2013 ജൂൺ 16, ഞായറാഴ്‌ച

വക്കീലിനെ തേടി..


അടയാളങ്ങള്‍..
നോവല്‍.-അധ്യായം എട്ട്.

ഇരുട്ടും വെളിച്ചവും മാറിമറിയുന്ന രാപകലുകള്‍ക്ക് ഇലാഹി ദുഖത്തിന്റെ നിറം കൊടുത്തത് തനിക്കു വേണ്ടിയാണോ?
മരുഭൂമി പോലെ ചുട്ടുപൊള്ളുന്നു മനസ്സ്
ഒരു പാടു പ്രാര്‍ത്ഥിച്ചു,അതിനേക്കാളേറെ കണ്ണീര്‍ വാര്‍ത്തു.
കണ്ണിമ ചിമ്മാതെ ഒറ്റക്കൊരു  വീട്ടില്‍ പേടിച്ചുവിറച്ച് ഒരു രാവു തീര്‍ന്നുപോയിരിക്കുന്നു..

നാളിതുവരെയും ഉപ്പ ഒരിക്കലും പുറത്തുപോയി തിരിച്ചുവരാതിരുന്നിട്ടില്ല.
സുഖമില്ലാത്ത ആളാണ്.
എവിടെയെങ്കിലും വെച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും..

ആള്‍മറയില്ലാത്ത ഒരു കിണറുണ്ട് കുന്നിഞ്ചരിവോരത്ത്..
വീണാലറിയാത്ത കിടങ്ങുകളും പൊന്തക്കെട്ടുകളുമുണ്ട്.
തിരഞ്ഞുപോകേണ്ട ആളാണെങ്കില്‍ ഇന്നലെ വീടെത്തിയിട്ടുമില്ല. 

ഉപ്പാന്റെ അനുജന്റെ മകനാണ് ശിഹാബ് മദാരി .
ബഷീറിക്കയും ശിഹാബും തീരെ രസത്തിലല്ല.
എന്നിട്ടും രാത്രി മുഴുവന്‍ തിരഞ്ഞുനടന്നു ശിഹാബ്..
പക്ഷെ സ്വന്തം മകന്‍ അറിയാതെ ഒരുപ്പ എവിടെയോ,എങ്ങനെയോ?

ബാറില്‍ ഓട്ടോ കൊണ്ടുചെന്നിട്ട് അതില്‍തന്നെ കുടിച്ച് കിടന്നുറങ്ങിയ ചരിത്രമുണ്ട്.
നേരം വെളുത്തിരിക്കുന്നു.
ഇനിയും തിരിച്ചെത്താറായിട്ടില്ല ആ മനുഷ്യന്!

ജമീലയുടെ ചിന്തകള്‍ നേരിപ്പോടുപോലെ കത്തി ..
അവള്‍ അങ്ങിനെ വിങ്ങിനില്‍ക്കുമ്പോള്‍ പുറത്തുനിന്നും ആരോ വിളിക്കുന്നത്‌ കേട്ടു ..

അടുത്ത വീട്ടിലെ പത്മശ്രീ ചേച്ചിയാണ്.
എന്തെങ്കിലും അറിവു കിട്ടിയിട്ടു വരുന്നതായിരിക്കുമോ?
ജമീല പ്രതീക്ഷയോടെ വാതില്‍ തുറന്ന് ചെന്നു.

“വല്ല വിവരോം കിട്ട്യൊ പത്മേച്ച്യേ..?”

“ഇല്ല മോളെ,
ഷാജുമോനും കൂട്ടുകാരും രാത്രി മുഴുവന്‍ തിരഞ്ഞു നടക്കാത്ത സ്ഥലല്ല്യ..
ബഷീറ് ഇതു വരെ വന്നില്ല്യാലെ?”

ബഷീര്‍ എന്ന വാക്കുകേട്ടപ്പോള്‍ സങ്കടമാണ് വന്നത്.
എന്നിട്ടും ജമീല ദുഷിച്ച വാക്കുകള്‍ പറഞ്ഞില്ല.

“വന്നീല്ല പത്മേച്ച്യെ ..
 കാലത്തന്നെ ഞമ്മളോട് വഴക്കിട്ടല്ലെ പോയീത്..”

“അതിനെന്താ ഉണ്ടായീത്?”

ഉണ്ടായതെന്താണെന്നോ..
എല്ലാം അറിയുന്ന ഒരാളുണ്ടല്ലോ ,ഇലാഹി ..
എല്ലാം അദ്ദേഹത്തിന് കൊടുക്കട്ടെ ...

“കോടതീന്ന് തന്ന ഏഴ് ദിവസത്തെ അവധി തീര്‍ന്നേക്കണ്..
എപ്പഴാ ഈ പൊരേം സ്ഥലോം ജപ്തിചെയ്ത് ബ്ളെഡ് വിന്‍സെന്റിന് കൊടുക്കാന്ന് അറീല്ല്യ പത്മേച്ച്യെ..
ബ്ളെഡ് വിന്‍സെന്റിന് കാശ് കൊടുക്കണ്ടേന്ന് ചോദിച്ചേന് എന്തൊക്കെ ബഹളാ ഇണ്ടാക്കീത് ..
അയാള്‍ കേസ് കൊടുത്തതല്ലെ..
കാശു കൊടുത്തുതീര്‍ക്കാണ്ടെ ഇങ്ങനെ നടന്നാല്‍ ഒക്കെ കൈവിട്ടുപോവൂലെ?”

ജപ്തിക്കാര്‍ വന്നുണ്ടാക്കിയ ബഹളങ്ങള്‍ക്ക് പത്മശ്രീയും കാഴ്ചക്കാരിയായിരുന്നു.
ജപ്തിക്കാര്‍ വീട്ടില്‍ വന്നു നിറഞ്ഞപ്പോള്‍ ജമീല ആദ്യം ചെന്നതും പത്മശ്രീ യുടെ അടുത്തെക്കായിരുന്നുവല്ലോ .
അക്കുക്കാക്ക കഥയറിയാത്ത കളിക്കാരനെപ്പോലെയിരുന്നപ്പോള്‍ഉദ്ദ്യോഗസ്ഥര്‍ക്കും മനസ്സലിഞ്ഞു.

“പറഞ്ഞപോലെ ജപ്തിക്കാര്‍ വന്നുപോയിട്ട് ഒരാഴ്ചയായില്ല്യെ..!
നീയീകാര്യം നിന്റെ വീട്ടില് പറഞ്ഞുനോക്ക്യോ?”

“എന്നിട്ടെന്തിനാ പത്മേച്ച്യേ .
പാവം ഇക്കാക്ക..
എവിടെന്നെങ്കിലും കടം വാങ്ങി കാശ് തരുമായിരിക്കും,
എന്നാലും അത് ശെര്യാവൂല്ല.
സഫിയാക്ക് ഓരോ ആലോചനോള് വരണ സമയല്ലെ..
ഞമ്മടെ നിക്കാഹിന് തന്ന പൊന്നന്നെ ഒരു തരി പോലൂല്ല്യാണ്ട് തീര്‍ത്തേക്കണ് ഞമ്മടെ കെട്ട്യോന്‍.
എന്നിട്ടും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് ചെന്നപ്പോ പിന്നേം കുറെ സഹായിച്ചിണ്ട് ഇക്കാക്ക.അതോണ്ടാ ഒന്നും അവടെ പറയാത്തെ..”

പാവം ഉമ്മയുടെ മുഖമാണ് ആ സമയത്ത് ജമീലയുടെ മനസ്സിലെത്തിയത്.
അല്ലെങ്കില്‍ തന്നെ അവര്‍ തന്റെ കാര്യമോര്‍ത്ത് എത്രമാത്രം വിഷമിക്കുന്നു.
വീണ്ടും ഇങ്ങനെ ഒരു വിശേഷം കൂടി ആ കാതിലെത്തല്ലെ എന്നായിരുന്നു അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

“ഡ്യേ..ജമീലേ, നിന്റെ ഇക്കാക്ക കൊറച്ച് നേര്‍ത്തെ ഷാജൂന്റെ മൊബൈലിലിക്ക് വിളിച്ചൂട്ടൊ.
ഷാജുമോന്‍ എല്ലാ കാര്യങ്ങളും‍ പറഞ്ഞിട്ടുണ്ട്.”

“ങേ..ഇക്കാക്ക വിളിച്ചൂലെ..
ഇന്നലെ രാത്രീല് എത്ര നേരാ  ട്രൈ ചെയ്തെ..
എന്നിട്ട് എന്തെ പറഞ്ഞത്?”

“ഇപ്പോ പൊറപ്പെട്ട്ണ്ടാവും.
ഇക്കാക്ക വന്നാ പിന്നെ നിനക്ക് സമാധാനായീല്ല്യെ..”

ഇന്നലെ എത്ര നേരമാണ് വിളിച്ചത്.
ഇക്കാക്ക ഉറക്കത്തില്‍ പെട്ടുപോയിരിക്കാം,എന്നാല്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് ഉമ്മയൊ സഫിയയൊ കേള്‍ക്കേണ്ടതല്ലെ..
മൊബൈല്‍ സൈലന്റ് മോഡിലാവും എന്ന് വിചാരിച്ചു സമാധാനിക്കാന്‍ ശ്രമിച്ചു. 

ഫൈസുക്കാ വേഗം എത്തുമായിരിക്കും.
കൂടെ ഉമ്മയും സഫിയയും ഉണ്ടാകുമോ?
എല്ലാവരും വരാതിരിക്കില്ല.
ഇത് കേട്ടപ്പോഴേ ഉമ്മക്ക് ശ്വാസം മുട്ടല്‍ തുടങ്ങിയിട്ടുണ്ടാവും..

ജമീലയുടെ ചിന്തകള്‍ക്ക് ആശ്വാസത്തിന്റെ പുതുജീവനുണ്ടായി.
അവള്‍ തെളിഞ്ഞ മുഖത്തോടെ പത്മശ്രീയെ നോക്കി.

“ഇക്കാക്ക വന്നാ പിന്നെ കാര്യങ്ങള് മൂപ്പര് നോക്കിക്കോളും.
എന്നിട്ട് ഷാജ്യേട്ടന്‍ എണീറ്റാ?”

“ഇന്നലെ രണ്ടുമണിക്കല്ലെ വന്നു കിടന്നത്.
ഇടക്ക് വിളിച്ച് ശല്ല്യപ്പെടുത്തരുതെന്നാ ഓര്‍ഡര്‍.
നേര്‍ത്തെ ജോലിക്ക് പൂവണ്ടതല്ലെ.
അതന്നെ സ്റ്റീല്‍ കമ്പനീല് ജോലിത്തിരക്കുള്ള സമയാത്രെ!“
പത്മശ്രീ ജമീലയുടെ കൈ പിടിച്ചു.
സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഉള്ളംകൈ തലോടി.

“അക്കുക്കാക്കാന്റെ കാര്യം പറഞ്ഞ് വെറ്തെ ലീവാക്കണ്ട പത്മേച്ച്യെ..
ഇക്കാക്ക ഇങ്ങണ്ട് വരുണുണ്ടലൊ..”

“ഫൈസല്‍ വന്നോട്ടെ,
ലീവെട്ക്കണംച്ചാ അത്താണീല്‍ക്ക് ഷാജൂനെക്കൊണ്ട് ഞാന്‍ തന്നെ വിളിച്ച് പറയിച്ചോളാം.
നീയ് സമാധായിട്ടിരുന്നൊ.
എന്നാ പിന്നെ ഞാന്‍ പോയി പണികള്‍ നോക്കട്ടെ മോളെ..”

പത്മശ്രീ ജമീലയുടെ കൈ പിടിച്ചു.
സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഉള്ളംകൈ തലോടി.

നല്ല സ്നേഹമുള്ളയാളാണ് പത്മേച്ചി.
അസൂയയോ പരദൂഷണമോ പത്മേച്ചിയുടെ ശീലമല്ല.
അത്തരക്കാരോട് കൂട്ടുമില്ല.
പിന്നെ അരുതാത്തതു കണ്ടാല്‍ പെട്ടെന്ന് ദ്വേഷ്യപ്പെടുമെന്നേയുള്ളൂ.

ഇന്നലെ രാത്രി ഒരു വറ്റു കഴിച്ചിട്ടില്ല.
ഒന്നിനും തോന്നിയില്ലെന്നാണ് പരമാര്‍ത്ഥം.
പത്മേച്ചി വന്നുപോയത് അല്‍പ്പം ആശ്വാസമായി.
ഇക്കാക്കയോ ഉമ്മയോ വന്നാല്‍ ഒരു ഗ്ളാസ് ചായ കൊടുക്കണ്ടെ.
 ജമീല അടുക്കളയിലേക്ക് ചെന്നു.

ചായക്കുള്ള വെള്ളം ഒന്ന് തിളച്ചതേയുള്ളൂ..
മുറ്റത്തു നിന്നും ‘ജമീലേ..’യെന്ന വിളികേട്ടു.
ജമീല ഓടിയാണ് ചെന്നത്.
ഫൈസുവിനെ കണ്ടപാടെ അവളുടെ കണ്ണു രണ്ടും നിറഞ്ഞുപോയി.

“ഇക്കാക്ക..”
അവള്‍ ഫൈസുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പാന്‍ തുടങ്ങി.
 ഫൈസു ജമീലയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ചുമലില്‍ തട്ടിക്കൊണ്ടിരുന്നു.

“നേരായിട്ടും നീയ് വിളിച്ചതൊന്നും ഞമ്മള് അറിഞ്ഞില്ല.
ആ നേരത്ത് ഞമ്മള് അമലേലാണ്.
നമ്മടെ മന്‍സൂറിക്കാന് ആക്സിഡന്റ് പറ്റി അമലേല് അഡ്മിറ്റാണ്.
രാത്രി കുറെ നേരം ഉറക്കമിളച്ചു ഇടക്കെപ്പോഴോ വല്ലാതെ മയങ്ങിപ്പോയി
ഫോണ്‍ വന്നത് കാലത്ത് മിസ്കോള്‍ കണ്ടിട്ടാണ് അറിഞ്ഞത്.”

ഫൈസുവിന് അപ്പോഴും അത്ഭുതമായിരുന്നു,താനെങ്ങനെ ഇങ്ങനെ ഉറങ്ങിപ്പോയെന്ന്.
വീട്ടിലായിരുന്നെങ്കില്‍ ഒരില ഇനങ്ങിയാല്‍ പോലും ഉണരുന്ന ആളായിരുന്നല്ലൊ.

ഫൈസു മന്‍സൂറിന് കൂട്ടിരിക്കണമെങ്കില്‍ അതു വലിയ അപകടമായിരിക്കുമെന്നാണ് ഈ സമയത്ത് ജമീല ചിന്തിച്ചത്.
അവള്‍ക്ക് ആ വാര്‍ത്ത കൂടുതല്‍ ഷോക്കായി തോന്നി.

“അല്ല ഇക്കാക്ക..
മന്‍സൂറിക്കാന് എന്തുപറ്റിയതാണ്?”

“മാര്‍ക്കറ്റില്‍ പോയിട്ടു വരുമ്പൊ ഒരു ടിപ്പര്‍ വന്നിടിച്ചതാ..
ഐസ്യുലാ..”

“അള്ളാ..കൂടുതലാ?”
“ഉം..ഒന്നും പറയാറായിട്ടില്ല.
തലക്ക് പിന്നിലാ പരിക്ക്.”

ഒരു നിമിഷം മന്‍സൂറിന്റെ മുഖം ജമീലയുടെ മനസ്സില്‍ മിന്നിമറഞ്ഞു.
കളിക്കൂട്ടുകാരായിരുന്ന കാലം മുതല്‍ക്കേ മന്‍സൂറിനു ജമീലയെ വലിയ ഇഷ്ടമായിരുന്നു.
ആരും കേള്‍ക്കാതെ മന്‍സൂര്‍ അവളെ ‘മുല്ലേ..‘യെന്ന് വിളിച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മകളെ പിടിച്ചുലക്കുന്നു.

മനേഷിന്റെ അനുജത്തിക്കുട്ടി വര്‍ഷിനി സുഖമില്ലാത്ത കുട്ടിയാണ്.
സ്കൂളില്‍ പോകുന്ന കാലത്ത് പോളിയോ വന്ന് ആ പാവത്തിന്റെ രണ്ടു കാലും തളരുകയായിരുന്നു.
മുല്ലപ്പൂ അവള്‍ക്ക് വലിയ ഇഷ്ടമാണ്.
അഹമ്മദ് ഹാജിയുടെ വേലിപ്പടര്‍പ്പ് മുല്ലപ്പൂക്കള്‍ കൊണ്ടായിരുന്നല്ലൊ.
ഗുരുവായൂരില്‍ പോകുമ്പോഴൊക്കെ അവിടെനിന്നും പൂവിറുക്കും.
അമ്മ ലക്ഷ്മിക്കുട്ടി ആ പൂവുകൊണ്ട് മാല കോര്‍ക്കും.
അതില്‍ നിന്നും ഒരു തുണ്ട് കൊച്ചു വര്‍ഷിനിയുടെ തലയിലും ചൂടിക്കും.

ജമീല മാല കെട്ടാന്‍ പഠിച്ചത് ലക്ഷ്മിക്കുട്ടിയുടെ കൈയ്യില്‍ നിന്നാണ്.
മുല്ലപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ സുഗന്ധമൂറുന്ന ഒരു മാല തനിക്കും ചൂടണമെന്നുണ്ടായിരുന്നു.
പക്ഷെ തട്ടമിട്ടു മറച്ച ഈ മുടിക്കകത്ത് ഒരു മുല്ലമാലക്ക് ഇടമെവിടെ!

പോളിയോ വരുന്നതിനു മുന്‍പ് വര്‍ഷിനിക്ക് മുല്ലപ്പൂ പറിക്കാന്‍ ജമീലയും സഫിയയും കൂട്ടുണ്ടാകും.
അവള്‍ക്ക് സുഖമില്ലാതായത് ജമീലക്ക് ഏറെ വിഷമമുണ്ടാക്കി.
മുല്ല പൂത്തു സുഗന്ധം ചുറ്റും പകരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അവള്‍ ഒരു കുടന്ന പൂ പറിച്ചു.

പൂക്കള്‍ കണ്ടപ്പോള്‍ വര്‍ഷിനി ഓരോന്നായി എടുത്ത് വാസനിച്ചു നോക്കി.

“ജമീലാത്താ..മാലയുണ്ടാക്കാനാ ഇത്രേം പൂക്കള്‍?“

“അതെ മോളെ..
വര്‍ഷിനിക്ക് മാലയുണ്ടാക്കി ചൂടാനാ താത്ത ഈ പൂവൊക്കെ പറച്ചുകൊണ്ടോന്നത്.”

അവള്‍ സന്തോഷത്തോടെ ചിരിച്ചു.
പിന്നെ ആ മുഖം മ്ളാനമായി.

“ജമീലാത്ത...
മുല്ലപ്പൂ ചൂടി ഇനി പഴയപോലെ എനിക്കിനി അമ്പലത്തിലേക്കൊന്നും പൂവാന്‍ പറ്റില്ല്യാട്ടൊ..
എനിക്ക് കാലോണ്ട് വയ്യാണ്ടാ‍യില്ലേ..”

ശോഷിച്ചുപോയ കാലില്‍ അവള്‍ പതിയെ തലോടി.
സന്തോഷച്ചിരിക്കിടയിലും കണ്ണീരിന്റെ ഒരു നനവ് ചൂടിക്കൊണ്ട് അവള്‍ ചോദിച്ചു.
ജമീല ഒരു നിമിഷം വല്ലാതായി.

“എത്ര പൂവാ വെര്‍തെ കൊഴിഞ്ഞു പോയേക്കണെ..
അത് കണ്ടപ്പോളാ അന്നെ ഓര്‍മ്മ വന്നത്..
അനക്ക് മുല്ലപ്പൂവ് പെരുത്ത് ഇഷ്ടാന്ന് ഞമ്മക്ക് അറിഞ്ഞൂടെ..”

“ഇഷ്ടന്നെ..
ജമീലാത്ത കൊണ്ടന്നതല്ലെ,
എന്നാ ഇത് ഉണ്ണിക്കണ്ണന് ചൂടിക്കാംട്ടൊ..”
വര്‍ഷിനി തെളിഞ്ഞ മുഖത്തോടെ ചിരിച്ചു.

വര്‍ഷിനിയുടെ ഉണ്ണിക്കണ്ണനു വേണ്ടി ജമീല പിന്നെയും പൂ പറിച്ചു.

“ജമീലാ, ഇനി നിയ്യ് പൂവ് പൊട്ടിക്കണ്ടാ..”
ഒരു ദിവസം പൂ പറിക്കുമ്പോള്‍ മന്‍സൂറ് അങ്ങിനെ പറഞ്ഞപ്പോള്‍ പൂ പറിക്കുന്നത് ഇഷ്ടമില്ലാതെയാവും എന്നായിരുന്നു ജമീല വിചാരിച്ചത്.

“ഇതൊക്കെ വെര്‍തെ കൊഴിഞ്ഞ് പോവല്ലെന്ന് വിചാരിച്ചിട്ടെ മന്‍സൂറിക്കാ..”
ജമീല വിഷണ്ണയായി മന്‍സൂറിനെ നോക്കി.

“ഇന്നലെ വേലീല്‍ നല്ല മുഴുത്ത പച്ചിലപ്പാമ്പിനെ ഞമ്മള് കണ്ടതാ.
അനുക്ക് പച്ചിലപ്പാമ്പിനെ പേടീല്ലെ ജമീലാ?”

“വെര്‍തെ പുളു പറയല്ലെ..”

“എന്ത് പുളു.
ശരിക്കും കണ്ടതന്നെ.
ജമീലാ വെഷമിക്കണ്ട അതിന്.
നല്ല അടിപൊളി പൂവോള് ഞമ്മള് പൊട്ടിച്ചു തരട്ടെ”

മന്‍സൂര്‍ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.
ജമീലക്ക് നാണമായി.
അങ്ങിനെയാണ് മന്‍സൂറും ജമീലയും പൂ പറിക്കാനാരംഭിച്ചത്.

ജമീലക്ക് മന്‍സൂറിനെ ഒന്ന് പോയിക്കാണണമെന്ന് തോന്നി.

“ഞമ്മക്ക് ഒന്ന് പോയിക്കാണണന്ന് തോന്നണുണ്ട് ഇക്കാക്ക..
എത്രയായാലും കുട്ടിക്കാലത്ത് വല്ല്യ കൂട്ടായിരുന്നില്ലെ..”
അവള്‍ തന്റെ ആഗ്രഹം ഫൈസുവിനോട് പറഞ്ഞു.

“വേണ്ടതാണ് മോളെ..
അല്ല,അളിയന്‍ എവിടെ?”

ഫൈസു  ബഷീറിനെ അന്വേഷിക്കുമ്പോള്‍ ജമീല പെട്ടെന്നൊരുത്തരം പറയാനാകാതെ മുഖം കുനിച്ചു.
അളിയന് വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്തം കുറവായിവന്നത് ജമീല വേണ്ട പോലെ നിയന്ത്രിക്കാത്തതുകൊണ്ടാണെന്ന് ഫൈസല്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു.

“ഇന്നലെ രാത്രീല് വന്നിട്ടില്ല..”

‘ഉപ്പാനെ കാണാണ്ടായ വിവരം അറിയില്ലെ അളിയന്?”

“ഇല്ല..”
“അതെന്താ..
വിവരം അറീക്കാണ്ടെ നല്ല പണിയാ നീ കാണിച്ചത്!“

കഷ്ടമാണ് ഇവളുടെ കാര്യം.
എന്നെ അറിയിക്കാന്‍ കാണിച്ച തിടുക്കം പോലും ഇവള്‍ സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല.
നയപരമായിട്ടുവേണം ജീവിതത്തിലോരോ കാര്യങ്ങളും അതാതിന്റെ വഴിയേ കൊണ്ടുവരാന്‍..
ഫൈസു ചിന്തിച്ചു.

“ഇക്കാക്ക വന്നിട്ടാവാന്ന് വിചാരിച്ചു..”
മടിച്ചുമടിച്ചാണ് അവള്‍ പറഞ്ഞത്.

“ഇതിനൊക്കെ ഞമ്മളെ കാക്കണ്ട കാര്യമുണ്ടോ!
ഉം ശരി..
ഞമ്മളൊന്ന് വിളിച്ചു നോക്കട്ടെ..”

ഫൈസു മൊബൈലെടുത്ത് കോള്‍ ചെയ്തു.

“ഹലോ..”
മറുതലക്കല്‍ നിന്നും ബഷീറിന്റെ ശബ്ദം .

“അളിയാ..ഇത് ഫൈസുവാണ്.
ഇങ്ങള് ഇപ്പൊ എവിടെയാണ്?”
“ഞമ്മള്..ആ ഇപ്പൊ നെടുമ്പാശ്ശേരീലാണ്.
എയര്‍പോര്‍ട്ടില് ഒരു വാടക വന്നതാ..”
മറുതലക്കല്‍ ഒരു പരുങ്ങല്‍ അനുഭവപ്പെട്ടു.

ഇവിടെനിന്നും നെടുമ്പാശ്ശേരിക്ക് ഓട്ടോ വിളിച്ചു പോവുകയോ!
ഫൈസു ഒരു നിമിഷം അന്ധാളിച്ചുപോയി.

“അളിയാ..ഉപ്പ ഇന്നലെ പുറത്ത് പോയിട്ട് ഇതുവരെ എത്തീട്ടില്ല്യ.“

“ഞമ്മളറിഞ്ഞ്..”
“ങെ!“
“ഞമ്മളറിഞ്ഞൂന്ന്..”

അപ്പോള്‍ അറിഞ്ഞിട്ടുണ്ട്.
എന്നിട്ടും ഈ മനുഷ്യന്‍ എന്താ ഇങ്ങനെ ഒരു ഉത്തരവാദിത്ത്വവും ഇല്ലാതെ !

“ഒരു കൂട്ടുകാരന്‍ ഇന്നലെത്തന്നെ വിളിച്ചു പറഞ്ഞിരുന്നു.”

“ഓ..എന്നാ പിന്നെ പേരാമംഗലം സ്റ്റേഷനില്‍ ഒന്നറിയിച്ചാലൊ?”

“അത് ..അതിന്റെ ആവശ്യമുണ്ടോ..?“

“അതെന്താ..
ഉപ്പാനെ കാണാണ്ടായിട്ട് അളിയനെന്താ ഇങ്ങനെ!?”

ഫൈസുവിന് അരിശം തോന്നിത്തുടങ്ങി.

“അളിയനോടായതുകൊണ്ട് നേര് പറയാലൊ‍.
ഉപ്പ  ഞമ്മടെ ഒരു കൂട്ടുകാരന്റെ പൊരേലുണ്ട്.
ഇവിടെ കാര്യങ്ങളാകെ ഇടങ്ങേറായിക്കെടക്കാണ്.
ഒക്കെ ഒന്ന് തീരണവരെ ഉപ്പ ഇവിടെ നില്‍ക്കട്ടേന്ന് വിചാരിച്ച്..”

കാര്യങ്ങളുടെ ഗതിയറിയാത്ത ഫൈസുവിന് ഒന്നും മനസ്സിലായില്ല.

“എന്താ അളിയന്റെ ഉദ്ദ്യേശം?
ഞമ്മക്കൊന്നും മനസ്സിലാവണില്ല്യ..”

“ഇവിടെ ഒരു കള്ളഹിമാറുണ്ട്..
അയ്യാള്‍ ഉപ്പാനെ ഏതാണ്ടൊക്കെ പറഞ്ഞ് പറ്റിച്ച് പൊരേന്റെ ആധാരം  പണയായായി വാങ്ങീട്ട് ഇപ്പൊ കേസ് കൊട്ത്ത്..
ഞമ്മടെ പൊരേം സ്ഥലോം ജപ്തി ചെയ്യാന്‍..
സുഖല്ല്യാത്ത ഉപ്പാനെ ചതിച്ചേന് ഓനെ ഞമ്മള് അഴിയെണ്ണിച്ചേ അടങ്ങൂ..
ബഷീറിനോടാ ഓന്റെ കളി..”

“എന്നാലും അളിയാ പാവം ഉപ്പാനെ ഇതിന്റെ ഇടക്ക് ഇങ്ങനെ വലിച്ചിഴക്കണോ..?”

“ഇതോ..ഇതൊക്കെ ഒരു നമ്പറാ..
അളിയന്‍ വെര്‍തെ കളി കണ്ടാമതി..
പിന്നെ അളിയന്റെ അറിവില്‍ നല്ല വക്കീല് ആരെങ്കിലുമുണ്ടോ?
ഒന്ന് പൂട്ടിയാല്‍ പിന്നെ ഓന്‍ എണീക്കരുത്..”

“അതൊക്കെ അളിയന്‍ തന്നെ നോക്കുന്നതല്ലെ നല്ലത്.
ഇവിടിപ്പൊ ജമീലയോടും മറ്റുള്ളവരോടും ഞമ്മളെന്താ പറയണ്ടത്?”

“ഉപ്പാന് പെട്ടെന്ന് സുഖല്ല്യാണ്ടായി ഒരു ആശുപത്രീല് അഡ്മിറ്റാക്കീന്ന് പറഞ്ഞാമതി.
ഞമ്മലൊരു അരമണിക്കൂറിനുള്ളീല്‍‍ എത്തും.
അളിയന്‍ ഞമ്മള് വന്നിട്ടെ പോകാവൂ..“

“ഹും..”

ബഷീര്‍ കോള്‍ ഡിസ്കണക്റ്റു ചെയ്തു.

ഫൈസു ജമീലയെ നോക്കി.
“എന്താ ഇവിടത്തെ പ്രശ്നം?
ഞമ്മളെയൊന്നും അറിയിക്കാതിരിക്കാന്‍ മാത്രം എന്താ ജമീലാ ഇവിടെ നടക്കുന്നത്?”
ഫൈസുവിന്റെ ചോദ്യം ജമീലക്ക് മനസ്സിലായില്ല.

“അല്ല ഇക്ക എന്താ പറഞ്ഞത്?”
ജമീല കഥയറിയാതെ ചോദിച്ചു.

“അളിയന്‍ പറഞ്ഞത് വേറെ ചില കാര്യങ്ങളാണ്...
അതല്ല.ഉപ്പാനെ കാണാതായ വിവരം എന്താ നീയ് അളിയനെ വിളിച്ചറിയിക്കാഞ്ഞത്?”

“ഇക്കാക്ക വന്നിട്ട് പറയാന്ന് വിചാരിച്ചിട്ടല്ലെ..”

“അത്  പൊളി..
സത്യത്തില്‍ എന്താ നിങ്ങടെ പ്രശ്നം?”

“അത് പിന്നെഅത് വേറൊരു കാര്യാ ഇക്കാക്ക”

“എന്തായാലും ഞമ്മളോട് പറ”

“ഷാജ്യേട്ടന്റെ ഫോണില്‍ ഇക്കാനെ വിളിക്കണത് ആള്‍ക്കിഷ്ടല്ല.”

“അതെന്താ ഷാജുവും അളിയനും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടോ?”

“അതുപിന്നെ ഇക്കാക്കാ ഞമ്മക്ക് വിശേഷണ്ട്”

“ങെ..എന്നിട്ടെന്താ അറിയിക്കാഞ്ഞത്?”

മനം പുരട്ടിത്തുടങ്ങിയപ്പോള്‍ പത്മേച്ചിയേയും കൂട്ടിയാണ് ഡോക്ടറെ കാണാന്‍ പോയത്.
ഉള്ളില്‍ ഒരു കുരുന്നു ജീവനുണ്ടെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷിച്ചു.
ഷാജുവേട്ടന്റെ ഫോണില്‍ നിന്നാണ് ഇക്കാര്യം ബഷീറിക്കയെ വിളിച്ചറിയിച്ചത്.
മറുപടിയായി ഒന്ന് മൂളിയതേയുള്ളൂ.

“നീയെന്താ ആലോചിക്കുന്നത്?”
ഫൈസു ചോദിച്ചു.

ജമീല ആയാസപ്പെടുന്നു മറുപടിക്കായി

“ങാ..അതുപിന്നെ ഇക്കാക്ക..
ഷാജുവേട്ടന്റെ ഫോണിലാണ് വിശേഷള്ള കാര്യം ഞമ്മള് ഇക്കാനെ അറീച്ചത്.
അത് ഇക്കാന്‍ ഇഷ്ടപ്പെട്ടില്ല.
അന്ന് രാത്രി കുടിച്ച് വന്ന് ചില ദുഷിച്ച വര്‍ത്താനങ്ങള്‍ പറഞ്ഞ്.
ഇന്നേം ഷാജുവേട്ടനേം കൂട്ടിച്ചേര്‍ത്ത്

ജമീലയുടെ മുഖം കനക്കുന്നത് ഫൈസു കണ്ടു.
ഫൈസുവിന് അളിയനോട് പുഛം തോന്നി.
സന്തോഷിക്കേണ്ട സമയത്തും ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യരുണ്ടോ!

“അതുപോട്ടെ, ഇപ്പോ ഈ സ്ഥലത്തിന്റെ പേരില്‍ വല്ല കേസുമുണ്ടോ?
കേസുകാരണം ഉപ്പാനെ വേറൊരിടത്തേക്ക് അളിയന്‍ മാറ്റിയതാണെന്നാണ് ഇപ്പോള്‍ എന്നോടു പറഞ്ഞത്..”

“ആണോ!..അള്ളാ നീ കാത്തു..”
ജമീല നന്ദിസൂചകമായി ദൈവത്തെ സ്തുതിച്ചു.

 “ബ്ലേഡ് വിന്‍സെന്റ് കേസു കൊടുത്തിട്ട് ജപ്തി ചെയ്യാന്‍ കോടതീന്ന് ആള്‍ക്കാര്‍ വന്നിരുന്നു ഇക്കാക്കാ..
ഇക്കാക്കാന് വിഷമായെങ്കിലോന്ന് വിചാരിച്ച് ഞമ്മള് അറിയിക്കാതിരുന്നതാണ്..”

അപ്പോള്‍ അതാണ് കാര്യം.
ബ്ലേഡ് വിന്‍സെന്റിനെ തളക്കാന്‍ വേണ്ടി അളിയന്‍ കളിക്കുന്ന ഒരു നാടകമാണിത്.
കഷ്ടം സ്വന്തം ഉപ്പയെ വെച്ചുതന്നെ വേണമായിരുന്നോ ഇതെല്ലാം!
കൈവിട്ട കളികളാണ് അളിയന്‍ കളിക്കുന്നത്.
ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പുരയിടം കൈവിട്ടുപോകാനും മതി.
ഇക്കാര്യത്തില്‍ തനിക്കത്ര അറിവില്ല.
അജിത്തേട്ടന് അയ്യന്തോള്‍ കോടതിയിലാണല്ലൊ ജോലി.
ഒന്ന് കണ്ട് സംസാരിക്കാം.
ഒരു വഴി തുറക്കാതിരിക്കില്ല.

“ഇക്കാക്ക. കേറിയിരിക്ക്
ഒരു ഗ്ളാസ് ചായ കുടിക്കാം
ജമീല വിളിക്കുന്നു.

പാവം.. മുഖത്തെ കാര്‍മേഘം ഒഴിഞ്ഞുപോയിരിക്കുന്നു..
ഫൈസുവിനപ്പോള്‍ ചിരിയാണ് വന്നത്!

……………………………..

2013 മേയ് 31, വെള്ളിയാഴ്‌ച

അക്കുക്കാക്കാ..നിങ്ങള്‍ എവിടെയാണ്?

അടയാളങ്ങള്‍..
നോവല്‍ (അധ്യായം ഏഴ്)
നേരം ഇരുട്ടിയിരിക്കുന്നു.
സമയമേറെ വെറുതെ കടന്നുപോയി.
പലപ്പോഴായി പലരും വന്നു പോയി.
ബന്ധുക്കള്‍,നാട്ടുകാര്‍,പരിചയക്കാര്‍ ..അങ്ങിനെ
പലരെയും പ്രതീക്ഷിച്ചു,,
പക്ഷെ എല്ലാവരും തിരക്കിലാണല്ലൊ..
പറയാന്‍ കാരണങ്ങളുണ്ട് പലതും.
ആര്‍ക്കും ആര്‍ക്കുവേണ്ടിയും കൂട്ടിരിക്കാനാകാത്തവിധം സമയമില്ലായ്മ സ്വാര്‍ത്ഥരാക്കിയിരിക്കുന്നു നമ്മളെ!

വേണമെങ്കില്‍ തനിക്കും അതാകാം,
പക്ഷെ സാജിതയുടെ മാമയാണ്..
അവളുടെ ഉപ്പയും ഉമ്മയും നാട്ടിലുമില്ല.
പിന്നെങ്ങിനെ അവളെ തനിച്ചാക്കി പോകും?
അതും മന്‍സൂറിന്റെ ഉപ്പയെ കൂടി ഇവിടെ അഡ്മിറ്റാക്കിയ സ്ഥിതിക്ക്..

കുറച്ചു ദിവസമായി വളരെ തിരക്കിലാണ്..
ദേ,ഇപ്പോള്‍ തന്നെ ഒരു പ്രൊപ്പോസ് ഡ് പ്ലാന്‍ തീര്‍ത്തുകൊടുക്കാനുള്ളതാണ്.
ലൊക്കേഷന്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍കാരണം മുടങ്ങിക്കിടന്നതാണ്.
ത്രിശൂര്‍ ടൌണില്‍ തന്നെയുള്ള നല്ല കണ്ണായ സ്ഥലം.
ഒരു ബിലാത്തിക്കാരന്‍ മുരളീമേനോന്റെ പ്രോപര്‍ട്ടി.
മകള്‍ അനുപമ വിളിച്ചുപറഞ്ഞിരുന്നു പ്ലാന്‍ നാളെ തന്നെ കോര്‍പറേഷനില്‍ സബ്മിറ്റ് ചെയ്യണമെന്ന്.

അവസാന വാക്കെന്ന നിലയിലാണ് അതെയെന്ന് വാക്കു കൊടുത്തത്.
ഇതിപ്പോള്‍ ഇവിടെനിന്നും പോകാനും പറ്റാത്ത അവസ്ഥയിലായിരിക്കുന്നു!

നൌഷാദ് ആകെ അസ്വസ്ഥനായി.
കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി അയാള്‍ വാര്‍ഡില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.

“മോളെ സാജിതാ..”
ഹാജിയാര്‍ സാജിതയെ വിളിച്ചു.

ബെഡ്ഡില്‍ തല ചായ്ച്ച് കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു അവള്‍....
“ഓ..എന്താണുപ്പാ?”
അവള്‍ കണ് തടങ്ങളിലെ നീര്‍ തുടച്ച് കസാരയില്‍ എഴുന്നേറ്റിരുന്നു.

“സമയപ്പൊ എത്രായേക്കണ്?”

സാജിത മൊബൈല്‍ എടുത്തുനോക്കി.
“ഏഴ്,പതിനഞ്ച് ആയേക്കണ് ഉപ്പാ..”

ഹാജിയാര്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“നേരം ഇരുട്ടീല്ല്യെ..
രാത്രീല്‍ അനുക്ക് ഇവിടെ കെടക്കാന്‍ പറ്റ്യോ മോളേ?
മാമാന്റെ കൂടെ ജ്ജ് കരുവാന്‍പടിക്ക് പൊക്കൊ.
കാലത്ത് നേര്‍ത്തെ വന്നാമതി..”

സാജിത ക്ക് അതിനോട് യോജിപ്പില്ലായിരുന്നു.
അതുകൊണ്ട് അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
“നിങ്ങള്‍ രണ്ടാളും ഇങ്ങനെ കിടക്കുമ്പോള്‍ എന്ത് സമാധാനത്തിലാ ഉപ്പാ ഞാന്‍ പോണത്!“

“ഞമ്മക്കിപ്പൊ ഒന്നൂല്ല്യ.
പെട്ടെന്നൊന്ന് തളര്‍ന്ന്.
അതിപ്പൊ മാറ്യേം ചെയ്ത്..
പിന്നെ മന്‍സൂറ്..ങാ..ഓനിപ്പം ഐസ്യൂലല്ലെ..”
ഹാജിയാര്‍ കടുത്ത വിഷാദത്തൊടെ ഒന്നു നിര്‍ത്തി.

“ഇത് ആണുങ്ങള്‍ടെ വാര്‍ഡാ..
ഒരു റൂമാണെങ്കി തിരക്കു കാരണം കിട്ടാനൂല്ല്യ.
കുട്ടി പൊയ്ക്കൊ.
പോരെങ്കില്‍ ആ ഫൈസു രാത്രീല്‍ നില്‍ക്കാന്ന് സമ്മതിച്ചിട്ടൂണ്ട്.
പിന്നെന്താ?”

നൌഷാദിന്റെ സംസാരം കേട്ട് നോക്കിയതാണ്.
മനേഷ് വന്നിരിക്കുന്നു.

“ഹാജ്യാരെ നിങ്ങക്കും എന്താ പറ്റീത്?”
മനേഷ് ആ കൈത്തലം പിടിച്ചുകൊണ്ട് ചോദിച്ചു.

“ഞമ്മക്കൊന്നൂല്ല്യ മോനേ.
പെട്ടെന്നൊന്ന് തല ചുറ്റീതാ.
ഇപ്പൊ ഒക്കെ ശര്യായേക്കണ്..
എന്നാലും അവര് ഞമ്മളെ വെര്‍തെ ഇവിടെ പിടിച്ച് കെടത്തീതാ”

“ഞാനിപ്പളല്ലെ അറീണത്.
എന്താ ചെയ്യ്യാ..?”

അവന്‍ സാജിതയുടെ കരഞ്ഞുകലങ്ങിയ മുഖം കണ്ടു.
“വെഷമിക്കണ്ടാട്ടൊ.
നമ്മടെ മന്‍സൂറിക്കായ്ക്ക് ഒന്നും വരില്ല്യ.
ഒക്കെ വേഗം സുഖാവും ട്ടൊ..”

പെട്ടെന്ന് സാജിതായില്‍ നിന്ന് ഒരു വിതുമ്പല്‍ പൊട്ടി.
തട്ടം കൊണ്ട് മുഖം മറച്ച് അവള്‍ വിങ്ങിക്കരഞ്ഞു.

നൌഷാദ് അത് കാണുനുണ്ടായിരുന്നു.
അയാള്‍ മനേഷിനെ വിളിച്ചല്‍പ്പം മാറ്റിനിര്‍ത്തി.
“മനേഷ്..സാജിത ഇപ്പോള്‍ തന്നെ വളരെ ടയേഡാണ്..
അവളെ ഇവിടെ നിര്‍ത്തുന്നത് ഒട്ടും ശരിയല്ല.
വീട്ടില്‍ കൊണ്ടുപോകുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്”

“ശര്യാട്ടോ.അവര്‍ ഇവടെ ഇങ്ങനെ നിന്നാ തീരെ പറ്റാണ്ടാവുംന്നന്നെ ഇനിക്കും തോന്നണെ.
ഇവിടെപ്പൊ ഞാനും ഫൈസുക്കയൊക്കെ ഉണ്ടല്ലൊ,
മാമ അവരേം വിളിച്ച് കരുവാന്‍പടിക്ക് പൂവന്ന്യെ നല്ലത്.”
മനേഷ് നൌഷാദിനെ ശരി വച്ചു.

ഒടുവില്‍ എല്ലാവരുടേയും നിര്‍ബന്ധം കൂടിയപ്പോള്‍ സാജിത നൌഷാദിന്റെ കൂടെ പ്പോകാ‍ന്‍ തയാറായി.

“നൌശാദെ കാറെടുത്തെ പോകാവോ.
അന്റെ ബൈക്ക് ഇന്ന് ഇബ്ടെ തന്നെ വെക്ക്”
ഹാജിയാര്‍ ഓര്‍മ്മിപ്പിച്ചു.

നൌഷാദ് മനേഷിനെ അരുകില്‍ വിളിച്ച് പോക്കറ്റില്‍ ആയിരം രൂപ തിരുകി.
“ഇത് നിന്റെ ചിലവിന് വെച്ചൊ.
മരുന്നിനും മറ്റും അവിടെ കൊടുത്തിട്ടുണ്ട്.
ആവിശ്യത്തിന് ഹാജ്യാരുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചൊ.
പിന്നെ നല്ലതുപോലെ ശ്രദ്ധിക്കണം.
എപ്പൊഴും അടുത്തുണ്ടാകണം.
ഞാന്‍ ഇടയ്ക്കിടക്ക് വിളിക്കാം.”

മനേഷ് ആദ്യം പണം വാങ്ങാന്‍കൂട്ടാക്കിയില്ല.
പിന്നെ നിര്‍ബന്ധത്തിന് വഴങ്ങി.
അവര്‍ പോകുന്നത് നോക്കിക്കൊണ്ടുനില്‍ക്കേ ഹാജിയാരുടെ ചോദ്യം മനേഷിനെ ഉണര്‍ത്തി.
“അനുക്ക് ബുദ്ധിമുട്ടായീല്ലെ?”

“ നിങ്ങള്‍ ഇങ്ങനെ ഓരോന്നും പറഞ്ഞ് ഇന്നെ വെഷമിപ്പിക്കരുത് ട്ടൊ.
അല്ലെങ്കില്‍ തന്നെ ഞാനിവിടെ തീ തിന്ന് നിക്ക്വാ..
എന്താ ഇവിടത്തെ കഥ!“

“അല്ല മോനെ..നമ്മടെ ഫാമില്‍ ആരൂണ്ടാവില്ല അല്ലെ?”

“ന്റെ ഹാജ്യാരെ അവിടെ വേറേം ആളുണ്ട്.
കഴിഞ്ഞ ആഴ്ച പുതിയ ഒരാളെ കൂടി മന്‍സൂറിക്കാ ആക്കീണ്ട്.
അംജത്ക്ക.
കൊടുങ്ങല്ലൂര്‍ക്കാരനാട്ടൊ.
നല്ല മനുഷ്യനാ..”

“കൊടുങ്ങല്ലൂര്‍ക്കാരനാ!ഹഹഹ
ഹാജിയാര്‍ എന്തോ ഓര്‍ത്തെടുത്തെന്നപോലെ ചിരിച്ചു.

“അല്ല ഹാജ്യാരെ,നിങ്ങക്ക് കഴിക്കാന്‍ എന്തെങ്കിലും വേണ്ടെ?
ഞാന്‍ വാങ്ങിച്ചുവരട്ടെ?”

“അങ്ങനെ പൊറത്തൂന്നൊന്നും ഇവടെ കേറ്റൂല്ല മോനെ.
ഒക്കെ ഇവിടന്നാ.
അനുക്ക് വേണ്ടത് ജ്ജ് പോയി കയിച്ചോ.
ങാ പിന്നെ ഫൈസൂനെം വിളിച്ചൊ..”
ഹാജിയാര്‍ തലയണക്കീഴില്‍ നിന്ന് പഴ്സെടുത്തു തുറന്നു.

“കാശൊന്നും വേണ്ടെന്റെ ഹാജ്യാരെ.
ഒക്കെ ഇന്റെ കയ്യിലിണ്ട്.
പോരാത്തേന് നൌഷാദ് മാമ ആയിരം ഉറുപ്പ്യേം തന്ന്ണ്ട്.
വേണ്ടാന്ന് പറഞ്ഞതാ.
എന്നിട്ടും കൂട്ടാക്കീല്ല്യ.”
മനേഷ് ആയിരത്തിന്റെ നോട്ടെടുത്തു കാട്ടിക്കൊണ്ട് പറഞ്ഞു.

“എന്നാ ജ്ജ് ബെക്കം ചെല്ല്..
വരുമ്പൊ ആ ഫൈസൂനോട് ഇവിടൊന്ന് വരാന്‍ പറ.”
ഹാജിയാര്‍ അപ്പോള്‍ ഫൈസുവിനെ അന്വേഷിച്ചത് മനേഷില്‍ അത്ഭുതമുണ്ടാക്കി.

ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ വടക്കുഭാഗത്തു നിന്നാല്‍ ഹൈവെയിലെ കാഴ്ചകള്‍ കാണാം.
തിരക്കൊഴിയാത്ത നിരത്തിലൂടെ ഇടമുറിയാതൊഴുകുന്ന വെളിച്ചത്തുണ്ടുകള്‍..
ചുവപ്പും വെളുപ്പും മഞ്ഞയും ഇഴചേര്‍ന്നവ.
ഗ്രൌണ്ട് ഫ്ലോറിന്റെ ഇരുട്ടറയില്‍ എവിടെയോനിന്ന് ജനറേറ്റര്‍ മുരളുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

കാഴ്ചകള്‍ക്ക് മിഴികൊടുക്കുമ്പോഴും ഫൈസുവിന്റെ മനസ്സ് അസ്വസ്ഥമായിതന്നെ ഇരുന്നു.
മനേഷ് വന്ന് വിളിച്ചു.

“ഫൈസുക്കാ എന്തെങ്കിലും കഴിക്കണ്ടെ?”

“ഉം..“
ഫൈസു വെറുതെ മൂളുക മാത്രം ചെയ്തു.
വീണ്ടും മിഴികള്‍ അനന്തതയിലേക്ക് പായിച്ചു.

“നൌഷാദ് മാമ ആയിരം ഉര്‍പ്പ്യ തന്ന്ണ്ട്.നിങ്ങള് ഫുഡ്ഡടിക്കാന്‍ വരണ് ണ്ടോ ..?”
മനേഷ് ഫൈസുവിനെ നിര്‍ബന്ധിച്ചു.

കാന്റീന്‍ ഗ്രൌണ്ട് ഫ്ലോറിലാണ്.
ഏഴു നിലയിലുള്ള ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലായിരുന്നുഅവര്‍.
ആളൊഴിഞ്ഞ ഒരു ലിഫ്റ്റിലേക്ക് അവര്‍ കയറി.
മൊബൈല്‍ റിങ്ങ് ചെയ്യുന്നുണ്ട്.
ലിഫ്റ്റിലാണെങ്കിലും നല്ല റേഞ്ച്.
ഫൈസു കോള്‍ എടുത്തു.
സഫിയയാണ്.

“ഇക്കാക്കാ..ഇങ്ങ്ക്ക് ഇത് വരെ പോരാരായിട്ടില്ലെ?”

“നാളെ കാലത്ത് നേര്‍ത്തെ വരാം.
മന്‍സൂറിക്കാന്റെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ല.
അതാ ഞമ്മള്

“അതിന്‍ ഇങ്ങ്ക്കെന്താ?
അതൊക്കെ നോക്കാന്‍ അവിടെ ആള്‍ക്കാരില്ലേ?
ഇക്കാക്കാന് ഇപ്പൊ ഇങ്ങട്ട് വരാന്‍ പറ്റ്യൊ,ഇല്ലേ?
ഞമ്മക്കതറിഞ്ഞാ മതി.”
സഫിയായുടെ സ്വരത്തില്‍ വല്ലാത്ത ധാര്‍ഷ്ട്യം പ്രകടമായിരുന്നു.

“സഫിയാ..നീയെന്താ ഇങ്ങനെ!
ഇവിടെ ഈ സമയത്ത് ..വേറെ ആരൂല്ലാതെ..ഞമ്മക്കെങ്ങനെ വരാന്‍ പറ്റും!“
ഫൈസു തന്റെ നിസ്സഹായത വെളിപ്പെടുത്താന്‍ ശ്രമിച്ചു.

“അതെന്താപ്പൊ..
അഹമ്മദ് ഹാജീം,സാജിതേം ഒന്നും ആളോളല്ലെ ഇക്കാക്കാ?”
സഫിയ അയയുന്ന മട്ടില്ല .
ഇവളെ ഇതെങ്ങനെ പറഞ്ഞുമനസ്സിലാക്കും.
ഫൈസുവിന് എന്തു പറയണം എന്നു നിശ്ചയമില്ലാതായി.

ലിഫ്റ്റ് ഒന്നില്‍ എത്തിയിരുന്നു.
ഇനി താഴേക്ക് പോകില്ലെന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ പറഞ്ഞിരുന്നു.
പുറത്തിറങ്ങി താഴേക്ക് സ്റ്റെപ്പിറങ്ങുമ്പോളും ലൈന്‍ ഡിസ്കണക്റ്റായിരുന്നില്ല.
ഫോണ്‍ ചെവിയില്‍ വെച്ചു നോക്കി.
ലൈനില്‍ ഉമ്മയുണ്ട്.

“ഹലോ ഉമ്മാ..”
ഫൈസു ഉമ്മ കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

“ഹലോ മോനെ..
ഞമ്മടെ മന്‍സൂര്‍ മോന് ഇപ്പൊ എങ്ങിന്യാടാ..?”

“കുറവുണ്ട് ഉമ്മാ..”
ഫൈസു ഉമ്മയെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“ഉമ്മാക്ക് അത് കേട്ടപ്പന്നെ തൊടങ്ങീതാ ഒരു ശ്വാസം മുട്ടല്‍.
നിക്കാനൊ ഇരിക്കാനോ പറ്റണില്ല്യ ഞമ്മക്ക്”
ഫൈസുവിന് ഉമ്മയുടെ അവസ്ഥ മനസ്സിലാക്കാനായി.

“ചെറിയ ഒരു മുറിവേ ഉള്ളൂ ഉമ്മാ..
സാജിത നൌഷാദ് മാമാന്റെ കൂടെ കരുവാന്‍പടിക്ക് പോയി.
പിന്നെ ഹാജ്യാര്‍ക്ക് ഒരു കൂട്ടു വേണ്ടെന്ന് വച്ചിട്ടാ ഞമ്മള്”
തല്‍ക്കാലത്തേക്ക് ഒരു നുണ പറഞ്ഞു.

“ഹാജ്യാര്‍ ഇപ്പൊ അന്റെ കൂടേണ്ടോ?”

“ഉണ്ട് ഉമ്മാ.
ഞങ്ങള്‍ ഇപ്പൊ കാന്റീനിലിക്ക് പോവാണ്.”
വീണ്ടും ഒരു കള്ളം കൂടി.

ഫൈസുവിന്റെ സംസാരം കേട്ട് മനേഷിന് ചിരി വന്നു.

“അല്ല ഫൈസ്വോ..അത് വരെ ചെന്നതല്ലെ നീയ്. ജമീലാന്റെ അട്ത്ത് പോയിട്ട് ഓളെ ഒന്ന് കണ്ടിട്ട് വാ.”

“ശരി ഉമ്മാ..
എന്നാ ഞമ്മള് പിന്നെ വിളിക്കാം.”
ഫൈസു കോള്‍ കട്ട് ചെയ്തു.

“അല്ല ഫൈസുക്കാ.. ഇങ്ങടെ സഫിയാ ഒരു വല്ലാത്ത വാശിക്കാര്യന്നാട്ടോ!"

“സഫിയാക്ക് ഹാജ്യാരോട് നല്ല ദേഷ്യണ്ട്.
എത്രായാലും നമ്മക്ക് ആ പഴയ കാലൊക്കെ മറക്കാമ്പറ്റ്യോ മനേഷെ?”

“അതെ .എത്ര കാറോടിയതാ‍ആ മുറ്റത്ത്.
ഒക്കെ ഓര്‍ക്കുമ്പൊ എനിക്കും.. ..”
മനേഷിന്റെ തൊണ്ടയിടറി.

എന്തൊക്കെയോ കഴിച്ചെന്നുവരുത്താനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഓര്‍മ്മകള്‍ നാള്‍ വഴികള്‍ തിരയുന്നു.
അവിടെ അവരുടെ ബാല്ല്യം കളിച്ചും ചിരിച്ചും കലഹിച്ചും രാപകലുകള്‍ മറിച്ചു നോക്കുന്നു.
ഒന്നിച്ചൊരുപായില്‍ കിടന്നുറങ്ങുന്നു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ ഓരോരോ ചിത്രങ്ങളായി മനസ്സില്‍ വന്നു നിറയവെ ,
മരണമെന്ന നൂല്‍പ്പാലത്തിനു മീതെ ജീവശ്വാസത്തിന്റെ അവസാന കണികയ്ക്കുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്ന ആ പഴയ കളിക്കൂട്ടുകാരനു വേണ്ടി ആ രണ്ടു പേരും കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു.

എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല.
ഉണര്‍ന്നപ്പോള്‍ മൊബൈലില്‍ ആറുമണി.
പരിചയമില്ലാത്ത നമ്പറില്‍ അഞ്ച് മിസ്കോള്‍ കണ്ടു.
തിരിച്ചു വിളിക്കാമല്ലെ..
ഫൈസു ആ നമ്പറില്‍ ഡയല്‍ ചെയ്തു.

അപ്പുറത്ത് ആരൊ കണ ക്റ്റ്  ചെയ്തു.

“ഈ നമ്പറില്‍ മിസ് കോൾ  കണ്ടു. അതാ വിളിച്ചത്.
നിങ്ങള്‍ ആരാ? എന്തിനാ വിളിച്ചത്?”
ഫൈസു ചോദിച്ചു.

“നിങ്ങള്‍ ജമീലയുടെ ഇക്കാക്കയല്ലെ?“

“അതെ.
ജമീലക്ക് എന്താ?”
ഫൈസുവിന്റെ ചങ്കിടിച്ചു.

“അതെയ് അവരുടെ ഭര്‍ത്താവിന്റെ വാപ്പയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ല.
ബഷീറാണെങ്കില്‍ ഇന്നലെ വീട്ടില്‍ വന്നിട്ടുമില്ല.
ഞാന്‍ അവരുടെ അയല്‍ വാസിയാണ്..
ജമീല ഇന്നലെ രാത്രിയില്‍ എന്റെ ഫോണ്‍ വാങ്ങിവിളിച്ചതാണ്.
ഇപ്പോള്‍ വന്നിട്ടുണ്ടോ എന്നറിയില്ല.
ഞാന്‍ വേണമെങ്കില്‍ അന്വേഷിച്ചിട്ട് വിളിക്കാം.”
അയാൾ ഫോണ്‍ വച്ചു .

അള്ളാ..എന്തൊക്കെ പരീക്ഷണങ്ങളാണ്.
സുഖമില്ലാത്ത മനുഷ്യനാണ്.
എവിടെ ഏതവസ്ഥയിലാണോ എന്തോ..?
……………………..