2023, ഏപ്രിൽ 21, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ. അദ്ധ്യായം രണ്ട്.




വേനല്‍ കുന്നുകയറിവന്നു.

മുരടിച്ചു മഞ്ഞളിച്ച പുല്‍നാമ്പുകൾ വാര്‍ദ്ധക്യത്തിന്റെ ജ്വരം കൊണ്ട് പുളഞ്ഞു.

ചുരുള്‍ വീണു മെലിയിച്ചെടുത്ത ഇലകള്‍ തായ്‌വേരുകളെ പൊതിഞ്ഞു വിലപിക്കുന്ന നേരം…

കുന്നുഞ്ചെരുവുകളിലെ കാഴ്ചവട്ടങ്ങൾ തേടി പാഞ്ഞുപോകുമ്പോള്‍  അറവുകാരന്‍ വളര്‍ത്തുന്ന ആടുകള്‍ മണികള്‍ കിലുക്കി ശബ്ദമുണ്ടാക്കി.


ആടുകള്‍ കൂട്ടത്തോടെ മേയുന്നത് കാണാന്‍ എന്തു രസമാണ്!

ഭ്രാന്തൻ കുന്നിൻ്റെ ചെരുവില്‍ ഇനിയും ഇലകള്‍ പൊഴിക്കാന്‍ മടിച്ചുനില്‍ക്കുന്നൊരു കശുമാവുണ്ട്.

അതിന്റെ ചുവട്ടില്‍ ആമത്തൊണ്ടു പോലെയുണ്ട് ഒരു പാറ!

അതിന്റെ മുകളില്‍ കയറിയിരുന്ന് പാടാന്‍ പഴകിപ്പതിഞ്ഞ ഒരു മൈലാഞ്ചിപ്പാട്ടും ..!

സെയ്തലവി തൻ്റെ ശബ്ദം പതിഞ്ഞതാക്കി  പാടുമ്പോള്‍ കുറുമ്പന്മാരായ ചില കൊറ്റനാടുകള്‍ തലയുയർത്തുന്നു, മുരടനക്കി ശബ്ദമുണ്ടാക്കുന്നു!


ഓരോ ഞായറാഴ്ചകളില്‍, അല്ലങ്കില്‍ കല്യാണങ്ങളില്, ചിലപ്പോള്‍ വിരുന്നുകള്‍ക്കു വേണ്ടി കൂട്ടത്തിൽ നിന്നും അപ്രത്യക്ഷമാവേണ്ടുന്ന ആടുകള്‍..

പകരത്തിനു പകരം പുതിയവ വരും ആ സ്ഥാനം കൈയേല്‍ക്കാന്‍..‍‍

‍എങ്കിലും പുതിയവക്ക് ചരിവോരം കാണിക്കാന്‍ പരിചയ സമ്പന്നരായവര്‍ അപ്പോഴും ആ ആട്ടിൻകൂട്ടത്തില്‍ തന്നെ  കാണും എപ്പോഴും...


ഇന്ന് പുതിയ രണ്ടാടുകൾ കുന്നുകയറി വന്നിട്ടുണ്ട്.
സെയ്തലവിക്കു പഞ്ചായത്തു കൊടുത്തത്.
രണ്ടു ചെറു ബാല്ല്യക്കാരികൾ.
വെളുപ്പിൽ കറുപ്പിട ചേർന്ന് നിറപ്പെട്ട സെയ്തലവിയുടെ സ്വന്തം ആടുകൾ.

" സൈയ്തലവ്യേ.. "
"ഓ.. "
"ആടിനെ കിട്ടി ..ല്ലേ?"
" ഉവ്വ്. "

കുയിലത്തു തറവാട്ടിലെ അമ്മിണിയമ്പ്രാളാണ്.
തൻ്റെ പുള്ളിപ്പശുവിനെ കടുപ്പാവട്ടത്തയ്യിൽ കെട്ടി അവർ കുശലാന്വേഷണത്തിനായി ആടുകൾക്കരുകിലെത്തി.

" ഉം.. നല്ല കുട്ട്യോളാട്ടോ!"

ജീവിച്ചിരിക്കുന്നുവെങ്കിൽ ഉമ്മുവിൻ്റേതു കൂടിയാകുമായിരുന്ന ആ ആടുകൾ രണ്ടിൻ്റെയും ഉമ്മുവിനോടെന്ന പോലെ നിറുകിലൂടെ തലോടി നെടുവീർപ്പുതിർത്തു.

സെയ്തലവി കല്ലിൽ നിന്നിറങ്ങി താഴെ ചവുട്ടി നിന്നു.

താഴേക്കു കുന്നിറങ്ങിപ്പോകുന്ന അമ്മിണിയമ്പ്രാളിൻ പിറകെ ഉമ്മു കൂടെ പോകുന്നു. വേഷം മാറി ദാവണി ചുറ്റി. നീണ്ടു ചുരുണ്ട മുടിക്കെട്ടിൽ തുളസിപ്പൂ ചൂടിക്കൊണ്ട് ..

അയ്യാളുടെ കണ്ണുകളിൽ പിന്നെയും ഉമ്മുവോർമ്മകൾ കണ്ണുനീർ ചുരത്തി.

ചെരിപ്പൊന്നു മാറ്റിയിടണം.
നടന്നു തേഞ്ഞ് തുള വീണതാണ്.
മുള്ളുകൾക്കു മേൽ ചവിട്ടുമ്പോഴൊക്കെ അത് വല്ലാതെ വേദനിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

മുഷിഞ്ഞതും പിഞ്ഞിയതുമായ മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയെങ്കിലും ഒരു മുറിബീഡി തിരഞ്ഞു സെയ്തലവി .
പിന്നെ മാറ്റി വെച്ച ശീലങ്ങളെ ഓർത്ത് കൈകൾ പുറകോട്ടു മാറ്റിത്തട്ടി.

ബീഡിയില്ലെങ്കിൽ  ഒരു കാലിച്ചായ.., 
ഒരു പത്തു രൂപ വരെ ഇന്നു ചിലവാക്കാം. സന്തോഷമുള്ള ദിവസമല്ലെ..
മുനീറിൻ്റെ തട്ടുകടയിൽ ചായ കൂടാതെ പല തരം എണ്ണപ്പലഹാരങ്ങളുമുണ്ട്.
എങ്കിലും കാലിച്ചായ മാത്രം കുടിച്ചു ശീലിച്ചു.
അതും കൂട്ടരോടൊത്ത് നാട്ടുവർത്തമാനം പറഞ്ഞു നേരം പോക്കുന്നതിനിടയിൽ .
കഴിഞ്ഞയാഴ്ച കുറച്ചു കടച്ചക്ക കച്ചവടത്തിനൊത്തു കിട്ടി.
കൂലിച്ചിലവു കഴിച്ച് ചെറിയൊരു തുക മിച്ചമുണ്ടായിരുന്നു.
ആശാരിച്ചിലവും മരപ്പട്ടിക വാങ്ങിയ വകയുമൊക്കെ അധികച്ചിലവിലിടം നേടി എല്ലാം കാലിയാക്കിത്തീർത്തിരിക്കുന്നു.

സുലൈമാനിയടിക്കുന്ന പോലുള്ള ഒരു ചൊരുക്കുണ്ട് ചില പാട്ടുകൾക്ക്.
ഭ്രാന്തൻ കുന്നിൻ്റെ മുകൾത്തട്ടിലേക്കു നോക്കി അതിങ്ങനെ ഉറക്കെയുറക്കെ പാടുന്നത് ഇവിടെയൊരിക്കലും ഒരനാചാരമാകില്ല.


സെയ്തലവി  പല പാട്ടുകളും മൂളി നോക്കി.

പാട്ട് പലപ്പോഴും ചുമക്കിഷ്ടമാകില്ല.
അവ ചുരന്നു വരുന്നു.

ആരോഗ്യം വല്ലാതെ ക്ഷയിച്ചിട്ടുണ്ട്. നാൾക്കുനാൾ കണക്കിൽ ശരീരം പിന്നെയും ശോഷിച്ചു വരുന്നു.
ഷുഗറിനു മരുന്നു കഴിക്കുന്നുണ്ട്. ഷുഗറേറി വന്നാൽ ഇൻസുലിനുമെടുക്കും.
വലിയ ക്ഷീണക്കാരൻ ശരിക്കും ഈ ഷുഗറു തന്നെയാണ്.
നിശബ്ദനായ കൊലയാളി!

പണ്ടൊക്കെ ഓരോ ചുമക്കും കാജാബീഡിയുടെ സ്വാദായിരുന്നു.
ജമീലയെല്ലാം നിർബന്ധിച്ചു നിർത്തിപ്പിച്ചു.
ബീഡി വലിച്ചു വലിച്ചു ചുമയെ ചുമക്കുന്ന വാപ്പയാകുന്നത് അവൾക്കിഷ്ടമല്ലായിരുന്നു.

നേരമിത്രയും ഇരുൾ മറഞ്ഞിരുന്ന് വെളുപ്പും ചുവപ്പും മഞ്ഞയുമൊക്കെയായ തന്നഴകൊളിപ്പിച്ചിരുന്ന ഒരു കൂട്ടം കുഞ്ഞൻ പൂക്കൾ വെയിൽപ്പാത വന്നിളംമേനി തൊട്ടപ്പോൾ ചിരിച്ചിളം മനംകാട്ടി സെയ്തലവിയോട് കൂട്ടുകൂടാനുറച്ചടുത്തു.
തൊട്ടാവാടിയുടെ ഇല തൊട്ടു പരിഭവം പറയിച്ചിരുന്ന കുഞ്ഞു സെയ്തലവിയുടെ കുട്ടിക്കാലം പിന്നെയും സെയ്തലവിയെ കളിക്കു വിളിച്ചു.

തുമ്പപ്പൂക്കൾ വെളുക്കെ ചിരിക്കുന്നത് തൻ്റെയാടുകൾ കാണുന്നുണ്ട്.
മുക്കുറ്റിയും പർപ്പടകപ്പുല്ലും കറുകനാമ്പുകളുമൊക്കെ വളഞ്ഞിട്ട് തങ്ങളെ മോഹിപ്പിച്ചു ചിരിച്ചു കാണിക്കുന്നത് ആടുകൾ കണ്ണേറ്റുന്നുണ്ട്.

ഒരാടൽപ്പം വലിയതാണ്.
ഒരുപക്ഷെ കൂട്ടത്തിൽ ആദ്യത്തെയമ്മയായി
തൻ കുഞ്ഞുങ്ങൾക്കു മുലകൊടുത്തും
വാത്സല്യത്തൊടെ നിറുകും മുഖവും നക്കിത്തഴുകിയും അവൾ തന്നെയാവും തൻ്റെ വീട്ടിൽ കുഞ്ഞനക്കങ്ങൾ പെരുപ്പിക്കുന്നത്!

അറവുകാരൻ്റെ കൊറ്റനാട് ചെറുതായി ചിനച്ചു കാണിച്ച് അവൾക്കരുകിലേക്ക് ശൃംഗാരത്തോടെ എത്തി നോക്കുന്നത് സെയ്തലവി കണ്ടില്ലെന്നു നടിച്ചു നിന്നു.
കൂടെയപ്പോൾ ചുണ്ടിലൊരു കള്ളച്ചിരിയുണ്ടായി.
മനസ്സപ്പോഴേക്കും ജലപ്പരപ്പിൽ വാലിളക്കി നിൽക്കുന്ന പരൽ മീനുകളോളം മാറിപ്പോയിട്ടുമുണ്ടായിരുന്നു.

തൻ്റെ ആടുകൾക്കൊരു തുണ വരുന്നതിനെ പറ്റിപ്പോലും ചിന്തകൾ കാടുകയറി ചിക്കിച്ചികയാൻ തുടങ്ങി.

അറവുകാരൻ്റെ ആടിനു വില കേൾക്കണം.
തവണകളായി അടച്ചു തീർത്തേക്കാം.
വലിയ വിലയായിരിക്കും.
എങ്കിലും ഇപ്പോളവന് ഇവിടെയും വലിയ വിലയാണ്.
അവൻ ഒരാണൊരുത്തനാണ്.
ആ തണലിൽ ഇവറ്റകൾ രണ്ടും വളരട്ടെ.
പെറ്റുപെരുകി വലിയ കുലമുണ്ടാക്കട്ടെ.

വേറെയും ചില ആടുകൾ കുന്നുകയറി വരുന്നുണ്ട്.
അതെല്ലാം ഉസ്മാൻ്റേതായിരുന്നു.
അതെയെന്നടയാളപ്പെടുത്തി ഉസ്മാനുമുണ്ടായിരുന്നു കൂടെ.

"ഡാ സെയ്തോ.. അനക്കും ഇപ്പോ എന്നെപ്പോലെ ഒരു പണിയൊക്കെ ആയീ..ല്ലേ? ഹ് ഹഹ.."

ഉസ്മാൻ ചിരിച്ചു തലയാട്ടിക്കൊണ്ട് സെയ്തലവിക്കു അരികിലെത്തി.

തിന്നു മിനുങ്ങി വരുന്ന അഞ്ചാടുകൾ അയ്യാൾക്കരികിലുണ്ട്.
അതിൽ രണ്ടെണ്ണം കൊറ്റനാടുകളായിരുന്നു.
നീണ്ടു വളർന്ന ഊശാന്താടികൾക്കിടയിൽ വലിയ പല്ലുകൾ അയവെട്ടിക്കാണിച്ച് അവ പുതുപ്പെണ്ണുങ്ങളെ കൗതുകത്തോടെ നോക്കി.

"രണ്ടു കൊറ്റൻമാരാ?"
സെയ്തലവി  അറവുകാരൻ്റെ കൊറ്റനാടിനെ വെറുതെ വിട്ടു.

" അതേ ടാ. മൂന്നു പെണ്ണുങ്ങൾക്കും സൊയ്രം കൊടുക്കാത്ത ഹറാം പെറപ്പുകള്."

"ഉം .നല്ല കുറുമ്പൻമാരാല്ലെ!"

"പിന്നല്ലാണ്ട്..!"

സെയ്തലവിയുടെ കണ്ണുകൾ തൻ്റെ കൊറ്റനാടുകൾക്കു മേൽ തിളങ്ങിത്തങ്ങിനിൽക്കുന്നതും ആശാ പാശങ്ങളുടെ കുരുക്കു കെട്ടിയെറിഞ്ഞ് അവറ്റകളുടെ കഴുത്തിൽ ചുറ്റിവലിക്കുന്നതും ഉസ്മാന് തിരിച്ചറിയാനായി.
അവൻ്റെ മോഹങ്ങൾ പിന്നെയും ഉസ്മാൻ്റെ ചിരിയായി പൊട്ടി വിരിയാൻ തുടങ്ങി!

"ഡാ, അനക്ക് വേണേങ്കിൽ ഒന്നിനെ എടുത്തോ.
നിൻ്റെ ആടുകൾക്കും ഇനി മുതൽ ഒരന്തിത്തുണ വേണം."

"നല്ലതാ. പക്ഷെ... "

തല ചൊറിയുന്നുണ്ട് സെയ്തലവി .
കാര്യം പണമാണെന്ന് പറയാതെ തന്നെ അവൻ്റെ കൂട്ടുകാരനറിഞ്ഞു.
അയാൾക്കു തൻ്റെ ആട്ടിൻ കൂട്ടത്തോടുള്ളതുപോലെത്തന്നെ സെയ്തലവിയോടുമുണ്ടായിരുന്നു നിറയെ സ്നേഹം.

" സെയ്തേ, ഡാ.. നാട്ടിലുള്ള വില. അതിലും പത്തു രൂപ കുറവ്. അതും ഒരുമിച്ചു നീ തരണ്ട. നിൻ്റെ കൈയ്യിൽ ഉണ്ടാവണേനനുസരിച്ച് കുറേശ്ശെ കുറേശ്ശെയായിട്ട് നിനക്ക് പറ്റണ തന്നാ മതി ആടിൻ്റെ കായി. 
എന്താ?"

തൻ്റെ മോഹങ്ങൾക്കു മേൽ ഉസ്മാൻ്റെ അലിവ് പടച്ചവൻ്റെ കാരുണ്യമായിത്തന്നെ വന്നു നിറഞ്ഞു തലോടി തൻ്റെ സ്വാസ്ഥ്യത്തെ സുഖപ്പെടുത്തുന്നതായും സന്തോഷത്തെ മധുരം പുരട്ടുന്നതായും അറിഞ്ഞു.

അതിർ കവിഞ്ഞു പോയ അയാളുടെ ആഹ്ലാദങ്ങൾ ഉടനെ ഉസ്മാൻ്റെ കൈത്തലം കടന്നെടുത്ത് വാഗ്ദാനം സ്വീകരിച്ചുറപ്പിക്കുകയും, ദൃഷ്ടികൊണ്ടു മാത്രമെങ്കിലും കൂട്ടത്തിലെ ഒരാണൊരുത്തനെ തൻ്റേ കൂട്ടത്തിലേതെന്ന് കരുതി മനസ്സുകൊണ്ട് ചേർത്തുവെയ്ക്കുകയും ചെയ്തു.

ആടിനെ മേയ്ക്കുന്നവർ അവർ രണ്ടു പേരും സുഹൃത്തുക്കളും നല്ല അയൽക്കാരുമായിരുന്നു.
അതു കൊണ്ടു തന്നെ പിന്നെയും അവർക്കിടയിൽ തുടർ സംഭാഷണങ്ങളുണ്ടായി.
തങ്ങളുടെ സ്വകാര്യ ലോകത്ത് സ്വന്തം ഭാര്യയും മക്കളും മരുമക്കളുമെല്ലാം ലോഹ്യത്തോടെ കുശലം പറഞ്ഞു വന്നും പോയുമിരുന്നു.

പിന്നെയവർ ഗതി മാറി രാഷ്ട്രത്തെ പറ്റി ചിന്തിച്ചു.
കാശ്മീർ മുതൽ കന്യാകുമാരി വരെ മാറി മാറി വരുന്ന ഭരണമാറ്റങ്ങളേയും, രാജ്യാന്തരങ്ങളിൽ ചലം കെട്ടുകയും പൊട്ടിപ്പിളർന്ന്  മലിനമാകുകയും ചെയ്തു കൊണ്ടിരിക്കുന്ന  വംശവെറികളെ പറ്റിയും ,
സ്വതന്ത്ര ഇന്ത്യയുടെ മതേതരത്വം ഇന്ത്യനും പാക്കിസ്ഥാനിയുമൊക്കെയായി വരിയുടഞ്ഞ് നാട്ടുകലാപങ്ങൾക്കു മുന്നിൽ ഷണ്ഡത്വമാർന്നു കഥാവശേഷമാകുന്നതിനെ പറ്റിയുമൊക്കെ വലിയ തോതിൽ വിലപിച്ചു.

ഉസ്മാൻ പറഞ്ഞു താൻ ദീനിയാണെന്ന്.
സെയ്തലവിയും പറഞ്ഞു താനും ദീനിയാണെന്ന്.
ദീനിനെ സംരക്ഷിക്കാൻ, സ്വതന്ത്ര ഇന്ത്യയിൽ ഇതിനകം അകാലവാർദ്ധക്യമെടുത്ത മതേതരത്വം ഇനിയുമെത്ര കാലം തങ്ങൾക്കു കൂട്ടാകുമെന്ന് ആശങ്കപ്പെട്ടു ദു:ഖത്താലമർന്നിരുന്നു.

ഉഷ്ണം ഉഷ്ണത്തിലേക്കു ലയിച്ചു .
മുകളിൽ വെയിൽ കനത്തു കത്താൻ തുടങ്ങി.
ആടുകൾ കിതക്കാനും തങ്ങൾക്കു ചുറ്റും കുന്നിനിയും ചുരത്താത്ത കാനൽജലക്കാഴ്ചകളെ പരതിത്തുടങ്ങാനും ആരംഭമായതോടെ അവർക്കു വേണ്ടി മാത്രം അവരുടെ യജമാനൻമാർ തിരിച്ചു കുന്നിറങ്ങാൻ തുടങ്ങി.

ആടുകൾ തിരിച്ചു വന്നു.
ആശാരി മണിക്കുട്ടൻ പണിവൃത്തിയോടെ ചെയ്തിട്ട മരപ്പട്ടികക്കൂട്ടിലേക്ക് വീണ്ടും സെയ്തലവിയവരെ വിളിച്ചു കയറ്റി.
അവരെ മാത്രമല്ലാതെ, 
മൂന്നാമതായി ഒരാണൊരുത്തനെ കൂടി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .