അദ്ധ്യായം ഏഴ്.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ധാരധാരയായി അശ്രുകണങ്ങള്‍ ആ കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകി.
ആഹാരനീഹാരാദികളില്ലാതെ ,സ്നാനമോ ജപമോ ഇല്ലാതെ വാടിയ ചെടിതണ്ടുകണക്കെയുണ്ട് പാവം...
ഇംതിയാസിന്റെ തടവറയില്‍ കരാളമായ നിശബ്ദത അവള്‍ക്ക് കാവല്‍ക്കാരനായി കൂട്ടു നിന്നു.
ഇലകൾ തമ്മില്‍ ചേരാതിരിക്കാന്‍ അകത്തിനടപ്പെട്ട രണ്ടു മരങ്ങള്.. ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് തിരഞ്ഞ് പരസ്പരം ചേരാന്‍ കൊതിക്കുന്നു.
പുറത്തെവിടെയോ തൻ്റെ പ്രിയപ്പെട്ടവൻ അലയുന്നുണ്ട്..
ഓരോ ശ്വാസത്തിലും തൻ്റെ പേരു മാത്രം നീട്ടി വിളിച്ചു കൊണ്ട്..
അവനറിയാതൊരു തടവറയില്‍ ഒരു കാപാലികൻ്റെ കൈകളാൽ തളക്കപ്പെട്ട് ഇവിടെ ഇങ്ങരികെ അവൻ്റെ പ്രിയപ്പെട്ടവളും..
അവന്റെ മാത്രം ശബ്ദത്തിന് കാതോര്‍ത്ത്….
അവനിൽ നിന്നു വരുന്ന ഒരു രക്ഷയും കാത്ത്..
വിതുമ്പുന്ന ചുണ്ടുകളാല്‍ ഒരേയൊരു നാമംമാത്രമേ അവൾക്ക് ഉരുവിടാനുണ്ടായിരുന്നുള്ളൂ.
അവനു മാത്രം പാടിയ അവളുടെ നാവ് ഇടറിയിടറി ശബ്ദമില്ലാതെ കരഞ്ഞു.
“എന്റെ കുക്കു..പ്രിയപ്പെട്ട കുക്കു..”
അവൾ അവനില്ലാതെ ഉരുകിത്തീരുന്നു.
പെട്ടെന്നപ്പോൾ തടവറയുടെ വാതില്‍ തുറക്കുന്ന ശബ്ദം അവളെ നടുക്കി.
“ഇതിയാസ്..”
വെറുപ്പിന്റെയും ഭീതിയുടേയും അവസാനമായ ആ വാക്ക് അവളില്‍ നിന്നും പിടഞ്ഞെണീറ്റു..
വിളറി വെളുത്തുപോയ തൻ്റെ മുഖം ഉയര്‍ത്താനാകാതെ തളര്‍ന്നുപോയിരിക്കുന്നഅവളുടെ അരികിലേക്ക് ഇംതിയാസിന്റെ പാദസ്പര്‍ശം ചേർന്നടുത്തുനിന്നു.
“പ്രിയേ..എന്റെ സുറുമീ..”
കേള്‍ക്കരുതാത്തതു കേട്ടെന്നവണ്ണം അവള്‍ചെവികള്‍ പൊത്തി.
“തൊടരുതെന്നെ..”
അവള്‍ക്കു നേരെ നീണ്ട അവന്റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ അലറി.
“നീചാ..എന്റെ കുക്കുവിന്റേതു മാത്രമായ ഈ ശരീരം നീ തൊട്ടശുദ്ധമാക്കാന്‍ ശ്രമിച്ചു..ഇതവനറിഞ്ഞാല്‍ ഈ നിമിഷം കൊന്നുതള്ളും നിന്നെ..”
കോപത്തിന്റെ തീജ്വാലകളുതിര്‍ത്തുകൊണ്ട് അവള്‍ അവനെ നേര്‍ക്കു നേര്‍ നോക്കി.
തടവറയുടെ ഒരു മൂലയില്‍ ചുരുണ്ടുചുരുണ്ടങ്ങനെ അവള്‍ നിന്നു കിതച്ചു.
“എടീ.. ക്ഷമിക്കുന്നു.
ഇന്നത്തെ ഒരു രാവ് ,ഒരേ ഒരു രാവു മാത്രം നിന്റെ സമ്മതത്തിന് അവസാനമായി ഞാന്‍ നിനക്കു തരുന്നു.
നാളെ ഒരു പ്രഭാതമുണ്ടെങ്കില്‍ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എന്റെയീ ബലിഷ്ടമായ കൈകള്‍ നിന്നെ എന്നെന്നേക്കുമായി എനിക്കു സ്വന്തമാക്കിയിരിക്കും..”
പ്രണയവിവശതയുടെ ഭാവം മാഞ്ഞ് ഇംതിയാസ് അപ്പോൾ കോപക്കലികൊണ്ട് വിറച്ചു.
അവനെ കൊന്നുതള്ളാനുള്ള കരുത്ത് തനിക്കില്ലാതെ പോയതില്‍ വിലപിച്ചുകൊണ്ട് സര്‍വാംഗം തളര്‍ന്ന് സുറുമി താഴെ വീണുപോയി.
ചവുട്ടിയമര്‍ത്തിപ്പോകുന്ന ഇംതിയാസിന്റെ കാലടിശബ്ദം അവളെ വിട്ടകന്ന് നേർത്തില്ലാതാവുന്നത് അവൾ അവിടെ കിടന്നുകൊണ്ട് തന്നെ കേട്ടു.
ഇന്നു രാത്രി പുലരാതിരുന്നെങ്കിൽ..
ഇല്ലെങ്കിൽ വീണ്ടും..
നാളെ വെളുപ്പിനു തന്നെ ആ കാമാധമന്‍ പിന്നെയും വരും.
ചിലപ്പോളവന്‍ ഇന്ന് തന്നെ…
ആ രംഗം ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
എല്ലാം ഇവിടംകൊണ്ട് തീരണം..
ഇലാഹീ..ഇതാ എന്റെ ജീവന്‍..
ഇനി ഇത് ഇവിടെ നിൻ്റെ പാദത്തിൽ ചേർത്ത് അവസാനിപ്പിക്കാനുള്ളതാണ്.
എന്റെ കുക്കുവിനു മാത്രമായി ഈ നിമിഷംവരെ
കാത്തുപോന്ന എന്റെയീ പ്രാണൻ ഇതാ ഞാന്‍ നിനക്കു തന്നെ തിരിച്ചുതരുന്നു..
എന്റെ ജീവന്റെ ജീവനായ കുക്കൂ..
നിത്യസ്നേഹത്തിന്റെ ഈ പറുദീസയില്‍
ഇനി നിനക്കായി ഞാന്‍ ഒരിക്കലും ബാക്കിയുണ്ടാകില്ല.
ഇവിടെ ഈ ലോകത്തിൽ ഇനി നീ മാത്രം തനിച്ചാകുന്നത് എങ്ങനെ നീ സഹിക്കുമെന്ന് എനിക്കറിയില്ല.
പോകുന്നു..
പൂക്കളോടും പുഴകളോടും ഈദിന്റെ സുഗന്ധമുള്ള നിന്നോടുമൊത്തുള്ള എന്റെയീ ജീവസ്മരണകള്‍ മാത്രം ഇവിടെ ബാക്കിവെച്ച്,
ഇതുവരെ ഇപ്പോൾ വരെ എന്നും നിന്റേതു മാത്രമായിരുന്ന നിന്റെ സുറുമി പോവുകയാണ്..
ഒരു കരാളരൂപിക്ക് പിച്ചിച്ചീന്താൻ ബാക്കി വെക്കാതെ ഈ ദേഹം ഒരു പിടി പച്ചമണ്ണിനെറിഞ്ഞുകൊടുത്ത് ഖബറിടത്തിലേക്ക്..
നാളെ, ഞാനുറങ്ങുന്ന ആ ഇടത്തിൽ
എന്നെങ്കിലും ഒരു വേള വഴിതെറ്റിയിട്ടാണെങ്കിലും ആ വഴി നീ വരണെ..
അങ്ങിനെ ഒരിക്കൽ എപ്പോഴെങ്കിലും നീയവിടെ വന്നുവെങ്കില്‍ ഒരിറ്റു
കണ്ണീരെങ്കിലും നീ എനിക്കുവേണ്ടി ആ മണ്ണില്‍ ഇറ്റിക്കണേ..
നിന്നെ പ്രാണനായി കരുതി ജീവിച്ച് ഒടുവിൽ ഹൃദയം നുറുങ്ങി നീറി നീറിയൊടുങ്ങിപ്പോയ ഈ നിർഭാഗ്യവതിക്കു വേണ്ടിച്ചെയ്യാൻ അവസാനത്തേതായി നീ അന്നു പൊഴിക്കുന്ന കണ്ണുനീർ എൻ്റെ ഖബറിടത്തിനു മേൽ പെരുക്കും!
എനിക്കും നിനക്കുമില്ലാതെ നമുക്കു നഷ്ടമാകാൻ പോകുന്ന ഈ ലോകത്തിനു മുന്നിൽ എൻ്റെ സ്നേഹത്തെ നൂറു നൂറായി അടയാളപ്പെടുത്തി വെയ്ക്കും,
നിൻ്റേയും..!
ഒരു മരണത്തിനും പിരിക്കാൻ പറ്റാത്ത വിധം ഒന്നായി ചേർത്ത്!
നിശ്ചയം..
അങ്ങിനെയൊക്കെ ചിന്തിച്ചുറച്ചും വിലപിച്ചും കൊണ്ട് തന്റെ മരണത്തിനായി അവള്‍ തന്റെ വിരലിലേക്ക് മാത്രം നോക്കി. അവിടെ നിന്നും വലിയ പ്രഭ ചൊരിയുന്ന തൻ്റെ വജ്രമോതിരം
വിറക്കുന്ന വിരലുകളോരോന്നും ചേര്‍ത്തുറപ്പിച്ച് അവള്‍ ഊരിയെടുത്തു.
മരണമാണ് ഇനി തന്റെ രക്ഷയെന്നുറപ്പിച്ച് അവള്‍ ആ മോതിരം കടിച്ചു വിഴുങ്ങാനായി ചുണ്ടോടുചേര്‍ത്തു..
(തുടരും.)
മനസ്സു വല്ലാതെ വിങ്ങുന്നു.
നിത്യസ്നേഹത്തിന്റെ വിശുദ്ധവനിയില്‍ പിറന്നിട്ടും തന്റെ പ്രണയത്തെ പരിരക്ഷിക്കാനാകാതെ ഇംതിയുടെ കാരാഗൃഹത്തിലൊടുങ്ങിത്തീരുന്ന പാവം കുക്കു..
തൻ്റെ തേങ്ങലുകളോരോന്നും മരണമാല്യം കണക്കെ ഹൃദയത്തിലണിഞ്ഞ് സ്വയം ഉരുകിയൊലിച്ചു തീർന്നു പോകാറായവൾ..
ഇംതിയുടെ കോട്ടഗോപുരങ്ങള്‍ തച്ചുതകര്‍ത്ത് തന്റെ പ്രാണപ്രിയയെ കൊണ്ടുപോകാന്‍എവിടെ നീ?
വായനക്കാരുടെ ഹൃദയങ്ങളെ വ്യഥയുടെ ആഴക്കടലിലെറിഞ്ഞ് അടയാളങ്ങളെന്ന നോവല്‍ പിന്നെയും അധ്യായങ്ങളില്‍ നിന്നുംഅധ്യായങ്ങളിലേക്ക് നീണ്ടുപോകുകയാണ്.
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അനുവാചക ദു:ഖം സഹിക്കവയ്യാതെ സഫിയ തൻ്റെ കൈപ്പിടിയിൽ തളർന്നു വിശ്രമിക്കാനായുന്ന നാട്ടുപച്ച ആഴ്ചപ്പതിപ്പ് നടുവേ മടക്കിവെച്ച് കുറച്ചുനേരം ഖിന്നയായിത്തന്നെയിരുന്നു.
മുല്ലയെന്ന നാട്ടുപച്ചയിലെ എഴുത്തുകാരീ...
നിങ്ങളുടെ മനസ്സ് കുറെയൊക്കെ ക്രൂരമായിപ്പോയില്ലേ?
ഭ്രാന്തൻ കുന്നിൻ്റെ താഴ് വാരങ്ങൾ വിട്ട് പച്ച ജോസിൻ്റെ റബർ തോട്ടത്തിലേക്ക് തന്റെ ആട്ടിൻ കൂട്ടങ്ങളിറങ്ങിപ്പോകുന്നത് അവള്‍ കണ്ടു.
ഉപ്പയിൽ നിന്നും അവയിനിയും അനുസരണ പഠിച്ചില്ലെന്നുണ്ടോ?!
ഉദയസൂര്യന്‍ നീട്ടുന്ന നീളമുള്ള നിഴലുകളെ എത്തിപ്പിടിക്കാനായുന്നു ചെരിവോരത്തെ കാറ്റു കൂട്ടങ്ങൾ !
ആർത്തിയോടെ കാറ്റിനെയും തിന്നാനായുന്ന ഒരുമ്പെട്ട കന്നുകൂട്ടങ്ങള്‍..
കുന്നിൻ മുകളിൽ കയറി നിന്നാൽ കാണാം തെല്ലകലെ ദീനം വന്നു മെലിഞ്ഞ കന്നിനെ പ്പോലെ വറ്റിവരളാന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന കേച്ചേരിപ്പുഴയെ ..
അവിടെയും ഗദ്ഗദമുണ്ട്.
ഇരമ്പിപ്പാഞ്ഞു വരുന്ന ഒരു മഴച്ചാർത്തിനെ മാറിലേൽക്കാൻ കേച്ചേരിപ്പുഴ കേഴുന്നു!
പുഴക്കക്കരെ നിന്നും പിന്നെയും ഭൂമി നീണ്ടു കിടക്കുന്നു.
അവിടെ നിന്നും ദൂരെ ദൂരേക്കു പോയാൽ
പെരിന്തൽമണ്ണയിൽ ചന്തയിലലയുന്നുണ്ടാകും തൻ്റെ പ്രിയനിപ്പോൾ!
നാട്ടുപച്ചയിലെ സുറുമിയുണർത്തിയ അവളുടെ മുസ്തഫിക്ക!
കുന്നത്തെ ചരിവോരത്തും ഓർമ്മകളുടെ കാറ്റേറ്റു വിവശയായി അവൾ!
സ്വപ്നത്തിലെ കരടുകളെന്നോണം ചില കാക്കകള്‍ പശുക്കൾക്കു മേൽ ചെന്നിണമൂറ്റാൻ വരുന്ന പെരും ചെള്ളുകളെ കാത്ത് ചുറ്റും പാത്തു നടപ്പുണ്ട് .
അവ കരയുന്നു.
തൻ്റെ കൂട്ടങ്ങളെ കരഞ്ഞുതന്നെ വിളിക്കുന്നു.
“ചുന്നീ…”
സഫിയ നീട്ടിവിളിച്ചു.
തന്റെ പേരു വിളിച്ചതില്‍ നന്ദിസൂചകമെന്നോണം സഫിയയുടെ ആട് ചെറുതായി കരഞ്ഞു.
പിന്നെ ഉള്ളില്‍ കുരുന്നായി തുടിക്കുന്ന തൻ്റെ കുഞ്ഞിന് എന്ന വണ്ണം പുല്‍നാമ്പുകള്‍ക്ക് പിന്നെയും മുഖം കൊടുത്തു.
"ചുന്നീ..." തെല്ലരിശത്തോടെ തന്നെ സഫിയ വീണ്ടും നീട്ടി വിളിച്ചു.
വിളിച്ച വിളി കേട്ടെന്നവണ്ണം കുന്നിൽ ചരിവിൽ വന്നു കയറിയത് പക്ഷെ ജമീലയുടെ മുഖമായിരുന്നു!
പെട്ടെന്ന് ഷോക്കടിച്ച പോലെ സഫിയക്കു തോന്നി.
നാട്ടുപച്ച അവളുടെ കൈകളിൽ നിന്നും കുഴഞ്ഞിറങ്ങി ഇളം പുല്ലുകളെ പരതി.
ജമീലയെ കുറച്ചു നേരം അവളിലെ കളിക്കൂട്ടുകാരി നോക്കി നിന്നു.
അറപ്പാണ് ആദ്യം അവൾക്ക് തോന്നിയത്. പിന്നെ പിന്നെ പഴയ സ്നേഹകാലങ്ങൾ പിൻവിളി വിളിച്ചതുകൊണ്ടു മാത്രം സഫിയ ജമീലക്കു മുഖം കൊടുത്തു.
അവളെ വിളിക്കുകയും ചെയ്തു..
"വാടീ .. "
സഫിയയുടെ വിളി ജമീല മാത്രം അനുസരിച്ചു.
അവൾ സഫിയക്കരികിലെത്തി.
"എടീ, നീയവനെ പൊന്നാനിക്ക് കൊണ്ടു പോവുന്നുണ്ടോ?"
എന്താണ് ഉദ്യേശം?
അതെ, അതു തന്നെ.
ജമീല മൗനിയായി നിന്നു.
"എന്നും ഇങ്ങനെ തന്നെ അവൻ്റെ കൂടെ കഴിയാനാണോ നിൻ്റെ തീരുമാനം?"
സഫിയയുടെ ചോദ്യത്തിന് ജമീല പിന്നെയും ഉത്തരം കൊടുത്തില്ല.
മൗനം സഫിയയെ വിറളി പിടിപ്പിക്കുന്നു.
നോവുകൾ കനത്ത് രൂക്ഷമാവുന്നു നോട്ടങ്ങൾ !
" ഉപ്പയെന്ത്യേഡീ? "
ഉപ്പയുടെ പേരുകേട്ടപ്പോഴെ ജമീലയുടെ കണ്ണു നനഞ്ഞു.
"ദീനു തെറ്റിച്ചാൽ എന്താവും ഫലമെന്ന് നിനക്കറിയാലോ?!
ഖിയാമത്ത് നാളിൽ അവൻ്റെ കൂടെത്തന്നെ നരകത്തീയിൽ വാരിയെല്ലായി നീയും കിടന്ന് കത്തും.
ഇനി രണ്ടു പേരും ദീനുറപ്പിച്ച് സുബർക്കത്തിലെത്തിയാലോ, വാരിയെല്ലായാലെന്താ നീയും സുഖിക്കും!
വല്ല ബോധവുമുണ്ടോടീ മണ്ടത്തി നിനക്ക്?
പടച്ചവൻ പെണ്ണുങ്ങൾക്ക് റൂഹിനെ തന്നിട്ടില്ല.
പക്ഷെ ചിന്തിക്കാനുള്ള ബോധം തന്നിട്ടുണ്ടല്ലോ?
സ്രഷ്ടാവിനെ വിളിക്കാനും നന്ദികാണിക്കാനും അറിയാത്ത ഒരാണൊരുത്തനെക്കൊണ്ട് ഈ ദുനിയാവിന് തന്നെ എന്താടീ ഗുണം?"
മുനീറിക്കാൻ്റെ പരിപ്പുവടകളും കടിച്ചു മുറിച്ച് പകലുകളെ ആഘോഷിച്ചുക്കൊണ്ടിരിക്കുന്ന സ്വന്തം മക്കളെ ഒരു നിമിഷം നടുക്കത്തോടെ സഫിയ ആ വേളയിൽ സ്മരിച്ചു പോയി.
അവരിലാരെങ്കിലും ഒരു ജമീലയോ വാസുദേവനോ ആകാൻ തൻ്റെ ഉദരം കടം കൊണ്ടിട്ടുണ്ടാകുമോ?
അവരാരെങ്കിലും ദീനു മറന്ന് സൃഷ്ടാവിനോട് നന്ദിയില്ലാത്തവരായി ഇതുപോലത്തെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നവരാകുമോ?
ഒരു നെടുവീർപ്പ് സഫിയയിൽ നിന്നുയർന്നു.
പാവം മുസ്തഫിക്കാ..
പെരിന്തൽമണ്ണ ചന്തയിൽ ചോര നീരാക്കി അധ്വാനിക്കുന്നു.
മക്കൾക്കു വേണ്ടി!
മക്കളായിപ്പിറന്നിട്ട് ജനിപ്പിച്ചവർക്കു നേർക്ക് ഇതുപോലെ ചെയ്തു കാണിച്ചാൽ സത്യം, ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല.
സുബഹു മുതൽ ഇശാ വരെയുള്ള പ്രാർത്ഥനകൾ ലൈക്കിനും കമൻറിനും ഷെയറുകൾക്കുമിടയിൽ മുടങ്ങിപ്പോകുന്ന കാലം!
കമ്പ്യൂട്ടറും മൊബൈൽ ഫോണും വന്നു എല്ലാം വഴി തെറ്റിപ്പോയിട്ടുണ്ട്.
ഇബിലീസ് ഇൻ്റർനെറ്റിലും കേറി വഴിതെറ്റിക്കുന്നതാകാം.
കല്ലെറിഞ്ഞോടിക്കേണ്ടതിനെ കയ്യിലെടുത്ത് കൊഞ്ചിക്കുന്ന മക്കൾ!
എൻ്റെ മക്കളെ കാത്തോളണെ റബ്ബേ...
സഫിയയുടെ ആധി ഓരോ മാതാപിതാക്കളുടേതും കൂടിയായിരുന്നു.
ദൈവവിളിയില്ലാതെ, വീട്ടിനകത്തെ ഒരു പണി പോലും ചെയ്യാതെ ടച്ച് ഫോണിൽ തോണ്ടിത്തോണ്ടിയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങൾ !
വലിയവരും ചെറിയവരും ഒക്കെ ഒരേ കണക്ക്!
ജമീലക്ക് താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് ബോധ്യമായിട്ടുണ്ടാകണം.
അതു കൊണ്ടാണവൾ തന്റെ ചോദ്യങ്ങൾക്ക് മുഖം താഴ്ത്തിയും ഉത്തരം പറയാതെയും മാറി നിൽക്കുന്നത്.
അവൾക്കു ചുറ്റുമായി ജമീലയുടെ ആടുകൾ വന്നു നിരന്നിട്ടുണ്ട്.
ജമീല അവയെ വീണ്ടും മടക്കി തെളിക്കാനൊരുങ്ങുകയാണ്.
"സഫിയാത്താ, എനിക്ക് ഉപ്പയെ കാണാൻ പോണം. ഞാൻ പോട്ടെ."
ആടുകളെയും കൊണ്ടു തിരികെ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ജമീലയെ കണ്ട് സഫിയ ആശ്വാസം കൊണ്ടു.
തൻ്റെ ഉപദേശങ്ങൾക്ക് ഫലമുണ്ടായിട്ടുണ്ട്. അവൾ തീർച്ചയായും തൻ്റെ ഉപ്പയെ കാണും. വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരും.
തൻ്റെ തെറ്റുകൾ എല്ലാം തിരുത്തി അവനെയും കൂട്ടത്തിൽ ചേർന്ന് നല്ലവളും നന്മ നിറഞ്ഞവളുമായി മാറും.
അതിനായി നാഥനവളെ അനുഗ്രഹിക്കട്ടെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .