അദ്ധ്യായം അഞ്ച്.
സെയ്തലവി കുന്നുകയറിയതിൻ്റെ മൂന്നാം ദിവസം മുനീറിൻ്റെ തട്ടുകടയിലേക്ക് പതിവു ചായക്കായി ഉസ്മാൻ വന്നു.
രാവിലത്തെ പത്തു മണിച്ചായയുടെ തിരക്കിനു മുമ്പുള്ള ഒരുക്കലിൻ്റെതായ തത്രപ്പാടിലായിരുന്നു കടക്കാരൻ മുനീർ.
" മുനീറേ, ഇന്ന് സെയ്തലവിയെങ്ങാനും ചായ കുടിക്കാൻ വന്നോടാ?"
അന്വേഷിച്ചത് തൻ്റെ പ്രിയ സ്നേഹിതനെ പറ്റിയായിരുന്നെങ്കിലും ഉസ്മാനിലെ വർഗ്ഗ ബോധമുണർന്ന് തൻ്റെ സ്വരത്തിൽ അൽപ്പസ്വൽപ്പം അമർഷമൊക്കെ കൂട്ടിക്കലർത്തിക്കൊടുത്തിരുന്നു.
" ഇല്ല ഉസ്മാനിക്ക ."
"ഓനെ രണ്ടീസായിട്ട് കാണാനില്ലെന്ന് നമ്മടെ മുക്രിക്ക പറേണ് കേട്ടു. ഹും, ശെയ്ത്താൻ കയറിയ വീടു പോലായിട്ടുണ്ട് ഓൻ്റെ കാര്യം! "
ഉസ്മാൻ്റെ പരിതാപം സെയ്തലവിയുടെ വീട്ടിൽ ഇപ്പോൾ നടക്കുന്ന പുതിയ മാറ്റങ്ങളെപ്പറ്റിത്തന്നെയായിരുന്നു.
ആയതിൻ്റെ ഉത്കണ്ഠ മറച്ചുകാട്ടാതെ തന്നെ
ഉസ്മാനിപ്പോൾ അന്വേഷിച്ചത് തട്ടുകടക്കാരൻ മുനീറിനോടു മാത്രമായിരുന്നില്ല.
കടയിലപ്പോൾ ഉണ്ടായിരുന്ന പരിചിത മുഖങ്ങളിലത്രയും അയാൾ തൻ്റെ അന്വേഷണം നടത്തി.
എന്നാൽ അവരിലാരും തന്നെ സെയ്തലവിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞവരോ, അതിൽ വ്യാകുലപ്പെടുന്നവരോ ആയിരുന്നവരല്ല.
എന്നിരുന്നാലും സെയ്തലവിയുടെ വീട്ടിൽ നടന്ന മിശ്രവിവാഹത്തെ പറ്റി തള്ളിയും, കൊണ്ടും സംസാരിക്കാൻ അവർ തയ്യാറായിരുന്നു താനും!
മനുഷ്യബന്ധങ്ങളിൽ പലപ്പോഴും വിള്ളലും അകൽച്ചയും വീഴാൻ അധികനേരമെടുക്കുന്നില്ല.
അത്തരം സമയത്ത് വളരെ അടുത്തിരുന്നവർ തമ്മിൽ തമ്മിൽ പരസ്പരം നോക്കാനോ സന്തോഷം പങ്കുവെയ്ക്കാനോ വളരെയധികം മടിച്ചു പോകുന്നു.
കണ്ണിമ തുറന്നടക്കും വേഗത്തിൽ
മനുഷ്യന് അധികം സൂചനകൾ നൽകാതെത്തന്നെ കാലം അത്രയെളുപ്പത്തിൽ അവരെ വാരിക്കുഴികളിൽ അവനെ ചാടിച്ചു വീഴ്ത്തുന്നു.
മുനീറിൻ്റെ കടയിൽ പലതരം ആളുകളും വന്നു പോകുന്നു.
അവർക്കൊക്കെ കൈയ്യിൽ ഇത്തരം ധാരാളം വിശേഷങ്ങൾ സംസാരിക്കാൻ ഉണ്ടുതാനും.
മനുഷ്യൻ ഒരേ ചുവപ്പു നിറമുള്ള രക്തം ഉള്ളവരാണെങ്കിലും പലതരക്കാരായി ഭിന്നിച്ചിരിക്കകൊണ്ട് പല നിറത്തിലുള്ള വേഷങ്ങൾ ധരിച്ചെത്തുകയും പരസ്പരം അത്തരം നിറങ്ങൾ ധരിപ്പിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ്.
ചിലപ്പോളൊക്കെ ആയതിൻ്റെ വൈജാത്യങ്ങൾ അവിടെ പ്രകടമായ തർക്കമായും വാഗ്വാദമായും വളർന്നു പന്തലിച്ച് തട്ടുകടയെ ഉന്മാദത്തിലേക്ക് തള്ളിയിടാറുണ്ട്.
സെയ്തലവിയുടെ കാര്യത്തിലും ഇങ്ങനെയൊന്ന് മുനീറിൻ്റെ പക്കൽ നിന്നും ഒരു നിരോധനം ഏറ്റുവാങ്ങാവുന്ന പാകത്തിൽ പെട്ടെന്നവിടെയുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു തർക്ക വിഷയമാണെന്ന കാര്യം ഉസ്മാനും മുനീറും പ്രത്യേകം ഓർത്തുവെച്ചിരുന്നു.
"എന്നും ഈ നേരത്ത് ഒരു ചായ കുടിക്കാൻ വരാറുള്ളതാണ്. മിനിങ്ങാന്ന് കുന്നുകയറിപ്പോവുന്നത് കണ്ടോര്ണ്ട്. ഇനിയിപ്പോ വല്ല ബന്ധുക്കളോടേം പോയിട്ട്ണ്ടാവും."
അതുകൊണ്ടു തന്നെ മുനീർ തനിക്കീ കാര്യത്തിലുള്ള അനുമാനങ്ങൾ ഒരു തർക്ക വിഷയമായി മാറിപ്പോകാതെ എല്ലാം ചെറിയൊരഭിപ്രായത്തിൽ മാത്രമൊതുക്കി, തിളച്ച വെള്ളത്തിൽ ചായപ്പൊടിയുടേതായ ചുവന്ന നിറം നേർപ്പിച്ചു ചേർക്കുന്നതിൽ വ്യാപൃതനായി.
"എത്രയായാലും മോൾക്കും മര്യോന്ക്കും അറിയാണ്ടിരിക്കില്ലല്ലോ. വര്ന്ന വഴിക്കൊന്ന് ചോദിക്കായിരുന്നില്ലേ?"
ഉസ്മാൻ്റെ അടുത്ത ബന്ധത്തെ അകത്തി മാറ്റിയിടത്ത് മാത്രം ഒന്നമർത്തിയൂന്നി ഒരാൾ ചോദിച്ചു !
"ഹും!" ഉസ്മാനിക്ക പുറത്തേക്കൊന്ന് നീട്ടിത്തുപ്പി.
" ആ . ഒരു ചായയെടുക്ക്."
അവർക്കിടയ്ക്കും കുറച്ചു നേരം മൗനം കനലിട്ടു.
ചായ തിളക്കുന്നതിൻ്റേയും ചില്ലു ഗ്ലാസ്സിൽ പകർത്തുന്നതിൻ്റേയും പലഹാര പാത്രങ്ങൾ കലമ്പൽ കൂട്ടുന്നതിൻ്റേയും ശബ്ദങ്ങൾ മാത്രം ധൃതി പിടിച്ചു നടന്നു.
എങ്കിലും ചുട്ടു നീറ്റലിൻ്റേതായ ചില നിശ്വാസങ്ങൾ ഉസ്മാനിൽ നിന്നുണ്ടായി.
" സെയ്തലവി ഇതുവരെ ഇവിടെ വന്നു കടം പറഞ്ഞിട്ടില്ല.
അതിലും കൂടുതലായി എനിക്കു വേറൊന്നും ആരോടും ചോദിക്കാനുമില്ല.
വരും.
എന്നും പതിവുള്ള കാര്യമായതോണ്ട് ചായ ചോയിക്കാതെ തന്നെ ഞാനെടുത്തു കൊടുക്ക്യേം ചെയ്യും.
നിങ്ങക്കൊക്കെ ഉള്ളതുപോലെ അത്ര ഉത്സാഹം എനിക്കിതിലൊന്നുമില്ല"
സംവാദകനെ ഒന്നിരുത്തി നോക്കി മുനീർ എല്ലാം അവിടെത്തന്നെ ഒതുക്കി നിർത്തി.
" മുനീറേ, വീട്ടിൽ സഫിയാൻ്റെ പിള്ളേര് വന്നിട്ട്ണ്ട്ടാ.നാല് പരിപ്പുവട എനിക്കു പൊതിഞ്ഞോടാ"
മുനീർ പരിപ്പുവട നാലെണ്ണമെടുത്ത് കടലാസിൽ പൊതിഞ്ഞെടുത്ത് ഉസ്മാനുകൊടുത്തു.
തട്ടുകടയിൽ ആളു കൂടിത്തുടങ്ങി.
ചർച്ച ചെയ്യാൻ വിഷയമന്വേഷിക്കുന്നവർ സെയ്തലവിയെ പറ്റി കൂടുതലോർക്കാൻ അതു പ്രത്യേക കാരണമായി.
ആദ്യമൊക്കെ നല്ലവണ്ണത്തിൽ കുടവയറൊക്കെയുള്ള മനുഷ്യനായിരുന്നു സെയ്തലവി .
അതും ആറടി ഉയരത്തിൽ!
അദ്ദേഹത്തിൻ്റെ ഭാര്യ അകാലത്തിൽ മരിച്ചതാണെന്നും അവർക്കു കാൻസറായിരുന്നുവെന്നും അവരെല്ലാവരും ഒരുമിച്ചുകൂടിയിരുന്നുള്ള സംഭാഷണത്തിൽ നിന്നും വ്യക്തമായിരുന്നു.
തനിക്കു വേണ്ടി മതം മാറി ഉമ്മുകുൽസുവായ തൻ്റെ സ്നേഹനിധിയായ ഭാര്യക്കു വേണ്ടി അമല കാൻസർ സെൻ്ററിൽ ചികിത്സയുറപ്പിച്ചതും അവർ സമയാസമയങ്ങളിൽ ആവശ്യപ്പെട്ടിരുന്ന പണമത്രയും നൽകി ചികിത്സിച്ച കൂട്ടത്തിൽ കടം വളരെ ഉയരെ കുമിഞ്ഞുകൂടിയതും പിന്നീടാരും
ആരും അയാൾക്കു കടം കൊടുക്കാതെയായി തുടർ ചികിത്സയെ ബാധിച്ചതുമെല്ലാം അവർ ആ ചർച്ചയിൽ വിഷയമാക്കി.
കിട്ടിയ വിലക്ക് സ്വത്തു വിറ്റു.
അതിൽ നിന്നേറെയെടുത്ത് പിന്നെയും ചികിത്സിച്ചു.
എന്നിട്ടും ചികിത്സക്കൊടുവിൽ അയാളുടെ ഭാര്യ മരിച്ചു പോയി.
എല്ലാം പടച്ചവൻ്റെ പരീക്ഷണം എന്നു കരുതി അയാൾ സ്വയം സമാശ്വസിച്ചു.
പിന്നീട് അയാൾക്ക് ഒരിക്കലും തൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിച്ചില്ല. ഷുഗറുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്.
പ്രഷറുണ്ടോ എന്നു ചോദിച്ചാൽ അതുമുണ്ട്.
മുതലാളിമാർക്കു മാത്രം വന്നിരുന്ന അസുഖങ്ങളൊക്കെയും അയാൾക്കും കൂട്ടുണ്ടായി.
സെയ്തലവി ദരിദ്രനായി.
കുറഞ്ഞ വില കൊടുത്തു വാങ്ങിയ പുതിയിടത്തേക്ക് താമസം മാറി വരുകയും ചെയ്തു.
സെയ്തലവിക്ക് നല്ല തല്ലുകാരനുള്ള രൂപസാദൃശ്യമൊക്കെ പണ്ടുണ്ടായിരുന്നു. അതും പലിശക്കാരൻ വർഗ്ഗീസ് മാപ്പിളയുടെ കാര്യസ്ഥപ്പണി ചെയ്തിരുന്ന കാലത്ത് .
എന്നാൽ തല്ലുകൊണ്ടും കൊടുത്തുമല്ല സെയ്തലവി ഇന്നാൾ വരെ ജീവിച്ചു പോന്നത്.
പണം പലിശക്കു വാങ്ങിക്കൊണ്ടു പോകുന്നവരിൽ തിരിച്ചടവിനു മടി കാണിക്കുന്നവരെ തിരഞ്ഞുപിടിച്ച് ശാസിക്കാനും, വിരട്ടി പാകപ്പെടുത്തി തിരിച്ചടവിനു തയ്യാറാക്കാൻ വേണ്ടിയും വർഗ്ഗീസുമാപ്പിള കണ്ടെത്തിയ ഒരു സാധ്യത മാത്രമായിരുന്നു സെയ്തലവിയുടെ തണ്ടും തടിയും ഒട്ടുമിക്കതും!
ഒരിക്കൽ കണ്ടങ്കോരനെ അവൻ പണി ചെയ്തിരുന്ന പാടവരമ്പിൽ വെച്ചു തന്നെ കഴുത്തിനു കുത്തിപ്പിടിച്ച് പൊന്തിച്ചു നിർത്തിയിട്ടുണ്ട് സെയ്തലവി!
അതു നുണയായിരുന്നില്ല.
അതുണ്ടായത് അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലല്ലായിരുന്നു.
പിന്നെയോ, മകളുടെ തിരണ്ടു കല്യാണത്തിന് ചിലവാവശ്യങ്ങളുടെ പേരിൽ വർഗ്ഗീസുമാപ്പിളയോട് കണ്ടങ്കോരൻ കടം കൊണ്ടു എന്നതായിരുന്നു കാരണം.
ഇവിടെ സെയ്തലവിയെ പ്രകോപിപ്പിക്കാനുണ്ടായ വിഷയം കണ്ടങ്കോരന്റെ തിരിച്ചടവ് വല്ലാതെ നീണ്ടുപോയി എന്നതായിരുന്നു.
മാപ്പിളക്കു വേണ്ടി കുരുമുളകും അടക്കയും കൊപ്രയുമൊക്കെ വാങ്ങിക്കൂട്ടാൻ സെയ്തലവി പല സ്ഥലത്തും പോയിട്ടുണ്ട്.
കുറഞ്ഞ വിലക്കു കിട്ടാൻ പേശി നിന്നിട്ടുണ്ട്. ഒടുവിൽ മാപ്പിളക്ക് വയസ്സായി ശാരീരികാവശതകൾ വന്നതോടെ അയാളുടെ കാര്യസ്ഥ പണി ഉപേക്ഷിച്ച് അത്തരം കച്ചവടങ്ങൾ സ്വന്തമായി ഏറ്റെടുത്ത് നടത്താൻ തുടങ്ങുകയായിരുന്നു.
കുയിലത്ത് നായർ തറവാട്ടിൽ ധാരാളം കവുങ്ങും തെങ്ങും വാഴയുമുണ്ടായിരുന്നു.
വലിയ പാടശേഖരത്തിൽ ധാരാളം നെല്ലു വിളഞ്ഞുകിട്ടുമായിരുന്നു.
ആയതിൻ്റെ കച്ചവട സാധ്യതകൾക്കിടയിലാണ് ഉമ്മു കുത്സുവിനെ സെയ്തലവി കാണുന്നതും കൂടെയിറക്കിക്കൊണ്ടു പോന്നതും.
നാലുനാൾ കൊണ്ടു തന്നെ മതം മാറ്റി കുടുംബത്തിൽ പുതുമണവാട്ടിയാക്കി കൊണ്ടുവന്നു കയറ്റി.
പുതിയ ഹൂറിയെ ഉപ്പയും ഉമ്മയും സഹോദരങ്ങളും സ്നേഹപൂർവ്വം വരവേറ്റു.
മഹല്ലു കമ്മറ്റിക്കും എതിരഭിപ്രായമുണ്ടായില്ല. എങ്കിലും പതിവുപോലെ
ചിലർ സഹതപിച്ചു.
ചിലർ കുറ്റപ്പെടുത്തി.
അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങളുണ്ടായി.
കാലം ക്രമേണ അവിടെയും ശാന്തമായി.
ശിവരാമൻ നായർ ശിവസേനക്കാരനാണ്.
അദ്ദേഹം സെയ്തലവിയെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കണം എന്ന അഭിപ്രായക്കാരനാണ്.
പള്ളിപ്പാട്ട് തറവാട്ടു കാരനാണെങ്കിലും അദ്ദേഹത്തിന് കുയിലത്തുകാരോടും പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
അത് തൻ്റെതായ വർഗ്ഗബോധത്തിൻ്റെ പുറത്തായിരുന്നു താനും.
സംവാദകനായ ശിവരാമൻ നായരുടെ സാന്നിധ്യം ചർച്ചയിൽ വേർതിരിഞ്ഞു വന്നപ്പോൾ തങ്ങളുടെ ഹിന്ദു സഹോരങ്ങളുടെ വോട്ട് ഭിന്നിച്ചു പോകരുതെന്ന് അഭിപ്രായമുള്ളവർ അയാൾക്കു കൂടെച്ചേരുകയും ചില കമ്യൂണിസ്റ്റ് അനുഭാവികൾ വിരോധ ശബ്ദത്തിൽ അവിടെ മൂളുകയും ചെയ്ത് തട്ടുകടയിലെ ഈ ചർച്ചക്ക് വളരെ ഗൗരവ സ്വഭാവം വരുത്തി.
വെളിച്ചപ്പാട് മണിയേട്ടൻ്റെ ചായക്കടയിൽ നിന്നേ ചായ കുടിക്കൂ.
മുനീറിൻ്റെ തട്ടുകടയിലേക്ക് വരാറില്ല. സ്വാതന്ത്ര്യാനന്തരഭാരതം ഇന്ത്യയും പാക്കിസ്ഥാനുമായി രണ്ടായി വിഭജിക്കപ്പെട്ടതാണ് വെളിച്ചപ്പാടിൻ്റെ ഈ പ്രതികൂല നിലപാടിനു കാരണമെന്ന് ശിവരാമൻ നായർ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നത് ഈ അവസരത്തിൽ മുനീർ ഓർത്തു .
ഒന്നമർത്തിച്ചിരിച്ച് താൻ കടുപ്പത്തിലെടുത്ത ചായ ഡെസ്കിൽ ശിവരാമൻ നായർക്കു മുന്നിലായി അമർത്തിതന്നെ പതിപ്പിച്ചു വെച്ചു.
ചർച്ച അതിരു കടന്നപ്പോൾ സെയ്തലവീ വിഷയം ചായ ഗ്ലാസ്സുകൾക്കിടയിലും അവയിരിക്കുന്ന കൈകൾക്കിടക്കും പെട്ടെന്നൊരു ക്ഷോഭമായി ഉരുത്തിരിയുകയും പെട്ടെന്നു തന്നെ ഉസ്മാൻ ചായ കുടി മതിയാക്കി പോകാനെഴുന്നേൽക്കുകയും ചെയ്തു.
മറവിക്കൂടുതൽ കാരണം കടം കൊടുക്കുന്നതല്ല എന്നൊരു സ്റ്റിക്കർ മുനീർ തൻ്റെ തട്ടു കടയിൽ നേരത്തെ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
ഉസ്മാൻ അവിടേക്കൊന്നു വിരലോങ്ങി.
" ഞാനിത്തിരി മറവി കൂടുതലുള്ള ആളാ. ഇന്നാ അൻ്റെ പൈസ "
ഉസ്മാൻ തൻ്റെ ചായ പൈസയും കൊടുത്ത് പുറത്തിറങ്ങിപ്പോയി.
"സെയ്തലവിയുടേത് പോക്കാക്കില്ലത്ത് തറവാടും ഉസ്മാൻ്റെ തറവാട് അമ്പലത്തുമാണ് .
ശിവരാമൻ നായരുടേതാകട്ടെ പള്ളിപ്പാട്ടും. ഹിന്ദുവാണെന്നു കരുതി പള്ളിപ്പാട്ട് കളയാനും മുസ്ലിമാണെന്നു കരുതി അമ്പലവും ഇല്ലവും തറവാട്ടു പേരിൽ നിന്ന് മാറ്റാനും മൂവരും വിചാരിച്ചാൽ സാധിക്കുകയുമില്ല.
മനുഷ്യൻ്റെ രക്തം ചുവപ്പാണ്.
അതിനും പച്ച നിറമോ കാവിയോ കൊടുക്കാനൊന്നും പറ്റില്ല.
നിങ്ങൾ എൻ്റെ അഭിപ്രായത്തോട് യോജിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,
ഞാൻ എൻ്റെ അഭിപ്രായം എവിടെയും തുറന്നു പറയും "
പാർട്ടിയുടെ മുൻ ബ്രാഞ്ചു സെക്രട്ടറിയായിരുന്ന ചിറ്റിലപ്പിള്ളി തറവാട്ടുകാരൻ മുരളി പരിപ്പുവടയലമാരി തുറന്നടച്ച് തൻ്റെ സംതൃപ്തി കട്ടൻ ചായയോടു ചേർക്കുന്നതിനിടയിൽ ചർച്ചയിൽ കടന്നു കയറി തൻ്റേതായ ശബ്ദം അഭിപ്രായ രൂപത്തിൽ രേഖപ്പെടുത്തി.
ആരോ ചുമക്കുന്ന ശബ്ദം.
മുനീർ ആളെ തിരഞ്ഞു.
മുക്രിക്കയാണ്.
" എന്താ മുക്രിക്ക?"
" മൂന്നു ചായ പള്ളിയിലേക്ക് കൊടുത്തു വിട്"
"ആവാം"
മുക്രിക്ക പള്ളിയിലേക്കു തന്നെ തിരിച്ചു നടന്നു.
ഭ്രാന്തൻ കുന്നിൽ നിന്നും കരിങ്കല്ലു നിറച്ച ഒരു ടിപ്പർ കടക്കു മുന്നിൽ നിന്നു.
" ഒരു സ്ട്രോങ്ങ് ചായ "വണ്ടിയിലിരുന്നു തന്നെ ഡ്രൈവർ തൻ്റെ ചായ ഓർഡർ ചെയ്തു.
" ആരെങ്കിലും കളിക്കാനുണ്ടോ?"
ചോദ്യം വന്നപാടെ കുറച്ചു പേർ എഴുന്നേറ്റു.
അവർ ഒരു ചീട്ടുകളി സംഘമായിരുന്നു.
"സെയ്തലവി എവിടെയുണ്ടെന്ന് എനിക്കറിയാം. അങ്ങേര് സാന്ത്വനത്തിലുണ്ട്."
മുരളിയുടെ വെളിപ്പെടുത്തലിൽ അവർ എല്ലാവരും ഉത്തരമറിഞ്ഞു.
" അയാൾ അവിടത്തെ അന്തേവാസിയായി മാറി.
അതിൻ്റെ കാരണക്കാർ നമ്മളോരോരുത്തരുമാണ്.
മതവും ജാതിയും തിരിഞ്ഞ് പരസ്പരം തമ്മിലടിക്കാനും കുറ്റപ്പെടുത്തി പരിഹസിക്കാനും നമ്മൾ സമയം കണ്ടെത്തുമ്പോൾ ഇതുപോലുള്ള പൊതു സമൂഹത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട് അനാഥാലയത്തിൻ്റെ ഇടുങ്ങിയ മൂലകളിൽ ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന എത്രയെത്ര സെയ്തലവിമാർ നമ്മുടെ നാട്ടിലുണ്ടെന്ന് ചിന്തിക്കാൻ മാത്രം നമുക്ക് സമയമോ മനസ്ഥിതിയോ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ?"
മുരളി ചിറ്റിലപ്പിള്ളി എല്ലാവരെയും കൂട്ടി നിർത്തി ശാസിച്ചു.
" അതെങ്ങനെ ഇത്ര ഉറപ്പിച്ചു പറയാൻ പറ്റും? മുരളി ഇത് നേരിട്ടു കണ്ടോ?"
ശിവരാമൻ സംശയനിഴലിട്ട് തുടർ സംവാദത്തിനു മുതിർന്നു.
"ഞാൻ കണ്ടില്ല.
പക്ഷെ, ഒരടിയന്തര സദ്യക്ക് ശേഷം ബാക്കി വന്ന ഭക്ഷണം സാന്ത്വനത്തിൽ കൊണ്ടു കൊടുക്കാൻ പോയ എൻ്റെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കൾ നേരിട്ട് കണ്ടതാണ് .
അവർ ആളോടു സംസാരിക്കുകയും ചെയ്തു.
എല്ലാവരുടേയും പ്രവൃത്തി ഗുണം കൊണ്ട് മനസ്സു പൊള്ളിയിട്ടാണ് ആ പാവം സാന്ത്വനം റീഹാബിലിറ്റേഷൻ സെൻ്ററിലേക്ക് പോയത്"
മുരളി എല്ലാവരുടേയും സന്ദേഹങ്ങളെ പെരുക്കിയലക്കി അവസാനിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .