2023, ജൂൺ 26, തിങ്കളാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനാറ്.

ഈ ലോകം എല്ലായ്പോഴും വളരെ നിഗൂഢതകൾ നിറഞ്ഞതാണ്. എന്തുകൊണ്ട് എല്ലാം ഇങ്ങനെയായി? ഈ കാഴ്ചകൾക്കെല്ലാം പുറകിൽ കൃത്യമായി ഉന്നം വെക്കപ്പെട്ട എന്തെങ്കിലും രഹസ്യങ്ങൾ മറഞ്ഞുകിടപ്പുണ്ടോ?

കുന്നിൻ്റെ ഏകാന്തതയിലിരുന്ന് ഇത്തരം സമസ്യകൾ ധാരാളം ചിന്തിച്ചു കൂട്ടുന്നുണ്ട് വാസുദേവൻ. പഠിച്ച ഗ്രന്ഥങ്ങൾ മനസ്സാ മറിച്ചു നോക്കി ധാരണകൾ രൂപപ്പെടുത്തുന്നുണ്ട്. എല്ലാവരും ചെയ്യുന്നതു പോലെ എല്ലാ സമസ്യകൾക്കുമുള്ള ഉത്തരം  അയാളും തൻ്റെ ചിന്തകൾക്കൊണ്ടു കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ശാസ്ത്ര പുരോഗതിയിലൂടെ ലോകം ഒരു പാടു മുന്നേറിയിട്ടുണ്ട്. എന്നാൽ ആ വഴിക്കൊന്നും സഞ്ചരിക്കാതെയും ആധുനീക സൗകര്യങ്ങളെ വിരൽത്തുമ്പിൽ ഒതുക്കാൻ ശ്രമിക്കാതെയും യുഗങ്ങൾക്കു മുമ്പെ ജനിക്കപ്പെട്ട ഒരു പ്രാകൃത മനുഷ്യനെപ്പോലെ ലോകത്തിൻ്റെ ഒരു കോണിൽ ഒരു കുന്നിൻ മുനമ്പിലൊതുങ്ങി വാസുദേവൻ തന്നിലേക്കു തന്നെ മടങ്ങാൻ ശ്രമിക്കുന്നു!

എന്തിനാണിതെല്ലാം താൻ ചെയ്യുന്നതെന്ന്  വാസുദേവൻ സ്വയം തന്നോട് തന്നെ ചോദിച്ചു നോക്കിയിട്ടില്ല ഇപ്പോഴും. ജമീലയിലോ അവളിൽ തനിക്കു പിറക്കാനിരിക്കുന്ന മക്കളിലോ തങ്ങളുടെ സന്താന പരമ്പരകളിലോ തൻ്റെ സ്വപ്നങ്ങളേയും പ്രത്യാശകളേയും പ്രതിഷ്ഠിക്കാതെ ഇപ്പോഴിതാ ചരടഴിഞ്ഞ പട്ടം കണക്കെ അയാളുടെ ജീവിതം ഒരിക്കലും എവിടെയും ചെന്നെത്താത്ത തരത്തിൽ ആത്മീയചിന്തകളുടേയും അവയുടെ സംഗ്രഹങ്ങളുടേയും സംഘാടനത്തിലൂടെ  തന്നിൽ തന്നെ തറഞ്ഞു നിൽപ്പാണ്.

ഒരാൾ കേട്ടാൽ തനി ഭ്രാന്തെന്ന് വിളിച്ചു പോകുന്ന തരത്തിൽ അയാളിലെ വിശ്വാസം വളർന്ന് എല്ലാംകൊണ്ടും വാസുദേവനെ ആൾക്കൂട്ടത്തിൽ നിന്നും വേറിട്ടു മാറ്റി നിർത്തിയിരിക്കുന്നു..

പണ്ടവിടെ ജീവിച്ചു മരിച്ചു പോയ ഭ്രാന്തനെ അനുകരിക്കുന്നതാണോ അയാൾ?

വാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾ ജനിക്കുന്നതിനു മുമ്പ് കാറ്റുപോലെയായിരുന്നു. മരിച്ചതിനു ശേഷവും കാറ്റുപോലെ തുടരുകയും ചെയ്യുമത്രെ!

എന്താണ് കാറ്റു പോലത്തേത്?
അത് അയാൾ വിശ്വസിക്കുന്ന അയാളുടെ ആത്മാവാണ്. ജനന മരണങ്ങൾക്കു മുൻപും ശേഷവും താനെന്ന ആത്മാവ് ചിരംജീവിയായി എന്നുമുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു.

കാറ്റ് എല്ലായ്പോഴും വീശുമ്പോൾ മാത്രമെ ആരും അതിൻ്റെ സാന്നിദ്ധ്യം അറിയാറുള്ളൂ. അല്ലാത്തപ്പോളൊക്കെ അതെവിടെയാണെന്ന് ആർക്കും അറിയാൻ കഴിയുകയേയില്ല. അതുപോലെയുള്ള ഒരു കാറ്റുപോലത്തെ ആത്മാവാണു താൻ! ജീവൻ അല്ലെങ്കിൽ  ആത്മാവ് ഏതെങ്കിലും ഒരു ശരീരത്തിൽ അതു മനുഷ്യൻ്റേതായാലും മൃഗത്തിൻ്റേതായാലും മരത്തിൻ്റെതായാലും ശരി അവയിൽ വസിക്കുമ്പോൾ മാത്രം അവ വളരുകയും ജീവിക്കുകയും ചെയ്യുന്നു. അവിടെ കാറ്റൊരിലയെ ചലിപ്പിക്കുന്നപോലെ  ജീവൻ അല്ലെങ്കിൽ ആത്മാവ് എല്ലാറ്റിലുമിരുന്ന് ചൈതന്യം നൽകിയില്ല എങ്കിൽ പിന്നെ അവ ജഢം മാത്രമാണ്!

ജീവൻ ആരെങ്കിലും എപ്പോളെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ? മരിച്ചു പോയ ഒന്നിനെ ആരെങ്കിലും എപ്പോഴെങ്കിലും പുനർസൃഷ്ടിച്ചിട്ടുണ്ടോ? ആർക്കും അറിവില്ല. മരിച്ച ഒന്നിനെ ഒരിക്കലും സൃഷ്ടിക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത് ! അപ്പോൾ പിന്നെ സൃഷ്ടിക്കാൻ പറ്റാത്ത ഒന്നിനെ  എങ്ങനെയാണ് നശിപ്പിച്ചു എന്ന് കരുതാൻ കഴിയുക?

ഇതെല്ലാം വാസുദേവൻ്റെ ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരങ്ങളും അയാളിൽ തന്നെയുണ്ടായിരുന്നു.

വാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾ ജഢ ശരീരമല്ല. ആത്മാവെന്ന അനശ്വരതയാണ്. ശൂന്യതയിൽ നിന്നെന്ന പോലെ ഉണ്ടായി തനിക്കു താനെന്ന പോലെ വളർന്നു വലുതായി ഇനി മരിച്ചു മണ്ണടിഞ്ഞ് അനന്തതയിൽ ലയിച്ചു പോകുന്ന തൻ്റെ ശരീരം പോലും മറ്റൊരു തരത്തിൽ അനശ്വരം  തന്നെയാണ്. 

ഏകമായ ആത്മാവ് ഈ പ്രപഞ്ചമെന്ന അനേകമനേകം വിസ്മയകാഴ്ചകളായിത്തീർന്നത്, അതുപോലെ അനേകങ്ങളായ ജീവജാലങ്ങളുടെ രൂപങ്ങളെ തന്നിൽ നിന്നും സദാ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത്, എല്ലാം അവയുടെ ഉള്ളിൽ അവയുടെ ചൈതന്യമായി ഇരുന്നു കൊണ്ടാണ്.

ഒരേയൊരൂർജ്ജം അനേകങ്ങളായ ദ്രവ്യരൂപങ്ങളാകുന്ന പോലെ ഒരേയൊരാത്മാവ് അനേകമനേകം മനസ്സുകളും ബുദ്ധികളും ഇന്ദ്രിയങ്ങളുമായി ഇന്ദ്രിയ വിഷയങ്ങളോടു സംവദിച്ചു സംവദിച്ചു, ഏകമായ താൻ അനേകരായെന്ന മട്ടിൽ അനേകമനേകം ജീവശരീരങ്ങളിലേറി, അനേകമനേകം ജീവാത്മാക്കളായെന്ന മട്ടിൽ പലതായി പിരിഞ്ഞ്  സ്വയം നടത്തുന്ന ഒരു പ്രച്ഛന്നവേഷ നാടകമാണ് ഈ ലോകം.

ഈ ലോകത്തിൽ നടക്കുന്ന എന്തെങ്കിലുമൊന്നിൽ സത്യമുണ്ടോ ഉണ്ടെങ്കിലത് ഈ നാടകത്തിൻ്റെ കഥയും കഥാപാത്രങ്ങളും അണിയറയും അരങ്ങും കാഴ്ചക്കാരും എല്ലാമെല്ലായ്മാറിയ താനെന്ന, ദൈവമെന്ന, ആത്മാവെന്ന, ജീവനെന്ന ആ ഒരേയൊരു സംഗതി മാത്രമാണ്.

ഒന്നും ഒരിക്കലും നശിക്കുകയില്ല.
ഈ ശരീരവും നശിക്കുന്നില്ല. ആറ്റങ്ങളും മൂലകങ്ങളും തന്മാത്രകളും അവയുടെ ജൈവ നിർമ്മിതിയായ കോശങ്ങളും മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും ഇന്ദ്രിയ വിഷയങ്ങളുമായി മാത്രമല്ല, ഈ പ്രപഞ്ചം തന്നെയായിത്തീർന്ന് അനുനിമിഷം രൂപം മാറ്റി കളിച്ചുകൊണ്ടിരിക്കുന്ന ഒരത്ഭുതമാണ്  ഈ ശരീരത്തിൻ്റെ ആധാരമായ ജീവൻ!

തനിക്കു വേണമെങ്കിൽ മനസ്സിനേയും ബുദ്ധിയേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചൊതുക്കി സർവ്വജ്ഞവും സർവ്വ ശക്തവുമായ തൻ്റെ ആത്മാവിലേക്ക് പടർന്നു ലയിക്കാം, അല്ലെങ്കിൽ തന്നെ കുറിച്ച്, തൻ്റെ കുലത്തെ കുറിച്ച് സ്വയം അഭിമാനിച്ച് അങ്ങിനെ ആ ദേഹാഭിമാനത്താൽ മനോബുദ്ധ്യേന്ദ്രിയാദികളെ പുഷ്ടിപ്പെടുത്തി മരണ ശേഷവും അങ്ങിനെത്തന്നെ തുടരാം.
ഏതു വേണം?

വാസുദേവൻ്റെ ചിന്തകൾ തനിക്കു ശരിയെന്നു തോന്നുന്നതിലേക്ക് തീരുമാനങ്ങളെടുക്കാൻ ശ്രമിച്ചു .

പ്രപഞ്ചത്തെക്കുറിച്ചും തന്നെ കുറിച്ചും ഉള്ള അവൻ്റെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെ ആയിരിക്കെ ഇതിൻ്റെയൊക്കെ കാരണഭൂതമായ ദൈവവും ഏതുപോലെ, എങ്ങിനെയൊക്കെയായിരിക്കുമെന്ന കാര്യത്തിലും വാസുദേവന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു!

ചിന്തകൾ നിമിത്തം എപ്പോൾ മുതലാണ് വാസുദേവൻ്റെയുള്ളിൽ ദൈവത്തെക്കുറിച്ചുള്ള രൂപവും ദൈവത്തിൻ്റെ ജാതിയും മതവുമൊക്കെ മാറി അരൂപിയായിപ്പോയത് അപ്പോൾ മുതൽ അയ്യാൾ സ്വതന്ത്രനാക്കപ്പെട്ടിരുന്നു. വിശ്വാസികൾക്ക് സാധാരണയുണ്ടാകുന്ന ആചാരാനുഷ്ഠാനങ്ങളുടേതായ ചേഷ്ടകൾ ഒക്കെ സ്വയം അഴിച്ചു കളഞ്ഞ് എല്ലാറ്റിൽ നിന്നും സ്വതന്ത്രനാകാനുള്ള ശ്രമങ്ങൾ കൂടി അയാൾ തുടങ്ങാനിരുന്നു.

മുമ്പിലും പിന്നിലും മനസ്സിനെ ബന്ധിക്കുന്നതായ ഒരു കെട്ടുപാടും അവശേഷിക്കാതെ അങ്ങിനെ സർവസ്വതന്ത്രനായി തൻ്റെതായ ലോകത്തിൽ വാസുദേവൻ സ്വയം വിരാജിക്കുമ്പോഴാണ് അബ്ബാസും ചടയൻ ഗോവിന്ദനും കുന്നുകയറി വന്നത്.

"ഒരു അരവട്ടനാണ്. കുഴപ്പക്കാരനല്ല."
വാസുദേവൻ്റെ ഇരിപ്പും ഭാവവും കണ്ടപാടെ അബ്ബാസ്  ചടയനോടു പറഞ്ഞു.

"ഇവൻ ഇവിടെ സ്ഥിരമുള്ള ആളാണെന്നല്ലെ പറഞ്ഞത്. ആളെ എങ്ങനെ ഒഴിവാക്കും?"
ചടയൻ ചിന്താധീനനായി.

"ആ. നോക്കാം."
അവർ മാർഗ്ഗങ്ങൾ തേടി വാസുദേവനടുത്തെത്തി.

" വാസുദേവാ.. "
അവർ സ്നേഹത്തോടെ വിളിച്ചുകൊണ്ട് വാസുദേവനോടു കൂട്ടുകൂടി.

" വാസുദേവനെ മിക്കപ്പോഴും ഇവിടെത്തന്നെ കാണാമല്ലൊ? എന്തെങ്കിലും വിഷമമുണ്ടോ ഒറ്റക്കിങ്ങനെ എന്നും ഇവിടെ വന്നിരിക്കുവാൻ?"
അബ്ബാസ് തൻ്റെ അയൽവാസിയോടു കൂടുതലടുത്തു.

" ഇല്ല. ഇവിടെ ഇങ്ങിനെ വന്നിങ്ങനെയിരിക്കുമ്പോൾ നല്ല സുഖം തോന്നുന്നു."
വാസുദേവൻ തൻ്റെ മനോഗതം തൻ്റെ അയൽവാസിയെ മറച്ചു വെച്ചതുമില്ല.

"ഏയ്, അതു ഞാൻ വിശ്വസിക്കില്ല. നിങ്ങളായിട്ട് മിണ്ടാറില്ലെങ്കിലും എനിക്ക് തൻ്റെ എല്ലാ വിശേഷങ്ങളുമറിയാം. തന്നോടും ജമീലയോടുമൊക്കെ സ്നേഹമേയുള്ളൂ. ജമീല നല്ല കുട്ടിയാണ്. അവളോടു പിണങ്ങി വന്നിരിക്കാൻ മാത്രം എന്തു ശത്രുതയാണ് നിങ്ങൾ തമ്മിലുണ്ടായത്?"
അബ്ബാസ് വാസുദേവൻ്റെ മനസ്സളക്കാനുള്ള ശ്രമം തുടങ്ങി.

"ഞങ്ങൾ തമ്മിൽ ഒരു പിണക്കവുമില്ല. ഇവിടെ ചിന്തിക്കാനും ധ്യാനിക്കാനുമൊക്കെ പറ്റിയ സ്ഥലമാണ്. എനിക്കതിലൊക്കെ നല്ല കമ്പമാണെന്നു കൂട്ടിക്കോളൂ."

അപ്പോളിവൻ ഭ്രാന്തനിൽ കമ്പം കയറി സന്യാസിയാകാൻ വന്നിരിക്കയാണ്. അബ്ബാസ് കാര്യങ്ങളുടെ ഗതി ഊഹിച്ചെടുത്തു. ഇതുപോലുള്ള സന്യാസിക്കമ്പക്കാർ മുമ്പും ഇവിടെ വരാറുണ്ടായിരുന്നത് അബ്ബാസ് കണ്ടിട്ടുണ്ടായിരുന്നു.

"ആണോ? എങ്കിൽ അതിനൊക്കെ പറ്റിയ കൃത്യമായ സ്ഥലവും ഇതുതന്നെയാണ്. ഇവിടെ പണ്ട് ഭ്രാന്തൻ എന്നു വിളിക്കുന്ന ഒരു സിദ്ധൻ താമസിച്ചിരുന്നു. അയാൾ കാരണമാണ് ഈ കുന്നിന് ഭ്രാന്തൻ കുന്ന് എന്ന് പേരു വന്നതു തന്നെ "
അബ്ബാസ് ചരിത്ര പശ്ചാത്തലം വിവരിക്കാനൊരുങ്ങവെ അവർക്കിടയിൽ സൗഹൃദത്തിൻ്റേതായ ഒരു വലയം രൂപപ്പെട്ടു വന്നു.

"അറിയാം. കുറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്.
ആ കഥകൾ തന്നെയാണ് എന്നെ ഇവിടേക്ക് ഏറെ ആകർഷിച്ചത്. "

ഓ, ഒരാകർഷണ സിദ്ധാന്തക്കാരൻ. ജമീലയുടെ ആകർഷണ പരിധി വിട്ടു പോരാൻ മാത്രം എന്തെങ്കിലും അവളുടെ കൈയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ടാവണം. അബ്ബാസ് അനുമാനിച്ചു.

ഇതൊക്കെ കേട്ടുകൊണ്ട്  കുന്നിൻ്റെ വിഗഹ വീക്ഷണത്തിൽ ഏർപ്പെട്ടു നിൽക്കുകയായിരുന്ന ചടയനും അവരുടെ സംഭാഷണങ്ങളിലേക്ക് കടന്നു കയറി.

" സുഖം മാത്രമല്ല, നല്ല അനുഭൂതിയും തരുന്ന സ്ഥലമാണ് ഈ കുന്ന്.
ഇവിടെ പണ്ട് താമസിച്ചിരുന്ന ആ സിദ്ധൻ്റെ അനുഗ്രഹം ഇവിടെ ഇങ്ങനെ വന്നിരിക്കുന്ന പലർക്കും  കിട്ടിയിട്ടുമുണ്ട്. ശരിയല്ലെ അബ്ബാസെ ?"
അബ്ബാസിനെ പിന്തുണക്കു വേണ്ടി ചടയൻ നോക്കി. അവർക്ക് തങ്ങളുടെ കാര്യസാദ്ധ്യത്തിന് പലരുടെയും പിന്തുണ കൂടി ആ സമയത്ത് ആവശ്യമായിരുന്നല്ലൊ.

" ഉവ്വുവ്വ്. "
അബ്ബാസ് അത് ശരിവെച്ച് തലയാട്ടി.

ചടയൻ കുറച്ചു കൂടി വാസുദേവനോടടുത്തു നിന്നു ഒരു രഹസ്യം പോലെ പറയാൻ ആരംഭിച്ചു.

"എനിക്ക് തോന്നുന്നത് വാസുദേവന് എന്തോ ഒരു അനുഗ്രഹം ആ സിദ്ധനിൽ നിന്നും കിട്ടിയിട്ടുണ്ടെന്നാണ്. "

" ഉവ്വ്. അത് ഈ നാട്ടുകാർ പറയുന്നുമുണ്ട്."
അബ്ബാസ് ചടയനെ നോക്കി കണ്ണിറുക്കി.

" വാസുദേവൻ എപ്പോഴെങ്കിലും കഞ്ചാവു വലിച്ചിട്ടുണ്ടോ?"
ചടയന് പ്രധാനമായും അറിയേണ്ട കാര്യമതായിരുന്നു.

" ഇല്ല."

"ഉം .എന്നാൽ കേട്ടോ. ഈ സിദ്ധന് കഞ്ചാവ് വളരെ പ്രിയപ്പെട്ടതായിരുന്നു. ഒരു വലിയ കഞ്ചാവു തോട്ടം തന്നെ സിദ്ധൻ ഇവിടെ ഉണ്ടാക്കിയിരുന്നു. എന്തു മാറാവ്യാധിയും സിദ്ധൻ്റെ കഞ്ചാവു ഗുളികക്കു മുന്നിൽ മാറുമത്രെ! അതുകൊണ്ടിവിടെ മുമ്പുണ്ടായിരുന്ന സിദ്ധൻ്റെ  പ്രതിഷ്ഠക്കു മുമ്പിൽ കഞ്ചാവുകൊണ്ടുണ്ടാക്കി പലതരം നിവേദ്യങ്ങളാണ് ആളുകൾ / കൊണ്ടുവന്നു വെക്കാറുണ്ടായിരുന്നതത്രെ!"
ചടയൻ ആർത്തിയോടെ തൻ്റെ കഞ്ചാവു വിവരണത്തിലേക്കു കടന്നു.

കഞ്ചാവിനെ പറ്റിക്കേട്ടപ്പോൾ ആദ്യമൊക്കെയായിരുന്നെങ്കിൽ വാസുദേവന് അവജ്ഞയുണ്ടാകേണ്ടതാണ്. എന്നാലിപ്പോൾ ആകാംക്ഷയാണുണ്ടായത്.

" ഡോ, വാസുദേവാ. താനീ നാട്ടിൽ കാണുന്ന സ്വാമിമാരൊന്നും ശരിക്കുള്ള സ്വാമിമാരല്ല. ശരിക്കുമുള്ള സ്വാമിമാരെ കാണണമെങ്കിൽ താൻ കുംഭമേളക്കു വരണം. അവിടെയാണ് സ്വാമിമാർ! ഒരു നൂലു വസ്ത്രമില്ല! തീട്ടവും ചോറും ഒരുമിച്ചിട്ടുകൊടുത്താലും രണ്ടും കഴിക്കും. ഇറച്ചിയായാലും മീനായാലും ഇനി ശവം തന്നെയായാലും എല്ലാം ഒരു പോലെ തിന്നും. തീയിലായാലും ഐസു കട്ടയിലിരുത്തിയാലും അതും അവർക്ക് ഒരു പോലെ തന്നെ. പാമ്പിനെ വരെ പേടിയില്ലാതെ കഴുത്തിലിട്ടു കളയും. ഇനി വേറെ ഒരു രഹസ്യം കേൾക്കണോ? ഇഷ്ടമായത് കഞ്ചാവാ. ആ കഞ്ചാവിൻ്റെ ബലത്തിലാ അവർക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യം കിട്ടണത്"
ചടയൻ ഗോവിന്ദൻ തൻ്റെ  ഉത്തരേന്ത്യൻ പരിചയങ്ങൾ അവർക്കു മുമ്പിൽ വിളമ്പി വെച്ചു. അവനിൽ ഉണരാനിരിക്കുന്ന സ്വാമിയിൽ തങ്ങളുടെ സാദ്ധ്യതകൾ വിജയിച്ചു വരുന്നതായി കണക്കു കൂട്ടി.

"ഒരു കണക്കിൽ നോക്കിയാൽ അതും ശരിയാണ്. മനസ്സിനെ ചുറ്റിവരിഞ്ഞ പേടിയുടെ കെട്ടഴിച്ചു കളഞ്ഞ് ഏതു ചുടുകാട്ടിലും വിവസ്ത്രനായി ധ്യാനനിരതനായിരിക്കാൻ, ശീതോഷ്ണാദികളെ ശരീരത്തിൽ ഭ്രമിച്ചു കേറാതിരിക്കാൻ കഞ്ചാവിൻ്റെ സഹായമില്ലാതെ പറ്റില്ല. ഇവിടെ പണ്ട് കഞ്ചാവുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ പോലീസുകാർ കത്തിച്ചു കളഞ്ഞത്രെ!"

വാസുദേവൻ്റെ വാക്കുകൾ ചടയനെ ചെറുതായി അസ്വസ്ഥനാക്കി. തൻ്റെതെല്ലാം കത്തിയെരിച്ചിട്ടു കടന്നു പോയ പോലീസുകാരെ അയാൾ മനസ്സാ ശപിച്ചു .

" വാസുദേവാ, നിനക്കെപ്പോഴെങ്കിലും കഞ്ചാവുപയോഗിക്കണമെന്ന് തോന്നിയിട്ടുണ്ടോ?"

"ഇല്ല."

"വേണം. നീയേതായാലും സ്വാമിയാകാൻ തീരുമാനിച്ച സ്ഥിതിക്ക് നിശ്ചയമായും അതുപയോഗിക്കണം എന്നാണ് എൻ്റെ അഭിപ്രായം. കഞ്ചാവിൻ്റെ പുക തട്ടാതെ ഒരു സ്വാമിയും  ശരിക്കും സമാധി കണ്ടിട്ടില്ല. അത്രക്കും പവറാ അതിന് ."

വാസുദേവൻ തലയാട്ടി. അവൻ സമാധി മോഹിച്ചിരുന്നു. അങ്ങിനെ വാസുദേവൻ്റെ സന്യാസി മോഹങ്ങളിൽ അവർ കഞ്ചാവിൻ്റെ പുക പടർത്താൻ ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .