2011, ജനുവരി 21, വെള്ളിയാഴ്‌ച

എന്റെ മാഫിയാ പ്രവൃത്തികള്‍ .

ഞാന്‍ മാഫിയ ഗ്രൂപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്നു .
ഇടക്കൊരു നോട്ടു കുറിക്കണം .
എഴുതാന്‍ മടി കാണിച്ചപ്പോള്‍ പേനയൂരി രീഫില്ലെടുത്തു നോക്കി .
ശരിയാണ് .
മഷി തന്റെ അവസാനത്തെ അടയാളവും കാണിച്ചിരിക്കുന്നു !

പുറത്തൊരു നര്‍മ്മക്കാരന്‍ !
ഛെ ,തെറ്റി ..
ധര്‍മ്മക്കാരന്‍ .

"നര്‍മ്മം തരണേ ...
നര്‍മ്മം തരണേ ..."

ഞാന്‍ എഴുന്നേറ്റു .
അടുക്കള യില്‍നിന്നുള്ള ബ്ലോഗ്‌ മോളുടെ പിന്‍വിളി കേട്ടില്ലെന്നു നടിച്ചു .

'ടാര്ര്ര്‍ ...'
(ഈയിടെയായി വാതില്‍ തുറക്കുമ്പോള്‍ വലിയ ശബ്ദമാണല്ലോ !.എന്താണാണാവോ .. )

ഹമ്മേ !
ഒരു പുലിയാണ് !
കൈയ്യിലൊരു ആപ്പിളിന്റെ സെറ്റ്‌  (മൊബൈലാണ് ട്ടോ .. ),
പുറത്തൊരു ഹുണ്ടായി കാറും!
ഗള്ളന്‍ ..
ഒരു ലക്ഷ്വറി പിച്ചക്കാരന്‍ തന്നെ !

ഹെന്റെ ഹമ്മാ ...ഹമ്മാ ...
ഈ കാലില്‍ വീണു പിച്ച ചോദിക്കേണ്ടത്‌ ശരിക്കും ഞാനാണ്‌ !

"സാറെ ഞാനൊരു പുതിയ ബ്ലോഗറാണ് ...."

'ബ്ലോഗ്ഗര്‍ 'എന്ന പ്രയോഗം തന്നെ തെറ്റാണ് മിസ്റ്റര്‍.
ഇതാരും സമ്മതിച്ചു തരില്ല  .
'ബെഗ്ഗെര്‍' 'ബെഗ്ഗെര്‍'എന്നാക്കൂ .
ഇയ്യാളെ ഒന്ന് തിരുത്തി നോക്കാം.

"  ഈ 'നര്‍മ്മം' എന്ന ഉച്ചാരണം ശരിയാണോ ?
 'ധര്‍മ്മം ധര്‍മ്മം '...എന്നാണ് വേണ്ടത് .
ഇവിടെ ഈ 'രാധാമണി' എന്നതിലെ 'ധ'വേണമെങ്കില്‍ നോക്കാം ."

"  'ഇ' ഇനിഷ്യല്‍ ആണോ സാര്‍.."

ഹിഹിഹി ...
മണ്ടന്‍ .
ഇവന്റെ തലയില്‍ ഒരു പിണ്ണാക്കും ഇല്ല !
ഇവനിപ്പോള്‍ എന്ത് കൊടുക്കും ?
ഒരു 'ഉവ്വ' കൊടുത്താലോ ..
"ഉവ്വ ഉവ്വ .."

"അനോണി മാഷ് പറഞ്ഞിട്ട് വന്നതാണ്‌ .
സാര്‍ ഇപ്പോള്‍ നര്‍മ്മത്തില്‍ കൈ വച്ചിട്ടുണ്ടെന്ന് അറിഞ്ഞു .
അല്‍പ്പം നര്‍മ്മം തന്നു സഹായിച്ചാല്‍ ....
ഈയുള്ളവനും ഒന്ന് പച്ച പിടിക്കുമായിരുന്നു   .
ചേതമില്ലാത്ത ഉപകാരമല്ലേ .
 'നോ താങ്ക്സ് 'എന്ന് പറയരുത് "

ഞാന്‍ തന്നെ ഇവിടെ മുഞ്ഞ പിടിച്ചിരിക്കയാണ്
അതിനിടയില്‍ ഇയ്യള്‍ക്കെന്തുകൊടുക്കും ?
"സോറി മിസ്റര്‍ .
നിങ്ങള്‍ പോയി ആ വെറളി യോട് ചോദിച്ചു നോക്ക് .
ഒഴക്കെങ്കിലും തരാതിരിക്കില്ല ."
അങ്ങിനെ അയാളെ വെറും കയ്യോടെ  പറഞ്ഞയച്ചു അനോണി മാഷോട് രണ്ടു ചോദിയ്ക്കാന്‍  ഞാന്‍ പുറപ്പെട്ടു .

അതിന്‍പ്രകാരം കാറെടുത്ത് ഫസ്റ്റ് ഗിയറിട്ട് ആക്സിലേറ്റര്‍ കൊടുക്കാതെ ക്ലച്ച് പതിയെ
അയച്ച്നോക്കി .
ഉണ്ടുണ്ട് .
കാര്‍ മുന്നോട്ടു പോകുന്നുണ്ട് .
പിന്നെ ഗിയര്‍ മാറ്റി സെക്കന്റും തേര്‍ഡ്‌ മൊക്കെ കൊടുത്തു അനോണി മാഷിന്റെ വീട്ടിലെത്തി .

ടും ടും ടും .
കറണ്ടില്ല .
അതുകൊണ്ട് വാതിലില്‍ മുട്ടിയതാണ് .

"ആരാട ഈ മുടിയാന്‍ നേരത്ത് ..."
അകത്ത് മാഷാരെയോ പിരാകുന്ന ശബ്ദം .

"ങ്ഹും .നീയായിരുന്നോ !"
മാഷ് വാതില്‍ തുറന്നു തന്നു .

പകല്‍ രാത്രിയോട്‌ വിട ചൊല്ലി വിതുമ്പുന്ന വേളയായത്‌ കൊണ്ട് ആ സമയം സന്ധ്യ എന്ന് കുറിക്കുന്നു .
അന്നുദിച്ച നക്ഷത്രങ്ങളെ സ്വപ്നം കണ്ടതും ,അന്നത്തെ അസ്തമയ സന്ധ്യയെ സ്നേഹിച്ചതും മാഷായിരുന്നു !

"ഇതെന്തിനാ കയറും കോടാലിയും ചാക്ക് കെട്ടുമൊക്കെ..?"
മാഷ്‌ തയ്യാറാക്കുന്ന രംഗപടം കണ്ടു അന്ധിച്ച് ഞാന്‍ ചോദിച്ചു .
"ഇതൊരു ഓപ്പറേഷന് ഉള്ളതാട "

അതിനു മാഷിന് എപ്പോള്‍ കിട്ടി ഈ ഡോക്ടരേട്റ്റ്.
ചോദിച്ചില്ല .
ചോദ്യം ഉള്ളില്‍ തന്നെ വച്ചു .

"ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ടേടാ .
നമ്മുടെ ആ കശ്മലനില്ലേ ,എന്താ അവന്റെ പേര് ...
ആ കിഷോര്‍ കുമാര്‍ ."

"ഉവ്വ .
പാരിജാതത്തിന്റെ ഹസ്സ്ബന്റുചേട്ടന്‍ "

"ലവന്‍ തന്നെ.
ചക്കരക്കുട്ടന്‍ പാരിജാതത്തിന്റെ പോസ്റ്റില്‍ കമന്ടിടുവാന്‍ തുടങ്ങിയത് മുതല്‍ കശ്മലന്റെ അടുക്കളയില്‍ എലിയും പെരുച്ചാഴിയും കയറി കമന്റിട്ടു തുടങ്ങി !
ഹഹഹ ..
അതല്ല രസം .
ഹോട്ടല്‍ ശാപ്പാട് കഴിച്ചു കഴിച്ച്  ടിയാനിപ്പം അള്‍സറിനു മരുന്ന് മേടിക്കാന്‍ ബീവരെജില്‍ ...
അല്ല ..മെഡിക്കല്‍ ഷോപ്പില്‍ ക്യൂ .."

"അപ്പോള്‍ മാഷവനെ കയറിട്ടു കെട്ടി ചാക്കിലാക്കാന്‍ പോകാണോ ?"

"എന്നിട്ട് വേണം അവന്‍ എനിക്കിട്ടു പണിയാന്‍ .
നീ ഐഡിയ യൊന്നും പോസ്ടണ്ട .
എന്റെ കൂടെ നിന്ന മതി "

"തല്ലു കൊള്ളുന്ന പണി വല്ലതും ആണോ മാഷേ ?"

"അതിനു നിന്റെ ഭാര്യയുടെ അടുത്തേക്കാണോ കൊണ്ട് പോകുന്നത് .
നീ ആ ചാക്കെടുത്തു തലയില്‍ വയ്ക്."

ചാക്ക് കെട്ടോന്നനങ്ങിയോ .
അതോ എനിക്ക് തോന്നിയതാണോ ?
അങ്ങനെ ഞങ്ങള്‍ ആ ഓപ്പറേഷന് പുറത്തിറങ്ങി .
പോകുന്ന പോക്കില്‍ നാണ്വാരുടെ ചായക്കടയില്‍ കയറി .
മാഷ് രണ്ടു ചിക്കന്‍ ചില്ലി പറഞ്ഞു .

"ഇവിടെ നിന്നും ചിക്കന്‍ ചില്ലി കഴിക്കുമ്പോള്‍ മടുപ്പിക്കുന്ന ഒരു ഗന്ധം പതിവുണ്ടായിരുന്ന താണല്ലോ.
അതെവിടെ ?"

"സോറി .ആ വെപ്പുകാരന്‍ ഇന്ന് ലീവിലാണ്‌ .
അവനിത് കഴിച്ചു വയറിനു സുഖമില്ല "
നാണ്വാരു മറുപടി തന്നു .
കൂടെ ബില്ലും ...

ഞങ്ങള്‍ മുന്നോട്ടു നടന്നു .
ആകാശത്തുനിന്നും നിലാമാഴയുടെ വെള്ളിവെളിച്ചം ഞങ്ങള്‍ക്ക് മേല്‍ നനുനനുത്തു തൂകി ക്കൊണ്ടിരുന്നു .
ഛീ ഛീ ..
മാഷ്‌ മഴ നനഞ്ഞിട്ടെന്നപോലെ തുമ്മി .
"ജലദോഷം ഉണ്ടോ ?"
"മൂക്കിപ്പൊടി വലിച്ചിട്ടാടാ "
എന്നുത്തരം .
ഞങ്ങള്‍ക്കിടയില്‍ മൌനം തൊട്ടാല്‍ പൊട്ടുന്ന നീര്‍ക്കുമിള കളായി പാറി നടന്നു .

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ വീട്ടിലെത്തി .

 ഞങ്ങള്‍ ഗേറ്റ് ചാടി കോമ്പൌണ്ടില്‍ പ്രവേശിച്ചു .
ഗേറ്റില്‍ ചുറ്റി പ്പുണര്‍ന്നു കിടന്നിരുന്ന മുല്ല പോലും അറിയാതെ !

"ഇനി ആ ചാക്കഴിക്ക് "

മാഷ് പറഞ്ഞത് പോലെ ഞാന്‍ ചാക്കഴിച്ച് നോക്കിയപ്പോള്‍ ...

"ഇതെന്ത മാഷെ കഴുതയാണോ ?"

"ഒരു തമാശ പറഞ്ഞാല്‍ നീ ചിരിക്കാന്‍ കുറെ നേരമെടുക്കുന്നു .
അത് ഉടുമ്പ്‌ ആണെടാ .
നീ കയറെടുത്ത് അതിന്റെ അരയില്‍ കെട്ട്.
എന്നിട്ട് മുകളിലെക്കെറിയു.
ആ കയറിലൂടെ വേണം മുകളിലേക്ക് കയറാന്‍ ."

"മാഷ് ഈ കയറിലൂടെ ഒക്കെ കയറുമോ ?"

"ആക്കിയതാണല്ലേ...
ഞാനാ വൈദ്യര് മാഷിന്റെ കുറിപ്പടി വായിച്ചു യോഗ പഠിച്ചതല്ലെടാ "

"ന്റെ പട്ട്യെ,
ദെന്തിനാ ന്നെ ങ്ങനെ ചെയ്തെ ..
ഇക്ക് നടക്കാനും പറ്റാണ്ട് ആയീലോ .."
അകത്തു ചക്കര ക്കുട്ടന്റെ അമ്മ കുഞ്ഞിപ്പെണ്ണ് പിരാകുന്നത് കേള്‍ക്കാമായിരുന്നു .
കഴിഞ്ഞ ആഴ്ച ആണല്ലോകുഞ്ഞിപ്പെണ്ണിനെ  റൊണിന്റെ പട്ടി കടിച്ചത് .. 

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ ബെഡ് റൂമിനു അരികിലെത്തി .
അവന്റെ ഫൈബര്‍ ജാലകത്തില്‍ മാഷ്‌ കട്ടര്‍ കൊണ്ട് ഒരു മൊട്ട വരച്ചു .
എന്നിട്ട പതുക്കെ ഒരു തട്ട് .
'ടിന്‍ ..'
മൊട്ട താഴെ വീണു .

ആ ജാലക പ്പഴുതിലൂടെ ഞങ്ങള്‍ അകത്തേക്ക് നോക്കി .
ചക്കരക്കുട്ടന്‍ അതാ ലോഗിന്‍ ടൈപ്പ് ചെയ്യുന്നു .
ആ ദൃശ്യം മാഷിന്റെ ക്യാമറ ഒപ്പികൊണ്ടിരുന്നു .
പാസ് വേഡില്‍ ക്ലിക്ക് ചെയ്തു ഡാഷ് ബോര്‍ഡില്‍ കയറിയപ്പോള്‍ ..

"മതി നമുക്ക് പോകാം ".
മാഷ് പറഞ്ഞു .
അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി .
ആളൊഴിഞ്ഞ നിരത്തില്‍ ഒരു ബസ്സ്‌ സ്റ്റോപ്പില്‍ ഞങ്ങള്‍ കുത്തിയിരുന്നു .
മാഷ് ക്യാമറ ലാപ്പില്‍ കണക്ട് ചയ്തു .

"  പാസ് വേഡ നമുക്ക് സ്ലോ മോഷനിട്ടു കണ്ടു പിടിക്കാം ."

"അതാ അവന്‍ 'C'അമര്‍ത്തി .
'H'..'A'..'K'..'K'..
'A'രണ്ടു പ്രാവശ്യം അമര്‍ത്തി ."

"അതുണ്ടാവും..
അങ്ങിനെ അത് കയ്യിലായി .
ഇനി അവനൊരു പണി കൊടുക്കം "

മാഷവന്റെ  പാസ് വേഡുമാറ്റി ബ്ലോഗ്ഗുകള്‍ എല്ലാം ഡിലീറ്റ് ചെയ്തു .

ഇരുട്ടില്‍ ആരോ ഓടി വരുന്ന ശബ്ദം .
മാഡം വരുകയാണ് .

"മാഷെ അതാ മാഡം വരുന്നു "

"ഹൌസ് മൈഡോ.
അവള്‍ വരട്ടെ .
അവളെ ഞാന്‍ ആ തൊമ്മി ക്കുഞ്ഞിന്റെ വീട്ടില്‍ ജോലിക്ക് വിട്ടതാട"

"കിട്ടി മാഷെ ."
മാഡം ഒരു എ ടി എം കാര്‍ഡ്‌ മാഷിന്റെ കൈയ്യിലേക്ക് ഇട്ടു കൊടുത്തു .

"ഒരു പാടു ബുദ്ധിമുട്ടിയല്ലേ
ഞാന്‍ തന്ന
കാര്‍ഡ്‌പകരം വച്ചിട്ടില്ലേ ?"

"ഉവ്വ്  "

"നാളെ അവന്‍ കാര്‍ഡ്‌ മെഷീനില്‍ ഇടുമ്പോള്‍ വിവരമറിഞ്ഞോളും"

പെട്ടെന്ന് ഒരു ലോഹ ക്കുഴലിന്റെ സ്പര്‍ശം .
പിന്നില്‍ സി ഐ ഡി മൂസ !

"യുവര്‍ അണ്ടര്‍ അരസ്റ്റ്."
പിസ്റ്റള്‍ വിരലിലിട്ടു കറക്കി മൂസ പറഞ്ഞു .
ഞങ്ങള്‍ കൈകള്‍ ഉയര്‍ത്തി പ്പിടിച്ചു .

"ഓടി രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .
ഓട്ടത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല .
ശംശയമുണ്ടെങ്കില്‍ നോക്കാം ."

"എനിക്ക് സംശയമുണ്ട്‌ "
മാഷ് പറഞ്ഞു .

"എന്നാല്‍ നോക്കാം "
മൂസ .

അങ്ങനെ ഞങ്ങള്‍ ഓടാന്‍ തുടങ്ങി .
ഓട്ടത്തില്‍ മൂസ അതിവേഗം ബഹു ദൂരം മുന്നേ ആയപ്പോള്‍ മാഷിന് മാത്രം അറിയാവുന്ന ഒരു ഇട വഴി യിലൂടെ ഞങ്ങള്‍ ഗതി മാറി ഓടി .
*****

2011, ജനുവരി 11, ചൊവ്വാഴ്ച

ബ്ലോഗ്‌ മാഫിയ ബാധിച്ചു !

ചാറ്റ് മീറ്റിംഗ് തുടങ്ങി .
@"....(((((((((റോ))))))))....       
ആദ്യത്തെ ചോദ്യം എന്റെ വക .
ചോദ്യം ഇത് തന്നെ ."
-അനോണി മാഷ് .

@"തന്റെ ആ 'ചെമ്പരത്തിപ്പൂവ് ' എന്ന കഥയില്‍ കേശവന്‍കുട്ടി എന്തുകൊണ്ട് കല്യാണം കഴിച്ചില്ല ?
പറയടോ എടോ പറയാന്‍ ..."
-അഞ്ഞൂറാന്‍ .

@"എടോ തന്റെ ബ്ലോഗിലെ എല്ലാ സ്തീ കഥാപാത്രങ്ങളും അബലകളാണ് .
ഇത് ഞങ്ങള്‍ കമന്റിടാന്‍ വരാത്തത് കൊണ്ടു സംഭവിക്കുന്നതാണോ ?
വേഗം പറ ..
ബാക്കിയുള്ളവരും ഇവിടെ തിക്കിതിരക്കി നില്‍ക്കുന്നുണ്ട് .
പറ പറ ..."
-പൂത്തിരുവാതിര .

@"ഈ ബ്ലോഗ്‌ തുടങ്ങിയെപ്പിന്നെ താങ്കള്‍ക്ക് കിട്ടിയ നല്ലൊരു അനുഭവം ?"
-കൂനം മൂച്ചി .

ചോദ്യം എല്ലാതും സമൂലം വായിച്ചു .
എന്നിട്ട് ബ്ലോഗ്‌ മാനിയ പകര്‍ന്നു പുറത്തു പോകാതിരിക്കാന്‍വച്ച കറുത്ത കണ്ണട ചെറുവിരലാല്‍ അല്‍പ്പം ഉയര്‍ത്തി മൂക്കുംപാലത്തില്‍ ഉറപ്പിച്ചുനിര്‍ത്തി ,കീബോര്‍ഡ് എടുത്തു മടിയില്‍ കയറ്റി വച്ചു, ദാ ഇങ്ങനെ മറുപടി ചട പടാന്ന് ടൈപ്പുചെയ്യാന്‍ തുടങ്ങി .

ആദ്യം ബ്ലോഗു തുടങ്ങാനിരുന്ന കാലം ,...
കറന്റ് ,വായു ,വെളിച്ചം തുടങ്ങിയ അവശ്യ വസ്തുക്കളെല്ലാം റെഡി .
പക്ഷെ ആശയം ...
അതുമാത്രം ഇനിയും ലഭ്യമായിട്ടില്ല !

ഒരു ആശയത്തിനുവേണ്ടി അറിയാവുന്നവരെ എല്ലാം വിളിച്ചുനോക്കി ...
ഔട്ട്‌ ഓഫ് റെഞ്ച് .
അല്ലെങ്കില്‍ സ്വിച് ഓഫ് !
അങ്ങനെ ഇരുന്നു തലമുടി പിടിച്ചു വലിക്കുന്ന നേരത്താണ് ഒരു കോളിംഗ് ബെല്‍ ...
'ടിംഗ് ടോം  ടിംഗ് ടോം...'

വേഗം എല്ലാം വാരിയെടുത്തു യാദാസ്ഥാനം വച്ച് ഓടിച്ചെന്നു വാതില്‍ തുറന്നു .
പടിവാതില്‍ക്കല്‍ അതാ അവള്‍ !

"ആരാ മനസ്സിലായില്ലല്ലോ "
വിഭ്രമപ്പെട്ടുചോദിച്ചു .

"ഇവിടെക്കൊരു സെര്‍വന്റിനെ വേണം എന്ന് പറഞ്ഞിരുന്നു ."
അവള്‍ കമന്റി .

മനസ്സിലൊരു ലഡ്ഡു പൊട്ടി !
എന്നാലും ഇതെപ്പോള്‍ സംഭവിച്ചു ?
ഞാനറിഞ്ഞില്ല .
ഇനിയൊരു പക്ഷെ ഭാര്യ എങ്ങാനും ..

"എടിയേ ...'
അകത്തോട്ടു നോക്കി ഞാന്‍ വിളിച്ചു .

"വിളിക്കേണ്ട .സാറിന്റെ ഭാര്യ യിപ്പോള്‍ ഇവിടില്ല "

ശ്ശെടാ,ഞാനറിയാതെ എന്റെ ഭാര്യ എവിടെപ്പോയി!

"സോറി മിസ്റ്റര്‍ ,സാററിയാതെയാണ് സാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടില്‍ പോയത് .ഇവിടത്തെ കാര്യങ്ങള്‍ എല്ലാം നല്ലോണം നോക്കിക്കോണം എന്ന് പറഞ്ഞു എന്റെ കൈയ്യില്‍ ഒരു മാസത്തെ ശമ്പളം അഡ്വാന്‍സും തന്നു !
അടുക്കള എവിടെ ?"
സ്വന്തം സ്കൂട്ടിയുടെ ചാവി വിരല്‍ത്തുമ്പില്‍ കറക്കി അവള്‍ പൂമുഖ വാതില്‍ക്കല്‍ ആദ്യത്തെ കാല്‍ വച്ചു .

"എന്നാലും നിങ്ങള്‍ എവിടുത്തെഎന്നറിയാതെ ..."
എന്നില്‍ സംശയങ്ങള്‍ കുഴഞ്ഞു മറിഞ്ഞു !

"ഹി ഹി ഹി ഹ്..
എന്റെ സാറെ ,
 സാറിന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റെഴുതുന്ന അനോണി മാഷിന്റെ എക്സ് സെര്‍വന്റ ഞാന്‍ .."
ഇതും പറഞ്ഞവള്‍ ചിരിച്ചു കുഴഞ്ഞ് അകത്തേക്ക് കയറിപ്പോയി .

ഞാന്‍ ആകെ കണ്ഫ്യൂഷന്‍ ആയി വണ്ടര്‍ അടിച്ചു ബെഡ് റൂമില്‍ ചെന്ന് കയറിയപ്പോള്‍ കണ്ട കാഴ്ച്ച !
എല്ലാം വാരിച്ചെരിഞ്ഞിരിക്കുന്നു ...
കുപ്പിയും ഗ്ലാസും പൌഡര്‍ ടിന്നും ഒക്കെ .
മേശ വലിപ്പും അലമാരിയുടെ  വാതിലും എല്ലാം തുറന്നു കിടപ്പുണ്ട് .
ഇതെങ്ങനെ സംഭവിച്ചു ?
എന്നാലും എന്റെ ഭാര്യെ ...

ഇനി അല്‍പ്പം ഫ്ലാഷ് ബാക്ക് .

കുളത്തെ പറ്റി ധാരാളം എഴുതുകയും നല്ല തിരക്കുള്ള കുളങ്ങളുടെ കളര്‍ഫുള്‍ ഫോട്ടോകള്‍ പോസ്റ്റില്‍ കൊണ്ടു വന്നിടുകയും ചെയ്യുമായിരുന്നു അന്ന് ഞാന്‍ .
അതിനു വേണ്ടി കുളങ്ങളായ കുളങ്ങളൊക്കെ കവറേജുചെയ്യാന്‍ കാമറയും തൂക്കി കാറില്‍ ഇങ്ങനെ സഞ്ചരിക്കവേ ...
'(((റോ)))..'
കമന്ടിട്ടതല്ല ,ടയര്‍ പൊട്ടിയതാണ് .
ഹി ഹി ഹി ...

പഞ്ചാരയായ..
സോറി ,പഞ്ചറായ കാര്‍ തേങ്ങയില്ലാത്ത ഒരു തെങ്ങിന്റെ തണലില്‍ മാറ്റിയിട്ടു ,ചടു പറോന്നു തിരക്കിട്ട് സ്റ്റെപ്പിനി ടയര്‍ തിരുകി കയറ്റുമ്പോള്‍ ആണ് ,
'സ്റ്റെപ്പിനി  സ്റ്റെപ്പിനി  'എന്നൊരു ആശയം എന്റെ മനസ്സില്‍ റിവേഴ്സ് ഗിയറിട്ട് ഇടിച്ചു കയറിയത് !

പോയ കാര്യങ്ങള്‍ എല്ലാം ഒരുവിധം സാഹസപ്പെട്ടു സാധിച്ച് വീട്ടില്‍ തിരിച്ചു വന്നു കയറുമ്പോള്‍ ഭാര്യ മിക്സി യില്‍ അരച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു .

"എടീ ഭാര്യെ ,
നീയിങ്ങനെ തേരാ പാരാ അരച്ചു കൊണ്ടിരിക്കുമ്പോള്‍ ആമ്പിയറുകൂടി മിക്സി പെട്ടെന്ന് കത്തിപ്പോയി എന്ന് വിചാരിക്കുക "

"വിചാരിക്കാം .."

"അപ്പോള്‍ നീ എന്ത് ചെയ്യും ?"

"എല്ലാം കോരി എടുത്തു അമ്മിയിലിട്ടു നന്നയിട്ടങ്ങനെ അരയ്ക്കും".

"ശരി ശരി ,
നമ്മുടെ വാഷിംഗ് മെഷീന്‍ ഇങ്ങനെ അലക്കി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വെടി തീര്‍ന്നു പോയാലോ ?"

'എല്ലാം അലക്ക് കല്ലില്‍ എടുത്തിട്ടു ഇങ്ങനെ അലക്കും ."

ഈ ഭാര്യയുടെ ഒരു കാര്യം !
ഇവള്‍ ശരി യാകുന്ന ലക്ഷണമില്ല ...

"അതൊക്കെ പോട്ടെ ,
ഈ ഫ്രിഡ്ജ് പെട്ടെന്ന് അടിച്ചു പോയാലോ ?"

"അന്നേരം അതിനകത്ത് ഉള്ളതെല്ലാം ഞാനെടുത്തു  അടുപ്പിലോട്ടു ഇട്ടും .
ഒന്ന് പോ മനുഷ്യ പണി മെനക്കെടുത്താതെ ..."

ഇവള്‍ ഒരു നടക്കു പോകുന്ന ലക്ഷണമില്ല .

"എടിയെ ,
ഞാന്‍ പറയുന്നത് ഈ ഫ്രിട്ജിന്റെയും മിക്സിയുടെയും വാഷിംഗ് മേഷീന്റെയുമൊക്കെ ഓരോ സ്റ്റെപ്പിനികള്‍ ഉണ്ടായിരുന്നെങ്കില്‍ ...!"

"സ്റ്റെപ്പിനി ...?"
അവളല്‍പ്പം ആലോചിച്ചു നിന്നു .
മൂക്ക് ചുവക്കാന്‍ തുടങ്ങി യപ്പോള്‍ അവളൊന്നു തുടച്ചു .
അങ്ങിനെ ചെയ്തപ്പോള്‍ അറിയാതെ അല്‍പ്പം മുളക് പൊടിയും അകത്തേക്ക് കയറി !
"ച്ച്ച്ഹീ...
പോ മനുഷ്യ ,
നിങ്ങളെ ഇനിയെന്റെ കണ്മുന്നില്‍ കണ്ടു പോകരുത് !"

ഉഷാര്‍ ഉഷാര്‍ !
കാര്യങ്ങള്‍ അങ്ങിനെ ഭംഗി യായി കലാശിച്ചു .

"ഉപ്പില്ല ,മുളകില്ല ,പഞ്ചാരയില്ല ,കിഞ്ചാരയില്ല...
സോപ്പില്ല ,കോപ്പില്ല ,അരിയാട്ടന്‍ കരന്റുമില്ല.
ഇതെന്തോന്ന് അടുക്കളയ സാറെ ഇത് ....!"
സെര്‍വന്റിന്റെ ശബ്ദമാണ് .

"ക്ഷമി ,
എല്ലാം ഞാനിപ്പോള്‍ വാങ്ങിക്കൊണ്ടു വരാം..
സോറി പേരെന്താന്നപറഞ്ഞത് ?"
ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

"മാഡം.
ഹിഹിഹി ..."

"അപ്പോള്‍ മോഡം...
സോറി മാഡം,
പറയുന്നതില്‍ തെറ്റിദ്ധരിക്കരുത് !
കാറിനല്പ്പം സ്റ്റാര്‍ട്ടിംഗ് ട്രെബിള്‍ ഉണ്ടായിരുന്നു !.."

"എന്ത് ,ഗ്യാസ് ട്രബിലോ ?
ഏയ്‌ ...
വണ്ടി തള്ളാന്‍ എന്നെ കിട്ടില്ല !
ഉവ്വേ ..
അതിനു സ്റെപ്പിനി വേറെ നോക്ക് സാറെ ..
കാര്യങ്ങളൊക്കെ സാറിന്റെ ഭാര്യ പറഞ്ഞു തന്നിട്ടുണ്ട് .
ഈ പരിപ്പൊന്നും ഇവിടെ വേവില്ല സാറെ ..."

'ചിക് പുക്ക് ചിക് പുക്ക് റെയിലെ...'

തെറ്റിദ്ധരിക്കരുത് ,
ഒരു മിസ്കോള് വന്നതാണ്‌ .
ആരാന്നു തിരിച്ചു വിളിച്ചു നോക്കട്ടെ .
അത് വരെ ഒരു കമെഴ്സല്‍ ബ്രേക്ക് ..

"ഹലോ ,
ആരാണ് ?
"..................."
"ഓ മാഷയിരുന്നോ ?
പിന്നെ എന്തൊക്കെയുണ്ട് ?"
".................."
"രണ്ടുപേര്‍ ബ്ലോഗില്‍ തല്ലുകൂടുന്നോ ?
ബ്ലോക്കില്‍ ആയിരിക്കും ...
ഇലക്ഷന്‍ കഴിഞ്ഞതിന്റെ ബാക്കിയാവും .."
".................."
"ചക്കരക്കുട്ടന്റെ ബ്ലോഗിലോ !
എന്നിട്ട് .."
"................."
"അവന്റെ സഹോദരി അവന്റെ അളിയന്റെ വീട്ടിലല്ലേ !"
"................"
"ശരി പിന്നെ കാണാം ".

മാഷായിരുന്നു .
ഈ മാഷുടെ ഒരു കാര്യം !
പരദൂഷനത്തിലാ പി എച്ച് ഡി .

അങ്ങിനെ ഒരു തരത്തില്‍ അടുക്കള പ്രശ്നം തീര്‍ത്തു ബ്ലോഗെഴുതാന്‍ ഇരുന്നു .

"ദേ ചായ ..."

"അവിടെ വച്ചേക്കൂ ....
അല്ല മാഡം,
മാഡം ഈ ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും ഒക്കെ പോകാറുണ്ടോ?"

"ഇല്ല സാറെ ,
മാര്‍ക്കറ്റില്‍ പോകാറുണ്ട് ."

"ച്ചെ ,
കളഞ്ഞില്ലേ !"

"എന്ത് ,
ചായയോ ?"

"ആ വിഷയം വിട് .
മാഡം ഇവിടിരിക്ക് .
ഞാനീ ചാറ്റിങ്ങും കോണ്ഫരന്സിങ്ങും ഒക്കെ പഠിപ്പിച്ചു തരാം ".

"ഹിഹിഹി ,
സാറിനിഷ്ടമാണെങ്കില്‍ ..."

അങ്ങിനെ ലോഗിന്‍ ചെയ്തു വെബ് കാമില്‍ പോയതേയുള്ളൂ ,

'ടാര്‍ര്‍.....'

പെട്ടെന്ന് പിന്‍വാതില്‍ തുറക്കുന്ന ഒരു ശബ്ദം .
തിരിഞ്ഞ് നോക്കിയതും ചിരവ മുട്ടിക്കടി കൊണ്ടതും' ശറെ'ന്നു കഴിഞ്ഞു !

നക്ഷത്രം എണ്ണുന്നതിനും ബോധം മറയുന്നതിനും മുന്‍പ് ഭാര്യ വീണ്ടും ചിരവ ഉയര്‍ത്തുന്നത് കാണാനും ഒരു ഭാഗ്യമുണ്ടായി !

ഇതൊരു നല്ല അനുഭവമാണോ ?
ഇനി  അടുത്ത ചോദ്യത്തിലേക്ക് കടക്കാം .

*****

2010, ഡിസംബർ 30, വ്യാഴാഴ്‌ച

നര്‍മ്മം വന്ന വഴി... !

ഇരു കൈകളും തലയില്‍ വച്ച് ,
മുടിയിഴകളില്‍ തടവിത്തടവി പിന്നെയിങ്ങനെ ചുരുട്ടിപ്പിടിച്ച്  രണ്ടു ഭാഗത്തേക്കു പിടിച്ചുവലിച്ച് ,
പല്ലുഞെരിച്ച്  ഇങ്ങനെ ഇങ്ങനെ ...

‘ഗ്വാ‍...‘
പെട്ടെന്നൊരു ഓക്കാനം.
ദാ കിടക്കുന്നു..!
വെള്ളി വാളു പോലൊരു നര്‍മ്മം...!!

“എന്നാ തൊടങ്ങാല്ലേ ആശാനെ ”
പിറന്ന പാടെ മിടുക്കന്‍ പറഞ്ഞു.
എന്നിട്ട്  മടിക്കുത്തിനു പിടിച്ച്  ദാ ദിങ്ങനെ ദിങ്ങനെ ദിങ്ങനെ...

...((((റോ)))...
ചെന്ന് വീണത്‌ നാണ്വാരുടെ ചായക്കടയില്‍ .
ഹമ്മേ ...
(നടുവുളുക്കിയെന്നു തോന്നുന്നുണ്ട്).

“ഒന്നും പറ്റിയിട്ടില്ലാ.
ചുമ്മാ..”
വെറുതെ ഒരു കമന്റിട്ടുനോക്കിയതാണ്.
ആളു വീണു. !
ഹി...ഹി...

എന്റെ വാക്കുകേട്ട്  ആശ്വാസത്തോടെ ‘കറു മുറാ ‘ന്ന്  പപ്പട വട കടിച്ചുതിന്ന്  മധുരമലിയാത്ത ചായ ഇങ്ങനെ ഇളക്കിയിളക്കി വീണ്ടും പണി തുങ്ങിയത്  ആരാന്നറിയാമോ..!
നമ്മുടെ പ്രശസ്ത...(പേരു പറയുന്നില്ല).
ഹി...ഹി...

“ഗൊള്ളാം മാഷെ.വരവ് അസ്സലായി”.

ഞാന്‍ ലജ്ജിച്ചുപോയി.
നാണ്വാരെല്ലാം കണ്ടിരിക്കുന്നു !

“എന്നാ പിന്നെ ഒരു ചായയാവാം”.
നാണ്വാര്.

ചായയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ,
പെട്ടെന്നുള്ള യാത്രത്തിരക്കിനിടയില്‍ കാശെടുക്കാന്‍ മറന്നിരിക്കുന്നു!

“അപ്പോ കടിക്കാനെന്താ ?”
ദേ പിന്നേം നാണ്വാര്.

കടിയുടെ കാര്യം അങ്ങിനെ ചിന്തിച്ചിരുന്നപ്പോഴാണ് ‘ക്ടിം...’ എന്ന ശബ്ദം.

അവനാരാ മ്വാന്‍...
നാണ്വാരുടെ മോന്‍...
കൈ തട്ടി ഒരു ഗ്ലാസ് താഴത്തിട്ട് പൊട്ടിച്ചിരിക്കുന്നു...!

'ട്ടപ്‌ '
നാണ്വാരുടെ കൈയും വെറുതെയിരുന്നില്ല.
കരഞ്ഞുകൊണ്ട് ഓടിപ്പോകുന്ന പോക്കില്‍ ഒരു ബോണ്ടയെടുക്കാന്‍ മ്വാനും മറന്നില്ല.
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആയിരിക്കെ ആണ് ,
“ഒരു ബോണ്ട പാഴ്സല്‍ “എന്നു പറഞ്ഞ് ഒരു അജ്ഞാതന്‍ വന്നുകയറിയത് !

ഊശാന്താടിയും തോള്‍സഞ്ചിയും മുറിബീഡിയും ഒക്കെയുണ്ട്.

നാണ്വാര് ആഗതനെ ഒന്ന് അടിമുടി നോക്കി.
ഞാനപ്പോള്‍ ആടുന്ന ബഞ്ചില്‍ ബാലന്‍സുചെയ്യുന്നതിന്റെ തത്രപ്പാടിലായിരുന്നു.
പെട്ടെന്നാണ് ബെഞ്ചിന്റെ എതിര്‍ സൈഡില്‍ അജ്ഞാതന്‍ ‘ടപ്പേ’ എന്നു വന്നിരുന്നത്.
പിന്നെ ഞങ്ങള്‍ രണ്ടു പേരും ബെഞ്ചും കൂടെ താഴെകിടന്ന് സ്നേഹിച്ചു സ്നേഹിച്ച്...

“ഓ സോറി”
അജ്ഞാതന്‍ സോറി പറഞ്ഞു കൈ തന്നു.
പിന്നെ എനിക്കെന്താ..
“ഞാനും സോറി”

നാണ്വാരുമാത്രം ശകലം മാത്രം കടുപ്പമുള്ള ഭാഷയില്‍ പതുക്കനെ രണ്ടു തെറി പറഞ്ഞിട്ട് ബെഞ്ചിനെ കയ്യും കാലും വേറെ പെറുക്കിയെടുത്ത് ഒരു മൂളലോടെ ഷിഫ്റ്റ് ,
ഒരൊഴിഞ്ഞ മൂലയിലേക്ക്...

അടുത്ത ബെഞ്ചില്‍ അത്രമാത്രം ശ്രദ്ധിച്ച് ഞങ്ങള്‍ വീണ്ടും ഇരിപ്പായി.

“ബൈ ദ ബൈ ഇപ്പോള്‍ കഴിക്കാന്‍ എന്താണുള്ളത് ?”
അജ്ഞാതന്‍ താടിയൊന്നു തടവി.

നാണ്വാര് വീണ്ടും ഒന്ന് മൂളി.
പിന്നെ മനസ്സലിഞ്ഞു .
"ദോശ,ഇഡ്ഡലി ,പുട്ട് ,പൊറോട്ട .."

"കറി ?"
ഊശാന്താടി.

"ബീഫുണ്ട് ,പിന്നെ സാമ്പാറും .."
നാണ്വാര് ഒന്നിരുത്തിനോക്കി .

"എന്നാപിന്നെ രണ്ടുപേര്‍ക്കുള്ള പൊറോട്ടയും ബീഫും പോരട്ടെ .."

അതെന്തിനാ രണ്ടുപേര്‍ക്കുമെന്നു ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഊശാന്താടി എന്നോടൊരു ചോദ്യം ..
"ബൈ ദ ബൈ കൂടെ കഴിക്കുന്നതില്‍ വിരോധം വല്ലതും ..?"

അന്ധാളിച്ച് ഇല്ല ഇല്ല എന്നുഞാന്‍ കണ്ണടച്ചു കാണിച്ചു .
"മനസ്സിലായില്ലായിരുന്നു ..?"

"ഓ സോറി .
പരിചയപ്പെടുത്താന്‍ ഞാന്‍ മറന്നുപോയി .
കണ്ടിട്ടുമനസ്സിലായില്ല അല്ലെ .
കേട്ടാല്‍ അറിയും .
എന്റെ പേര് അനോണിമാഷ്‌ ."

എന്റമ്മേ ..
ഞാനൊന്നു കിടുങ്ങി ..!
"ഈ കമന്റുകള്‍ എല്ലാം ഇടുന്ന ...?"

"തന്നെ തന്നെ .."

"പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം !
എന്റെ പേര് ...."

"അറിയാം അറിയാം .
താങ്കളുടെ ബ്ലോഗിലും ഞാന്‍ രണ്ടു മൂന്നെണ്ണം പൂശിയിട്ടുണ്ട് ."

"ഹ ...തെ.
ന ..നന്നായിട്ടുണ്ട് .."

 നാണ്വാര് ഞങ്ങളുടെ മുന്‍പില്‍ പൊറോട്ടയും ബീഫും നിരത്തി .
"മുട്ട പുഴുങ്ങിയത് ഉണ്ടായിരുന്നു .."

"വേണോ ?"
അനോണിമാഷ്‌ എന്നോടു ചോദിച്ചു .

"ആകാമല്ലേ .."
ഞാന്‍ .

ഉടനെ അതും നിരത്തപ്പെട്ടു .

"അവളെ പിന്നെ കണ്ടുവോ ?"
അനോണിമാഷ്‌ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം എറിയുന്നു !

"അത് പിന്നെ ...അത് പിന്നെ ..."

മാഷ് അല്‍പ്പംകൂടി എന്നോടു ചാഞ്ഞിരുന്നു.
"പറഞ്ഞോളൂ .."

കഥ രസം കേറുന്നത് കണ്ടു നാണ്വാരും കൂടെ കൂടി .
"പറഞ്ഞ് കൊടുക്ക് മോനെ ആ മാഷുക്ക് "

"ഇല്ല കണ്ടിട്ടില്ല ... "

"ശരിക്കും ?
നന്നായിട്ടാലോചിച്ചുനോക്ക്...
ഒരു നിഴല് പോലെയെങ്കിലും ...?"

"സത്യമായിട്ടും ഇല്ലന്നെ ".

അങ്ങിനെയിരിക്കെ മേശപ്പുറം കാലിയായി!

"എല്ലാം കൂടി എത്രയായി ?"
മാഷ്   നാണ്വാരോട്‌ ബില്ല് ചോദിച്ചു .

"എല്ലാം കൂടെ ഒരു തൊണ്ണൂറ്റിയന്ച് അന്‍പത്‌ "
നാണ്വാരു വിരല്‍ക്കുലേട്ടര് കൂട്ടി നോക്കി പറഞ്ഞു.

അനോണിമാഷ്‌ ഈസിയായി പോക്കറ്റില്‍ വിരലിട്ടതും ഞെട്ടിവിറച്ചതും ഒരുമിച്ചായിരുന്നു !
"അയ്യോ ,എന്റെ പോക്കെറ്റ് അടിച്ചു ..."

സത്യം !
ഉടനെ കരണ്ടു പോയി .
ഫാന്‍ തിരിഞ്ഞ് നിന്നു.

"നാശം പിടിക്കാന്‍ ...
കരണ്ടും പോയി !"
 നാണ്വാര്‍.

അനോണിമാഷ്‌ എന്റെ പോക്കെറ്റ്‌ തപ്പിനോക്കി.
ശൂന്യം ശൂന്യം സര്‍വത്ര ..!
"എന്റെ ദൈവമേ ..
ഇനിയെന്ത് ചെയ്യും ..?"

"എന്നാല്‍ ഒരു കാര്യം ചെയ്യാം .
രണ്ടും കൂടെ അകത്തോട്ടു വാ ."
ഇപ്പോള്‍ ചെന്ന് നിന്നതോ ആട്ടുകല്ലിന്റെമുന്‍പില്‍ ...

"തല്‍ക്കാലം കരണ്ടു വരുന്നതുവരെ ഇത് അരച്ചേക്കൂ.."
ആട്ടു കല്ലില്‍ അരിയിട്ട് കൊണ്ടു നാണ്വാര്‍ പറഞ്ഞു .

"ഇതെങ്ങനെ പറ്റി മാഷേ ..?"
അരിയാട്ടുന്നതിനിടയില്‍ വിയര്‍പ്പൊപ്പി ഞാന്‍ ചോദിച്ചു .

"ങാ ,പറ്റിപ്പോയി...
ഞാന്‍ ഒരുത്തിയെ ബ്ലാക്ക് മയിലുചെയ്തു കുറച്ചു മണീസ് ഒപ്പിക്കാന്‍ ഇറങ്ങിയതാടാ...
ബസ്സില്‍ വച്ചാണെന്ന് തോന്നുന്നു  പോക്കെറ്റ്‌ അടിച്ചത് ...
ഹമ്മേ ..."

"ഹല്ലാ മാഷേ .
അപ്പോള്‍ ഈ ബോണ്ട ..?"

"അവള്‍ക്കു തന്നെ ..."

"പോട്ടെ മാഷേ .
അല്ല മാഷേ ...
ന്യു ഇയര്‍ ഒക്കെ ആയില്ലേ .
ബ്ലോഗേഴ്സിനു എന്തെങ്കിലും ...?"

"വേണം വേണം ...
എന്നാല്‍ എന്റെ പേര് കൂടെ വച്ചോ ..."

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെയും അനോണിമാഷിന്റെയും പുതു വത്സര ആശംസകള്‍ ...
*************

2010, ഡിസംബർ 26, ഞായറാഴ്‌ച

അവള്‍ കാത്തിരിക്കുന്നു.

‘ഞാനിന്ന് എഴുന്നേല്‍ക്കാന്‍ വളരെ വൈകിപ്പോയിരിക്കുന്നു!‘
സ്റ്റൌവില്‍ തീ പടര്‍ത്തുമ്പോള്‍ അവള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.

നേരം പുലരുന്നതേയുള്ളൂ.
എന്നിട്ടും ഞാന്‍ എന്തേ ഇത്ര വൈകിയത്!
ഇന്നലെ ഉറങ്ങാനും ഒരുപാടു വൈകിപ്പോയിരുന്നു.
കാരണം,
ഒരുപാട് വൈകിയിട്ടാണ് അദ്ദേഹം വന്നത്.
എന്നിട്ട് മത്തുപിടിച്ചപോലെ ഇപ്പോഴും കിടന്നുറങ്ങുന്നു.
നേരം പുലരും മുന്‍പേ എഴുന്നേറ്റുപോകാറുള്ള ആളുമാണ്.

എന്റെ ഭര്‍ത്താവിന് പകലുകളെ ഇഷ്ടമല്ല.
അദ്ദേഹത്തോടൊപ്പം അസ്തമയസന്ധ്യകളെ സ്നേഹിക്കാന്‍ ഞാനും പഠിച്ചുവരുന്നുണ്ടോ?
അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഞാനും പകുത്തെടുക്കുന്നുണ്ടോ?
ഉത്തരം അറിയാത്തവണ്ണം മനസ്സും മരവിച്ചുപോയിരിക്കുന്നു.

തേപ്പുപണിക്കുപോയി ജീവിച്ചിരുന്ന ആളാണ്.
ഇപ്പോള്‍ പണിയായുധം കത്തി!
ഒരുപക്ഷെ അതൊരു ‘S' ആകൃതിയില്‍ ആകാം.
അത് അങ്ങിനെത്തന്നെ ആണോയെന്ന് നിര്‍ണ്ണയിക്കാന്‍പോലും എനിക്ക് അവകാശമില്ലാതായിരിക്കുന്നു.
ഇപ്പോള്‍തന്നെ മൂന്നു കൊലപാതകങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഒന്ന് ബ്ലേഡ് മാഫിയക്കുവേണ്ടി.
രണ്ടെണ്ണം മണല്‍ മാഫിയക്കും...

ഡയറിയെഴുതുന്ന ശീലം എനിക്കുണ്ടായിരുന്നു.
പോലീസിനെ ഭയന്ന് എന്റെയാ ശീലവും മറന്നുപോയി ഞാന്‍.

അറിയാതെ മുഖം തടവിപ്പോകുന്നു.
ഉന്മാദത്തിന്റെ അതിമൂര്‍ദ്ധന്യതക്കിടയില്‍ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയിരുന്നതിന് മുഖമടച്ചുകിട്ടിയ ഒരടി.

പുറത്ത് പാല്‍ക്കാരന്‍ വന്നിരിക്കുന്നു.

അടുക്കളയില്‍ പാത്രങ്ങള്‍ കലമ്പല്‍ കൂട്ടുമ്പോഴും ,
വെള്ളത്തില്‍ കഴുകി ഗ്ലാസ് കമഴ്ത്തുമ്പോഴും പാല്‍ക്കാരന്റെ M 80 യുടെ ശബ്ദം കാതോര്‍ത്തു നില്‍ക്കാറുണ്ട്.
പക്ഷെ ഇപ്പോള്‍ ഹൃദയത്തെ അതു പരിഭ്രമിപ്പിക്കുന്നുണ്ട്.

“ഇന്നെന്തു പറ്റി?.
ഒരു മൂഡോഫ് പോലെ”
പാല്‍ക്കാരന്‍.

അവള്‍ വെറുതെ മൂളി.

“ആ പിന്നെ പനങ്ങോട്ടെ സൌദ തിരിച്ചെത്തീട്ടോ..”

അവള്‍ വെറുതെ തലയാട്ടി.

സൌദ എവിടെപോയതാണെന്ന് അവന്‍ ഒരാഴ്ചമുന്‍പ് പറഞ്ഞുതന്നിരുന്നത് അവള്‍ ഓര്‍ത്തു.

“ഇന്നെന്താ എന്നോട് സംസാരിക്കില്ലെന്നുണ്ടോ?”
പാല്‍ക്കാരന്‍ വിഷാദമാര്‍ന്ന മുഖത്തോടെ അവളോടു ചോദിച്ചു.

പാല്‍ക്കാരന്‍ അവള്‍ക്കു വേണ്ടി നിറക്കുന്ന പാല്‍ പാത്രം നിറഞ്ഞുതൂകി താഴെ വീഴുന്നതുപോലും അവളറിയുന്നില്ലെന്നു ഭാവിച്ചു.

ചായ തിളക്കുന്ന ശബ്ദം ഒരു രസം പോലെ ആസ്വദിച്ചുനില്‍ക്കുമ്പോളാണ് അടിയുടെ ശബ്ദവും  എന്തൊക്കയോ തട്ടിമറിഞ്ഞു വീഴുന്നതും അവളറിഞ്ഞത്!
അവള്‍ ഓടിയെത്തുമ്പോഴേക്കും അയാള്‍ പിടിക്കപ്പെട്ടിരുന്നു.

എല്ലാം എന്റെ തെറ്റ്.
എന്റെ അശ്രദ്ധകൊണ്ട് എല്ലാം സംഭവിച്ചു!
പോലീസുകാര്‍ വന്നതും വീടു വളഞ്ഞതും എന്തേ ഞാന്‍ അറിയാതിരുന്നു...
എല്ലാം ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്താമായിരുന്നില്ലേ..?
സുരക്ഷിതമായ ആ ഇടവഴി അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.
ഇതിപ്പോള്‍ ഞാന്‍ ഇങ്ങനെ...

വിലങ്ങണിഞ്ഞ് ജീപ്പില്‍ കയറുമ്പോള്‍ അദ്ദേഹമെന്നെ നോക്കിയിരുന്നു.
ആ നോട്ടത്തില്‍ എനിക്കുള്ള പരിവേഷം ഒരൊറ്റുകാരിയുടേതെന്ന് തിരിച്ചറിയാനാകുന്നുണ്ട്.
എല്ലാം എന്റെ പിഴ.
എന്റെ വലിയ പിഴ.
***********