അദ്ധ്യായം പത്ത്.
വല്ലാതെ ചുവന്നു തുടുത്ത് കുന്നിറങ്ങിപ്പോയ ഭ്രാന്തൻ്റെ സൂര്യൻ!
തന്നെ അനുഗമിച്ചെത്തിയ കരിമേഘത്തുണ്ടുകളെപ്പോലും തട്ടിച്ചുകപ്പിച്ച് താഴെ ചാവക്കാടൻ കടലിനോടു കലമ്പിക്കുന്നു.
സഫിയ സമയമറിഞ്ഞ് ആടുകളെ വിളിച്ചു കൂട്ടി.
പോകാം.
തിന്നു മതിയായ ആട്ടിൻപറ്റങ്ങളെ വീണ്ടും കൂട്ടിലടക്കണം.
താൻ വീട്ടിൽ വരുന്ന നാളുകൾ ഉപ്പ ആടുകളെ തൊടുകയേയില്ല.
നിൻ്റെ ആട്ടിൻപറ്റങ്ങളെ ഇനി നീ തന്നെ നയിച്ചോളൂ എന്ന മനോഭാവം ആണ് ഉപ്പക്ക്.
അവൾ ആടുകളെ വീട്ടിലേക്കു തെളിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ആ കാഴ്ച തന്നെ കാണുന്നത്!
വട്ടായോ ഇവന് ?!
വെയിൽ മൂത്ത നേരത്തുണ്ട് അവൻ ഭ്രാന്തൻ കുന്നുകയറിപ്പോകുന്നു.
ഉച്ചവെയിലാറിയ നേരത്ത് വീണ്ടും ആടിനെ മേയ്ക്കാനെത്തിയപ്പോഴും കണ്ടു ഇവൻ പിന്നെയും കുന്നുകയറുന്നത് .
ഇപ്പോഴിതാ സമയം അന്തിമയങ്ങി ഇരുൾ പരക്കും നേരമെത്തിയിരിക്കുന്നു.
എന്നിട്ടും ഒരു കാരണവുമില്ലാതെ കുന്നിൻ മുകളിലേക്കു തന്നെ തിടുക്കത്തിൽ നടന്നു കയറുന്ന ഇവനു പിന്നെ വട്ടല്ലാതെന്താണ്!
പാവം ജമീലയുടെ ഒരവസ്ഥ. കഷ്ടം തന്നെ!
രാവിലെ താൻ നിർബന്ധിച്ചതുകൊണ്ടു മാത്രം ഉപ്പയെ കാണാൻ സാന്ത്വനത്തിലേക്കു പോയതാണ്. ഇനിയും മടങ്ങി വന്നിട്ടുണ്ടാവില്ല.അതിൻ്റെയാവും ഇവൻ കാണിക്കുന്ന ഈ ഭ്രാന്തൊക്കെ.
ഒരു മിനിറ്റ് ഭാര്യ കൂടെയില്ലെങ്കിൽ ചില വട്ടൻമാർ ഇങ്ങനെയൊക്കെ കാണിക്കും എന്നു കേട്ടിട്ടുണ്ട്.
വീട്ടിൽ പിടിപ്പതു പണിയുണ്ടാക്കി വെച്ചിട്ടുണ്ടാവും തൻ്റെ പിള്ളേർ.ഇവൻ്റെയൊക്കെ കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കുന്നതിലും ഭേദം പെട്ടെന്ന് വീട്ടിൽ പോയി സ്വന്തം കാര്യങ്ങൾ നോക്കുന്നതാണ്.
സഫിയ തൻ്റെ അരുമയായ ആട്ടിൻപറ്റങ്ങളെ തീറ്റുന്നതും മതിയാക്കി ധൃതിയിൽ താഴ് വാരമിറങ്ങി മറഞ്ഞു.
സൂര്യൻ കുന്നും മലയും കടലുമിറങ്ങി ഇനി പുലരുവോളം വരെയ്ക്കുയുള്ള യാത്രയും പറഞ്ഞ് കാണാമറയത്തെങ്ങോ നിൽപ്പുണ്ട്. പടിഞ്ഞാറൻ ചെരുവു നിറയെ കുങ്കുമ ശോഭ നെടുനീളെ പരത്തിയിട്ടതിൽ പകുതിയിലേറെ ഇതിനകം കരുവാളിക്കാൻ തുടങ്ങിയിരിക്കുന്നു.
എങ്കിലും കുന്നിൻ മുകളേറിയെത്തുന്ന തണുത്ത കാറ്റ് തനുവും മനവും കുളിർപ്പിച്ച് വാസുദേവന് പിന്നെയും പിന്നെയും സ്വാസ്ഥ്യം നൽകിക്കൊണ്ടിരിക്കുന്നു!
വാസുദേവൻ കാഴ്ചകൾ കണ്ട് ചാരിയിരിക്കാറുള്ള പടിഞ്ഞാറൻ പാറക്കെട്ടിനെ ചുറ്റിയും ഇരുൾ വട്ടം വീശാൻ തുടങ്ങി. ദുഷ്ടൻ വെയിലിൽ നിന്നും കര പറ്റിക്കിതക്കുന്ന പാറക്കെട്ടേറെയും ചൂടാറ്റിച്ചൂടാറ്റി കാറ്റ് ഒരു തണുത്ത തലോടലായി ചേർന്നു കൂടെത്തന്നെയുണ്ട്.
അവിടെ ഏറാട്ടു മനയിലും ഇതേ കാറ്റും സ്വാസ്ഥ്യവും കടന്നു ചെന്നിട്ടുണ്ടാകുമോ?
അവിടത്തെ തപിക്കുന്ന അമ്മ ഹൃദയത്തിലും തൻ്റെ തണുത്ത കരതലങ്ങളാൽ തഴുകി കാറ്റ് ശാന്തി നിറയ്ക്കുന്നുണ്ടാകുമോ?
വാട്ട്സാപ്പു തുറന്നെത്തി വന്ന അമ്മ വിളിയുടെ ശബ്ദങ്ങളിൽ ഏറെയും തേങ്ങലുകളായിരുന്നു നിറയെ.
അതിലൊന്ന് അച്ഛൻ തിരുമേനിക്കു സുഖമില്ലെന്നതത്രെ. വയറ്റിൽ റ്റ്യൂമർ പോലെ എന്തോ ഒന്ന് വളർന്നു വരുന്നുണ്ടു പോലും.
പെരുമല ക്ഷേത്രത്തിലെ പൂജ മതിയാക്കി വീട്ടിലിരുന്നാൽ മതിയെന്നായിട്ടുണ്ട് അച്ഛന്. അത്താഴപഷ്ണി കിടക്കാതിരിക്കാനുള്ളത് എങ്ങിനെ കിട്ടും.രാവിലെയും വൈകീട്ടും മല കയറിയിറങ്ങി വാങ്ങുന്ന ശാന്തിപ്പണം ഇനിയുണ്ടായിക്കൊള്ളണമെന്നില്ല.
പഴയ പ്രതാപ സ്മരണകളേതുമില്ലാതെയിരിക്കുന്ന ഇല്ലത്തിന് ബാലാരിഷ്ടതയുടെ സമയം പോലെയുണ്ടിപ്പോൾ.
നിത്യവൃത്തിക്കുള്ള വഴിതേടി കുടുംബാഗങ്ങളിലേറെയും നാടുവിട്ടു പരദേശങ്ങളിൽ രാപാർക്കുകയും അവിടത്തെ ജോലിക്കാരാകുകയും ചെയ്തതോടെ ഇല്ലത്തിൽ വാസക്കാരായി തങ്ങൾ മാത്രമാണുള്ളത്. ഉള്ളതിപ്പോഴും ആളോഹരി വെച്ചിട്ടില്ല .അതെല്ലാം തർക്കങ്ങളിൽ കുടുങ്ങിക്കിടപ്പാണ്.
ഒരു പാട് അവകാശികളുടെ ഒപ്പുകൾ കാത്തിരിക്കുന്ന ഭാഗാധാരത്തിന് ഇനിയും ഒഴിവു മുറിയായില്ല.
എന്നിട്ട് താനോ, അച്ഛൻ്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഇവിടെ ഈ ഭ്രാന്തൻ കല്ലിൽ അമർന്നിരിക്കുന്നു.
ആരെയും അന്വേഷിക്കാനില്ലാതെ..
സുഖമില്ലെന്നറിയിച്ചു. എന്നാലും അച്ഛനെ വന്നു കാണരുതെന്ന് പ്രത്യേകം വോയ്സിട്ടിരിക്കുന്നു അമ്മ.!
ബാബു നമ്പൂതിരിയുടെ മകൻ വാസുദേവൻ നമ്പൂതിരിക്ക് ഇന്നുകൾ ഇപ്പോൾ അങ്ങിനെയൊക്കെയാണ്.
അച്ഛൻ്റെ മനസ്സല്ല അമ്മയുടേത്.
അതെപ്പോഴും മകനെച്ചൊല്ലി ഉരുകിത്തന്നെയിരിക്കുന്നു.
എപ്പോഴും ആണഹന്തയുടെ അധികാരമുള്ളവരാണ് അച്ഛൻമാർ!
അവർ പഠിച്ച വേദഗ്രന്ഥങ്ങളൊക്കെ ശൂദ്രൻ്റെ ചെവിയിലൊഴിക്കാനുള്ള ഈയം കണക്കെ തിളച്ചുമറിയുന്ന തത്ത്വശേഖരങ്ങൾ കുമിഞ്ഞതാണ്.
സ്മാർത്തവിചാരക്കണക്കുകൾ പകുത്തു വിവരിക്കാൻ കാണിക്കുന്ന ശുഷ്കാന്തിയിലൊന്നു പോലും ജന്മം പകുത്ത മക്കളോടില്ല.
എല്ലാ അച്ഛൻമാരും കണക്കാണ്. അധികാരവും ശക്തിയുമുള്ളിടത്തൊക്കെ അവർ പൂജിക്കാനിച്ഛിക്കുന്നു.
മക്കളും ആത്തേമ്മമാരും ആശ്രിതരായിത്തന്നെയിരിക്കെ അവിടെ സാമമുണ്ടാകില്ല. ഭേദവും ദണ്ഡവും മാത്രമായിരിക്കും പ്രതിഫലം!
സനാതനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മതത്തിൻ്റെ അമരത്തിരിക്കുന്നവരാണ്.
തനിക്കു ചുറ്റുമുള്ളവരുടെ വേദനയോ വിഷമങ്ങളോ ആരാഞ്ഞറിയാനോ മുറിവിൽ മരുന്നാകാനോ ശ്രമിച്ചില്ല.
എന്നാലോ അയിത്തം കാട്ടിയകറ്റലും പുച്ഛത്തിൻ്റേതായ ഒരാട്ടലും കൈയ്യിൽ കരുതാൻ മടിച്ചിട്ടുമില്ല.
ജമീല തെറ്റുകാരിയാണോ?
അവളിലിവർ എന്തപരാധമാണ് കാണുന്നത്?
മതങ്ങൾക്കൊണ്ട് മനുഷ്യരെ അളക്കുന്നവർ ദൈവത്തെ സ്വന്തമാക്കിവെക്കാൻ ഓരോ ന്യായ പ്രമാണങ്ങൾ സൃഷ്ടിച്ചുവെച്ചിരിക്കുന്നു.
എന്നിട്ട് അവർ തന്നെ ചേരിതിരിഞ്ഞ് തമ്മിൽ തമ്മിൽ മുക്കിക്കൊല്ലാൻ മത്സരിക്കുന്നു!
എല്ലാം ദൈവത്തിനു വേണ്ടി എന്നൊരു ഭാവത്തോടെ!
അത്തരക്കാരുടെ മുമ്പിൽ വന്നു പെട്ട രണ്ടിരകളാണ് താനും ജമീലയും!
പാവം.
ഉപ്പയെ കാണാൻ പോകുന്നതിനു മുമ്പ് തന്നോട് ചോദിച്ചതാണ് എന്താണ് റൂഹ് എന്ന്!
സ്രഷ്ടാവിൻ്റെ കാര്യത്തിൽ പെട്ട ഒന്നാണ് റൂഹ് എന്നു മാത്രം അവൾക്കറിയാം.
ഞാനവളോട് മറുപടിയൊന്നും പറഞ്ഞില്ല.
എനിക്കും അറിയുമായിരുന്നില്ല റൂഹ് എന്നാൽ എന്താണെന്ന് .
റൂഹില്ലാതെ ജനിച്ച സ്ത്രീകൾ
അവർക്കില്ലാതെ പോയ റൂഹ് എന്താണെന്ന് അന്വേഷിക്കുന്നു.
അതില്ലെങ്കിൽ തങ്ങൾക്കെന്തു സംഭവിക്കുമെന്നുള്ള
അവർക്കുള്ള ആശങ്ക പങ്കു വെയ്ക്കുന്നു.
സംശയങ്ങൾ എല്ലായ്പ്പോഴും എല്ലാ പേർക്കുമുണ്ട്. പക്ഷെ അവരൊന്നും ഇക്കാര്യങ്ങൾ മറ്റാരോടും ചോദിക്കുന്നില്ലെന്നേയുള്ളൂ.
മുമ്പിതുപോലെ പ്രതിഭയിൽ വെച്ച് കൂടെ പഠിക്കുന്ന തോമാസും ചോദിച്ചതാണ് .
അവനറിയേണ്ടത് പരിശുദ്ധാത്മാവിനെ പറ്റിയായിരുന്നു.
സ്വർഗ്ഗവാസികളായവർ വന്ന് വിശുദ്ധർക്കു മേൽ ഊതിക്കൊടുക്കാറുള്ള അത്ഭുത ശക്തികളുള്ള ആ ഒന്നിനെ പറ്റി.
പക്ഷെ പരിശുദ്ധാത്മാവ് എന്താണെന്ന് സത്യത്തിൽ എനിക്കും അറിയില്ലായിരുന്നു.
പിതാവിനും പുത്രനും ഇടയ്ക്കു നിൽക്കുന്ന പിതാവിൻ്റെ കാര്യത്തിൽ പെട്ട ഒരു സംഗതിയാണ് പരിശുദ്ധാത്മാവ് എന്നൊരു ധാരണ തോമാസിനുണ്ടായിരുന്നു.
പുരുഷനും സ്രഷ്ടാവിനും ഇടക്കുള്ള റൂഹും പുത്രനും പിതാവിനും ഇടക്കുള്ള പരിശുദ്ധാത്മാവും തത്വത്തിൽ ഒരേ സംഗതി തന്നെയായിരുന്നു.
രണ്ടു മതത്തിൻ്റെ കാഴ്ചപ്പാടിൽ വരുന്നു എന്നുള്ള വ്യത്യാസം മാത്രമേ അവ തമ്മിലുള്ളൂ.
രണ്ടിനെ പറ്റിയും എനിക്കുള്ള അറിവില്ലായ്മയാൽ ഞാൻ തോമാസിനോടോ ജമീലയോടൊ അതിനെ പറ്റി അപ്പോൾ ഒന്നും മിണ്ടിയില്ല.
എന്നാൽ റൂഹെന്നും പരിശുദ്ധാത്മാവ് എന്നുമുള്ള സംബോധനകൾ മാറ്റി നിർത്തി ചിന്തിച്ചാൽ ആത്മാവ് എന്ന ഒന്നിനെ പറ്റി വേറൊരു അർത്ഥത്തിൽ എനിക്കറിയാമായിരുന്നു.
അതെൻ്റെ മതവിഭാഗത്തിലുള്ളവർ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നതിൻ പ്രകാരം ആയിരുന്നു.
അവിടെ ഈ ആത്മാവ് എന്നതിന് ബ്രഹ്മം എന്നായിരുന്നു അർത്ഥം!
ദൈവമെന്നാണ് അതിൻ്റെ യഥാർത്ഥ ധ്വനി !
അങ്ങിനെ ചിന്തിച്ചാൽ റൂഹും സൃഷ്ടിയും തമ്മിൽ ദൈവവും സൃഷ്ടിയും എന്ന അർത്ഥത്തിലും അതിനെ തുടർന്നു വരുന്ന അനർത്ഥത്തിലും കലാശിക്കും!
ഇനി പരിശുദ്ധാത്മാവും പുത്രനും തമ്മിലെന്ന് ചിന്തിച്ചാൽ ദൈവവും പുത്രനും എന്ന് ധ്വനിക്കും. അവിടേയും ഈ വിഷയത്തിൽ കലാപമുണ്ടാകും.
ഇത് ആരുടെ തെറ്റാണ്?
ഒരേ കാര്യം തന്നെ ഓരോ വിഭാഗക്കാരും ഓരോ തരത്തിലാണ് പഠിപ്പിക്കുന്നത് .
ഇതിൽ ആരുടേതാണ് ശരി,
ആരുടേതാണ് തെറ്റ് എന്നൊക്കെ ചിന്തിച്ചാൽ
എല്ലാം തെറ്റാണ് എന്നു പറഞ്ഞ് സമാധാനിക്കാം. സമൂഹത്തിൻ്റെ നന്മക്ക് അതു തന്നെയാണ് നല്ലത്.
ജമീലയോടു തർക്കിക്കാൻ നിന്നാൽ അവളെപ്പോഴും ഊർജ്ജത്തിൻ്റെ കാര്യം എടുത്തിടും.
കാര്യങ്ങൾ പ്രോട്ടോണിലും ന്യൂട്രോണിലും ഇലക്ട്രോണുകളിലുമൊക്കെ തുടങ്ങി പോയിപ്പോയി ഡെന്ട്രോണുകളിലും പ്രൂണിങ്ങിലുമൊക്കെ എത്തി ഒടുക്കം ഒബ്ളാങ്കട്ടയിൽ അവസാനിക്കും.
ശാസ്ത്രവും യുക്തിയും ജയിക്കട്ടെ.
അതു നൽകുന്ന സമാധാനം അവൾക്കെപ്പോഴുമുണ്ടാകട്ടെ.
ജമീല പറയുംപോലെ ഒരേയൊരു ഊർജ്ജം, അതിൻ്റെ മാത്രം അനേകമനേകം വ്യത്യസ്ഥ ഭാവങ്ങൾ . അതു മാത്രമാണോ ഈ പ്രപഞ്ചം? ചിലപ്പോൾ തോന്നും ജമീല പറയുന്നതാണ് ശരിയെന്ന്.
ചിലപ്പോൾ തോന്നും സർവ്വ ചരാചരങ്ങൾക്കും ഉള്ളിലിരുന്ന് പ്രപഞ്ചസൃഷ്ടി നടത്തുന്ന ബ്രഹ്മമാണ് ശരിയെന്ന്.
ബ്രഹ്മത്തേയും ഊർജ്ജത്തേയും തമ്മിൽ പര സ്പരം യോജിപ്പിച്ച് ചിന്തിക്കാനാവില്ല.
ഊർജ്ജത്തിൻ്റെ സ്ഥിതി മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിണാമ വിധേയമായി മാറി മാറിക്കൊണ്ടിരിക്കുന്നതാണ്.
എന്നാൽ ബ്രഹ്മത്തിൻ്റേത് അങ്ങിനെയല്ല.
വാസുദേവൻ ഇങ്ങനെയൊക്കെ ചിന്തിച്ച് ബ്രഹ്മത്തിൽ വിശ്വസിച്ചു .
ബ്രഹ്മം എന്ന പേരിനേയും അതിൽ അഭിമാനിക്കുന്ന ബ്രാഹ്മണൻ എന്ന തൻ്റെ ജാതിയേയും നിരാകരിക്കാൻ അയാൾക്കായില്ല.
അയാൾ ബ്രഹ്മമെന്ന പേരിൽ സ്രഷ്ടാവിനെ രൂപമില്ലാതെയും മതമില്ലാതെയും സങ്കൽപ്പിക്കാൻ മനസ്സിനെ പഠിപ്പിക്കാൻ തുടങ്ങി.
ജമീലയാൽ അറുക്കപ്പെട്ട പൂണുനൂൽ അയാളുടെ മനസ്സിലപ്പോഴും ചുറ്റി നിന്നിരുന്നു.
അയാൾ തൻ്റെ സ്രഷ്ടാവിനെ പറ്റി ഏകദേശം ഇപ്രകാരം അനുമാനിച്ചു .
സ്രഷ്ടാവ് അയാൾക്ക് ബ്രഹ്മമായി എല്ലായിടത്തും നിറഞ്ഞു നിന്നു.
എല്ലാതരം സൃഷ്ടികളുടേയും ഉള്ളിലും പുറത്തുമുള്ളതും അവരുടെയൊക്കെ ജീവനായി നിലകൊള്ളുന്നതും അവർ തന്നെയാകുന്നതും ആ ബ്രഹ്മമാണ് എന്നയാൾ വിശ്വസിച്ചു.
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും സ്രഷ്ടാവിനറിയാം എന്നയാൾ അഭിമാനിച്ചു.
ലോകത്തിൻ്റെ ആരംഭത്തെക്കുറിച്ചും അവസാനത്തെ കുറിച്ചും വ്യക്തമായ അറിവുള്ളയാളാണ് സ്രഷ്ടാവ് എന്നും കരുതി.
ഇങ്ങനെയൊക്കെ സ്രഷ്ടാവിന് അറിവിൽ നിന്നാണ് ഈ പ്രപഞ്ചമിങ്ങനെ രൂപപ്പെട്ടു വരുന്നത് എന്നയാൾ തൻ്റെ ഗ്രന്ഥങ്ങൾ നിരത്തി സ്ഥാപിക്കാൻ ശ്രമിച്ചു.
അയാളുടെ സ്രഷ്ടാവ് യഥാർത്ഥത്തിൽ പുരുഷനോ സ്ത്രീയോ അല്ലായിരുന്നു!
എന്നാൽ പുരുഷനിലും സ്ത്രീയിലും ആത്മാവായി, അവരുടെ ജീവനായി എപ്പോഴും ഉണ്ടുതാനും.
അവരുടെ ഊണിലും ഉറക്കത്തിലും അത് നാശമില്ലാതെ നിലനിൽക്കുന്നുണ്ട്.
സ്വപ്നത്തിലും തുരീയത്തിലും അങ്ങിനെത്തന്നെയുണ്ട്.
ജാഗ്രത്തിലും നിർവ്വാണത്തിലുമുണ്ട്.
മനസ്സിലും ബുദ്ധിയിലും ഇന്ദ്രിയങ്ങളിലും ഇന്ദ്രിയ വിഷയങ്ങളിലുമുണ്ട്.
പഞ്ചഭൂതാത്മകമായ ശരീരത്തിലുമുണ്ട്.
ദ്രവ്യമായും ഊർജ്ജമായും അത് ഒരു പോലെയുണ്ട്.
സൂഫിയിലും സെന്നിലും സന്യാസിയിലും ബുദ്ധനിലും അഘോരിയിലും നിരീശ്വരനിലും എല്ലാവരിലും അത് ഒരുപോലെയുണ്ട്.
അതു തന്നെയാണ് പരൽ പേരുകളാൽ റൂഹും പരിശുദ്ധാത്മാവും പരബ്രഹ്മവുമൊക്കെയായത്.
ആ ബ്രാഹ്മണന് അങ്ങിനൊക്കെത്തന്നെയെ ചിന്തിക്കാനാകുമായിരുന്നുള്ളൂ.
എങ്കിലും എല്ലാ ബ്രാഹ്മണരിൽ നിന്നും വാസുദേവനിലെ ബ്രാഹ്മണൻ കുറെക്കൂടി മുന്നോട്ടു പോയി.
പല വിട്ടുവീഴ്ചകൾക്കും തയ്യാറായി.
അയാൾ തൻ്റെ ദൈവത്തെ ജറുസലേമിൽ നിന്നും മെക്കയിൽ നിന്നും കൈലാസത്തിൽ നിന്നും വിടുവിച്ചു സ്വതന്ത്രമാക്കി.
അതിനു പേരില്ലാതെയാക്കി.
തൻ്റെ അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്ന തനിക്കു ചുറ്റുമുള്ള സമൂഹം ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാൽ ആണ് പരസ്പരം കലഹിക്കുന്നതെന്ന് സ്വയം സമാധാനിപ്പിച്ചു.
പിന്നെ അയാൾ ഹിന്ദുവും മുസ്ലീമും കൃസ്ത്യനും അല്ലാതാകാൻ സ്വയം യത്നിച്ചു.
അയ്യാൾക്കു ചുറ്റുമുള്ള എല്ലാ തരം ദേവാലയങ്ങളേയും മറക്കാൻ ശ്രമിച്ചു.
ആചാരാനുഷ്ഠാനങ്ങളേയും തള്ളിക്കളയാൻ തയ്യാറായി.
ദൈവം ആത്മാവാണെന്നും അതിനു പേരോ രൂപമോ മതമോ ആചാരാനുഷ്ഠാനങ്ങളോ സ്വന്തമായി ഇല്ലെന്നും എല്ലാവരിൽ നിന്നും മാറിച്ചിന്തിച്ച് അയ്യാളിലെ വർഗ്ഗീയ വാദി തണുത്ത് ശാന്തനായി സത്വഗുണത്തിൽ അമർന്നു!
അപ്പോൾ മുതൽ അയാളും അയാളുടെ സങ്കൽപ്പ ദൈവത്തെപ്പോലെ മതരഹിതനും സർവ്വ സ്വതന്ത്രനുമായി.
ഇങ്ങിനെയൊക്കെ ഭ്രാന്തൻ കുന്നിലിരുന്നു ഭ്രാന്തൻ്റെ ചിന്തകളെ അനുകരിച്ചു ചിന്തിച്ച് ഓരോരോ വിശ്വാസ രീതികൾ പരിഷ്കരിച്ചു പരീക്ഷിച്ച് ഒടുവിൽ വാസുദേവനു ചുറ്റും ഇരുട്ട് വളരെ വ്യാപ്തിയോടെ കനത്തുപെരുത്തു .
താഴെത്തട്ടിലെ ശബ്ദങ്ങളെല്ലാമടങ്ങി ഘനീഭവിച്ചിരുന്നു!
പക്ഷികൾ ചേക്കേറിയ ചില്ലകളിൽ തട്ടി കാറ്റു പോലും ശ്വാസമൊതുക്കി. ഇരുട്ടായിത്തീർന്നതിനാലാകാം മൂകത വളരെ വേഗം കുന്നിനെ കെട്ടിപ്പിടിച്ചത്.
പക്ഷെ പിന്നെയും ശബ്ദത്തിൻ്റെ ഉണരുന്ന പ്രതീക്ഷയായി ഒരാട് കരയുന്നു..
പ്രതീക്ഷകൾ നശിച്ചിടത്ത് വീണ്ടും അതിനെ കൈയ്യെത്തിപ്പിടിക്കാൻ കണ്ണീരു കാണിക്കുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്! താഴെ ശബ്ദമുണ്ടായിടത്തെ വീട്ടിൽ ആടിനെപ്പോലെത്തന്നെ പ്രതീക്ഷ വളർത്താനായി വേറെ ഒരാളും അതുപോലെ കരയുന്നുണ്ടായിരുന്നു. അതു പക്ഷെ ശ്വാസമടക്കി ഒരു ഏങ്ങൽ മാത്രമായിട്ടായിരുന്നെന്നു മാത്രം.
ജമീലക്കറിയാമായിരുന്നു ഈ കനത്ത ഇരുട്ടത്ത് കടുത്ത ഏകാന്തതയിൽ എവിടെയോ അയാൾ മറഞ്ഞിരുപ്പുണ്ട്.
അതുചിലപ്പോൾ കുന്നിൻ മുകളിൽ തന്നെയാകാം.
കുന്നുകയറിപ്പോകാനും അന്വേഷിച്ചു കണ്ടെത്താനും പറ്റാത്ത സമയവും അവസ്ഥയുമാണു തൻ്റെ. ഒക്കെക്കൂടി ഒരു ശൂന്യതയുടെ തലക്കൽ തൻ്റെ ജീവിതത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.
വിശപ്പു വല്ലാതെ തോന്നിച്ചാൽ മാത്രം ഭക്ഷണമെടുത്തു കഴിക്കും. അതാണ് തനിക്കിത്ര ക്ഷീണം. എന്തിന് വെറുതെ ആഹാരത്തിനോട് വിരോധം കാണിക്കുന്നു?
വാസുദേവൻ കാരണമാണോ?, ഉപ്പ സെയ്തലവി കാരണമാണോ?, കെറുവോടെ നോക്കാൻ പഠിച്ചുശീലിച്ച ചുറ്റുമുള്ള സമൂഹം കാരണമാണോ?
ജമീല സവാളയെടുത്തരിഞ്ഞു .കൂടെ ഉരുളക്കിഴങ്ങു ചെത്തിയിട്ടു ഉപ്പിട്ടു സ്റ്റൗവിൽ കയറ്റിവെച്ചു. കൂടെയുള്ള വെള്ളം തിളച്ചു വെന്തുവന്നാൽ താനതു കറിയാക്കും.
പോയിടത്തു നിന്ന് വരാനിത്ര വൈകിയത് ഉപ്പയുടെ കൂടെ കുറെ നേരം ഇരുന്നപ്പോൾ മനസ്സിനു വളരെ സ്വാസ്ഥ്യമനുഭവപ്പെട്ടതുകൊണ്ടാണ്. കുറെ സന്തോഷവും കൊണ്ടാണ് വന്നതെങ്കിലും എല്ലാം വഴിവക്കിൽത്തന്നെ വീണുപോയി. ഒരു പക്ഷെ വൈകി വന്നതിൻ്റെ കെറിവേറെ കൂടിയതുകൊണ്ടാവും വാസുദേവൻ എവിടെയോ പോയി മറഞ്ഞിരിക്കുന്നത്.
മുറ്റത്തിപ്പോൾ നിലാവു വന്നു കയറിയിട്ടുണ്ട്. വരാനുള്ള വഴി സ്വയം പ്രകൃതിക്കു വെളിപ്പെട്ടുകിട്ടിക്കഴിഞ്ഞു .വരട്ടെ, മുറ്റം നിറയെ വന്നു കയറിയ നിലാ വെളിച്ചത്തോടൊപ്പം ഒളിച്ചിരിക്കുന്ന ആൾ കൂടി വെളിച്ചത്തു വരട്ടെ .
അവൾ മൂക്കു ചീറ്റി മുറ്റത്തേക്കൊഴിച്ചു.
മേശപ്പുറത്ത് ചാർജു നിറഞ്ഞ നിലയിൽ വാസുദേവൻ്റെ മൊബൈൽ ഫോൺ ചാർജ റാൽ കണക്റ്റു ചെയ്തു വെച്ചിട്ടുണ്ട്. ജമീലയുടേതാണെങ്കിലോ വേണ്ടത്ര ഉപയോഗമില്ലാത്തതിനാൽ ഇനിയും ചാർജിറങ്ങാതെ തൊട്ടരുകിൽ വെറുതെ കിടക്കുന്നു.
ജീവിതത്തിൽ ശൂന്യത കാണിക്കുന്ന നെറികേട്.
അതോടൊപ്പം ജീവിതമുണ്ടാക്കിത്തീർക്കുന്ന കടബാദ്ധ്യതകളെ കുറിച്ചോർക്കാനും അതവൾക്കു സമയമുണ്ടാക്കിക്കൊടുക്കുന്നു.
മീൻ വാങ്ങിയ വകയിലേക്ക് 150 രൂപയുടെ കടം സുലൈമാനിക്കക്ക് വകയിരുത്തപ്പെട്ടു.
പലവ്യഞ്ജനങ്ങൾ വാങ്ങിയ വകയിൽ സഫ സൂപ്പർ മാർക്കറ്റിനുമുണ്ട് 300 രൂപയുടെ കടപ്പാട് .
എല്ലാമോർത്ത് അവൾ ഫോണെടുത്തു.
'നൂർജാ, 1000 രൂപ ഗൂഗിൾ പേ ചെയ്യാമോ? രണ്ടു ദിവസത്തിനകം തിരിച്ചു തരാം' എന്നൊരു വോയ്സ് മെസേജ് അതിൽ ചെയ്തു .
കൂട്ടത്തിൽ മുതിർന്ന കൊറ്റനാടാണ് ചിന്നൻ.
വലുപ്പത്തിൻ്റേതായ കുറുമ്പുകളെല്ലാം അവനുണ്ട് താനും!
സഫിയാത്തയുടെ ഉപ്പ തന്നത്.
ഒരാഴ്ച മുമ്പാണ് അറവുകാരൻ അഹമ്മദിക്കാ ഉപ്പാൻ്റെ അടുത്തുവന്ന് അവനു വിലപേശി പോയത്.
കുറച്ചു കൂടി വില കിട്ടും എന്ന പ്രതീക്ഷയിൽ അന്നുപ്പ സമ്മതിച്ചില്ല.
ഇപ്പോഴിതാ പണത്തിനു ദാരിദ്യം വന്നിരിക്കുന്നു.
ഇപ്പോഴാ കച്ചവടം വീണ്ടും നടത്തിയാലെന്താണ്?
ഇന്നു പോയപ്പോൾ ഉപ്പയോടു ചോദിച്ചു സമ്മതം വാങ്ങാമായിരുന്നു.
ഉപ്പയെ കൂട്ടിക്കൊണ്ടുവരാൻ പോയതാണല്ലൊ താൻ.
ഒന്നും നടന്നില്ല.
കാര്യങ്ങൾ മാറി വരുമായിരിക്കും.
ഉപ്പക്ക് പുതിയ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും വീണ്ടും വീട്ടിൽത്തന്നെ തിരിച്ചെത്താനും കഴിയുമായിരിക്കും. അതിനുള്ള നല്ല സമയം വരുംവരെ കാത്തിരിക്കാം.
പുറത്തു കാൽപ്പെരു മാറ്റം കേൾക്കുന്നുണ്ട്.
വാതിൽ തുറന്ന് ആൾ അകത്തു വരുന്നു.
ജമീല വാസുദേവൻ്റെ മുഖത്തേക്കു നോക്കി.
പ്രത്യേകിച്ചെന്തെങ്കിലും ഭാവവ്യത്യാസമുള്ളതായി തോന്നിയില്ല.
" ഞാൻ വരാൻ വൈകി. ചോറുകഴിക്കാം."
"ഉം ... " വാസുദേവൻ മൂളുക മാത്രം ചെയ്തു.
അവൾ ഊണിനുള്ള സജ്ജീകരണങ്ങൾ നിരത്തി നോക്കിയപ്പോൾ ദാരിദ്ര്യത്തിൻ്റേതായ ഒരു വലിയ പിശുക്ക് തൻ്റെ കൂടെത്തന്നെ മുൻകൈയിട്ടു നിൽക്കുന്നതു കണ്ടു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .