2010, ഡിസംബർ 30, വ്യാഴാഴ്‌ച

നര്‍മ്മം വന്ന വഴി... !

ഇരു കൈകളും തലയില്‍ വച്ച് ,
മുടിയിഴകളില്‍ തടവിത്തടവി പിന്നെയിങ്ങനെ ചുരുട്ടിപ്പിടിച്ച്  രണ്ടു ഭാഗത്തേക്കു പിടിച്ചുവലിച്ച് ,
പല്ലുഞെരിച്ച്  ഇങ്ങനെ ഇങ്ങനെ ...

‘ഗ്വാ‍...‘
പെട്ടെന്നൊരു ഓക്കാനം.
ദാ കിടക്കുന്നു..!
വെള്ളി വാളു പോലൊരു നര്‍മ്മം...!!

“എന്നാ തൊടങ്ങാല്ലേ ആശാനെ ”
പിറന്ന പാടെ മിടുക്കന്‍ പറഞ്ഞു.
എന്നിട്ട്  മടിക്കുത്തിനു പിടിച്ച്  ദാ ദിങ്ങനെ ദിങ്ങനെ ദിങ്ങനെ...

...((((റോ)))...
ചെന്ന് വീണത്‌ നാണ്വാരുടെ ചായക്കടയില്‍ .
ഹമ്മേ ...
(നടുവുളുക്കിയെന്നു തോന്നുന്നുണ്ട്).

“ഒന്നും പറ്റിയിട്ടില്ലാ.
ചുമ്മാ..”
വെറുതെ ഒരു കമന്റിട്ടുനോക്കിയതാണ്.
ആളു വീണു. !
ഹി...ഹി...

എന്റെ വാക്കുകേട്ട്  ആശ്വാസത്തോടെ ‘കറു മുറാ ‘ന്ന്  പപ്പട വട കടിച്ചുതിന്ന്  മധുരമലിയാത്ത ചായ ഇങ്ങനെ ഇളക്കിയിളക്കി വീണ്ടും പണി തുങ്ങിയത്  ആരാന്നറിയാമോ..!
നമ്മുടെ പ്രശസ്ത...(പേരു പറയുന്നില്ല).
ഹി...ഹി...

“ഗൊള്ളാം മാഷെ.വരവ് അസ്സലായി”.

ഞാന്‍ ലജ്ജിച്ചുപോയി.
നാണ്വാരെല്ലാം കണ്ടിരിക്കുന്നു !

“എന്നാ പിന്നെ ഒരു ചായയാവാം”.
നാണ്വാര്.

ചായയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ,
പെട്ടെന്നുള്ള യാത്രത്തിരക്കിനിടയില്‍ കാശെടുക്കാന്‍ മറന്നിരിക്കുന്നു!

“അപ്പോ കടിക്കാനെന്താ ?”
ദേ പിന്നേം നാണ്വാര്.

കടിയുടെ കാര്യം അങ്ങിനെ ചിന്തിച്ചിരുന്നപ്പോഴാണ് ‘ക്ടിം...’ എന്ന ശബ്ദം.

അവനാരാ മ്വാന്‍...
നാണ്വാരുടെ മോന്‍...
കൈ തട്ടി ഒരു ഗ്ലാസ് താഴത്തിട്ട് പൊട്ടിച്ചിരിക്കുന്നു...!

'ട്ടപ്‌ '
നാണ്വാരുടെ കൈയും വെറുതെയിരുന്നില്ല.
കരഞ്ഞുകൊണ്ട് ഓടിപ്പോകുന്ന പോക്കില്‍ ഒരു ബോണ്ടയെടുക്കാന്‍ മ്വാനും മറന്നില്ല.
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആയിരിക്കെ ആണ് ,
“ഒരു ബോണ്ട പാഴ്സല്‍ “എന്നു പറഞ്ഞ് ഒരു അജ്ഞാതന്‍ വന്നുകയറിയത് !

ഊശാന്താടിയും തോള്‍സഞ്ചിയും മുറിബീഡിയും ഒക്കെയുണ്ട്.

നാണ്വാര് ആഗതനെ ഒന്ന് അടിമുടി നോക്കി.
ഞാനപ്പോള്‍ ആടുന്ന ബഞ്ചില്‍ ബാലന്‍സുചെയ്യുന്നതിന്റെ തത്രപ്പാടിലായിരുന്നു.
പെട്ടെന്നാണ് ബെഞ്ചിന്റെ എതിര്‍ സൈഡില്‍ അജ്ഞാതന്‍ ‘ടപ്പേ’ എന്നു വന്നിരുന്നത്.
പിന്നെ ഞങ്ങള്‍ രണ്ടു പേരും ബെഞ്ചും കൂടെ താഴെകിടന്ന് സ്നേഹിച്ചു സ്നേഹിച്ച്...

“ഓ സോറി”
അജ്ഞാതന്‍ സോറി പറഞ്ഞു കൈ തന്നു.
പിന്നെ എനിക്കെന്താ..
“ഞാനും സോറി”

നാണ്വാരുമാത്രം ശകലം മാത്രം കടുപ്പമുള്ള ഭാഷയില്‍ പതുക്കനെ രണ്ടു തെറി പറഞ്ഞിട്ട് ബെഞ്ചിനെ കയ്യും കാലും വേറെ പെറുക്കിയെടുത്ത് ഒരു മൂളലോടെ ഷിഫ്റ്റ് ,
ഒരൊഴിഞ്ഞ മൂലയിലേക്ക്...

അടുത്ത ബെഞ്ചില്‍ അത്രമാത്രം ശ്രദ്ധിച്ച് ഞങ്ങള്‍ വീണ്ടും ഇരിപ്പായി.

“ബൈ ദ ബൈ ഇപ്പോള്‍ കഴിക്കാന്‍ എന്താണുള്ളത് ?”
അജ്ഞാതന്‍ താടിയൊന്നു തടവി.

നാണ്വാര് വീണ്ടും ഒന്ന് മൂളി.
പിന്നെ മനസ്സലിഞ്ഞു .
"ദോശ,ഇഡ്ഡലി ,പുട്ട് ,പൊറോട്ട .."

"കറി ?"
ഊശാന്താടി.

"ബീഫുണ്ട് ,പിന്നെ സാമ്പാറും .."
നാണ്വാര് ഒന്നിരുത്തിനോക്കി .

"എന്നാപിന്നെ രണ്ടുപേര്‍ക്കുള്ള പൊറോട്ടയും ബീഫും പോരട്ടെ .."

അതെന്തിനാ രണ്ടുപേര്‍ക്കുമെന്നു ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഊശാന്താടി എന്നോടൊരു ചോദ്യം ..
"ബൈ ദ ബൈ കൂടെ കഴിക്കുന്നതില്‍ വിരോധം വല്ലതും ..?"

അന്ധാളിച്ച് ഇല്ല ഇല്ല എന്നുഞാന്‍ കണ്ണടച്ചു കാണിച്ചു .
"മനസ്സിലായില്ലായിരുന്നു ..?"

"ഓ സോറി .
പരിചയപ്പെടുത്താന്‍ ഞാന്‍ മറന്നുപോയി .
കണ്ടിട്ടുമനസ്സിലായില്ല അല്ലെ .
കേട്ടാല്‍ അറിയും .
എന്റെ പേര് അനോണിമാഷ്‌ ."

എന്റമ്മേ ..
ഞാനൊന്നു കിടുങ്ങി ..!
"ഈ കമന്റുകള്‍ എല്ലാം ഇടുന്ന ...?"

"തന്നെ തന്നെ .."

"പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം !
എന്റെ പേര് ...."

"അറിയാം അറിയാം .
താങ്കളുടെ ബ്ലോഗിലും ഞാന്‍ രണ്ടു മൂന്നെണ്ണം പൂശിയിട്ടുണ്ട് ."

"ഹ ...തെ.
ന ..നന്നായിട്ടുണ്ട് .."

 നാണ്വാര് ഞങ്ങളുടെ മുന്‍പില്‍ പൊറോട്ടയും ബീഫും നിരത്തി .
"മുട്ട പുഴുങ്ങിയത് ഉണ്ടായിരുന്നു .."

"വേണോ ?"
അനോണിമാഷ്‌ എന്നോടു ചോദിച്ചു .

"ആകാമല്ലേ .."
ഞാന്‍ .

ഉടനെ അതും നിരത്തപ്പെട്ടു .

"അവളെ പിന്നെ കണ്ടുവോ ?"
അനോണിമാഷ്‌ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം എറിയുന്നു !

"അത് പിന്നെ ...അത് പിന്നെ ..."

മാഷ് അല്‍പ്പംകൂടി എന്നോടു ചാഞ്ഞിരുന്നു.
"പറഞ്ഞോളൂ .."

കഥ രസം കേറുന്നത് കണ്ടു നാണ്വാരും കൂടെ കൂടി .
"പറഞ്ഞ് കൊടുക്ക് മോനെ ആ മാഷുക്ക് "

"ഇല്ല കണ്ടിട്ടില്ല ... "

"ശരിക്കും ?
നന്നായിട്ടാലോചിച്ചുനോക്ക്...
ഒരു നിഴല് പോലെയെങ്കിലും ...?"

"സത്യമായിട്ടും ഇല്ലന്നെ ".

അങ്ങിനെയിരിക്കെ മേശപ്പുറം കാലിയായി!

"എല്ലാം കൂടി എത്രയായി ?"
മാഷ്   നാണ്വാരോട്‌ ബില്ല് ചോദിച്ചു .

"എല്ലാം കൂടെ ഒരു തൊണ്ണൂറ്റിയന്ച് അന്‍പത്‌ "
നാണ്വാരു വിരല്‍ക്കുലേട്ടര് കൂട്ടി നോക്കി പറഞ്ഞു.

അനോണിമാഷ്‌ ഈസിയായി പോക്കറ്റില്‍ വിരലിട്ടതും ഞെട്ടിവിറച്ചതും ഒരുമിച്ചായിരുന്നു !
"അയ്യോ ,എന്റെ പോക്കെറ്റ് അടിച്ചു ..."

സത്യം !
ഉടനെ കരണ്ടു പോയി .
ഫാന്‍ തിരിഞ്ഞ് നിന്നു.

"നാശം പിടിക്കാന്‍ ...
കരണ്ടും പോയി !"
 നാണ്വാര്‍.

അനോണിമാഷ്‌ എന്റെ പോക്കെറ്റ്‌ തപ്പിനോക്കി.
ശൂന്യം ശൂന്യം സര്‍വത്ര ..!
"എന്റെ ദൈവമേ ..
ഇനിയെന്ത് ചെയ്യും ..?"

"എന്നാല്‍ ഒരു കാര്യം ചെയ്യാം .
രണ്ടും കൂടെ അകത്തോട്ടു വാ ."
ഇപ്പോള്‍ ചെന്ന് നിന്നതോ ആട്ടുകല്ലിന്റെമുന്‍പില്‍ ...

"തല്‍ക്കാലം കരണ്ടു വരുന്നതുവരെ ഇത് അരച്ചേക്കൂ.."
ആട്ടു കല്ലില്‍ അരിയിട്ട് കൊണ്ടു നാണ്വാര്‍ പറഞ്ഞു .

"ഇതെങ്ങനെ പറ്റി മാഷേ ..?"
അരിയാട്ടുന്നതിനിടയില്‍ വിയര്‍പ്പൊപ്പി ഞാന്‍ ചോദിച്ചു .

"ങാ ,പറ്റിപ്പോയി...
ഞാന്‍ ഒരുത്തിയെ ബ്ലാക്ക് മയിലുചെയ്തു കുറച്ചു മണീസ് ഒപ്പിക്കാന്‍ ഇറങ്ങിയതാടാ...
ബസ്സില്‍ വച്ചാണെന്ന് തോന്നുന്നു  പോക്കെറ്റ്‌ അടിച്ചത് ...
ഹമ്മേ ..."

"ഹല്ലാ മാഷേ .
അപ്പോള്‍ ഈ ബോണ്ട ..?"

"അവള്‍ക്കു തന്നെ ..."

"പോട്ടെ മാഷേ .
അല്ല മാഷേ ...
ന്യു ഇയര്‍ ഒക്കെ ആയില്ലേ .
ബ്ലോഗേഴ്സിനു എന്തെങ്കിലും ...?"

"വേണം വേണം ...
എന്നാല്‍ എന്റെ പേര് കൂടെ വച്ചോ ..."

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെയും അനോണിമാഷിന്റെയും പുതു വത്സര ആശംസകള്‍ ...
*************

13 അഭിപ്രായങ്ങൾ:

 1. M.r pushpamgad, ഇത് തികച്ചും വേറിട്ട നര്‍മ്മവും വായനയുമായി. ഒരു സിനിമ കാണുന്ന പോലെ ഇത്ര ആസ്വദിച്ച് ഒരു നര്‍മ ഞാന്‍ അടുത്ത കാലത്ത് വായിച്ചിട്ടില്ല. ഇത് കൂടുതല്‍ പേര്‍ വായിക്കണം. ഞാന്‍ എന്റെ ഫ്രണ്ട്സ്നോട് പറയാം. താന്കള്‍ നല്ല ബ്ലോഗ്കളില്‍ പോയി കമ്മന്റുകള്‍ ഇടണം. അത് മാത്രമാണ് കൂടുതല്‍ പേര്‍ താങ്കളെ വായിക്കാനുള്ള വഴി. എല്ലാവരും വായിക്കണമെന്ന ആഗ്രഹം കൊണ്ട് പറയുകയാണ്‌.
  തികച്ചും വ്യതസ്തമായ രീതിയില്‍ പറഞ്ഞു. ആക്ഷേപഹാസ്യം.

  മറുപടിഇല്ലാതാക്കൂ
 2. നാളെയുടെ കാല്‍ വെപ്പില്‍
  നന്മയുടെ തിരിനാളം
  പാരില്‍ തെളിഞ്ഞും
  സ്നേഹത്തിന്‍ സുഗന്ധം
  മനസ്സില്‍ പൊതിഞ്ഞും

  വരവേല്‍ക്കാം കയ്കോര്‍ത്തു
  നവവര്‍ഷത്തെ നമുക്കൊന്നായി.

  മറുപടിഇല്ലാതാക്കൂ
 3. സലാം പറഞ്ഞത്‌ പോലെ നര്‍മ്മം ഇഷ്ടപ്പെട്ടു. പുതിയ രീതിയും കൊള്ളാം. ഇത്രയും ചെറിയ വരികളാക്കണ്ടായിരുന്നു എന്ന് തോന്നി. ഞാന്‍ എന്റെ ഒരു അഭിപ്രായം മാത്രം പറഞ്ഞതാണ് ട്ടോ.പുതുവല്സരത്തിലെക്കെത്തിച്ച രീതി നന്നായി.
  പിന്നെ ഫോളോ ചെയ്യുന്നതില്‍ എന്തോ കുഴപ്പം തോന്നുന്നു. കഴിഞ്ഞ തവണയും നോക്കിയിട്ട് ഫോളോ ചെയ്യാന്‍ പറ്റുന്നില്ല.അതുകൊണ്ട് പുതിയ പോസ്റ്റ്‌ കാണാന്‍ പ്രയാസം ഉണ്ട്.
  പുതുവല്‍സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. റാംജി ,
  ഫോളോ പ്രശ്നം പരിഹരിച്ചിട്ടുണ്ട് .
  ചെറിയ വരികള്‍ കഥയുടെ രസം കളഞ്ഞു എന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നുണ്ട് .
  നല്ല അഭിപ്രായത്തിന് പ്രത്യേക നന്ദി .

  ഫൈസു ,
  നല്ല ഒന്നാംതരം കവിത !

  സലാം ,
  ഒരു വഴികാട്ടിയുടെ സ്ഥാനത്തുകൂടിയാണ് പ്രിയ സ്നേഹിതാ താങ്കള്‍ നില്‍ക്കുന്നത് !

  പിന്നെ അഭിപ്രായങ്ങള്‍ എഴുതാതെ തന്നെ ഇവിടെ വന്നുപോയ എല്ലവര്‍ക്കും കൂടി എന്റെ സ്നേഹപൂര്‍ണമായ നന്ദി ...

  മറുപടിഇല്ലാതാക്കൂ
 5. കഥ നന്നായി.ഇനിയും എഴുതൂ..ആശംസകള്‍.താങ്കളോട് ഞാന്‍ പുതുവത്സരാശംസകള്‍ പറഞ്ഞാരുന്നോ..?അപ്പോ അതും കൂടി.ഒരായിരം നവ വത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഹ ഹ ചിരിപ്പിച്ചു. കറണ്ട് വേഗം വന്നോ അതോ അരി മുഴുവന്‍ കല്ലിലരക്കേണ്ടി വന്നോ?? എന്തായാലും നന്മനിറഞ്ഞൊരു പുതുവത്സരം നേരുന്നു

  മറുപടിഇല്ലാതാക്കൂ
 7. കൊവ്വപ്രത്ത്,
  മുല്ല,
  ജയരാജ്,
  അഭിപ്രായങ്ങള്‍ക്ക് നന്ദി..
  സ്വപ്നസഖി,
  നന്ദി, പിന്നെ കറണ്ടു വന്നോയെന്നൊനും ഞങ്ങള്‍ നോക്കിയില്ല.
  അനോണിമാഷിനും പോയിട്ടല്‍പ്പം കാര്യമുണ്ടായിരുന്നു.
  അതുകൊണ്ട് എല്ലാം ചടുപടോന്നു ആട്ടിത്തീര്‍ത്തു!

  മറുപടിഇല്ലാതാക്കൂ
 8. your blog malayalamuth is on nattupacha.
  see this at www.nattupacha.com
  congrats...

  മറുപടിഇല്ലാതാക്കൂ
 9. വളരെ രസകരമായി എഴുതി
  നല്ല വായനാനുഭവം
  വീണ്ടും എഴുതൂ!

  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .