2023, ഏപ്രിൽ 16, ഞായറാഴ്‌ച

മരം വെട്ടുന്നവൾ . നോവൽ .അദ്ധ്യായം 1


മരം തിന്നു തീർത്ത ചിതലുകളാണേറെയും .

പുറ്റുകളിലിന്നേരവും നിലാവുവീഴ്ത്തി ചിതൽക്കൂട്ടങ്ങളെ  കാത്തുപോന്ന പിതാമഹനിന്നു വീണുപോയിരിക്കുന്നു !

പകലിറക്കത്തിനിയും രാവോളം നീളമുണ്ട്‌ .രാവിനും അങ്ങിനെത്തന്നെ .

എന്നിട്ടും ദിനരാത്രങ്ങളുടെ ദൈർഘ്യമളവുള്ള ആ കാലഘടികാരമിപ്പോഴും രാവിലെയും പകലിനെയും മാറിമാറി തുലാസിട്ടു തൂക്കിനോക്കിത്തന്നെയിരിക്കുന്നു !

ആർത്തിപൂണ്ട മനുഷ്യത്വര പോലെയാണത് !

മതിവരാതെ പിന്നെയും പിന്നെയുമങ്ങിനെ ...

വെട്ടിത്തീർന്ന കുഴികളിലേക്ക് വാഴക്കന്നുകളിൽ വെണ്ണീർ പുരട്ടിയെടുത്ത് ഇറക്കിവെക്കുമ്പോഴേക്കും വെയിൽ രൗദ്രഭാവം പൂണ്ടിരുന്നു .

മേനിയിൽ വിയർപ്പാടായി കണങ്കാലിറങ്ങി വരുന്ന ആ രൗദ്രചൂടിനെ ഇനിയും ഗൗനിക്കാതിരിക്കാനായില്ല സെയ്തലവിക്ക് .

തൻ്റെ പ്രായത്തെ അന്പത്തിയഞ്ചിനോടടുപ്പിച്ച അഞ്ചു നാളുകളെ ഇതിനോടകം കഴിഞ്ഞുപോയിട്ടുണ്ടായിരുന്നുള്ളൂ .

പതിവുപോലെ പള്ളിയിൽ പോയി ളുഹാ നിസ്കരിച്ചതൊഴിച്ചാൽ അന്ന് പിറന്നാൾ  ആഘോഷത്തിൽ പെടുത്താവുന്നത് വേറെ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല .

തന്നോടൊപ്പം പിറന്നാൾ ആഘോഷിക്കേണ്ടവൾ ഉമ്മുകുൽസുവായിരുന്നു .

തൻ്റെ പിറന്നാളുകളെ അവളെന്നേ കൊണ്ടുപോയിക്കഴിഞ്ഞിരിക്കുന്നു .

ആ പോട്ടെ ,എല്ലാം പോട്ടെ ..

പിരട്ടി വെച്ച വാഴക്കന്നുകളിലേക്കിനി വെള്ളം പകർത്തിക്കൊടുക്കണം. ഇളം പച്ചപ്പുകളെ  പശിമയാക്കി  വെട്ടിയിട്ടു തടം മൂടണം .

പിന്നെയും മിച്ചം വരുന്ന സമയങ്ങളുണ്ട് , അതിനി ചിതൽ വെട്ടിവീഴ്ത്തിയ പാഴ്‌മരത്തെ വിറകാക്കി കൈമഴുകൊണ്ടു കോതിയെടുക്കാനുള്ളതാണ് .

ഉമ്മുവിൻ്റെ കൂട്ടില്ലാത്ത കിനാവുകളിലേക്ക് പുതിയതായി ചേർത്തിട്ടുണ്ട് താനിതും !

വാക്കുകളിലും പ്രവൃത്തികളിലും ഒരു കൈസഹായമില്ലാതെ വരുന്ന വേളകളിലൊക്കെ ഉമ്മു തൻ്റെ നഷ്ടപ്രഭാവമുണർത്തിക്കൊണ്ടു പതിവായി കടന്നുവരുന്നുണ്ടിപ്പോൾ ...

പ്രായമിപ്പോൾ അൻപത്തഞ്ചടുത്തുവെന്നു പറഞ്ഞാലത് വൻപ്രായമായിട്ടില്ല തന്നെ .

കാരണം അത് മാത്രമല്ല  !

അരുതെന്ന്‌വിലക്കി തടയിട്ടു നിർത്തി നിന്ന ആരോഗ്യത്തെ പ്രായമാണ് വീഴ്ത്തിയിട്ടതെന്നു പറയാനായിട്ടില്ലയിനിയും .

ജീവിത പ്രാരാബ്ധങ്ങൾ , കടങ്ങൾ വീട്ടാനേറേയെടുത്ത സമയങ്ങൾ ,പ്രിയപ്പെട്ടവൾ നഷ്ടമായത്  അങ്ങിനെ കൂട്ട് നിർത്തി പറയാൻ ഒട്ടേറെയുണ്ട് കാരണങ്ങളായി .

നാളെ ഖബറിലേക്ക് മണ്ണായി തന്നെയും ചേർക്കുമ്പോൾ അരുമ മകൾക്കു വിലപിക്കാൻ ഉപ്പയുടെ ഓർമ്മകൾ മാത്രമല്ലാതെ കടമെന്ന രണ്ടക്ഷരം കൂടി  കൂട്ടുപോകരുതെന്ന ഒരു പ്രാർത്ഥന പടച്ചോനോട് ബാക്കിയാക്കി നിൽക്കുകയാണിപ്പോഴും .

മണ്ണു വെട്ടിനിരത്തിയ വാഴത്തടത്തിൽ നനവുവരുന്നു !

വെള്ളിച്ചില്ലു കണക്കെയുള്ള തണുത്ത വെള്ളം ധാരയായി വന്നു വീഴുന്നു !

സെയ്തലവി മുഖമുയർത്തി ജമീലയുടെ ചിരിക്കുന്ന കണ്ണുകളിലേക്കു നോക്കി.

"നീയെപ്പോ വന്നു ?"

"ഇന്ന് ക്ലാസുണ്ടായില്ല ഉപ്പാ .

ശേഖരൻ മാഷ്ക്ക് സുഖമില്ല ."

 "എന്തു പറ്റി നിൻ്റെ മാഷ്ക്ക്?"

"അറിയില്ല ഉപ്പാ. വല്ലാതെ വിയർത്തു. പിന്നെ തളർന്നു കസേരയിലിരുന്നു. ഉടനെ എല്ലാവരും ചേർന്ന് അമലയിലേക്ക് കൊണ്ടുപോയി "

പ്രായാധിക്യം മാഷെ തളർത്തിയതാണോ? കണക്കു പുസ്തകത്തിനു സ്വന്തമായ ഗണിതചിഹ്നങ്ങളിട്ട് ആയുസ്സിനെ അളന്നുണ്ടാക്കുന്ന വിദ്യയുടെ പേരാണ് എപ്പോഴും പ്രായം എന്നത്. 

രോഗാരിഷ്ടതകൾ മറ പൊക്കി പുറത്തു വരുമ്പോഴൊക്കെ അറിയാതെ ആ കാലഗണനപ്പട്ടികയെടുത്ത് ഇനം തിരിച്ച് നല്ല കാലം തിരിച്ചെടുക്കാൻ കൊതിച്ചു നോക്കാറുണ്ട്. 

ഇല്ല. 

നരച്ചു കീറിപ്പോയ വള്ളി നിക്കറുകൾ, ചില്ലുടഞ്ഞുണ്ടായ വളപ്പൊട്ടുകൾ എല്ലാം എല്ലാം ബാല്യക്കണക്കിൽ കാലം തിരിച്ചെടുത്തതാണ്. 

അതും പോകട്ടെ...

നട്ടു തീർത്ത വാഴക്കന്നുകളെ ഇനി മകൾ പരിപാലിക്കട്ടെ.

മരം തിന്ന ചിതലുകളെ നിലാവുകൾ പരിപാലിക്കുന്നതു പോലെ ഇനി ഞാൻ മഴു പാലകനാകട്ടെ..

തീയായും പുകയായും സ്വയം എരിഞ്ഞു തീർന്ന് ചാരമാകാൻ കാത്തു നിൽപ്പുണ്ടല്ലോ സ്വയം അറുതിയായി നുറുങ്ങി വീണുപോയ പത്താണ്ടിൻ പ്രായമുള്ള മുറ്റത്തെ പാഴ്മരം!

സെയ്തലവി ഇറയത്തു തൂങ്ങി വിശ്രമത്തിലമർന്നിരുന്ന മഴുവെ കൈ വെച്ചുണർത്തി.

അതാകട്ടെ സെയ്തലവിയുടെ കൈത്താളത്തിൽ ആടിയാടി തുണ്ടു തുണ്ടായിത്തീരാൻ വിധിക്കപ്പെട്ട പാഴ്മരത്തെ ലക്ഷ്യം വെച്ചു കുതിച്ചു.

ആദ്യത്തെ ഒരു വെട്ട്.

രണ്ടാമതും ഓങ്ങി വെട്ടാൻ മഴു ഉയർന്നു കയറുമ്പോൾ മകളുണ്ട് വന്നു തടയുന്നു!

" ഉപ്പാ, എന്താണീ കാട്ടണെ?! വയ്യാത്ത ആളാണെന്ന് ഓർമ്മയില്ലാഞ്ഞിട്ടാണോ?"

അവൾ ബലമായി മഴു വന്നു വാങ്ങിക്കൊണ്ടുപോയപ്പോൾ അയാൾ നിർന്നിമേഷനും ഒരു പാഴ്മരവുമായി സ്വയം ഒരു വെട്ടിക്കീറൽ ആരംഭിച്ചു .

"ജമീലാ, ഞാനിങ്ങനെ വീട്ടിൽ വെറുതെ കുത്തിയിരിക്കണന്നാണോ നീ പറയണത് ?"

"വേണ്ടാ. നമുക്ക് പഞ്ചായത്തീന്ന് ആടിനെ പാസ്സായിട്ടുണ്ട് ഉപ്പാ. ഒരു കൂടുണ്ടാക്കണം. ഉപ്പ അതിനെ പറ്റി ആലോചിക്ക് "

സെയ്തലവിയുടെ മുഖത്ത് തെളിച്ചമുണ്ടായി. ആ തെളിച്ചത്തിനു പിറകെ നിന്ന് അവിടവിടെയായി ആടുകൾ ചിണുങ്ങിയും വാൽ പിടപ്പിച്ചും ചെവിയിട്ടാട്ടിയും പതിയാരം പറഞ്ഞു!

" മെമ്പറു പറഞ്ഞോ ജമീലാ?"

"ആ ,പറഞ്ഞ്.മെമ്പറ് ഷാജിക്കാ പറഞ്ഞ് രണ്ടാടിനെ പാസായിക്കണേന്ന് "

" അള്ളാ.. "

തൽക്കാലത്തേക്ക് വീട്ടിലെ ദാരിദ്യം ഹനിക്കാൻ രണ്ടാടുകൾ വരുന്നു!

ഇനി ആശാരീനെ വിളിക്കണം. നല്ല ചിതലുപറ്റാത്ത പട്ടികകൾ കോൽക്കണക്കുനോക്കി വാങ്ങിപ്പിക്കണം.


" ജമീലാ, വലിയ കൂടുവേണം പണിയിക്കാൻ. ഒരു പത്തു പതിനഞ്ച് ആടിനെങ്കിലും നിൽക്കാൻ പറ്റണം.

 നല്ല നീളത്തിലും വലുപ്പത്തിലുമുള്ള കൂട്! പണിക്ക് ആ ആശാരി മണിക്കുട്ടനെ രണ്ടു ദിവസത്തേക്കെങ്കിലും നിർത്തേണ്ടിവരും.. "

സെയ്തലവി മുൻ വിധികളോടൊത്ത് കൂട്ടിൻ കിനാവുകൾ കാണാൻ തുടങ്ങി.

" ഇപ്പോ തന്നെ അത്രയ്ക്കൊക്കെ വേണോ ഉപ്പാ? ആടുകൾ വലുതായി പെറ്റുപെരുകി നിറഞ്ഞിട്ടൊക്കെ പോരേ ഉപ്പാ?"

സെയ്തലവിയുടെ ചിന്തകൾക്കാണപ്പോൾ ഘനം വെച്ചത്.

നെടുനാളിൻ്റെ ജീവിത പരിചയങ്ങൾ അതിനു വെള്ളവും വളമായും കൂടെ ചേർന്നു. അയാൾ മകളെ മുഖമുയർത്തി ഗൗരവത്തോടെ നോക്കി. 

ജീവിതമിനിയും പഠിച്ചിട്ടില്ലാത്ത കുട്ടിയാണ്.

"മോളെ ജമീലാ, ആടുകൾ വരാനും പെറ്റുപെരുകാനുമൊക്കെ കാലം വരണതും കാത്തു നിൽക്കണോരൊന്നും നല്ല കച്ചോടക്കാരാവില്ല. 

കുറഞ്ഞ വിലക്ക് നല്ല ഇനം ആടുകളെ കൂട്ടത്തിൽ വാങ്ങി വളർത്തണം.

നല്ല വില കിട്ടിയാൽ വിൽക്കണം. കുറഞ്ഞ വിലക്ക് പിന്നെയും വാങ്ങണം. 

അതാ ഈ കച്ചോടത്തിൻ്റെ ഒരു രീതി. "

" ഉപ്പാന് കച്ചോടറിയാം.

അടക്കയും, കുരുമുളകും, തേങ്ങയും, മാങ്ങയും, ചക്കയുമൊക്കെ കുറേയേറെ വാങ്ങിയും വിറ്റും നടന്ന ആളല്ലേ ഉപ്പ!

പക്ഷേല് ഇപ്പോ അതാണോ ഉപ്പാൻ്റെ അവസ്ഥ. പ്രഷറുണ്ട്, ഷുഗറുണ്ട്, കൊളസ്ട്രോളുണ്ട്. പിന്നെ കൂടാതെ ഞാനൊരു പെങ്കുട്ടീമുണ്ട്. 

എനിക്കിതൊക്കെ നോക്കി നടത്താൻ പറ്റ്വോ?! പഠിക്കാൻ പോകണ്ടെ ഉപ്പാ?"

വാപ്പയുടെ വാമൊഴി കേട്ടുവെങ്കിലും പിന്നെയും മകൾക്കു ശങ്ക ബാക്കി നിൽക്കുന്നു. 

അതവളെക്കൊണ്ട് പിന്നെയും ഉത്തരങ്ങൾ തേടിയിറക്കവെ പ്രായം വീണ്ടും ഇവിടെ ശതഗുണീഭവിച്ചു കിതച്ചു!

നിറയെ കൊളസ്ട്രോളുള്ള അമ്പത്തഞ്ച് പ്രായം ആ വീടിൻ്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.

എങ്കിലും തോൽക്കാനുറച്ചിട്ടില്ല അയാൾ.

"നീ വെറും വെറുമൊരു പീറപ്പെങ്കുട്ട്യായി കിനാവു കണ്ടിരിക്ക്യാ?

നല്ല ഉസിരുള്ള പെങ്കുട്ട്യാവണം സെയ്താലീൻ്റെ മോള്. ഉപ്പാക്ക് അങ്ങനെ കാണണതന്നെ പെരുത്ത സന്തോഷം.

അല്ലെങ്കിലും ഈ ആടിനെ മേയ്ക്കണ പണിയൊക്കെ പെങ്കുട്ട്യോൾക്കല്ലാണ്ട് വേറെ ആര്ക്ക് പറ്റും?"

"എനിക്ക് പഠിക്കാൻ പോണ്ടെ ഉപ്പാ. അല്ലെങ്കിൽ തന്നെ ഏറെ പഠിക്കാനിണ്ട്. അതിനിടക്ക് ആടിനെ നോക്കാനൊക്കെ എപ്പഴാ എനിക്ക് സമയം കിട്ട്വാ?"

"ഹ്ഹിഹി... "

സെയ്തലവി ചിരിച്ചു.

"മോളേ, ഈ ആടിനെ നോക്കണതൊന്നും അത്ര പെടാപാടുള്ള പണിയല്ല. ഒരു ജീവിതം നോക്കാനാ പാടു മുഴുവൻ! 

സ്വന്തായി ഒരു വീടും കുടീം മക്കളും അവരുടെ കുട്ടികളുമൊക്കെയായി എല്ലാവരേം ഒന്നിച്ചു നിർത്തി അല്ലലും അലട്ടുമില്ലാണ്ട് കഴിഞ്ഞു കൂടിപ്പോണം.

അതാ ശരിക്കുമുള്ള ജീവിത പാഠം."

നീണ്ട നാളുകളോരോന്നും തന്നിൽ പാഠഭേദങ്ങളേറെ വരുത്തിത്തീർത്ത ജീവിതമെന്ന വലിയ പാഠപുസ്തകത്തെ തൻ്റെ അരുമ മകൾക്കു കാണായ രീതിയിൽ തുറന്നു തന്നോടു ചേർത്തു നിർത്തി അനുഗ്രഹിക്കുന്നതായി സങ്കൽപ്പിച്ചു.

കൂടെ വിശാലമാക്കിയിട്ട ഖബറിൽ കിടന്ന് ഉമ്മുവും തൻ്റെ മകളെ ആ സമയം ചേർത്തണച്ചു അനുഗ്രഹിക്കുന്നുണ്ടെന്നും കൂടെ കൂടെ സങ്കൽപ്പിച്ചതിനാൽ കണ്ണിൽ ഈറൻ പൊടിഞ്ഞു നനവുണ്ടായി സെയ്തലവിക്ക്.

ശരിക്കും ഇപ്പോൾ മുതൽ അയാൾ തന്നെ തന്നെ നവീകരിക്കാൻ ശ്രമിക്കുകയായിരുന്നു.

വാഴപിരട്ടി വെക്കുന്നതും വിറകു കീറുന്നതുമെല്ലാം അതിൻ്റെ ഭാഗമായി മാത്രം ഇനി മുതൽ വായിച്ചെടുക്കാം.

മനുഷ്യാധ്വാനത്തിൻ്റേതായ മസിൽ പെരുക്കങ്ങൾക്കു മേൽ യന്ത്രം അധിനിവേശവും ആധിപത്യവുമുണ്ടാക്കിയിട്ടുണ്ട് .

യന്ത്രക്കറക്കത്തിൽ മനുഷ്യന് എല്ലാം കൈക്കരികെത്തന്നെ വന്നു ചേർന്നിരിക്കുന്നു!

എന്നാൽ ഇതിലെ നല്ലതിനെ മറ്റൊരു ചീത്ത വശം വന്നു വാരിക്കിടപ്പുണ്ട്,

അധ്വാന രഹിതമനുഷ്യ സമൂഹത്തിൻ്റെ പുതിയ ആരോഗ്യ പ്രശ്നങ്ങളുടേതായി !

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരെ യന്ത്രക്കൈകളെ സ്വാധീനിച്ചാനയിച്ച് പുതിയ നാളുകളിലെ മനുഷ്യക്കാട്ടിക്കൂട്ടലുകൾ, തിടുക്കങ്ങൾ, എല്ലാം പരിണമിച്ചു പരിണമിച്ചൊടുവിൽ അവനറിയാതെ തന്നെ തന്നിൽ തന്നെയുള്ള ശാരീരിക ക്ഷമതയെ തുരുമ്പെടുക്കാൻ വിടുകയും  നാഢീ ഞരമ്പിടങ്ങൾക്ക് രക്തമിരമ്പാനിടകൊടുക്കാതെ ശീതീകരിച്ചു ശീതീകരിച്ച് ശോഷിപ്പിച്ചു കൊല്ലുകയും കൊഴുപ്പടിച്ചുകൂട്ടി  രോഗവാഹിയാക്കുകയും ചെയ്തത്‌ ഇതിൻ്റെയൊക്കെ പരിണിത ഫലം!

പ്രായാധിക്യത്തിൻ്റേതായ കാലഗണന പട്ടിക പിന്നെയും ഗ്രാഫിറങ്ങി താഴേക്കുവന്നതിൻ്റെ പൊരുൾ തനിക്കായും തൻ്റെ ചുറ്റുപാടുള്ളവർക്കായും വേണ്ടി ഇങ്ങനെയൊക്കെയാണ് സെയ്തലവി സ്വയം ഗ്രഹിച്ചു മുന്നോട്ടു പോകുന്നത്.

അതുകൊണ്ടുതന്നെ പുതിയ തിരിച്ചറിവിൻ്റെ ഉന്മാദത്താൽ സെയ്തലവിയിപ്പോൾ അതിരാവിലെയെഴുന്നേറ്റ് നടത്തത്തിനിറങ്ങുന്നു.

വലിയ വേഗതയിൽ തന്നെ നടന്നും കിതച്ചും നാഢീയിടങ്ങളെ രക്തപ്പശിമ ആവോളം വലിച്ചു കുടിക്കാൻ വിട്ടും തൻ്റെ നഷ്ട പ്രായത്തെ തിരിച്ചുവിളിക്കാൻ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു!

അതും ഒരു കുട്ടിക്കാലത്തിൻ്റെ കളിയിരമ്പത്തോടെ..

" മകളെ, കണ്ണിമാങ്ങകൾ ചുണ ചെത്തി ഉപ്പു ചേർത്തു നീ കുപ്പികളിൽ നിറച്ചു വെക്കണം. 

പഴുക്ക പ്ലാവില കോട്ടി രാവിലെ കഞ്ഞി കുടിക്കണം. പച്ചമുളകും കോൽപ്പുളിയും ചമ്മന്തിയരച്ച് അങ്ങിനെയങ്ങിനെ. ഉപ്പുപ്പാൻ്റെ കാലം മുതൽക്കെയുള്ള ശീലമാണത്. "

കൈക്കുടന്ന നിറയെ കണ്ണിമാങ്ങകൾ വാരിയെടുത്ത് മകളെ നോക്കിച്ചിരിച്ചും ചിരിയുടെ പടർപ്പു വല്ലികളായി ഉപ്പയും മകളും പരസ്പരം ചേർത്തു പിടിച്ചും, സന്തോഷിച്ചും അന്നത്തെ പകലിനെ സാർത്ഥകമാക്കവെ ,ഉപ്പയുടെ കൈമാറിയെത്തിയ മഴുവുയർത്തിയെടുത്ത് മകൾ മരം വെട്ടാനാരംഭിച്ചു!

സൃഷ്ടാവിൻ്റെ വിരൽപ്പാടുകളെ വിട്ടകന്ന മരമാകട്ടെ, പകുതി മണ്ണായും പിന്നെ പകുതി തീയായും പുകയായും കനൽ കയ്ക്കുന്ന ചാരമായും ചുറ്റഴിയുന്നതിന് സ്വയം പകുത്ത് ഇനിയൊരു സൃഷ്ടിയില്ലാത്ത വിധം തൻ്റെ വിധി സ്വീകരിക്കാൻ തുടങ്ങി..


(അടുത്ത ഭാഗം)





2 അഭിപ്രായങ്ങൾ:

  1. തുടക്കം അതിഗംഭീരം.
    മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്യങ്ങൾ. പ്രിയപ്പെട്ടവനേ, അടുത്ത ഭാഗത്തിനായി കാത്തിരിക്കാം.
    എം പി പ്രകാശ്

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .