അദ്ധ്യായം പതിനൊന്ന്
ചിന്നൻ്റെ ചവിട്ടടിക്കു താഴെ പാതിയടർന്നു താഴെ വീഴാൻ വെമ്പി നിൽപ്പുണ്ട് രണ്ടു കമുകിൻ പട്ടികകൾ!
പഴക്കം ബാധിച്ചിട്ടുണ്ടെങ്കിലും സമയാസമയങ്ങളിലെ റിപ്പയറിങ്ങ് മൂലം സെയ്തലവി കാര്യശേഷി വരുത്തിയിരുന്ന കൂടായിരുന്നു.
ദിവസവും കുഞ്ഞിനെപ്പോലെയെന്നവണ്ണം നോക്കണം കാലം തെറ്റിയ കൂടിനെ.
ഇല്ലെങ്കിൽ നായ്ക്കൾ കയറിക്കിടക്കുന്നതു കൂടി കാണേണ്ടി വരും ഉടമസ്ഥൻ!
കുറച്ചു നാളായി ഒരു ചുറ്റിക പ്രഹരം പോലും എവിടെയും വീണ ലക്ഷണം കാണുന്നില്ല.
പന്ത്രണ്ടാടുകളെ പന്തി തിരിച്ചു വേർപിരിച്ചു നിർത്തിയിരുന്ന പട്ടിക ക്കോലുകളാണ് ഇരുമ്പാണികളടർന്ന് വേറിടാൻ പാകത്തിൽ കൂട്ടിലെ അന്തേവാസികളുടെ കൈയ്യേറ്റത്തിന് വിധേയമായി നിൽക്കുന്നത്!
കൂടു റിപ്പയർ ചെയ്യണം അടിയന്തിരമായി.
വീണ്ടും ആശാരി മണിക്കുട്ടനെപ്പോലൊരാളുടെ സേവനം ആവശ്യപ്പെടാൻ പാകത്തിൽ ഒരാളുടെ സാന്നിധ്യം അവിടെ ഇപ്പോൾ ഇല്ലായിരിക്കാം!
എന്നിട്ടും അങ്ങിനെയൊരാൾ ആ ആവശ്യമുയർത്തി അപ്പോൾ പുറത്തു നിന്നും അവിടേക്ക് പടി കയറി വന്നു.
വന്നപാടെ ആഗതൻ്റെ ഉരുക്കുമുഷ്ടികൾ ചിന്നനെ പിടിച്ചു വലിച്ചു ,അവൻ്റെ താടിരോമങ്ങളെ പിടിച്ചുലച്ചു.
ഇടിച്ചു തെറിപ്പിക്കാൻ പാകത്തിന് കരുത്തുണ്ട് ചിന്നന്.
ആട്ടിൻ കൂട്ടത്തിലെ നായകനും കൂട്ടരുടെ സംരക്ഷകനുമാണ്.
ചിന്നൻ പിൻ കാലിലുയർന്ന് മുൻ മുഷ്ടികൾ ചുരുട്ടി മുരൾച്ചയോടെ നിന്നു. കൂടു തകർത്തിറങ്ങാൻ അവൻ്റെ മനസ്സപ്പോൾ വെമ്പി നിൽപ്പുണ്ടാകാം.
ജമീലയുടനെ സമാധാനിപ്പിക്കാനെന്നോണം കൊപ്ര പിണ്ണാക്കു കലർത്തിയ ഇളം ചൂടുള്ള കഞ്ഞി വെള്ളം കാടിയോടെ ചിന്നൻ്റെ മുമ്പിലേക്കു നീക്കിവെച്ചു കൊടുത്തു.
പാവം!
എത്ര ആടുകളെ വാങ്ങിയും വിറ്റും പണം കൈപ്പറ്റിയിട്ടുണ്ട് ഇതിനകം !
ഉപ്പ കൂടെ നിറുത്തി കച്ചവട തന്ത്രങ്ങളോരോന്നും പഠിപ്പിച്ചു തന്നതോർക്കുന്നു.
എന്നിട്ടും കച്ചവടത്തിനിറങ്ങുമ്പോൾ അവ ഓരോന്നിനോടുമുള്ള ഉള്ളിൻ്റെ ഉള്ളിലെ സ്നേഹവാത്സല്യങ്ങൾ വെന്തഴിഞ്ഞു ബാഷ്പമായി അവളുടെ കണ്ണു നനയിക്കുകയായിരുന്നു.
അവൾ ചിന്നൻ്റെ നെറുകിലും തലോടി.
അവൻ അരുമയായി കൂടിനോരം ചേർന്ന് അവളെ ഉരുമ്മി നിന്നു.
"ഡീ, ജമീലാ .. അൻ്റെ പുയ്യാപ്ല എവിടേടീ? എണീറ്റില്ലെ ഓൻ?"
അഹമ്മദിക്കാ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
" ഇല്ല. ഉറങ്ങാണ്"
"അന്ക്കാ ആശാരീനെ വിളിച്ച് ഈ കൂടൊന്ന് നന്നാക്കിച്ചാലെന്താ?
അലക് പകുതിയും ഇളകിക്കഴിഞ്ഞു. പാതിരാത്രി നിൻ്റെയൊക്കെ ഉറക്കത്തിൻ്റെടേലാവും ഇവറ്റകൾ കൂടും പൊളിച്ചു പുറത്തുചാടുക . പിന്നെ നല്ല കഥയാകും. ഇറച്ചി ചോരമണത്ത് നടക്കണ നായ്ക്കളാ പുറത്തു നിറയെ. അവറ്റ വന്നു കേറിയാ എന്താ സ്ഥിതി!?"
"ശരിയാക്കണം അഹമ്മദിക്കാ. ആശാരി വന്നാല് ഉറുപ്യ ആയിരം കൂലി കൊടുക്കണം.
ഉപ്പയില്ലാത്തതാ. എന്നെക്കൊണ്ടതിനൊന്നും ഒരു പാകവുമില്ല. തൽക്കാലത്തേക്ക് ഞാൻ തന്നെ ചരടിട്ട് കെട്ടി ശരിയാക്കാൻ പോവ്വാ "
അറവുകാരൻ അഹമ്മദ്ക്കാ ചെറുതായി ചിരിച്ചു.
" ആ ആ ... കായിൻ്റെ കാര്യം അൻ്റെ ഉപ്പാനോട് പറഞ്ഞതന്നെ കൂടുതലാ.
പക്ഷേങ്കി അന്ക്കിപ്പോ കായീൻ്റെ വിഷമല്ലെ ? ഇന്നാ പറഞ്ഞതുണ്ട് "
അഹമ്മദിക്കാ പച്ചനോട്ടുകളെണ്ണി ജമീലക്കു കൈമാറി.
ആടുകൾ കൂട്ടത്തോടെ നിലവിളിക്കുന്നു.
അഴിയിട്ട കൂട്ടിനുള്ളിൽ പരിഭ്രാന്തരായി പരതി വിളിക്കുന്നു.
ചുറ്റിലുമുള്ള നിലവിളികൾക്കിടയിലൂടെ ചിന്നൻ പോകുകയാണ്.
വെല്ല്യുപ്പ അറിഞ്ഞതുകൊണ്ടാണോ നൂർജ ശരിക്കും ഗൂഗിൾ പേ ചെയ്യാതിരുന്നത്?
മൊബൈൽ ഫോണിലെ മെസേജ് ശരിക്കും വല്ല്യുപ്പ വായിക്കുമോ!
ആവില്ല.
അവൾ കള്ളം പറഞ്ഞതാകും.
അല്ലെങ്കിലും ആർക്കുമിപ്പോൾ എന്നോടു സ്നേഹമില്ല.
കണ്ണു നനയിക്കാൻ വേണ്ടി മാത്രം ചീത്ത പറയുന്നു.
ശകാരങ്ങൾക്കു മാത്രമായ ഒരു ലോകമില്ലെ,
അതാണിപ്പോൾ എൻ്റേത്.
ജമീല സ്വയം പരിതപിച്ചു.
അവൾ അഹമ്മദിക്കായിൽ നിന്നും എണ്ണി വാങ്ങി തിട്ടപ്പെടുത്തിയ പണം പഴ്സിൽ വെച്ചതിനു ശേഷം സ്റ്റീലിൻ്റെ ഒരു ലോട്ടയുമെടുത്തു കൊണ്ടുവന്നു കറവുള്ള ആടുകളെ വേർതിരിച്ചു നിർത്തി കറക്കാൻ തുടങ്ങി.
നറുംപാൽ പതഞ്ഞു വീണ് പാത്രമപ്പോൾ 'ശർ ശർ ..' എന്നു ശബ്ദമുണ്ടാക്കിക്കൊണ്ടുമിരുന്നു.
ചിന്നൻ.നമുക്കിനി അവനെ പറ്റി തുടർന്നു പറയേണ്ട കാര്യമില്ല. അതുകൊണ്ട് ഇക്കാര്യം നമുക്കിവിടെ നിർത്താം.
പകരം ഇനി അതിരുകളെ പറ്റിയായാലോ?
അതിരുകളില്ലാതെ പടർന്ന നന്തതയിൽ എവിടെയോ ലയിക്കാൻ ശ്രമിക്കുന്ന
ആകാശത്തിന് അതിരുണ്ടോ ?
ഇല്ലായിരിക്കും, പക്ഷെ ഇങ്ങ് ഭൂമിക്ക് മനുഷ്യൻ വ്യക്തമായും അതിരുകളിട്ടിട്ടുണ്ട്.
അതിൽ ഏറെയും സ്വന്തമാക്കിയിട്ടുമുണ്ട്.
ഇവിടെ സെയ്തലവിയുടെ വീടിന്ന് തെക്കേ അതിരാണ് ഭ്രാന്തൻ കുന്ന്,
പഴയ കാഴ്ചകളിൽ അങ്ങിനെയായിരുന്നുവെങ്കിലും ഇന്ന് പുറമ്പോക്ക് ഭൂമിയിൽ പച്ച ജോസ് നടത്തിയ കൈയ്യേറ്റത്തിൻ്റെ പേരിൽ തെക്കേ അതിരിൽ ഏറെയും പച്ച ജോസിൻ്റെ റബർ തോട്ടം എന്ന് വില്ലേജ് രേഖകളിൽ ചേർത്തിയിരിക്കുന്നു. വടക്കേ അതിര് പിന്നെ സ്വാഭാവികമായും പഞ്ചായത്തു ഇടവഴിയാണല്ലൊ.
കിഴക്കേ അതിര് ബാലേട്ടൻ്റെ വീടാണ്. പക്ഷെ സെയ്തലവിയുമായി മിണ്ടാട്ടമില്ല.
പടിഞ്ഞാറെ അതിര് ആമിനാത്തയുടേതാണ്. എങ്കിലും അവരിനിയും സെയ്തലവിയുമായി രഞ്ജിപ്പായിട്ടില്ല.
മാവ്, പ്ലാവ്, കവുങ്ങ്, തെങ്ങ്, പുളി എന്നു വേണ്ട മിക്ക അതിർവൃക്ഷങ്ങളും അയൽവാസികൾ തമ്മിൽ നിലനിൽക്കുന്ന മിണ്ടാട്ടങ്ങളേയും രഞ്ജിപ്പിനേയും കാലാകാലങ്ങളിൽ വിലക്കിപ്പോരാറുണ്ട്.
ആമിനാത്തയുടെ ഭാഗത്തുള്ള പടിഞ്ഞാറെ അതിരിൽ, വളർന്നു വലുതായ പ്രായമുള്ള പുളിമരം ആദ്യകാലങ്ങളിൽ സെയ്തലവിയുടേതു മാത്രമായിരുന്നു.അതു പിന്നെ വളർന്നു അതിരുകൾക്കിരുപുറത്തേക്കും വലിയ തണ്ടും തടിയുമായപ്പോൾ തൊട്ട് ഇരുകൂട്ടർക്കു വേണ്ടിയും പൂക്കാനും കായ്ക്കാനും തുടങ്ങി! അരിപ്പുളിപ്രായവും കഴിഞ്ഞ് തൊണ്ടു തല്ലി ഇന്നവ കലപില കോലാഹലങ്ങളോടെ തറയിൽ വീണടിയുന്നത് ആർക്കും ഇപ്പോഴും കേൾക്കാം!
സ്വന്തം അതിരിൽ നിന്നും പുളികൾ പെറുക്കിയെടുക്കുന്ന ചില സമയങ്ങളിൽ ജമീലയും ആമിനാത്തയും മുഖാമുഖം വരാറുണ്ട്. അപ്പോഴൊക്കെ അവരുടെ മുഖം കടന്നൽ കുത്തേറ്റെന്ന പോലെ വീർത്തു വരും.
ശർക്കരയും ഇഞ്ചിയും ചേർത്ത് പുളി കുറുക്കി പുളിയിഞ്ചിയുണ്ടാക്കി വെക്കാറുണ്ട്. സെയ്തലവിക്കത് വലിയ ഇഷ്ടമാണ് താനും! പുളിശേഖരം കൂടിക്കൂടി വരുമ്പോളവ തൊണ്ടു തല്ലി കുരു കളഞ്ഞ് ഉപ്പു ചേർത്തിടിച്ച് വരളികളുണ്ടാക്കി സെയ്തലവി ഉണക്കി സൂക്ഷിച്ചു വെക്കും. വറുതി നാളുകളിൽ വിൽക്കും .കഴിഞ്ഞവർഷം ഇങ്ങനെ രണ്ടായിരം രൂപക്കുവരെ വിറ്റുവരവുണ്ടാക്കിയിരുന്നു സെയ്തലവി.
ബാലേട്ടൻ്റെതായ കിഴക്കേ അതിരിലെ പ്രശ്നക്കാരൻ വളർന്നു പടർന്നു നിൽക്കുന്ന മുരിങ്ങ മരമാണ്. സെയ്തലവിയുടെ അതിരുവിട്ട് ശാഖകൾ പുറത്തേക്കു നീട്ടി, നിറയെ നീണ്ടു നിവർന്നു തൂങ്ങുന്ന മുരിങ്ങക്കായ്കളെ പേറി നിൽക്കുന്ന ആ മുരിങ്ങ മരം കാണുന്നതു തന്നെ ബാലേട്ടനിഷ്ടമല്ല.
അതിരിൽ കായ്ക്കുന്ന മരങ്ങൾ അതേതുമാകട്ടെ, പൊന്നു കായ്ക്കുന്നതാണെങ്കിൽ കൂടി പ്രശ്നം മാത്രമാണ് പൊതുവെ അയൽക്കാർക്കിടയിൽ.
എന്നാൽ പ്രശ്നങ്ങളില്ലാതെ ശാന്തവും
സ്വസ്ഥവുമായി കിടക്കുന്ന ഏക അതിരായി പച്ച ജോസിൻ്റെതായ തോട്ടമതിര് ഭ്രാന്തൻ കുന്നിലേക്കൊരു പ്രവേശന ദ്വാരവുമിട്ട് അങ്ങിനെ ആർക്കും ശല്ല്യമുണ്ടാക്കാതെ നീണ്ടു നിവർന്നു കിടക്കുന്നു.
ഈ നാലതിരും കൂട്ടിമുട്ടിച്ചാൽ കിട്ടുന്ന അഞ്ചു സെൻ്റോളം ഭൂമിയിലാണ് സെയ്തലവിയുടെ ഓടു മേഞ്ഞ നാനൂറ്റി അമ്പതോളം സ്ക്വയർ ഫീറ്റു വരുന്ന വീടു നിൽക്കുന്നത്.
വീടിനു സ്വന്തമായി ഒരു കിണറില്ല.
എന്നാലോ പകുതി അങ്ങോട്ടും പകുതി ഇങ്ങോട്ടും എന്ന നിലയിൽ പുളിമരത്തോടു ചേർന്ന്, ആമിനാത്ത ഉപയോഗിച്ചു വരുന്ന ഒരു കിണർ ആ വസ്തുവിൽ ഉണ്ടുതാനും!
പകുതി പകുതി എന്ന നിലയിൽ ഇതുവരെ കിണർ അതിർത്തി തർക്കമുണ്ടായിട്ടില്ല. എന്നാൽ കിണർ ഉൾപ്പെടുന്ന മൊത്തം അതിർ ഉടമാവകാശത്തെച്ചൊല്ലി അവർക്കിടയിലിപ്പോളും ഒരു സാധുതയുള്ള തർക്ക വസ്തുവായിത്തന്നെ നില നിൽക്കുന്നു.
ഒരു വീടാകുമ്പോൾ നിത്യോപയോഗത്തിൽ പ്രാധാന്യമുള്ള വെള്ളം എല്ലായ്പോഴും അവശ്യവസ്തുവാണ്.
സ്വന്തമായി കിണറില്ലാത്ത ആ കുടുംബം
ഭ്രാന്തൻ കുന്നിനടിവാരത്ത് സ്വാശ്രയ കുടിവെള്ള പദ്ധതിയിൽ വകയിരുത്തി നിർമ്മിച്ച ഒരു ജലസംഭരണിയെ ആശ്രയിക്കുന്നു.
അതിൽ നിന്ന് പഞ്ചായത്ത് അനുവദിച്ചു കൊടുത്ത ഒരു പൈപ്പ് കണക്ഷനിൽ നിന്നുമാണ് സെയ്തലവിയുടെ കുടുംബം കുടിവെള്ള സംബന്ധമായ തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിർവ്വഹിച്ചു പോരുന്നത്.
ടാപ്പിൽ ചേർത്തു ഘടിപ്പിച്ച ഒരു മീറ്ററിൽ ഇതിൻ്റേതായ ബിൽ തുകയുടെ അളവു രൂപപ്പെട്ടു വരും.
മനുഷ്യർ മിക്കവാറും എല്ലാവരും തന്നെ സ്വയം ആസ്തിയുള്ളവരായിരിക്കാൻ യത്നിക്കുന്നു.
അതിനായവർ എല്ലായ്പ്പോഴും തനിക്കു ചുറ്റുമായി നാലുപാടും അതിരുകൾ കെട്ടിയുയർത്തും.
ഈ ലോകം എവിടെയും എങ്ങിനെയും അതിരുകൾ നിറഞ്ഞതായിത്തീർന്നത് അങ്ങിനെയാണ്.
എൻ്റേത്, നിൻ്റെത് എന്നൊക്കെ അവകാശങ്ങളും വാഗ്വാദങ്ങളും ആരോപണങ്ങളും പരസ്പരം ഉന്നയിച്ച് ഓരോരുത്തരും തങ്ങളുടെ തായ അതിരിനകത്ത് സ്വയം രാജാക്കൻമാരായി അവരോധിക്കുന്നു.
പിറന്നു വീഴുന്ന ഓരോ കുഞ്ഞുപോലും ആദ്യം കേൾക്കുന്ന ശാസന അതിരുകളെ പറ്റിയാണ് .
അതിരുകൾ ഭേദിക്കാൻ അവർക്കനുവാദമുണ്ടായിരുന്നില്ല.
ജാതിയുടേയും മതത്തിൻ്റേയും ഭൂമിയുടേതുമായി ചുറ്റിവരിഞ്ഞ ചങ്ങലകൾ പോലെ എങ്ങും അതിരുകൾ ഓരോ ബാല്യങ്ങളെയും ചുറ്റി അവരോടൊപ്പം വളരുന്നു.
എന്നാൽ യഥാർത്ഥത്തിൽ ഈ ലോകത്തിന് എവിടെയാണ് അതിരുകൾ?
മനുഷ്യനെന്ന ഹീന ജാതിയൊഴികെ ആരാണ് ഭൂമിയെ സ്വന്തമാക്കി ഒടുക്കം ആറടി മണ്ണിൽ ഒതുങ്ങിപ്പോവുന്നത്!
അതിരുകളില്ലാത്തവനാണ് സ്വതന്ത്രൻ.
അതിരില്ലാതെ, ചരടഴിഞ്ഞ ഒരു പട്ടം കണക്കെ പാറിപ്പറന്നാൽ ആർക്കും എവിടെയുമെത്താം.
അവർക്കെപ്പോഴും ചരിത്രത്താളുകളിൽ തന്നെ തന്നെ അടയാളപ്പെടുത്താനുമാകും.
ചിന്തകളേയും സ്വത്തു വകകളേയും പദവികളേയുമൊക്കെ തന്നെ അതിരുകളിട്ടു സൂക്ഷിക്കുന്നവർക്ക് എത്ര നാൾ വരെ അതൊക്കെ തൻ്റേതു മാത്രമാക്കി നിലനിർത്തിക്കൊണ്ടുപോകാനാകും?
എരിഞ്ഞു തീരുകയോ, പുഴുവരിച്ചില്ലാതാകുകയോ ചെയ്യുന്നവരാണല്ലൊ എല്ലാ ജീവരാശികളും.
തൻ്റേതെന്നു കരുതിയതൊക്കെ തൊട്ടടുത്ത നാൾ മറ്റൊരവകാശിക്കു കൈമാറിപ്പോകുന്നു.
ഒരാളുടെ സ്വന്തം അതിരുകൾ പിന്നെ മറ്റൊരാളുടെ അതിരുകളായി വകമാറിയിരിക്കുന്നു.
ഇങ്ങനെ അതിരുകളെച്ചൊല്ലി മനുഷ്യ സംസ്കാരം ദുഷിച്ചുണ്ടായ ഖേദം അനേകമനേകം ജമീലമാരെയും വാസുദേവൻമാരെയും അതിരിൻ്റെ അടിമകളാക്കി വെച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനു ദാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ ലോകത്തിനു അതിരുകളില്ലെന്ന സത്യം സ്ഥായിയായ അവരുടെ ഖേദം വെടിഞ്ഞ് ജമീലമാരെ സ്വതന്ത്രരാക്കട്ടെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .