2023, ഏപ്രിൽ 25, ചൊവ്വാഴ്ച

മരം വെട്ടുന്നവൾ. നോവൽ.

അദ്ധ്യായം മൂന്ന്

എന്നിട്ടും കനത്ത മൗനം മുറി നിറഞ്ഞു തന്നെ!
കുട്ടികൾക്കിടയിലൂടെ അർത്ഥമില്ലാത്ത ഒരു ഭാഷയും മൂളി ക്ലാസ് മുറിയിൽ ചുറ്റിഞ്ഞിരിഞ്ഞു തൂങ്ങി നിൽപ്പുണ്ടത്.

പഴയ ഫാനാണ്.
ഖേതാൻ എന്നടയാളപ്പെടുത്തിയ സ്റ്റിക്കറുകൾക്കു മേൽ പൊടി പതിഞ്ഞ് അതതിൻ്റെ പ്രായവും അടയാളപ്പെടുത്തി വെച്ചിരിക്കുന്നു.

" കുട്ടികളെ.."
മൗനമുടച്ചുകൊണ്ട് തൻ്റെ പ്രിയപ്പെട്ട കുട്ടികളെ തന്നിലേക്ക് വിളിച്ചുണർത്തുന്നു ശേഖരൻ മാഷ്..

മരുന്നു വിൽക്കുന്നവനും മരുന്നു വാങ്ങിക്കുന്നവനുമിടക്കുള്ള ഒരു മുഷിഞ്ഞ ദൂരം അവിടെ മാഷിനും തൻ്റെ ക്ലാസ്സ് റൂമിനുമിടക്ക് രൂപപ്പെട്ടു വന്നിരുന്നു.
അതുകൊണ്ടു തന്നെ ഇതവർക്ക്, മാഷിനും കുട്ടികൾക്കുമിടക്കുള്ള അവസാനത്തെ ക്ലാസ്സായി അവർ നേരത്തെ തീരുമാനിച്ചിരുന്നതാണ്.

" ഇനി നിങ്ങൾക്കു ക്ലാസ്സെടുക്കാൻ എനിക്കാവില്ല.
അത്രക്കും അവശനായിപ്പോയിരിക്കുന്നു ഞാൻ."
മാഷ് നിർത്തി കുറച്ചു ശ്വാസമെടുത്തു.

"അതുപോലെ ഈ സ്ഥാപനത്തെ മുന്നിൽ നിന്ന് നിയന്ത്രിച്ചു കൊണ്ടു പോകുവാനും അശക്തനാണ് ഞാനിപ്പോൾ.
ഇനി മുതൽ പുതിയ ആളുകൾ ഇതിനായി വരും.
നിങ്ങൾ അവരെ അനുസരിക്കണം.
പഠനത്തിൽ ശ്രദ്ധിച്ച് നിങ്ങളുദ്യേശിക്കുന്ന ലക്ഷ്യങ്ങളിലെത്തണം."

കുട്ടികളേവരും മൂകരായിത്തന്നെ മാഷെ കേട്ടിരുന്നു.
അവരെ സംബന്ധിച്ചിടത്തോളം ആ സ്ഥാപനവും അവിടത്തെ പ്രധാനാധ്യാപനും അവരുടെ മരവിച്ചു പോകുമായിരുന്ന ലക്ഷ്യങ്ങളെ താങ്ങായിത്തന്നെ നിന്ന് മുൻപോട്ടു നടത്തിച്ചുകൊണ്ടു പോവുന്ന വലിയ സഹായഹസ്തം തന്നെയായിരുന്നു.

തുടർ വിദ്യാഭ്യാസത്തിന് കൈയ്യിൽ കരുതലില്ലാത്തവർ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടാതിരുന്നവർ തുടങ്ങി മുഖ്യധാരയിൽ നിന്ന് അരികുകളിലേക്ക് മാറ്റി നിർത്തപ്പെട്ട നിർദ്ധനരായ കുട്ടികൾ മാഷിൻ്റെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ കുറഞ്ഞ ചിലവിൽ തന്നെ തങ്ങളുടെ പഠനം തുടരുന്നു.
അവരുടെ പ്രതീക്ഷകളെ കരുപ്പിടിപ്പിക്കുന്നു.
ഇതായിരുന്നു ആ സ്ഥാപനമത്രയും കാലം!

" ഇന്നിനി സിലബസ്സിലുള്ള യാതൊന്നും ഞാൻ നിങ്ങളെ പഠിപ്പിക്കുന്നില്ല.
അവസാനത്തേതായ ഇന്നത്തെ ഒരു ദിവസം നമുക്ക് മാഷും കുട്ടികളും അല്ലാതെയിരിക്കാം .
നമുക്കിഷ്ടപ്പെട്ട മറ്റെന്തെങ്കിലും വിഷയങ്ങൾ സംസാരിച്ചിരിക്കാം."

മാഷ് കുട്ടികളെ പ്രതികരണത്തിനായി ഉറ്റുനോക്കി.
ശോകാകുലമായ മിഴികളാണ് അവർ തന്നിലൂന്നി നിൽക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി .

ബി.എ. മലയാളം സെമസ്റ്റർ അഞ്ച്.
നാടകത്തെ കുറിച്ച് ക്ലാസെടുക്കുന്ന ഒരു ശേഖരൻ മാഷിൽ നിന്ന് അവർ മാറ്റി നിർത്തപ്പെടുന്നു.

" മാഷെ, നമുക്ക് ഒരു നാടകം ചെയ്താലോ?"
കുട്ടികളിലൊരാൾ എഴുന്നേറ്റ് നിൽക്കുന്നു.

" ഒരു കോമാളിയെപ്പോലെ കരഞ്ഞും ചിരിച്ചും ഞാൻ കുറച്ചു നേരം അഭിനയിച്ചു കാണിക്കട്ടെ?"
അവൻ അനുവാദം ചോദിക്കുകയാണ്.

മാഷ് ആലോചിച്ചു.
ഈ കുട്ടികൾക്ക് ഇന്നൊന്നും ഇഷ്ടപ്പെടുകയില്ല.
പുറത്തേക്കിറങ്ങി നിൽക്കാം.

" എല്ലാവരും വരൂ.
നമുക്ക് ആൽത്തറയിലേക്കു പോകാം"

തൻ്റെ കോളേജ് സ്ഥാപിക്കുന്ന കാലത്തു തന്നെ മുറ്റത്തു വച്ചുപിടിപ്പിച്ച ആ ബോധി വൃക്ഷത്തൈ, ഇന്ന് വളർന്ന് പന്തലിച്ച് വലിയ തണലായി കലാലയ മുറ്റത്ത് നിൽപ്പുണ്ട്.
ആ സ്ഥാപനത്തിൻ്റെ നെയിംബോർഡു പോലും ആ മരത്തണലിലായിരുന്നു സ്ഥാപിച്ചു വച്ചിരുന്നത്. 
തൻ്റെ രണ്ടിലകൾ അലങ്കാരമായി ചാർത്തി വൃക്ഷമതിനെ താലോലിച്ചുകൊണ്ട് താങ്ങും തണലുമായി  നിലകൊള്ളുകയാണ്!

എല്ലാവരും ആ തണലിൽ, ബോധി വൃക്ഷച്ചുവട്ടിലിരുന്നു..

ശേഖരൻ മാഷ് തന്നെ ചൂഴ്ന്നു നിന്നിരുന്ന ആകുലതകളുടെ നെരിപ്പോടിൽ നിന്നും ഒരു പാടു ദൂരം താഴേക്ക് നടന്നുവന്നെത്തി.
ഫാൻ മറയില്ലാത്ത പ്രകൃതിയുടെ ഭിത്തിയിൽ നിന്ന് തണുത്ത നനുത്ത കാറ്റിനെ ആശ്ലേഷിച്ചു പിടിച്ചു.

"നമുക്ക് കഥ പറയാം.
നേരമുണ്ടെങ്കിൽ നാടകവും കളിക്കാം."

" മാഷാദ്യം കഥ തുടങ്ങിക്കോളൂ.
ഞങ്ങളും പറ്റുന്നതു പോലെ കൂടെ കൂടാം"

കുട്ടികൾക്കു ചുറ്റും മാഷങ്ങിനെ കഥ പറയാനിരുന്നു.

" ഞാൻ പണ്ട് ഒരു ശിൽപ്പിയായിരുന്നു.
എൻ്റെ ചെറു ബാല്യത്തിൽ, പാടവരമ്പിലൂടെ ഓടിപ്പാഞ്ഞു നടന്നും പരൽ മീനുകളെ പിടിച്ചും കളിച്ചു നടന്നിരുന്ന സമയത്താണ് ആദ്യമായി ഒരു ശിൽപ്പമുണ്ടാക്കാൻ എനിക്ക് ആഗ്രഹമുണ്ടായത്.
 കുറെ കളിമണ്ണ് തേക്കിലയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ട് വന്ന് ഞാനങ്ങിനെ ഒരു മനുഷ്യരൂപം ഉണ്ടാക്കാനാരംഭിച്ചു. 
ആദ്യമുണ്ടാക്കിയപ്പോൾ അതിന് എൻ്റെയൊരു ച്ഛായയുണ്ടെന്നു തോന്നി.
അങ്ങിനെയാണ് ഞാനതിന് എനിക്കുണ്ടായിരുന്നതു പോലെ ഒരു വള്ളി ട്രൗസർ ഉണ്ടാക്കിയിടീച്ചത്!"

"നന്നായി മാഷെ, പിന്നെ മാഷെന്തൊക്കെയാണ് ഉണ്ടാക്കിയത്?
വല്ലതും സൂക്ഷിച്ചു വച്ചിട്ടുണ്ടോ?"

കുട്ടികൾ കഥനത്തിൽ കൗതുകം കൂറി .

" പലതും.
ഒന്നും ഞാൻ സൂക്ഷിക്കാറില്ല.
നല്ലതെന്നു തോന്നിയതൊക്കെ ഞാൻ പ്രിയപ്പെട്ടവർക്കു കൊടുക്കും."

"ദേ, ഈ ജയൻ നല്ല ശിൽപ്പിയാണ് മാഷെ.
കടലാസ് കഞ്ഞിപ്പശയിൽ മുക്കി ഇവൻ പലതുമുണ്ടാക്കും! ഗ്രാമകം നാടകോത്സവത്തിൽ എല്ലാ കൊല്ലവും ഇവൻ്റെ ശിൽപ്പങ്ങൾ പ്രദർശിപ്പിക്കാറുണ്ട്."

ജയൻ എന്ന ശിൽപ്പിയെ മുൻപിലേക്കു നീക്കി നിർത്തി അവൻ്റെ കൂട്ടുകാരൻ അവർക്കെല്ലാവർക്കുമായി പരിചയപ്പെടുത്തി.

"ഉവ്വടോ.. ഞാനും കണ്ടിട്ടുണ്ട്. 
നിങ്ങൾ എല്ലാവരുടേയും ഉള്ളിൽ നല്ല നല്ല കലാകാരൻമാരുണ്ട്, ശിൽപ്പികളുണ്ട്..
ഒരു കല്ല്, ഒരു പിടി മണ്ണ്, ഒരു മരം അവയിലെവിടെയും ഒരു ശിൽപ്പി കണ്ടെത്തുന്നതു വരെ ഒരു ശിൽപ്പവുമില്ലായിരുന്നു.
എന്നാലോ,ഇന്ന് ലോകം മുഴുവനും ശിൽപ്പങ്ങളാണ്.
വാസ്തുവിദ്യാ വിദഗ്ദർ കോൺക്രീറ്റുകളിൽ വാർത്തെടുക്കുന്ന ബഹുനിലക്കെട്ടിടങ്ങളിൽ വരെ ശിൽപ്പ വിദ്യയുണ്ട്.
ഓടുന്ന വാഹനങ്ങളിലുണ്ട്, പുസ്തകങ്ങളിലും മൊബൈൽ ഫോണുകളിലും എന്നു വേണ്ട എല്ലാത്തിലും അവയൊരുക്കുന്നവരുടെ ഭാവന ചേർന്ന് അവയെല്ലാത്തിനേയും തന്നെ ശിൽപ്പങ്ങളാക്കിത്തീർത്തിരിക്കുന്നു!
നിങ്ങളിൽ ശിൽപ്പികളുണ്ടോ?
സ്വയം അന്വേഷിക്കണം ."

കഥ കേൾക്കെ കേൾവിക്കാർ തങ്ങളിലെ ശിൽപ്പിയെ പരതി.
തങ്ങൾക്കിനിയും കണ്ടുകിട്ടാത്തവണ്ണം അവൻ അല്ലെങ്കിൽ അവൾ എവിടെയാണ് മറഞ്ഞിരിക്കുന്നത്?

" ശിൽപ്പങ്ങൾ നശിപ്പിക്കുന്നവരും നിങ്ങളിലുണ്ട്.
നിങ്ങൾ സ്വയം രണ്ടായി പകുത്ത് ശിൽപ്പിയേയും സംഹാരകനേയും വേർതിരിക്കണം.
അവർ ഒന്നിച്ചിരിക്കാൻ പാടില്ല.
കാരണം നിങ്ങളിലെ സംഹാരകൻ നിങ്ങളുടെ അധ്വാനത്തെ നശിപ്പിക്കുന്നവനാണ്.
നിങ്ങളുടെ സ്വപ്നങ്ങളിൽ ചോരയുടെ മണം നിറക്കുന്നവനാണ്!"

മാഷുടെ ദൃഷ്ടികൾ ചരിത്രത്തിലേക്കു വഴിമാറി.
അവിടെ അദ്ദേഹം രക്തപ്പുഴയൊഴുകുന്നതും രക്തദാഹികൾ ഉന്മാദത്താൽ അലറുന്നതും കണ്ടു.

" അവർ ആരും തന്നെ നമ്മൾ പറഞ്ഞ ശിൽപ്പികൾ ആയിരുന്നിട്ടേയില്ല.
ചരിത്രത്തിലെവിടേയും ചോരയുടെ പേരിലല്ലാതെ അവരുടെ ചിത്രങ്ങൾ വരക്കപ്പെട്ടിട്ടുമില്ല.
പക്ഷെ നാമെപ്പോഴും അധികാരം കൊണ്ടു ശക്തരായ അവരെ ഭയക്കുന്നു!
അവർ നമ്മുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുമെന്ന് പേടിച്ച് ഒളിയിടങ്ങളിലേക്ക് മാറി മറഞ്ഞിരിക്കുന്നു.

എങ്കിലും അവർ നമ്മളെ തേടിയെത്തുന്നു.
ഒളിയിടങ്ങളിൽ തീയിട്ട് നമ്മൾ ശിൽപ്പികളെ കത്തിച്ചു ചാരമാക്കുന്നു.
നമുക്കു സ്വന്തമായതെല്ലാം കവർന്നുകൊണ്ടു പോകുന്നു.

ഹിംസ അവർക്കെപ്പോഴും ആനന്ദമാണ്.
അയിത്തം അവർക്ക് ആചാരവുമാണ്.
ജാതി, മതം, നിറം, ഭാഷ, സംസ്കാരം, സമ്പത്ത് എന്നു വേണ്ട, എല്ലായിടത്തും അവർ അധികാരികളായി നിങ്ങളെ വിധിക്കുന്നു.

പണിയായുധങ്ങളെടുത്തു തളർന്ന നിങ്ങളുടെ കൈകളെ മാരകായുധങ്ങൾക്കൊണ്ട് വെട്ടിമാറ്റുന്നു.
അധികാരത്തിൻ്റെ ആയുധമായി, നിങ്ങൾക്കേറ്റ അരുംകൊലകളെ അവർ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു."

മാഷിൻ്റെ കഥ കുട്ടികളിൽ ശിൽപ്പിയേയും അധികാരിയേയും പരതിയെടുത്തു.
കർഷകരേയും കൊലയാളികളേയും പതിർ തിരിച്ചു മാറ്റി.
നല്ല വിളയുതിർക്കുന്ന കൃഷിഭൂമികകളായി തങ്ങൾ മാറണമെന്ന ആഗ്രഹങ്ങൾ ജനിപ്പിച്ചു.

മാഷു തുടർന്നു.

"നിങ്ങൾ മനുഷ്യരാണ്.
അതു പക്ഷെ നിങ്ങൾ ജനിക്കുന്നതു വരെ മാത്രം.
ജീവിക്കാൻ തുടങ്ങുമ്പോൾ നിങ്ങളെ അവർ മനുഷ്യരല്ലാതാക്കാൻ തുടങ്ങി.
നിങ്ങളിൽ സ്പർദ്ധയുടെ പേരുകളിടുവിച്ചു.
ജാതിയും മതവും കുലവും തിരിച്ച് പരസ്പരം മാറ്റി നിർത്തി.
ആചാരങ്ങളുടെ ചങ്ങലകളിടുവിച്ച് ആയുധങ്ങളുടെ പരിശീലകരാക്കിത്തീർത്തു.
പറയൂ കുട്ടികളെ,
നിങ്ങൾ ഓരോരുത്തർക്കും എത്രയെത്ര ദൈവങ്ങളുണ്ട്?"

കുട്ടികൾ ആരും തന്നെ ഒന്നും മിണ്ടിയില്ല.
കാരണം അവരെല്ലാവരും തന്നെ ജാതിയുടേയും മതത്തിൻ്റേയും നിറത്തിൻ്റേയും പേരിൽ പരസ്പരം ഛിന്നഭിന്നമാക്കപ്പെട്ട ജനതയുടെ പ്രതിനിധികളായിരുന്നു.

" ശരിക്കും സ്രഷ്ടാവുണ്ടോ മാഷെ?
ഞങ്ങൾ പഠിക്കുന്നതിലും പരിശീലിക്കുന്നതിലും എന്തെങ്കിലും സത്യമുണ്ടോ?"

ജമീല ചോദിക്കുന്നു!
അവൾക്കതിനുത്തരം സംശയമില്ലാത്ത വിധം അറിയണമായിരുന്നു.

മാഷ് ജമീലയെ നോക്കി.
അലിവോടെ അവളിലെ മനുഷ്യത്വത്തിലേക്കു നോക്കി.

"ഉവ്വ്. "

ജമീലക്ക് വിശ്വാസമാവുന്നില്ല.
അവൾക്കു മുന്നിൽ നിൽക്കുന്ന മാഷ് ഒരുപാട് അറിവുള്ളയാളാണ്.
പരിണാമസിദ്ധാന്തത്തിനപ്പുറത്തുള്ളതൊന്നും മാഷിതു വരെ അവളെ പഠിപ്പിച്ചിട്ടില്ലായിരുന്നു.
ന്യൂക്ലിയർ ഫ്യൂഷനും ബിഗ്ബാഗുമൊക്കെ സൃഷ്ടികൽപ്പനക്കു നിതാന്തമായി അവളെ ഭരിച്ചിരുന്നു.

" സ്രഷ്ടാവ് എപ്പോഴും നമ്മുടെ ആഗ്രഹങ്ങളാണ് .
സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കാത്ത ഒരേയൊരു ഊർജ്ജം നാമായി, നമ്മളിലായി, നമ്മുടെ മോഹങ്ങളെ എല്ലാറ്റിലും ഇഴ ചേർത്തുകൊണ്ട്
എപ്പോഴും, എല്ലായ്പ്പോഴുമായി സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

ആഗ്രഹങ്ങൾ..
അതില്ലായിരുന്നെങ്കിൽ ഒന്നും തന്നെ എവിടെയും സൃഷ്ടിക്കപ്പെടില്ലായിരുന്നു.
ആഗ്രഹങ്ങളില്ലായെങ്കിൽ എല്ലാം നിശ്ചലം!"

മാഷുടെ വാക്കുകൾ ആഗ്രഹങ്ങളുടെ ആകാരം പൂണ്ട് ജമീലക്കുള്ളിൽ സ്രഷ്ടാവിനെ തിരഞ്ഞു.
അവൾ വാസുദേവനെ പാളി നോക്കി.
നിനക്കു കിട്ടേണ്ടത് കിട്ടിയില്ലെ എന്ന അർത്ഥത്തിൽ അവൻ ചിരിക്കുകയാണ്.

അവൾ സ്വയം മണ്ണായിക്കുഴഞ്ഞു.
ആഗ്രഹങ്ങൾ അവനിലേക്ക് ചേർത്ത്
സ്രഷ്ടാവിനെ തിരഞ്ഞു പോകാനിച്ഛിച്ചു.
കുലവും ജാതിയുമൊന്നും അവൾക്കു മുന്നിൽ തൽക്ഷണം ഇല്ലാതായി..

അവൾ മാഷു പറയുന്ന കണക്കിൽ വിശ്വസിക്കാൻ ശ്രമിച്ചു.
ആഗ്രഹങ്ങൾ ഇല്ലാത്തിടത്ത് സൃഷ്ടിയില്ല.
സ്രഷ്ടാവുമില്ല..
സുഖ ദു:ഖ കാരണങ്ങളായ ശരീരങ്ങളില്ല.
ആഗ്രഹങ്ങൾ തന്നെ എല്ലാ ദു:ഖങ്ങൾക്കും ഹേതു .
സൃഷ്ടി കാരണങ്ങളെ നിരാസം ചെയ്ത് പ്രധാനം സ്വയം അചേതനമായി ബോധി വൃക്ഷച്ചുവട്ടിൽ ബൗദ്ധാകാരം പൂണ്ടിരിപ്പാണല്ലൊ.

എങ്കിലും ഉത്തരങ്ങളിൽ മന മുറയ്ക്കാതെ സ്രഷ്ടാവ് പിന്നെയും ബൗദ്ധാകാരത്തെ മറികടന്നു വരുന്നു .
തന്നിലുള്ളിലിരുന്ന് മോഹങ്ങൾ തന്ന് മനസ്സിനെ മഥിക്കുന്നു.
ബോധി വൃക്ഷച്ചുവട്ടിലിരുന്നിട്ടും പിന്നെയും മഥിക്കുന്നു!

അവളുടെ സംശയങ്ങൾ മാഷിൽ ഒതുങ്ങിത്തീർന്നിട്ടില്ലായിരുന്നു.
അവൾ പിന്നെയും പ്രാർത്ഥിക്കുകയാണ്.

ആകാശഭൂമികളുടേതായ സ്രഷ്ടാവേ,
നാഥൻ എവിടെയിരുന്നാണ് സൃഷ്ടിക്കു നിദാനമായ ഈ ആഗ്രഹങ്ങളെ ജനിപ്പിക്കുന്നത്?
ലിംഗവും യോനിയും ഉൾച്ചേർന്ന ദൈവ പ്രതിഷ്ഠക്കു മുൻപിൽ സൃഷ്ടിയുടെ പിതൃത്വം ആരോപിക്കുന്നത്?

അവൾക്കറിയണമായിരുന്നു നൂറും നൂറായിരവുമായി മനുഷ്യനെ പിരിച്ച,
ഉള്ളതും ഇല്ലാത്തതുമായ ദൈവമെന്ന സങ്കൽപ്പത്തിൻ്റെ അസ്ഥിത്വത്തെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .