്ബാസും ചടയൻ ഗോവിന്ദനും പിന്നെയും കുന്നുകയറാനൊരുങ്ങിയെത്തി.
യാത്രക്കിടെ അവർ കലപിലാ വിശേഷങ്ങൾ പറഞ്ഞു ചിരിച്ചു. സ്വന്തം കഥകൾ പറഞ്ഞു കൂട്ടായിച്ചിരിച്ചു.

"എൻ്റെ മോനെ, ഞാനൊരു പാർട്ടി പ്രവർത്തകനായിരുന്നു. നാട്ടിൽ അത്യാവശ്യം പ്രശസ്തിയും കാര്യങ്ങളുമൊക്കെയായപ്പോൾ എല്ലാവർക്കും പോലെ എനിക്കും കുറെ ശത്രുക്കളുണ്ടായി. അവരൊക്കെ എതിർ പാർട്ടിക്കാരായിരുന്നു. ഒരു ദിവസം അവരെന്നെ റോഡരുകിൽ പതിയിരുന്നു വെട്ടി. ഓർക്കാപ്പുറത്തുള്ള വെട്ടായിരുന്നതുകൊണ്ട് ഓടി രക്ഷപ്പെടാനായില്ല. കുറച്ചു നാൾ എനിക്ക് ആശുപത്രിക്കിടക്കയിൽ  കിടക്കേണ്ടി വന്നെങ്കിലും മരിക്കാതെ അന്നു രക്ഷപ്പെട്ടു.

എന്നാൽ എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം അതല്ല. ഇത്രയും നാൾ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും എന്നെ വെട്ടി കൊന്നു തള്ളാൻ ശ്രമിച്ചവരോട് ഒരു വാക്കു തിരിച്ചു ചോദിക്കാൻ എൻ്റെ പാർട്ടിക്കാരാരുമുണ്ടായില്ല. അവരുടെയൊക്കെ ഓരോരോ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ ഗുണ്ടാ പണി വരെ ചെയ്തിട്ടുണ്ട് . അവർക്ക് വേണ്ടിയാണ് എല്ലാം. എന്നിട്ട് എൻ്റെ ഒരാവശ്യം വന്നപ്പോൾ ഒരെണ്ണം പോലും തിരിച്ചു പകരം ചോദിക്കാനുണ്ടായില്ല. വലിയ വിഷമമായി എനിക്കന്ന്. പോരാത്തതിന് കുറ്റവാളികളൊക്കെ പതിവുപോലെ സ്വാധീനമുപയോഗിച്ച് കേസിൽ നിന്നൂരി രക്ഷപ്പെടുകയും ചെയ്തു.
ദൃക്സാക്ഷിയില്ലത്രെ!

അതും ഇതും ഒക്കെ ഓരോന്നും  ആലോചിച്ച് സഹി കിട്ടാതെ കുറെ നാൾ ഞാൻ റാക്കു കുടിച്ചു നടന്നു. വലിയ മൂർച്ചയുള്ള, കുത്തിയാൽ കുടലുചാടുന്ന മലപ്പുറം കത്തിയൊരെണ്ണം വാങ്ങി വെച്ചു.

കുടിക്കുമ്പോൾ എനിക്ക് ഒരാശ്വാസം കിട്ടും. എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചവരെയൊക്കെ ഒന്നിച്ചു കുത്തിമലർത്താനുള്ള ശേഷി കിട്ടും. കത്തിത്തലപ്പിൽ പിടിച്ച് വിരലുരസി മൂർച്ചനോക്കും. പക്ഷെ ഞാൻ ഒന്നും ചെയ്തില്ല. എങ്കിലും മനസ്സിൽ പലതുമുറപ്പിച്ചു. ഞാൻ ഈ നാടുവിട്ടു പോയി ബോംബെക്കു പോയി.
കുറെ നാൾ ധാരാവിയിൽ തങ്ങി കടുത്ത പരിശീലനത്തിലേർപ്പെട്ടു.  മനുഷ്യനെ വെട്ടി രക്തം ചാടിച്ച് അറപ്പു തീർന്നത് അവിടെ വെച്ചാണ്.

ഈ ഹോളിക്കും ശിവരാത്രിക്കുമൊക്കെ  ഭാംഗു കൊടുക്കും. അവിടെ ശിവ ഭഗവാൻ പ്രസാദിക്കണമെങ്കിൽ ഭാംഗു കഴിക്കണമത്രെ! അങ്ങിനെയാണ് ഞാൻ ഭാംഗ് കഴിക്കാനും  പിന്നെ അതു സ്വന്തമായുണ്ടാക്കാനും ശീലിച്ചത്. ഒരു പാത്രം നിറയെ ഭാംഗുണ്ടാക്കി കുംഭമേളക്കു വരെ പോയിട്ടുണ്ട് ഞാൻ .

എനിക്കു വേണമെങ്കിൽ പണക്കാരനാകാമായിരുന്നു. ലഹരിയുണ്ടാക്കിവിറ്റാൽ നിറയെ പണം കിട്ടും. അതു കൂട്ടിവെച്ച് നിയമത്തെ തന്നെ വിലക്കു വാങ്ങാമായിരുന്നു.

ആർക്കു വേണം പണം! എൻ്റെ മനസ്സിൽ അപ്പോഴും നിറയെ പ്രതികാര ചിന്തയായിരുന്നു.
എന്നെ തൊട്ടവരെ ഓരോരുത്തരെയായി കൊന്നു മലർത്തിയിടുക. അവരുടെ ജീവൻ അറ്റുപോകുമ്പോളുള്ള പിടച്ചിൽ കണ്ട് ആനന്ദിക്കുക. അങ്ങിനെ ഒരു ഉദ്യേശത്തിൽ, കൂടി വന്ന ആത്മവിശ്വാസത്തോടെ
വീണ്ടും ഞാൻ നാട്ടിൽ തിരിച്ചെത്തി.

അന്നെൻ്റെ ഒരിടത്താവളമായി ഞാൻ ഭ്രാന്തൻ കുന്നിനെ കണ്ടു.
എന്നാൽ നിറയെ നിധിയിരിക്കുന്ന, മദിപ്പിക്കുന്ന സ്വർഗ്ഗമിരിക്കുന്ന ഈ കുന്ന് എന്നെ ആവോളം മോഹിപ്പിച്ചു.  ഇവിടെ പണ്ടു ഭ്രാന്തൻ വളർത്തിയിട്ട നീലച്ചടയൻ പൂക്കുന്നതും കാത്ത് ഉറക്കമിളച്ചിരുന്നു. പൂക്കളും കായ്കളും തളിരിലകളുമറുത്ത്
ഇഷ്ടം പോലെ ഭാംഗുണ്ടാക്കി വിറ്റു.

ഇപ്പോഴങ്ങിനെ എനിക്ക് ആരേയും കൊല്ലണമെന്ന മോഹങ്ങളൊന്നുമില്ല. അതൊക്കെ കാലം ശമിപ്പിച്ചു. വെറുതെ കിടന്നെന്തിന് ജയിലിൽ ശിഷ്ടകാലം തീർക്കണം!

കൊച്ചു കൊച്ചു മോഹങ്ങളെ ഇപ്പോളുള്ളൂ.
അതിതാണ്. സ്വന്തമായി കുറച്ച് ചെടികൾ നട്ടുവളർത്തണം. അതിൽ നിന്നും വിളവെടുത്ത് ഇഷ്ടം പോലെ ലഹരിയാസ്വദിക്കണം, ആ വശ്യക്കാരായി വരുന്നവർക്ക് അതൊക്കെ വാരിക്കോരി  കൊടുക്കണം. അവർ സന്തോഷിക്കണം, കൂടെ എനിക്കും! അത്രമാത്രം..

ആട്ടെ നിൻ്റെ കാര്യങ്ങൾ ഒന്നും ഇതുവരെ എന്നോടു പറഞ്ഞില്ലല്ലൊ?എന്തൊക്കെയാണ് നിൻ്റെ ഫ്യൂച്ചർ പ്ലാൻ? എൻ്റെ കൂടെ കൂടാൻ ഉറപ്പിച്ചോ? "
ചടയൻ പറഞ്ഞു നിർത്തി. യിടത്ത് ഇനി തുടരേണ്ടത് അബ്ബാസാണ് .
ഒന്നും ഇതുവരെ അബ്ബാസ് ആരോടും പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ തൻ്റെ സുഹൃത്തിനോട് അവനും മനസ്സുതുറന്നു.

കുന്നിൽ ചരുവിൽ ആറു സെൻ്റു സ്ഥലവും പഞ്ചായത്തു പണിതു നൽകിയ ചെറിയ വാർപ്പു വീടും ഉമ്മയും നിക്കാഹു കഴിപ്പിച്ചയച്ച ഒരു പെങ്ങളുമുള്ള അബ്ബാസിന് തൻ്റെ അരുകിലില്ലാത്ത ഒരു വാപ്പയുമുണ്ടായിരുന്നു.

അബ്ബാസിൻ്റെ വാപ്പ ഹമീദ് ചെറുപ്പം മുതലെ സിലോണിലാണ്. കുടുംബവും ജോലിയും താമസവുമെല്ലാം സിലോണിലാക്കിയ അവരുടെ ജീവിതം അല്ലലും അലട്ടുമില്ലാതെ ഒരു വിധം സുഖമായിത്തന്നെ കഴിഞ്ഞു പോന്നു. വാപ്പയും ഉമ്മയും അനിയത്തി ഷിംനയുമൊക്കെയുള്ള അവൻ്റെ കുട്ടിക്കാലത്തെ കാഴ്ചകൾ കാട്ടി കൊതിപ്പിച്ചുകൊണ്ടിരുന്നത് സിലോൺ തന്നെയായിരുന്നു. സിലോൺ അബ്ബാസിന് പിറന്ന നാടിനെപ്പോലെത്തന്നെ വളരെ പ്രിയപ്പെട്ടതായി.

എന്നാൽ ഒന്നും അധികം നീണ്ടുനിന്നില്ല. ഇടയ്ക്ക് വെച്ച് വാപ്പയുടെ പണത്തിന് വേറെ അവകാശിയെത്തി. ജീവിതത്തിൻ്റെ അതിമധുരം നുണയാൻ വാപ്പ അവിടെ വേറെക്കെട്ടി. സ്വാഭാവികമായും ആമിനയും അബ്ബാസും ഷിംനയും അവിടെ അധികപ്പറ്റോ അനാവശ്യമോ ആയിത്തീർന്നു. അതോടെ മൂവരും തിരികെ നാട്ടിലേക്കു തന്നെ പോന്നു.

പിന്നീടുമ്മ വളരെ കഷ്ടപ്പെട്ടാണ് അവർ രണ്ടു പേരേയും വളർത്തിയതും പഠിപ്പിച്ചതും.
ഭാഗം പിരിഞ്ഞു കിട്ടിയ സ്ഥലത്ത് ആദ്യം ചെറിയൊരു വീടുവെച്ചു.
വാർഡു മെംബർ ഷാജി പ്രത്യേക പരിഗണനയിലെടുത്ത് പഞ്ചായത്തിൻ്റെ ഭവനപദ്ധതിയിൽ പെടുത്തി വീട് പുതുക്കി പണിതു തന്നു.

എന്നാലും വീട്ടു ചിലവുകളുടെ ഭാരം അതു താങ്ങാൻ ഉമ്മക്ക് ചന്തയിൽ മീൻ വിൽക്കാൻ പോകേണ്ടി വന്നു. ചീച്ചലും കുടലു പൊട്ടലുമില്ലാത്ത നല്ല നാടൻ കടപ്പുറം മീൻ പിട പിടച്ചു കൊട്ടയിൽ കിടക്കവെ എല്ലാം നല്ല രീതിയിൽ വിറ്റുപോയി. അതു കൊണ്ടവർക്ക് ചെറിയ സമ്പാദ്യം മിച്ചം പിടിക്കാനായി. അവരത് കേച്ചേരി കുറീസിൽ ചിട്ടി ചേർന്ന് മകൾ ഷംനക്കായി കരുതൽ വെച്ചു.

അനുജത്തി ഷംനയുടെ ക്ലാസ് മേറ്റാണ് ഹനാൻ. അവളുടെ ഉപ്പയും ഇതുപോലെ വേറെ നിക്കാഹ് കഴിച്ചതാണ്. അതു കൊണ്ടാണ് അവളുടെ ഉമ്മ സുഖമില്ലാത്തവളായിത്തീർന്നത്. അസ്വാസ്ഥ്യം ഉള്ളവളെങ്കിലും ഉമ്മ വീട്ടിൽ വെറുതെയിരുന്നില്ല. അടുത്ത വീടുകളിൽ തനിക്കു സാധിക്കുന്ന ചെറിയ ജോലികൾക്കൊക്കെ ഹനാൻ്റെ ഉമ്മ സാഹിറ പോകാറുണ്ട്. എങ്കിലും അതിൽ നിന്നുള്ള വരുമാനം കൊണ്ട് അവർക്കെന്താകാൻ!  അവരുടെ നിത്യച്ചിലവുകൾ കൂട്ടിമുട്ടിക്കാൻ തൻ്റെ ഉമ്മയെ സഹായിക്കാൻ ഹനാനും ആഗ്രഹമുണ്ട്. പക്ഷെ അവൾ പഠിക്കുന്ന കുട്ടിയാണല്ലൊ. ചെറിയ ക്ലാസ്സിലെ കുട്ടികൾക്കൊക്കെ അവൾ ഗുരുനാഥയായി. അവരു നൽകുന്ന സ്നേഹവും ചെറിയ ഫീസും അവൾക്കു വളരെ ആശ്വാസമേകി.

ഹനാൻ നല്ല തൻ്റേടമുള്ള പെൺകുട്ടിയാണ്. അവൾ തൻ്റെ ഉമ്മയോട് സ്നേഹമുള്ളവളുമാണ്. ഒരു ദിവസം അവൾ ചിലതു തീർച്ചപ്പെടുത്തി. സ്കൂൾ വിട്ടു വന്നപാടെ യൂണിഫോമിൽ തന്നെ മീൻ മാർക്കറ്റിൽ ചെന്നു.

"ആമിനുമ്മാ, എന്നെയും മീൻ വിൽക്കാൻ കൂടെ കൂട്ടുമോ.. "
കൊച്ചു ഹനാൻ്റെ ആവശ്യം ആമിനാത്തക്ക് കേട്ടില്ലെന്ന് നടിക്കാനായില്ല.
അവർ കൈയ്യിലെടുത്തു കൊടുത്ത അറക്കയും അയ്ക്കൂറയുമൊക്കെ ഹനാൻ മാർക്കറ്റിലോടി നടന്ന് മിനുറ്റുകൾക്കൊണ്ട് വിറ്റുതീർത്തു! ആമിനാത്തയുടെ മടിശ്ശീല നിറയവെ അവർ ആഹ്ലാദത്തോടെ ഹനാനെ ചേർത്തുനിർത്തി നിറുകയിൽ ഒരു മുത്തം നൽകി. അവളുടെ മനസ്സുനിറയുന്ന പോലെ ഒരു പിടി നോട്ടുകൾ വാരി അവളുടെ കൈകളിൽ വച്ചു കൊടുക്കുകയും ചെയ്തു.

സ്കൂൾ വിട്ടു വന്ന സമയം കൂടാതെ ഒഴിവു ദിവസങ്ങളും ഹനാൻ അബ്ബാസിന്റെ ഉമ്മായുടെ കൂടെ  മീൻ വിൽക്കാൻ നേരം കണ്ടെത്തി. സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ആ പെൺകുട്ടിയെ എല്ലാവരും കൗതുകത്തോടെ നോക്കി നിന്നു. സ്നേഹിച്ചു. അവരെപ്പോലെ അവളെ അബ്ബാസും സ്നേഹിച്ചു തുടങ്ങി.
അതിലും കൂടുതലായി ഹനാനെ നിക്കാഹു ചെയ്യണമെന്ന് മോഹിക്കുകയും ചെയ്തു.

എന്നാൽ ഹനാനിഷ്ടം സജിത്തിനെയായിരുന്നു.
അതവൾ അവൻ്റെ അച്ഛൻ ശശികുമാര പ്പണിക്കരോട് നേരിട്ടു തന്നെ പറഞ്ഞു.
മകന് തന്നെ കെട്ടിച്ചു കൊടുക്കുമോ എന്നു ചോദിച്ചു.
ചോദ്യം കേട്ട് ശശികുമാരപ്പണിക്കർ കുട്ടികളെപ്പോലെ ഉറക്കെ ചിരിച്ചു.
എന്നാൽ മറുപടിയൊന്നും പറഞ്ഞുമില്ല .

അബ്ബാസിൻ്റെ ക്ലാസ് മേറ്റാണ് സജിത്ത്. സജിത്തിൻ്റെ അച്ഛൻ ശശികുമാർ പണിക്കർ നാട്ടിലെ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു
പണിക്കർക്ക്  ഹനാനെ ഇഷ്ടവുമായിരുന്നു. അവളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് പണിക്കർ അവളെ ധാരാളം സഹായിച്ചിട്ടുണ്ട്.  പഠിക്കാൻ പുസ്തകങ്ങളും ഫീസും വരെ കൊടുത്തു. തൻ്റെ പക്കലുള്ള പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു.
എഴുതാനിരിക്കുമ്പോൾ തൻ്റെ വാക്കുകളെ  പകർത്തിയെഴുതുന്ന പണി കൊടുത്തു. ഇതെല്ലാം അവളോടുള്ള വാത്സല്യം കൊണ്ടു കൂടിയായിരുന്നു.

സ്കൂള് വിട്ടു വരുമ്പോൾ പലപ്പോഴും ഹനാൻ്റെയും ഷിംനയുടേയും അബ്ബാസിൻ്റേയും കൂടെ സജിത്തുമുണ്ടാകാറുണ്ട്. വഴി നടത്തനിടയിൽ അച്ഛനു കിട്ടിയ യൂസഫലി കേച്ചേരി പുരസ്കാരത്തെ പറ്റി അവൻ പറഞ്ഞതു കേട്ടാണ് അതൊന്നു കാണാൻ വേണ്ടി മാത്രം അവരൊന്നിച്ച് പണിക്കരുടെ വീട്ടിൽ ചെന്നത്. മകൻ്റെ കൂട്ടുകാരെ അച്ഛൻ സ്വീകരിച്ചിരുത്തി. ശാക്തേയം എന്ന തൻ്റെ പുരസ്കാരത്തിനർഹമായ പുസ്തകത്തിൻ്റെ കോപ്പിയും നൽകി.

ശാക്തേയം ഹനാനിഷ്ടമായി. ഒഴിവു സമയങ്ങളിൽ ഹനാനവിടെ പോകും. പണിക്കരുടെ വലിയ പുസ്തക ശേഖരത്തിൽ നിന്നും തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെടുത്തു വായിക്കും.
ഹനാനങ്ങിനെ സ്വന്തമായി ഒരു കവിതയെഴുതി. തൻ്റെ ആദ്യത്തെ
കവിതയുമായി ഹനാൻ ക്ലാസ്സിൽ ചെന്നു. അവിടെ എല്ലാവർക്കും മുമ്പിൽ അതു വായിച്ചപ്പോൾ ടീച്ചറും കുട്ടികളും കൂട്ടുചേർന്നു കൈയ്യടിച്ചു. ആ മിടുക്കിയെ അഭിനന്ദിച്ചു.

സജിത്ത് അബ്ബാസിൻ്റെ ക്ലാസ് മേറ്റാണ്. എന്നിട്ടും അബ്ബാസ് സജിത്തിനെ വെറുത്തു. തന്നെ ഇഷ്ടപ്പെടാതിരുന്ന ഹനാൻ വേറെ മതക്കാരനായ സജിത്തിനെ സ്നേഹിച്ചത് അബ്ബാസിന് സഹിക്കാനാവുന്നതിൽ അപ്പുറത്തായിരുന്നു.

അബ്ബാസിന് സജിത്തിനോടുള്ള വൈരാഗ്യം നാൾക്കുനാൾ വളർന്നു വലുതായി. അവൻ്റെ ചിന്തകൾ കുടിലതയാർന്നു. അവൻ ഹനാനെ എന്നെന്നേക്കുമായി പണിക്കരുടെ വീട്ടിൽ നിന്നും അകറ്റി നിർത്താൻ നല്ലൊരു കള്ളക്കഥ മെനയാൻ തയ്യാറായി.

അവൻ ചെന്നു..
സജിത്തിൻ്റെ അമ്മ സീത ആ കഥ കേട്ട് ഞെട്ടി! ശശികുമാർ പണിക്കരും ഹനാനും തമ്മിൽ തെറ്റായ രീതിയിൽ ബന്ധമുണ്ടായിരിക്കുന്നു.  അബ്ബാസതു കാണുന്നു ! കണ്ട കാഴ്ചകൾ തന്നെ പിന്നെയും അവനു കാണേണ്ടി വരുന്നു.

അബ്ബാസിൻ്റെ കഥ സീത വിശ്വസിച്ചു. അതിൽ അവനോളം ആഹ്ലാദം വേറെ ആർക്കുണ്ടാകും!

സീത വീട്ടിൽ വഴക്കാളിയായി മാറി.
എഴുത്തുകാരൻ്റെ ജീവിതം താറുമാറായി.
ശശികുമാർ പണിക്കരും സീതയുമായുള്ള ഒന്നിച്ചുള്ള ജീവിതം ഇന്നേക്കു വരെ അങ്ങിനെ രണ്ടായിത്തന്നെ പിരിഞ്ഞു പോയി.

കലികയറി സജിത്തിൻ്റെ അമ്മ കുട്ടികൾ പഠിക്കുന്ന  സ്കൂളിലും ചെന്നു.  ഹനാന് പണിക്കരുമായി അരുതാത്ത ബന്ധമുണ്ടെന്നും അവൾ തൻ്റെ കുടുംബ ജീവിതം തകർത്തുവെന്നും പറഞ്ഞ് അവർ  ടീച്ചർമാർക്കിടയിൽ അലറി വിളിച്ചു, തല തല്ലിക്കരഞ്ഞു.
ടീച്ചർമാർ ഹനാനെ ഓഫീസിലേക്കു വിളിപ്പിച്ചു.
അപ്പോൾ തന്നെ അവൾക്കുള്ള ടീസി കീറിയെടുത്ത് കൈയ്യിൽ വെച്ചു കൊടുത്തു.

ആകെ കരഞ്ഞു തളർന്നിട്ടാണ് ഹനാൻ തിരികെ ക്ലാസ് റൂമിൽ വന്നത്.
അവൾ തൻ്റെ പുസ്തകങ്ങളെല്ലാം വാരിക്കൂട്ടി ബാഗിൽ നിറച്ചു. ആരെയും നോക്കാതെ, ആരോടുമുരിയാടാതെ, ഉതിരുന്ന കണ്ണീരോടെ സ്കൂളിൻ്റെ പടിയിറങ്ങിപ്പോയി.
അവൾ പിന്നെ ഒരിക്കലും ആ സ്കൂളിലേക്ക് തിരികെ വന്നില്ല. അസ്വാസ്ഥ്യമുള്ള ഉമ്മയേയും കൂട്ടി എങ്ങോ ട്ടോ പോയി.
ഈ നാടു തന്നെ വിട്ട് ദൂരേക്ക്... ഏതോ ദേശത്തേക്ക്..

കഥ പറഞ്ഞ അബ്ബാസിൻ്റെ മിഴികളും നിറഞ്ഞു.
അവനത്രക്കും ഇഷ്ടമായിരുന്നല്ലൊ ഹനാനെ ..
അവൻ്റെ ദു:ഖം ചടയൻ കണ്ടു.
അയാൾ അവൻ്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.

" അവളിപ്പോൾ എവിടെയുണ്ട്?"
ചടയൻ ചോദിക്കുന്നു.

അറിയില്ല അവന്. വർഷങ്ങൾ മാറിമറഞ്ഞിരിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും നാട്ടിൽ ആരുടെയെങ്കിലും ഭാര്യയായി മക്കളെ വളർത്തി ജീവിക്കുന്നുണ്ടാകും.
പക്ഷെ അവൾ ചൊരിഞ്ഞിട്ടു പോയ ഖേദം കാലങ്ങൾ കഴിഞ്ഞിട്ടും അബ്ബാസിനെ  സ്വസ്ഥതയില്ലാത്തവനാക്കിത്തീർത്തു.

അബ്ബാസു പഠിപ്പു നിർത്തിയപ്പോൾ അവൻ്റെ ഉമ്മ കാരണം ചോദിച്ചു . ഉമ്മയെ സഹായിക്കാൻ എന്തെങ്കിലും പണിക്കു പോകാനാണെന്നു പറഞ്ഞു .

ഒരു ഗ്ലാസ്സുകടയിൽ കുറെ നാൾ അബ്ബാസ് പണിക്കുപോയി. പിന്നെ മടുത്തപ്പോൾ അവിടെയും വിട്ടു. നാടുവിട്ടു സിലോണിലേക്കു തന്നെ പോകാൻ തീർച്ചപ്പെടുത്തി.
അപ്പോളാണ് ഭ്രാന്തൻകുന്നിൽ അലഞ്ഞു തിരിയവെ വീണ്ടും തന്നെ പണ്ടു പേടിപ്പിച്ച കുളമ്പു മനുഷ്യനെ കാണുന്നത്!

പണ്ടത്തെ ആ കുളമ്പു മനുഷ്യൻ ഒരു നല്ല കൂട്ടുകാരനായി അബ്ബാസിൻ്റെ ഇക്കഥയൊക്കെ കേട്ടിരുന്നു.

" ഞാൻ നിന്നെ ഉപദ്രവിക്കാൻ വേണ്ടി ചെയ്തതല്ല ഒന്നും. കഞ്ചാവു ചെടികൾ പൂക്കുന്ന കാലമായിരുന്നുവത്. അതറിയാവുന്ന ആരെങ്കിലും അവിടെ വന്നുവെങ്കിൽ, അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ പിന്നെ അവയുടെ സുരക്ഷിതത്ത്വം എന്താകുമയിരുന്നു?  ആളുകൾ ആരും കുന്നു കയറാതിരിക്കണം. അതായിരുന്നു എൻ്റെ ഉദ്യേശം. അതിനു ആളുകളെ പേടിപ്പിച്ചകറ്റണം. ഭയപ്പെടുത്തുന്ന കഥകളുണ്ടാക്കണം. അതിനു മാത്രമാണ് അന്നു നിന്നെ ഞാൻ പേടിപ്പിച്ചത്."

"പേടിച്ചു, പക്ഷെ അന്നു നിങ്ങൾ എൻ്റെ വായിൽ തിരുകിത്തന്ന കഞ്ചാവുണ്ട യുണ്ടല്ലോ! അതിൻ്റെ മുന്നിൽ ആ പേടി ഒന്നുമല്ല!
അതു ഉള്ളിൽ ചെന്നപ്പോൾ ഞാനെന്നെ തന്നെ മറന്നു പോയി. വായുവിൽ ഒരു പഞ്ഞിക്കെട്ടു പോലെ ഒഴുകി നടന്നു കുറെ നേരം ഞാനന്ന്! സുഖകരമായ അനുഭൂതി കൊണ്ട് വെറുതെയിരുന്നു ചിരിച്ചു. കുറച്ചു നേരത്തേക്കെങ്കിലും എൻ്റെ മനസ്സിലെ ദു:ഖങ്ങൾ എല്ലാം എന്നെ വിട്ടു മാറി..
പിന്നെ പോലീസു നിങ്ങളെ പിടിച്ചുകൊണ്ടു പോയതിനു ശേഷമാണ് ഞാൻ ബാക്കി കഥകളൊക്കെ അറിയുന്നത്.

എങ്കിലും ഒരിക്കലും മറക്കാനാകാത്ത അന്നത്തെ ആ ലഹരി തേടി പിന്നെയും ഞാൻ താങ്കളെ ഓർത്തിരുന്നു. നീണ്ട വർഷങ്ങൾ എന്നിൽ വളരെ മാറ്റങ്ങൾ വരുത്തി. ഹാൻസും പാൻപരാഗും കള്ളുമൊക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും ഒന്നുമല്ലാത്ത ആ അനുഭൂതി തരുന്ന ആ ഒന്ന് അതെന്താണെന്ന് ഇത്രയും കാലം വരെ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോളാണ് അത് ഭാംഗാണെന്ന് എനിക്ക് മനസ്സിലായത്!  നിങ്ങളുടെ കൈയ്യിൽ ഇപ്പോഴും ആ കഞ്ചാവുണ്ടകളുണ്ടോ?"

" ഹ ഹ ഹ ... "
ചടയൻ ഗോവിന്ദൻ ഉറക്കെ ചിരിച്ചു. ലഹരിയുടെ മാദക രക്തം പേറുന്ന അയാളുടെ ഉമിനീർത്തുള്ളികൾ ചിരിക്കൊപ്പം ചുറ്റും ചിതറി.
മാറി മാറി കഥകൾ പറഞ്ഞ് അവർ കുന്നിൻ മുകളിലെത്തി.

അങ്ങിനെ അവരവിടെ വാസുദേവനെ കണ്ടു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .