2010, ഡിസംബർ 26, ഞായറാഴ്‌ച

അവള്‍ കാത്തിരിക്കുന്നു.

‘ഞാനിന്ന് എഴുന്നേല്‍ക്കാന്‍ വളരെ വൈകിപ്പോയിരിക്കുന്നു!‘
സ്റ്റൌവില്‍ തീ പടര്‍ത്തുമ്പോള്‍ അവള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

നേരം പുലരുന്നതേയുള്ളൂ.
എന്നിട്ടും ഞാന്‍ എന്തേ ഇത്ര വൈകിയത്!
ഇന്നലെ ഉറങ്ങാനും ഒരുപാടു വൈകിപ്പോയിരുന്നു.
കാരണം,
ഒരുപാട് വൈകിയിട്ടാണ് അദ്ദേഹം വന്നത്.
എന്നിട്ട് മത്തുപിടിച്ചപോലെ ഇപ്പോഴും കിടന്നുറങ്ങുന്നു.
നേരം പുലരും മുന്‍പേ എഴുന്നേറ്റുപോകാറുള്ള ആളുമാണ്.

എന്റെ ഭര്‍ത്താവിന് പകലുകളെ ഇഷ്ടമല്ല.
അദ്ദേഹത്തോടൊപ്പം അസ്തമയസന്ധ്യകളെ സ്നേഹിക്കാന്‍ ഞാനും പഠിച്ചുവരുന്നുണ്ടോ?
അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഞാനും പകുത്തെടുക്കുന്നുണ്ടോ?
ഉത്തരം അറിയാത്തവണ്ണം മനസ്സും മരവിച്ചുപോയിരിക്കുന്നു.

തേപ്പുപണിക്കുപോയി ജീവിച്ചിരുന്ന ആളാണ്.
ഇപ്പോള്‍ പണിയായുധം കത്തി!
ഒരുപക്ഷെ അതൊരു ‘S' ആകൃതിയില്‍ ആകാം.
അത് അങ്ങിനെത്തന്നെ ആണോയെന്ന് നിര്‍ണ്ണയിക്കാന്‍പോലും എനിക്ക് അവകാശമില്ലാതായിരിക്കുന്നു.
ഇപ്പോള്‍തന്നെ മൂന്നു കൊലപാതകങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഒന്ന് ബ്ലേഡ് മാഫിയക്കുവേണ്ടി.
രണ്ടെണ്ണം മണല്‍ മാഫിയക്കും...

ഡയറിയെഴുതുന്ന ശീലം എനിക്കുണ്ടായിരുന്നു.
പോലീസിനെ ഭയന്ന് എന്റെയാ ശീലവും മറന്നുപോയി ഞാന്‍.

അറിയാതെ മുഖം തടവിപ്പോകുന്നു.
ഉന്മാദത്തിന്റെ അതിമൂര്‍ദ്ധന്യതക്കിടയില്‍ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയിരുന്നതിന് മുഖമടച്ചുകിട്ടിയ ഒരടി.

പുറത്ത് പാല്‍ക്കാരന്‍ വന്നിരിക്കുന്നു.

അടുക്കളയില്‍ പാത്രങ്ങള്‍ കലമ്പല്‍ കൂട്ടുമ്പോഴും ,
വെള്ളത്തില്‍ കഴുകി ഗ്ലാസ് കമഴ്ത്തുമ്പോഴും പാല്‍ക്കാരന്റെ M 80 യുടെ ശബ്ദം കാതോര്‍ത്തു നില്‍ക്കാറുണ്ട്.
പക്ഷെ ഇപ്പോള്‍ ഹൃദയത്തെ അതു പരിഭ്രമിപ്പിക്കുന്നുണ്ട്.

“ഇന്നെന്തു പറ്റി?.
ഒരു മൂഡോഫ് പോലെ”
പാല്‍ക്കാരന്‍.

അവള്‍ വെറുതെ മൂളി.

“ആ പിന്നെ പനങ്ങോട്ടെ സൌദ തിരിച്ചെത്തീട്ടോ..”

അവള്‍ വെറുതെ തലയാട്ടി.

സൌദ എവിടെപോയതാണെന്ന് അവന്‍ ഒരാഴ്ചമുന്‍പ് പറഞ്ഞുതന്നിരുന്നത് അവള്‍ ഓര്‍ത്തു.

“ഇന്നെന്താ എന്നോട് സംസാരിക്കില്ലെന്നുണ്ടോ?”
പാല്‍ക്കാരന്‍ വിഷാദമാര്‍ന്ന മുഖത്തോടെ അവളോടു ചോദിച്ചു.

പാല്‍ക്കാരന്‍ അവള്‍ക്കു വേണ്ടി നിറക്കുന്ന പാല്‍ പാത്രം നിറഞ്ഞുതൂകി താഴെ വീഴുന്നതുപോലും അവളറിയുന്നില്ലെന്നു ഭാവിച്ചു.

ചായ തിളക്കുന്ന ശബ്ദം ഒരു രസം പോലെ ആസ്വദിച്ചുനില്‍ക്കുമ്പോളാണ് അടിയുടെ ശബ്ദവും  എന്തൊക്കയോ തട്ടിമറിഞ്ഞു വീഴുന്നതും അവളറിഞ്ഞത്!
അവള്‍ ഓടിയെത്തുമ്പോഴേക്കും അയാള്‍ പിടിക്കപ്പെട്ടിരുന്നു.

എല്ലാം എന്റെ തെറ്റ്.
എന്റെ അശ്രദ്ധകൊണ്ട് എല്ലാം സംഭവിച്ചു!
പോലീസുകാര്‍ വന്നതും വീടു വളഞ്ഞതും എന്തേ ഞാന്‍ അറിയാതിരുന്നു...
എല്ലാം ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്താമായിരുന്നില്ലേ..?
സുരക്ഷിതമായ ആ ഇടവഴി അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.
ഇതിപ്പോള്‍ ഞാന്‍ ഇങ്ങനെ...

വിലങ്ങണിഞ്ഞ് ജീപ്പില്‍ കയറുമ്പോള്‍ അദ്ദേഹമെന്നെ നോക്കിയിരുന്നു.
ആ നോട്ടത്തില്‍ എനിക്കുള്ള പരിവേഷം ഒരൊറ്റുകാരിയുടേതെന്ന് തിരിച്ചറിയാനാകുന്നുണ്ട്.
എല്ലാം എന്റെ പിഴ.
എന്റെ വലിയ പിഴ.
***********

9 അഭിപ്രായങ്ങൾ:

  1. തികച്ചും വിത്യസ്തമായ അവതരണം. സ്നേഹവും വിരസതയും നിലനില്‍പ്പും അമര്‍ഷവും എല്ലാം വന്നിട്ടുണ്ട് കഥയില്‍.
    നന്നായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല കഥ ...എല്ലാം ചെറുവാടി പറഞ്ഞു ...

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായിരിക്കുന്നു കഥ

    മറുപടിഇല്ലാതാക്കൂ
  4. പ്രസ്ക്തമായ വിഷയം
    സരളമായ ആഖ്യാനം

    മറുപടിഇല്ലാതാക്കൂ
  5. തികച്ചും വ്യത്യസതമായി അവതരിപ്പിച്ചു. ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  6. ഭര്‍ത്താവിന്റെ തെറ്റുകളും കുറ്റങ്ങളുമെല്ലാം ഭാര്യ ക്ഷമിക്കുന്നതും പൊറുക്കുന്നതും ഹൃദയത്തില്‍ അത്രമെല്‍ സ്നേഹം ഉള്ളത് കൊണ്ടാണു.എന്നെലും ഇയാള്‍ നന്നാവും എന്ന പ്രാര്‍ത്ഥനയില്‍...
    എഴുത്ത് നന്നായി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ചെറുവാടി,
    വിശകലം വളരെ നന്നായി !

    ഫൈസു,
    ജാസ്മി ,
    സുജിത് ,
    നിക്കു,
    സലാം ,
    നല്ല അഭിപ്രായങ്ങള്‍ തന്നെ തന്നു .

    മുല്ല ,
    സ്ത്രീ ഹൃദയം മുഴുവനും തുറന്നു കാട്ടിയിരിക്കുന്നു !

    പിന്നെ ഇവിടെ വന്നു പോയ എല്ലവര്‍ക്കും നന്ദി ...

    മറുപടിഇല്ലാതാക്കൂ
  8. വിലങ്ങണിഞ്ഞ് ജീപ്പില്‍ കയറുമ്പോള്‍ അദ്ദേഹമെന്നെ നോക്കിയിരുന്നു.
    ആ നോട്ടത്തില്‍ എനിക്കുള്ള പരിവേഷം ഒരൊറ്റുകാരിയുടേതെന്ന് തിരിച്ചറിയാനാകുന്നുണ്ട്.

    പരിവേഷങ്ങളുടെ കമ്പിളിയ്ക്കുള്ളില്‍ ഒളിച്ചു കിടക്കുന്നവളല്ലേ സ്ത്രീ...അവസാന വരികള്‍ തീര്‍ത്തും മനസ്സില്‍ കൊണ്ടു...അഭിനദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .