2023, ഏപ്രിൽ 29, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ. 4

അദ്ധ്യായം നാല്.

ഋതുഭേദം.
അതു എല്ലായിടത്തും എന്ന പോലെ കുന്നിൻചരിവിനേയും നനയിച്ചു.
ആർദ്രമാക്കപ്പെട്ട ഭൂമി പുല്ലിനേയും പൂക്കളേയുമൊക്കെ വീണ്ടും വിരിയിച്ചു നിർത്തി.
എന്നിട്ടും മതിവരാതെ ഭൂമി പിന്നെയും ഒരാണ്ടുകൂടി സൂര്യനു നേർക്കുനേർ  കറങ്ങിത്തിരിഞ്ഞു.

വേനല്‍ കുന്നുകയറിവരുന്നു.
പുൽനാമ്പുകളെ മുരടിപ്പിച്ചു മഞ്ഞളിപ്പിച്ച് വീണ്ടും വാര്‍ദ്ധക്യത്തിന്റെ ജ്വരം പുരട്ടിക്കൊണ്ട് ...

ഭ്രാന്തൻ കുന്നിൻ്റെ നിറുകയിലേക്ക് കഥ പോകുകയാണ്.,
കയറുംതോറും പേടിപ്പിക്കുന്ന താഴ്ചയുടെ നിശബ്ദതയേയും കൂടെ പടിയേറ്റിക്കൊണ്ട് ...

വളഞ്ഞുപുളഞ്ഞ് ഒരു പാമ്പിനെ പോലെ വട്ടംചുറ്റി വീശുന്ന നടപ്പാതയേറി ഭ്രാന്തൻ കുന്നിലേക്ക്  കയറിക്കയറിപ്പോകുന്നയാൾ..
വാസുദേവൻ!

ചന്ദ്രൻ അസ്തമിച്ചിരിക്കുന്നു.
കൂടെ എണ്ണിത്തീരാത്തത്രയും നക്ഷത്രങ്ങളും.
ഒടുവിൽ നരച്ച രാത്രിയുടെ പകലിറക്കത്തിലേക്കുള്ള ഒരു കൂപ്പുകുത്തി വീഴ്ച പോലെ വെളുപ്പാൻ കാലം അയാളെ വാരിയെടുത്തു കുന്നിൻ പുറത്തേക്കിട്ടു.

ഉയർന്നു നിൽക്കുന്ന കരിമ്പാറക്കെട്ടിലേക്ക് ഓരോ ചുവടും തൻ്റെ കാലനക്കമാക്കുമ്പോഴൊക്കെ അയാൾ സ്വയം പിറുപിറുത്തുകൊണ്ടിരുന്നു.. 
തൻ്റെ മരണത്തെ പ്രവചിച്ചു കൊണ്ടുമിരുന്നു..

താൻ ശരിക്കും മരിക്കുമെന്നുള്ള മരണ മൊഴികൾക്കൊപ്പമെന്ന വണ്ണം, 
കുന്നിൻ മുകളിലെ പാലമരത്തിൽ കൂടുകെട്ടി രാപാർത്തിരുന്ന ഭ്രാന്തൻ്റെ കൂമൻ കൂടെക്കൂടെ അയാൾക്കൊപ്പം  കുറുകിക്കൊണ്ടിരുന്നു .

ഞാനെന്ന ഉന്മാദി ഇതാ ഇവിടെ നിന്നും താഴേക്കു വീണു മരിക്കുകയാണ്.
താഴെ കുന്നു തുരന്നുണ്ടായ വലിയ കരിങ്കൽ ക്വാറിക്കു മീതെ,
അവിടവിടെ എഴുന്നും നികന്നും മൂർച്ചപ്പെട്ടും ഇടപ്പെട്ടു നിൽക്കുന്ന പാറക്കല്ലുകളിൽ തട്ടി തട്ടി തലയോട്ടിയറ്റു ഇനിയൊരു ചിന്താശേഷിപ്പും ഇനിയൊരു പക പോക്കലും അവശേഷിപ്പിക്കാതെ ഞാൻ എൻ്റെ മരണത്തിലേക്കു പോകുന്നു..
മരണത്തിൻ്റെ അസ്ഥി നുറുക്കുന്ന വലിയ ആശ്ലേഷത്തെ പുലർക്കാലത്തിനു മുമ്പേ ഞാൻ വലവീശിയെടുക്കുന്നു!

വാസുദേവൻ ഭ്രാന്തൻകനവു കെട്ടിക്കെട്ടിക്കൊണ്ട് കുന്നുകയറി വലിയ പാറക്കെട്ടിലിരുന്നു.
അപ്പോഴും അയാൾ ചിന്തകളിലല്ലാതെ മരിക്കാൻ ശ്രമിച്ചിട്ടില്ലായിരുന്നു!

സൂര്യൻ്റെ വരവ് കിഴക്കു വെള്ള കീറി. 
അത് ഇരുട്ടിൻ്റെ മരണം മാത്രം ഉറപ്പിച്ചു.
പിന്നെ ബാക്കിയാക്കിയത്,
ഈ സമയമത്രയും താഴെ കുന്നിൻചരിവിലേക്ക് ആശങ്കകളാൽ ഗതി നയിച്ചു വിട്ടിരുന്ന അവളുടെ ആഗമനത്തെയായിരുന്നു!

"വാസുദേവാ ..."
കുന്നിൻ മുകളിലെ നിഴൽ വെട്ടം മാത്രം മതിയാക്കി അവളുതിർത്ത ശബ്ദം, മുകളിലേക്ക് ഒരു മാത്ര മാത്രമെടുത്ത് അവനിലെത്തി.
ശരിക്കും അരുതെയെന്നു ധ്വനിക്കുന്നു അതയാൾക്ക് !

മരണത്തിൽ നിന്നും തിരികെ വിളിച്ച തൻ്റെ ജമീലയെ വാസുദേവനെന്ന അയാൾ താഴേക്ക് തിരഞ്ഞു നോക്കി.

അതിവേഗം കുന്നുകയറി വരുന്നയവൾക്കു പിറകിലേക്കൂർന്ന് ഭ്രാന്തൻ കുന്നിൻ്റെ വളവു പടവുകളിലേറെയും മറിഞ്ഞു പോയ ശേഷം വാസുദേവന് അവളെ പിന്നെയും നേർക്കുനേർ കിട്ടി.

അതിൻ്റെ കൂടെ ത്തന്നെ ധൃതിയിൽ കുന്നുകയറിയെത്തിയ പാടെ ജമീലയിൽ നിന്ന് കരണം പുകയുന്ന ഒരടി കൂടി വാസുദേവനു കിട്ടി. 

വാസുദേവന് പിന്നെയും താഴെ ചാടി മരിക്കണമെന്നു തോന്നി.

"ജമീല.. എനിക്കു സഹിക്കാൻ പറ്റുന്നില്ല.
ഞാൻ ശരിക്കും താഴേക്കു ചാടും.
ചാവും."

ജമീലക്ക് പിന്നെ അയാളോട് ഈർഷ്യയുണ്ടായില്ല. 
സഹതാപം കനത്തു.

"നിങ്ങൾക്കിത് എന്തിൻ്റെ ഭ്രാന്താണ്? ഒരു ചങ്ങലക്കിട്ട് ഈ ഭ്രാന്തൻ കുന്നിലെ പാലമരത്തിൽ തളച്ചിടേണ്ടതാണ് നിങ്ങളെ .."

കുനിഞ്ഞിരിക്കുകയായിരുന്ന വാസുദേവൻ ചാടിയെണീറ്റു.
അയാൾ പിന്നെ മുരളുകയാണുണ്ടായത്.

"ജമീലാ, നീയെന്നെ ബീഫുതീറ്റിച്ചു. 
ഒരിക്കലും ചെയ്യാൻ പാടില്ലാത്തതു നീ ചെയ്യിച്ചു"
വലിയ ഒരപരാധിയോടെന്നവണ്ണം അയാൾ ഒച്ചയുയർത്തി പറഞ്ഞു.

"അതെ. നിങ്ങളുടെ പൂണൂലു പൊട്ടിച്ചു കളയുകയും ചെയ്തു. നീ ഇപ്പോഴും ഒരാണായിട്ടില്ല ഇനിയും..
നിൻ്റെ മനസ്സിപ്പോഴും പ്രാകൃതമായിത്തന്നെയിരിക്കുന്നു!
നിന്നെ സ്നേഹിച്ച് നിന്നോടു കൂടിയ നാൾ മുതൽ എന്നെ നീ തട്ടമില്ലാതെ കണ്ടതല്ലെ..?
മതത്തിൻ്റെയും ജാതിയുടേയുമൊക്കെ കോപ്രായങ്ങൾ കളഞ്ഞ് ഒരു മനുഷ്യ സ്ത്രീ മാത്രമായി കണ്ടതല്ലേ?
എന്നിട്ടും വകതിരിവുവന്നിട്ടില്ലാത്ത നീയിപ്പോൾ ആരുടെ കൂടെയാണ്?  എന്നെയും നിന്നെയും ഭ്രഷ്ടു കൽപ്പിച്ചവരുടെ പിറകെയോ?"

ജമീല തൻ്റെ കൂട്ടുജീവിതത്തിൽ ഇടറിപ്പോകുന്ന അയാളുടെ ആണത്തത്തിനു നേരെ നിന്നു ജ്വലിച്ചു.
എന്നിട്ടും വാസുദേവൻ ജമീലയുടെ കണ്ണുകൾക്കു നേരെ രൂക്ഷമായി മുഖമുയർത്തി.

" ആരൊക്കെ വേണമെങ്കിലും എനിക്കു ഭ്രഷ്ടു കൽപ്പിച്ചോട്ടെ. കുഴപ്പമില്ല.
പക്ഷെ നീ...
എൻ്റെ പൂണുനൂൽ പൊട്ടിച്ചിട്ട്, ബീഫ് കഴിപ്പിച്ചിട്ട് നീയെന്നെ അവരെപ്പോലെത്തന്നെ ചതിക്കുകയായിരുന്നു.." 

വാസുദേവൻ പുലഭ്യം പോലെ പലതും പറഞ്ഞു തുടങ്ങി. 
തനിക്ക് ഇരിക്ക പിണ്ഡം വെച്ച വീട്ടുകാർക്കു പുറകെ,
ഇപ്പോൾ വീട്ടുകാരിയായി തനിക്കു കൂടെവന്നവളും ധാർഷ്ട്യത്തിൻ്റെതായ പുതിയ പുലയാചരിച്ചു തുടങ്ങിയതായി അയാൾക്കു തോന്നി. 
തനിക്കൊരു പിൻമടക്കമില്ലാത്ത വിധം തൻ്റെ ജീവിതം നശിപ്പിക്കപ്പെട്ടെന്നോർത്ത് അയാൾ ഹതാശനായി.

ജമീല അയാളുടെ ദയനീയതയിലേക്ക് പുച്ഛഭാവത്തോടെ നോക്കി. 
എന്നാലും അമർഷത്തിൻ്റേതായ ഒരു കണിക ഇനിയും അവളുടെ കണ്ണുകളിൽ മുളച്ചിട്ടില്ലായിരുന്നു.
അവൾ സ്വാന്തനിപ്പിക്കാനെന്നവണ്ണം അയാളോടു ചേർന്നിരുന്നു.

" ഒടുക്കം നമ്മളും പരസ്പരം ഭ്രഷ്ടു കൽപ്പിച്ചല്ലേ? നിങ്ങൾക്കറിയാമോ, എൻ്റെ ഉമ്മ നാഗ വംശി ക്ഷത്രിയരിൽ പെട്ട കിരിയത്ത് നായർ തറവാട്ടിലെ ഒരു നായർ സ്ത്രീയാണ്. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന കാലത്ത് നിങ്ങളേക്കാളും കൂടുതൽ അയിത്തമാചരിച്ചിട്ടുണ്ട് അമ്മത്തറവാട്ടുകാർ.
അവർ, അവരുടെ നടവഴിയിൽ നേർക്കുനേരെ വന്നു പെട്ടിട്ടുള്ള താഴ്ന്ന ജാതിക്കാരുടെ തല ഉടവാളാൽ വെട്ടിയരിഞ്ഞിട്ടുള്ള പഴയ ചരിത്രങ്ങളുണ്ട്. അത്രയും ജാത്യാഭിമാനത്തോടെയുള്ള
അവരുടെ പഴയ കാല കഥകൾ നിങ്ങൾ വായിച്ചറിയണം. 
അതൊന്നും വകവെക്കാതെ,
ആ കുലാഭിജാത്യം ഒന്നുപോലും വകവെക്കാതെ, തന്നെ സ്നേഹിച്ചവനോടൊപ്പം ,എൻ്റെ ഉപ്പയോടൊപ്പം സ്നേഹത്തിൻ്റെ പേരിൽ തന്നെ സ്വന്തംവീട്ടുവിട്ടിറങ്ങി പോരാൻ തൻ്റേടം കാണിച്ചവളാണ് എൻ്റെ ഉമ്മ! "

ജമീല തൻ്റെ ഉമ്മയെ ഓർമ്മിച്ചു.
ഉപ്പയോടുള്ള അവരുടെ സ്നേഹത്തെയോർമ്മിച്ചു.

"എല്ലാം ഒന്നാണു പോലും!
തത്ത്വമസി !
അതും പറച്ചിലിൽ മാത്രം.
പണ്ട് ഭ്രാന്തൻ്റെ പ്രതിഷ്ഠയുണ്ടായിരുന്ന
ഈ ഭ്രാന്തൻ കുന്നിൽ ഞാൻ കയറിയിറങ്ങുന്ന പോലെ നിങ്ങളുടെ തത്ത്വമസി പെണ്ണുങ്ങൾക്ക്  ആ ശബരിമലയിലൊന്നു കയറിക്കാണിക്കാമോ?
ദൈവം അവരിൽ തന്നെയുണ്ടെന്നു പറഞ്ഞു വീമ്പു കാണിക്കാമോ?
 എന്നെ സ്നേഹിച്ചതിൻ്റെ പേരിൽ നിങ്ങൾ ഇവിടെ നിന്നു ചാടി ചാവും അല്ലെ?
എന്നിട്ട് നിങ്ങളുടെ വിശ്വാസ പ്രകാരം നിങ്ങൾ ഒരു ബ്രഹ്മരക്ഷസ്സായി ത്തീരുമായിരിക്കും.
അതിനു വേണ്ടിയാണല്ലൊ നിങ്ങൾ ഇപ്പോൾ കോഴി കൂവുന്നതിനു പോലും മുന്നെ ഇവിടേക്ക് വന്നത്?
ഇതാണോ നിങ്ങൾ ഇത്രയും കാലം പഠിച്ചു വെച്ചത് ?
സ്രഷ്ടാവ് എനിക്കും നിങ്ങൾക്കും വേറെ വേറെയില്ല.
ദൈവം എൻ്റെതാണ്, നിൻ്റേതാണ് എന്നൊക്കെ തീരുമാനിക്കാൻ നമ്മൾ ആരാണ്?
ദൈവം ഇല്ലെങ്കിൽ അങ്ങനെ..
ഉണ്ടെങ്കിൽ അങ്ങിനെ.
എങ്ങിനെ ആയാലും എനിക്കും നിങ്ങൾക്കും രണ്ടും ഒരുപോലെ തന്നെയാണ്."

പറഞ്ഞു കഴിഞ്ഞ് ജമീല വാസുദേവൻ്റെ മുഖഭാവം കുറച്ചു നേരം സൂക്ഷിച്ചിരുന്നു.
പിന്നെയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
അപ്പോഴും  അയാൾ ഒന്നും മിണ്ടിയില്ല. 

"നിങ്ങൾ ഇപ്പോഴും ഏതോ ഒരു പ്രാകൃതയുഗത്തിലാണ്. 
ഞങ്ങൾ വിശ്വസിക്കുന്നതു പോലെ പരിണാമസിദ്ധാന്തമൊക്കെ മറന്ന് കളിമണ്ണുരുട്ടി സൃഷ്ടിപ്പു നടത്തുന്ന ആ വെളിച്ചമിനിയുമെത്തിയിട്ടില്ലാത്ത പഴയ ശിലായുഗത്തിൽ!
അവിടെ നിന്നും ഇറങ്ങി വരാതെ നമുക്കൊരുമിച്ചു ഇനിയും ഒന്നിച്ചു ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. നമ്മൾ പരസ്പരം സ്നേഹിച്ചത് എന്തിനായിരുന്നു? എന്നും മനുഷ്യനെ വേർതിരിച്ചു നിർത്താൻ മാത്രം ശ്രമിച്ചു പോരുന്ന മതങ്ങൾക്കു വേണ്ടി പോരിട്ടു പിരിയാനോ?!
ജീവിച്ചിരിക്കുന്ന കാലം പരസ്പരം ദ്രോഹിച്ചിട്ട്, മരിച്ചതിനു ശേഷം ഇല്ലാത്ത സ്വർഗ്ഗം വാങ്ങിത്തരാമെന്നു പറഞ്ഞു ആളെ കൂട്ടുന്ന നമ്മുടെ പറ്റിക്കൽ  മതങ്ങളെ വിട്ട് നിങ്ങൾക്കിനിയെങ്കിലും ഒരു മനുഷ്യനായി മാറിക്കൂടെ ?"

ജമീലയുടെ ചൂണ്ടുവിരൽ കൂടി അന്നേരം അയാൾക്കു നേരെയുയർന്നു നിന്നു.
കുറച്ചു നേരം അവരങ്ങിനെ നിശബ്ദരായിത്തന്നെ നിന്നു.

ക്ഷോഭത്തിൻ്റെ ശ്വാസഗതികൾ ശമിപ്പിക്കാനെന്നോണം കുറച്ചു കുഞ്ഞൻ കാറ്റുകൾ ജമീലയുടെ മുടിയിഴകളിൽ തട്ടിക്കളിക്കുന്നതു കണ്ടു. 
ശാന്തത സ്നേഹത്തിനു വഴിമാറവെ അവൾ അവനെ നോക്കി നുണക്കുഴികൾ കാട്ടിച്ചിരിച്ചു.

അവനവളോട് സ്നേഹമുണ്ടായിരുന്നു.
അതും വളരെയധികമുണ്ടായിരുന്നു. അവനറിയാതെ അതവൻ്റെ കണ്ണിൽ ചെറുതായി നനവു നിറയ്ക്കേ പെട്ടെന്നവളവൻ്റെ കൈയ്ക്കു പിടിച്ചു.
മഞ്ഞുരുകുന്നതു പോലെ അവളുടെ ഹൃദയം അവനിലേക്ക് വീണ്ടും ആർദ്രമായി ഉരുകിയൊലിക്കാൻ തുടങ്ങി.

"നമുക്ക് വേഗം പോകാം"
അവൻ അവളുടെ വാക്കുകളെ ശരിവെച്ചു.

"വാ വേഗം കുന്നിറങ്ങാം " അവൾ തിടുക്കം കൂട്ടി.

എത്ര യാതനകൾക്കിടയിലും മനുഷ്യൻ പ്രത്യാശയോടെ പിന്നെയും ജീവിക്കാൻ യത്നിക്കുകയാണെന്ന് ഭ്രാന്തൻ കുന്നിനറിയാമായിരുന്നോ!
കടം വാങ്ങിയും ചെറു സമ്പാദ്യങ്ങൾ  കൂട്ടി വെച്ചും ഓരോരുത്തരും ജീവിതം കരുപ്പിടിപ്പിക്കാൻ രാപകൽ അലഞ്ഞു കാണാറുണ്ട്.
അതിൻ്റെ സൂചനയെന്നോണം അപ്പോൾ നാലുപാടു നിന്നും ആട്ടിൻപറ്റങ്ങൾ കുന്നുകയറി വരാൻ തുടങ്ങി.

പശുക്കൾ പല നിറത്തിലുള്ളത് ഒപ്പം കുന്നുകയറി വന്നിട്ടുണ്ട്.
ഇതിനകം  ഒരു സംസ്കാരത്തിൻ്റെ ജീവൽ സ്ത്രോതസ്സു തന്നെ ആയിത്തീർന്നിരുന്ന പശുക്കൾ പച്ചപുല്ലുകൾ കാർന്നുതിന്നവെ ,സുഭിഷ്ടമായി മൂത്രവും ചാണകവും തന്നെ സംരക്ഷിക്കുന്ന പ്രകൃതിയിലേക്കു തന്നെ വളമായി കരുതൽ നൽകുന്നതും കാണാമായിരുന്നു.

ഇന്ന്  ആട്ടിൻപറ്റങ്ങളില്ലാതെയാണ് സെയ്തലവി കുന്നുകയറി വരുന്നത്!
ശോഷിച്ച ശരീരം വല്ലാതെ കിതപ്പിച്ച് തട്ടിയും തടഞ്ഞുമുള്ള ആ കുന്നുകയറ്റം ശരിക്കും ഒരു ഹൃദയമുലക്കുന്ന കാഴ്ചയാകുന്നുണ്ട്.

സെയ്തലവിക്ക് മകളോട് സ്നേഹവും വാൽസല്യവുമുണ്ട് .
അതിൽ കൂടുതലായി ഏതൊരു വാപ്പയും നൽകുന്ന സംരക്ഷണത്തിൻ്റെ കരുതലുമുണ്ട്.
കുന്നിറങ്ങി വരുന്ന അരുമ മകളേയും പുതിയാപ്ലയേയും കണ്ട് വല്ലാതെ ആശ്വസിച്ച് നെടുവീർപ്പിടുന്ന അയാളിൽ അതെല്ലാം അലകളിട്ടു തന്നെ കാണാറായി.

കുന്നിനടിവാരത്ത് കരിങ്കൽ പൊട്ടിക്കാറുണ്ട്. ടിപ്പർ ലോറികളിൽ കയറ്റി വ്യാപാരം നടത്താറുണ്ട്. 
കുന്നിന് പേടിയാണ് കരിങ്കൽ ക്വാറിയെ!
കനത്ത ചൂടിൻ്റെ വെയിൽ ചാട്ടകളേറ്റ് കന്മദത്തിണർപ്പു പുളഞ്ഞുകിടക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് കുന്നിൽ മുകളിൽ നിന്നും ആരു ചാടിയാലും തൽക്ഷണം ചിതറിപ്പോകും! 

പാറ തകർക്കുമ്പോൾ കൽമഴ പെയ്ത് നനഞ്ഞു ചോരാറുള്ള കുറെ കൊച്ചു വീടുകൾ ചുറ്റിലും കാണാനാകും. 
കനത്ത മഴയത്ത് പൊട്ടിയൊലിക്കാൻ പാകത്തിൽ കുന്നിടിച്ച് മണ്ണുമാന്തിക്കൊണ്ടു പോകാറുണ്ട് യന്ത്രവൽകൃത ലോകം ഇവിടെ!
നാളെ ഉരുൾപൊട്ടിയൊലിക്കാനുള്ളത് ഈ കുഞ്ഞു വീടുകൾക്കു മേലെയാണ്. അതിലൊന്നാകാം സെയ്തലവിയുടെ വീടും. കുരുമുളകും അടയ്ക്കയും വാങ്ങി വിറ്റാണ് സെയ്തലവി തൻ്റെ കച്ചവട ജീവിതം തുടങ്ങിയത്.
ഈ കച്ചവടത്തിരക്കിനിടയിലാണ് ജമീലയുടെ ഉമ്മ സെയ്തലവിയുടെ ജീവിതത്തിനിടയിലേക്കു വരുന്നതും ഒരു മകളെ സമ്മാനിച്ച് രോഗാതുരയായി മരിക്കുന്നതും. 
അയാൾ വല്ലാതെ തകർന്നതും കച്ചവടം ക്ഷയിച്ചതും തുടർന്നാണ്. 
നല്ല നിലയിലുണ്ടായിരുന്ന വീട് വിറ്റു കടബാദ്ധ്യതകൾ വീട്ടി അരുമയായ മകളെയും കൊണ്ട് ഇവിടേക്ക് മാറിത്താമസിച്ചു. 
കുറച്ചാടിൻകുട്ടികളെ വളർത്തി വിൽക്കുന്നു. വരുമാനമുള്ള തൊഴിലാണ്. 
പക്ഷെ അകാലത്തിൽ ആരോഗ്യം ക്ഷയിച്ചു പോയ അയാൾക്കു താങ്ങാവുന്ന തൊഴിലല്ലായിരുന്നെങ്കിലും തൽക്കാലം മകളുടെ കൂട്ടുള്ളതുകൊണ്ട് കാര്യങ്ങൾ നടന്നു പോകുന്നെന്ന് പറയാം.

എന്നാൽ ഇന്നയാൾ ആകുലതയോടെ സ്വന്തം മകളെയും,
മകൾ തിരഞ്ഞെടുത്ത മരുമകനേയും നോക്കാൻ തുടങ്ങുന്നു.
അവരുടെ ശാഠ്യങ്ങളേയും പിണക്കങ്ങളേയും പരിചയപ്പെടാൻ വല്ലാതെ ക്ലേശിക്കുന്നു!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .