2023, മേയ് 13, ശനിയാഴ്‌ച

മരം വെട്ടുന്നവൾ.

മരം വെട്ടുന്നവൾ. നോവൽ
അദ്ധ്യായം എട്ട്.

ഭ്രാന്തൻ കുന്നിൻ്റെ കിഴക്കേചരിവോരമിറങ്ങിപ്പോകുന്ന കാറ്റിൽ സാന്ത്വനത്തിൻ്റെ നിറവുണ്ടായിരുന്നു.
അതു തൻ്റെ ഭാരങ്ങൾ പെയ്തു തന്നെ തീരാൻ കനിവുറ്റ് പിന്നെയും മുന്നോട്ടേക്കു തന്നെ പാഞ്ഞു.

കാലമയാളെ പിറകിലേക്ക് നടത്തിയത് പത്താണ്ടുകളോളമുണ്ടാവും.
സാന്ത്വനത്തിൻ്റെ പണിയടയാളങ്ങളിട്ട തൻ്റെ വീടോർമ്മകൾക്കു മുമ്പിലയാൾ കിതച്ചിരുന്നു. 

ഗ്രീഷ്മസൂര്യൻ കടുപ്പിച്ച നോട്ടത്തോടെ  ജാലകപ്പഴുതെത്തിനോക്കുന്നു.
സാന്ത്വനമെന്നലങ്കരിച്ച സ്വന്തം വീടിൻ്റെ നെയിംബോർഡിനു മുകളിൽ അയാൾ വിരിച്ചിട്ട കണ്ണീരോർമ്മകളെ ഉണക്കിത്തോർത്തുന്നു.

കണ്ണീർ വീഴ്ത്തി കലഹിച്ചു മറഞ്ഞ തൻ്റെ കുടുംബത്തെ, ഓർമ്മകളുടെ കല്ലൊതുക്കുകളിലിട്ട് അലക്കിച്ചുവപ്പിക്കാൻ വെച്ചിരിക്കുകയായിരുന്നല്ലൊ അയാൾ!

ഉച്ചിയിലെത്തിയിട്ടുണ്ട് സൂര്യൻ.
ഓരോ ഭ്രാന്തൻ കുന്നുകളും ഉച്ചയെ ആഘോഷിക്കുന്നിടത്ത് ഉരുണ്ടു കയറുകയും പിന്നെയും താഴേക്കു മറിഞ്ഞു ചായുകയും ചെയ്യുന്നത് സൂര്യൻ്റെ പതിവ്.

ഊണുറക്കത്തിനു മുൻപേ തന്നെ ചാരു കസാരയിൽ കിടന്നൊന്നു മയങ്ങിപ്പോയതായിരുന്നുവയാൾ.
സൂര്യതാപത്തിനൊപ്പിച്ച് വരണ്ടു വീശി ആലസ്യത്തോടെ ഉറക്കാൻ പുറത്തു കാറ്റുമുണ്ടായിരുന്നു.
അതിനിടക്കെപ്പോഴോ ആണ് മനസ്സ് ഓർമ്മകളെ തുറന്നുതരുന്നത് .
മക്കളുടെ കളി ചിരികൾ കേട്ടുവോ മുറ്റത്ത് എന്നു തോന്നിയിടത്തു വെച്ചാണ് ഉണർത്താൻ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്.

ഭാര്യ, മക്കൾ, തൻ്റെ കുടുബം..
ഓർമ്മത്തുരുത്തുകളിലെ മേയൽ മതിയാക്കി
അയാളുടെ വിരൽത്തുമ്പ് വന്ന കോൾ സ്വീകരിച്ചെടുത്തു.
അമരുന്ന വിരലുകളൊപ്പിച്ച സാങ്കേതികതക്കനുസരിച്ച് ഫോൺ സംസാരിക്കാനാരംഭിച്ചു.
അതയാളുടെ കാതോരം ചേർന്നിരുന്നു.

"ഹലോ സിന്ധുരാജ്, താങ്കളുടെ പൊതു പ്രവർത്തനത്തിൽ പങ്കാളിയായതിൽ പിന്നെ താങ്കൾ എനിക്കുവാരിക്കോരിത്തന്നിട്ടുള്ള സ്നേഹ വാൽസല്യങ്ങൾ മറന്നു പോയിട്ടോ, നന്ദിയില്ലാതായിത്തീർന്നിട്ടോ അല്ല താങ്കളെ ഞാൻ വിളിക്കാൻ വൈകിപ്പോയത് "

"ഉം ."

"വിശക്കുന്നവർക്ക് ഓരോ പൊതി ചോറ്.
അന്തോണിയേട്ടനും പാറുക്കുട്ടിക്കും ഹംസക്കുമൊക്കെയുള്ളത്.
വിശക്കുന്നവർക്കുള്ള അന്നം തേടി മണലി, ആയം മുക്ക്, കീഴ്ത്തണ്ടിലം എന്നിവിടങ്ങളിലൊക്കെ ഇന്നു കയറിയിറങ്ങി.
മുപ്പതു പൊതിച്ചോറും കുറച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും പിരിഞ്ഞുകിട്ടി. 
അതിനിടക്ക് എപ്പോഴോ ഫോൺ ചാർജു തീർന്നു പോയത് അറിഞ്ഞില്ല. 
കൂട്ടത്തിൽ ഒരു വീട്ടിൽ വെച്ച് കുറച്ചു ചാർജു ചെയ്യാൻ പറ്റി.
ഗുരുനാഥൻ ക്ഷമിക്കണം. 
ഉടനെത്തന്നെ സമക്ഷം എത്തിച്ചേർന്നു കൊള്ളാം"

"ഉം. ഓക്കെ "

ഫോൺ ഡിസ്കണക്ടു ചെയ്യപ്പെട്ടു. 
സലിം ഭായിയാണ്.
ഇതദ്ദേഹത്തിൻ്റെ പതിവു സംഭാഷണശൈലിയാണ്.
അതിൽ കവിഞ്ഞതൊന്നും ഈ വാക്കുകളിലോ, കഥയിലോ ഇല്ല.

ചെറുതായി ചിരിച്ചിട്ട് സിന്ധുരാജിൻ്റെ ഫോൺ തിരികെ മേശപ്പുറത്തേക്കു തന്നെ പോയി.
ഇതിനോടകം വിളിച്ചയാളിന്റെ പേരും മുഖവും വിലാസവുമൊക്കെ അതിൻ്റെ സ്ക്രീൻ സേവർ എടുത്തു വിഴുങ്ങിക്കഴിഞ്ഞിരുന്നു.
ഫോൺ വീണ്ടുമിരുന്നുറങ്ങട്ടെ.
പിന്നെയും ചാരു കസാരയിലേക്ക്.. 

കൂടെ കൂട്ടും നാൾ വരെ സലിം ഭായ് ഉറക്കം നഷ്ടപ്പെട്ട മനുഷ്യനായിരുന്നു. 
വാൾമുഴക്കം പോലെ തനിക്കു പിറകിലായി വീശിയടിക്കുന്ന സ്വന്തമെന്നു കരുതിയ ശബ്ദങ്ങളിൽ നിന്നൊക്കെ രക്ഷതേടി അയാൾ അലയുകയായിരുന്നു.

പരിചിതനാണ്.
ബാല്യകാലത്ത് ഉമ്മയുടെ കൂടെ നെല്ലു വാങ്ങാനായി ഇവിടെ വരാറുണ്ടായിരുന്നു പോലും!

ഓർമ്മകളിൽ വിശപ്പിൻ്റേതായ ഒരു ബാല്യം അദ്ദേഹത്തിനുണ്ടായിരുന്നു. 
പഠിക്കാൻ പണമില്ല.
തൊഴിൽ തരൂ, തൊഴിലില്ലെങ്കിൽ ജയിൽ തരൂ.
പുറത്തിരമ്പുന്ന മുദ്രാവാക്യം വിളികൾ.
പട്ടിണി മാറാതെ യുവത ജയിൽ തേടാനൊരുങ്ങുന്ന കാലം.

അതുകൊണ്ട് ബാല്യത്തിൻ്റെ നിറം മാറും മുൻപേ തന്നെ സലിം ഭായ് തൊഴിൽ തേടി നാടു വിട്ടു.
ഹോട്ടലുകളിൽ എച്ചിൽ പാത്രങ്ങളെ കഴുകിത്തുടച്ച്, മാവാട്ടി ആദ്യ തൊഴിൽ ദിനങ്ങളെ നേടി.
എന്നിട്ടും വറുതികൾ തീരാതെ കേരളത്തിൻ്റെ യുവത തന്നെയായി അയാൾ.

മരുഭൂമിയിലും പട്ടിണിയുണ്ടായിരുന്നു.
പക്ഷെ കാലം കാത്തു വെച്ച ഖനിജ നിക്ഷേപങ്ങൾ ഒടുവിൽ അവിടെ നിന്നും വീണ്ടെടുക്കപ്പെട്ടു.
വളരെ പെട്ടെന്നു തന്നെ എണ്ണമില്ലാത്ത എണ്ണക്കിണറുകളുടെ നിറവിൽ മരുഭൂമി സമ്പന്ന ഭൂമിയായി മാറി.

വിശപ്പു മറക്കാനും സമ്പത്തു നേടാനും യുവത പ്രവാസികളുടെ വേഷമെടുത്തിട്ടു.
അവിടെ അവർ പ്രവാസ തീരത്ത് കഷ്ടപ്പെടുകയും പണമുണ്ടാക്കാനാരംഭിക്കുകയും ചെയ്തു.
അവരോടൊപ്പം സ്വന്തം നാടും അവർ നേടിത്തരുന്ന വിദേശനാണ്യം സ്വീകരിച്ച് നടുനിവർത്തി .
നാട്ടിലെ വറുതികൾ മാറിക്കിട്ടി .
നാടും പ്രതാപത്തോടെ തലയുയർത്തി  നിന്നു.

നാട്ടു ജന്മികൾക്കു മുൻപിൽ കൈ നീട്ടാനും ഓച്ഛാനിച്ചു നിൽക്കാനും ഒക്കെ പഴയതുപോലെ ആളുകളെ കിട്ടാതായതോടെ ജന്മിത്ത വ്യവസ്ഥിതി തല താഴ്ത്തി ഒതുങ്ങിക്കൂടി.
അയിത്തങ്ങൾക്കുള്ള അകലവും കുറഞ്ഞു വന്നു.
നമ്പൂതിരിയുടേയും നായരുടേയും കൂടെനിന്ന് പുലയനും പറയനുമൊക്കെ വലിയ തുക ക്ഷേത്രങ്ങളിൽ നൽകി  ഉത്സവാഘോഷങ്ങൾ വൻ സന്നാഹത്തോടെ നടത്തിത്തുടങ്ങി.
ദരിദ്രരിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തങ്ങളുടെ പള്ളികളിലും അങ്ങിനെത്തന്നെ ചെയ്തു.
ദരിദ്രരുടെ മക്കളും പഠിച്ച് സർക്കാർ സർവീസ് കയറി വലിയ ഉദ്യോഗസ്ഥരായി.
ജാതി വ്യവസ്ഥിതിയുടെ കടയ്ക്കൽ വരെ വലിയ വാൾ വീണു!

അങ്ങിനെയങ്ങിനെ പുതിയ യുവതയുടെ പ്രതിരൂപം പൂണ്ട പ്രവാസിയായ സലിം ഭായിയും പണക്കാരനായി.
സ്വന്തമായി സ്ഥലം വാങ്ങി വലിയ വീടുണ്ടാക്കി.
അയ്യാളുടെ മക്കൾക്കോടിച്ചു നടക്കാനുള്ള കാറും ബൈക്കുമുണ്ടാക്കി.

തൃപ്തികരം എന്നു തോന്നിയപ്പോൾ
പ്രവാസം മതിയായി.
ഇനി നാട്ടിലേക്ക്..
സലിം ഭായി അങ്ങിനെ നാട്ടിൽ തിരികെ വന്നു.
തൻ്റെ ജീവിതാനുഭവങ്ങൾ കൊണ്ട് കഥയെഴുതി.
കൂടെ സിനിമാക്കാരനായി,  
എൻ്റെ സുഹൃത്തുമായി!
സലിം ഭായിയെപ്പോലെ ഞാനും ഒരു കഥയെഴുത്തുകാരനും സിനിമാക്കാരനുമൊക്കെയായിരുന്നതുകൊണ്ടാകാം!

കടുകടുത്തൊരു മഴയത്താണ് സ്വയം ചോർന്നൊലിക്കുന്ന മനുഷ്യനായി സലിം ഭായി ഇവിടെ വന്നു കയറുന്നത്. 
നനഞ്ഞു തോരുന്ന മഴയെപ്പോലെ കരഞ്ഞൊലിക്കുന്ന അയാളുടെ കണ്ണുകളെ തോർത്തി വെടിപ്പാക്കും വിധം
ഞാനുമന്നേരം  അയാളോട് സ്വന്തം കഥ പറഞ്ഞു. 
അന്നാക്കഥ അയാളെ സാന്ത്വനപ്പെടുത്തി.
ആയതിൻ്റെ പേരിലാണ് ഇന്നിവിടെ ഈ സാന്ത്വനം റിഹാബിലിറ്റേഷൻ സെൻറർ  ഉണ്ടായിരിക്കുന്നതു തന്നെ!

അക്ഷരങ്ങളെ വല്ലാതെ സ്നേഹിച്ചു പോയതുകൊണ്ടാവാം അതെൻ്റെ സ്വപ്നങ്ങളാക്കിയതുകൊണ്ടാവാം എനിക്കും എല്ലാം നഷ്ടപ്പെട്ടത്.
സലിം ഭായിയെപ്പോലെ ഞാനും സിനിമക്കു പിറകെ ഭ്രാന്തമായി അലയുകയായിരുന്നല്ലൊ അന്ന്!
സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന മോഹം നിമിത്തം അറിയാതെയാണെങ്കിലും സാമ്പത്തിക തട്ടിപ്പുകാരെ വീട്ടിൽ കയറ്റിയിരുത്തുകയും  ഇരിപ്പിടവും ഭക്ഷണവും നൽകി സൽക്കരിച്ചതും ഞാൻ ചെയ്ത തെറ്റ്.

അവർ സ്വർണ്ണവർണ്ണങ്ങളിൽ നൂൽ നിറം പിടിപ്പിച്ചു  ഭാവനയുടെ നൂറുനൂറുകഥകൾ മെനഞ്ഞു എന്നെ കൈയ്യിലെടുത്തു.
വേഷങ്ങളും അതിലെ സാധ്യതകളും പറഞ്ഞ് വല്ലാതെ മോഹിപ്പിച്ചിരുത്തി.
എല്ലാം കേട്ടും വിശ്വസിച്ചും അവർക്കു കാതു കൊടുത്തിരുന്നപ്പോൾ,
ഏക്കർ കണക്കിൽ  സ്വത്തു വകകൾ അവർ എന്നിൽ നിന്നും  നടത്തിയെടുത്തു കഴിഞ്ഞിരുന്നു.
പണം ചിലവാക്കുന്നു.
പല രീതിയിൽ, പല വഴിക്ക്..
എന്നിട്ടും കാമറക്കണ്ണുകൾ മിഴി തുറക്കുന്നില്ല. ശബ്ദചിത്രങ്ങളെ തിരശീല ആവാഹിച്ചെടുക്കുന്നില്ല.

സൂപ്പർ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കുമെല്ലാം  അഡ്വാൻസിൻ്റെ പേർ പറഞ്ഞ് എൻ്റെ പണം പടിയിറങ്ങി.
ലക്ഷങ്ങൾ അവർ നശിപ്പിച്ചു.
ഒന്നും നടത്തിയുമില്ല.
പാവങ്ങളെ കറവുമാടുകളാക്കി ചതിച്ചു ജീവിക്കുന്ന അവർ അപ്പോഴും ഇപ്പോഴും ജയിച്ചു തന്നെ നിൽക്കുന്നു.
മാന്യരായി പൊതു ജനമദ്ധ്യെ വിലസി രസിക്കുന്നു!
എന്നിട്ടും അവർക്കായി പുതിയ ഇരകൾ പിന്നെയും വലതേടി വന്നു കൊണ്ടേയിരിക്കുകയാണ്.
സിനിമയെന്ന ഭ്രമിപ്പിക്കുന്ന മായികതയിലേക്ക് നിശാശലഭങ്ങൾ തീ കായാനെന്ന പോലെ!
പരാജിതർക്കു വേണ്ടി ശബ്ദിക്കാനാളില്ലാത്തതിനാൽ എൻ്റെ പോലുള്ള ശബ്ദങ്ങൾ ഒടുങ്ങിപ്പോകുന്നു. പരിഹസിക്കാൻ മാത്രം ഒരു പാട് ആളുകൾ ചുറ്റിലുമുള്ളതുകൊണ്ട് 
തട്ടിപ്പുകാർ എല്ലായ്പ്പോഴും വിജയിച്ചു നിൽക്കുന്നു.

എന്നെ പരാജിതരുടെ ഗണത്തിൽ പെടുത്തി ഭാര്യ മക്കളെയും കൊണ്ടു പടിയിറങ്ങി.
അവൾ അവളുടെ വീട്ടിലേക്കു പോയത്
വലിയ വഴക്കുകൾ  വീടിനകത്തളങ്ങളിലുണ്ടാക്കിത്തീർത്തുകൊണ്ടായിരുന്നു.

മനുഷ്യബന്ധങ്ങൾക്കുള്ളതിനേക്കാളും വലിയ വില  സ്വത്തുവകകൾക്ക് ഉണ്ടായിരുന്നതിനാൽ ഞാനവിടേയും തോൽവിക്കാരനായി.

മഴയാണ്. വലിയ ആരവത്തോടെ ഇടിമിന്നലുകൾ തുടരെ വർഷിച്ച് മരുഭൂമിയിലും മൺപരപ്പിലും ഒരുപോലെ തൻ്റെ കനത്ത കാലടികൾ പതിപ്പിച്ചുവെക്കുമെങ്കിലും അതു സ്നേഹമയിയാണ്.
പ്രകൃതിയെ കഴുകി വെടിപ്പാക്കും. മാലിന്യങ്ങളെ പുഴകളിലൊഴുക്കി നിമഞ്ജനം ചെയ്യും.
പുറത്ത് മഴ തീരുമ്പോൾ ഭായി എന്നോടു പറഞ്ഞ്.

" സുഹൃത്തേ,
എൻ്റെയും താങ്കളുടേയും വീടുകൾ മാലിന്യം കയറി നിറഞ്ഞതുകൊണ്ട് മഴയെടുത്തു പോയി.
മനസ്സു കഴുകി വെടിപ്പാക്കി..
ഇനി ഭാരമില്ലാത്ത മനസ്സ് കൊണ്ട് ജീവിക്കാൻ ശ്രമിക്കാം.
നമുക്കു  പരസ്പരം ആശ്വസിപ്പിക്കാൻ അറിയുമെങ്കിൽ അതു തന്നെ ധാരാളം മതി ."

മണലാരണ്യത്തിൽ വിയർപ്പൊഴുകിയുണ്ടായതാണ് സലിം ഭായിയുടെ സമ്പാദ്യമത്രയും.
പക്ഷെ ഇന്നയാൾക്ക് അത് അനുഭവിക്കാനാകാതെ അയാളു വീട് അയാളിൽ നിന്നും സ്വന്തം അധികാരം തിരിച്ചെടുത്ത്  അയാളെ പുറം തള്ളിക്കളഞ്ഞിരിക്കുന്നു.
ഇന്നത്തെ വീടധികാരം  ഭാര്യയും മക്കളും തങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തി.

വലിയ പ്രതീക്ഷയോടെ മകൻ സിലോണി അണ്ണാച്ചിക്ക് പണയപ്പെട്ടുണ്ടാക്കിയ  ബിസിനസ്സ് കടം കയറി നശിച്ചുപോയിരുന്നു.
മകൻ  പണത്തിന് മറുവഴിയന്വേഷിച്ചത് ഉപ്പയുടെ അടുത്ത് സ്വന്തം ഷെയറു ചോദിച്ചാണ്. 
ഷെയർ ചോദിക്കുന്ന മക്കൾക്കിടയിൽ സലിം ഭായിയുടെ വീട് വലിയ വഴക്കിൻ്റെ ഓരം പറ്റി.
ഭാര്യയും മക്കളും ഒരുപക്ഷം ചേർന്ന് അയാളുടെ ഹൃദയം വല്ലാതെ കീറി മുറിച്ചു.
ഹൃദ്രോഗിയാക്കി.
 
തൻ്റെ വീട്ടിൽ ആരുമല്ലാതെ പോയ ആ മുൻ പ്രവാസി എൻ്റെ വീട്ടിൽ എൻ്റെ ഏകാന്തതക്കു മേൽ വീണ്ടുമൊരു ഒച്ചയനക്കവുമായി  ഇവിടെ വന്നു കയറിയപ്പോൾ എനിക്കുമതൊരു ആശ്വാസമായി. 
ഞങ്ങളെപ്പോലെ ഒരുപാടു പേർക്ക് അതേ ആശ്വാസം ശത ഗുണീഭവിച്ചു കിട്ടണമെന്ന് ഞങ്ങൾ കൂടിയിരുന്നാശിച്ചപ്പോൾ  എൻ്റെ വീട് പതിയെ പതിയെ സാന്ത്വനം എന്ന അനാഥർക്കുള്ള കൂടായി രൂപാന്തരം പൂണ്ടു.

ഇന്നിവിടെ പുതുതായി വന്നു ചേർന്ന സെയ്തലവിയടക്കം പത്തു പേർ  അന്തേവാസികളായുണ്ട്. ഞങ്ങളെപ്പോലെ അവർ ഓരോരുത്തർക്കുമുണ്ട് അവഗണനയുടെ ഒരായിരം കഥകൾ പറയാൻ.
ജീവിതത്തിൽ കുടുംബത്തിനു വേണ്ടി വിയർപ്പൊഴുക്കുകയും പിന്നീടെപ്പോഴോ വേണ്ടപ്പെട്ടവർക്ക് ആവശ്യമില്ലാതാവുകയും ചെയ്തപ്പോൾ സ്വാന്തനം തേടി ഇവിടെത്തന്നെയെത്തിയതാണവർ.

ആധുനീക സൗകര്യങ്ങൾ എത്ര കുന്നുകൂട്ടിയിട്ടും മനുഷ്യൻ്റെ ആശാ പാശങ്ങൾ അവസാനിക്കാറില്ല. എത്രയെത്ര  വാങ്ങിക്കൂട്ടിയിട്ടും ഇതിനിരട്ടി ഇനിയും എന്തൊക്കെയോ വാങ്ങിക്കൂട്ടാൻ കിടക്കുന്നു എന്ന തോന്നൽ എല്ലായ്പോഴും എവിടേയും ബാക്കി നിൽക്കുന്നു. ഇക്കാര്യത്തിൽ പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദം കാണാറില്ല.പണം എത്രയേറെ കിട്ടിയാലും മനസ്സിനു നിവൃത്തി വരുന്നതുമില്ല.
സ്വയം പണം സമ്പാദിച്ചു കൂട്ടാതെ, കുടുംബത്തിനു ഉപകാരമില്ലാതെ ,കണ്ടവർക്കു വേണ്ടി മാത്രം ജീവിച്ചു തീർക്കുന്ന എന്നെപ്പോലുള്ള പരോപകാരികൾക്കോ!
വീട്ടുകാർക്ക് ഇടയിലുള്ള സ്ഥാനമിപ്പോൾ കുടംബ ദ്രോഹിയെന്ന്!!

സലിം ഭായി കൂട്ടുവന്നില്ലായിരുന്നെങ്കിൽ ഈ സാന്ത്വനമിവിടെ ഉണ്ടാകുകയോ നിലനിൽക്കുകയോ ചെയ്യില്ലായിരുന്നു.

തോരാമഴയിൽ സ്വയം കഴുകി വന്ന മാലിന്യ ശേഷിപ്പുകളിലേറെയും റോഡരികിലടിയുന്നു.
വലിയ നിക്ഷേപം പോലെ മനുഷ്യർ പൊതുനിരത്തിൽ കൊണ്ടു തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ.
വട്ടിപലിശക്കാരുടെ കൂട്ടു പലിശ പോലെ ഇരട്ടിക്കിരട്ടിയായി അവ പെരുത്ത്  പൊതുനിരത്തു പെറ്റു കൂട്ടിയിട്ടപ്പോൾ സലിം ഭായി അതു കടമെടുത്ത അർബാനയിൽ വാരി നിറച്ചു .
വാരിയെടുക്കും തോറും അവ പിന്നെയും അവസാനിക്കാതെ വന്നപ്പോൾ കുറെ ചാക്കുകളിൽ കോർത്തുകെട്ടി ഒരറ്റം ചരട്‌ തൻ്റെ അരയിലും ചുറ്റി പൊതുനിരത്തിലൂടെ വണ്ടിയുന്തി
ആളൊഴിഞ്ഞ പുറംപറമ്പിൽ എത്തിച്ചു.

കുണ്ടിലും ചളിയിലും കല്ലിടുക്കിലും ചവുട്ടിനടന്ന് കാലിൽ മുറിവുകൾ പറ്റി. അവ കുറച്ചു നാളിലേക്കുള്ള വ്രണങ്ങളായി മാറി.

തെരുവുനായ്ക്കളെ നിർദ്ദയം വണ്ടി കയറ്റിക്കൊന്ന് മനുഷ്യൻ ക്രൂരത കാണിച്ചു വിജയിയായിനടന്നപ്പോൾ അവിടെയത് സലിം ഭായിക്ക് അരുതായ്മയും വല്ലായ്മയുമായി മാറി. 
നടുറോഡിൽ ചതഞ്ഞരഞ്ഞ് കരുണയില്ലായ്മയുടെ ബാക്കിപത്രമായി അവശേഷിച്ച മാംസക്കെട്ടുകൾ കൈക്കോട്ടാൽ വടിച്ചെടുത്തു പാതയോരത്തു കുഴിവെട്ടി മൂടി സലിം ഭായി .
വിശക്കുന്നവരുടെ വീടുകളറിഞ്ഞ് പൊതിച്ചോറുകൾ വീടുവീടാന്തരം ചോദിച്ചു വാങ്ങിക്കൊണ്ട് വന്ന് അവർക്കെത്തിച്ചു കൊടുത്തു.
നിർധനർക്കുള്ള സാമ്പത്തിക സഹായം പിച്ച തെണ്ടിക്കൊണ്ടു കൊടുത്തു.
അങ്ങിനെ അയാളും അയാളുടെ വീട്ടുകാർക്ക് മഹാദ്രോഹിയായിത്തീർന്നു!
 
പുറത്താരോ ഗേറ്റ് തുറക്കുന്ന ശബ്ദം.
സലിം ഭായിയെത്താൻ സമയമായില്ലല്ലോ. പിന്നെയിതാരാവും?
ജമീല വരുന്നതാണ്.
പാവം കുട്ടി.
ജാതി വെറിയും മതവെറിയും കാട്ടി സോഷ്യൽ മീഡിയായിൽ വരെ ബഹുജനം തല്ലിത്തകർത്തു നടക്കുന്ന ഇക്കാലത്ത് ഈ കുട്ടിയുടെ കാര്യം വളരെ കഷ്ടം തന്നെ!

സെയ്തലവിയേയും കുടുംബത്തേയും അവരുടെ പാട്ടിനു വിട്ടേക്കാൻ പലരും സമ്മതിക്കാത്തതാണ് അവരുടെ പ്രശ്നം. മരിച്ചു പോകുന്ന കാലത്ത് പള്ളിക്കാട്ടിലോ, പള്ളി സെമിത്തേരിക്കകത്തോ, പട്ടടയിൽ തന്നെയോ സംസ്കരിക്കണമെങ്കിൽ പുരോഹിതരുടെ കൈകാലുകൾ പിടിക്കണം ഇപ്പോഴും.
മനുഷ്യനെ സ്വതന്ത്രരാകാൻ അനുവദിക്കാതെ പലതാക്കി ഭിന്നിപ്പിച്ച് തമ്മിലടിച്ചു രസിക്കുകയാണിവർ.  

ഇടത്തോട്ടു തിരിയണം, വലത്തോട്ടു തിരിയണം, ഇടത്തു മുണ്ടുടുക്കണം, കൊന്ത ചൊല്ലണം, പുണ്യാഹം ചെയ്യണം. മനുഷ്യനെന്ന ഒരേ ജനുസ്സിനെ തന്നെ പരസ്പര വിരുദ്ധങ്ങളായ ആചാരങ്ങളുടെ പേരിൽ എന്തുമാത്രം വിദ്വേഷികളായാണ് ഇവരൊക്കെ ആക്കിത്തീർത്തിരിക്കുന്നത്!

ജമീല ഓഫീസ് വാതിൽക്കൽ വന്നു നിൽക്കുന്നു.
" ഉപ്പയെ ഒന്നു കാണണം."
" കണ്ടോളൂ. കുട്ടി എന്നുമിങ്ങനെ വേവലാതിപ്പെട്ട് ഓടി വരേണ്ട കാര്യമില്ലല്ലോ ഇവിടെ!
ആളിവിടെ സ്വസ്ഥനാണ്.
ഒരു വിഷമവും കാണിക്കുന്നില്ല.
ഉപ്പ കുറച്ചു നാളത്തേക്ക് ഒരു വിരുന്നു പോയ പോലെ കാണാവുന്ന കാര്യമേ ഇവിടുള്ളൂ. ഒന്നു രണ്ടാഴ്ച ഇവിടെ ഇങ്ങിനെയൊക്കെ കഴിഞ്ഞ് മനസ്സിലെ വിഷമമെല്ലാം മാറിയാൽ ആളു തനിയെ കുട്ടിയുടെ അടുത്തേക്കു തന്നെ വന്നോളും.
മറ്റുള്ളവരെപ്പോലെ വീട്ടുകാരുപേക്ഷിച്ച ആളൊന്നുമല്ലല്ലോ മോളുടെ ഉപ്പ "

" ഉപ്പയെ ഞാൻ വിളിച്ചു കൊണ്ടുപോകാൻ വന്നതാണ് .നിങ്ങളെല്ലാവരും നല്ല മനുഷ്യരാണ്. ഞങ്ങൾ വെറുതെ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ക്ഷമിക്കണം."

"നല്ല കാര്യമായി! ഇവിടെ ജാതിയും മതവും നോക്കി ജീവിക്കുന്ന ആരുമില്ല കുട്ടീ.
അതിൻ്റെ പേരിൽ പരസ്പരം വഴക്കടിക്കുന്നവരുമില്ല.
അതുകൊണ്ടാണ് ഞങ്ങൾക്ക് നല്ല മനുഷ്യരായി ചിന്തിക്കാനും പ്രവൃത്തിക്കാനും പറ്റുന്നതു തന്നെ. ഞങ്ങളെപ്പോലെ ചിന്തിക്കുന്ന കുറെ നല്ല മനുഷ്യർ ഈ സ്ഥാപനത്തിനെ അകമഴിഞ്ഞു സഹായിക്കുന്നുമുണ്ട്.അവരുടെ സഹായമുള്ളതുകൊണ്ട്  ഇവിടത്തെ കാര്യങ്ങൾ ഭംഗിയായി നടന്നു പോകുന്നു. മതത്തിൻ്റെ നിറം നോക്കാത്തതുപോലെ തന്നെ ഞങ്ങൾ കൊടിയുടെ നിറവും നോക്കാറില്ല. മനുഷ്യരാണോ ,അതുമാത്രമെ ഇവിടെ കണക്കാക്കാറുള്ളൂ."

ജമീലയുടെ മുഖം സിന്ധുരാജിൻ്റെ സാന്ത്വന വാക്കുകളേറ്റുതിളങ്ങി. അവൾ ആശങ്കകളറ്റു സ്വസ്ഥയായിത്തീർന്നു. ആളുകൾ എങ്ങിനെയാണ് ഇവിടെ സ്വസ്ഥരും സ്വതന്ത്രരുമായി ജീവിക്കുന്നത് എന്ന് അവൾക്കു മനസ്സിലായി.
അത് മതനിരപേക്ഷതയുടെ വിജയമാണെന്നവൾക്കു മനസ്സിലായി.

"നിങ്ങൾ നന്മയുള്ളവരാണ്. നന്ദിയുണ്ട്.ഞാൻ ഉപ്പയെ കണ്ടിട്ടു വരട്ടെ"
ജമീല അനുവാദം ചോദിച്ചു.
"ശരി .അകത്തേക്ക് പൊയ്ക്കോളൂ."
സിന്ധുരാജിൻ്റെ അനുമതി കിട്ടിയ മാത്രയിൽ തന്നെ ജമീല അകത്തേക്കു കുതിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .