സ്വപ്നങ്ങളെ പറ്റി ആര്‍ക്കും ഒരഭിപ്രായവുമില്ലേ !
എന്തായാലും ആദ്യം എന്റെ സ്വപ്നത്തെ പറ്റി പറയട്ടെ ..
ഇന്ന് ഞാന്‍ ഉണര്‍ന്നത് സൈറ്റില്‍ വെച്ചു കുട്ടന് മേസ്തിരി മോശമല്ലാത്ത കുറച്ചു തെറികള്‍ എന്നെ വിളിക്കുന്ന സ്വപ്നവും കണ്ടാണ് !
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഇന്നത്തെ കാര്യം സംസാരിച്ചതാണ് ഈ സ്വപ്നം എന്നോട് .
അതുകൊണ്ട് തന്നെ മേസ്തിരി എന്നെ സൈറ്റില്‍ വെച്ചു ചീത്ത പറയാതിരിക്കാന്‍ വേണ്ടി ഇന്ന് ഞാന്‍ ലീവെടുത്ത് വീട്ടിലിരിക്കുകയും ,
മേസ്തിരിക്ക് പകരം കടുപ്പമുള്ള ഭാഷയില്‍ തന്നെ ഭാര്യയുടെ വായില്‍ നിന്നും സ്വപ്നത്തില്‍ കണ്ടത് പോലെയൊക്കെ കേട്ടുകൊണ്ട് ഇപ്പോള്‍ ബ്ലോഗെഴുതിക്കൊണ്ടിരിക്കുന്നു !
ഇതുപോലെ തന്നെ സംഭവിച്ച മറ്റൊരു സ്വപ്നത്തെ പറ്റിയാണ് ഇവിടെ എഴുതുന്നത് ...
എന്റെ വീടുപണി ഇനിയും കഴിഞ്ഞിട്ടില്ല !
മേസണ്‍ ജോബിയെ വിളിക്കണം എന്ന് വിചാരിച്ചു ഉറങ്ങാന്‍ കിടന്നതാണ് .
അന്നത്തെ സ്വപ്നത്തില്‍ ഞാന്‍ മേസണ്‍ ജോബിയെ വിളിക്കാന്‍ ചെന്നപ്പോള്‍ ജോബിയുടെ പട്ടി എന്നെ കടിക്കാന്‍ വിചാരിച്ചുകൊണ്ട് പാടത്തും പറമ്പിലും ഇട്ടോടിക്കുകയാണ് ..!
സ്വപ്നം എന്തായാലും സത്യമാവും .
അതുകൊണ്ട് ജോബിയെ വിളിക്കാതെ വേറെ ഏതെങ്കിലും മേസണെ വിളിക്കാം .
അതാണ് ബുദ്ധി ! .
ഒരു മേസണെ കിട്ടാന്‍ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നേരം വെളുപ്പിച്ചപ്പോള്‍ആണ് കോഴിക്കോട്ടും കുന്നംകുളത്തുമൊക്കെ മേസന്റെ ആപ്പീസുകള്‍ ഉള്ളകാര്യം ഒരു ബ്ലോഗില്‍ വായിച്ചത് ഓര്‍മ്മയില്‍ വന്നത് !
അങ്ങനെ ഞാന്‍ കുന്നംകുളത്ത് മേസണ്‍ ബംഗ്ലാവില്‍ എത്തപ്പെട്ടു.
എന്നെ കണ്ടപാടെ സെക്യൂരിറ്റി വട്ടത്തില്‍ നിരന്നു ഒരൊറ്റ പിടുത്തമാണ് !
"നീ ആരാടാ ?
എന്തിനാ വന്നത് ?"
കട്ടത്താടിയും മീശയുമൊക്കെ ഉള്ള ഒരു സെക്യൂരിറ്റി എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി .
"ഞാന്‍ അയ്യോ ഒരു പാവമാണ് .
വീടുപണിക്ക് ഒരു മേസണെ കിട്ടുമോ എന്നറിയാന്‍ വന്നതാണ് "
എനിക്ക് പേടിയായിത്തുടങ്ങി .
"അത് കള.
നീ ഫോട്ടോ എടുക്കാന്‍ വന്നതല്ലേ ?"
"ഫോട്ടോയോ ?
അതും മേസന്റെ ..
അത് കിട്ടിയിട്ട് എനിക്കെന്തിനാണ് !"
എനിക്കപ്പോഴും ഒന്നും മനസ്സിലായില്ല .
ചിലപ്പോള്‍ ഒക്കെ അങ്ങനെ ആണ് ,
എനിക്ക് മനസ്സിലായി വരാന്‍ കുറെ നേരമെടുക്കും !
ങീ ങീ ങീ ...
എവിടെ നിന്നോ ഒരു സ്ത്രീയുടെ കരച്ചില് കേള്‍ക്കുന്നില്ലേ ?
ഞാന്‍ ചെവിയോര്‍ത്തുനോക്കി .
ശരിയാണ് .
"ഒരു സ്ത്രീയല്ലേ കരയുന്നത് ?"
ഞാന്‍ ചോദിച്ചു .
"നിനക്ക് കേള്‍ക്കുന്നത് പോലെയൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാം .
നിന്നെപ്പോലെ മേസണ്‍ ബംഗ്ലാവിന്റെ ഫോട്ടോയെടുക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പിടിച്ചു മുറിയില്‍ പൂട്ടിയിട്ടതാണ് "
താടിക്കാരന് അലസമായി പറഞ്ഞു .
എങ്കില്‍ അതാരായിരിക്കും ?
അതൊരുപക്ഷേ നമ്മുടെ ....
പെട്ടെന്നെന്റെ ശിരസ്സില്‍ ഒരു ഇടി വെട്ടിയതുപോലെ തോന്നി .
"ആളെയൊന്നു കാണാന്‍ പറ്റുമോ?
പ്ലീസ് പ്ലീസ് ..."
ഞാന്‍ ഒരു അഞ്ഞൂറാന്റെ ..
തെറ്റിപ്പോയി ,
അഞ്ഞൂറിന്റെ നോട്ടെടുത്ത് കാണിച്ചു .
താടിക്കാരന് ഇങ്ങനെ നോട്ടും കണ്ടുനില്ക്കെ അയ്യാളുടെ മനസ്സലിഞ്ഞു വെണ്ണ പരുവമായി !
'ഠിം '...
ഒരു റാഞ്ചല്‍ കൊണ്ട് നോട്ടും വാങ്ങി അയ്യാള് ഇങ്ങനെ പറഞ്ഞു .
"കാണിച്ചു തരുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.
പക്ഷെ നേരിട്ട് പറ്റില്ല .
ആ ജനലവാതിലിനിടയില്‍ ഒരു പഴുതുണ്ട് .
അതിനിടയിലൂടെ വേണം നോക്കാന്‍ ."
"സമ്മതം "
അങ്ങിനെ ഞാന്‍ വിറച്ചുവിറച്ചു ഒരുവിധം വാതില്‍ പഴുതിലൂടെ നോക്കി .
അകത്ത് ഒരു സ്ത്രീ നിന്ന് കരയുന്നു ...
ആരാത് ?
കുഴപ്പമില്ല !
അത് നമ്മുടെ ആളല്ല !
ഹാവു..
ആശ്വാസം !
ഇത് വേറെ ആരോ ആര്‍ത്തി പിടിച്ചു മേസണ്‍ ബംഗ്ലാവിന്റെ ഫോട്ടം എടുത്തു ബ്ലോഗിലിടാന്‍ വന്നതാണ് ..
ഹിഹിഹി ...
''എല്ലാം കണ്ടു കഴിഞ്ഞല്ലോ അല്ലെ .
ഇനി എന്താ തന്റെ അടുത്ത പരിപാടി ?"
താടിക്കാരനാണ്.
"ഒരു മേസണെ കൂടെ പറഞ്ഞുവിട്ടാല്‍ വീട്ടില്‍ പോകാമായിരുന്നു "
'ഹഹഹ ...'
ഞാന്‍ പാവമായതുകൊണ്ടാകും അയാള്‍ ചിരിക്കാന്‍ തുടങ്ങി .
''പറ്റില്ല മാഷേ .
ഇവിടെ ചില ഫോര്‍മാലിട്ടീസൊക്കെ ഉണ്ട് .
ഇവിടെ അതിക്രമിച്ചു കടന്നവര്‍ ആരായാലും മെമ്പേഴ്സ് മീറ്റിങ്ങില്‍ ഹാജരാക്കിയിട്ടെ പുറത്തുവിടൂ"
താടിക്കാരന് എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് പറഞ്ഞു .
ഇടക്കയാള്‍ പോക്കറ്റിലും നോക്കികൊണ്ടിരുന്നു .
''ഈ മെമ്പേഴ്സ് ആളെങ്ങിനെയാണ്.
അവരെന്നെ ഉപദ്രവിക്കുമോ ?
നായ കടിക്കുന്നതുപോലെയോ മറ്റോ?"
ഞാന്‍ സ്വപ്നത്തെ കുറിച്ചോര്‍ത്തു നെടുവീര്‍പ്പിട്ടു ഇങ്ങനെ ചോദിച്ചു ...
''ഇല്ലില്ല ചോദ്യം ചെയ്യുകയെ ഉള്ളൂ .
പിന്നത്തെ കാര്യം പറയാന്‍ പറ്റില്ല.
ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യില്‍ .."
വലയുമോ ?
എന്റെ ദൈവമേ ..
ഇതിനായിരുന്നോ നീ ഇങ്ങനത്തെ ഒരു സ്വപ്നം കാണിച്ചുതന്നത് !
പേടിക്കുകയും അങ്ങനെ വിയര്‍ക്കുകയും ചെയ്യുന്ന എന്നെ അവര്‍ ഒരു ഹാളില്‍ കൊണ്ടുപോയി നിര്‍ത്തി .
മീറ്റിങ്ങ് തുടങ്ങി എന്ന് തോന്നുന്നു .
ഹാളില്‍ ആളനക്കം .
ഓരോരുത്തരായി ഹാളിലേക്ക് വരാന്‍ തുടങ്ങി.
"ആ വരുന്നതാണ് ഇവിടത്തെ അഡ്മിന് "
കറുത്ത കോട്ടും സ്യൂട്ടുമൊക്കെ ഇട്ടിട്ടു വരുന്ന ആളെ ചൂണ്ടി താടിക്കാരന് പറഞ്ഞു .
അഡ്മിന് എന്റെ അടുത്തേക്ക് വന്നു .
"ഗ്ലാറ്റ്മീറ്റ് യൂ .."
അയാള്‍ എന്റെ കൈ പിടിച്ചു കുലുക്കി .
"ബൈ ദി ബൈ ,
നിങ്ങള്‍ എന്തിനാണ് ഇവിടെ അതിക്രമിച്ചു കടന്നത് ?"
''സത്യമായിട്ടും ഞാന്‍ അതിക്രമിച്ചു കടന്നതല്ല .
ഞാന്‍ മേസനെ പണിക്കു വിളിക്കാന്‍ വേണ്ടി വന്നതാണ് ..."
ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു .
" എതു പണിക്ക് ?"
"എന്റെ...വീടുപണിക്ക്... "
ഞാന്‍ നില്ക്കുന്നിടം കുറേശ്ശെ നനഞ്ഞുതുടങ്ങി .
"ഇവിടത്തെ മേസന്മാരെ കൊണ്ട് പോയി വീടുപണി നടത്താന്‍ നീയാരാണ് ?"
"ഞാന്‍ ..ഒരു പാവമാണ്.. "
"ആയിക്കോട്ടെ .
ദൈവം സ്വര്‍ഗ്ഗത്തില്‍ ഒരു ഫ്ലാറ്റ് കെട്ടുന്നുണ്ട് എന്ന വിവരം നിനക്കറിയാമോ ?.
ഞങ്ങള്‍ ആ ഫ്ലാറ്റിന്റെ മേസന്മാരാന് .
നിനക്ക് മനസ്സിലാകുന്നുണ്ടോ ?
മണ്ടാ .."
മണ്ടന്മാര്...
എന്നോടാണ് ചോദിക്കുന്നത് !
"മനസ്സിലായി "
"എന്ത് മനസ്സിലായി ..?
എന്തായാലും ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇത്രേം കണ്ട നീ വെറുതെ തിരിച്ചു പോകാമോ ...?
വേണോ ?.."
"വേണം "
"തിരിച്ചു പോകണമെന്നുന്ടെങ്കില്‍ ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും .
മൂന്നിനും ശരിക്കുള്ള ഉത്തരം പറഞ്ഞില്ലെങ്കില്‍,
ഇവിടെ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വലിയ ചട്ടുകമുണ്ട് .
അത് നന്നായി ചൂടാക്കി ചന്തിയില്‍ വച്ചു നല്ല വലിപ്പത്തില്‍ പൊള്ളിക്കും .
മനസ്സിലായോ ?"
അയാള്‍ പേടിപ്പിക്കുകയാണ് .
(ഹമ്മേ...! )
"ഉവ്വ് !"
"എന്നാല്‍ ആദ്യത്തെ ചോദ്യം .
ശ്രദ്ധിച്ചു കേള്‍ക്കണം .
ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന സമയത്ത് തലയില്‍ നിറച്ച സാധനമെന്ത് ?"
"പിണ്ണാക്ക് "
വേഗം തന്നെ ഉത്തരം പറഞ്ഞു .
"ഇത് ശരിയായ ഉത്തരമല്ല ,
എന്നാലും ആശയപരമായി കൊള്ളാം .
അതുകൊണ്ട് ഇനി അടുത്ത ചോദ്യം .
ദൈവം ഇപ്പോള്‍ ഈ ഫ്ലാറ്റ് പണിയിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ?"
"മേസന്മാര്‍ക്ക് താമസിക്കാന്‍ വേണ്ടി .. "
(ഉത്തരം ശരിയാവണെ..)
"ഒപ്പിക്കാം, അല്ലെ ....
അടുത്തത് .
ദൈവം എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചത് ?"
ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ എന്നെ പൊള്ളിക്കും .
"പ്രാര്‍ത്ഥിക്കാന്‍.. "
(അഡ്മിന്‍ടെ മുഖം കാണുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു ..)
"ഉത്തരങ്ങള്‍ക്കു കുഴപ്പമില്ല അതുകൊണ്ട് ശിക്ഷയില്‍ ഇളവുണ്ട് .
എങ്കിലുംഒരു കാര്യം കൂടി ,
ഇവിടുന്നു പോകണമെങ്കില്‍ ദൈവത്തെ കുറിച്ചു നല്ല രണ്ടുവാക്ക് സംസാരിക്കുകയും അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ,
തുടര്‍ന്ന് ഞങ്ങളുടെ പ്രാര്‍ത്ഥനാ പരിപാടികളില്‍ പങ്കു കൊള്ളുകയും വേണം "
"സംസാരിക്കാം "
ഞാന്‍ സമ്മതിച്ചു .
ടും ടും ടും ..
(മൈക്കില്‍ കൊട്ടിയതാണ് .)
"എന്റെ പ്രിയപ്പെട്ട മേസന്മാരെ മേസത്തികളെ ..."
സദസ്സ് പിറുപിറുക്കാന്‍ തുടങ്ങി .
എന്തെങ്കിലും അബദ്ധം പറ്റിയോ !
അപ്പോഴാണ് 'സ്ത്രീകള്‍ക്ക് പ്രവേശനമില്ല 'എന്ന് എന്ട്രന്സില് എഴുതിവച്ചിട്ടുള്ള ബോര്‍ഡു കണ്ടത് !
അതാണ് മേസത്തി കളെ യൊന്നും കാണാത്തത് !
"ഞാന്‍ ദൈവവുമായി വളരെ അടുത്തു പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് .
(ഐക്ക്യു ഐക്ക്യു !)
അതുകൊണ്ട് തന്നെ ഇവിടെ ദൈവത്തെ പറ്റി രണ്ടുവാക്ക് സംസാരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷവുമുണ്ട് (ചുമ്മാതാ )."
ഓഡിയന്‍സ് 'ഇവനാരട 'എന്നമട്ടില്‍ മിഴിച്ചു നോക്കുകയാണ് !
ഹിഹിഹി ...
"ആദിയില്‍,
ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ,
ദൈവവും ഭാര്യയായ ശൂന്യതയും കൂടി സ്വസ്ഥമായി കഴിഞ്ഞിരുന്ന കാലം !
കുറെനാള്‍ അങ്ങിനെ കഴിഞ്ഞപ്പോള്‍ ദൈവത്തിനു ഒരു മോഹം തോന്നി !
കുറെ മക്കളും പേരക്കുട്ടികളും ഒക്കെ ആയാലെന്താ ?
(ഈ ദൈവത്തിന്റെ ഒരു കാര്യം !)
ഇപ്പോള്‍ ഞാന്‍ സൃഷ്ടിക്കുന്നതിനെ ഒന്നും പുതിയതായി ആര്‍ക്കും വീണ്ടും സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല എന്ന ഊര്‍ജ സംരക്ഷണ ഉടമ്പടിപ്രകാരം ദൈവം ഒരു ബിഗ് ബാഗു നമ്മുടെ ശൂന്യതക്ക് സമ്മാനിച്ചു !
ഇതൊക്കെ ആദ്യമായിട്ടല്ലേ .
(ശൂന്യതയുടെയും ഒരു കാര്യം !ഹിഹിഹി ....)
അതുകൊണ്ട് ബാഗു കിട്ടിയപ്പോള്‍ ശൂന്യത 'അയ്യോ പൊത്തോ ..'എന്ന് കരഞ്ഞു വിളിക്കുകയും ബാഗു തമോഗര്‍ത്തങ്ങളില്‍ വീണു പൊട്ടി നാലിന് പതിനാറായി തകര്‍ന്നു അനേകം ഗ്യാലക്സികള്ണ്ടാവുകയും ചെയ്തു .
കുറെ നാള് കഴിഞ്ഞപ്പോള്‍ ഈ ഗ്യാലക്സികളിലുള്ള സൂര്യന്മാര്‍ക്കെല്ലാം തങ്ങള്‍ക്കും കുറെ മക്കളും പേരക്കുട്ടികളും ആയാലെന്താ എന്ന് തോന്നുകയും (അച്ഛന്റെ അല്ലെ മക്കള്‍ !ഹിഹിഹി ...),
അങ്ങനെ പരസ്പരം കൂട്ടിത്തട്ടി കൂട്ടിത്തട്ടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ ഉണ്ടാക്കുകയും ചെയ്തു .
ഇതില്‍ ഭൂമി എന്നൊരു ഗ്രഹം തന്റെ സന്താന മോഹം ചന്ദ്രനോട് പറയുകയും ,
അത് ശരിയാണല്ലോ എന്ന് തോന്നി ചന്ദ്രന് ചില വേലിയേറ്റങ്ങള്‍ ഒക്കെ നടത്തി ആദ്യമായി സമുദ്രത്തില്‍ ജീവനുണ്ടാക്കി .
സമുദ്രത്തില്‍ഇങ്ങനെ ജീവന് ധാരാളമായി പെരുകിയപ്പോള്‍ അവ തമ്മില്‍ തമ്മില്‍ വെട്ടും കുത്തും തുടങ്ങി .
ഇതില്‍ സഹികെട്ട സമുദ്രം കൂടുതല്‍ കുറുമ്പുള്ളവരെ തിരമാലക്കൈകള്‍കൊണ്ട് ചുട്ട അടി അടിച്ചു പുറത്താക്കുകയുംചെയ്തു. (അടികൊണ്ട ഭാഗത്ത് അവയ്ക്ക് പിന്നീട് വാല് വളരുകയുമുണ്ടായി !)
ഈ വാലന്മാര് കരയ്ക്ക് കയറി പിന്നെയും വഴക്കടിക്കുകയും തല്‍ഫലമായി ചിലരുടെയൊക്കെ വാല് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ മനുഷ്യരുണ്ടായി !
ഈ മനുഷ്യര്‍ തമ്മിലും ചില യുദ്ധങ്ങളൊക്കെ വേണ്ടിവന്നതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ജാതിയും മതവും ദൈവങ്ങള്മൊക്കെ ഉണ്ടാക്കേണ്ടിവന്നു.
അങ്ങിനെ ഒരുജാതിമനുഷ്യനായി ഈ ഞാനും ഉണ്ടായി !
ഒരു മനുഷ്യനായതുകൊണ്ട് എന്റെ യൊക്കെ മുതു മുത്തച്ഛനായ ഈ ദൈവത്തെയൊന്നു കാണണം കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുകയും ,
അതിനു വേണ്ടി ചില പൊസ്തകങ്ങളൊക്കെ വാങ്ങി വായിക്കുകയും ചെയ്തു !
ശേഷം ഞാന്‍ ദൈവത്തെ കാണുന്നതിനു വേണ്ടി ഒരു ആല്‍മരത്തിനു ചോട്ടില് ചെന്നിരുന്നു സമാധിയുമായി .
ബുദ്ധി ,മനസ്സ് ,ഇന്ദ്രിയങ്ങള്‍ ,ഇന്ദ്രിയ വിഷയങ്ങള്‍ എന്നിവയെയെല്ലാം അടക്കി നിര്‍ത്തി ഒടുവില്‍ ചിത്തവൃത്തികളെ ഇല്ലാതാക്കുകയുംചെയ്തിട്ട് ഒടുവില്‍ ആത്മാവെന്നു പറയുന്ന ദൈവത്തിനു മുഖാമുഖം ഞാന്‍ നിര്‍ത്തപ്പെട്ടു !
(എന്റെയും ഒരു കാര്യം !)
"എടാ എന്തിനാണ് നീയിപ്പോള്‍ ഇങ്ങോട്ട് വന്നത് ?"
ദൈവത്തിനു ഇഷ്ടമായിട്ടില്ലെന്നു തോന്നുന്നു .
ഇത്രയും കഷ്ട്ടപ്പെട്ട് ചെന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ !
"വന്നൊന്നു കാണണമെന്ന് ഒരാഗ്രഹം തോന്നി .പൊറുക്കണം .."
സാധാരണ നിലക്കാണെങ്കില്‍ കരഞ്ഞു പോകേണ്ടതാണ് ..
പക്ഷെ ഇന്ദ്രിയങ്ങളെ അടക്കിപ്പിടിച്ചിട്ടാണ് ചെന്നത് എന്നത്കൊണ്ട് നിര്‍ഗുണനായിത്തന്നെ നില്ക്കാന് പറ്റി!
"നിനക്കിനിയും വരാന്‍ സമയമായിട്ടുണ്ടായിരുന്നില്ല .
നിന്റെ വീടുപണിയും മറ്റു ചില വീട്ടുകാര്യങ്ങളും ഇനിയും ബാക്കി കിടക്കുകയാണ് .
അപ്പോഴേക്കും കുറ്റിയുംപറച്ചു വന്നിരിക്കുന്നു !
സമയമാകുമ്പോള്‍ ഒരു കുട്ടിയെ ഞാന്‍ അങ്ങോട്ട് പറഞ്ഞയക്കുമായിരുന്നല്ലോ ..
പോപോപോ ... "
ദൈവം പറയുകയാണ് .
സമയമായിട്ടുണ്ടാവില്ല .
മടങ്ങിപ്പോയേക്കാം.
"നില്ക്കു.."
തിരിച്ചു പോരാന്‍ തുടങ്ങിയ എന്നെ ദൈവം പിന്‍വിളി വിളിച്ചു .
"എന്തായാലും നീ ഇത്രേം വരെ വന്നതല്ലേ .
ഒരുകാര്യം കൂടി ...
ഞാന്‍ ഈ ലോകത്തിലെ ഇടപാടുകളെല്ലാം മതിയാക്കി ഷട്ടര്‍ ഇടുവാന്‍ പോവുകയാണ് .
സത്യത്തില്‍ ഞാന്‍ ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം ഇപ്പോള്‍ നിനക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല .
അവിടെ എല്ലാവരും ഞാന്‍ എവിടെയാണെന്ന് അറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടിക്കൊണ്ടിരിക്കയാണ് .
അതുകൊണ്ട് നീ ചെന്ന് അവരോടു പറയണം ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടെന്ന്.
നേരമാകുമ്പോള്‍ പോരാന്‍ റെഡിയായിരിക്കാന്‍ പറ .
ശേഷം ബാക്കി അവന്മാര് തീരുമാനിച്ചോളും .
ഹല്ലപിന്നെ..."
"എല്ലാം അവിടുത്തെ ഇഷ്ടം .
ഹല്ലാ പിന്നെ .."
എന്ന് മറുപടിയും പറഞ്ഞു ഞാനിങ്ങു പോന്നു .
സദസ്യര്‍ ഉറങ്ങുന്നുണ്ടോ ?
ഇല്ലെന്ന് തോന്നുന്നു .
മൈക്കില്‍ വീണ്ടും ഒന്ന് കൊട്ടി .
ടുംടുംടും ...
"ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞുകൊണ്ട് ഈ പ്രസംഗം ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു "
ഉഷാര്‍ ഉഷാര്‍ !
നല്ല കൈയടി ..
അഡ്മിന് എന്നെ ഓഫീസ് റൂമിലേക്ക് വിളിച്ചു .
"ഇരിക്കൂ .
നിങ്ങളുടെ പ്രസംഗം ഇവിടെ എല്ലാവര്ക്കും വളരെ ഇഷ്ടമായി .
അതുകൊണ്ട് നിങ്ങളെ ഇവിടത്തെ മറ്റൊരു അഡ്മിനായി നിയമിച്ചു കഴിഞ്ഞു .
ഒരു പുറപ്പെടാ അഡ്മിന് ആയി,
ശിഷ്ട്ട കാലം ഇനി ഇവിടെ കഴിയാം ."
"അയ്യോ ,അതുപിന്നെ ..ഞാന്‍ .."
"ഒന്നും പറയണ്ട "
അവര്‍ വാതില്‍ പുറത്തുനിന്നും പൂട്ടി .
അങ്ങനെ രാത്രിയായപ്പോള്‍ ഞാന്‍ ജനാല വഴി മുകളില്‍ കയറി .
ഓടുപൊളിച്ചു ശീലമുണ്ടായിരുന്നത്കൊണ്ട് പുറത്തെത്താനും അതുവഴി വീട്ടിലേക്കു ഓടി രക്ഷപ്പെടാനും പറ്റി.
*******************