2013 ഏപ്രിൽ 21, ഞായറാഴ്‌ച

തടവറയില് നിന്ന്..


                                             
അടയാളങ്ങള്‍..
നോവല്‍.
                  അധ്യായം ഒന്ന്.

വളവു തിരിഞ്ഞു വരുന്ന ലോറിക്ക് നല്ല വേഗതയുണ്ടായിരുന്നു.
റോഡരുകിലൂടെ നടന്നുപോയിരുന്നവര്‍ ഞെട്ടിമാറുകയും ഭയപ്പാടോടെ തലയില്‍ കൈ വക്കുകയും ചെയ്തു.
ഇടുങ്ങിയ ഇടവഴിയിലൂടെ മുത്തശ്ശിയുടെ കൈ വിടുവിച്ച് കുതറിയോടുന്ന പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് പെട്ടെന്ന് നില്‍ക്കാനായില്ല.

കത്തി മൂര്‍ച്ചകൂട്ടുന്ന ഫൈസു കത്തിമുനയിലെ തിളക്കം ശ്രദ്ധിക്കുകയായിരുന്നു. തെറിച്ചുവീണ രക്തം കത്തിമേല്‍ പറ്റി കൈപ്പിടിയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍  'മോളെ…'യെന്ന മുത്തശ്ശിയുടെ അലര്‍ച്ച ഫൈസുവിനെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.

നിലാവിന്റെ വെളിച്ചം തുറന്നിട്ട ജാലകപ്പഴുതിലൂടെ അകത്തു വീണിരുന്നു.
താനിന്നലെ വാതിലിനു കൊളുത്തിട്ടിരുന്നില്ലെന്നു ഫൈസു ഓര്‍ത്തു.
കാറ്റിനെപ്പോഴൊ തുറന്നതാവാം.
 
“ പടച്ചോനെ എന്തൊരു കിനാവാ ഇത്..“
ഫൈസു കട്ടിലില്‍ എഴുന്നെറ്റിരുന്നു കൈകള്‍ കൂട്ടിത്തിരുമ്പി.
അപ്പോഴും ആരോ കരയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

“ ഇത് ഉമ്മയുടെ കരച്ചിലാണല്ലോ ..”
ഫൈസു നടുങ്ങി.
അവന്‍ ധൃതിയില്‍ എണീറ്റ് വാതില്‍ തുറന്നു.
രാത്രിയില്‍ ഉമ്മ ചോറു വിളമ്പിത്തരുമ്പോള്‍ അല്‍പ്പം അസ്വസ്ഥയായിരുന്നില്ലെ..
ശരിയായിരുന്നു.
അവന്‍ ഓര്‍ത്തു.
വാതില്‍ക്കല്‍ വിഭ്രമത്തോടെ മുട്ടിവിളിക്കുമ്പോള്‍ അവന്റെ മനസ്സ് ‘പടച്ചോനെ’ എന്നു പ്രാര്‍ത്ഥിച്ചിരുന്നു.
മുറിയില്‍ പ്രകാശം തെളിഞ്ഞതും വാതിലിന്റെ കൊളുത്തു നീങ്ങുന്നതും ഫൈസു അക്ഷമയോടെ ശ്രദ്ധിച്ചു.

വാതില്‍ തുറന്നുവന്ന ആമിനയുടെ മുഖത്തും ഭയത്തിന്റെ മേഘങ്ങളുണ്ടായിരുന്നു.കണ്ണീര്‍ക്കണങ്ങള്‍ തുടച്ച പാടുകളും…

കട്ടിലിന്റെ ഓരം മാറി കിടക്കുന്ന സഫിയ അപ്പോഴും നല്ല ഉറക്കത്തിലാണെന്ന് ഫൈസു ശ്രദ്ധിച്ചു.
ഉമ്മയെ അങ്ങിനെ കണ്ടപ്പോള്‍ അവനു കെട്ടിപ്പിടിക്കാതിരിക്കാന്‍ ആയില്ല.

“ എന്താ ഉമ്മാ?എന്താ പറ്റീത്  സുഖല്ല്യേ..?“

അതുകേട്ടപ്പോള്‍ ആമിനക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.
“ ന്റെ മോനേ ഈ ഉമ്മാക്ക്  ആലോചിച്ചിട്ട് സഹിക്കാന്‍ പറ്റണില്ല..  ഞമ്മടെ മോള്‍… “

സഫിയാക്ക് വല്ലതും ..
ഫൈസു ഓടി സഫിയാക്കരുകിലെത്തി .
അവളെ കുലുക്കിവിളിക്കുമ്പോള്‍  ഫൈസുവിന്‍ മനസ്സിലായിരുന്നില്ല ഉമ്മ ഉദ്ധ്യേശിച്ചത് ആരെ ആയിരുന്നു എന്ന്.
 “ന്റെ  സഫിയാ .അനുക്ക് എന്താടീ…?

സഫിയാ പാറിക്കിടന്നിരുന്ന മുടി ഒതുക്കിക്കെട്ടി അമ്പരപ്പോടെഎഴുന്നേറ്റ് ഉമ്മാനെം ഇക്കാക്കാനെം മാറിമാറി നോക്കി.
“എനിക്കെന്താ..“
അവള്‍ സ്വയം ആപാദചൂഢം വീക്ഷിച്ചു.
പിന്നെ ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ സഫിയക്ക് അരിശം .
“ ഈ  നട്ടപ്പാതിരാക്ക്  ഇക്കാക്കയ്ക്ക് എന്താ പ്രാന്തു പിടിച്ചോ?
മനുഷ്യന്റെ ഉറക്കം കളഞ്ഞു…”

“ ഉമ്മാ ഓള്‍ക്ക് എന്തു പറ്റീന്നാണ്?“
ഫൈസു പിന്നെയും ഉമ്മയോട്.

“ഞമ്മള്  പറഞ്ഞത് ഓള്‍ടെ കാര്യല്ല. അതു പിന്നെ..ഞമ്മള്‍ ഒരു കിനാവ് കണ്ടതാണ്.“

കിനാക്കളുടെ ലോകത്തെ ആകസ്മിക ഭാവങ്ങള്‍ ..
സഫിയ സ്വയം തലക്കടിച്ചു.
“ശ്ശ്..നശിപ്പിച്ചു.  ഇനി നേരം വെള്ക്കാതെ
 ഇന്നെ ആരും വിളിക്കരുത്..“
അവള്‍ വീണ്ടും കിടക്കയിലേക്ക് മറിഞ്ഞു.

ഇതെന്താദ് പടച്ചോനെ കിനാവിന്റെ ചാകരയോ!
ഫൈസു തന്റെ സ്വപ്നത്തെ കൂടി കൂട്ടിനോക്കി.
“എന്റുമ്മാ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് കിടന്നാ മതി . ഒക്കെ 
 ശരിയാവും.എന്നാ പിന്നെ ഞാനും പോയി കിടന്നോട്ടെ.. “

“അതല്ലമോനെ, നീ കേള്‍ക്ക് ..
സഫിയാക്ക് ഒരാലോചനേംകൊണ്ട് ആ അബോക്കറ് ഇന്നലേം വന്നിരുന്നു.
 
ചെക്കന് ദുബായില്‍ കച്ചോടാത്രെ..“

അപ്പോള്‍ അതാണ് കാര്യം!
ഇളേ മോള്‍ടെ നിക്കാഹിന്റെ കാര്യങ്ങള്‍ ആലോചിച്ച് ഉമ്മ വേണ്ടാത്ത സ്വപ്നങ്ങള്‍ കണ്ട്താണ്.
ഫൈസുവിന് തോന്നി.
“ എന്തായാലും ചെക്കന്റെ കൂട്ടരോട്  വരാന്‍ പറയുമ്മാ.നല്ല
 ബന്ധാച്ചാല്‍ നമ്മ്ക്ക് എന്ത് വിരോധം..?”

ആമിനയുടെ മുഖത്ത് വീണ്ടും കാറും കോളും പരന്നു.
“ അതിന് ഓന്‍ പറേണത് ബല്ല്യ കാറൊക്കെള്ള വീട്ടുകാരാണ്.
പക്ഷേല് നമ്മടെ ബയീക്കൂടെ കാറുപോയിട്ട് ഒരു സൈക്കിളു         
പോലും  കടക്കൂലാ.നമ്മള് ഇങ്ങനെ ആയാ ഓനുക്ക് എങ്ങിനെ
നല്ലൊരു ബന്ധം കൊണ്ടരാന്‍ കയ്യൂന്ന്?
ഇങ്ങള്‍ ഹാജ്യാരെ കണ്ട് ബെക്കം ബയി വീതികൂട്ടാന്‍ നോക്ക് ന്നേ
ഓന്‍ പറഞ്ഞത്..“

ഒരു നിമിഷം ഫൈസുവിന്റെ മനസ്സില്‍  ഇടുങ്ങിയ ഒറ്റയടിപ്പാത തെളിഞ്ഞു.
വിവശതയാര്‍ന്ന കുറേ മുഖങ്ങള്‍ അതോടൊപ്പം മനസ്സില്‍ മിന്നി മറഞ്ഞു.
ദൈന്യതയോടെ മുഖം തുടച്ച് അവന്‍ ഉമ്മയെ തന്നെ സൂക്ഷിച്ചുനോക്കി.
“അത് പടച്ചോന്‍ വിചാരിച്ചാലും നടക്കൂലാ ഉമ്മാ.
 ഉപ്പയുണ്ടായിരുന്ന കാലത്തേ നടന്നിട്ടില്ല. പിന്ന്യാണോ ഈ 
 ഫൈസു വിചാരിച്ചാ നടക്കാന്‍. അല്ലാതെ തന്നെ ഓള്‍ക്ക്  
 നല്ലൊരു പുത്യാപ്ലെ കിട്ടും.“

വഴിയില്ലാത്ത വീട്ടില്‍ നിന്നും പടിയിറങ്ങുന്ന തന്റെ പെണ്മക്കള്‍ .
ദുരിതപ്പെടുന്ന അവരുടെ ജീവിതം.
അതൊക്കെ ആയിരുന്നു ആമിനയുടെ ദുഖം.
അവരുടെ ഓര്‍മ്മകള്‍ ഭൂതകാലങ്ങളില്‍ ചുറ്റിത്തിരിഞ്ഞു.
“ജമീലാക്കൊത്ത എത്ര ബന്ധുത കൊണ്ടോന്നതാ ആ അബോക്കറ് . ഒക്കെ പെണ്ണിന്റെ കുടീലിക്ക് ബയീല്ലാന്നും പറഞ്ഞല്ലെ മൊടങ്ങീതെന്ന്..  ഒടുക്കം എത്ര വെഷമിച്ചിട്ടാന്നറിയ്യൊ ഫൈസ്വോ കള്ളു
കുടിയനാന്നറിഞ്ഞിട്ടും ബസീറിന്  ഓളെ കെട്ടിച്ചു കൊടുക്കാന്‍
അന്റെ ബാപ്പ സമ്മതിച്ചത്..പാവം ന്റെ മോള്‍ . 
ഈ ഇളമ്പ്രായത്തില്‍ അനുഭവിക്കാത്തതൊന്നൂല്ല്യ..“

ഓര്‍മ്മകളിലെ ദുഖഭാരം വാക്കുകളില്‍ അസ്വസ്ഥമായി പടരുമ്പോള്‍ സഫിയ തിരിഞ്ഞും മറിഞ്ഞും കിടന്നു.
“നേരം പന്ത്രണ്ട് കഴിഞ്ഞേക്കണ്.
ഇങ്ങള്‍ക്കൊന്നും ഉറക്കില്ലേ ഇക്കാക്കാ?“
അവളുടെ വിരല്‍ ക്ലോക്കിനു നേരെ ചൂണ്ടി.

“ഉറക്കം ന്ന് പറഞ്ഞാല്‍ ഇതാ. വല്ലാത്തൊരു ജന്മം തന്നെ പൊന്നെ.. എന്റുമ്മാ ഇങ്ങള് കിടന്ന് കരഞ്ഞത് അവിടെ കിടന്ന് ഞമ്മള് കേട്ടു.
കൂടെകിടന്ന പുന്നാര മോള്‍  ഇനി എന്നാവോ ഇതൊക്കെ അറീണത്”

“ഉവ്വൊ..എന്നാലെ ഞമ്മളീ കിനാവ് കരച്ചില്‍ എന്നും  കേള്ക്കണതാ . ഉമ്മാനോട് സ്നേഹള്ള പുന്നാരമോനെ നാലു ദിവസം ഇവിടെ കിടന്ന് കേട്ടാട്ടെ..”

“അല്ലെലും അനുക്കൊക്കെ തമാശ. കണ്ണ് ഒന്ന് പൂട്ട്യാല്‍ ഓരോരോ കാഴ്ച്ചോളാണ്. ഉറക്കന്നെ വളരെ കുറഞ്ഞേക്കണ് “

“ഇന്നിന്റെ ഉമ്മാ കണ്ടകിനാവ് തെന്താന്ന് ഞമ്മള്‍ പറയട്ടെ .
 ഇന്നത്തെ കിനാവില്‍ ഉമ്മ പോയത് എവിടേക്കാന്നറിയോ വലിയൊരു
 ജിന്നുകൊട്ടാരത്തിലേക്ക്.
വലിയ വലിയ കോണിപ്പടികള്‍ ചവുട്ടി ഉമ്മ കയറിവരുന്നതുകണ്ട ജിന്നുമൂത്താപ്പ വലിയൊരു കുടം സ്വര്‍ണ്ണനാണയങ്ങള്‍ ഉമ്മാക്കു കൊടുത്തു. എന്നിട്ടെന്താ ഉണ്ടായേന്നറിയോ..
നമ്മടെ ഉമ്മ ആര്‍ത്തി പിടിച്ച് കുടത്തിലേക്ക് കണ്ണുരുട്ടി നോക്കി.
പാവം ഉമ്മ കണ്ണ് തുറന്നപ്പൊ  കുടവുമില്ല,സ്വര്‍ണ്ണവുമില്ല..
അതല്ലേ ഉണ്ടായത്  ഉമ്മാ?“

ആമിന വേദനക്കിടയിലും ചിരിച്ചു.
“മോനെ ഫൈസ്വോ ജമീലാനെ ഞാന്‍ കിനാവില്‍ കണ്ടത് .
ഓളെ ആ ശെയ്താന്‍ മൂക്കറ്റം കുടിച്ച് വന്നിട്ട് ഒറ്റ ചവിട്ട് .
ചവിട്ട് കിട്ടി വീണ ന്റെ മോള്‍ക്ക് ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് പോലും ഓന്‍ കൊടുത്തീലാ.
ഒടുക്കം ന്റെ മോള് ‘ഉമ്മാ ഉമ്മാ’ന്നും വിളിച്ച്  പോയി മോനെ..
കൊന്നു കളഞ്ഞു ആ ദുഷ്ടന്‍ ..
ഈ ഉമ്മാക്ക് ആ കാഴ്ച എങ്ങിനെ സഹിക്കാന്‍ പറ്റും...“

ഉമ്മാന്റെ കണ്ണ് വീണ്ടും നിറഞ്ഞപ്പോള്‍ ഫൈസുവിനും നനവു പൊട്ടി.

“പോട്ടെ ഉമ്മാ .കിനാവില്‍ എന്തൊക്കെ നമ്മള്‍ കാണും ,കേള്‍ക്കും .
അതൊക്കെ വെറും കിനാവ് അല്ലെ ഉമ്മാ.. “

“ വെറും കിനാവല്ല ,തുടര്‍ ക്കിനാവുകള്‍..
ഇങ്ങടെ ആ ശെയ്ത്താന്‍ മര്യോന്‍ ദിവസൂം താത്താനെ ചവിട്ടി
കൊന്നോണ്ടിരിക്യ .
ഇത്താത്ത ഒരു പാവായിട്ടാ . 
ഞമ്മളാണെങ്കി ഓനിപ്പം പള്ളിക്കാട്ടില്‍ ആയേനെ ..“
സഫിയാക്ക് ദേഷ്യം വന്നു.

“ ഞമ്മക്കും തോന്നാറുണ്ട് ഓളെ വിളിച്ചു കുടീല്‍ തന്നെ നിര്‍ത്തിയാലൊന്ന്.
അളിയനു ഒരു വീണ്ടുവിചാരം തോന്നട്ടെ”

ആമിന പക്ഷെ അങ്ങിനെ ചിന്തിച്ചില്ല.
“ പക്ഷേല് അതത്ര ശരിയാവില്ല ഫൈസ്വോ.ഇവളെ കൂടി  കെട്ടിക്കാണ്ടെ  ജമീലാനെ കുടീല്‍ കൊണ്ട് വന്നു നിര്‍ത്ത്യാല്‍  എങ്ങിനാ മോനെ?
പിന്നെ അനുക്കും വേണ്ടേ കുടുമ്പോം കുട്ട്യോളും ഒക്കെ..“

“സഫിയാനെ നിങ്ങള് അങ്ങിനെ ആര്‍ക്കും കെട്ടിച്ചു വിടണ്ട.താത്താനെ പോലെ ഏതെങ്കിലും കള്ള് കുടിയന്‍റെ ഇടിയും  തൊഴിയും വാങ്ങാന്‍ ഇന്നെ കിട്ടില്ല.“

“ ന്‍റെ സഫിയ എല്ലാവരും അളിയനെ പോലെ ആണൊ.  
മാനം മര്യാദയായി കുടുമ്പം നോക്കുന്ന എത്ര ആണുങ്ങള്‍  നാട്ടിലുണ്ട് .“

“ആണുങ്ങള്‍ ഉണ്ടാവും ,പക്ഷേല് നമ്മള് ഒരു നടവഴിയില്ലാത്ത    
ബീരാനിക്കാന്റെ മക്കളല്ലെ.
പോക്കാക്കില്ലത്ത് അഹമ്മദ് ഹാജി കനിയാതെ നല്ല ആണുങ്ങളൊക്കെ ഈ വഴിക്ക് വരുമോഇക്കാ.             
അഹമ്മദ് ഹാജി നല്ല മനുശ്യനൊക്കെ തന്നെ .
പക്ഷേല് പൊന്നിനോടും പണത്തോടും പോലെ മണ്ണിനോടുമുള്ള ആ
മനുഷ്യന്‍റെ ആര്‍ത്തി കുറയാത്തിടത്തോളം കാലം
ജമീലാത്താന്റെ ഗതി തന്നെയാവും ഞമ്മക്കും ,ഇക്കാക്കാനും.“                  

ഫൈസു ഉമ്മയെ ആശ്വസിപ്പിക്കാനെന്നവണ്ണം ചുമലില്‍ തട്ടി.
“ആരേങ്കിലും കൊണ്ട് ഒന്നൂടെ സംസാരിപ്പിച്ചു നോക്കാം ഉമ്മാ. നാട്ടുനടപ്പുള്ളതില്‍ കൂടുതല്‍ കൊടുത്തേക്കാം .
ഒരു കാറ് കടത്താനുള്ള വീതിയെങ്കിലും ഹാജ്യാര്‍ തന്നാ മതിയായിരുന്നു.”

“കിട്ടും കിട്ടും .ഇങ്ങളെ കാണുമ്പോള്‍ ചിരിച്ചു കാണിക്കണ ആളുകളൊക്കെ ഹാജിയാരെ കാണുമ്പോള്‍ കവാത്തു പോലും മറന്നാലും മതി.“

പക്ഷെ ആമിനയുടെ മനസ്സിലപ്പോള്‍ തോന്നിയത് ഉപകാര സ്മരണയായിരുന്നു.
“അഹമദ് ഹാജിയുടെ ഉപ്പ നമ്മുടെ ഉപ്പൂപ്പക്ക് സ്നേഹത്തിന്‍റെ  
പേരില്‍ വെറുതെ തന്ന മണ്ണാ ഇത്.
അന്നദ്ദേഹം ഇതിന് അതിരോ വഴിയോ വെച്ചിട്ടില്ലയിരുന്നു .
സ്നേഹം അതായിരുന്നു അന്നവര്‍ക്ക് മണ്ണിന്റെ വില.
പിന്നെ മക്കളുടെ കാലമായപ്പോള്‍ സ്നേഹത്തിനു 
മേലെ കാശുതന്നെ ജയിച്ചു.“

“മതി മതി..
ഇനി ബാക്കി നേരം വെളുത്തിട്ട്..”
സഫിയ ലൈറ്റ് ഓഫ് ചെയ്തു.


2011 ജൂൺ 3, വെള്ളിയാഴ്‌ച

ഇനി പ്രിയ പറയട്ടെ ...

കാലത്തിന്റെ ഇടനാഴിയില്‍ അനീതിയുടെ
കാലൊച്ച !
മിഴികള്‍ തുറന്നടയുംമ്പോള്‍ നിരപരാധിയുടെ
വിലാപം !
ഇങ്ങനെ ഒരു ചിത്രം വരച്ചിടപ്പെട്ടത്‌ എന്തിനായിരുന്നു ?

ജയിലഴികള്‍ തുറക്കപ്പെടുമ്പോള്‍ അയ്യാള്‍ വിതുമ്പുന്നത് അവള്‍ക്കു കാണാമായിരുന്നു .
കണ്ണ് നീര്‍ തുള്ളികളില്‍ പിറക്കുന്ന ദൈന്യതയുടെ നോവ്‌ അവളെ നൊമ്പരപ്പെടുതിക്കൊണ്ടിരുന്നു .
ഒരു അപരാധിയെപ്പോലെ കാലം അയാളെ വിലങ്ങണിയിച്ചപ്പോള്‍  ,
അരുതേയേന്നു പലവുരു കരഞ്ഞു പറഞ്ഞു പ്രിയാമണി !
പക്ഷെ വനരോദനങ്ങള്‍ പോലുള്ള അവളുടെ വാക്കുകള്‍ ആരുണ്ട്‌ കേള്‍ക്കുന്നു ?
എവിടെ പാലിക്കപ്പെടുന്നു !

അയാള്‍ ,
പയ്യമ്പിള്ളി ചന്തു .
അവള്‍ക്ക് ആരുമായിരുന്നില്ല .
ഒരു ശത്രു പോലും !
എന്നിട്ടും അവള്‍ അയാള്‍ക്ക്‌ വേണ്ടി വേദനിച്ചുകൊണ്ടിരുന്നു !
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചു .

പാവം !
കണ്ണീര്‍ നിറയുന്ന ആ മുഖത്തു നോക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍  ഇനിയും നിറയാനുണ്ടെന്നു പറഞ്ഞതാരാണ് !
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ള നിയമം ആരാണ് കാറ്റില്‍ പറത്തിയത് ?

അഡ്വക്കേറ്റ് : നീലിമ രാജുവിന്റെ കൈകള്‍ക്കുള്ളില്‍  പ്രോസിക്ക്യൂഷന്‍ വളരെ ശക്തമായിരുന്നു .
അയാളുടെ  കഴുത്തില്‍ കൊലക്കയറില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ലല്ലോ .
പക്ഷെ  എന്തുകൊണ്ടോ  ശിക്ഷ ജീവപര്യന്തത്തില്‍ ഒതുങ്ങിപ്പോയി .

എന്നിട്ടും ലോകം അയാളുടെ രക്തത്തിന് മുറവിളി കൂട്ടിക്കൊണ്ടിരുന്നു .
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചുകൊണ്ടുമിരുന്നു  .

കാരണം പ്രിയാമണിയുടെ ജീവന്‍ അവര്‍ക്കെന്നും  പ്രാണനായിരുന്നു !
അതെ അവള്‍ നമ്മുടെ പ്രാണനായിരുന്നല്ലോ !

നമ്മള്‍ അറിയുന്ന പ്രിയാമണി ,
പുഴയെ പ്രണയിച്ച ഒരു പാവം ബ്ലോഗര്‍ !
പുഴയെ കൈക്കുമ്പിളിലെടുത്തു കവിളാല്‍ ആശ്ലെഷിച്ചിരുന്നവള്‍ !
നനുത്ത പുഴവെള്ളത്തില്‍ നിലാവിനെ കാട്ടിത്തന്നിരുന്നവള്‍!
പക്ഷെ അവള്‍ ഇന്നില്ല .

ഒരു നരാധമന്‍ !
പയ്യമ്പിള്ളി ചന്തു ,
വിജനമായ ഒരുവേളയില്‍ പുഴയില്‍ കല്ലെറിഞ്ഞു കളിച്ചിരുന്ന അവളെ ഇല്ലാതാക്കിയവന്‍ !
പ്രാണനോളം പുഴയെ സ്നേഹിച്ചുപോയ അവളെ പുഴയില്‍ തന്നെ മുക്കിക്കൊന്നശേഷം ഇരു കൈകളും വെട്ടി സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ചെടുത്തവന്‍ .
മഹാ അപരാധി !

സത്യത്തില്‍ എന്തായിരുന്നു സംഭവിച്ചത് ?
അതറിയുന്നവര്‍ ആരുമില്ല .
പക്ഷെ പ്രിയാമണി എല്ലാം അറിഞ്ഞിരുന്നല്ലോ .
അവള്‍ പറയുന്നുമുണ്ട് ,
ആര്‍ക്കും കേള്‍ക്കാനാവില്ലെങ്കിലും ...

ഞാന്‍ നദിയില്‍ ഇറങ്ങുമ്പോള്‍ അവിടെയെങ്ങും ആരുമില്ലായിരുന്നു .
മണല്‍ മാഫിയക്കാര്‍ കുഴിച്ച കുഴിയില്‍ ,
കാലുകള്‍ ചെളിയില്‍ ആണ്ടു ഞാന്‍ മുങ്ങിപ്പോയത്  ആരാണ് കണ്ടത് ?
പുഴയുടെ അഗാധതയില്‍ ഞാന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് ആരാണ് കണ്ടത് ?
എന്നിട്ടും ആ പാവത്തിന് ശിക്ഷ ബാക്കി !

ചന്തു ഒരു മണല്‍ മാഫിയക്കാരന്‍ ആയിരുന്നില്ല .
എന്നിട്ടും അര ചാണ്‍ വയറിനു വേണ്ടി അയാള്‍ പുഴ പരപ്പില്‍ തോണി തുഴഞ്ഞു .
പുഴയുടെ അഗാധതകളില്‍ മുങ്ങി പൊങ്ങി മണല്‍ വാരി വാരി നിറച്ചു .
അവര്‍ കൊടുത്ത നക്ക പിച്ച കൈ നീട്ടി വാങ്ങി .

എന്നിട്ടും മാഫിയക്കാര്‍ അയാളെ ഒറ്റിയത് എന്തിനായിരുന്നു ?
നിരപരാധി ആയിരുന്നിട്ടും അയാളുടെ കയ്യില്‍ വിലങ്ങു വീണു കാണാന്‍ മാഫിയക്കാര്‍ എന്തിനാണ്
മത്സരിച്ചത് ?

പുഴയില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കൈയില്‍ തടഞ്ഞതാണ് എന്നെ !
ശവമെടുത്തു തോണിയില്‍ കിടത്തുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയറിഞ്ഞു പ്രലോഭിതനായതാണ് അയാള്‍ ചെയ്ത കുറ്റം !
കൈകളില്‍ നിന്നും വളകള്‍ ഊരാനാകാതെ വന്നപ്പോള്‍ വെട്ടു കത്തിയെടുത്തു കൈകള്‍ വെട്ടി മാറ്റാതെ അയാള്‍ക്ക്‌ വേറെ വഴിയില്ലാതിരുന്നു !

അയാള്‍ സ്വര്‍ണത്തെ സ്നേഹിച്ചു ,
അതിലുപരി സ്വര്‍ണം വിറ്റുകിട്ടിയ പണത്തെ സ്നേഹിച്ചു .
പണം കൊണ്ട് മൃഷ്ടാന്നമുണ്ണുന്ന സ്വന്തം കുടുമ്പത്തെ സ്നേഹിച്ചു .

അയാള്‍ക്ക്‌ നീതി കിട്ടണം എന്നെനിക്കുണ്ട് .
പക്ഷെ എന്റെ വാക്കുകള്‍ക്കു ശബ്ദമില്ലാതെ പോയല്ലോ !
എന്റെ സ്പര്‍ശനത്തിന് കൈകളില്ലാതെ പോയല്ലോ !
ഞാന്‍ നിസ്സഹായയാണ് .
ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?

****************** 



2011 മേയ് 17, ചൊവ്വാഴ്ച

പാവം മുത്തച്ഛന്‍ !

കഥ പറയാന്‍ മുത്തശ്ശി !
'കാതിലോരാലോലമൂഞ്ഞാല്കെട്ടിയ മുത്തശ്ശി ...
കഥയുടെ കെട്ടഴിച്ചു ....'

മുത്തശ്ശി അങ്ങനെ ആണെങ്കില്‍ മുത്തശ്ശനോ ?
കഥകള്‍ അറിയുമായിരുന്നെങ്കിലും പറയില്ല .
ഗൌരവകാരനാണെങ്കില്‍ പറയാനുമില്ല !
പക്ഷെ കാഴ്ചകള്‍ കാണിച്ചു തരും .
കുട്ടിക്കാലത്ത് മുത്തശ്ശന്റെ കൈയില്‍ തൂങ്ങി എത്രയെത്ര ഉത്സവങ്ങള്‍ കണ്ടിട്ടുണ്ടാകും എല്ലാവരും !

എന്റെ കാര്യത്തില്‍ ഈ ഭാഗ്യമുണ്ടായിട്ടില്ല .
എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ആണ് മുത്തശ്ശന്‍ മരിച്ചത് .
അവിടന്ന് ഒരു കൊല്ലം കഴിഞ്ഞു മുത്തശ്ശിയും ....
നന്നേ ചെറുപ്പത്തില്‍ ആയിരുന്നത് കൊണ്ട് ഓര്‍മയില്‍ പോലും ആ രൂപങ്ങളില്ല !

മുത്തശ്ശിക്ക് പകരം അമ്മയാണ് രാജകുമാരന്റെയും രാജകുമാരിയുടെയും ദുഷ്ടയായ മന്ത്രവാദിനിയുടെയും ഒക്കെ കഥകള്‍ എനിക്ക് പറഞ്ഞുതന്നത് .
എങ്കിലും ഇക്കാര്യത്തില്‍ മുത്തശ്ശിയുടെതായ വൈഭവം അമ്മക്കുണ്ടോ വശമാകുന്നു ?

ഹും ..
ഇയ്യാള്‍ ചിന്തകളൊക്കെ കളഞ്ഞു ബാല്യകാലസഖിക്കു പഠിച്ചു തുടങ്ങിയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും .
ഉവ്വ ഉവ്വ !

ഞാന്‍ പറഞ്ഞുവരുന്നത് എന്റെ മുത്തശ്ശന്റെ  ഒരു  ആഗ്രഹത്തെ    കുറിച്ചാണ് .

''മക്കളെ ,
മരിച്ചു പോയാല്‍ ഈ അച്ഛന് നിങ്ങള്‍ ഒരു കല്ലറ പണിതു തരണം ..''

ജീവിച്ചിരിക്കുമ്പോള്‍ മക്കളോട് പറഞ്ഞു വെച്ചതും ,
മരിച്ചതിനു ശേഷം മക്കള്‍ നടത്തി കൊടുക്കാന്‍ മറന്നതും ആയ മുത്തസ്സന്റെ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കല്ലറയെങ്കിലും
വേണം എന്നുള്ളത് !
ഒരു ആറടി മണ്ണിന്റെ ജന്മിക്കു ഇതില്‍ കൂടുതല്‍ എന്താഗ്രഹങ്ങള്‍ ?

മുത്തശ്ശന്‍ മരിച്ചു ആണ്ടുകള്‍ പലതായി .
വിഷസര്‍പ്പത്തിനു വിളക്കു വെക്കരുത് എന്ന് ഞങ്ങള്‍ക്ക് 
ശാസനയുണ്ടായിരുന്ന കാലം .
എന്റെ തറവാട്ടില്‍ മുത്തശ്ശന്‍ പണി കഴിപ്പിച്ചതും കര്‍മ്മങ്ങള്‍ നടത്തി
വരുന്നതുമായ  കുടുമ്പക്ഷേത്രത്തിലും വിളക്കു വെക്കാന്‍ ഞങ്ങള്‍ക്ക് മടി !
പിന്നെയല്ലേ മുത്തശ്ശന് കല്ലറ !
അല്ല പിന്നെ ...

പിന്നെ ഈ അടുത്ത കാലത്ത് കുടുംബ ക്ഷേത്രങ്ങള്‍ നവീകരിക്കുക ,
ധാടിക്കും മോടിക്കും ചേര്‍ന്ന വിധം അലങ്കരിക്കുക എന്നൊക്കെ
ഒരു ട്രെന്ട്‌ ഉണ്ടായില്ലേ അപ്പോഴാണ്‌ ഞങ്ങളും തറവാട്ടമ്പലം പുതുക്കി
പണിതതും പ്രതിഷ്ടാ കര്‍മ്മങ്ങള്‍ നടത്തിയതും .

ഭഗവതി ,പൊന്മുടി ,കരിംകുട്ടി ,കാപ്പിരി തുടങ്ങിയ ഏഴോളം മൂര്‍ത്തികള്‍ മുത്തശ്ശന്‍ പ്രതിഷ്ടിച്ചിട്ടുണ്ട് .
അവര്‍ കളം കൈക്കൊള്ളാന്‍  വരുമ്പോള്‍ അവര്‍ക്കാവേശിക്കാന്‍ എണ്ണത്തില്‍ കുറയാത്ത കോമരങ്ങളും ഒരുങ്ങി നില്‍ക്കണം .
അതിനായി ഞങ്ങള്‍ എല്ലാവരും വ്രതമെടുത്ത് തയ്യാറായി നില്‍പ്പുണ്ട് .

എങ്ങനെയാണ് മൂര്‍ത്തികള്‍ ആവേശിക്കുന്നതു എന്ന ആകാംഷയോടെ ഞാനും അവരില്‍ ഒരാളായി അങ്ങിനെ നില്‍ക്കുകയാണ് .

ആദ്യം തുള്ളിത്തുടങ്ങിയത് രാഘവചെറിയച്ചന്‍ .
പിന്നെ ജേഷ്ടന്‍മാരായ വിച്ചു ,ശ്രീനിവാസന്‍ ,ഉണ്ണികൃഷ്ണന്‍ ,മുകുന്ദന്‍ ...
എനിക്കും ശ്രീധരന്‍ ,മണി ,സുരേഷ് എന്നീ ജേഷ്ടന്മാര്‍ക്കും കലി വരുന്നുമില്ല .
(രണ്ടു മൂന്നു കൊല്ലം കൂടി പ്രതിഷ്ടാദിനത്തിന് ഞാന്‍ തുള്ളാന്‍ നിന്നിട്ടുണ്ട് .നോ രക്ഷ !
ഫലം കോമരക്കാരില്‍ നിന്നും ഔട്ട്‌ ..)

വെളിപ്പെട്ട മൂര്‍ത്തികള്‍ ആരെന്നു കണ്ടു പിടിക്കണം .
ആദ്യം വെളിപ്പെട്ട  രാഘവചെറിയച്ചന്റെ ചുറ്റും എല്ലാവരും കൂടി .

"ഈ വെളിപ്പെട്ടു വന്നത് ആരാണാവോ ?"
അച്ഛന്‍ ചെറിയച്ചനോട് ചോദിച്ചു .

"ഞാന്‍ അച്ഛനാടാ ..."
ചെറിയച്ചന്‍ മൂര്‍ത്തിയെ വെളിപ്പെടുത്തി !

മുത്തശ്ശന്‍ വന്നു ..മുത്തശ്ശന്‍ വന്നു ...
ഞങ്ങള്‍ക്ക് ആഹ്ലാദമായി ....

"കര്‍മ്മങ്ങളെല്ലാം കൈക്കൊണ്ടു സന്തോഷമായില്ലേ ?"
അച്ഛന്‍ മുത്തശ്ശനോട് ചോദിച്ചു .

"സന്തോഷമായി ,പക്ഷെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു .
അതിത് വരെ  നടത്തി തന്നില്ല "

അതെന്തു കാര്യം ?
എല്ലാവരും മുഖത്തോടു മുഖം നോക്കി .

"ഞങ്ങള്‍ക്ക് മനസ്സിലായില്ല !"

"എനിക്ക് കല്ലറ പണിതു തരണമെന്ന് പറഞ്ഞിരുന്നില്ലേ ,
അതെവിടെ ?"

ഒടുവില്‍ കല്ലറ പണിതു കൊടുക്കാമെന്നു സമ്മതിച്ചതിന് ശേഷമാണ് മുത്തശ്ശന്‍ കളം കൈക്കൊണ്ടത് !

അങ്ങിനെ മരിച്ചതിനു ശേഷവും മക്കളെക്കൊണ്ടും പേരക്കുട്ടികളെക്കൊണ്ടും വരച്ച വരയില്‍ നിര്‍ത്തി മുത്തശ്ശനും മുത്തശിക്കും കല്ലറകള്‍ പണിയിച്ചു മുത്തശ്ശന്‍ !

അടുത്ത പ്രതിഷ്ടാദിനത്തില്‍ മുത്തശ്ശന്‍ വെളിപ്പെട്ടപ്പോള്‍ ഹാപ്പിയായിരുന്നു .
പക്ഷെ മൂര്‍ത്തികള്‍ മൂഡോഫ് ആയി !
തങ്ങളുടെ നിവേദ്യത്തില്‍ സാദാ പ്രേതങ്ങള്‍ കൂടിക്കലര്‍ന്നു കൈയ്യിട്ടു വാരുന്നു എന്നാണു അവരുടെ പരാതി .
അയിത്തം തന്നെ !

അങ്ങിനെ മൂര്‍ത്തികളുടെ പരാതി പ്രകാരം പ്രേത വേര്‍പാട് നടത്തി
പാവം മുത്തശ്ശനെയും മറ്റുള്ളവരെയും നാട് കടത്തി .
ഇനി മുതല്‍ ആരും മുത്തശ്ശനോ മറ്റുള്ളവര്‍ക്കോ ഒരു കര്‍മ്മവും നടത്തരുത് .
അങ്ങിനെ ചെയ്‌താല്‍ വീണ്ടും കാശ് ചിലവാക്കേണ്ടിവരും എന്ന് കര്‍മ്മികളുടെ വക താക്കീതും  !

ശ്ശെ ..
മുത്തശ്ശനെ തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ചതായിരുന്നു .
ഒക്കെ വെറുതെയായി .
അയിത്തോച്ചാടനം അവിടെയും വേണം എന്ന് എനിക്കും തോന്നുന്നു . 

ഓഗസ്റ്റു ഇരുപത്തി ഏഴിനാണ് ഇക്കൊല്ലത്തെ പ്രതിഷ്ടാദിനം .
ഈ അനീതി മൂര്‍ത്തികളോട് ചോദിച്ചിട്ട് തന്നെ ബാക്കി .
നിങ്ങളും വരുമല്ലോ .
(എന്റെ ഒരു ബലത്തിനാണ്)

******************