2010, ഡിസംബർ 7, ചൊവ്വാഴ്ച

അവളുടെ സഹനം .

വഴിയറിയാം എന്നിട്ടും പലവട്ടം വഴി തെറ്റുന്നു.
കൈയക്ഷരങ്ങള്‍ വെടിപ്പാക്കവെ
കവിതയിന്ന് കരഞ്ഞിരുന്നു.

‘എന്താ ഈ വഴിയൊക്കെ?’
അവളതു ചോദിച്ചപ്പോള്‍
എന്തിനാണ് ഞാനതു
പുറകില്‍ പിടിച്ചത്?

‘നില്‍ക്ക് ,നില്‍ക്ക്...
തിരിഞ്ഞു നടന്ന എന്നെ
പിന്‍ വിളി വിളിച്ചവള്‍

‘ഇരുള്‍ വീണ വഴിവക്കില്‍
വഴി തെറ്റി വന്നതോ നീ?’

മൌനം എന്റെ നാവറുത്തു
അവളുടെ കണ്ണുകള്‍ തിളങ്ങിനില്‍ക്കവെ
മിഴിയിടറി തുടുത്ത കവിളില്‍
കാണുന്നു ഞാനിട്ട നഖക്ഷതം

അവള്‍ പറയുന്നു,
‘ഞാനോര്‍ത്തു നിന്റെ പിറന്നാള്‍

ഇന്നു നിന്റെ ജനനം പോലെ
എന്റെ മരണവും ഘോഷിച്ചുവെങ്കില്‍!‘

വേദനയുടെ മഴമേഘങ്ങള്‍
കണ്ണു‍കളില്‍ പെയ്തുനിറയുന്നു

ഞാന്‍ പറയുന്നു,
‘അരുത്..
നിന്റെ കണ്ണുനീര്‍ ഞാന്‍ തുടച്ചുതരട്ടെ’

അവള്‍ പറയുന്നു,
‘വേണ്ട.

അവയങ്ങനെ ഒഴുകി നില്‍ക്കട്ടെ.
എന്റെ ജീവന്‍ ഇങ്ങനെ തുടിക്കുന്നിടം വരെത്തന്നെ

ഒരിക്കല്‍ നീ തഴുകിയിരുന്ന എന്റെ ഹ്ര്ദയം
ഭീരുവെന്ന് നീ സ്വയം പച്ചകുത്തി!
എങ്ങിനെ എങ്ങിനെ തഴുകാനാവുന്നു
വിരലനങ്ങാത്ത നിന്റെയീ കൈകള്‍!

എല്ലാം വിറ്റു യാത്ര പറയാന്‍ വന്നതല്ലേ...

ഈ മണലാരണ്യത്തില്‍ എന്റെ ചിറകരിഞ്ഞ്
ഇന്നു രാത്രിയിലെ നിന്റെ ഫ്ലൈറ്റില്‍
നിറഞ്ഞ വാനില്‍ മേഘമാലയ്ക്കൊത്ത്
ഉയര്‍ന്ന് ചിറകാര്‍ന്നു നീ പറക്കുമ്പോള്‍

ഞാനുയര്‍ന്നൊരു പൊന്‍ താരകമായ്
ഉദിച്ചുനില്‍ക്കും നിനക്കുമേലിലും...’

അവളുടെ ഗദ്ഗദം പേമാരിയായി
പെയ്തു നിറഞ്ഞു പിറകിലായ് കേള്‍ക്കവെ
കുഴഞ്ഞു പോകുന്നെന്‍ കാലടികള്‍
വരണ്ടുണങ്ങുന്നു എന്‍ പ്രജ്ഞയും...

10 അഭിപ്രായങ്ങൾ:

 1. ഞാനുയര്‍ന്നൊരു പൊന്‍ താരകമായ്
  ഉദിച്ചുനില്‍ക്കും നിനക്കുമേലിലും...’

  വലിയോരഭിപ്രായത്ത്തിനു ഞാനാളല്ല.
  വരികള്‍ എനിക്കിഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 2. അഭിപ്രായം പറയാന്‍ അശക്തനാനെന്കിലും ഹാജര്‍ വച്ച് പോകുന്നു.

  മറുപടിഇല്ലാതാക്കൂ
 3. എന്‍റെയും കാര്യം ഇതൊക്കെത്തന്നെ. വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ വിജയിക്കും,
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. എന്തു കൊണ്ടാണവൾ അകന്നു പോയത്? അനുഭവകഥയാണോ? വരികൾ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. ഇവിടെ വരികയും,അഭിപ്രായമായ് കുറെ സ്നേഹം നല്‍കയും ചെയ്ത എന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി.
  ഇതെന്റെ അനുഭവമാണോ എന്നു ചോദിച്ചാല്‍ ‘അല്ലന്നേ..’എന്നുതന്നെയല്ലെ പറയേണ്ടത്!
  അഞ്ജു ചോദിച്ചപോലെ എന്തിനാണവള്‍ അകന്നുപോയത്?
  നമുക്കു കൂട്ടമായി ചോദിക്കാം.
  വീണ്ടുമൊരു ഉത്തരത്തിനു വേണ്ടി...

  മറുപടിഇല്ലാതാക്കൂ
 6. മനസ്സിലായില്ല,പിന്നെ വരാം.

  മറുപടിഇല്ലാതാക്കൂ
 7. അവളുടെ ഗദ്ഗദം പേമാരിയായി
  പെയ്തു നിറഞ്ഞു പിറകിലായ് കേള്‍ക്കവെ
  കുഴഞ്ഞു പോകുന്നെന്‍ കാലടികള്‍
  വരണ്ടുണങ്ങുന്നു എന്‍ പ്രജ്ഞയും...

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .