അദ്ധ്യായം ആറ് .
ദൈവം ആദാമിനേയോ ആദാമിൻ്റെ വാരിയെല്ലെടുത്ത് ഹവ്വയേയോ സൃഷ്ടിച്ചിട്ടുണ്ടായിരുന്നുവോ?
മറിച്ച് ഡാർവിൻ അഭിപ്രായപ്പെട്ടതു പോലെ കുരങ്ങിൻ്റേയും മനുഷ്യൻ്റെയും ജനുസ്സിൽപെടുന്ന ഒരു പൊതു പൂർവ്വികനിൽ നിന്നുണ്ടായ പരിണാമ സൃഷ്ടി മാത്രമാണോ മനുഷ്യൻ?
ഇതെല്ലാം ജമീല പഠിക്കാൻ ശ്രമിച്ചിരുന്നു.
പഠിച്ചാൽ പ്രത്യേകിച്ച് പെൺകുട്ടികൾ, പിഴച്ചു പോകുമെന്ന മുക്രിക്കയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് സാമാന്യം നന്നായി തന്നെ അവൾ പഠിക്കുകയും പിഴക്കുകയും ചെയ്തു.
എന്നിട്ട് ഒരേ ക്ലാസിൽ ഒരുമിച്ച് പഠിക്കാനിരുന്നവനെ പ്രണയിക്കുകയും മിശ്രവിവാഹം കഴിക്കുകയും കൂടി ചെയ്തു.
മതം അനുവദിക്കാതിരുന്ന തെറ്റുകൾ ചെയ്യുക വഴി തത്വത്തിൽ അതെല്ലാം ദൈവഹിതത്തിനെതിരായ കാര്യങ്ങൾ തന്നെയായിരുന്നെന്ന് പൊതുസമൂഹം വിലയിരുത്തി.
അതിൻ്റെതായ ശിക്ഷാവിധികൾ ഉടനെ പുറകെയുണ്ടാകുമെന്നും അവർ അനുമാനിച്ചു.
ജമീലയും വാസുദേവനും..
അറിവുകൾ കൂടി വന്നപ്പോൾ രണ്ടു പേരും തങ്ങളുടെ മതങ്ങൾക്കും വിശ്വാസരീതികൾക്കും പിടികൊടുക്കാതെയായിരുന്നു പൂർണ്ണമായിത്തന്നെ പിഴച്ചു പോയത്!
അതെപ്പറ്റിയോർത്തു തന്നെയാണ് അവരുടെ മാതാപിതാക്കൾ ലജ്ജിച്ചതും. അവരെയോർത്ത് വേദനിക്കുകയും വിലപിക്കുകയും ചെയ്തതും.
ഇവയിൽ നിന്നെല്ലാം ഉയിർക്കൊണ്ട് അവരുടെ വീടുകളിൽ അസ്വാസ്ഥ്യം കനലുകൾ കാട്ടി.
മനസ്സുകളെ പുകയായെരിച്ചു.
സെയ്തലവിയില്ലാത്ത വീട്ടിൽ അവർ രണ്ടു പേരുണ്ടായിട്ടും പിന്നെയും വലിയൊരു ശൂന്യത നിറഞ്ഞു.
അതുരുകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും ഘനീഭവിച്ചുറച്ചു.
എന്നാലും ജമീല കുലുങ്ങിയില്ല.
അവൾ ശേഖരൻ മാഷിൻ്റെ വചനങ്ങൾ ഉൾക്കൊണ്ടിരുന്നു.
ഐൻസ്റ്റീൻ്റെ ക്വാണ്ടം തിയറിയിൽ നിന്നും ഉയിർകൊണ്ടതും ജീവരാശികളിൽ ആഗ്രഹങ്ങളായി പെരുത്തു കയറി അനസ്യൂതം പ്രപഞ്ചസൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു സ്രഷ്ടാവിനെ മാത്രമാണ് ജമീല തൻ്റെ ദൈവത്തിൻ്റെ സ്ഥാനത്ത് സങ്കൽപ്പിച്ചത്.
ദൈവം എന്നത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഊർജ്ജമാണെന്നും, തെറ്റെന്നും ശരിയെന്നും നമ്മൾ തീരുമാനിക്കുന്ന എല്ലാ പ്രവൃത്തികളുടേയും പിതാവ് എന്ന സ്ഥാനവും കൂടി അവൾ കൂടുതലായി ദൈവത്തിനു നൽകി.
ദൈവം സൃഷ്ടിച്ച തെറ്റും ശരിയുമാണ് മനുഷ്യൻ ഓരോരുത്തരും.
ഓരോ മനുഷ്യനും അതു പ്രകാരം തന്നെ ഭൂമിയിൽ തെറ്റും ശരിയുമായി ജനിക്കുന്നു.
ജമീലയെ ദൈവം തെറ്റെന്ന പേരിൽ ജനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദി ദൈവം തന്നെയാണ്.
എന്നാൽ വലിയ ന്യായപ്രമാണങ്ങളുണ്ടാക്കി ഇക്കാര്യത്തിൽ തന്നെ വിധിക്കാൻ വന്നു നിൽക്കുന്നവരുണ്ടല്ലോ.,
പ്രപഞ്ചത്തിൽ ഒരു കുമിള പോലെ വന്നു വീർത്തു ഒരു അടയാളം പോലും ബാക്കിയാകാതെ പൊട്ടിപ്പോകുന്നവർ!
തൻ്റെ ചുറ്റുപാടുമിപ്പോൾ നിരന്നു നിൽക്കുന്ന ആ തൻ പ്രമാണിമാരെ താനൊരിക്കലും ഭയപ്പെടാനോ തന്നെ വിധിക്കാനുള്ള അവകാശം ചാർത്തിക്കൊടുക്കാനോ പോകുന്നില്ല.
ഇത് ജമീലയാണ്.
അവൾ അങ്ങിനെയാണ്.
അവളുടെ ദൈവവും അതുപോലത്തേത് തന്നെയാണ്.
ഇതായിരുന്നു ജമീലയുടെ തീരുമാനങ്ങൾ .
എന്നാൽ വാസുദേവൻ്റെത് മറ്റൊരു വിചിത്ര രീതിയായിരുന്നു!
അയാൾ തന്നെ പൊതിഞ്ഞു നിൽക്കുന്ന പുരാവൃത്തങ്ങളിൽ നിന്നും പൂർണ്ണമായും പുറത്തു വരാൻ കൂട്ടാക്കിയില്ല.
ലൗ ജിഹാദിനും ഘർ വാപസിക്കും പിടികൊടുക്കാതെ തങ്ങൾക്കു മാത്രം സ്വന്തവും സ്വതന്ത്രവുമായ വിശ്വാസരീതികളോടെ അവർക്കുള്ളിലെ സ്രഷ്ടാവിനെ തേടിയലയാൻ വാസുദേവൻ പിന്നെയും മടിച്ചു.
ജമീലക്കുള്ളതുപോലെയുള്ള സ്ഥൈര്യം വാസുദേവനിൽ വളരെ കുറവായിരുന്നു.
വാസുദേവൻ മനുസ്മൃതിയുടെ കർത്താവെന്നനുമാനിക്കുന്ന ആദിമമനുഷ്യൻ മനുവിനെ സൃഷ്ടിച്ച അതേ ബ്രഹ്മാവിൽ തന്നെ തൻ്റെ സൃഷ്ടി സങ്കൽപ്പത്തെ തൂക്കി നിർത്തി.
സൃഷ്ടികർത്താവായ ബ്രഹ്മാവ് മാത്രമാണ് ബ്രഹ്മാണ്ഡ രൂപത്തിലുള്ള പ്രപഞ്ചമത്രയും എന്നയാൾ വിശ്വസിച്ചു.
വിവിധ ജാതിയിലും മതത്തിലും പെട്ട് പലനാടുകളിലും പലഭാഷകളിലും തൻ്റെ സംസ്കാരത്തെ രൂപപ്പെടുത്തിയവർ എല്ലാവരും തന്നെ പല പേരുകളിൽ തന്നെത്തന്നെ വിളിക്കുന്നു.
പ്രപഞ്ച സൃഷ്ടാവ് ബ്രഹ്മാവു മാത്രമാണ്. മറ്റാർക്കും ഇക്കാര്യത്തിൽ അവകാശമില്ലാത്ത വിധം താൻ തന്നെ സ്രഷ്ടാവും സൃഷ്ടിയുമായി പല ഭാവത്തിലും പല രൂപത്തിലുമായി മാറിയതാണ് ഈ പ്രപഞ്ചമത്രയും!
തൻ്റെ തന്നെ ചിദ് സ്വരൂപത്തിൽ നിന്ന് അതതു കാലങ്ങളിൽ തൻ്റേതു തന്നെയായ അനേക തരം സൃഷ്ടീരൂപങ്ങളായി കാലാകാലങ്ങളിൽ പരിണമിച്ച് മാറുന്നതാണ് ഈ പ്രപഞ്ചമെല്ലാം തന്നെ !
ബ്രഹ്മാവു മാത്രമാണ് സത്യം .
മറ്റുള്ളതെല്ലാം മിഥ്യയാണ്.
പ്രപഞ്ചമെന്ന ഈ മഹാ നാടകത്തിൽ പല തരം വേഷങ്ങളാടാനായി വന്നും പോയുമിരിക്കുന്ന മുപ്പത്തിമുക്കോടി ദേവകളും സമസ്ത പ്രവാചകരും നാസ്തികരും ബുദ്ധിജീവികളുമടക്കം സർവ്വചരാചരങ്ങളും എല്ലാം അതു തന്നെയാണ്!
ഇങ്ങനെയൊക്കെ തൻ്റേതായ രീതിയിൽ മറ്റുള്ളവരിൽ നിന്നും വേറിട്ട് ചിന്തിച്ച് വാസുദേവനും എല്ലാവരിൽ നിന്നും വ്യത്യസ്ഥനായിത്തീർന്നു.
എല്ലാം പഠിച്ചു തീർന്നെന്നുറപ്പിച്ചു അയാൾ. താനും ബ്രഹ്മാവും ഒന്നുതന്നെയാണെന്ന് ശരിയായി അറിയുന്നവൻ പിന്നീട് ഈ ലോകം മുഴുവൻ നശിപ്പിച്ചാലും നശിപ്പിക്കുന്നേയില്ല എന്ന് സ്വയം സമാധാനിപ്പിച്ച് ജമീലയെ ചുറ്റിപ്പിടിച്ച് ഉറങ്ങാൻ കിടന്നു.
അവളുടെ ഗന്ധം കുറെശ്ശെയായി അവൻ്റെ നാസാരന്ധ്രങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ അവൻ ഉന്മാദിയാവാൻ തുടങ്ങി .
പക്ഷെ ജമീലയുടെ അവസ്ഥ അങ്ങിനെയായിരുന്നില്ല.
അവൾ അനാഥ സദനത്തിലേക്ക് സ്വന്തമിഷ്ടപ്രകാരം നടന്നകന്നു പോയ സ്വന്തം ഉപ്പയെ കുറിച്ച് അനുനിമിഷം ഓർക്കുകയും അസ്വസ്ഥയായിക്കൊണ്ടിരിക്കുകയുമായിരുന്നു.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലപ്പോഴും കണ്ണീരുപ്പിൻ്റെ നേർശകലങ്ങൾ ഉണങ്ങാറായിരുന്നില്ല.
വീട്ടിലെ വഴക്കുകൾ ഉപ്പ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്നാണ് അവൾ വിചാരിച്ചിരുന്നത്.
വീട്ടിൽ സന്തോഷം തിരിച്ചെത്താത്തിടം കാലം അരുകിലോ ദൂരത്തോ ഒരു സാന്ത്വനം തേടി ദു:ഖിതർ പുറപ്പെട്ടു പോകാറുണ്ട്.
ഇവിടെയും സ്വന്തം ഇഷ്ടപ്രകാരം ഉപ്പ ഇറങ്ങിപ്പോയതാണ്.
സ്വയം നിർബന്ധവും വാശിയും കലർത്തി മകളുടെ സ്നേഹം, സാമീപ്യം ഇവയ്ക്കപ്പുറം സ്വയം ഒരു ശിക്ഷ പോലെ അനാഥമായിത്തീരാൻ പാകത്തിൽ വലിയ സങ്കടക്കടൽ ഉള്ളിലേറി പുറത്തേക്കു നടക്കുകയായിരുന്നു പാവം ഉപ്പ.
ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം വലിയൊരു യാത്ര പറഞ്ഞ് പോയ ഉമ്മയെപ്പോലെ തനിക്ക് വലിയ ദു:ഖം തന്നവൾ ആരുമില്ല.
മാതൃവാത്സല്യം വേണ്ടത്ര നുകർന്നിട്ടില്ലാത്ത ഒരു ബാല്യകാലം
എപ്പോഴുമെനിക്ക് ബാക്കി നിർത്തിയിട്ട് ഉപ്പയെക്കൂടി തകർത്തു താറുമാറാക്കിപ്പോയതാണ്.
ഉപ്പയെ ആകെ തകർന്നു കാണുന്നത് അന്നു മുതൽക്കിന്നുവരെയുണ്ട്.
അന്നു മുതൽ ഇന്നുവരെക്കുള്ള ആ ദുരിത നാളുകൾക്കു മേൽ അരുമയായ ഏക മകളും കൂടുതൽ ദുരിതക്കനലുകൾ വാരി വിതറിയിട്ടു.
പാവം! ഹൃദയം മുഴുവൻ ഉരുകിയൊലിച്ചിട്ടുണ്ടാവും. അനാഥാലയത്തിലിപ്പോൾ എന്തു ചെയ്യുന്നോ ആവോ?
രാവിലെയെഴുന്നേറ്റ് ആടുകൾക്ക് വെള്ളവും തീറ്റയും കൊടുക്കണം.
എന്നിട്ട് ഓടിപ്പോകണം .
പരമാവധി വേഗത്തിൽ സാന്ത്വനത്തിലെത്തണം.
ഒരിക്കൽ കൂടി ഉപ്പയോടു കെഞ്ചണം, വീട്ടിൽ വരില്ലേ വരില്ലേയെന്ന്.
മരുമകനിപ്പോൾ ശാന്തനാണ്.
പുതിയ ജീവിതരീതികളോട് പൊരുത്തപ്പെട്ടു വരുന്നതായിരിക്കാം.
അദ്ദേഹത്തിന് ഉപ്പയെ സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിയുമൊ?ആർക്കറിയാം!
ജമീല ഈ വക ആകുലതകളോടൊപ്പം ഉറങ്ങിപ്പോയി.
എന്നാൽ വാസുദേവനപ്പോഴും ഉറക്കം വന്നിട്ടില്ലായിരുന്നു.
അവളുടെ ഉപ്പ പോയതിനു ശേഷം അവൾ തന്നെ സ്നേഹിക്കാനോ ഓമനിക്കാനോ വന്നിട്ടില്ല.
അവളിൽ എന്നോടുള്ള സ്നേഹം കുറഞ്ഞു പോയിക്കാണും.
തൻ്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ ... ചിന്തകൾ നെഞ്ചു കൂടു പിളർത്തിക്കൊണ്ട് ഉണർന്നു വരികയാണ്.
വാസുദേവൻ എഴുന്നേറ്റ് ജനൽപ്പാളികൾ തുറന്ന് പുറത്തേക്ക് നോക്കി.
ചുറ്റിലും നിലാവുണ്ട്,
ചിവീടുകൾ കൂട്ടമായി കരഞ്ഞുണ്ടാക്കുന്ന സംഗീതവുമുണ്ട്.
പാല പൂത്ത സുഗന്ധം .
കുന്നിറങ്ങി വരുന്നുണ്ടൊ പാലമരങ്ങളെ പുണർന്നുറങ്ങിയിരുന്ന യക്ഷിക്കൂട്ടങ്ങൾ?
നാളിതുവരെ യക്ഷികളെ കണ്ടിട്ടില്ല.
എങ്കിലും പാലമരച്ചുവട്ടിൽ ഒരു യക്ഷി തൻ്റെ യക്ഷനേയും കാത്തു രാവിൻ പാൽപ്പശിമയുണങ്ങാതെ വാർമുടി കനപ്പിച്ചു നിൽക്കുന്നതായി വെറുതെ സങ്കൽപ്പിച്ചു നോക്കി.
വാതിൽ തുറന്ന് കുറച്ച് നേരം മുറ്റത്തെ നിലാവിൽ നടന്നാലോ?
ജമീലയുണരാത്ത വിധം അയാൾ വാതിൽ തുറന്നു .
ചാരി പുറത്തു നിലാവിൻ്റെ തണുത്ത വെള്ളി വെളിച്ചത്തിലേക്കി ഇറങ്ങിച്ചെന്നു.
വലിയൊരു യക്ഷി മുടിയഴിച്ചിട്ടെന്ന പോലെ കുന്നിൻ മുകളിൽ കനത്തു നിൽപ്പുണ്ട് തൊടുന്നിടത്തൊക്കെ പാൽ ചുരത്തുന്ന ആ വലിയ പാലമരം.
ഭ്രാന്തൻ കുന്നിൻ്റെ നെറുകയിൽ പടർന്ന് താഴേക്ക് ചുറ്റിയിറങ്ങി ഇവിടെ വന്നെത്തി തന്നെ വിളിച്ചു കൊണ്ടു പോകുവാൻ ശ്രമിക്കുന്ന മദിപ്പിക്കുന്ന സുഗന്ധവും!
ഭ്രാന്തൻ കുന്നിന്റെ ചരിത്രം കുറച്ചൊക്കെ വാസുദേവനുമറിയാമായിരുന്നു.
ഇന്നീ വീടു നിൽക്കുന്നിടത്തെവിടെയോ ആയി വലിയൊരു ചുടുകാടുണ്ടായിരുന്നത്രെ പണ്ട്!
ഭ്രാന്തനെ ആളുകൾ ആദ്യം കാണുന്നത് ഈ ചുടുകാട്ടിൽ വെച്ചാണ്.
ജടപിടിച്ച മുടിയും നഗ്നമായ ഉടലും ഒരു കൈയ്യിൽ വെൺമഴുവും മറുകൈയ്യിൽ ഒരു തലയോട്ടിയുമായി ആജാനുബാഹുവായി ഒരു ഭയപ്പെടുത്തുന്ന രൂപം.
കത്തിത്തുടങ്ങിയ ചിതയിൽ നിന്ന് മനുഷ്യ ശരീരം വെട്ടിയെടുത്തു ഭക്ഷിക്കാറുണ്ടത്രെ! ചിതയിൽ നിന്നെടുക്കുന്ന ഭസ്മം ദേഹമാസകലം വാരിപ്പൂശും.
തീ ചിതറുന്ന പോലെയുള്ള കണ്ണുകൾ കണ്ടാൽ ആരുമാമുഖത്തേക്ക് നോക്കാൻ ഭയപ്പെടും!
ഭ്രാന്തൻ്റെ പ്രധാന താവളം ആ കുന്നിൻ മുകളിലാണ്.
പണ്ട്താഴ് വാരത്തിൽ നിന്നും മുകളിലേക്ക് ഉരുട്ടിക്കയറ്റിയതെന്ന് പറയുന്ന വലിയൊരു പാറക്കല്ല് ഇപ്പോഴും കുന്നിൻ മുകളിലുണ്ട്.
വിശക്കുമ്പോൾ താഴേക്ക് ഭിക്ഷാടനത്തിനിറങ്ങും.
കൈയ്യിലിരിക്കുന്ന തലയോടു നീട്ടി ഭിക്ഷ തേടും.
ഒരു വിധം ആളുകളും ഭ്രാന്തനെ കണ്ടാൽ ഓടിയൊളിക്കും.
അപൂർവ്വം ചിലർ ഭിക്ഷ നൽകാറുണ്ട്. നൽകുന്നതെന്തും കഴിക്കും, അതും അമേദ്യമായാൽ പോലും!
മാംസാഹാരത്തെ പറ്റി ചിന്തിക്കുമ്പോൾ തന്നെ വാസുദേവനു ഓക്കാനം വരും. അതും മനുഷ്യമാംസത്തെ പറ്റി .
ഇന്ന് ജമീല അയില വാങ്ങി വറുത്തു വെച്ചിരുന്നു.അതും നല്ല സ്വാദോടെ തിളച്ച വെളിച്ചെണ്ണയിൽ മസാലയൊക്കെ പുരട്ടി മൊരിയിച്ചെടുത്തത്.
കഴിച്ചു പരിചയമില്ലാത്ത ഇനങ്ങളായതുകൊണ്ട് അവൾ എപ്പോഴും നല്ല രുചിയോടെ തന്നെയാണ് പാചകം ചെയ്ത് നൽകുന്നത്. ബീഫ് ,മീൻ ,മുട്ട അങ്ങിനെ ഒരിക്കലും കഴിച്ചു ശീലിച്ചിട്ടില്ലാത്ത തൊക്കെ പുതിയ ശീലങ്ങളായി മാറിമറിയാൻ തുടങ്ങി.
ജമീലയുടെ സ്നേഹം അവനെ അരുതാത്തതെല്ലാം ഊട്ടിത്തുടങ്ങി!
തനിക്കിപ്പോൾ ഒരു സാദൃശ്യം ഭ്രാന്തനോടായിത്തുടങ്ങിയിട്ടുണ്ട്!
ഭ്രാന്തനെ സ്നേഹിക്കുന്നവരും ഉണ്ടായിരുന്നത്രെ!
ഭ്രാന്തൻ ഭിക്ഷാംദേഹിയാണ് ,
ഭ്രാന്തൻ്റെ ലിംഗം പൂജിക്കപ്പെടാനുള്ളതാണ്, പൂക്കളർപ്പിക്കാനുള്ളതാണ് എന്നൊക്കെ അഭിപ്രായപ്പെട്ടിരുന്നവർ ഒത്തുചേർന്ന് കുന്നിൻ മുകളിൽ ഭ്രാന്തൻ കല്ലിനു സമീപം പണ്ട് ചെറിയൊരു ലിംഗപ്രതിഷ്ഠ ചെയ്തിരുന്നു.
പക്ഷെ അത് ശിവ സങ്കൽപ്പത്തിൽ പെട്ടതല്ലായിരുന്നതുകൊണ്ട് ആളുകൾ വരാതെയും നേർച്ചകൾ കഴിക്കാതെയും മണ്ണുമൂടിപ്പോയി.
എന്നും അതിരാവിലെ തണുത്തുറഞ്ഞ അതും മഞ്ഞുവീഴുന്ന പ്രഭാതത്തിൽ പോലും കുന്നിൻ്റെ കിഴക്കേ ചരിവിലുള്ള ഏറാട്ടുകുളത്തിൽ ഭ്രാന്തൻ ആറാട്ടിനിറങ്ങുമത്രെ!
കാലുകൾ സിദ്ധാസനത്തിൽ പിണച്ച് വെള്ളത്തിനു മുകളിൽ മലർന്നു കിടന്ന് ജലശയനവും ചെയ്യും.
എല്ലാവർക്കും പേടിയായിരുന്നതുകൊണ്ട് ഒളിഞ്ഞല്ലാതെ തെളിഞ്ഞ് ആരും അത് കാണാൻ ധൈര്യപ്പെട്ടില്ല.
ഭ്രാന്തനും വിരോധികളുണ്ടായിരുന്നു.
അവർ ഭ്രാന്തൻ നരഭോജിയാണെന്നും തരം കിട്ടിയാൽ സ്ത്രീകളെ വെട്ടിക്കൊന്ന് കക്കും കരളുമെടുത്ത് കറിവെച്ചു കഴിക്കുമെന്നും ശവഭോഗം ചെയ്യുമെന്നും പൂർണ്ണ നഗ്നമാക്കപ്പെട്ട ഇരയുടെ ശവശരീരത്തിൽ കയറിയിരുന്ന് പൂജയും ധ്യാനവുമൊക്കെ ചെയ്യുമെന്നും പറഞ്ഞു പ്രചരിപ്പിച്ചു അവർ.
ഇപ്പോഴും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്.
തലമുറകൾക്കു മുമ്പെ നടന്നു കഴിഞ്ഞിരുന്ന കാര്യങ്ങളായിരുന്നതുകൊണ്ട് ഏതാണു ശരി ഏതാണ് തെറ്റ് എന്നൊന്നു മറിയില്ല. എന്തായിരുന്നാലും ഭ്രാന്തൻ മലയാളിയായിരുന്നില്ല.
എന്നാൽ അയാൾ ഹിന്ദുവായിരുന്നു, ഹിന്ദിക്കാരനായിരുന്നു.
കൈലാസത്തിൽ നിന്നുമാണ് ഭ്രാന്തൻ വന്നത് എന്നു പോലും ചിലർ വിശ്വസിച്ചു.
ഇവിടത്തെ ആചാരങ്ങളിലൊന്നും ഭ്രാന്തന് താൽപ്പര്യമില്ലായിരുന്നു.
കളം വരക്കലും കള്ളു നേദിക്കലും കോഴിയെ വെട്ടലും മധു മാംസാദികൾ പാനം ചെയ്യലും ചാത്തൻമാരെക്കൊണ്ടു തുള്ളിക്കലുമൊന്നും ഭ്രാന്തനെ ബാധിക്കുന്ന വിഷയമായിരുന്നില്ല. പക്ഷെ അയാൾ ഒന്നു ചെയ്തു.
തൻ്റെ കൈവശമിരുന്ന കഞ്ചാവുവിത്തുക്കൾ ഭ്രാന്തൻ കുന്നിൽ പാകി.
പാകമായ ചെടികൾ പിഴുത് ഭാംഗുണ്ടാക്കിക്കഴിച്ചു.
കഞ്ചാവിൻ്റെ ആലസ്യത്തിലമർന്ന് കടുത്ത ധ്യാനത്തിലമർന്നു.
അന്നത്തെ അവശേഷിപ്പുകളായി അടുത്ത കാലം വരെ ഭ്രാന്തൻ കുന്നിൽ കഞ്ചാവു ചെടികൾ ഉണ്ടായിരുന്നു,
പിന്നീട് പോലീസുകാർ വന്ന് മിനക്കെട്ടിരുന്ന് എല്ലാം കത്തിച്ച് ഭസ്മമാക്കും വരെ!
ഭ്രാന്തനെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവുമുണ്ടായില്ല.
ധ്യാനവും സമാധിയുമായി ആർക്കും ശല്ല്യമാകാതെ ഒരു നാൾ എപ്പോഴോ ഭ്രാന്തൻ പ്രകൃതിയിൽ തന്നെ ലയിച്ചു പോയി.
അങ്ങിനെയങ്ങിനെ കുറെശ്ശെ കുറെശ്ശെയായി കൂടെ കയറി വന്ന ഭ്രാന്തൻ ചിന്തകൾ കൂടി വാസുദേവനെ വല്ലാതെ വലച്ചപ്പോൾ അർദ്ധരാത്രിയിൽ തന്നെ കുന്നുകയറി വെറുതെ ഭ്രാന്ത സമാധിയിലേക്ക് പോകണമെന്ന് അയാൾക്കു തോന്നി.
മാംസം ഭക്ഷിച്ചു ഭക്ഷിച്ചു തനിക്കും ഒരഘോരിയെപ്പോലാകണം.
ചുടുകാടിൻ നടുവിലും നട്ട പാതിരായിലും ഒന്നിലും ഭയമില്ലാത്ത ജഢാ ഭാരങ്ങൾ കെട്ടിയാടുന്ന ധീര ധീരനായ ഒരു മുഴുനീളൻ അഘോരി!
അടുത്ത് കുന്നിൻ മുകളിൽ തന്നെ പൂർണ്ണ ചന്ദ്രൻ വലിയ വെളിച്ചമായി അയാൾക്കു വഴികാട്ടിക്കൊണ്ട് നിൽക്കുന്നു.
ഒരു നടത്തത്തിനു തയ്യാറായി വാസുദേവൻ തൻ്റെ പാദരക്ഷകളെടുത്തണിഞ്ഞു.
കാൽപാടുകൾ പതിപ്പിക്കുന്ന കൊച്ചു കൊച്ചു ശബ്ദങ്ങൾ കടം കൊണ്ട് പാദരക്ഷകൾ വളരെ സൂക്ഷിച്ചു പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി.
പരിചിതമായ രൂപം തങ്ങൾക്കടുത്തു കണ്ട് ജമീലയുടെ ആടുകൾ കരഞ്ഞു ശബ്ദമുണ്ടാക്കി.
അയാൾ പടി തുറന്ന് മുന്നോട്ട് നടന്നു.
പെട്ടെന്നയാളുടെ കൈയ്യിലൊരു പിടി വീണു. കൈ തണ്ടയിൽ ഞെരിച്ചമർത്തി അതയാളെ പിറകോട്ടു വലിച്ചു.
മുന്നിൽ തീപാറുന്ന കണ്ണുകളുമായി തെരുതെരെ മിഴിനീർ നിറച്ചു കൊണ്ട് ജമീല!
"നിങ്ങൾ പിന്നെയും അതു തന്നെ ചെയ്യാൻ പോവുകയാണോ?
നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട്.
പക്ഷെ നിങ്ങൾക്കതു മനസ്സിലാക്കാൻ കഴിവില്ലെന്നുണ്ടോ?"
അയാളൊന്നും മിണ്ടിയില്ല.
"വാ, നിങ്ങൾക്കാവശ്യമുള്ളതു ഞാൻ തരാം. അകത്തേക്കു വാ "
ജമീല വാസുദേവനേയും വലിച്ചുകൊണ്ട് വീടിനകത്തേക്കു പോയി.
ഒടുവിൽ മുറിപ്പെട്ട ഹൃദയത്തോടെ തന്നെ തൻ്റെ ഭർത്താവിനെ തൃപ്തിപ്പെടുത്തി അവൾ തളർന്നു കിടന്നു.
പതിവായി തൻ്റെ ഉറക്കങ്ങൾ കുറെ രാത്രികളായി നഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവിൽ ജമീല വിതുമ്പിക്കരയുകയും എന്നത്തേയും പോലെ വൈകി മാത്രം തളർന്നുറങ്ങുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .