2023, ജൂൺ 6, ചൊവ്വാഴ്ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പന്ത്രണ്ട്.

പ്രപഞ്ചം ഉറങ്ങിക്കിടക്കെ അവരുണർന്നിരിക്കുന്നു.
ഇന്നിൻ്റെ മനുഷ്യരുടെ ആകുലതകളും പേറിക്കൊണ്ട്..
മനുഷ്യരാശിയുടെ ക്ഷേമത്തെ പറ്റി അക്ഷമരും ആശങ്കാകുലരുമായിക്കൊണ്ട് ..
അവർ കലാകാരൻമാരാണ്.
മനുഷ്യരാശിയെ നന്മയുടേയും സൗഹാർദ്ദത്തിൻ്റേയും സമത്വത്തിൻ്റെയും പാതയിലൂടെ വഴി തെറ്റാതെ നയിച്ചുകൊണ്ടിരിക്കുന്ന ആ കൂട്ടർ എല്ലായിടത്തും ഉള്ളതുപോലെ സാന്ത്വനത്തിലും ഉണ്ടായിരുന്നു.

സിന്ധുരാജ്, സലിം ഭായി, ഇന്ദ്രൻ എന്നിങ്ങനെയുള്ളവരുടെ  സാന്നിധ്യം 
സാന്ത്വനത്തെ നന്മ കൊണ്ട് പൂരണം ചെയ്തു.
അവിടെ സ്നേഹവും സമത്വവും ഊട്ടിയുറപ്പിച്ചു.
അതിനു കാരണം അവർ ശിൽപ്പികളാണ് എന്നതായിരുന്നു.
അവരുടെ കൈകളെ ഉണർത്തുകയും ഉയർത്തുകയും ചെയ്തു കൊണ്ട് പ്രകൃതി തൻ്റെ മുഖാവരണം മിനുക്കുന്നു.
പ്രകൃതിയെ സുന്ദരമാക്കിത്തീർക്കുന്നു.
സ്വർഗ്ഗതുല്യമാക്കുന്നു.
സഹവാസികളുടെ ദുഃഖവും കണ്ണീരും ഒപ്പിക്കൊടുക്കുന്നു.
അതിനവർ എപ്പോഴും സമരമുഖത്തു തന്നെ നിൽക്കുന്നു.
വെടിയുണ്ടകൾ മാറിൽ പതിച്ചു വീഴുമ്പോഴും അവർ മരണമില്ലാത്തവരായി ഇല്ലാത്ത നാവിനാൽ അനീതിക്കെതിരായി ഗർജിച്ചുകൊണ്ടേയിരിക്കുന്നു.
എതിരാളികൾ ജീവിച്ചിരുന്ന അവരേക്കാൾ മരിച്ചു പോയ അവരെ പേടിക്കുന്ന വിധം പ്രത്യാശയുടെ നാളെകളായി അവർ മാറിപ്പോകുന്നു!

അവർ പ്രപഞ്ചത്തെ പണിയുന്ന ശിൽപ്പികളാണ്.
മനുഷ്യ സംസ്കാരത്തിൻ്റ അമരക്കാരാണ്.

ഇന്ദ്രൻ ഒരു നാടകമെഴുതാൻ പോവുകയാണ്.
അയാളുടെ മനസ്സിലപ്പപ്പോൾ ഉരുത്തിരിഞ്ഞു വന്നിരുന്ന മനുഷ്യരാശിയുടെ ക്ഷേമത്തെ കുറിച്ചുള്ള തൻ്റെ  ആശയങ്ങൾക്ക് സംവേദനാത്മകമായ ഒരു രൂപം കൊടുക്കുക എന്നുള്ള  ക്ലേശിപ്പിക്കുന്ന ഒരു ഉദ്യമത്തിലമർന്നിരുന്നു അയാൾ. തൻ്റെ സങ്കൽപ്പം രൂപമാർന്ന്  ചുറ്റുപാടുകളോട് സംസാരിക്കുകയും കലഹിക്കുക പോലും ചെയ്ത് നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ അയാൾ ശ്രമിക്കുകയാണ്.
അതുകൊണ്ടാണല്ലൊ അയാൾ ഒരു കലാകാരൻ എന്ന് നമുക്കു മനസ്സിലാക്കാനാവുന്നതു തന്നെ!

ന്യൂനമർദ്ദമുണ്ടോ?, അതോ ഇതിനി ചക്രവാത ച്ചുഴിയാണോ!
ഋതുഭേദങ്ങൾക്കു കണക്കു ചേരാതെ കാലം തെറ്റിപ്പിറന്ന  മഴ മേഘക്കൂട്ടങ്ങൾ അങ്ങ് ആകാശത്ത് സ്വയം ചോർന്നൊലിക്കാൻ പാകത്തിൽ ചുരക്കാനുള്ള ശ്രമത്തിലാണ്. പെയ്ത്തിനു മുമ്പേ തൻ്റേടിയായ ഒരു കാറ്റു വരുന്നു!
അത് പലതും പറത്തിക്കളിക്കുന്നു!
എഴുതിത്തീരേണ്ട കടലാസുകളാണ് ചുറ്റിലും പാറിപ്പറക്കുന്നത്!

ഇന്ദ്രൻ ചെറുചിരിയോടെ കടലാസുകളെ കാറ്റിലൊഴുകുന്ന പായ്ക്കപ്പലുകളെയെന്നോണം ആസ്വദിച്ചു കണ്ടു നിന്നു. രൂപമാറ്റം കൊള്ളുന്ന
തൻ്റെ മനസ്സിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ അവയിലോരോന്നിലും സന്നിവേശിച്ച് ചുറ്റുപാടുകളെ കലഹിച്ചുണർത്തേണ്ടതാണ്.
എന്നാലും ആദ്യം കാറ്റു പറയട്ടെ കടലാസു കപ്പലുകളോട്ടിക്കളിക്കുന്ന ഇക്കഥ.
താൻ കാത്തിരിക്കാം, ക്ഷമാശീലനായി..

താൻ കണ്ടും കേട്ടും തൊട്ടു മറിഞ്ഞ ആളുകൾ മനസ്സിനുള്ളിൽ ഒരു ജാഥ പോലെ വന്നു പോകുന്നുണ്ട്. അവരിൽ ചിലരുടെ പേരുകൾ മുന്നണിയിൽ വരുമ്പോൾ ചിലരുടെ രൂപങ്ങളാണ് കഥയിലിടം തേടി തിക്കിത്തിരക്കുന്നത്. ചിലർ പ്രവൃത്തികൾ ക്കൊണ്ട് പാത്രസൃഷ്ടിക്കായി മനസ്സിലുടക്കി നിൽപ്പുണ്ട്.
പാറിപ്പറന്ന കടലാസ്സു തുണ്ടുകളിൽ മാർജിനിട്ട് പേനയാൽ അവരെ കോറിത്തുടങ്ങാനൊരുങ്ങവെ,  സെയ്തലവിയും ശ്രീധരേട്ടനും സലിം ഭായിയുമൊക്കെ ഇന്ദ്രനു ചുറ്റും വന്നു നിരന്നു!
എന്താണ് എഴുതുന്നതെന്നവർക്ക് അറിയണമായിരുന്നു.
"ഒരു നാടകം ഞാനെഴുതാൻ പോവുകയാണ് "
"എവിടെയെങ്കിലും കളിക്കാനാണോ?"
"ഞങ്ങൾക്കും ഒരു റോൾ തരുമോ?" 
"ഞങ്ങൾക്കും പറ്റിയ കഥയാണോ?"
ഓരോരുത്തരും എഴുത്തുമേശയോട് ചേർന്ന് ചിരിച്ചു കൊണ്ടു ചോദിച്ചു.

ഇന്ദ്രൻ എഴുത്തു നിർത്തി അവരോരോരുത്തരേയും മാറി മാറി നോക്കി.

ഇതാ കുറച്ചു പേർ അഭിനേതാക്കളാകാൻ തൻ്റെ അരുകിൽ വന്നു നിൽക്കുകയാണ്.
വേറെ ചിലർ അവരുടെ ഇരിപ്പിടങ്ങൾക്കും പ്രവൃത്തികൾക്കും മദ്ധ്യേ ഇവിടേക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ മാത്രം പാളി നോക്കുന്നു.

" ഇത് കളിക്കണം എന്നുദ്യേശിച്ച് തന്നെയാണ് എഴുതുന്നത്. ഇക്കൊല്ലത്തെ ഗ്രാമകം നാടകോത്സവത്തിൻ്റെ തയ്യാറെടുപ്പുകൾ തുടങ്ങിയതായി എനിക്കറിയാൻ കഴിഞ്ഞു. ഇപ്രാവശ്യത്തെ നാടകോത്സവം സംഘാടക സമിതി കൺവീനർ സുധീഷ് വാസുദേവ് എനിക്കു പരിചയമുള്ള ആളാണ്.
രാജു സിഎഫ്, പിന്നൊരു പ്രശോഭ് പ്രകാശ്, ഒരു പ്രബലൻ വേലൂർ ,വേറൊരു പ്രതാപൻ കെ എസ് അങ്ങിനെയങ്ങിനെ കുറച്ചു നാടക പ്രവർത്തകരെ ഗ്രാമകത്തിൻ്റെ കമ്മിറ്റിക്കാരായി എനിക്കു മുൻപരിചയമുണ്ട്.
അരുൺലാൽ പോലുള്ള വലിയ വലിയ പുളളികളുടെ നാടകങ്ങളാണ് ഈ ഫെസ്റ്റിവലിൽ വരാറ്.
സാന്ത്വനം പോലുള്ള ചാരിറ്റി ട്രസ്റ്റു കൾക്കൊക്കെ ചെറിയ വേദി അവർ സാധാരണ നൽകിക്കാണാറുണ്ട്.
ഉള്ള പരിചയം വെച്ച് ഒരു ഇരുപതു മിനിറ്റിൻ്റെ ഒരു പ്ലേയ്ക്കവർ അവസരം തരും എന്നു തന്നെയാണെൻ്റെ വിശ്വാസവും.
നമ്മുടേതു പോലുള്ള സാമൂഹിക സേവന പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവരും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നവരുമാണവർ "

ഇന്ദ്രൻ പറഞ്ഞത് എല്ലാവരിലും സന്തോഷം വിടർത്തി.
സ്വജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടിട്ടും തങ്ങൾക്ക് ആരൊക്കെയോ ഉണ്ട്, അലെങ്കിൽ തങ്ങൾ ആരൊക്കെയോ ആണ് എന്ന് സ്വയം ആശ്വസിക്കാൻ പാകത്തിൽ അവരെ ഗ്രാമകം തങ്ങളോട് ചേർത്തു പിടിക്കും എന്ന് ഇന്ദ്രനോടൊപ്പം അവരെല്ലാവരും വിശ്വസിക്കാൻ ശ്രമിച്ചു.

" ഞാൻ അൽപ്പം വയ്യാത്തവനാണ്. അങ്ങിനെ ഒരു വേഷം മതീ ട്ടോ എനിക്ക്"
സെയ്തലവി തൻ്റെ ആഗ്രഹം മൂടി വെച്ചില്ല.
കാരണം സെയ്തലവിയും ഗ്രാമകത്തിൻ്റെ നന്മ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളായിരുന്നു.
ഒരഭിനേതാവ് അല്ലാതിരിക്കെ തന്നെ താനും തന്നെപ്പോലുള്ളവരേയും ഗ്രാമകം ഒരു വേദി നൽകി ആദരിക്കും എന്നതിൽ സംശയമില്ലാത്ത ആളുമായിരുന്നു!

തങ്ങൾക്കു വേണ്ടി, തങ്ങളെപ്പോലുള്ളവരുടെ ശബ്ദമാകാൻ ഒരു നാടകം എങ്ങനെയാണ് ജനിക്കുന്നത്?
അതിൻ്റെ വളർച്ചയും അരങ്ങു കാണലുമൊക്കെ എങ്ങിനെയാണ് സംഭവിക്കുന്നത്?!
എന്നതൊക്കെ അറിഞ്ഞു കാണാനുള്ള ആകാംക്ഷ ഓരോരുത്തർക്കുമുണ്ടായി.

"ശരി .സെയ്തലവി, അറുപത്തിയഞ്ച് വയസ്സ് പ്രായം.ക്ഷീണിച്ചു മെലിഞ്ഞ ശരീരം. മുഷിഞ്ഞ വസ്ത്രങ്ങൾ. തൊഴിൽ രഹിതൻ.
കട്ടിലിൽ ഇരിക്കുകയാണ്. സന്ധ്യാനേരം!"
ഇന്ദ്രൻ ഇത്രയും പറഞ്ഞ് സെയ്തലവിയെ സൂക്ഷിച്ചു നോക്കി.

സെയ്തലവി ശരിയെന്ന മട്ടിൽ മൂളുകയും തലയാട്ടുകയും ചെയ്തു.

"ഈ അവസ്ഥയിലുള്ള സെയ്തലവിമാരുടെ മുറികളിൽ ധാരാളം കൊതുകുകൾ കാണില്ലേ?"
ഇന്ദ്രൻ്റെ ചോദ്യത്തിന് സെയ്തലവി ശരിവെച്ച്  തലയാട്ടി.

" അപ്പോൾ സെയ്തലവി എന്തു ചെയ്യും?"
"അടിച്ചു കൊല്ലാൻ നോക്കും"
"ശരി . ചെയ്തു നോക്കൂ."

സെയ്തലവി മുറിയിൽ കൊതുകുകളുണ്ട് എന്ന സങ്കൽപ്പത്തിൽ കൊതുകുകളെ അടിച്ചു കൊല്ലുന്നതായി അഭിനയിക്കാൻ ശ്രമിച്ചു. 

" ഓക്കെ. ഒരുപാടു കൊതുകുകളെക്കൊണ്ട് മുറി നിറഞ്ഞിരിക്കുകയാണെങ്കിലോ?"

"പടച്ചോനെ, ഈ കൊതുകുകളെക്കൊണ്ട് തോറ്റു പോയല്ലോ. ഡീ ജമീലാ, പൊകയ്ക്കാനെന്തെങ്കിലും എടുത്തോണ്ടു വാടീ .കൊതുകു കടിച്ചിട്ട് ഒരു പാകവുമില്ല"
സെയ്തലവിയുടെ അഭിനയം കണ്ട് എല്ലാവരും ചിരിച്ചു.
" ഇതാണ് നിങ്ങൾ അഭിനയിക്കേണ്ട വിധം. സാധാരണ ജീവിതത്തിൽ നിങ്ങൾ എങ്ങിനെ ചിന്തിക്കുന്നു, പെരുമാറുന്നു..
അങ്ങിനെ മാത്രം ചെയ്യുക. ഒരിക്കലും അഭിനയിക്കുകയാണെന്ന തോന്നലോടെ ചെയ്യരുത്. കഥയുടെ അവസ്ഥ കണ്ടറിഞ്ഞ് നിങ്ങൾ നിങ്ങളുടെ മനസ്സിനെ കഥാപാത്രത്തിൻ്റെ അതേ വൈകാരികാവസ്ഥയിലേക്ക് പൂർണ്ണമായും മാറ്റി സ്വയം കഥാപാത്രമായി ജീവിക്കണം .
എനിക്കു തോന്നുന്നത് നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കഥ വന്നു പറയുക. നിങ്ങളാകുന്ന കളിമണ്ണുകൊണ്ട് നിങ്ങൾ തന്നെ ഒരു കഥ കുഴയ്ക്കുക.
നിങ്ങളുടെ ദു:ഖം, നിങ്ങളുടെ വേദന അതൊക്കെ നിങ്ങളിൽ നിന്നു തന്നെ എല്ലാവരും അറിയട്ടെ."

ഇന്ദ്രൻ തൻ്റെ നാടക സങ്കൽപ്പത്തെ തൻ്റെ അഭിനേതാക്കൾക്ക് വെളിപ്പെടുത്തി.
അങ്ങിനെ അവരുടെ സന്തോഷത്തിനും സമാധാനത്തിനുമായി അപ്പോൾ മുതൽക്ക് അവർ അവരുടെ കഥ കൊണ്ട് ഒരു നാടകം രൂപപ്പെടുത്താൻ തുടങ്ങി.

അവരുടെ നാടകം തുടങ്ങുന്നത് ഒരു നാട്ടിൻപുറം കവലയിൽ നിന്നുമായിരുന്നു.
കൊതുകുകടിയേറ്റ് വീർത്ത കൺപോളകളുമായി ഉറക്കച്ചടവോടെ വരുന്ന സലിം ഭായിയിൽ നിന്നും ആദ്യ സംഭാഷണം തുടങ്ങുന്നു.
സലിം ഭായി ഉറക്കെ കോട്ടുവാ ഇടുകയാണ്.തുടരെ തുടരെ .പശ്ചാത്തലത്തിൽ ഇരമ്പിയാർക്കുന്ന കൊതുകു കൂട്ടങ്ങളുടെ ശബ്ദം അപ്പോൾ ഇന്ദ്രൻ മനസ്സിൽ കണക്കു കൂട്ടിയെടുത്തു.

സലിം ഭായി കൈ കൊണ്ട് കൊതുകുകളെ അടിക്കുകയാണ്. തൻ്റെ ഇരു കണ്ണുകളിലും വന്നാർത്തു കടിക്കുന്ന കൊതുകുകളെ.

"എനിക്ക് ഈ കൊതുകുകളെ ഇഷ്ടമേയല്ല.
ഒരു മനുഷ്യച്ചോര മോഹിച്ച് എത്ര കൊതുകുകളാണ് ഈ ആർത്തലച്ചു വരുന്നത്!
കാര്യങ്ങൾ ഇങ്ങനെത്തന്നെ പോവുകയാണെങ്കിൽ അധികം വൈകാതെ നാടു മുഴുവൻ ചോരയൂറ്റി ക്കുടിച്ചു മാത്രം ജീവിക്കാൻ കൊതിക്കുന്ന  കൊതുകു കൂട്ടങ്ങളെക്കൊണ്ടു നിറയും."

വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങളും വാങ്ങിച്ച് രംഗത്തേക്ക് കടന്നു വരുന്ന സെയ്തലവി.
സെയ്തലവിയെ കാണുന്നതോടെ സംലിഭായിയുടെ കണ്ണുകൾ തിളങ്ങുന്നു.
" ഒരു കോടി. അതും നാളെ നറുക്കെടുക്കുന്നത്. ഒരു പത്തു ടിക്കറ്റെടുക്കട്ടെ?"

സലിം ഭായി ഒരു ലോട്ടറിട്ടിക്കറ്റു കച്ചവടക്കാരൻ്റെ വേഷത്തിലാണീ നാടകത്തിൽ.
അയാൾ തൻ്റെ ടിക്കറ്റ് റാക്ക് പരതിയെടുത്ത് സെയ്തലവിക്കു നേരെ നീട്ടി.

"ടിക്കറ്റു വേണ്ട ലോട്ടറിക്കാരാ. കൈയ്യിൽ ഒന്നും ബാക്കിയില്ല. പറ്റു വരെയായി പലചരക്കുകടയിൽ. ഈ പേക്കറ്റിൽ പൊതിഞ്ഞു വരുന്ന സാധനങ്ങൾക്കൊക്കെ എന്താ വില!"

"ഉവ്വ്. എന്നാൽ കർഷകനോ പുല്ലുവില!
എന്നാലും എൻ്റെ സഹോദരാ, നമ്മളെപ്പോലുള്ള പാവങ്ങൾക്ക് മാത്രമുള്ള ആകെയുള്ള ആശ്വാസവും പ്രതീക്ഷയും എന്താന്നറിയോ?
ദാ, അതിതാണ്.
ഇതടിച്ചാൽ എൻ്റെ സഹോദരാ. താങ്കളുടെ എല്ലാ കഷ്ടപ്പാടുകളും അതോടെ തീരും."
സലിം ഭായി ടിക്കറ്റുകൾ വിടർത്തിക്കാട്ടി വീണ്ടും സെയ്തലവിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു.

" അടിക്കുന്ന ടിക്കറ്റാണോ! എങ്കിൽ എനിക്കൊരെണ്ണം." തന്നെ കടിക്കുന്ന കൊതുകിനെ അടിച്ചു കൊണ്ട് ശ്രീധരേട്ടനും ആ സമയം രംഗത്തേക്ക് പ്രവേശിച്ചു.
ഒരു കോടി കൺമുന്നിൽ കണ്ടാലെന്ന പോലെ സലിം ഭായിയുടെ ടിക്കറ്റു റാക്കിനു മുന്നിൽ അയാൾ ആർത്തിയോടെ നിന്നു !

ഒരു കോടിയുടെ പ്രലോഭനത്തിൽ പെട്ടു പോയ ശ്രീധരേട്ടൻ ഒരു നിമിഷം ഭഗവാനെ സ്മരിച്ചു. തനിക്കു കിട്ടുന്നതിൽ പാതി ഭഗവാന് സമർപ്പിക്കാം എന്നു ആത്മഗത രൂപേണ പറയുകയും ചെയ്തു.  
ഒരു കോടി പ്രലോഭനത്തിൽ സെയ്തലവിയും കുടുങ്ങി.  കടം വാങ്ങിയെങ്കിലും ഒരു ലോട്ടറിയെടുക്കണമെന്ന ആഗ്രഹം അയ്യാളിലും അപ്പോൾ മുതൽ അദമ്യമായിത്തീർന്നു.

" ഒരു നൂറു രൂപ കടം താടൊ. നാളെത്തന്നെ തിരിച്ചു തരാം " . സെയ്തലവി ശ്രീധരേട്ടനോട്  ഒരു കടാഭ്യർത്ഥന നടത്തി നോക്കി. പക്ഷെ ശ്രീധരേട്ടൻ വഴങ്ങിയില്ല. 

"എൻ്റെ പൊന്നു ചങ്ങാതി. കൈയ്യിലുള്ള കാശിനു മുഴുവൻ ഞാൻ ടി ഇന്നലെത്തന്നെ ടിക്കറ്റെടുത്തതാണ്. മൂന്നെണ്ണം ഒരക്കത്തിനാണ് പോയത്.
ഒരൊന്നു മാറി ഏഴായിരുന്നെങ്കിൽ! ഒരെട്ടുമാറി നാലായിരുന്നെങ്കിൽ! ഒന്നിലെ ഒന്നു മാറി ഒമ്പതായി വന്നെങ്കിൽ എൻ്റെ തലവര തന്നെ മാറി മറിഞ്ഞേനെ! എനിക്കുമൊരു കോടീശ്വരനാകാമായിരുന്നു.
ഇനിയൊന്നെടുക്കാനെൻ്റെ കൈയ്യിൽ പത്തിൻ്റെ പൈസയില്ല" ശ്രീധരേട്ടൻ കൈ മലർത്തി.

അങ്ങിനെയെങ്കിൽ ഇനി എന്തു ചെയ്യും?
പ്രലോഭനം ഉടലോടെ വിഴുങ്ങിപ്പോയ സെയ്തലവി പോംവഴി ആലോചിക്കുകയാണ്.

" കാശില്ലെങ്കിൽ വേണ്ട, ഒരു നൂറിൻ്റെ ടിക്കറ്റെനിക്ക് കടമായി എടുത്തു തന്നൂടെ ? നാളെ പകരം വേറെയെടുത്തു തരാം".

"ഏയ്.ആർക്കും കടമില്ല. ഇന്നു റൊക്കം, നാളെയാണ് കടം."
സലിം ഭായി ഇടയ്ക്കു ചാടിക്കയറിപ്പറഞ്ഞു.

ശ്രീധരേട്ടൻ തൻ്റെ കൈവശമിരിക്കുന്ന നൂറു രൂപാ നോട്ടിലേക്കും മുന്നിൽ വയ്യാവേലിയായി വന്നു പെട്ട സെയ്തലവിയുടെ മുഖത്തേക്കും മാറി മാറി നോക്കി.
സെയ്തലവി പോകുന്നതു വരേയ്ക്കും അയാൾ ടിക്കറ്റെടുക്കുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.

സെയ്തലവി നിരാശനായി.
നാടകമിങ്ങനെ മുന്നോട്ടു പോകുമ്പോൾ പെട്ടെന്ന് ഒരു പുതിയ കഥാപാത്രം രംഗത്തേക്ക് പ്രവേശിച്ചു!

"എന്നെയും നാടകത്തിൽ ചേർക്കുമോ?"

അടുക്കളയിൽ പാചകത്തിലായിരുന്നു ശ്രീരാമനായിരുന്നുവത്.

ഇന്ദ്രൻ ശ്രീരാമനെ സൂക്ഷിച്ചു നോക്കി.
അയാളിലും ഇന്ദ്രൻ തൻ്റെ ഒരു കഥാപാത്രത്തെ കണ്ടു.

പാക്കനാരുടെ വംശത്തിൽ പിറന്ന ആട്ടവും പാട്ടും താളവും പഠിച്ച കഴിവുള്ള കലാകാരൻ തന്നെയായിരുന്നു ശ്രീരാമൻ. അതോടൊപ്പം ആൾ നല്ലൊരു പാചക വിദഗ്ദൻ കൂടിയുമായിരുന്നു! പൊയ്ക്കുതിരകൾ നാടിളക്കി വരുന്ന അതിപ്രശസ്തമായ മച്ചാട് കുതിരവേലയുടെ തട്ടകത്തു നിന്നുമാണ് അയാൾ ഇവിടെ എത്തിച്ചേർന്നതെന്ന് ഇന്ദ്രനോർത്തു.

നല്ലൊരു പാചകകാരനാണല്ലൊ ശ്രീരാമൻ.
ശ്രീരാമൻ്റെ സദ്യ ആദ്യമൊക്കെ നാട്ടിൽ ആളുകൾക്ക് ഇഷ്ടമായിരുന്നു. 
പല സദ്യകളിലും വെപ്പുകാരനായി ശ്രീരാമനെ വിളിക്കാൻ തുടങ്ങിയതോടെ ആ തൊഴിലിൽ നിന്നും ശ്രീരാമന് വരുമാനവും കിട്ടിത്തുടങ്ങി.

എന്നാൽ ഇതധികം നീണ്ടു നിന്നില്ല.
ഉയർന്ന ജാതിക്കാർ ശ്രീരാമനൊരുക്കുന്ന സദ്യകളൊക്കെ ബഹിഷ്ക്കരിക്കുക പതിവായി.
ഉയർന്ന ജാതിക്കാർ അറിയാതെയെങ്ങാനും ശ്രീരാമൻ വെച്ചഭക്ഷണം കഴിച്ചു പോയാൽ അവരുടെ വീട്ടിലുള്ളവർ അവരെ വീട്ടിനകത്തേക്കു കയറ്റുക പോലുമില്ലാത്ത സ്ഥിതി വന്നു.
അങ്ങിനെ ശ്രീരാമനെ സ്വജാതിയിലുള്ളവർ പോലും സദ്യയൊരുക്കാൻ വിളിക്കാതെയായി.

സവർണ്ണ ജാതിക്കാരായ ആളുകൾ അവർണ്ണരുടെ വീട്ടിൽ നടക്കുന്ന സദ്യ സത്ക്കാരങ്ങളിൽ പങ്കുകൊള്ളണമെങ്കിൽ അവശ്യം ഒരു സവർണ്ണൻ തന്നെ ആ സദ്യയൊരുക്കുകയെങ്കിലും ചെയ്യണം എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. 
ഇതു മൂലം താഴ്ന്ന ജാതിക്കാരും അവരുടെ സദ്യ സത്കാരങ്ങളിൽ സവർണ്ണരായ പാചകക്കാരെ വിളിച്ചു വരുത്തി ശ്രീരാമനു പകരമായി അവസരങ്ങൾ വാരിക്കോരിക്കൊടുത്തു. 

മനംനൊന്ത്
അന്ന് മച്ചാട് മലയിറങ്ങിയതാണ് ശ്രീരാമൻ. ഒരു പകപോലെ പല നാടും അലഞ്ഞു.
പല ദേശങ്ങൾ, പല ഭാഷക്കാർ, പല തൊഴിലുകൾ. പലയിടത്തുമെത്തി. പക്ഷെ എല്ലായിടത്തും അയാൾ ഒന്നു മാത്രം സ്ഥായിയായിക്കണ്ടു. വംശീയതയിൽ നിന്നും ഉരുത്തിരിഞ്ഞെത്തിയ അയിത്താചരണം. ഇതു മാത്രം ഒരു മാറ്റവുമില്ലാതെ എപ്പോഴും എല്ലായിടത്തും കണ്ടും കൊണ്ടും അനുഭവിച്ചു.അങ്ങിനെ യാത്രക്കൊടുവിൽ കറങ്ങിത്തിരിഞ്ഞ് സ്വാന്ത്വനത്തിലുമെത്തിയതാണ്.

എന്നാൽ ഇവിടെ വർണ്ണാശ്രമ വ്യവസ്ഥകളുടേതായ വേർതിരിവുകൾ ഇല്ലാതിരിക്കെ, പാചകപ്പുരയിൽ സധൈര്യം അനാഥർക്കു വെച്ചു വിളമ്പാൻ അയാൾക്കായി. കൂടെ അവർക്കൊപ്പം ഉണ്ടുറങ്ങാനുമായി.

"ശരി ശരി ശ്രീ രാമാ, താങ്കളുടെ കഥയും ഈ നാടകത്തിൽ ചേർക്കുന്നുണ്ട്. ജാതി വെറി കാരണം പഴയിടങ്ങളിൽ നിന്നും പലായനം ചെയ്ത് പുതിയിടങ്ങളിൽ പാചകക്കാരനായി ജീവിച്ചു തീർക്കേണ്ടി വന്ന  താങ്കളുടെ ദുഃഖം താങ്കൾക്ക് ഈ നാടകത്തിൽ പറയാം."

ഇന്ദ്രൻ്റെ വാക്കുകൾ കേട്ട് ശ്രീരാമൻ മച്ചാടിൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.
അയാൾ തൻ്റെ അഭിനയമോഹം ഗ്രാമക വേദിയിൽ സമർപ്പിക്കാനൊരുങ്ങുകയും ചെയ്തു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .