2013, ജൂൺ 16, ഞായറാഴ്‌ച

വക്കീലിനെ തേടി..


അടയാളങ്ങള്‍..
നോവല്‍.-അധ്യായം എട്ട്.

ഇരുട്ടും വെളിച്ചവും മാറിമറിയുന്ന രാപകലുകള്‍ക്ക് ഇലാഹി ദുഖത്തിന്റെ നിറം കൊടുത്തത് തനിക്കു വേണ്ടിയാണോ?
മരുഭൂമി പോലെ ചുട്ടുപൊള്ളുന്നു മനസ്സ്
ഒരു പാടു പ്രാര്‍ത്ഥിച്ചു,അതിനേക്കാളേറെ കണ്ണീര്‍ വാര്‍ത്തു.
കണ്ണിമ ചിമ്മാതെ ഒറ്റക്കൊരു  വീട്ടില്‍ പേടിച്ചുവിറച്ച് ഒരു രാവു തീര്‍ന്നുപോയിരിക്കുന്നു..

നാളിതുവരെയും ഉപ്പ ഒരിക്കലും പുറത്തുപോയി തിരിച്ചുവരാതിരുന്നിട്ടില്ല.
സുഖമില്ലാത്ത ആളാണ്.
എവിടെയെങ്കിലും വെച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും..

ആള്‍മറയില്ലാത്ത ഒരു കിണറുണ്ട് കുന്നിഞ്ചരിവോരത്ത്..
വീണാലറിയാത്ത കിടങ്ങുകളും പൊന്തക്കെട്ടുകളുമുണ്ട്.
തിരഞ്ഞുപോകേണ്ട ആളാണെങ്കില്‍ ഇന്നലെ വീടെത്തിയിട്ടുമില്ല. 

ഉപ്പാന്റെ അനുജന്റെ മകനാണ് ശിഹാബ് മദാരി .
ബഷീറിക്കയും ശിഹാബും തീരെ രസത്തിലല്ല.
എന്നിട്ടും രാത്രി മുഴുവന്‍ തിരഞ്ഞുനടന്നു ശിഹാബ്..
പക്ഷെ സ്വന്തം മകന്‍ അറിയാതെ ഒരുപ്പ എവിടെയോ,എങ്ങനെയോ?

ബാറില്‍ ഓട്ടോ കൊണ്ടുചെന്നിട്ട് അതില്‍തന്നെ കുടിച്ച് കിടന്നുറങ്ങിയ ചരിത്രമുണ്ട്.
നേരം വെളുത്തിരിക്കുന്നു.
ഇനിയും തിരിച്ചെത്താറായിട്ടില്ല ആ മനുഷ്യന്!

ജമീലയുടെ ചിന്തകള്‍ നേരിപ്പോടുപോലെ കത്തി ..
അവള്‍ അങ്ങിനെ വിങ്ങിനില്‍ക്കുമ്പോള്‍ പുറത്തുനിന്നും ആരോ വിളിക്കുന്നത്‌ കേട്ടു ..

അടുത്ത വീട്ടിലെ പത്മശ്രീ ചേച്ചിയാണ്.
എന്തെങ്കിലും അറിവു കിട്ടിയിട്ടു വരുന്നതായിരിക്കുമോ?
ജമീല പ്രതീക്ഷയോടെ വാതില്‍ തുറന്ന് ചെന്നു.

“വല്ല വിവരോം കിട്ട്യൊ പത്മേച്ച്യേ..?”

“ഇല്ല മോളെ,
ഷാജുമോനും കൂട്ടുകാരും രാത്രി മുഴുവന്‍ തിരഞ്ഞു നടക്കാത്ത സ്ഥലല്ല്യ..
ബഷീറ് ഇതു വരെ വന്നില്ല്യാലെ?”

ബഷീര്‍ എന്ന വാക്കുകേട്ടപ്പോള്‍ സങ്കടമാണ് വന്നത്.
എന്നിട്ടും ജമീല ദുഷിച്ച വാക്കുകള്‍ പറഞ്ഞില്ല.

“വന്നീല്ല പത്മേച്ച്യെ ..
 കാലത്തന്നെ ഞമ്മളോട് വഴക്കിട്ടല്ലെ പോയീത്..”

“അതിനെന്താ ഉണ്ടായീത്?”

ഉണ്ടായതെന്താണെന്നോ..
എല്ലാം അറിയുന്ന ഒരാളുണ്ടല്ലോ ,ഇലാഹി ..
എല്ലാം അദ്ദേഹത്തിന് കൊടുക്കട്ടെ ...

“കോടതീന്ന് തന്ന ഏഴ് ദിവസത്തെ അവധി തീര്‍ന്നേക്കണ്..
എപ്പഴാ ഈ പൊരേം സ്ഥലോം ജപ്തിചെയ്ത് ബ്ളെഡ് വിന്‍സെന്റിന് കൊടുക്കാന്ന് അറീല്ല്യ പത്മേച്ച്യെ..
ബ്ളെഡ് വിന്‍സെന്റിന് കാശ് കൊടുക്കണ്ടേന്ന് ചോദിച്ചേന് എന്തൊക്കെ ബഹളാ ഇണ്ടാക്കീത് ..
അയാള്‍ കേസ് കൊടുത്തതല്ലെ..
കാശു കൊടുത്തുതീര്‍ക്കാണ്ടെ ഇങ്ങനെ നടന്നാല്‍ ഒക്കെ കൈവിട്ടുപോവൂലെ?”

ജപ്തിക്കാര്‍ വന്നുണ്ടാക്കിയ ബഹളങ്ങള്‍ക്ക് പത്മശ്രീയും കാഴ്ചക്കാരിയായിരുന്നു.
ജപ്തിക്കാര്‍ വീട്ടില്‍ വന്നു നിറഞ്ഞപ്പോള്‍ ജമീല ആദ്യം ചെന്നതും പത്മശ്രീ യുടെ അടുത്തെക്കായിരുന്നുവല്ലോ .
അക്കുക്കാക്ക കഥയറിയാത്ത കളിക്കാരനെപ്പോലെയിരുന്നപ്പോള്‍ഉദ്ദ്യോഗസ്ഥര്‍ക്കും മനസ്സലിഞ്ഞു.

“പറഞ്ഞപോലെ ജപ്തിക്കാര്‍ വന്നുപോയിട്ട് ഒരാഴ്ചയായില്ല്യെ..!
നീയീകാര്യം നിന്റെ വീട്ടില് പറഞ്ഞുനോക്ക്യോ?”

“എന്നിട്ടെന്തിനാ പത്മേച്ച്യേ .
പാവം ഇക്കാക്ക..
എവിടെന്നെങ്കിലും കടം വാങ്ങി കാശ് തരുമായിരിക്കും,
എന്നാലും അത് ശെര്യാവൂല്ല.
സഫിയാക്ക് ഓരോ ആലോചനോള് വരണ സമയല്ലെ..
ഞമ്മടെ നിക്കാഹിന് തന്ന പൊന്നന്നെ ഒരു തരി പോലൂല്ല്യാണ്ട് തീര്‍ത്തേക്കണ് ഞമ്മടെ കെട്ട്യോന്‍.
എന്നിട്ടും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് ചെന്നപ്പോ പിന്നേം കുറെ സഹായിച്ചിണ്ട് ഇക്കാക്ക.അതോണ്ടാ ഒന്നും അവടെ പറയാത്തെ..”

പാവം ഉമ്മയുടെ മുഖമാണ് ആ സമയത്ത് ജമീലയുടെ മനസ്സിലെത്തിയത്.
അല്ലെങ്കില്‍ തന്നെ അവര്‍ തന്റെ കാര്യമോര്‍ത്ത് എത്രമാത്രം വിഷമിക്കുന്നു.
വീണ്ടും ഇങ്ങനെ ഒരു വിശേഷം കൂടി ആ കാതിലെത്തല്ലെ എന്നായിരുന്നു അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

“ഡ്യേ..ജമീലേ, നിന്റെ ഇക്കാക്ക കൊറച്ച് നേര്‍ത്തെ ഷാജൂന്റെ മൊബൈലിലിക്ക് വിളിച്ചൂട്ടൊ.
ഷാജുമോന്‍ എല്ലാ കാര്യങ്ങളും‍ പറഞ്ഞിട്ടുണ്ട്.”

“ങേ..ഇക്കാക്ക വിളിച്ചൂലെ..
ഇന്നലെ രാത്രീല് എത്ര നേരാ  ട്രൈ ചെയ്തെ..
എന്നിട്ട് എന്തെ പറഞ്ഞത്?”

“ഇപ്പോ പൊറപ്പെട്ട്ണ്ടാവും.
ഇക്കാക്ക വന്നാ പിന്നെ നിനക്ക് സമാധാനായീല്ല്യെ..”

ഇന്നലെ എത്ര നേരമാണ് വിളിച്ചത്.
ഇക്കാക്ക ഉറക്കത്തില്‍ പെട്ടുപോയിരിക്കാം,എന്നാല്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് ഉമ്മയൊ സഫിയയൊ കേള്‍ക്കേണ്ടതല്ലെ..
മൊബൈല്‍ സൈലന്റ് മോഡിലാവും എന്ന് വിചാരിച്ചു സമാധാനിക്കാന്‍ ശ്രമിച്ചു. 

ഫൈസുക്കാ വേഗം എത്തുമായിരിക്കും.
കൂടെ ഉമ്മയും സഫിയയും ഉണ്ടാകുമോ?
എല്ലാവരും വരാതിരിക്കില്ല.
ഇത് കേട്ടപ്പോഴേ ഉമ്മക്ക് ശ്വാസം മുട്ടല്‍ തുടങ്ങിയിട്ടുണ്ടാവും..

ജമീലയുടെ ചിന്തകള്‍ക്ക് ആശ്വാസത്തിന്റെ പുതുജീവനുണ്ടായി.
അവള്‍ തെളിഞ്ഞ മുഖത്തോടെ പത്മശ്രീയെ നോക്കി.

“ഇക്കാക്ക വന്നാ പിന്നെ കാര്യങ്ങള് മൂപ്പര് നോക്കിക്കോളും.
എന്നിട്ട് ഷാജ്യേട്ടന്‍ എണീറ്റാ?”

“ഇന്നലെ രണ്ടുമണിക്കല്ലെ വന്നു കിടന്നത്.
ഇടക്ക് വിളിച്ച് ശല്ല്യപ്പെടുത്തരുതെന്നാ ഓര്‍ഡര്‍.
നേര്‍ത്തെ ജോലിക്ക് പൂവണ്ടതല്ലെ.
അതന്നെ സ്റ്റീല്‍ കമ്പനീല് ജോലിത്തിരക്കുള്ള സമയാത്രെ!“
പത്മശ്രീ ജമീലയുടെ കൈ പിടിച്ചു.
സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഉള്ളംകൈ തലോടി.

“അക്കുക്കാക്കാന്റെ കാര്യം പറഞ്ഞ് വെറ്തെ ലീവാക്കണ്ട പത്മേച്ച്യെ..
ഇക്കാക്ക ഇങ്ങണ്ട് വരുണുണ്ടലൊ..”

“ഫൈസല്‍ വന്നോട്ടെ,
ലീവെട്ക്കണംച്ചാ അത്താണീല്‍ക്ക് ഷാജൂനെക്കൊണ്ട് ഞാന്‍ തന്നെ വിളിച്ച് പറയിച്ചോളാം.
നീയ് സമാധായിട്ടിരുന്നൊ.
എന്നാ പിന്നെ ഞാന്‍ പോയി പണികള്‍ നോക്കട്ടെ മോളെ..”

പത്മശ്രീ ജമീലയുടെ കൈ പിടിച്ചു.
സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഉള്ളംകൈ തലോടി.

നല്ല സ്നേഹമുള്ളയാളാണ് പത്മേച്ചി.
അസൂയയോ പരദൂഷണമോ പത്മേച്ചിയുടെ ശീലമല്ല.
അത്തരക്കാരോട് കൂട്ടുമില്ല.
പിന്നെ അരുതാത്തതു കണ്ടാല്‍ പെട്ടെന്ന് ദ്വേഷ്യപ്പെടുമെന്നേയുള്ളൂ.

ഇന്നലെ രാത്രി ഒരു വറ്റു കഴിച്ചിട്ടില്ല.
ഒന്നിനും തോന്നിയില്ലെന്നാണ് പരമാര്‍ത്ഥം.
പത്മേച്ചി വന്നുപോയത് അല്‍പ്പം ആശ്വാസമായി.
ഇക്കാക്കയോ ഉമ്മയോ വന്നാല്‍ ഒരു ഗ്ളാസ് ചായ കൊടുക്കണ്ടെ.
 ജമീല അടുക്കളയിലേക്ക് ചെന്നു.

ചായക്കുള്ള വെള്ളം ഒന്ന് തിളച്ചതേയുള്ളൂ..
മുറ്റത്തു നിന്നും ‘ജമീലേ..’യെന്ന വിളികേട്ടു.
ജമീല ഓടിയാണ് ചെന്നത്.
ഫൈസുവിനെ കണ്ടപാടെ അവളുടെ കണ്ണു രണ്ടും നിറഞ്ഞുപോയി.

“ഇക്കാക്ക..”
അവള്‍ ഫൈസുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പാന്‍ തുടങ്ങി.
 ഫൈസു ജമീലയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ചുമലില്‍ തട്ടിക്കൊണ്ടിരുന്നു.

“നേരായിട്ടും നീയ് വിളിച്ചതൊന്നും ഞമ്മള് അറിഞ്ഞില്ല.
ആ നേരത്ത് ഞമ്മള് അമലേലാണ്.
നമ്മടെ മന്‍സൂറിക്കാന് ആക്സിഡന്റ് പറ്റി അമലേല് അഡ്മിറ്റാണ്.
രാത്രി കുറെ നേരം ഉറക്കമിളച്ചു ഇടക്കെപ്പോഴോ വല്ലാതെ മയങ്ങിപ്പോയി
ഫോണ്‍ വന്നത് കാലത്ത് മിസ്കോള്‍ കണ്ടിട്ടാണ് അറിഞ്ഞത്.”

ഫൈസുവിന് അപ്പോഴും അത്ഭുതമായിരുന്നു,താനെങ്ങനെ ഇങ്ങനെ ഉറങ്ങിപ്പോയെന്ന്.
വീട്ടിലായിരുന്നെങ്കില്‍ ഒരില ഇനങ്ങിയാല്‍ പോലും ഉണരുന്ന ആളായിരുന്നല്ലൊ.

ഫൈസു മന്‍സൂറിന് കൂട്ടിരിക്കണമെങ്കില്‍ അതു വലിയ അപകടമായിരിക്കുമെന്നാണ് ഈ സമയത്ത് ജമീല ചിന്തിച്ചത്.
അവള്‍ക്ക് ആ വാര്‍ത്ത കൂടുതല്‍ ഷോക്കായി തോന്നി.

“അല്ല ഇക്കാക്ക..
മന്‍സൂറിക്കാന് എന്തുപറ്റിയതാണ്?”

“മാര്‍ക്കറ്റില്‍ പോയിട്ടു വരുമ്പൊ ഒരു ടിപ്പര്‍ വന്നിടിച്ചതാ..
ഐസ്യുലാ..”

“അള്ളാ..കൂടുതലാ?”
“ഉം..ഒന്നും പറയാറായിട്ടില്ല.
തലക്ക് പിന്നിലാ പരിക്ക്.”

ഒരു നിമിഷം മന്‍സൂറിന്റെ മുഖം ജമീലയുടെ മനസ്സില്‍ മിന്നിമറഞ്ഞു.
കളിക്കൂട്ടുകാരായിരുന്ന കാലം മുതല്‍ക്കേ മന്‍സൂറിനു ജമീലയെ വലിയ ഇഷ്ടമായിരുന്നു.
ആരും കേള്‍ക്കാതെ മന്‍സൂര്‍ അവളെ ‘മുല്ലേ..‘യെന്ന് വിളിച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മകളെ പിടിച്ചുലക്കുന്നു.

മനേഷിന്റെ അനുജത്തിക്കുട്ടി വര്‍ഷിനി സുഖമില്ലാത്ത കുട്ടിയാണ്.
സ്കൂളില്‍ പോകുന്ന കാലത്ത് പോളിയോ വന്ന് ആ പാവത്തിന്റെ രണ്ടു കാലും തളരുകയായിരുന്നു.
മുല്ലപ്പൂ അവള്‍ക്ക് വലിയ ഇഷ്ടമാണ്.
അഹമ്മദ് ഹാജിയുടെ വേലിപ്പടര്‍പ്പ് മുല്ലപ്പൂക്കള്‍ കൊണ്ടായിരുന്നല്ലൊ.
ഗുരുവായൂരില്‍ പോകുമ്പോഴൊക്കെ അവിടെനിന്നും പൂവിറുക്കും.
അമ്മ ലക്ഷ്മിക്കുട്ടി ആ പൂവുകൊണ്ട് മാല കോര്‍ക്കും.
അതില്‍ നിന്നും ഒരു തുണ്ട് കൊച്ചു വര്‍ഷിനിയുടെ തലയിലും ചൂടിക്കും.

ജമീല മാല കെട്ടാന്‍ പഠിച്ചത് ലക്ഷ്മിക്കുട്ടിയുടെ കൈയ്യില്‍ നിന്നാണ്.
മുല്ലപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ സുഗന്ധമൂറുന്ന ഒരു മാല തനിക്കും ചൂടണമെന്നുണ്ടായിരുന്നു.
പക്ഷെ തട്ടമിട്ടു മറച്ച ഈ മുടിക്കകത്ത് ഒരു മുല്ലമാലക്ക് ഇടമെവിടെ!

പോളിയോ വരുന്നതിനു മുന്‍പ് വര്‍ഷിനിക്ക് മുല്ലപ്പൂ പറിക്കാന്‍ ജമീലയും സഫിയയും കൂട്ടുണ്ടാകും.
അവള്‍ക്ക് സുഖമില്ലാതായത് ജമീലക്ക് ഏറെ വിഷമമുണ്ടാക്കി.
മുല്ല പൂത്തു സുഗന്ധം ചുറ്റും പകരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അവള്‍ ഒരു കുടന്ന പൂ പറിച്ചു.

പൂക്കള്‍ കണ്ടപ്പോള്‍ വര്‍ഷിനി ഓരോന്നായി എടുത്ത് വാസനിച്ചു നോക്കി.

“ജമീലാത്താ..മാലയുണ്ടാക്കാനാ ഇത്രേം പൂക്കള്‍?“

“അതെ മോളെ..
വര്‍ഷിനിക്ക് മാലയുണ്ടാക്കി ചൂടാനാ താത്ത ഈ പൂവൊക്കെ പറച്ചുകൊണ്ടോന്നത്.”

അവള്‍ സന്തോഷത്തോടെ ചിരിച്ചു.
പിന്നെ ആ മുഖം മ്ളാനമായി.

“ജമീലാത്ത...
മുല്ലപ്പൂ ചൂടി ഇനി പഴയപോലെ എനിക്കിനി അമ്പലത്തിലേക്കൊന്നും പൂവാന്‍ പറ്റില്ല്യാട്ടൊ..
എനിക്ക് കാലോണ്ട് വയ്യാണ്ടാ‍യില്ലേ..”

ശോഷിച്ചുപോയ കാലില്‍ അവള്‍ പതിയെ തലോടി.
സന്തോഷച്ചിരിക്കിടയിലും കണ്ണീരിന്റെ ഒരു നനവ് ചൂടിക്കൊണ്ട് അവള്‍ ചോദിച്ചു.
ജമീല ഒരു നിമിഷം വല്ലാതായി.

“എത്ര പൂവാ വെര്‍തെ കൊഴിഞ്ഞു പോയേക്കണെ..
അത് കണ്ടപ്പോളാ അന്നെ ഓര്‍മ്മ വന്നത്..
അനക്ക് മുല്ലപ്പൂവ് പെരുത്ത് ഇഷ്ടാന്ന് ഞമ്മക്ക് അറിഞ്ഞൂടെ..”

“ഇഷ്ടന്നെ..
ജമീലാത്ത കൊണ്ടന്നതല്ലെ,
എന്നാ ഇത് ഉണ്ണിക്കണ്ണന് ചൂടിക്കാംട്ടൊ..”
വര്‍ഷിനി തെളിഞ്ഞ മുഖത്തോടെ ചിരിച്ചു.

വര്‍ഷിനിയുടെ ഉണ്ണിക്കണ്ണനു വേണ്ടി ജമീല പിന്നെയും പൂ പറിച്ചു.

“ജമീലാ, ഇനി നിയ്യ് പൂവ് പൊട്ടിക്കണ്ടാ..”
ഒരു ദിവസം പൂ പറിക്കുമ്പോള്‍ മന്‍സൂറ് അങ്ങിനെ പറഞ്ഞപ്പോള്‍ പൂ പറിക്കുന്നത് ഇഷ്ടമില്ലാതെയാവും എന്നായിരുന്നു ജമീല വിചാരിച്ചത്.

“ഇതൊക്കെ വെര്‍തെ കൊഴിഞ്ഞ് പോവല്ലെന്ന് വിചാരിച്ചിട്ടെ മന്‍സൂറിക്കാ..”
ജമീല വിഷണ്ണയായി മന്‍സൂറിനെ നോക്കി.

“ഇന്നലെ വേലീല്‍ നല്ല മുഴുത്ത പച്ചിലപ്പാമ്പിനെ ഞമ്മള് കണ്ടതാ.
അനുക്ക് പച്ചിലപ്പാമ്പിനെ പേടീല്ലെ ജമീലാ?”

“വെര്‍തെ പുളു പറയല്ലെ..”

“എന്ത് പുളു.
ശരിക്കും കണ്ടതന്നെ.
ജമീലാ വെഷമിക്കണ്ട അതിന്.
നല്ല അടിപൊളി പൂവോള് ഞമ്മള് പൊട്ടിച്ചു തരട്ടെ”

മന്‍സൂര്‍ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.
ജമീലക്ക് നാണമായി.
അങ്ങിനെയാണ് മന്‍സൂറും ജമീലയും പൂ പറിക്കാനാരംഭിച്ചത്.

ജമീലക്ക് മന്‍സൂറിനെ ഒന്ന് പോയിക്കാണണമെന്ന് തോന്നി.

“ഞമ്മക്ക് ഒന്ന് പോയിക്കാണണന്ന് തോന്നണുണ്ട് ഇക്കാക്ക..
എത്രയായാലും കുട്ടിക്കാലത്ത് വല്ല്യ കൂട്ടായിരുന്നില്ലെ..”
അവള്‍ തന്റെ ആഗ്രഹം ഫൈസുവിനോട് പറഞ്ഞു.

“വേണ്ടതാണ് മോളെ..
അല്ല,അളിയന്‍ എവിടെ?”

ഫൈസു  ബഷീറിനെ അന്വേഷിക്കുമ്പോള്‍ ജമീല പെട്ടെന്നൊരുത്തരം പറയാനാകാതെ മുഖം കുനിച്ചു.
അളിയന് വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്തം കുറവായിവന്നത് ജമീല വേണ്ട പോലെ നിയന്ത്രിക്കാത്തതുകൊണ്ടാണെന്ന് ഫൈസല്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു.

“ഇന്നലെ രാത്രീല് വന്നിട്ടില്ല..”

‘ഉപ്പാനെ കാണാണ്ടായ വിവരം അറിയില്ലെ അളിയന്?”

“ഇല്ല..”
“അതെന്താ..
വിവരം അറീക്കാണ്ടെ നല്ല പണിയാ നീ കാണിച്ചത്!“

കഷ്ടമാണ് ഇവളുടെ കാര്യം.
എന്നെ അറിയിക്കാന്‍ കാണിച്ച തിടുക്കം പോലും ഇവള്‍ സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല.
നയപരമായിട്ടുവേണം ജീവിതത്തിലോരോ കാര്യങ്ങളും അതാതിന്റെ വഴിയേ കൊണ്ടുവരാന്‍..
ഫൈസു ചിന്തിച്ചു.

“ഇക്കാക്ക വന്നിട്ടാവാന്ന് വിചാരിച്ചു..”
മടിച്ചുമടിച്ചാണ് അവള്‍ പറഞ്ഞത്.

“ഇതിനൊക്കെ ഞമ്മളെ കാക്കണ്ട കാര്യമുണ്ടോ!
ഉം ശരി..
ഞമ്മളൊന്ന് വിളിച്ചു നോക്കട്ടെ..”

ഫൈസു മൊബൈലെടുത്ത് കോള്‍ ചെയ്തു.

“ഹലോ..”
മറുതലക്കല്‍ നിന്നും ബഷീറിന്റെ ശബ്ദം .

“അളിയാ..ഇത് ഫൈസുവാണ്.
ഇങ്ങള് ഇപ്പൊ എവിടെയാണ്?”
“ഞമ്മള്..ആ ഇപ്പൊ നെടുമ്പാശ്ശേരീലാണ്.
എയര്‍പോര്‍ട്ടില് ഒരു വാടക വന്നതാ..”
മറുതലക്കല്‍ ഒരു പരുങ്ങല്‍ അനുഭവപ്പെട്ടു.

ഇവിടെനിന്നും നെടുമ്പാശ്ശേരിക്ക് ഓട്ടോ വിളിച്ചു പോവുകയോ!
ഫൈസു ഒരു നിമിഷം അന്ധാളിച്ചുപോയി.

“അളിയാ..ഉപ്പ ഇന്നലെ പുറത്ത് പോയിട്ട് ഇതുവരെ എത്തീട്ടില്ല്യ.“

“ഞമ്മളറിഞ്ഞ്..”
“ങെ!“
“ഞമ്മളറിഞ്ഞൂന്ന്..”

അപ്പോള്‍ അറിഞ്ഞിട്ടുണ്ട്.
എന്നിട്ടും ഈ മനുഷ്യന്‍ എന്താ ഇങ്ങനെ ഒരു ഉത്തരവാദിത്ത്വവും ഇല്ലാതെ !

“ഒരു കൂട്ടുകാരന്‍ ഇന്നലെത്തന്നെ വിളിച്ചു പറഞ്ഞിരുന്നു.”

“ഓ..എന്നാ പിന്നെ പേരാമംഗലം സ്റ്റേഷനില്‍ ഒന്നറിയിച്ചാലൊ?”

“അത് ..അതിന്റെ ആവശ്യമുണ്ടോ..?“

“അതെന്താ..
ഉപ്പാനെ കാണാണ്ടായിട്ട് അളിയനെന്താ ഇങ്ങനെ!?”

ഫൈസുവിന് അരിശം തോന്നിത്തുടങ്ങി.

“അളിയനോടായതുകൊണ്ട് നേര് പറയാലൊ‍.
ഉപ്പ  ഞമ്മടെ ഒരു കൂട്ടുകാരന്റെ പൊരേലുണ്ട്.
ഇവിടെ കാര്യങ്ങളാകെ ഇടങ്ങേറായിക്കെടക്കാണ്.
ഒക്കെ ഒന്ന് തീരണവരെ ഉപ്പ ഇവിടെ നില്‍ക്കട്ടേന്ന് വിചാരിച്ച്..”

കാര്യങ്ങളുടെ ഗതിയറിയാത്ത ഫൈസുവിന് ഒന്നും മനസ്സിലായില്ല.

“എന്താ അളിയന്റെ ഉദ്ദ്യേശം?
ഞമ്മക്കൊന്നും മനസ്സിലാവണില്ല്യ..”

“ഇവിടെ ഒരു കള്ളഹിമാറുണ്ട്..
അയ്യാള്‍ ഉപ്പാനെ ഏതാണ്ടൊക്കെ പറഞ്ഞ് പറ്റിച്ച് പൊരേന്റെ ആധാരം  പണയായായി വാങ്ങീട്ട് ഇപ്പൊ കേസ് കൊട്ത്ത്..
ഞമ്മടെ പൊരേം സ്ഥലോം ജപ്തി ചെയ്യാന്‍..
സുഖല്ല്യാത്ത ഉപ്പാനെ ചതിച്ചേന് ഓനെ ഞമ്മള് അഴിയെണ്ണിച്ചേ അടങ്ങൂ..
ബഷീറിനോടാ ഓന്റെ കളി..”

“എന്നാലും അളിയാ പാവം ഉപ്പാനെ ഇതിന്റെ ഇടക്ക് ഇങ്ങനെ വലിച്ചിഴക്കണോ..?”

“ഇതോ..ഇതൊക്കെ ഒരു നമ്പറാ..
അളിയന്‍ വെര്‍തെ കളി കണ്ടാമതി..
പിന്നെ അളിയന്റെ അറിവില്‍ നല്ല വക്കീല് ആരെങ്കിലുമുണ്ടോ?
ഒന്ന് പൂട്ടിയാല്‍ പിന്നെ ഓന്‍ എണീക്കരുത്..”

“അതൊക്കെ അളിയന്‍ തന്നെ നോക്കുന്നതല്ലെ നല്ലത്.
ഇവിടിപ്പൊ ജമീലയോടും മറ്റുള്ളവരോടും ഞമ്മളെന്താ പറയണ്ടത്?”

“ഉപ്പാന് പെട്ടെന്ന് സുഖല്ല്യാണ്ടായി ഒരു ആശുപത്രീല് അഡ്മിറ്റാക്കീന്ന് പറഞ്ഞാമതി.
ഞമ്മലൊരു അരമണിക്കൂറിനുള്ളീല്‍‍ എത്തും.
അളിയന്‍ ഞമ്മള് വന്നിട്ടെ പോകാവൂ..“

“ഹും..”

ബഷീര്‍ കോള്‍ ഡിസ്കണക്റ്റു ചെയ്തു.

ഫൈസു ജമീലയെ നോക്കി.
“എന്താ ഇവിടത്തെ പ്രശ്നം?
ഞമ്മളെയൊന്നും അറിയിക്കാതിരിക്കാന്‍ മാത്രം എന്താ ജമീലാ ഇവിടെ നടക്കുന്നത്?”
ഫൈസുവിന്റെ ചോദ്യം ജമീലക്ക് മനസ്സിലായില്ല.

“അല്ല ഇക്ക എന്താ പറഞ്ഞത്?”
ജമീല കഥയറിയാതെ ചോദിച്ചു.

“അളിയന്‍ പറഞ്ഞത് വേറെ ചില കാര്യങ്ങളാണ്...
അതല്ല.ഉപ്പാനെ കാണാതായ വിവരം എന്താ നീയ് അളിയനെ വിളിച്ചറിയിക്കാഞ്ഞത്?”

“ഇക്കാക്ക വന്നിട്ട് പറയാന്ന് വിചാരിച്ചിട്ടല്ലെ..”

“അത്  പൊളി..
സത്യത്തില്‍ എന്താ നിങ്ങടെ പ്രശ്നം?”

“അത് പിന്നെഅത് വേറൊരു കാര്യാ ഇക്കാക്ക”

“എന്തായാലും ഞമ്മളോട് പറ”

“ഷാജ്യേട്ടന്റെ ഫോണില്‍ ഇക്കാനെ വിളിക്കണത് ആള്‍ക്കിഷ്ടല്ല.”

“അതെന്താ ഷാജുവും അളിയനും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടോ?”

“അതുപിന്നെ ഇക്കാക്കാ ഞമ്മക്ക് വിശേഷണ്ട്”

“ങെ..എന്നിട്ടെന്താ അറിയിക്കാഞ്ഞത്?”

മനം പുരട്ടിത്തുടങ്ങിയപ്പോള്‍ പത്മേച്ചിയേയും കൂട്ടിയാണ് ഡോക്ടറെ കാണാന്‍ പോയത്.
ഉള്ളില്‍ ഒരു കുരുന്നു ജീവനുണ്ടെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷിച്ചു.
ഷാജുവേട്ടന്റെ ഫോണില്‍ നിന്നാണ് ഇക്കാര്യം ബഷീറിക്കയെ വിളിച്ചറിയിച്ചത്.
മറുപടിയായി ഒന്ന് മൂളിയതേയുള്ളൂ.

“നീയെന്താ ആലോചിക്കുന്നത്?”
ഫൈസു ചോദിച്ചു.

ജമീല ആയാസപ്പെടുന്നു മറുപടിക്കായി

“ങാ..അതുപിന്നെ ഇക്കാക്ക..
ഷാജുവേട്ടന്റെ ഫോണിലാണ് വിശേഷള്ള കാര്യം ഞമ്മള് ഇക്കാനെ അറീച്ചത്.
അത് ഇക്കാന്‍ ഇഷ്ടപ്പെട്ടില്ല.
അന്ന് രാത്രി കുടിച്ച് വന്ന് ചില ദുഷിച്ച വര്‍ത്താനങ്ങള്‍ പറഞ്ഞ്.
ഇന്നേം ഷാജുവേട്ടനേം കൂട്ടിച്ചേര്‍ത്ത്

ജമീലയുടെ മുഖം കനക്കുന്നത് ഫൈസു കണ്ടു.
ഫൈസുവിന് അളിയനോട് പുഛം തോന്നി.
സന്തോഷിക്കേണ്ട സമയത്തും ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യരുണ്ടോ!

“അതുപോട്ടെ, ഇപ്പോ ഈ സ്ഥലത്തിന്റെ പേരില്‍ വല്ല കേസുമുണ്ടോ?
കേസുകാരണം ഉപ്പാനെ വേറൊരിടത്തേക്ക് അളിയന്‍ മാറ്റിയതാണെന്നാണ് ഇപ്പോള്‍ എന്നോടു പറഞ്ഞത്..”

“ആണോ!..അള്ളാ നീ കാത്തു..”
ജമീല നന്ദിസൂചകമായി ദൈവത്തെ സ്തുതിച്ചു.

 “ബ്ലേഡ് വിന്‍സെന്റ് കേസു കൊടുത്തിട്ട് ജപ്തി ചെയ്യാന്‍ കോടതീന്ന് ആള്‍ക്കാര്‍ വന്നിരുന്നു ഇക്കാക്കാ..
ഇക്കാക്കാന് വിഷമായെങ്കിലോന്ന് വിചാരിച്ച് ഞമ്മള് അറിയിക്കാതിരുന്നതാണ്..”

അപ്പോള്‍ അതാണ് കാര്യം.
ബ്ലേഡ് വിന്‍സെന്റിനെ തളക്കാന്‍ വേണ്ടി അളിയന്‍ കളിക്കുന്ന ഒരു നാടകമാണിത്.
കഷ്ടം സ്വന്തം ഉപ്പയെ വെച്ചുതന്നെ വേണമായിരുന്നോ ഇതെല്ലാം!
കൈവിട്ട കളികളാണ് അളിയന്‍ കളിക്കുന്നത്.
ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പുരയിടം കൈവിട്ടുപോകാനും മതി.
ഇക്കാര്യത്തില്‍ തനിക്കത്ര അറിവില്ല.
അജിത്തേട്ടന് അയ്യന്തോള്‍ കോടതിയിലാണല്ലൊ ജോലി.
ഒന്ന് കണ്ട് സംസാരിക്കാം.
ഒരു വഴി തുറക്കാതിരിക്കില്ല.

“ഇക്കാക്ക. കേറിയിരിക്ക്
ഒരു ഗ്ളാസ് ചായ കുടിക്കാം
ജമീല വിളിക്കുന്നു.

പാവം.. മുഖത്തെ കാര്‍മേഘം ഒഴിഞ്ഞുപോയിരിക്കുന്നു..
ഫൈസുവിനപ്പോള്‍ ചിരിയാണ് വന്നത്!

……………………………..

13 അഭിപ്രായങ്ങൾ:

 1. പോരട്ടെ ... ത്രില്ലായി പോരട്ടെ ...! കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 2. ഹായ്, ഇതിൽ നുമ്മളൊക്കെ ഓരോ കാഥാപാത്രങ്ങളണല്ലൊ , രസായി കെട്ടൊ , എഴുത്ത് സമ്മതിച്ചു,
  അല്ല ഈ അക്കാക്കുക്ക ശെരിക്കും ഇപ്പോഴും മറഞ്ഞിരിക്കാണൊ, അതൊ സ്വയം മാറി നിൽക്കുകയോ!!!

  തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 3. പൂര്‍വാധികം ശക്തമായിത്തുടരട്ടെ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഇടക്ക് കമന്‍റുകള്‍ ഇട്ടില്ല എങ്കിലും വായിക്കുന്നുണ്ട്.... ഭാഷ കുറച്ചു കൂടി നന്നാക്കണം എന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.... ഒരു സാധാരണ മാത്യുമറ്റം പൈങ്കിളി ലവലിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ ശ്രദ്ധിക്കൂ....അതിന്‍റെ ഒരു ലാഞ്ചന ഭാഷാപരമായും ആശയപരമായും കാണുന്നുണ്ട്..... അല്‍പ്പം ഭാവന കൈമുതലായുള്ളവര്‍ക്ക് ഒരു മാത്യു മറ്റം ആവാന്‍ എളുപ്പമാണ്.... ഭാവനയോടൊപ്പം അവയെ വ്യത്യസ്ഥ തലത്തില്‍ ചിന്തിക്കുകയും വ്യത്യസ്ഥമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ആണ് അനുവാചക മനസ്സില്‍ അതിനൊരു നിലനില്‍പ്പ്‌ ഉണ്ടാകുന്നത്....

  മറുപടിഇല്ലാതാക്കൂ
 5. ഒന്നാം ഭാഗം മുതൽ വായിക്കാം എന്നിട്ട് അഭിപ്രായിക്കാം

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നൂ..
  എവിടേക്കാണീ പോക്ക്‌ എന്ന ആകാംക്ഷയോടെ..
  ആശംസകൾ..!

  മറുപടിഇല്ലാതാക്കൂ

 7. ഇടയ്ക്ക് ചില അദ്യായങ്ങൾ വിട്ടുപോയിട്ടുണ്ട്..... ആദ്യം അവിടുന്ന് വായന തുടരട്ടെ
  ബാക്കിയും വരട്ടെ .............

  മറുപടിഇല്ലാതാക്കൂ
 8. ജമീല മാല കെട്ടാന്‍ പഠിച്ചത് ലക്ഷ്മിക്കുട്ടിയുടെ കൈയ്യില്‍ നിന്നാണ്.
  മുല്ലപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ സുഗന്ധമൂറുന്ന ഒരു മാല തനിക്കും ചൂടണമെന്നുണ്ടായിരുന്നു.
  പക്ഷെ തട്ടമിട്ടു മറച്ച ഈ മുടിക്കകത്ത് ഒരു മുല്ലമാലക്ക് ഇടമെവിടെ!

  ഇടമുണോന്നോ..ഒന്ന് ഛൂടി നോക്കട്ടേ..

  മറുപടിഇല്ലാതാക്കൂ
 9. കേട്ട് പരിചയമുള്ള പേരുകളൽ കഥാപാത്രങ്ങളായി മുന്നുൽ വന്നപ്പോ വായിക്കാനും നല്ല സുഖം.. ആകാംഷയോടെ കാത്തിരിക്കുന്നു , അടുത്ത അദ്ധ്യായത്തിനായി ... ആശംസ്സകൾ :)

  മറുപടിഇല്ലാതാക്കൂ
 10. പിന്നേയ് എന്നെ അംജത്തിന്റെ ചേട്ടനാക്കി മാറ്റണം ... ഇടയ്ക്കിടയ്ക്ക് സ്കെയില് കൊണ്ട് തലക്കിട്ടു കിഴുക്കുന്ന ഒരേട്ടൻ .
  ഒന്ന് സന്തോഷിക്കാനാ .. മന്സ്സോർ അല്ലേലും ആള് ശേരിയല്ലാന്നു തോന്നീട്ടുണ്ട് ... അജിത്തെട്ടനു പറ്റിയ പണിയും .. :D
  വര്ഷിനി / പോളിയോ ഇഷ്ടായി .. ഹഹഹ .

  മറുപടിഇല്ലാതാക്കൂ
 11. കൊള്ളാം .. കേച്ചേരി

  നന്നാവുന്നുണ്ട്

  മറുപടിഇല്ലാതാക്കൂ
 12. പുതുമയുള്ള ഈ ഭാവനയിൽ രചനകൾ തിളങ്ങട്ടെ.

  മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .