അദ്ധ്യായം ഒൻപത് .
മനുഷ്യരാശിയോളം പഴക്കമുള്ള അദ്ധ്യായങ്ങളാണ് സ്നേഹത്തിൻ്റേയും പ്രണയത്തിൻ്റേയും .
നശിച്ചും ചിതലരിച്ചും മനസ്സു നുറുങ്ങിക്കിടക്കുന്നവരെപ്പോലും ഉണർത്തി നടത്താറുണ്ട് പ്രണയം!
സെയ്തലവിയുടെ സമയത്തും അസമയത്തുമുള്ള ഉറക്കങ്ങൾക്കിടയിലും എവിടെ നിന്നൊക്കെയോ പാഞ്ഞു വന്ന് തൻ്റെ സ്നേഹമയിയോടുള്ള പ്രണയവും ഇതുപോലെ അയാളെ വാരിയെടുത്തോടുന്നു !
ചുവരിൽ തൂക്കിയിട്ട കാലപ്പഴക്കത്തിൻ്റെ ഘടികാര സൂചികൾ രണ്ടും സമയം 12 കാണിച്ചിരിക്കുന്നു.
സമയക്കണക്കുകളുടെ ഏറ്റക്കുറച്ചിലുകൾക്ക് ചെവി കൊടുക്കാതെ എപ്പോഴോ ഉറങ്ങുകയും എപ്പോഴോ ഉണരുകയും ചെയ്യുന്ന സെയ്തലവിയുടെ പുതിയ ശീലത്തിന് കൂട്ടുചേർന്ന് , ഇപ്പോഴത്തെ സ്വപ്ന തീരത്ത് സ്വന്തം കാതുകൾ പലപ്പോഴും ഉമ്മുവിൻ്റെ ശബ്ദവും മുഴക്കുന്നു..
അവളുടെ രൂപവും തെളിയിച്ചും മായ്ച്ചുമിരിക്കുന്നു!
സൂചികളുടെ സമയത്തിടുക്കങ്ങൾക്ക് ഇവിടെ സെയ്തലവിയെപ്പോലെ മറ്റുള്ളവരും ചെവികൊടുക്കാറില്ലെന്നു വരുമോ !?
അയാൾക്കിന്ന് എല്ലാമെല്ലാം സ്വപ്നങ്ങളാണ്.
സ്വപ്നങ്ങളുടെ മടിത്തട്ടിൽ കിടന്നുകിടന്ന് എഴുന്നേൽക്കാൻ മടിയായവനെപ്പോലുണ്ട് അയാളിപ്പോൾ.
മരിച്ചവരും മരണമില്ലാത്തവരും ഒരുപോലെ ഒന്നിച്ചു താമസിക്കുന്ന ഒരിടം മനസ്സു മാത്രമാണല്ലൊ.
വളരെ മുൻപ് കാലഗമനം ചെയ്ത ഉപ്പയും ഉപ്പൂപ്പയും തൊട്ട് ഈയടുത്ത കാലത്തു മാത്രം വേർപിരിഞ്ഞ അടുത്ത ബന്ധുക്കളും കൂട്ടുകാരും വരെ വരും.
സമയത്തിടുക്കം കാണിക്കാതെ അവർ അയാളോട് സംസാരിക്കുകയും കുശലാന്വേഷണങ്ങൾ നടത്തി പോവുകയും ചെയ്യും.
ആരോ പേർ ചൊല്ലി വിളിക്കുന്നു.
ആ പേർ വിളി സെയ്തലവിയെ തൻ്റെ സ്വപ്നങ്ങളെ വിട്ടുണർത്തി. കട്ടിലിൽ തിരിഞ്ഞു കിടന്നയാൾ പരിസരം വീക്ഷിച്ചു.
താനടക്കം അഞ്ചു പേർ കിടക്കുന്ന ഇടമാണ് സാന്ത്വനത്തിലെ ഈ ഹാൾ .
കിടപ്പുകാർ എല്ലാവരും സ്വന്തം കട്ടിലുകളിൽ തന്നെയുണ്ട്.
അതിൽ രണ്ടു പേർ കിടപ്പു രോഗികൾ കൂടിയാണ്.
പിന്നെയുള്ളവർ അഞ്ചു പേരും അഹോരാത്രം ഓടി നടക്കുന്നവരാണ്.
അടുക്കളയിൽ തൊട്ട് അങ്ങാടിത്തെരുവിൽ വരെ അവർ സമയത്തിടുക്കം കാട്ടി ഓടി കാര്യാന്വേഷണം നടത്തുന്നു.
പ്രത്യേകിച്ച് സലിം ഭായി.
തെരുവോരങ്ങളിൽ, കടത്തിണ്ണയിൽ, ഒറ്റമുറിയുള്ള ഓല മേഞ്ഞ വീടുകളിൽ..
ആരോരുമില്ലാത്തവർക്ക് ആശ്രയമായിത്തീർന്ന് സ്വന്തം അനാഥത്വത്തെ ആഘോഷിച്ചു തീർക്കുന്നു.
പെട്ടെന്ന് സെയ്തലവിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
മകൾ വാതിൽ തുറന്നു വരികയാണ്.
" സെയ്താലിക്കാ മോളെത്തിയല്ലോ "
തൊട്ടടുത്ത കട്ടിലിലെ ശ്രീധരേട്ടനും അയാളുടെ കാഴ്ചകളെ ശരിവെച്ചു കൊടുത്തു.
മകൾ വന്ന് അയാളുടെ അരികു ചേർന്നു നിന്നു.
" ഉപ്പാ "
അവൾ സ്നേഹ പുരസ്സരം അയാളെ തലോടി വിളിച്ചു.
"സ്നേഹം കാണണമെങ്കിലും കിട്ടണമെങ്കിലും മക്കൾ പെൺകുട്ടികളായി ജനിക്കണം. എൻ്റെ മക്കളും ഇതുപോലെ ഇടയ്ക്കിടെ എന്നെ കാണാൻ വരാറുണ്ട് "
സ്നേഹത്തിൻ്റെ നിറകുടങ്ങളാണ് പെൺമക്കൾ ഓരോരുത്തരുമെന്നുള്ള ഒരു പിതാവിൻ്റെ സാക്ഷ്യപ്പെടുത്തലായി ശ്രീധരേട്ടൻ്റെ ആ വാക്കുകൾ അവിടെ കിടന്നു ധ്വനിച്ചു!
ആരാണ് ശ്രീധരേട്ടൻ?
അയാൾ എങ്ങിനെ ഇവിടെ എത്തപ്പെട്ടു?
സെയ്തലവി ശ്രീധരേട്ടനെ പ്പറ്റി മനസ്സിലാക്കിയത് എന്തൊക്കെയാണ്?
മൂന്നു പെൺമക്കൾ സ്വത്തായുണ്ടായിരുന്നവൻ.
അയാൾ തൻ്റെ പെൺമക്കളെ ആയതു പോലെ പഠിപ്പിക്കുന്നു .
തനിക്കു കഴിയാവുന്ന വിധം സ്ത്രീധനമൊക്കെ കൊടുത്ത് അവരെ കെട്ടിച്ചു വിടുന്നു.
ശേഷമാണ് പലിശയും കൂട്ടു പലിശയുമൊക്കെയായി താൻ മക്കൾക്കു വേണ്ടി വാങ്ങിക്കൂട്ടിയ കടങ്ങൾ അയാൾക്ക് വലിയ ബാധ്യതയുണ്ടാക്കിത്തീർത്തത്.
സഹകരണ ബാങ്കിൽ നിന്നു പോലും പലിശക്കണക്കിട്ട് ജപ്തി നടപടികളുണ്ടായി.
മനുഷ്യരുടെ വിയർപ്പും കണ്ണീരുപ്പും മണക്കുന്ന ആധാരക്കെട്ടുകൾ നിയമ നടപടികൾ നടത്തി സ്വന്തമാക്കിയെടുക്കുന്ന ആ പതിവു കാഴ്ച്ചകൾ ശ്രീധരേട്ടൻ്റെ കാര്യത്തിലുമുണ്ടായി.
അന്തിയുറങ്ങിയിരുന്ന കൂര പോലും അയാൾക്കങ്ങിനെ നഷ്ടമായി.
മക്കളെ നന്നായി നോക്കിയതിൻ്റെ പ്രതിഫലമാണ് ഇപ്പോൾ ഇവിടെ വന്നു കിടന്ന് വാങ്ങിക്കൂട്ടുന്നത്. പാവം !
സെയ്തലവി ശ്രീധരേട്ടൻ്റെ സ്നേഹം ഒന്നു മൂളി ശരിവെച്ചു.
അയ്യാളുടെ ഗതികേടുകളിൽ തൻ്റെ സ്നേഹം കൂടെ ചേർത്ത് മുറിവുണക്കാൻ തിടുക്കപ്പെട്ടു.
"എന്നെയിപ്പോ അങ്ങോട്ടുമിങ്ങോട്ടും ഇട്ടോടിക്കലാണ് എൻ്റെ ഉപ്പാൻ്റെ പണി.ശ്രീധരേട്ടൻ്റെ ഗതി എൻ്റെ ഉപ്പാക്കും വരാതിരിക്കാൻ വേണ്ടി ഒന്നു സ്നേഹിച്ചു കെട്ടി . ഇതാ ഇപ്പോ ഞാൻ ചെയ്ത തെറ്റ് "
ജമീല ശ്രീധരേട്ടനെ നോക്കി.
"ഡീ ജമീലാ, അതൊക്കെ ശ്രീധരേട്ടൻ്റെ ജാതീലെ രീതികളാണ്. നമ്മുടെയല്ല.
ഓരോ ശ്രീധരേട്ടൻമാരും ഇതുപോലെ കഷ്ടപ്പെട്ട് മക്കളെ വളർത്തീണ്ടാക്കും . പിന്നെ തനിയെ പണിയെട്ത്ത് കെട്ട്യോളെ പോറ്റണ്ട ചുമതലയുള്ള ഒരാണൊരുത്തന് തൻ്റെ ഉള്ളതൊക്കെ വിറ്റ് പെറുക്കി സ്ത്രീധനാന്നും പറഞ്ഞ് വാരിക്കോരി കൊടുത്ത് മക്കളെ കൈയ്യേൽപ്പിച്ച് പടിയിറക്കി വിടും. അങ്ങനത്തെ പതിവ് നമുക്ക് പടച്ചോൻ പറഞ്ഞിട്ടില്ല ജമീലാ . മക്കളെ നിക്കാഹ് കഴിച്ച് കൊണ്ടു പോകുമ്പോ കായി മഹറായി ഇങ്ങോട്ട് തന്ന് തന്നെ വേണം ഞമ്മടെ കുട്ട്യോളെ പൊരേന്ന് ഇറക്കിക്കൊണ്ടോവാൻ. അങ്ങനാ ശ്രീധരേട്ടാ ഞമ്മളോട് പറഞ്ഞിട്ടുള്ളത് "
സെയ്തലവി ജമീലയെ തിരുത്തി കാണിച്ചു.
ശ്രീധരേട്ടനും തോന്നി പടച്ചോൻ പറഞ്ഞു വെച്ചിട്ടുള്ളതിൽ കാര്യമുണ്ടെന്ന്!
" ശര്യാ സെയ്താല്യേ ..
പെൺകുട്ടികളെ ഇത്രയും കാലം നോക്കി വളർത്തീട്ട് അവര് ജനിച്ച വീട്ടീന്ന് അവരെ പടിയിറക്കിക്കൊണ്ടുപോവുമ്പോൾ അങ്ങിനെത്തന്നെയാണ് ചെയ്യേണ്ടത്. അല്ലാതെ വലിയ തുക സ്ത്രീധനം കണക്കു പറഞ്ഞ് വാങ്ങി കല്യാണവും കഴിച്ച് രണ്ടു ദിവസം കഴിഞ്ഞ് കിട്ടിയതു പോരാ , ഇനീം കൊണ്ടു വാ എന്നൊക്കെ പറഞ്ഞ് പുതുപ്പെണ്ണിനെ വീട്ടിലിട്ട് പീഢിപ്പിക്കും.
എന്നിട്ടും പോരാഞ്ഞിട്ട് വിഷപ്പാമ്പിനെ വില കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കടിപ്പിച്ചു കൊല്ലിക്കും. ഗ്യാസ് സിലിണ്ടർ തുറന്നിട്ട് കത്തിക്കുന്നത് വേറെ.
കഷ്ടാഡോ ഞങ്ങടെ പെൺകുട്ട്യോൾടെ കാര്യം.
ഒരു തരി പൊന്നു കുറഞ്ഞുപോയാൽ മതി ചെന്ന് കേറുന്നിടത്ത് അവളുടെ കഷ്ടകാലം തുടങ്ങാൻ. ഇതൊക്കെ ഓർത്തിട്ടാ വീട്ടാക്കടങ്ങൾ വാങ്ങിക്കൂട്ടി ഓരോരുത്തരും സ്വന്തം പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിടുന്നത്. സ്ത്രീധനം നിരോധിച്ചൂന്നൊക്കെ വെറുതെ പറയണതാ. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ വരെ എല്ലാം കണക്കു പറഞ്ഞു വാങ്ങിക്കുന്നുണ്ട്. കണ്ണുകെട്ടിയ നീതിദേവത ഒരു കാലത്തും നിയമമിവിടെ നടപ്പാക്കിക്കാണിക്കും എന്നു തോന്നുന്നില്ല."
അങ്ങിനെ അവർ സ്ത്രീക്കു വേണ്ടി സംസാരിക്കാൻ തുടങ്ങി.
ചരിത്രത്താളുകളിറങ്ങി പല പെൺ ചോരകളും അവരുടെ വാക്കിലും നോക്കിലും മനസ്സാക്ഷിയിലും സ്മരണകളായി അവർക്കു മുമ്പിൽ എരിഞ്ഞു കത്താൻ തുടങ്ങി. സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ഓടുന്ന ബസ്സുകളിൽ ,ശീതീകരിച്ച മുറിക്കുള്ളിൽ, തൊഴിലിടങ്ങളിൽ, പൊതുവേദികളിൽ ,എല്ലായിടത്തും നിലവിളികളുണ്ടാക്കി അവർ ബലിമൃഗങ്ങളായിത്തീരുന്നു.
ജമീല തന്നെ വായനപ്പട്ടികയിലെ എച്ച്മുക്കുട്ടിയുടെ കഥയോർമ്മിച്ചു. എൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തുകൊൾക. വലിയ മുഴക്കത്തോടെ ഒരു പെൺ ശബ്ദം പറഞ്ഞ കഥ. പെൺ പ്രതിരോധത്തിൻ വലിയ പടവാളുകളായി പിന്നെയും ആയിരങ്ങൾ അവർക്കു ചുറ്റുമിരുന്നു കഥ പറഞ്ഞുകൊണ്ടിരുന്നു. കദനവും കണ്ണീരും കലർന്ന് കഥാസാഗരം അവരുടെ തലക്കുള്ളിൽ ആർത്തു തിമിർക്കവെ അവൾ സ്ത്രീത്വത്തെ കൊന്നു തിന്നുന്നവർക്കെതിരെ ചൂണ്ടിയ ഒരു കത്തിമുന പോലെ തിളങ്ങാൻ കൊതിച്ചു.. ഒറ്റത്തുള്ളികൾ ചേർന്ന് വലിയ മഴയിരമ്പമായി മാറും പോലെ സ്ത്രീകളുടേതായി വലിയൊരു കൂട്ടായ്മ രൂപപ്പെടുമെന്ന് പ്രത്യാശിച്ചു. ഒടുക്കം അവർ ഒന്നിച്ച് വലിയ പെൺ ശബ്ദമായി കാപാലികർക്കു മേൽ വലിയൊരാക്രോശമായി മുഴങ്ങുമ്പോൾ നീതിദേവതയുടെ കൺകെട്ട് താനെയഴിഞ്ഞു വീഴും.നിയമം പണത്തുലാസിട്ടു തൂക്കുന്ന കറുത്ത ഗൗണുകളിൽ പാറിപ്പടർന്ന് ആ തീക്കാറ്റ് മാറാൻ മടിക്കുന്ന ചട്ടങ്ങളൊക്കെ കത്തിച്ചില്ലാതാക്കും.
ഇങ്ങനെയിങ്ങനെ ചിന്തിച്ചും പറഞ്ഞും അവർ മൂവരും കടുത്ത സ്ത്രീപക്ഷവാദികളായി മാറിക്കഴിഞ്ഞപ്പോൾ, സെയ്തലവി മകളുടെ പക്ഷം ചേർന്ന് ശ്രീധരേട്ടനോട് സംസാരിച്ചു തുടങ്ങി.
" ശ്രീധരേട്ടാ, ഇൻ്റെ മോൾടെ തീരുമാനങ്ങളെ ഇതുവരെ ഞാൻ എതിർത്തിട്ടില്ല. ചുവന്ന കൊടി പിടിച്ച് പല ജാഥകളിലും ഞാൻ മുന്നേ നടന്നിട്ടുള്ളതാ. മനുഷ്യന് ഒരേ നിറത്തിലുള്ള രക്തം മതി ഒരുമിച്ച് നടക്കാൻ എന്ന് ഞാനാ ആദ്യം എൻ്റെ മകളെ പറഞ്ഞു പഠിപ്പിച്ചത് "
"കൊടിയുടെ കാര്യത്തിൽ ഞാൻ വേറെയാ സെയ്താലി.കാവിയാ.മക്കളെ ഒക്കെ സ്വന്തം ജാതിക്കാർക്കു തന്നെ കൊടുത്തു. നിങ്ങളെപ്പോലെ എൻ്റെ കൂട്ടരോട് വഴക്കിനും വക്കാണത്തിനും പോകാനുള്ള ധൈര്യമൊന്നും എനിക്കില്ലേയ്.. "
സെയ്തലവി ശ്രീധരേട്ടൻ്റെ വാക്കുകൾ കേട്ട് ചിരിച്ചു.
" ഇൻ്റെ മോള് വേലൂരെ ശേഖരൻ മാഷ് ടെ ശിഷ്യയാ. ഓളാ നമ്പൂരിച്ചെക്കൻ്റെ ചരട് വരെ പൊട്ടിച്ചു കളഞ്ഞു. അവളങ്ങനെ ജാതിക്കാരെയും മതക്കാരേയും കണ്ട് പേടിക്കുന്നവളല്ല."
അവരങ്ങനെ ചിരിച്ചും ചിന്തിച്ചും കഥ പറഞ്ഞിരിക്കവെ അവരുടെ കൂട്ടത്തിൽ മറ്റൊരന്തേവാസിയായ ഇന്ദ്രനും വന്നു ചേർന്നു.
" ആരാ ശേഖരൻ മാഷ് ടെ ശിഷ്യ ?ഇയ്യാളാണോ?"
ജമീലയെ ചൂണ്ടി ഇന്ദ്രൻ ശ്രീധരേട്ടനോട് തൻ്റെ സംശയം ചോദിച്ചു.
"അതെ. സെയ്താലീടെ മോള് ജമീല "
ജമീലയെ ഇന്ദ്രൻ സൂക്ഷിച്ചു നോക്കി.
"നമ്പൂരി പയ്യനെ പ്രേമിച്ചു കെട്ടിയ ജോനോത്തിക്കുട്ടി.ആട്ടെ ശേഖരൻ മാഷെ എങ്ങിനെയാ പരിചയം? അവിടെ പഠിച്ചിട്ടുണ്ടോ?"
ഇന്ദ്രൻ തൻ്റെ സംശയം തീർക്കാൻ ശ്രമിച്ചു.
"അതെ. ഞങ്ങൾ രണ്ടാളും പ്രതിഭ കോളേജിൽ ഒരുമിച്ചാണ് പഠിച്ചത് "
" അപ്പോ രണ്ടാളും മാഷ് ടെ ശിഷ്യരാണ്"
"അതെ. പേര് പറഞ്ഞില്ല..?"
ജമീല ചോദിച്ചു.
" ഇന്ദ്രൻ. ശേഖരൻമാഷ ടെ അടുത്ത കൂട്ടുകാരനാണ്. "
"മാഷ് ടെ രാഷ്ട്രീയമൊക്കെ ഇന്ദ്രേട്ടനും ഉണ്ടായിരുന്നോ?"
"ചെറുതായിട്ട്.ഞാൻ സ്ഥിരമായി മാഷ്ടെ ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കാൻ പോകും. ചർച്ചകൾ നടത്തും. മാഷ് ടെ നാടകക്കളരിയിലും പങ്കെടുത്തിട്ടുണ്ട് "
"സ്വാന്തനത്തിലെ ജോലിക്കാരനാണോ ഇന്ദ്രേട്ടൻ?"
ഇന്ദ്രൻ്റെ മുഖം കുനിഞ്ഞു.
"അല്ല. ഞാനും നിൻ്റെ ഉപ്പയെപ്പോലെ ഒരന്തേവാസിയാണ്"
ജീവിതയാതനകളുടെ കുത്തൊഴുക്കിൽ നിന്നു കൊണ്ട് ഇന്ദ്രനും തൻ്റെ കഥ പറയാൻ തുടങ്ങി.
ഇരിടത്തരം അഴുവർ കുടുംബത്തിലാണ് ഇന്ദ്രൻ ജനിച്ചതും വളർന്നതും.
ഗുരുവിൻ്റെ ഒരു ജാതി മതസങ്കൽപ്പത്തിനേക്കാൾ കൂടുതലായി ഇന്ദ്രനെ ആകർഷിച്ചത് മാഷിൻ്റെ മതരഹിത സിദ്ധാന്തങ്ങളായിരുന്നു. മാർക്സും ഏംഗൽസുമൊക്കെ പറഞ്ഞു വെച്ച തത്വസംഹിതകളുടെ ചുവടുപിടിച്ച് ചൂഷകരഹിതരുടെ ഒരു നാട് സ്വപ്നം കണ്ടു.
കറുപ്പിൻ്റെ ഗന്ധമുള്ള മത തത്ത്വശാസ്ത്രങ്ങളെ ഭയന്ന് ഒന്നിച്ച് ഒരേ ചോരയായി ചിന്തിക്കാൻ
മാഷിൻ്റെ കൂടെ നാടകങ്ങൾ കണ്ടു.
കൂടെ കളിച്ചും പുതിയവരെ നാടകം കളിപ്പിച്ചും ഇന്ദ്രൻ അങ്ങിനെ നാടകരംഗത്തെ ഒരതികായനായി മാറി. പൊതു സമൂഹത്തെ ശല്ല്യപ്പെടുത്തുന്ന പലതിനേയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഒരു ശത്രുപക്ഷവും ആരാധകവൃന്ദത്തോടൊപ്പം അദ്ദേഹത്തിനു ചുറ്റും രൂപപ്പെട്ടു . തയ്യൂർ സ്കൂളിലെ ഒരു ആനിവേഴ്സറിനാളിൽ വെച്ചാണ് അതുണ്ടായത്.
തൻ്റെ നാടകാവതരണത്തിനു ശേഷം മറ്റുള്ള കലാപരിപാടികളും ചടങ്ങുകളും കഴിഞ്ഞ് കാണികളും ഒഴിഞ്ഞു പോയി.
വേദിക്കു ചുറ്റും നിരത്തിയിരുന്ന ബെഞ്ചുകൾ ഒതുക്കി മാറ്റുകയായിരുന്ന ഇന്ദ്രൻ്റെ നേർക്ക് അവർ വന്നു. ഒരു കൂട്ടം മുഖം മൂടിധാരികൾ .കൈയ്യിൽ മഴു, വടിവാൾ അങ്ങിനെ ആയുധങ്ങൾ പലതും. വാൾ വീശി കൂട്ടുകാരെയെല്ലാം ഓടിച്ചു വിട്ട ശേഷം ഇന്ദ്രനെ വളഞ്ഞു വെട്ടുകയായിരുന്നു അവർ. മൂർച്ചയില്ലാതെ മുനമടക്കിയ മഴു കൊണ്ടുള്ള വെട്ടിൽ ഉള്ളിലെ എല്ലുകൾ നുറുങ്ങിപ്പോയി.
അവിടെ തൻ്റെ മരണമാസന്നമായതായി ഇന്ദ്രൻ തിരിച്ചറിഞ്ഞു. എങ്കിലും പെട്ടെന്നു തോന്നിയ ഒരു ഉപായം, മരിച്ചു പോയതുപോലെ ഒരു ശ്വാസമടക്കി കിടക്കൽ..
അതയ്യാളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു!
ശത്രുക്കൾക്ക് ഇര മരിച്ചു പോയതായി തോന്നിപ്പിക്കുക .
അതും ഒരഭിനയത്തിൻ്റെ പാഠഭേദമാണല്ലൊ!
കുറച്ചു നാൾ അശ്വിനി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാനായി. കമ്പികൾ പാകിയ എല്ലിൻ കൂടുകളിളക്കി ഇന്ദ്രൻ അതിജീവിക്കാൻ ശ്രമിച്ചു.
നീതിദേവതയുടെ കണ്ണുകൾ തുറക്കാതെ തന്നെയിരുന്നു. ആക്രമണ, കാരികൾ ശിക്ഷിക്കപ്പെട്ടില്ല.
അവർ ആരെന്നറിഞ്ഞിട്ടും മുഖം മൂടി മറയിട്ട് നിയമത്തെയൊതുക്കി ക്കെട്ടി അവരൊക്കെ നിരപരാധികളായി തന്നെ പുറം ലോകത്ത് പിന്നെയും ബാക്കി നിന്നു.
പണവും സ്വാധീനവുമൊക്കെയുണ്ടെങ്കിൽ ആർക്കും സാധാരണക്കാരന് നീതി നിഷേധിക്കാം.
അത് വീണ്ടും എല്ലാവർക്കുമായി വ്യക്തമാക്കപ്പെട്ടു.
എങ്കിലും ഇന്ദ്രൻ വീണ്ടും ജീവിക്കാൻ ശ്രമിച്ചു.
തനിക്കു ചുറ്റുമുള്ള അരുതായ്മകളോട് കലഹിച്ച്.നാടകം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരുപാടു കടങ്ങൾ അയ്യാൾക്കു മുമ്പേയുണ്ടായിരുന്നു.
അവ ഇരട്ടിച്ചിരട്ടിച്ചു വളരാൻ തുടങ്ങി. മാത്രമല്ല, പ്രവാസിയായ അനുജനും ഇന്ദ്രനുമായി തെറ്റി.
സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി.രക്തം രക്തത്തെ ഇറക്കിവിട്ടു. ഇവിടെയും കുടുംബബന്ധങ്ങൾക്കു മേൽ പണം തന്നെ വിജയിച്ചു കാണിച്ചു.
തൻ്റെ കലാപ്രവർത്തനങ്ങൾ തനിക്കു സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ്. അതിനു തൻ്റെ സ്ഥാവരജംഗമ സ്വത്തു വകളെക്കാൾ പ്രാധാന്യമുണ്ട്.
അതൊരു കലാകാരൻ്റെ സ്വതസിദ്ധിയാണ്.
അതോർത്തു സ്വയം വിലപിക്കാതെയും അനുജനിറക്കിവിട്ട വീട്ടിൽ സ്വന്തം അമ്മയെ ഉപേക്ഷിച്ചും സ്ഥൈര്യത്തോടെ സാന്ത്വനംവീട്ടിൽ വന്നെത്തിയ തൻ്റെ കഥകൾ കൂടി ഇന്ദ്രൻ അവിടെ ജമീലയോട് പറഞ്ഞറിയിച്ചു.
പിന്നെ പറഞ്ഞത് മരണമെന്ന സ്വാഭാവിക ജൈവ പ്രക്രിയക്കു പിടി കൊടുക്കും മുൻപ്, രണ്ടോ മൂന്നോ മാസം മുൻപായി തന്നെ, തന്നെ വന്നു കണ്ട ശേഖരൻ മാഷെ കുറിച്ചാണ് . ഹൃദ്രോഗ ബാധിതനും പ്രായേണ അവശനുമായ നിലയിൽ രാജേഷിനേയും ശർമ്മാജിയേയും കൂട്ടി ഇവിടെ ഈ സാന്ത്വനത്തിൽ വന്ന് മാഷു തന്നെ കണ്ടതിനെ കുറിച്ചാണ്. രോഗാവസ്ഥയിലിരിക്കെ വന്നു കാണാൻ മാഷു കാണിച്ച ആ സ്നേഹവായ്പുകളെ, ഗുരുവാത്സല്യത്തെ , ആരെയെങ്കിലും വിട്ടു വിളിപ്പിച്ചാൽ കാണാനെത്തുമായിരുന്നല്ലോ എന്നൊരു ഉപചാര വാക്കിലളക്കാൻ മാത്രം ഇന്ദ്രനു മനസ്സില്ലാത്തതു കൊണ്ടാണ് മാഷെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്. വിറയാർന്ന ആ കരങ്ങളെ വാരിപ്പുണർന്നതും !
"ഞാൻ എൻ്റെ കാര്യങ്ങൾ തന്നെ നോക്കാനാവാത്ത വിധം അവശനായിപ്പോയില്ലെ കുട്ടീ. നിൻ്റെ കാര്യത്തിൽ എനിക്കെന്തു ചെയ്യാൻ പറ്റും. ഇങ്ങനെയൊക്കെ നിന്നെ വന്നു കാണുക എന്നതാണ് എനിക്കിപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ രീതി! "
അങ്ങിനെ അവസാനത്തേതായ യാത്രാമൊഴിയും ചൊല്ലി ശേഖരൻ മാഷു മടങ്ങിപ്പോയി.
മാഷെ കുറിച്ചുള്ള ഓർമ്മകളുമായി ജമീലയും വിഷമചിത്തയായി.
ഇന്ദ്രൻ്റേയും ജമീലയുടേയും കണ്ണുകൾ ഒരു പോലെ ഈറനായി..
അപ്പോഴാണ് മുഖം നിറയെ സന്തോഷവും നിറച്ച് സലിം ഭായിയെത്തിയത്. വന്നപാടെ തൻ്റെ സന്തത സഹചാരിയായ സ്യൂട്ട് കേയ്സ് മേശപ്പുറത്ത് വെച്ച് എല്ലാവരേയും നോക്കി ചിരിച്ചു.
"എന്താ ഭായി, ഇന്നു നല്ല സന്തോഷത്തിലാണല്ലൊ?" ശ്രീധരേട്ടന് തൻ്റെ ആകാംക്ഷയടക്കാനായില്ല.
" സന്തോഷമുണ്ടടോ. സെയ്തലവിയുടെ മകൾ ജമീല തൻ്റെ വാപ്പയെ കാണാൻ വന്നതു പോലെ ഏറെ നാൾക്കു ശേഷമാണെങ്കിലും എൻ്റെ മോളും എന്നെയന്വേഷിച്ച് വന്ന ടോ"
"എവിടെ? ഇവിടേക്കു വന്നിട്ടുണ്ടോ?"
ശ്രീധരേട്ടൻ പുറത്തേക്കു പാളി നോക്കി .
" വരാൻ തുനിഞ്ഞതാണ്. പക്ഷെ ഇവിടേക്ക് ഞാൻ കൂട്ടിക്കൊണ്ടു വന്നില്ല. എൻ്റെ മകളെന്നെ കാണാൻ വന്നത് ഇപ്പോൾ ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നെനിക്കു തോന്നി."
സലിം ഭായി തൻ്റെ നെറ്റിത്തടത്തിലെ വിയർപ്പു തുടച്ചു കൊണ്ടു പറഞ്ഞു .പിന്നെ പെട്ടി തുറന്ന് അവശേഷിച്ച ചോറു പൊതികൾ പുറത്തെടുത്തു.
"സ്വത്തിനും സ്ഥാനത്തിനും വേണ്ടി ചോര ചോരയെ കൊല്ലുന്ന കാലമാ സെയ്താലി.സലിം ഭായിയുടെ മകളെ സംരക്ഷിക്കാൻ സലിം ഭായിക്കു മാത്രമെ കഴിയുള്ളൂ .
ഇത് മോൾക്കും തോന്നിക്കാണും"
ശ്രീധരേട്ടൻ്റെ ദീർഘദർശനത്തിൻ്റെ പൊരുളറിഞ്ഞ് സലിം ഭായി ഒന്നു ഞെട്ടുക തന്നെ ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .