2013, ഏപ്രിൽ 27, ശനിയാഴ്‌ച

മൌനത്താല്‍...


അടയാളങ്ങള്‍..
നോവല്‍.
                                              
  അധ്യായം രണ്ട്.
                                                 മൌനത്താല്‍.. 
 
ഇന്ന് പതിവിലേറെ വൈകിപ്പോയി .
കട ഏഴുമണിക്ക് തുറക്കാറുള്ളതാണ് .
മാര്‍ക്കറ്റിലെ ഏറ്റവും നല്ല സമയം.
അരമണിക്കൂര്‍ മതി രണ്ടായിരത്തോളം രൂപ പെട്ടിയില്‍ വീഴാന്‍.
ഇന്നലെ തമിഴ് നാടിന്റെ വണ്ടി വരുമ്പോള്‍ മണി എട്ട്.
ലോഡിറക്കി കാശും കൊടുത്തു വീട്ടിലേത്തിയപ്പോള്‍ സഫിയ ഉറക്കം പിടിച്ചിരുന്നു.
വെള്ളമില്ലാത്ത ഡാം നോക്കി ഇലക്ട്രിസിറ്റി ബോര്‍ഡ് നെടുവീര്‍പ്പിടുമ്പോഴൊക്കെ ഉമ്മാക്ക് മണ്ണെണ്ണവിളക്ക് കത്തിക്കേണ്ടിവരുന്നു.
പാവം ഉമ്മ.
ആടിയുലയുന്ന ചിമ്മിനി വെളിച്ചത്തില്‍ വഴിക്കണ്ണുമായിരിക്കുന്ന ആ മുഖമൊന്നു കാണണം..!
അന്നു ഉപ്പ, ഇന്ന് മകന്‍ ..
കാലാന്തരങ്ങള്‍ക്കിടയ്ക്ക് അത്ര വ്യത്യാസമേയുള്ളൂ.
ഫൈസു വളരെ വേഗത്തില്‍ തന്നെയാണ് നടന്നത്.
കേച്ചേരി മാര്‍ക്കറ്റില്‍ ഇപ്പോള്‍ അവന്റേതല്ലാതെ തന്നെ അഞ്ചു ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ട്.
ഒരു ഫൈസു അല്‍പ്പം വൈകിയെന്നു വെച്ചു ആരും കോഴി വാങ്ങി കറിവെക്കാതിരിക്കില്ലല്ലൊ.


അരുകില്‍ ബൈക്ക് വന്നു നിന്നപ്പോഴാണ്‍ ഫൈസു നടത്തം നിര്‍ത്തിയത്.
അഹമ്മദ് ഹാജിയുടെ മകന്‍ മന്‍സൂര്‍ .
ചുവന്നു തുടുത്ത നിറവും അത്തറിന്റെ മണവുമുള്ള മന്‍സൂറ് അഹമ്മദ്.
സ്വന്തമായി ഒരു എക്സ്പോര്‍ട്ടിങ്ങ് സ്ഥാപനം നടത്തുന്നു.

ഫൈസുവിനെ കണ്ടു മന്‍സൂര്‍ ബൈക്ക് നിര്‍ത്തിയതാണ് .
“ഞാനും മാര്‍ക്കറ്റിലെക്കാണ് .പോരുന്നോ ..?“

വേണ്ട മന്‍സൂര്‍ .ഞമ്മക്ക് ഒന്ന് രണ്ടിടത്ത് കേറണം .
പിന്നെ... നടന്നു നടന്ന് അതൊരു ശീലായി.. . “
ഫൈസുവിന് അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്.
ഉപചാരവാക്കുകള്‍ക്ക്  മനസ്സിനെ മറച്ചുവെക്കാനേ പറ്റൂ.
സ്നേഹത്തിനു പകരമാവാന്‍ കഴിയാറില്ലല്ലൊ.
വലിയ വലിയ സഹായങ്ങള്‍ നിഷേധിച്ചിട്ട് എല്ലാം ഈ ചിരിയില്‍ മറക്കണം എന്നു ആജ്ഞാപിക്കുന്നതു പോലെ..

“ ഓക്കെ ഓക്കെ ...“
മന്‍സൂര്‍ ചിരിച്ചുകൊണ്ട് തന്റെ സണ്‍  ഗ്ലാസ് വിരല്‍ ത്തുമ്പ്‌ കൊണ്ടൊന്നു ഉറപ്പിച്ചു നിര്‍ത്തി .
പിന്നെ ബൈക്ക് അതിവേഗം ഓടിച്ചു പോയി .
 
മന്‍സൂര്‍ മാര്‍ക്കറ്റിലേക്കാണ്.
പലപ്പോഴും ഇറച്ചി ആവശ്യമുണ്ടെങ്കില്‍ ഹാജിയാര്‍ തന്നോട് വിളിച്ചുപറയാറാണല്ലൊ പതിവ് .
പിന്നെന്താ?
പതിവുകള്‍ മാറ്റുന്നത് മനുഷ്യന്റെ മാത്രം ശീലമാണ്.
അറിയുന്ന വഴികളിലൂടെ നടക്കാതിരിക്കുന്നതും

ചിലനേരം ചിന്തകള്‍ നമ്മള്‍ മാറ്റിപ്പിടിക്കാന്‍ ശ്രമിക്കും.
വലിയ പുസ്തകസഞ്ചിയും ചുമലിലേറി കൂനിക്കൂടി പോകുന്ന വട്ടപ്പോയിലിന്റെ മകന്‍.
ഒരു കൌതുകം പോലെ ഫൈസു അവനെ നോക്കിക്കൊണ്ട് നടക്കാന്‍ തുടങ്ങിയത് അതുകൊണ്ടുകൂടിയായിരുന്നു.

ഫൈസു മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ആമിന വീട്ടില്‍ അല്ലായിരുന്നു.
മൂസാക്കയും ഫൈസുവും ഏഴുമണിക്കേ കട തുറക്കും.
കൂലിപ്പണിക്കു പോകുന്നവര്‍ക്കുള്ള ബീഡിയും സിഗററ്റും പാന്‍ മസാലയും മുതല്‍ കറിക്കു മസാലയിടാന്‍ വെളിച്ചെണ്ണയ്ക്ക് പരക്കം പായുന്നവര്‍ക്കുള്ള പാരച്യൂട്ട് വരെ അവിടെ റെഡിയായിരിക്കും.
 
മൂസാക്കാന്റെ കടയില്‍ നിന്നും ഒരു സഞ്ചി സാധനങ്ങളുമായി തന്റെ ഒറ്റയടിപ്പാതയിലൂടെ വരുമ്പോള്‍ ആമിന ശ്രദ്ധ ചവിട്ടു പടിയിലേക്ക് തന്നെ ആയിരുന്നു.
അവിടെ‍ ഫൈസുവിന്റെ ചെരുപ്പു കണ്ടില്ല.
“മോളെ സഫിയാ..ഇക്കാക്ക പോയോടി?

അടുക്കളയില്‍ ഒരുക്കുകയായിരുന്നു സഫിയ.
പാത്രങ്ങള്‍ നേര്‍ത്ത ശബ്ദത്തോടെ കലമ്പിക്കൊണ്ടിരുന്നു.
“നേരത്തെ പോയി.
ഇക്കാക്ക് ചെന്നിട്ടുവേണ്ടേ കട തുറക്കാന്‍.
ഉമ്മ ഇതെവിടെയായിരുന്നു?

ആമിന മുറ്റത്തു കിടന്ന വിറകുകമ്പ് കാലുകൊണ്ട് തട്ടിനീക്കി.
പിന്നെ ഉമ്മറത്ത്  സാധനങ്ങളുടെ സഞ്ചി മറിഞ്ഞു വീഴാതെ ശ്രദ്ധിച്ചു വെച്ചു.
“ഞമ്മള്‍  മൂസാക്കാന്റെ കടേന്ന് പഞ്ചാര വാങ്ങാന്‍ പോയതാടീ. അപ്പോഴാ
ബീയാത്തു ഓള്‍ടെ മര്യോള്‍ മോന്‍ ജബ്ബാറിനെ തല്ലി ബീട് വിട്ട്
ഓള്‍ടെ  കുടീല്‍ക്ക് പോയ വിശേഷം പറഞ്ഞു വന്നത്.

സഫിയ പൂമുഖത്തേക്ക് വന്നു .
അവളുടെ കൈയ്യില്‍ കറിക്കത്തിയിരുന്ന് താളം പിടിച്ചിരുന്നു.
“അപ്പോ ഉമ്മയും പറഞ്ഞുകാണും കുറെ വിശേഷങ്ങള്‍ ..
നമ്മടെ ജമീലമോള്‍ക്ക്   ബഷീറുമോനെ നല്ല തല്ലുകൊടുത്താല്‍ എന്താലെ ഉമ്മാ..?
അല്ലുമ്മാ സോപ്പു വാങ്ങിച്ചോ?

“സോപ്പോ? അപ്പോ ഇന്നലെ വാങ്ങീത്  മുയ്മന്‍ നീ ഉരച്ചുരച്ചു തീര്‍ക്കേ..?
സഫിയ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ ചുണ്ടുകള്‍ കോട്ടി.
ഇന്നലെ എനിക്ക് നല്ല വിശപ്പായിരുന്നില്ലേ ഉമ്മാ.
വാങ്ങിയ സോപ്പു മുഴുവന്‍ ഒറ്റക്കല്ലെ ഞാന്‍ തിന്നു  തീര്‍ത്തേന്ന്.

ആമിന മോളെ നോക്കി ഒന്നിരുത്തി മൂളി.
കസേരയില്‍ ഇരുന്ന്  സഞ്ചിക്കകത്തുനിന്നും മുറുക്കാന്‍ പൊതിയെടുത്ത് അഴിച്ചു.
ഉവ്വുവ്വ്.
അന്റെ ഇക്കാക്കാന് വാപ്പ കൊടുത്ത
ഏക സമ്പാദ്യാ മാര്‍ക്കറ്റിനകത്തുള്ള കോയിക്കട.
അതീന്ന് കിട്ടണതോണ്ട് ഇന്റീം അന്റേം ബീട്ടുചിലവ്  മാത്രം കയിഞ്ഞാ പോര,അന്നൊരുത്തന്റെ കൈപ്പിടിച്ചയക്കേംവേണം.
എന്നിട്ടു ബേണം ഞമ്മടെ മോനൊരു മൊഞ്ചത്തീനെ ഇക്കുടീന്റെ
പടികയറ്റി കൊണ്ടരാന്‍ന്ന്.

അതന്നെ. എന്നിട്ടു വേണം മൊഞ്ചത്തിക്ക് ഇന്റുമ്മാനെ
വൃദ്ധസദനത്തിലെ ഉമ്മത്തൊട്ടിലില്‍ കൊണ്ടു കിടത്താന്‍ന്ന്.

ആമിന ചെറുതായി ചിരിച്ചു.
വെറ്റിലയില്‍ നൂറു തേച്ചു പിടിപ്പിച്ചു.
വായിലിട്ടു ചവക്കാന്‍ തുടങ്ങി.
“ഇയ്യ് സഞ്ചി അടുക്കളേല്‍ ബെച്ചിട്ട് മൊബേല്‍ എടുത്തിട്ട് ബാ...
ന്നിട്ട് ജമീലാനെ ഒന്ന് ബിളിച്ച് താ.
ഞമ്മടെ മോള്‍ടെ ശബ്ദം ഒന്ന് കേട്ടാല്‍ മാറും ഇന്റെ ഖല്‍ബിലെ പൊരിച്ചില്“
 
എന്നിട്ടു വേണം അത് എരിച്ചിലായിട്ടു മാറാന്‍ . ഇങ്ങടെ മര്യോന്‍ ഈയിടെയായി എപ്പഴും ഔട്ട് ഓഫ് കവറേജാ..
ഉമ്മാന്റെ  ഓരോ കാര്യം..
സഫിയ കറിക്കത്തി സഞ്ചിയില്‍ താഴ്ത്തി, പിന്നെ അതുമായി അടുക്കളയിലേക്കു പോയി.
പിന്നെ തിരിച്ചു വന്നു.
ഉമ്മാ ആടിനു പിണ്ണാക്ക് വാങ്ങിയില്ല.

“ഓ ഞമ്മളതു മറന്നു.
ചില്ല്വാനമൊക്കെ കയിഞ്ഞെക്കണ്.
ഇനി നാളെ ബാങ്ങാം”

“ഓ ..ഉമ്മാക്ക് വേണ്ട പിണ്ണാക്ക് കിട്ടീലോ..
സഫിയ ആമിന മുറുക്കാന്‍ തുപ്പുന്നതും നോക്കിക്കൊണ്ട് പറഞ്ഞു.

ആമിനക്ക് മുറുക്ക് നല്ല ഇഷ്ടമാണ്.
നന്നായി മുറുക്കിച്ചുവക്കുമ്പോള്‍ അവര്‍ മുറ്റം നിറയെ തുപ്പി ചുവപ്പിക്കും.
ഫൈസു അതു കാണുമ്പോഴൊക്കെ ഉമ്മയെ ചീത്ത പറയുമായിരുന്നു.
വെറ്റിലയും ചുണ്ണാമ്പും പുകയിലയും കൊണ്ടുവന്നു വില്‍ക്കാന്‍ വെക്കുന്ന മൂസാക്കയെയും ഫൈസു വെറുതെ വിടില്ല.

മാര്‍ക്കറ്റിലേക്ക് പത്തടിയേ വേണ്ടൂ .
ഫൈസു നടത്തത്തിന് ആക്കം കൂട്ടി.
വഴിയില്‍ ഒരാള്‍ക്കൂട്ടം.
ബൈക്ക് അപകടമാണ്.
അപകടത്തില്‍ പെട്ടു കിടക്കുന്നയാളെ ഫൈസു ഒന്നേ നോക്കിയുള്ളൂ.
അവന്റെ നെഞ്ച് ഒരു നിമിഷം നിലക്കുന്നതുപോലെ തോന്നി.
മന്‍സൂര്‍

ഫൈസുവിനെ കണ്ട് സലാം ഓടിച്ചെന്ന് കൈപ്പിടിച്ചു.
വിറയാര്‍ന്ന ആ കൈകളില്‍ ഫൈസു മുറുകെ അമര്‍ത്തി..
നമ്മളൊക്കെ മനുഷ്യെമ്മാരാന്നു പറഞ്ഞിട്ട്  കാര്യല്ല്യ ഫൈസ്വോ.. ഒരാള്‍ക്ക് ഒരപകടം പറ്റ്യാല്‍‍ കണ്ടുനിക്കാ വേണ്ടെ?
എത്ര വണ്ട്യാണ് നിര്‍ത്താണ്ടെ ചീറിപ്പാഞ്ഞ് പോണത്.
ഇന്നത്തെ കാലത്ത് ആര്‍ക്കാണ്ടോ മറ്റൊരാളെ സഹായിക്കാന്‍   മനസ്സ്..  പാവം..മാര്‍ക്കറ്റീന്ന്  എറ്ച്ചീം വാങ്ങി വരുമ്പളാ  ഒരു ഹിമാറ് ടിപ്പറ് കൊണ്ടിടിച്ചത്. നേരം കുറച്ചായി ന്റെ മോനെ...
ജീവന്‍ ഉണ്ടോന്ന് പടച്ചോനെ അറിയൂ..

“ഇങ്ങനെ കിടത്ത്യാല്‍ ശര്യാവില്ല സലാമിക്കാ.
ഫൈസു മൂക്കില്‍ വിരല്‍ വച്ച് നോക്കി .
 “ശ്വാസണ്ട്. എത്രേം വേഗം ആശുപത്രീല്‍
 എത്തിക്കണല്ലോ ബദരീങ്ങളെ..
ഒരു വെളുത്ത മാരുതി വളവു തിരിഞ്ഞു പ്രത്യക്ഷപ്പെട്ടു.

“സലാമിക്കാ..റോട്ടില്‍ കയറിനിക്ക്..
മന്‍സൂറിനെ മടിയിലേക്ക് വാരിക്കിടത്തി ഫൈസു വിളിച്ചുപറഞ്ഞു.
 
ഫൈസു : കാറ് നിര്‍ത്തി.കാദറിക്കാ വേഗം പിടിക്ക്.
ഫൈസുവും സലാമും അജിത്തുമൊക്കെ ചേര്‍ന്ന് മന്‍സൂറിനെ കാറില്‍ കയറ്റി.

“അല്ല മോനെ ഇതെന്തു  പറ്റീതാണ്?
“ബൈക്കില്‍ ടിപ്പറിടിച്ചതാണ്.
ജാഫറിക്കാ..ഇതു നിങ്ങടെ വണ്ടിയാണോ...
ഫൈസുവിന്‍ ജാഫറിനെ പരിചയമുണ്ടായിരുന്നത് ഭാഗ്യമായി തോന്നി.

“ത്രിശ്ശൂര്‍ ടൌണ്‍ ഹാളില്‍ ബ്ലോഗ് എഴുത്തുകാരുടെ ഒരു ബ്ലോഗ് മീറ്റുണ്ട്.
അതിനിറങ്ങിയതാ മോനെ..
എന്നാലും ഒരു മനുഷ്യന്റെ ജീവനെക്കാള്‍ വലിയ മീറ്റുണ്ടോ..?

ജാഫറിന്റെ സംഭാഷണത്തില് നിന്ന് ജാഫറിക്കാ ഒരു എഴുത്തുകാരനാണെന്ന് ഫൈസുവിന്‍ മനസ്സിലായി.
മനുഷ്യന്റെ വേദന അറിയുന്നവര്‍ എഴുത്തുകാരേക്കാള്‍ മറ്റാരുണ്ട്..

“കേച്ചേരി സെന്ററുകൂടി പോകണ്ട. എപ്പോഴും ബ്ലോക്കാ.
അജിത്ത് പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു.
വളരെ തിരക്കേറിയ നാല്‍ക്കവലയില്‍ മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കില്‍ പലപ്പോഴും മനുഷ്യജീവനുകള്‍ക്ക് ആപത്തുണ്ടായിട്ടുണ്ട്.

അതന്നെ. വഴിക്കാണെങ്കി ഹലാക്കിലായിപ്പോകും .
എരനെല്ലൂര്‍ വഴി പോകാം .
അമലയിലേക്കല്ലെ? എളുപ്പം എത്താന്‍ അതാ നല്ലത്.

“അതാ നല്ലത് ജാഫറിക്കാ.
നിങ്ങള്‍ പരമാവുധി കത്തിച്ചു വിട്..
തല നന്നായി പൊട്ടിയിട്ടുണ്ട്..
ഫൈസുവിന്റെ വസ്ത്രമാകെ ചോരയില്‍ കുതിര്‍ന്നു.
മനുഷ്യരക്തത്തിന്റെ മണം കാറില്‍ നിന്നു വിങ്ങി. 


xxxxxxxxxxxxxxxxxxxxxxxxxxxxxxxx