2010, ഡിസംബർ 30, വ്യാഴാഴ്‌ച

നര്‍മ്മം വന്ന വഴി... !

ഇരു കൈകളും തലയില്‍ വച്ച് ,
മുടിയിഴകളില്‍ തടവിത്തടവി പിന്നെയിങ്ങനെ ചുരുട്ടിപ്പിടിച്ച്  രണ്ടു ഭാഗത്തേക്കു പിടിച്ചുവലിച്ച് ,
പല്ലുഞെരിച്ച്  ഇങ്ങനെ ഇങ്ങനെ ...

‘ഗ്വാ‍...‘
പെട്ടെന്നൊരു ഓക്കാനം.
ദാ കിടക്കുന്നു..!
വെള്ളി വാളു പോലൊരു നര്‍മ്മം...!!

“എന്നാ തൊടങ്ങാല്ലേ ആശാനെ ”
പിറന്ന പാടെ മിടുക്കന്‍ പറഞ്ഞു.
എന്നിട്ട്  മടിക്കുത്തിനു പിടിച്ച്  ദാ ദിങ്ങനെ ദിങ്ങനെ ദിങ്ങനെ...

...((((റോ)))...
ചെന്ന് വീണത്‌ നാണ്വാരുടെ ചായക്കടയില്‍ .
ഹമ്മേ ...
(നടുവുളുക്കിയെന്നു തോന്നുന്നുണ്ട്).

“ഒന്നും പറ്റിയിട്ടില്ലാ.
ചുമ്മാ..”
വെറുതെ ഒരു കമന്റിട്ടുനോക്കിയതാണ്.
ആളു വീണു. !
ഹി...ഹി...

എന്റെ വാക്കുകേട്ട്  ആശ്വാസത്തോടെ ‘കറു മുറാ ‘ന്ന്  പപ്പട വട കടിച്ചുതിന്ന്  മധുരമലിയാത്ത ചായ ഇങ്ങനെ ഇളക്കിയിളക്കി വീണ്ടും പണി തുങ്ങിയത്  ആരാന്നറിയാമോ..!
നമ്മുടെ പ്രശസ്ത...(പേരു പറയുന്നില്ല).
ഹി...ഹി...

“ഗൊള്ളാം മാഷെ.വരവ് അസ്സലായി”.

ഞാന്‍ ലജ്ജിച്ചുപോയി.
നാണ്വാരെല്ലാം കണ്ടിരിക്കുന്നു !

“എന്നാ പിന്നെ ഒരു ചായയാവാം”.
നാണ്വാര്.

ചായയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ,
പെട്ടെന്നുള്ള യാത്രത്തിരക്കിനിടയില്‍ കാശെടുക്കാന്‍ മറന്നിരിക്കുന്നു!

“അപ്പോ കടിക്കാനെന്താ ?”
ദേ പിന്നേം നാണ്വാര്.

കടിയുടെ കാര്യം അങ്ങിനെ ചിന്തിച്ചിരുന്നപ്പോഴാണ് ‘ക്ടിം...’ എന്ന ശബ്ദം.

അവനാരാ മ്വാന്‍...
നാണ്വാരുടെ മോന്‍...
കൈ തട്ടി ഒരു ഗ്ലാസ് താഴത്തിട്ട് പൊട്ടിച്ചിരിക്കുന്നു...!

'ട്ടപ്‌ '
നാണ്വാരുടെ കൈയും വെറുതെയിരുന്നില്ല.
കരഞ്ഞുകൊണ്ട് ഓടിപ്പോകുന്ന പോക്കില്‍ ഒരു ബോണ്ടയെടുക്കാന്‍ മ്വാനും മറന്നില്ല.
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആയിരിക്കെ ആണ് ,
“ഒരു ബോണ്ട പാഴ്സല്‍ “എന്നു പറഞ്ഞ് ഒരു അജ്ഞാതന്‍ വന്നുകയറിയത് !

ഊശാന്താടിയും തോള്‍സഞ്ചിയും മുറിബീഡിയും ഒക്കെയുണ്ട്.

നാണ്വാര് ആഗതനെ ഒന്ന് അടിമുടി നോക്കി.
ഞാനപ്പോള്‍ ആടുന്ന ബഞ്ചില്‍ ബാലന്‍സുചെയ്യുന്നതിന്റെ തത്രപ്പാടിലായിരുന്നു.
പെട്ടെന്നാണ് ബെഞ്ചിന്റെ എതിര്‍ സൈഡില്‍ അജ്ഞാതന്‍ ‘ടപ്പേ’ എന്നു വന്നിരുന്നത്.
പിന്നെ ഞങ്ങള്‍ രണ്ടു പേരും ബെഞ്ചും കൂടെ താഴെകിടന്ന് സ്നേഹിച്ചു സ്നേഹിച്ച്...

“ഓ സോറി”
അജ്ഞാതന്‍ സോറി പറഞ്ഞു കൈ തന്നു.
പിന്നെ എനിക്കെന്താ..
“ഞാനും സോറി”

നാണ്വാരുമാത്രം ശകലം മാത്രം കടുപ്പമുള്ള ഭാഷയില്‍ പതുക്കനെ രണ്ടു തെറി പറഞ്ഞിട്ട് ബെഞ്ചിനെ കയ്യും കാലും വേറെ പെറുക്കിയെടുത്ത് ഒരു മൂളലോടെ ഷിഫ്റ്റ് ,
ഒരൊഴിഞ്ഞ മൂലയിലേക്ക്...

അടുത്ത ബെഞ്ചില്‍ അത്രമാത്രം ശ്രദ്ധിച്ച് ഞങ്ങള്‍ വീണ്ടും ഇരിപ്പായി.

“ബൈ ദ ബൈ ഇപ്പോള്‍ കഴിക്കാന്‍ എന്താണുള്ളത് ?”
അജ്ഞാതന്‍ താടിയൊന്നു തടവി.

നാണ്വാര് വീണ്ടും ഒന്ന് മൂളി.
പിന്നെ മനസ്സലിഞ്ഞു .
"ദോശ,ഇഡ്ഡലി ,പുട്ട് ,പൊറോട്ട .."

"കറി ?"
ഊശാന്താടി.

"ബീഫുണ്ട് ,പിന്നെ സാമ്പാറും .."
നാണ്വാര് ഒന്നിരുത്തിനോക്കി .

"എന്നാപിന്നെ രണ്ടുപേര്‍ക്കുള്ള പൊറോട്ടയും ബീഫും പോരട്ടെ .."

അതെന്തിനാ രണ്ടുപേര്‍ക്കുമെന്നു ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഊശാന്താടി എന്നോടൊരു ചോദ്യം ..
"ബൈ ദ ബൈ കൂടെ കഴിക്കുന്നതില്‍ വിരോധം വല്ലതും ..?"

അന്ധാളിച്ച് ഇല്ല ഇല്ല എന്നുഞാന്‍ കണ്ണടച്ചു കാണിച്ചു .
"മനസ്സിലായില്ലായിരുന്നു ..?"

"ഓ സോറി .
പരിചയപ്പെടുത്താന്‍ ഞാന്‍ മറന്നുപോയി .
കണ്ടിട്ടുമനസ്സിലായില്ല അല്ലെ .
കേട്ടാല്‍ അറിയും .
എന്റെ പേര് അനോണിമാഷ്‌ ."

എന്റമ്മേ ..
ഞാനൊന്നു കിടുങ്ങി ..!
"ഈ കമന്റുകള്‍ എല്ലാം ഇടുന്ന ...?"

"തന്നെ തന്നെ .."

"പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം !
എന്റെ പേര് ...."

"അറിയാം അറിയാം .
താങ്കളുടെ ബ്ലോഗിലും ഞാന്‍ രണ്ടു മൂന്നെണ്ണം പൂശിയിട്ടുണ്ട് ."

"ഹ ...തെ.
ന ..നന്നായിട്ടുണ്ട് .."

 നാണ്വാര് ഞങ്ങളുടെ മുന്‍പില്‍ പൊറോട്ടയും ബീഫും നിരത്തി .
"മുട്ട പുഴുങ്ങിയത് ഉണ്ടായിരുന്നു .."

"വേണോ ?"
അനോണിമാഷ്‌ എന്നോടു ചോദിച്ചു .

"ആകാമല്ലേ .."
ഞാന്‍ .

ഉടനെ അതും നിരത്തപ്പെട്ടു .

"അവളെ പിന്നെ കണ്ടുവോ ?"
അനോണിമാഷ്‌ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം എറിയുന്നു !

"അത് പിന്നെ ...അത് പിന്നെ ..."

മാഷ് അല്‍പ്പംകൂടി എന്നോടു ചാഞ്ഞിരുന്നു.
"പറഞ്ഞോളൂ .."

കഥ രസം കേറുന്നത് കണ്ടു നാണ്വാരും കൂടെ കൂടി .
"പറഞ്ഞ് കൊടുക്ക് മോനെ ആ മാഷുക്ക് "

"ഇല്ല കണ്ടിട്ടില്ല ... "

"ശരിക്കും ?
നന്നായിട്ടാലോചിച്ചുനോക്ക്...
ഒരു നിഴല് പോലെയെങ്കിലും ...?"

"സത്യമായിട്ടും ഇല്ലന്നെ ".

അങ്ങിനെയിരിക്കെ മേശപ്പുറം കാലിയായി!

"എല്ലാം കൂടി എത്രയായി ?"
മാഷ്   നാണ്വാരോട്‌ ബില്ല് ചോദിച്ചു .

"എല്ലാം കൂടെ ഒരു തൊണ്ണൂറ്റിയന്ച് അന്‍പത്‌ "
നാണ്വാരു വിരല്‍ക്കുലേട്ടര് കൂട്ടി നോക്കി പറഞ്ഞു.

അനോണിമാഷ്‌ ഈസിയായി പോക്കറ്റില്‍ വിരലിട്ടതും ഞെട്ടിവിറച്ചതും ഒരുമിച്ചായിരുന്നു !
"അയ്യോ ,എന്റെ പോക്കെറ്റ് അടിച്ചു ..."

സത്യം !
ഉടനെ കരണ്ടു പോയി .
ഫാന്‍ തിരിഞ്ഞ് നിന്നു.

"നാശം പിടിക്കാന്‍ ...
കരണ്ടും പോയി !"
 നാണ്വാര്‍.

അനോണിമാഷ്‌ എന്റെ പോക്കെറ്റ്‌ തപ്പിനോക്കി.
ശൂന്യം ശൂന്യം സര്‍വത്ര ..!
"എന്റെ ദൈവമേ ..
ഇനിയെന്ത് ചെയ്യും ..?"

"എന്നാല്‍ ഒരു കാര്യം ചെയ്യാം .
രണ്ടും കൂടെ അകത്തോട്ടു വാ ."
ഇപ്പോള്‍ ചെന്ന് നിന്നതോ ആട്ടുകല്ലിന്റെമുന്‍പില്‍ ...

"തല്‍ക്കാലം കരണ്ടു വരുന്നതുവരെ ഇത് അരച്ചേക്കൂ.."
ആട്ടു കല്ലില്‍ അരിയിട്ട് കൊണ്ടു നാണ്വാര്‍ പറഞ്ഞു .

"ഇതെങ്ങനെ പറ്റി മാഷേ ..?"
അരിയാട്ടുന്നതിനിടയില്‍ വിയര്‍പ്പൊപ്പി ഞാന്‍ ചോദിച്ചു .

"ങാ ,പറ്റിപ്പോയി...
ഞാന്‍ ഒരുത്തിയെ ബ്ലാക്ക് മയിലുചെയ്തു കുറച്ചു മണീസ് ഒപ്പിക്കാന്‍ ഇറങ്ങിയതാടാ...
ബസ്സില്‍ വച്ചാണെന്ന് തോന്നുന്നു  പോക്കെറ്റ്‌ അടിച്ചത് ...
ഹമ്മേ ..."

"ഹല്ലാ മാഷേ .
അപ്പോള്‍ ഈ ബോണ്ട ..?"

"അവള്‍ക്കു തന്നെ ..."

"പോട്ടെ മാഷേ .
അല്ല മാഷേ ...
ന്യു ഇയര്‍ ഒക്കെ ആയില്ലേ .
ബ്ലോഗേഴ്സിനു എന്തെങ്കിലും ...?"

"വേണം വേണം ...
എന്നാല്‍ എന്റെ പേര് കൂടെ വച്ചോ ..."

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെയും അനോണിമാഷിന്റെയും പുതു വത്സര ആശംസകള്‍ ...
*************

2010, ഡിസംബർ 26, ഞായറാഴ്‌ച

അവള്‍ കാത്തിരിക്കുന്നു.

‘ഞാനിന്ന് എഴുന്നേല്‍ക്കാന്‍ വളരെ വൈകിപ്പോയിരിക്കുന്നു!‘
സ്റ്റൌവില്‍ തീ പടര്‍ത്തുമ്പോള്‍ അവള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

നേരം പുലരുന്നതേയുള്ളൂ.
എന്നിട്ടും ഞാന്‍ എന്തേ ഇത്ര വൈകിയത്!
ഇന്നലെ ഉറങ്ങാനും ഒരുപാടു വൈകിപ്പോയിരുന്നു.
കാരണം,
ഒരുപാട് വൈകിയിട്ടാണ് അദ്ദേഹം വന്നത്.
എന്നിട്ട് മത്തുപിടിച്ചപോലെ ഇപ്പോഴും കിടന്നുറങ്ങുന്നു.
നേരം പുലരും മുന്‍പേ എഴുന്നേറ്റുപോകാറുള്ള ആളുമാണ്.

എന്റെ ഭര്‍ത്താവിന് പകലുകളെ ഇഷ്ടമല്ല.
അദ്ദേഹത്തോടൊപ്പം അസ്തമയസന്ധ്യകളെ സ്നേഹിക്കാന്‍ ഞാനും പഠിച്ചുവരുന്നുണ്ടോ?
അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഞാനും പകുത്തെടുക്കുന്നുണ്ടോ?
ഉത്തരം അറിയാത്തവണ്ണം മനസ്സും മരവിച്ചുപോയിരിക്കുന്നു.

തേപ്പുപണിക്കുപോയി ജീവിച്ചിരുന്ന ആളാണ്.
ഇപ്പോള്‍ പണിയായുധം കത്തി!
ഒരുപക്ഷെ അതൊരു ‘S' ആകൃതിയില്‍ ആകാം.
അത് അങ്ങിനെത്തന്നെ ആണോയെന്ന് നിര്‍ണ്ണയിക്കാന്‍പോലും എനിക്ക് അവകാശമില്ലാതായിരിക്കുന്നു.
ഇപ്പോള്‍തന്നെ മൂന്നു കൊലപാതകങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഒന്ന് ബ്ലേഡ് മാഫിയക്കുവേണ്ടി.
രണ്ടെണ്ണം മണല്‍ മാഫിയക്കും...

ഡയറിയെഴുതുന്ന ശീലം എനിക്കുണ്ടായിരുന്നു.
പോലീസിനെ ഭയന്ന് എന്റെയാ ശീലവും മറന്നുപോയി ഞാന്‍.

അറിയാതെ മുഖം തടവിപ്പോകുന്നു.
ഉന്മാദത്തിന്റെ അതിമൂര്‍ദ്ധന്യതക്കിടയില്‍ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയിരുന്നതിന് മുഖമടച്ചുകിട്ടിയ ഒരടി.

പുറത്ത് പാല്‍ക്കാരന്‍ വന്നിരിക്കുന്നു.

അടുക്കളയില്‍ പാത്രങ്ങള്‍ കലമ്പല്‍ കൂട്ടുമ്പോഴും ,
വെള്ളത്തില്‍ കഴുകി ഗ്ലാസ് കമഴ്ത്തുമ്പോഴും പാല്‍ക്കാരന്റെ M 80 യുടെ ശബ്ദം കാതോര്‍ത്തു നില്‍ക്കാറുണ്ട്.
പക്ഷെ ഇപ്പോള്‍ ഹൃദയത്തെ അതു പരിഭ്രമിപ്പിക്കുന്നുണ്ട്.

“ഇന്നെന്തു പറ്റി?.
ഒരു മൂഡോഫ് പോലെ”
പാല്‍ക്കാരന്‍.

അവള്‍ വെറുതെ മൂളി.

“ആ പിന്നെ പനങ്ങോട്ടെ സൌദ തിരിച്ചെത്തീട്ടോ..”

അവള്‍ വെറുതെ തലയാട്ടി.

സൌദ എവിടെപോയതാണെന്ന് അവന്‍ ഒരാഴ്ചമുന്‍പ് പറഞ്ഞുതന്നിരുന്നത് അവള്‍ ഓര്‍ത്തു.

“ഇന്നെന്താ എന്നോട് സംസാരിക്കില്ലെന്നുണ്ടോ?”
പാല്‍ക്കാരന്‍ വിഷാദമാര്‍ന്ന മുഖത്തോടെ അവളോടു ചോദിച്ചു.

പാല്‍ക്കാരന്‍ അവള്‍ക്കു വേണ്ടി നിറക്കുന്ന പാല്‍ പാത്രം നിറഞ്ഞുതൂകി താഴെ വീഴുന്നതുപോലും അവളറിയുന്നില്ലെന്നു ഭാവിച്ചു.

ചായ തിളക്കുന്ന ശബ്ദം ഒരു രസം പോലെ ആസ്വദിച്ചുനില്‍ക്കുമ്പോളാണ് അടിയുടെ ശബ്ദവും  എന്തൊക്കയോ തട്ടിമറിഞ്ഞു വീഴുന്നതും അവളറിഞ്ഞത്!
അവള്‍ ഓടിയെത്തുമ്പോഴേക്കും അയാള്‍ പിടിക്കപ്പെട്ടിരുന്നു.

എല്ലാം എന്റെ തെറ്റ്.
എന്റെ അശ്രദ്ധകൊണ്ട് എല്ലാം സംഭവിച്ചു!
പോലീസുകാര്‍ വന്നതും വീടു വളഞ്ഞതും എന്തേ ഞാന്‍ അറിയാതിരുന്നു...
എല്ലാം ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്താമായിരുന്നില്ലേ..?
സുരക്ഷിതമായ ആ ഇടവഴി അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.
ഇതിപ്പോള്‍ ഞാന്‍ ഇങ്ങനെ...

വിലങ്ങണിഞ്ഞ് ജീപ്പില്‍ കയറുമ്പോള്‍ അദ്ദേഹമെന്നെ നോക്കിയിരുന്നു.
ആ നോട്ടത്തില്‍ എനിക്കുള്ള പരിവേഷം ഒരൊറ്റുകാരിയുടേതെന്ന് തിരിച്ചറിയാനാകുന്നുണ്ട്.
എല്ലാം എന്റെ പിഴ.
എന്റെ വലിയ പിഴ.
***********

2010, ഡിസംബർ 12, ഞായറാഴ്‌ച

സ്മൃതിമണ്ഡപങ്ങള്‍ കല്ലെറിയുന്നു ..!

ശാന്തമായ് ഉറങ്ങുമെന്‍ സ്മൃതിമണ്ഡപത്തിന്‍ കാല്‍ക്കല്‍
അശ്രുപുഷ്പങ്ങള്‍ വീണ്ടും നിറക്കുന്നതെന്തു നീ..!

തപ്തമായ്  എന്‍ ആത്മനിശ്വാസങ്ങള്‍ വീണ്ടും
ഉരുകിയൊലിക്കെ കല്ലുകള്‍ തുടിക്കുന്നു..!

എന്റെയാത്മാവില്‍ പടുതിരിയാളി
നീറുന്ന ഓര്‍മ്മകള്‍ പുകഞ്ഞുനില്‍ക്കവേ
പാപിയാമീ ജന്മം രക്തമായ് ജനിപ്പിച്ച
മകനലറുന്നുവോ മൃഗമായ് പാരില്‍ ..?

ഭീരുവിന്റെ വിജയം മരണമാണെന്ന്
പഠിച്ചതും പഠിപ്പിച്ചതും പരാജിതന്‍ ഞാന്‍ മാത്രം ..!
ചുംബിക്ക ശാന്തി ശാന്തി യെന്നുച്ചരിച്ചെന്റെ
മൂര്‍ദ്ധാവാം മണ്ഡപത്തെ നീ
ലയിക്കട്ടെയെന്‍ ഒടുങ്ങാത്ത വിരഹവും പ്രണയവും
ചുണ്ടുകള്‍ രുചിക്കട്ടെ എന്റെയീ ചുടുകണ്ണീര്‍...


**********

2010, ഡിസംബർ 7, ചൊവ്വാഴ്ച

അവളുടെ സഹനം .

വഴിയറിയാം എന്നിട്ടും പലവട്ടം വഴി തെറ്റുന്നു.
കൈയക്ഷരങ്ങള്‍ വെടിപ്പാക്കവെ
കവിതയിന്ന് കരഞ്ഞിരുന്നു.

‘എന്താ ഈ വഴിയൊക്കെ?’
അവളതു ചോദിച്ചപ്പോള്‍
എന്തിനാണ് ഞാനതു
പുറകില്‍ പിടിച്ചത്?

‘നില്‍ക്ക് ,നില്‍ക്ക്...
തിരിഞ്ഞു നടന്ന എന്നെ
പിന്‍ വിളി വിളിച്ചവള്‍

‘ഇരുള്‍ വീണ വഴിവക്കില്‍
വഴി തെറ്റി വന്നതോ നീ?’

മൌനം എന്റെ നാവറുത്തു
അവളുടെ കണ്ണുകള്‍ തിളങ്ങിനില്‍ക്കവെ
മിഴിയിടറി തുടുത്ത കവിളില്‍
കാണുന്നു ഞാനിട്ട നഖക്ഷതം

അവള്‍ പറയുന്നു,
‘ഞാനോര്‍ത്തു നിന്റെ പിറന്നാള്‍

ഇന്നു നിന്റെ ജനനം പോലെ
എന്റെ മരണവും ഘോഷിച്ചുവെങ്കില്‍!‘

വേദനയുടെ മഴമേഘങ്ങള്‍
കണ്ണു‍കളില്‍ പെയ്തുനിറയുന്നു

ഞാന്‍ പറയുന്നു,
‘അരുത്..
നിന്റെ കണ്ണുനീര്‍ ഞാന്‍ തുടച്ചുതരട്ടെ’

അവള്‍ പറയുന്നു,
‘വേണ്ട.

അവയങ്ങനെ ഒഴുകി നില്‍ക്കട്ടെ.
എന്റെ ജീവന്‍ ഇങ്ങനെ തുടിക്കുന്നിടം വരെത്തന്നെ

ഒരിക്കല്‍ നീ തഴുകിയിരുന്ന എന്റെ ഹ്ര്ദയം
ഭീരുവെന്ന് നീ സ്വയം പച്ചകുത്തി!
എങ്ങിനെ എങ്ങിനെ തഴുകാനാവുന്നു
വിരലനങ്ങാത്ത നിന്റെയീ കൈകള്‍!

എല്ലാം വിറ്റു യാത്ര പറയാന്‍ വന്നതല്ലേ...

ഈ മണലാരണ്യത്തില്‍ എന്റെ ചിറകരിഞ്ഞ്
ഇന്നു രാത്രിയിലെ നിന്റെ ഫ്ലൈറ്റില്‍
നിറഞ്ഞ വാനില്‍ മേഘമാലയ്ക്കൊത്ത്
ഉയര്‍ന്ന് ചിറകാര്‍ന്നു നീ പറക്കുമ്പോള്‍

ഞാനുയര്‍ന്നൊരു പൊന്‍ താരകമായ്
ഉദിച്ചുനില്‍ക്കും നിനക്കുമേലിലും...’

അവളുടെ ഗദ്ഗദം പേമാരിയായി
പെയ്തു നിറഞ്ഞു പിറകിലായ് കേള്‍ക്കവെ
കുഴഞ്ഞു പോകുന്നെന്‍ കാലടികള്‍
വരണ്ടുണങ്ങുന്നു എന്‍ പ്രജ്ഞയും...

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട്...

എന്റെ വീടിന്റെ മുറ്റത്തു വന്നു കളിയൂഞ്ഞാല്‍ ആടാഞ്ഞതെന്ത് നീ?
മെലിഞ്ഞു ശോഷിച്ച കാട്ടരുവിക്കരെ
നിന്‍ കൊലുസ്സു കിലുങ്ങാഞ്ഞതെന്തേ?

പകലറുത്തിട്ടയെന്‍ തകര്‍ന്ന മുരളി
മൌനമൂതിയൂതിനിറക്കെ ഞാന്‍
രാപകലുകള്‍ അറിയാതെയായ്
ചില്ലുജാലകം തുറക്കാതെയായ്...
നാലു നാള്‍! ഞാനാ‍കെ വെളുത്തു...
കണ്‍പോള പോലും രക്തം മറഞ്ഞു

നിദ്രക്കകത്ത് ഉണര്‍ന്നൊരു വേള
കാതിലിങ്ങനെ കാരണം ചൊല്ലി..
അതു നുണയോ സ്വപ്നമോ?
നീ വന്നു പോയതു ഞാനറിഞ്ഞതോ!

ഇനി നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ വരില്ല.
എന്നു ചൊല്ലി തിരിഞ്ഞു വീണ്ടും നീ,

എന്റെ അഭിപ്രായങ്ങള്‍ ഒരു നാള്‍ നീ
ചേര്‍ത്തു വായിക്കും ദിനം വരും നിശ്ചയം!
അന്നറിയും നീയെന്നെക്കുറിച്ച്
 നിന്നെ ഒറ്റിയത് മറവിയുടെ പണം പറ്റാനെന്ന്!

2010, ഡിസംബർ 1, ബുധനാഴ്‌ച

അജ്ഞാത കാണാന്‍എങ്ങനെ ?


രാവ് പകലിന്‍ വഴി കീറവെ
ഒരു നാലാം യാമം ബാക്കിയെന്നറിഞ്ഞു ഞാന്‍.

വെളിയില്‍ കാറ്റില്‍ കരിമ്പനകള്‍ കുത്തഴിച്ചു മുടി കോതുന്നു
ചില്ലുജാലകം പിന്നെ രൌദ്രമായ് തിറയാടുന്നു...

പാല്‍ നിറവും പാലപ്പൂ ഗന്ധവും
ഇന്ദ്രിയങ്ങള്‍ തഴുകി മെതിക്കുന്നു.

മുനിഞ്ഞുകത്താന്‍ ഒരു ശരറാന്തല്‍ പോലെ
നിറയുന്നവള്‍ അജ്ഞാത എവിടെയും നിന്ന്...

അവളുടെ നിശ്വാസം നനുത്ത ചൂടാണെന്ന്
ലജ്ജയാല്‍ പറയട്ടെ നുകര്‍ന്നിട്ട ചുണ്ടുകള്‍...

പേരു ചോദിച്ചപ്പോള്‍ ‘യക്ഷി’ എന്നുത്തരം
ഞാന്‍ എവിടെയോ മറന്നിട്ട പേരാണിതല്ലോ!

ആ ദര്‍ശനമേകിയ ചുട്ടുപൊള്ളുന്ന രാപനി,
വെറുതെ കൈ നീട്ടി ഉറക്കെ വിളിക്കുന്നു...

പകല്‍ വെട്ടം ആര്‍ നിനക്കു നിഷിദ്ധമാക്കി?
എന്നുറക്കെ ചോദിച്ച് കരയണമായിരുന്നെനിക്ക്.
***************