2023, ജൂൺ 9, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിമൂന്ന് .

ഉത്സവങ്ങളും പെരുന്നാളുകളും മാറി മാറി വന്നു. ജനം എല്ലാറ്റിലും കൂടെക്കൂടി.
മഹാമാരി ഒരു വിധം നാടിനെ വിട്ടൊഴിഞ്ഞിരുന്നു.

ജീവനുള്ള മനുഷ്യർ ശവങ്ങളായി മാറ്റപ്പെടുകയും , ആർക്കും അങ്ങോട്ടുമിങ്ങോട്ടും മിണ്ടാനും കാഴ്ചകൾ കാണാനും പോലും പറ്റാനാകാത്ത വിധം നാടും നഗരവും, ലോകം മുഴുവനുമായി  അടച്ചിട്ടിരുന്ന നാളുകളാണ് കഴിഞ്ഞു പോയത്.തൊഴിലും തൊഴിലിടങ്ങളും നഷ്ടമായി കുറെയേറെ അലഞ്ഞു തിരിഞ്ഞിട്ടുണ്ടാകും കൂടുതൽ ആളുകളും.
എല്ലാം ശരിയാകും. വീണ്ടും പഴയതെല്ലാം തിരിച്ചുപിടിക്കും എന്നൊക്കെ മനസ്സിലുറപ്പിച്ച് ജനം തങ്ങളുടെ ജീവിതം പിന്നെയും മുന്നോട്ടു നയിക്കാൻ യത്നിച്ചു തുടങ്ങി.

വാസുദേവന് തൊഴിലറിയാം.
അത് പ്രധാനമായും ശാന്തിപ്പണിയായിരുന്നു.
പക്ഷെ ഇനിയതൊന്നും പറ്റില്ലല്ലൊ.

ആടിനെ മേയ്ക്കാൻ പറയാനും പറ്റുമോ?
അതുമില്ല.
ഇനിയിപ്പോൾ തനിക്കെന്തെങ്കിലും തൊഴിലന്വേഷിക്കാമെന്നു വെച്ചാൽ
ഇതെല്ലാം ഇട്ടെറിഞ്ഞ് എങ്ങനെ അതിനു പോകാനാണ്?

ഉപ്പയാകട്ടെ നാടക പഠനവും മറ്റുമായി സാന്ത്വനത്തിൽ തൻ്റെ ജീവിതം പുതുതായി ആസ്വദിക്കാൻ ശ്രമിക്കുന്നു.
എന്നാൽ ഇവിടെ താനാകട്ടെ ദാരിദ്ര്യത്തിൻ്റെ കടുംപിടുത്തം കണ്ട് സ്ഥാനത്തും അസ്ഥാനത്തും  വാസുദേവനോടു കയർത്ത് അസ്വസ്ഥയാകാൻമാത്രം പഠിക്കാൻ ശ്രമിച്ചുമിരിക്കുന്നു.

ജമീല കനിവുറ്റ കണ്ണുകളുള്ള തൻ്റെ ആട്ടിൻ കൂട്ടങ്ങളെ പ്രതീക്ഷയോടെ നോക്കി നിന്നു.
അവരെ ആശ്രയിച്ച് അവൾ പുല്ലരിയാനും പ്ലാവിലക്കെട്ടുകൾ വരിഞ്ഞു കൂട്ടാനും പരിചയിച്ചു.
തൻ്റെ സ്വപ്നങ്ങൾ മരിച്ചു മരവിച്ച മനസ്സാക്ഷിക്കു മുമ്പിൽ അവൾ പിണ്ണാക്കാൽ കുതിർന്ന കാടിവെള്ളമൊരുക്കി തൻ്റെ ഇന്നത്തെ ശരിയെ അവതരിപ്പിച്ചു.

ചെരിപ്പുകൾ വള്ളി പൊട്ടാറായിട്ടുണ്ട്. ഉടുതുണികൾക്ക് നിറം മങ്ങിപ്പോയിരിക്കുന്നു.
എന്നാലും അവൾക്കാരോടും പരിഭവമില്ലാതായി.
അയൽ വീടുകളിൽ ഇറച്ചി പൊരിക്കുമ്പോഴും,
വിശേഷ ദിനങ്ങളിൽ മുറ്റത്തു വലിയ പന്തലുകളുയർത്തി ബന്ധുമിത്രാദികൾക്ക് വൻ സദ്യയൊരുക്കിക്കൊടുക്കുമ്പോഴും ജമീലക്കതിൽ കൊതി തോന്നിയില്ല.
അവളിപ്പോൾ തൻ്റെ
ആടയാഭരണങ്ങളിൽ പോലും ഭ്രമമില്ലാത്തവളായി, പാകപ്പെടുത്തപ്പെട്ട മനസ്സിനുടമയായി, പരിഭ്രമമേതുമില്ലാതെ തൻ്റെ അടുപ്പു കല്ലുകളിൽ മൺചട്ടിവെച്ചു തീ പുകച്ചു കത്തിച്ചു.

ആ ചട്ടിയിലെ തീയാളലും പുകയും വാസുദേവനും വളരെയിഷ്ടമായിരുന്നു.
ഉയർന്നുരഞ്ഞുവീണ് തീപ്പെട്ടികളിൽ നിന്നും അഗ്നി കടഞ്ഞെടുക്കുന്ന  തീപ്പെട്ടിക്കൊള്ളികളിൽ അയാൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.
മഹത്തായ ഒരു യാഗത്തിനു വിറകാകുന്നതു പോലെ കത്തിയമരുന്ന തീക്കൊള്ളികളേയും അയാൾ ജമീലക്കൊപ്പമിരുന്ന് നോക്കിയാസ്വദിക്കും.

സ്വന്തം വസ്ത്രങ്ങൾ അഴുക്കുപുരണ്ട്  ജീവൻ വിട്ടു പോയ ദേഹം പോലെ പിഞ്ചിക്കീറാൻ പരുവപ്പെട്ടു വരുന്നതും കൂടി അയാൾ ഇപ്പോൾ ആസ്വദിച്ചു കാണുന്നത് ജമീലയിൽ എന്തിനെന്നില്ലാത്ത ഒരു നടുക്കമുളവാക്കി.

ഒന്നിലും നാണിക്കാനോ മാനഭയമുള്ളവനായി ജീവിക്കാനോ വാസുദേവൻ സ്വയം പരിശീലിക്കുന്നതാണോ ഇതെല്ലാം ?

ആടുകൾ കരയുന്നു.
തീർച്ചയായും അവ തീറ്റയന്വേഷിക്കുന്നുണ്ട്.
പുതുമഴയേറ്റു കുതിർന്ന ഭൂമിയുടെ ഗന്ധവും നുകർന്ന് പുറ്റുകൾ പൊളിച്ചു പറന്നുയരുന്ന ഈയാംപാറ്റകളെ ആടുകൾക്കിടയിലൂടെ പാറി നടക്കുന്നതു കാണാമായിരുന്നു.

ആടുകളുമായി കുന്നുകയറണോ?
സഫിയാത്തക്ക് ചിന്നനെ വിറ്റത് ഇഷ്ടമായിട്ടില്ല.
മുഖം കറുപ്പിച്ചുള്ള ആ നോട്ടങ്ങൾ പിന്നെയും വെറുതെ പോയി കാണണോ?

ജമീല പ്ലാവിലകൾ കെട്ടഴിച്ചു കുടഞ്ഞു. ആടുകൾക്ക് തിന്നാനിണങ്ങിയ രീതിയിൽ പലയിടത്തുമായി കെട്ടിക്കൊടുത്തു.
പാതിയുണങ്ങിയ ആ ഇലകൾ അവറ്റകൾക്കേറെ ഇഷ്ടമായിരുന്നു.
കറു മുറെ കടിച്ചു മുറിച്ച് പാവങ്ങൾ
ഇലകൾ ധൃതിപ്പെട്ട്  വിഴുങ്ങുകയും പിന്നീട് ഒഴിഞ്ഞുകിട്ടുന്ന സാവകാശങ്ങളിൽ അയവെട്ടി പാകപ്പെടുത്തുകയും ആണ് അവരുടെ പതിവ്.

എന്നാൽ പോലും അവ വിശപ്പിനപ്പുറം സ്വാതന്ത്ര്യം കൊതിച്ച് കണ്ണുകൾ കുന്നിറമ്പിലേക്ക് ചേർത്തുവെക്കും.
കൂട്ടുപറ്റങ്ങളുടെ നിറം കാണെ വലിയ വായിൽ കരഞ്ഞു കാണിക്കും!

കുന്നിൻ ചരുവിൽ പുലരി വെളുത്തു തുടുത്തു നിന്നു.
പ്രഭാതത്തിൻ്റെ മയക്കമൊക്കെ മതിയാക്കി ഇലകളിൽ കാറ്റു പിടിച്ചു.
തണുത്ത മഞ്ഞിൻ കൈകൾ പോലെയുള്ള കാറ്റിൻ്റെ കുളിരലകൾ കുന്നിൻ ചെരുവിനെ തഴുകി, ആട്ടിൻപറ്റങ്ങളെ തഴുകി,
അവയുടെ യജമാനരെ തഴുകി,
ചെടികളേയും പുല്ലുകളേയും കന്നുകൂട്ടങ്ങളേയും തഴുകി
കുന്നിറമ്പിലേക്ക് ഒഴുകിയിറങ്ങിപ്പോയി. കാറ്റോടൊത്ത് കുന്നിറങ്ങിപ്പോകുന്ന കരിയിലയൊച്ചകൾ അവർക്കിടയിൽ കലമ്പലിട്ടു.

ആടുകളേയും കന്നുകൂട്ടങ്ങളേയും മേയ്ക്കാനുള്ളവർ കുന്നുകയറി വരികയാണ്.

ജമീലയുടെ തല വെട്ടം താഴെ ഇടവഴിയിൽ കാണുന്നു. ആട്ടിൻകൂട്ടത്തെ മേയ്ക്കാനിരുന്ന സഫിയയുടെ കാഴ്ചകളിലും  ജമീലയുടെ മുഖമെത്തി.

ചിന്നൻ സഫിയക്കേറെ ഇഷ്ടപ്പെട്ടവനായിരുന്നു.
അവൾ ഇളയവനെ പ്രസവിച്ച അന്നു തന്നെയാണ് തള്ളയാട് ചിന്നനേയും ചുന്നിയേയും പ്രസവിച്ചത്.
പ്രസവാവധിയുടെ മൂന്നു മാസക്കാലം സഫിയയുടെ മക്കൾ ആട്ടിൻകുട്ടികളെ കളിപ്പിച്ചു വീടിനു ചുറ്റും നടന്നു.
തിരികെ പെരിന്തൽമണ്ണയിലേക്കു പോകുമ്പോൾ ആട്ടിൻകുട്ടികളെ കൂടെ കൊണ്ടുപോകാൻ അവരെത്ര വാശി പിടിച്ചതാണ് !

ഓരോ തവണ വീട്ടിൽ വരുമ്പോഴെല്ലാം കുട്ടികൾ ആടുകളോടു കൂട്ടുകൂടും.
ഇപ്പോഴുമതെ.
ആട്ടിൻപറ്റത്തോടൊപ്പം കുന്നുകയറി അവർ അപകടം വരുത്തിവെക്കുമെന്നതിനാൽ കൂടെ കൂട്ടാത്തതാണ്.

ഉപ്പ ആടിനെ ജമീലക്കു കൊടുത്തപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
അവൾ തൻ്റെ പ്രിയപ്പെട്ടവളാണല്ലോ എന്നോർത്ത് സന്തോഷിച്ചു.
പക്ഷെ അവൾ സാത്താൻ്റെ വലയിൽ പെട്ടു .
സ്വയം നശിച്ചു .തൊടുന്നതെല്ലാം നശിപ്പിച്ചുമിരിക്കുന്നു.
കൂട്ടുകൂടാൻ പാടില്ലാത്തതാണ്. എന്നിട്ടും കൂടപ്പിറപ്പിനോടെന്ന പോലെയുള്ള സ്നേഹം പിന്നെയും ബാക്കി നിൽക്കുന്നതു കൊണ്ട് മാത്രം അവളോടു വീണ്ടും മിണ്ടിപ്പോയതാണ്.
ഇനിയില്ല ..

സഫിയ ജമീലക്കും അവളുടെ ആട്ടിൻപറ്റങ്ങൾക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.
സ്കൂളവധി കഴിഞ്ഞാൽ താൻ തിരികെപ്പോകും.
അതു വരെ ഇവിടെ വരുകയും ഇവറ്റകളെയൊക്കെ കാണുകയും ചെയ്യുന്ന കാര്യമോർത്താണ് ബേജാറ് മുഴുവൻ.

സഫിയയുടെ ദു:ഖം എന്നാൽ ഏറെ നേരം നീണ്ടു പോയില്ല.
അവളെ തിരിച്ചുവിളിക്കാൻ അവളുടെ ആൾ വരുന്നു .
മുസ്തഫ കുന്നുകയറി വരികയാണ്.

" സഫിയാ.. "
കുറച്ചു നാളുകൾക്കു ശേഷം മുസ്തഫ തൻ്റെ പ്രിയതമയെ വിളിക്കുകയാണ്.
അതിലേറെ വൈകാരികത ധ്വനിക്കുന്നു.

"നിങ്ങളെപ്പോളെത്തി?!. വരുന്ന കാര്യം  വിളിച്ചു പറയാഞ്ഞതെന്തേ?"
സഫിയക്ക് തൻ്റെ സന്തോഷങ്ങളെ പിന്നെയും തിരിച്ചുകിട്ടുന്നു..

" സസ്പെൻസ്! നീയെന്താ ഫോണെടുക്കാഞ്ഞത്. "

"ആടിനെ തീറ്റാൻ വരുമ്പോഴും ഈ ഫോണെടുത്തു കൈയ്യിൽ പിടിക്കണോ? കുട്ടികളെ വീട്ടിൽ നിറുത്തിയിരിക്കുന്നതു തന്നെ ഫോൺ കളിക്കാൻ കൊടുത്തിട്ടാണ് ."

"ആ, അതു നല്ല കളി തന്നെ! അതേയ് ,ആടിനെയൊക്കെ തെളിക്കാൻ നോക്കിക്കോ. നമുക്ക് ഇന്നു തന്നെ തിരിച്ചു പോണം. വീട്ടിലേക്ക്.. "

" ഇന്നോ? അതു വേണ്ടിക്കാ. വന്നപാടെയുള്ള ഈ തിരിച്ചു പോക്ക് ഇപ്പോളെന്തിനാ? ഉപ്പേം ഉമ്മേം എന്തു വിചാരിക്കും.?"

"എന്തു വിചാരിക്കാൻ ?"

"ഒന്നും വിചാരിക്കില്ലേ? നിങ്ങൾക്ക് ഒരു ദിവസം ഇവിടെ നിന്നാലെന്താ?
പിന്നെ കുട്ടികളുടെ സ്കൂളുതുറക്കാൻ ഇനിയും ദിവസമുണ്ടല്ലോ? എല്ലാവരും കൂടി ഇപ്പോൾ തന്നെ കെട്ടിപ്പെറുക്കി പോകാൻ മാത്രം എന്തേ ഇപ്പൊ ഉണ്ടായത്?"
സഫിയയുടെയുള്ളിൽ പെട്ടെന്നില്ലാത്ത ഒരാശങ്ക വന്നു നിഴലിട്ടു.

"എൻ്റെ പൊന്നേ, ഇത് സന്തോഷമുള്ള കാര്യമാണ്.അതാ നിന്നെ കൂട്ടാൻ ഞാനിത്രടം ഓടി വന്നത്. "

"അതെന്താ ഇത്ര പെരുത്ത കാര്യം!നിങ്ങൾക്കെന്താ ലോട്ടറിയടിച്ചാ? "

"ആ. ഒരു തരത്തിൽ പറഞ്ഞാൽ ചെറിയൊരു ലോട്ടറി!
സിനിമാ ഡയറക്ടർ ആഷിക്ക് സാറ് വിളിച്ചിരുന്നെടി..
ത്രികാലൻ്റെ ഷൂട്ടു തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ..
നാളെയാണ് എൻ്റെ സീൻ വരുന്നത്.
ആരുടെ കൂടെയാണെന്നറിയോ?!
സുന്ദർ പാലോടിൻ്റേയും സന ബാപ്പുവിൻ്റേയും കൂടെ! "

സഫിയക്ക് ആശ്ചര്യമായി.
മുസ്തഫിക്ക ഒരു കലാകാരനാണെന്ന് അറിയാം. സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി ഒരു പാട് ഓടി നടന്നിട്ടുള്ള ആളുമാണ്.
എന്നാൽ സുന്ദർ പാലോടിനേപ്പോലെയും സന ബാപ്പുവിനെപ്പോലെയുമുള്ള സൂപ്പർ താരങ്ങളുടെ കൂടെ ഒരു സീനിൽ ഒന്നിച്ചഭിനയിക്കാൻ അവസരം കിട്ടുക എന്നു പറഞ്ഞാൽ അതെത്ര മാത്രം വലിയ ഭാഗ്യമാണ്!.

" അള്ളാ.. "
സഫിയ പടച്ചവന് നന്ദി പറഞ്ഞു.
അവൾ അഭിമാനത്തോടെ തൻ്റെ പ്രിയപ്പെട്ടവൻ്റെ മുഖത്തേക്കു നോക്കി നിന്നു.

" അപ്പോ ഇക്കാ ഷൂട്ടിങ്ങ് നാളെത്തന്നെ ഉണ്ടാവോ? എന്നേം കുട്ടികളേം കൂടെ കൊണ്ടു പോവോ ഷൂട്ടിങ്ങിന്?"
സഫിയ ആഹ്ലാദത്തോടെ പ്രിയതമനോടുകൂടെ ചേർന്നു നിന്നു.

"അതിനല്ലേടി നിന്നെ കൊണ്ടുപോകാൻ ഞാൻ ഇപ്പോഴെ ഓടി വന്നത്. നമ്മൾ എല്ലാവരും കൂടി നാളെ അടിച്ചു പൊളിക്കും!"
അവർക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അപ്പോൾ  മുതൽ വീണ്ടും അവരോടു ചേർന്നു.

ജമീല അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എങ്കിലും ചിന്നൻ്റെ വിയോഗം പോലെയൊരകലം അവർക്കിടയിൽ വന്നു  വേദനിപ്പിച്ചു നിൽക്കുന്നു. അതുകൊണ്ട് മാത്രം തൻ്റെ ആട്ടിൻപറ്റങ്ങൾ മേയുന്നതിൽ തന്നെ അവൾ ബോധപൂർവ്വം ശ്രദ്ധയൂന്നി.

മുസ്തഫ ജമീലയെ കണ്ടിരുന്നു. അയാൾ അടുത്തുവരാനും അവളോടു സംസാരിക്കാനും തുനിഞ്ഞതുമായിരുന്നു.എന്നാൽ സഫിയ ബോധപൂർവ്വം അയാളെ തടഞ്ഞുനിർത്തി.

"വാ, നമുക്കു പോകാം. കാര്യമൊക്കെ ഞാൻ അവിടെ ചെന്നിട്ടു പറയാം."
അവൾ തൻ്റെ ഭർത്താവിനെ തിരിച്ചുവിളിച്ചു .
ആട്ടിൻപറ്റങ്ങളേയും...
അവർ ആഹ്ലാദ ചിത്തരായി കൂട്ടുകൂടി കുന്നിറങ്ങിപ്പോകുന്നത് ജമീല അന്യയെപ്പോലെ മാറി നിന്നു കണ്ടു.

അവളുടെ ദുഃഖം അവളെ മാത്രം ഗ്രസിച്ചു.  കാറ്റിൻ്റെ തഴുകൽ തൊടാതെ, കുന്നിറമ്പിൻ്റെ മനോഹാരിത കാണാതെ, സ്വന്തം ഉള്ളറകളിൽ മാത്രം കിടന്നുതന്നെ വിങ്ങി.
വിങ്ങലേറെയായപ്പോൾ കുന്നു കയറിച്ചെന്ന് മുകളിൽ ആകാശത്തോടും താഴെ ഭൂമിയോടുമായി തൻ്റെ ദുഃഖം ഉറക്കെ വിളിച്ചു പറഞ്ഞു കരയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷെ തനിക്കു മുന്നെത്തന്നെ തൻ്റെ പ്രിയതമൻ അവിടെക്കയറി സ്ഥാനം പിടിച്ചിരിപ്പുണ്ട്!
സ്വസ്ഥതയന്വേഷിക്കുന്നതാവാം..
ശാന്തിയന്വേഷിക്കുന്നതാവാം..
എന്നാൽ കൂട്ടത്തിൽ തൻ്റെ ഭാര്യക്കു കൂടി ആകാവുന്ന വിധത്തിൽ ഒരു സ്വസ്ഥത, ശാന്തി, അയാൾക്ക് അന്വേഷിക്കാനാകാമായിരുന്നു..

മുകളിൽ ഒരാളിരിക്കുന്നു.
ഇവിടെ ഈ അടിവാരത്തിൽ താനും.
ജീവിത മാർഗ്ഗമന്വേഷിച്ച് ഒരു കൂട്ടം ആടുകളേയും കൂട്ടി...
അതിരില്ലാതെ വളർന്ന തൻ്റെ ദുഃഖം കൂട്ടിവളർത്തുവാൻ മാത്രമായി, തന്നെയിതാ അയാളിവിടെ മേയാനും വിട്ടിരിക്കുന്നു!

ജമീലക്കു കണ്ണിൽ ഉറവ പൊട്ടി.
എന്നാൽ അവളതിനെ തടഞ്ഞില്ല.
ഭ്രാന്തൻ കുന്നിനോരത്ത് ചിരിക്കാൻ മാത്രമല്ലാതെ കരയാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നല്ലൊ!

പണ്ട് ഭ്രാന്തനുരുട്ടിക്കയറ്റിയ കല്ല് തിരികെ വന്നു വീണതുപോലെ ജമീല അരികെക്കണ്ട കുഞ്ഞു വൃക്ഷക്കൈകളിൽ ചാരി നിന്നു വിദൂരതയിൽ കണ്ണു പായിച്ചു.
അകലെ ആകാശദൂരങ്ങളിൽ അവൾക്കു മുകളിലായി പരുന്തിൻ കൂട്ടങ്ങൾ പാറുന്നു.
നീട്ടിപ്പരത്തിയ ചിറകിനടിയിൽ ചെറിയ ചെറിയ നിഴലുകളെക്കൂടി കൂടെ പറത്തി അവൾക്കു മേലിലും അവയെ വെറുതെ  പാറിച്ചു കളിച്ചു.

താഴെക്കാഴ്ചകൾ മറന്ന് പാലച്ചുവട്ടിലെ പാറമേലമർന്ന് വാസുദേവൻ മുകളിൽ സ്വാസ്ഥ്യമനുഭവിക്കുന്നുണ്ടായിരുന്നു.
അയാൾ അയാളുടെ ദുഃഖങ്ങളേയും ദുരിതങ്ങളേയും മറന്ന് ഒരു ഭിക്ഷാംദേഹിയെപ്പോലെ തൻ്റെ മനസ്സും  ശരീരവും തമ്മിലുള്ള പിടി വിടുവിച്ചു ശാന്തനായി സ്വയം രമിക്കുകയാണ്.

ആഗ്രഹങ്ങളാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം..
അയാൾക്കു മുകളിൽ കുട ചൂടി നിന്ന് പുതിയ ബോധി വൃക്ഷം പിന്നെയും അതു തന്നെ അയാളോടു പറയുന്നു..
നിർവ്വാണത്തിൻ്റേതായ അനുഭൂതിയെ കൈയ്യെത്തിപ്പിടിക്കാൻ അതയാളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു!

മനസ്സിനും ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും ഇന്ദ്രിയ വിഷയങ്ങൾക്കും  പിടികൊടുക്കാതെ വേണം ആത്മാവെന്ന അയ്യാളിലെ ദൈവത്തോടു രമിക്കാനെന്ന് അയാളിലെ ബ്രാഹ്മണൻ അയ്യാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..

പ്രിയതമൻ ധ്യാനത്തിലാണ്.
അവനറിയാതെ അവൾ അവർക്കെല്ലാവർക്കുമായി സ്വയം  ഉരുകുന്നു..
ഒരു ജീവിതം കരുപ്പിടിപ്പിക്കുവാൻ, പണത്തിൻ്റെ സാദ്ധ്യതകളന്വേഷിച്ച് പരക്കം പായുവാൻ,
അവൾ മാത്രം തുനിഞ്ഞിറങ്ങുന്നു..
ഭ്രാന്തൻ കുന്നിൻ പൊടിച്ചു ചിനച്ച പുൽത്തരിയിൽ പോലും തങ്ങളുടെ അന്നന്നത്തെ അന്നത്തെ പ്രത്യാശയോടെ ഉറ്റുനോക്കുന്നു!

ഭൂമി അവൾക്കു മാത്രമായി അപ്പോൾ അന്നമായി വിളഞ്ഞു നിന്നു !
അവളതിൻ്റെ കനിവിൽ തളിരു പോലെ വിടരാൻ ശ്രമിച്ചു.
അവളുടെ കൊമ്പുകൾ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കുഞ്ഞു വൃക്ഷത്തൈകളെ പെറ്റുപോറ്റുന്നതും കിനാവു കണക്കെ കണ്ടു.
കിനാവുകൾക്കിടയ്ക്കെല്ലാം അവൾ തൻ്റെ ഉദരത്തെ കൈത്തലത്താൽ തടവിനോക്കി!

സ്രഷ്ടാവ് ആഗ്രഹങ്ങളായി തന്നിൽ നിറയുന്നുണ്ട്.
സ്രഷ്ടാവിൻ്റെ ഇച്ഛപോലെ തന്നിൽ പുതിയ സൃഷ്ടികൾ മുള പൊട്ടി വിടരുന്നതും,
വിടർന്നു വളർന്ന് തനിക്കു ചുറ്റും കലമ്പൽ കൂട്ടി നടക്കുന്നതും,
ഒടുക്കമായി തന്നെത്തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ ലയിപ്പിച്ചു ചേർക്കുന്നതുമെല്ലാം ഒരു സ്വപ്നം പോലെ ജമീലയുടെ ഏകാന്തതകളിൽ ചിനച്ചു വളർന്ന് ചില്ലകൾ പടർത്തി പൂക്കാൻ തുടങ്ങി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .