2023, മേയ് 13, ശനിയാഴ്‌ച

മരം വെട്ടുന്നവൾ.

മരം വെട്ടുന്നവൾ. നോവൽ
അദ്ധ്യായം എട്ട്.

ഭ്രാന്തൻ കുന്നിൻ്റെ കിഴക്കേചരിവോരമിറങ്ങിപ്പോകുന്ന കാറ്റിൽ സാന്ത്വനത്തിൻ്റെ നിറവുണ്ടായിരുന്നു.
അതു തൻ്റെ ഭാരങ്ങൾ പെയ്തു തന്നെ തീരാൻ കനിവുറ്റ് പിന്നെയും മുന്നോട്ടേക്കു തന്നെ പാഞ്ഞു.

കാലമയാളെ പിറകിലേക്ക് നടത്തിയത് പത്താണ്ടുകളോളമുണ്ടാവും.
സാന്ത്വനത്തിൻ്റെ പണിയടയാളങ്ങളിട്ട തൻ്റെ വീടോർമ്മകൾക്കു മുമ്പിലയാൾ കിതച്ചിരുന്നു. 

ഗ്രീഷ്മസൂര്യൻ കടുപ്പിച്ച നോട്ടത്തോടെ  ജാലകപ്പഴുതെത്തിനോക്കുന്നു.
സാന്ത്വനമെന്നലങ്കരിച്ച സ്വന്തം വീടിൻ്റെ നെയിംബോർഡിനു മുകളിൽ അയാൾ വിരിച്ചിട്ട കണ്ണീരോർമ്മകളെ ഉണക്കിത്തോർത്തുന്നു.

കണ്ണീർ വീഴ്ത്തി കലഹിച്ചു മറഞ്ഞ തൻ്റെ കുടുംബത്തെ, ഓർമ്മകളുടെ കല്ലൊതുക്കുകളിലിട്ട് അലക്കിച്ചുവപ്പിക്കാൻ വെച്ചിരിക്കുകയായിരുന്നല്ലൊ അയാൾ!

ഉച്ചിയിലെത്തിയിട്ടുണ്ട് സൂര്യൻ.
ഓരോ ഭ്രാന്തൻ കുന്നുകളും ഉച്ചയെ ആഘോഷിക്കുന്നിടത്ത് ഉരുണ്ടു കയറുകയും പിന്നെയും താഴേക്കു മറിഞ്ഞു ചായുകയും ചെയ്യുന്നത് സൂര്യൻ്റെ പതിവ്.

ഊണുറക്കത്തിനു മുൻപേ തന്നെ ചാരു കസാരയിൽ കിടന്നൊന്നു മയങ്ങിപ്പോയതായിരുന്നുവയാൾ.
സൂര്യതാപത്തിനൊപ്പിച്ച് വരണ്ടു വീശി ആലസ്യത്തോടെ ഉറക്കാൻ പുറത്തു കാറ്റുമുണ്ടായിരുന്നു.
അതിനിടക്കെപ്പോഴോ ആണ് മനസ്സ് ഓർമ്മകളെ തുറന്നുതരുന്നത് .
മക്കളുടെ കളി ചിരികൾ കേട്ടുവോ മുറ്റത്ത് എന്നു തോന്നിയിടത്തു വെച്ചാണ് ഉണർത്താൻ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്.

ഭാര്യ, മക്കൾ, തൻ്റെ കുടുബം..
ഓർമ്മത്തുരുത്തുകളിലെ മേയൽ മതിയാക്കി
അയാളുടെ വിരൽത്തുമ്പ് വന്ന കോൾ സ്വീകരിച്ചെടുത്തു.
അമരുന്ന വിരലുകളൊപ്പിച്ച സാങ്കേതികതക്കനുസരിച്ച് ഫോൺ സംസാരിക്കാനാരംഭിച്ചു.
അതയാളുടെ കാതോരം ചേർന്നിരുന്നു.

"ഹലോ സിന്ധുരാജ്, താങ്കളുടെ പൊതു പ്രവർത്തനത്തിൽ പങ്കാളിയായതിൽ പിന്നെ താങ്കൾ എനിക്കുവാരിക്കോരിത്തന്നിട്ടുള്ള സ്നേഹ വാൽസല്യങ്ങൾ മറന്നു പോയിട്ടോ, നന്ദിയില്ലാതായിത്തീർന്നിട്ടോ അല്ല താങ്കളെ ഞാൻ വിളിക്കാൻ വൈകിപ്പോയത് "

"ഉം ."

"വിശക്കുന്നവർക്ക് ഓരോ പൊതി ചോറ്.
അന്തോണിയേട്ടനും പാറുക്കുട്ടിക്കും ഹംസക്കുമൊക്കെയുള്ളത്.
വിശക്കുന്നവർക്കുള്ള അന്നം തേടി മണലി, ആയം മുക്ക്, കീഴ്ത്തണ്ടിലം എന്നിവിടങ്ങളിലൊക്കെ ഇന്നു കയറിയിറങ്ങി.
മുപ്പതു പൊതിച്ചോറും കുറച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും പിരിഞ്ഞുകിട്ടി. 
അതിനിടക്ക് എപ്പോഴോ ഫോൺ ചാർജു തീർന്നു പോയത് അറിഞ്ഞില്ല. 
കൂട്ടത്തിൽ ഒരു വീട്ടിൽ വെച്ച് കുറച്ചു ചാർജു ചെയ്യാൻ പറ്റി.
ഗുരുനാഥൻ ക്ഷമിക്കണം. 
ഉടനെത്തന്നെ സമക്ഷം എത്തിച്ചേർന്നു കൊള്ളാം"

"ഉം. ഓക്കെ "

ഫോൺ ഡിസ്കണക്ടു ചെയ്യപ്പെട്ടു. 
സലിം ഭായിയാണ്.
ഇതദ്ദേഹത്തിൻ്റെ പതിവു സംഭാഷണശൈലിയാണ്.
അതിൽ കവിഞ്ഞതൊന്നും ഈ വാക്കുകളിലോ, കഥയിലോ ഇല്ല.

ചെറുതായി ചിരിച്ചിട്ട് സിന്ധുരാജിൻ്റെ ഫോൺ തിരികെ മേശപ്പുറത്തേക്കു തന്നെ പോയി.
ഇതിനോടകം വിളിച്ചയാളിന്റെ പേരും മുഖവും വിലാസവുമൊക്കെ അതിൻ്റെ സ്ക്രീൻ സേവർ എടുത്തു വിഴുങ്ങിക്കഴിഞ്ഞിരുന്നു.
ഫോൺ വീണ്ടുമിരുന്നുറങ്ങട്ടെ.
പിന്നെയും ചാരു കസാരയിലേക്ക്.. 

കൂടെ കൂട്ടും നാൾ വരെ സലിം ഭായ് ഉറക്കം നഷ്ടപ്പെട്ട മനുഷ്യനായിരുന്നു. 
വാൾമുഴക്കം പോലെ തനിക്കു പിറകിലായി വീശിയടിക്കുന്ന സ്വന്തമെന്നു കരുതിയ ശബ്ദങ്ങളിൽ നിന്നൊക്കെ രക്ഷതേടി അയാൾ അലയുകയായിരുന്നു.

പരിചിതനാണ്.
ബാല്യകാലത്ത് ഉമ്മയുടെ കൂടെ നെല്ലു വാങ്ങാനായി ഇവിടെ വരാറുണ്ടായിരുന്നു പോലും!

ഓർമ്മകളിൽ വിശപ്പിൻ്റേതായ ഒരു ബാല്യം അദ്ദേഹത്തിനുണ്ടായിരുന്നു. 
പഠിക്കാൻ പണമില്ല.
തൊഴിൽ തരൂ, തൊഴിലില്ലെങ്കിൽ ജയിൽ തരൂ.
പുറത്തിരമ്പുന്ന മുദ്രാവാക്യം വിളികൾ.
പട്ടിണി മാറാതെ യുവത ജയിൽ തേടാനൊരുങ്ങുന്ന കാലം.

അതുകൊണ്ട് ബാല്യത്തിൻ്റെ നിറം മാറും മുൻപേ തന്നെ സലിം ഭായ് തൊഴിൽ തേടി നാടു വിട്ടു.
ഹോട്ടലുകളിൽ എച്ചിൽ പാത്രങ്ങളെ കഴുകിത്തുടച്ച്, മാവാട്ടി ആദ്യ തൊഴിൽ ദിനങ്ങളെ നേടി.
എന്നിട്ടും വറുതികൾ തീരാതെ കേരളത്തിൻ്റെ യുവത തന്നെയായി അയാൾ.

മരുഭൂമിയിലും പട്ടിണിയുണ്ടായിരുന്നു.
പക്ഷെ കാലം കാത്തു വെച്ച ഖനിജ നിക്ഷേപങ്ങൾ ഒടുവിൽ അവിടെ നിന്നും വീണ്ടെടുക്കപ്പെട്ടു.
വളരെ പെട്ടെന്നു തന്നെ എണ്ണമില്ലാത്ത എണ്ണക്കിണറുകളുടെ നിറവിൽ മരുഭൂമി സമ്പന്ന ഭൂമിയായി മാറി.

വിശപ്പു മറക്കാനും സമ്പത്തു നേടാനും യുവത പ്രവാസികളുടെ വേഷമെടുത്തിട്ടു.
അവിടെ അവർ പ്രവാസ തീരത്ത് കഷ്ടപ്പെടുകയും പണമുണ്ടാക്കാനാരംഭിക്കുകയും ചെയ്തു.
അവരോടൊപ്പം സ്വന്തം നാടും അവർ നേടിത്തരുന്ന വിദേശനാണ്യം സ്വീകരിച്ച് നടുനിവർത്തി .
നാട്ടിലെ വറുതികൾ മാറിക്കിട്ടി .
നാടും പ്രതാപത്തോടെ തലയുയർത്തി  നിന്നു.

നാട്ടു ജന്മികൾക്കു മുൻപിൽ കൈ നീട്ടാനും ഓച്ഛാനിച്ചു നിൽക്കാനും ഒക്കെ പഴയതുപോലെ ആളുകളെ കിട്ടാതായതോടെ ജന്മിത്ത വ്യവസ്ഥിതി തല താഴ്ത്തി ഒതുങ്ങിക്കൂടി.
അയിത്തങ്ങൾക്കുള്ള അകലവും കുറഞ്ഞു വന്നു.
നമ്പൂതിരിയുടേയും നായരുടേയും കൂടെനിന്ന് പുലയനും പറയനുമൊക്കെ വലിയ തുക ക്ഷേത്രങ്ങളിൽ നൽകി  ഉത്സവാഘോഷങ്ങൾ വൻ സന്നാഹത്തോടെ നടത്തിത്തുടങ്ങി.
ദരിദ്രരിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തങ്ങളുടെ പള്ളികളിലും അങ്ങിനെത്തന്നെ ചെയ്തു.
ദരിദ്രരുടെ മക്കളും പഠിച്ച് സർക്കാർ സർവീസ് കയറി വലിയ ഉദ്യോഗസ്ഥരായി.
ജാതി വ്യവസ്ഥിതിയുടെ കടയ്ക്കൽ വരെ വലിയ വാൾ വീണു!

അങ്ങിനെയങ്ങിനെ പുതിയ യുവതയുടെ പ്രതിരൂപം പൂണ്ട പ്രവാസിയായ സലിം ഭായിയും പണക്കാരനായി.
സ്വന്തമായി സ്ഥലം വാങ്ങി വലിയ വീടുണ്ടാക്കി.
അയ്യാളുടെ മക്കൾക്കോടിച്ചു നടക്കാനുള്ള കാറും ബൈക്കുമുണ്ടാക്കി.

തൃപ്തികരം എന്നു തോന്നിയപ്പോൾ
പ്രവാസം മതിയായി.
ഇനി നാട്ടിലേക്ക്..
സലിം ഭായി അങ്ങിനെ നാട്ടിൽ തിരികെ വന്നു.
തൻ്റെ ജീവിതാനുഭവങ്ങൾ കൊണ്ട് കഥയെഴുതി.
കൂടെ സിനിമാക്കാരനായി,  
എൻ്റെ സുഹൃത്തുമായി!
സലിം ഭായിയെപ്പോലെ ഞാനും ഒരു കഥയെഴുത്തുകാരനും സിനിമാക്കാരനുമൊക്കെയായിരുന്നതുകൊണ്ടാകാം!

കടുകടുത്തൊരു മഴയത്താണ് സ്വയം ചോർന്നൊലിക്കുന്ന മനുഷ്യനായി സലിം ഭായി ഇവിടെ വന്നു കയറുന്നത്. 
നനഞ്ഞു തോരുന്ന മഴയെപ്പോലെ കരഞ്ഞൊലിക്കുന്ന അയാളുടെ കണ്ണുകളെ തോർത്തി വെടിപ്പാക്കും വിധം
ഞാനുമന്നേരം  അയാളോട് സ്വന്തം കഥ പറഞ്ഞു. 
അന്നാക്കഥ അയാളെ സാന്ത്വനപ്പെടുത്തി.
ആയതിൻ്റെ പേരിലാണ് ഇന്നിവിടെ ഈ സാന്ത്വനം റിഹാബിലിറ്റേഷൻ സെൻറർ  ഉണ്ടായിരിക്കുന്നതു തന്നെ!

അക്ഷരങ്ങളെ വല്ലാതെ സ്നേഹിച്ചു പോയതുകൊണ്ടാവാം അതെൻ്റെ സ്വപ്നങ്ങളാക്കിയതുകൊണ്ടാവാം എനിക്കും എല്ലാം നഷ്ടപ്പെട്ടത്.
സലിം ഭായിയെപ്പോലെ ഞാനും സിനിമക്കു പിറകെ ഭ്രാന്തമായി അലയുകയായിരുന്നല്ലൊ അന്ന്!
സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന മോഹം നിമിത്തം അറിയാതെയാണെങ്കിലും സാമ്പത്തിക തട്ടിപ്പുകാരെ വീട്ടിൽ കയറ്റിയിരുത്തുകയും  ഇരിപ്പിടവും ഭക്ഷണവും നൽകി സൽക്കരിച്ചതും ഞാൻ ചെയ്ത തെറ്റ്.

അവർ സ്വർണ്ണവർണ്ണങ്ങളിൽ നൂൽ നിറം പിടിപ്പിച്ചു  ഭാവനയുടെ നൂറുനൂറുകഥകൾ മെനഞ്ഞു എന്നെ കൈയ്യിലെടുത്തു.
വേഷങ്ങളും അതിലെ സാധ്യതകളും പറഞ്ഞ് വല്ലാതെ മോഹിപ്പിച്ചിരുത്തി.
എല്ലാം കേട്ടും വിശ്വസിച്ചും അവർക്കു കാതു കൊടുത്തിരുന്നപ്പോൾ,
ഏക്കർ കണക്കിൽ  സ്വത്തു വകകൾ അവർ എന്നിൽ നിന്നും  നടത്തിയെടുത്തു കഴിഞ്ഞിരുന്നു.
പണം ചിലവാക്കുന്നു.
പല രീതിയിൽ, പല വഴിക്ക്..
എന്നിട്ടും കാമറക്കണ്ണുകൾ മിഴി തുറക്കുന്നില്ല. ശബ്ദചിത്രങ്ങളെ തിരശീല ആവാഹിച്ചെടുക്കുന്നില്ല.

സൂപ്പർ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കുമെല്ലാം  അഡ്വാൻസിൻ്റെ പേർ പറഞ്ഞ് എൻ്റെ പണം പടിയിറങ്ങി.
ലക്ഷങ്ങൾ അവർ നശിപ്പിച്ചു.
ഒന്നും നടത്തിയുമില്ല.
പാവങ്ങളെ കറവുമാടുകളാക്കി ചതിച്ചു ജീവിക്കുന്ന അവർ അപ്പോഴും ഇപ്പോഴും ജയിച്ചു തന്നെ നിൽക്കുന്നു.
മാന്യരായി പൊതു ജനമദ്ധ്യെ വിലസി രസിക്കുന്നു!
എന്നിട്ടും അവർക്കായി പുതിയ ഇരകൾ പിന്നെയും വലതേടി വന്നു കൊണ്ടേയിരിക്കുകയാണ്.
സിനിമയെന്ന ഭ്രമിപ്പിക്കുന്ന മായികതയിലേക്ക് നിശാശലഭങ്ങൾ തീ കായാനെന്ന പോലെ!
പരാജിതർക്കു വേണ്ടി ശബ്ദിക്കാനാളില്ലാത്തതിനാൽ എൻ്റെ പോലുള്ള ശബ്ദങ്ങൾ ഒടുങ്ങിപ്പോകുന്നു. പരിഹസിക്കാൻ മാത്രം ഒരു പാട് ആളുകൾ ചുറ്റിലുമുള്ളതുകൊണ്ട് 
തട്ടിപ്പുകാർ എല്ലായ്പ്പോഴും വിജയിച്ചു നിൽക്കുന്നു.

എന്നെ പരാജിതരുടെ ഗണത്തിൽ പെടുത്തി ഭാര്യ മക്കളെയും കൊണ്ടു പടിയിറങ്ങി.
അവൾ അവളുടെ വീട്ടിലേക്കു പോയത്
വലിയ വഴക്കുകൾ  വീടിനകത്തളങ്ങളിലുണ്ടാക്കിത്തീർത്തുകൊണ്ടായിരുന്നു.

മനുഷ്യബന്ധങ്ങൾക്കുള്ളതിനേക്കാളും വലിയ വില  സ്വത്തുവകകൾക്ക് ഉണ്ടായിരുന്നതിനാൽ ഞാനവിടേയും തോൽവിക്കാരനായി.

മഴയാണ്. വലിയ ആരവത്തോടെ ഇടിമിന്നലുകൾ തുടരെ വർഷിച്ച് മരുഭൂമിയിലും മൺപരപ്പിലും ഒരുപോലെ തൻ്റെ കനത്ത കാലടികൾ പതിപ്പിച്ചുവെക്കുമെങ്കിലും അതു സ്നേഹമയിയാണ്.
പ്രകൃതിയെ കഴുകി വെടിപ്പാക്കും. മാലിന്യങ്ങളെ പുഴകളിലൊഴുക്കി നിമഞ്ജനം ചെയ്യും.
പുറത്ത് മഴ തീരുമ്പോൾ ഭായി എന്നോടു പറഞ്ഞ്.

" സുഹൃത്തേ,
എൻ്റെയും താങ്കളുടേയും വീടുകൾ മാലിന്യം കയറി നിറഞ്ഞതുകൊണ്ട് മഴയെടുത്തു പോയി.
മനസ്സു കഴുകി വെടിപ്പാക്കി..
ഇനി ഭാരമില്ലാത്ത മനസ്സ് കൊണ്ട് ജീവിക്കാൻ ശ്രമിക്കാം.
നമുക്കു  പരസ്പരം ആശ്വസിപ്പിക്കാൻ അറിയുമെങ്കിൽ അതു തന്നെ ധാരാളം മതി ."

മണലാരണ്യത്തിൽ വിയർപ്പൊഴുകിയുണ്ടായതാണ് സലിം ഭായിയുടെ സമ്പാദ്യമത്രയും.
പക്ഷെ ഇന്നയാൾക്ക് അത് അനുഭവിക്കാനാകാതെ അയാളു വീട് അയാളിൽ നിന്നും സ്വന്തം അധികാരം തിരിച്ചെടുത്ത്  അയാളെ പുറം തള്ളിക്കളഞ്ഞിരിക്കുന്നു.
ഇന്നത്തെ വീടധികാരം  ഭാര്യയും മക്കളും തങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തി.

വലിയ പ്രതീക്ഷയോടെ മകൻ സിലോണി അണ്ണാച്ചിക്ക് പണയപ്പെട്ടുണ്ടാക്കിയ  ബിസിനസ്സ് കടം കയറി നശിച്ചുപോയിരുന്നു.
മകൻ  പണത്തിന് മറുവഴിയന്വേഷിച്ചത് ഉപ്പയുടെ അടുത്ത് സ്വന്തം ഷെയറു ചോദിച്ചാണ്. 
ഷെയർ ചോദിക്കുന്ന മക്കൾക്കിടയിൽ സലിം ഭായിയുടെ വീട് വലിയ വഴക്കിൻ്റെ ഓരം പറ്റി.
ഭാര്യയും മക്കളും ഒരുപക്ഷം ചേർന്ന് അയാളുടെ ഹൃദയം വല്ലാതെ കീറി മുറിച്ചു.
ഹൃദ്രോഗിയാക്കി.
 
തൻ്റെ വീട്ടിൽ ആരുമല്ലാതെ പോയ ആ മുൻ പ്രവാസി എൻ്റെ വീട്ടിൽ എൻ്റെ ഏകാന്തതക്കു മേൽ വീണ്ടുമൊരു ഒച്ചയനക്കവുമായി  ഇവിടെ വന്നു കയറിയപ്പോൾ എനിക്കുമതൊരു ആശ്വാസമായി. 
ഞങ്ങളെപ്പോലെ ഒരുപാടു പേർക്ക് അതേ ആശ്വാസം ശത ഗുണീഭവിച്ചു കിട്ടണമെന്ന് ഞങ്ങൾ കൂടിയിരുന്നാശിച്ചപ്പോൾ  എൻ്റെ വീട് പതിയെ പതിയെ സാന്ത്വനം എന്ന അനാഥർക്കുള്ള കൂടായി രൂപാന്തരം പൂണ്ടു.

ഇന്നിവിടെ പുതുതായി വന്നു ചേർന്ന സെയ്തലവിയടക്കം പത്തു പേർ  അന്തേവാസികളായുണ്ട്. ഞങ്ങളെപ്പോലെ അവർ ഓരോരുത്തർക്കുമുണ്ട് അവഗണനയുടെ ഒരായിരം കഥകൾ പറയാൻ.
ജീവിതത്തിൽ കുടുംബത്തിനു വേണ്ടി വിയർപ്പൊഴുക്കുകയും പിന്നീടെപ്പോഴോ വേണ്ടപ്പെട്ടവർക്ക് ആവശ്യമില്ലാതാവുകയും ചെയ്തപ്പോൾ സ്വാന്തനം തേടി ഇവിടെത്തന്നെയെത്തിയതാണവർ.

ആധുനീക സൗകര്യങ്ങൾ എത്ര കുന്നുകൂട്ടിയിട്ടും മനുഷ്യൻ്റെ ആശാ പാശങ്ങൾ അവസാനിക്കാറില്ല. എത്രയെത്ര  വാങ്ങിക്കൂട്ടിയിട്ടും ഇതിനിരട്ടി ഇനിയും എന്തൊക്കെയോ വാങ്ങിക്കൂട്ടാൻ കിടക്കുന്നു എന്ന തോന്നൽ എല്ലായ്പോഴും എവിടേയും ബാക്കി നിൽക്കുന്നു. ഇക്കാര്യത്തിൽ പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദം കാണാറില്ല.പണം എത്രയേറെ കിട്ടിയാലും മനസ്സിനു നിവൃത്തി വരുന്നതുമില്ല.
സ്വയം പണം സമ്പാദിച്ചു കൂട്ടാതെ, കുടുംബത്തിനു ഉപകാരമില്ലാതെ ,കണ്ടവർക്കു വേണ്ടി മാത്രം ജീവിച്ചു തീർക്കുന്ന എന്നെപ്പോലുള്ള പരോപകാരികൾക്കോ!
വീട്ടുകാർക്ക് ഇടയിലുള്ള സ്ഥാനമിപ്പോൾ കുടംബ ദ്രോഹിയെന്ന്!!

സലിം ഭായി കൂട്ടുവന്നില്ലായിരുന്നെങ്കിൽ ഈ സാന്ത്വനമിവിടെ ഉണ്ടാകുകയോ നിലനിൽക്കുകയോ ചെയ്യില്ലായിരുന്നു.

തോരാമഴയിൽ സ്വയം കഴുകി വന്ന മാലിന്യ ശേഷിപ്പുകളിലേറെയും റോഡരികിലടിയുന്നു.
വലിയ നിക്ഷേപം പോലെ മനുഷ്യർ പൊതുനിരത്തിൽ കൊണ്ടു തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ.
വട്ടിപലിശക്കാരുടെ കൂട്ടു പലിശ പോലെ ഇരട്ടിക്കിരട്ടിയായി അവ പെരുത്ത്  പൊതുനിരത്തു പെറ്റു കൂട്ടിയിട്ടപ്പോൾ സലിം ഭായി അതു കടമെടുത്ത അർബാനയിൽ വാരി നിറച്ചു .
വാരിയെടുക്കും തോറും അവ പിന്നെയും അവസാനിക്കാതെ വന്നപ്പോൾ കുറെ ചാക്കുകളിൽ കോർത്തുകെട്ടി ഒരറ്റം ചരട്‌ തൻ്റെ അരയിലും ചുറ്റി പൊതുനിരത്തിലൂടെ വണ്ടിയുന്തി
ആളൊഴിഞ്ഞ പുറംപറമ്പിൽ എത്തിച്ചു.

കുണ്ടിലും ചളിയിലും കല്ലിടുക്കിലും ചവുട്ടിനടന്ന് കാലിൽ മുറിവുകൾ പറ്റി. അവ കുറച്ചു നാളിലേക്കുള്ള വ്രണങ്ങളായി മാറി.

തെരുവുനായ്ക്കളെ നിർദ്ദയം വണ്ടി കയറ്റിക്കൊന്ന് മനുഷ്യൻ ക്രൂരത കാണിച്ചു വിജയിയായിനടന്നപ്പോൾ അവിടെയത് സലിം ഭായിക്ക് അരുതായ്മയും വല്ലായ്മയുമായി മാറി. 
നടുറോഡിൽ ചതഞ്ഞരഞ്ഞ് കരുണയില്ലായ്മയുടെ ബാക്കിപത്രമായി അവശേഷിച്ച മാംസക്കെട്ടുകൾ കൈക്കോട്ടാൽ വടിച്ചെടുത്തു പാതയോരത്തു കുഴിവെട്ടി മൂടി സലിം ഭായി .
വിശക്കുന്നവരുടെ വീടുകളറിഞ്ഞ് പൊതിച്ചോറുകൾ വീടുവീടാന്തരം ചോദിച്ചു വാങ്ങിക്കൊണ്ട് വന്ന് അവർക്കെത്തിച്ചു കൊടുത്തു.
നിർധനർക്കുള്ള സാമ്പത്തിക സഹായം പിച്ച തെണ്ടിക്കൊണ്ടു കൊടുത്തു.
അങ്ങിനെ അയാളും അയാളുടെ വീട്ടുകാർക്ക് മഹാദ്രോഹിയായിത്തീർന്നു!
 
പുറത്താരോ ഗേറ്റ് തുറക്കുന്ന ശബ്ദം.
സലിം ഭായിയെത്താൻ സമയമായില്ലല്ലോ. പിന്നെയിതാരാവും?
ജമീല വരുന്നതാണ്.
പാവം കുട്ടി.
ജാതി വെറിയും മതവെറിയും കാട്ടി സോഷ്യൽ മീഡിയായിൽ വരെ ബഹുജനം തല്ലിത്തകർത്തു നടക്കുന്ന ഇക്കാലത്ത് ഈ കുട്ടിയുടെ കാര്യം വളരെ കഷ്ടം തന്നെ!

സെയ്തലവിയേയും കുടുംബത്തേയും അവരുടെ പാട്ടിനു വിട്ടേക്കാൻ പലരും സമ്മതിക്കാത്തതാണ് അവരുടെ പ്രശ്നം. മരിച്ചു പോകുന്ന കാലത്ത് പള്ളിക്കാട്ടിലോ, പള്ളി സെമിത്തേരിക്കകത്തോ, പട്ടടയിൽ തന്നെയോ സംസ്കരിക്കണമെങ്കിൽ പുരോഹിതരുടെ കൈകാലുകൾ പിടിക്കണം ഇപ്പോഴും.
മനുഷ്യനെ സ്വതന്ത്രരാകാൻ അനുവദിക്കാതെ പലതാക്കി ഭിന്നിപ്പിച്ച് തമ്മിലടിച്ചു രസിക്കുകയാണിവർ.  

ഇടത്തോട്ടു തിരിയണം, വലത്തോട്ടു തിരിയണം, ഇടത്തു മുണ്ടുടുക്കണം, കൊന്ത ചൊല്ലണം, പുണ്യാഹം ചെയ്യണം. മനുഷ്യനെന്ന ഒരേ ജനുസ്സിനെ തന്നെ പരസ്പര വിരുദ്ധങ്ങളായ ആചാരങ്ങളുടെ പേരിൽ എന്തുമാത്രം വിദ്വേഷികളായാണ് ഇവരൊക്കെ ആക്കിത്തീർത്തിരിക്കുന്നത്!

ജമീല ഓഫീസ് വാതിൽക്കൽ വന്നു നിൽക്കുന്നു.
" ഉപ്പയെ ഒന്നു കാണണം."
" കണ്ടോളൂ. കുട്ടി എന്നുമിങ്ങനെ വേവലാതിപ്പെട്ട് ഓടി വരേണ്ട കാര്യമില്ലല്ലോ ഇവിടെ!
ആളിവിടെ സ്വസ്ഥനാണ്.
ഒരു വിഷമവും കാണിക്കുന്നില്ല.
ഉപ്പ കുറച്ചു നാളത്തേക്ക് ഒരു വിരുന്നു പോയ പോലെ കാണാവുന്ന കാര്യമേ ഇവിടുള്ളൂ. ഒന്നു രണ്ടാഴ്ച ഇവിടെ ഇങ്ങിനെയൊക്കെ കഴിഞ്ഞ് മനസ്സിലെ വിഷമമെല്ലാം മാറിയാൽ ആളു തനിയെ കുട്ടിയുടെ അടുത്തേക്കു തന്നെ വന്നോളും.
മറ്റുള്ളവരെപ്പോലെ വീട്ടുകാരുപേക്ഷിച്ച ആളൊന്നുമല്ലല്ലോ മോളുടെ ഉപ്പ "

" ഉപ്പയെ ഞാൻ വിളിച്ചു കൊണ്ടുപോകാൻ വന്നതാണ് .നിങ്ങളെല്ലാവരും നല്ല മനുഷ്യരാണ്. ഞങ്ങൾ വെറുതെ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ക്ഷമിക്കണം."

"നല്ല കാര്യമായി! ഇവിടെ ജാതിയും മതവും നോക്കി ജീവിക്കുന്ന ആരുമില്ല കുട്ടീ.
അതിൻ്റെ പേരിൽ പരസ്പരം വഴക്കടിക്കുന്നവരുമില്ല.
അതുകൊണ്ടാണ് ഞങ്ങൾക്ക് നല്ല മനുഷ്യരായി ചിന്തിക്കാനും പ്രവൃത്തിക്കാനും പറ്റുന്നതു തന്നെ. ഞങ്ങളെപ്പോലെ ചിന്തിക്കുന്ന കുറെ നല്ല മനുഷ്യർ ഈ സ്ഥാപനത്തിനെ അകമഴിഞ്ഞു സഹായിക്കുന്നുമുണ്ട്.അവരുടെ സഹായമുള്ളതുകൊണ്ട്  ഇവിടത്തെ കാര്യങ്ങൾ ഭംഗിയായി നടന്നു പോകുന്നു. മതത്തിൻ്റെ നിറം നോക്കാത്തതുപോലെ തന്നെ ഞങ്ങൾ കൊടിയുടെ നിറവും നോക്കാറില്ല. മനുഷ്യരാണോ ,അതുമാത്രമെ ഇവിടെ കണക്കാക്കാറുള്ളൂ."

ജമീലയുടെ മുഖം സിന്ധുരാജിൻ്റെ സാന്ത്വന വാക്കുകളേറ്റുതിളങ്ങി. അവൾ ആശങ്കകളറ്റു സ്വസ്ഥയായിത്തീർന്നു. ആളുകൾ എങ്ങിനെയാണ് ഇവിടെ സ്വസ്ഥരും സ്വതന്ത്രരുമായി ജീവിക്കുന്നത് എന്ന് അവൾക്കു മനസ്സിലായി.
അത് മതനിരപേക്ഷതയുടെ വിജയമാണെന്നവൾക്കു മനസ്സിലായി.

"നിങ്ങൾ നന്മയുള്ളവരാണ്. നന്ദിയുണ്ട്.ഞാൻ ഉപ്പയെ കണ്ടിട്ടു വരട്ടെ"
ജമീല അനുവാദം ചോദിച്ചു.
"ശരി .അകത്തേക്ക് പൊയ്ക്കോളൂ."
സിന്ധുരാജിൻ്റെ അനുമതി കിട്ടിയ മാത്രയിൽ തന്നെ ജമീല അകത്തേക്കു കുതിച്ചു.

2023, മേയ് 7, ഞായറാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം ഏഴ്.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ധാരധാരയായി അശ്രുകണങ്ങള്‍  ആ കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകി.
ആഹാരനീഹാരാദികളില്ലാതെ ,സ്നാനമോ ജപമോ ഇല്ലാതെ വാടിയ ചെടിതണ്ടുകണക്കെയുണ്ട് പാവം...

ഇംതിയാസിന്റെ തടവറയില്‍ കരാളമായ നിശബ്ദത അവള്‍ക്ക് കാവല്‍ക്കാരനായി കൂട്ടു നിന്നു.
ഇലകൾ  തമ്മില്‍ ചേരാതിരിക്കാന്‍  അകത്തിനടപ്പെട്ട രണ്ടു മരങ്ങള്..‍ ഭൂമിക്കടിയില്‍  വേരുകള്‍ കൊണ്ട് തിരഞ്ഞ് പരസ്പരം ചേരാന്‍ കൊതിക്കുന്നു.

പുറത്തെവിടെയോ തൻ്റെ പ്രിയപ്പെട്ടവൻ അലയുന്നുണ്ട്..
ഓരോ ശ്വാസത്തിലും തൻ്റെ പേരു മാത്രം നീട്ടി വിളിച്ചു കൊണ്ട്..
അവനറിയാതൊരു തടവറയില്‍ ഒരു കാപാലികൻ്റെ കൈകളാൽ തളക്കപ്പെട്ട് ഇവിടെ ഇങ്ങരികെ അവൻ്റെ പ്രിയപ്പെട്ടവളും.. 
അവന്റെ മാത്രം ശബ്ദത്തിന് കാതോര്‍ത്ത്….
അവനിൽ നിന്നു വരുന്ന ഒരു രക്ഷയും കാത്ത്..

വിതുമ്പുന്ന ചുണ്ടുകളാല്‍  ഒരേയൊരു നാമംമാത്രമേ അവൾക്ക് ഉരുവിടാനുണ്ടായിരുന്നുള്ളൂ. 
അവനു മാത്രം പാടിയ അവളുടെ  നാവ് ഇടറിയിടറി ശബ്ദമില്ലാതെ കരഞ്ഞു.

“എന്റെ കുക്കു..പ്രിയപ്പെട്ട കുക്കു..”
അവൾ അവനില്ലാതെ ഉരുകിത്തീരുന്നു.
 
പെട്ടെന്നപ്പോൾ  തടവറയുടെ വാതില്‍ തുറക്കുന്ന ശബ്ദം അവളെ നടുക്കി.
“ഇതിയാസ്..”
വെറുപ്പിന്റെയും ഭീതിയുടേയും അവസാനമായ ആ വാക്ക് അവളില്‍ നിന്നും പിടഞ്ഞെണീറ്റു..
വിളറി വെളുത്തുപോയ തൻ്റെ മുഖം ഉയര്‍ത്താനാകാതെ തളര്‍ന്നുപോയിരിക്കുന്നഅവളുടെ അരികിലേക്ക് ഇംതിയാസിന്റെ പാദസ്പര്‍ശം ചേർന്നടുത്തുനിന്നു.

“പ്രിയേ..എന്റെ സുറുമീ..”
കേള്‍ക്കരുതാത്തതു ‍ കേട്ടെന്നവണ്ണം അവള്‍ചെവികള്‍ പൊത്തി.

“തൊടരുതെന്നെ..”
അവള്‍ക്കു നേരെ നീണ്ട അവന്റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ അലറി.

“നീചാ..എന്റെ കുക്കുവിന്റേതു മാത്രമായ ഈ ശരീരം നീ തൊട്ടശുദ്ധമാക്കാന്‍ ശ്രമിച്ചു..ഇതവനറിഞ്ഞാല്‍ ഈ നിമിഷം കൊന്നുതള്ളും നിന്നെ..”
കോപത്തിന്റെ തീജ്വാലകളുതിര്‍ത്തുകൊണ്ട് അവള്‍ അവനെ നേര്‍ക്കു നേര്‍ നോക്കി.
തടവറയുടെ ഒരു മൂലയില്‍ ചുരുണ്ടുചുരുണ്ടങ്ങനെ അവള്‍ നിന്നു കിതച്ചു.

“എടീ.. ക്ഷമിക്കുന്നു.
ഇന്നത്തെ ഒരു രാവ് ,ഒരേ ഒരു രാവു മാത്രം നിന്റെ സമ്മതത്തിന് അവസാനമായി ഞാന്‍ നിനക്കു തരുന്നു.
നാളെ ഒരു പ്രഭാതമുണ്ടെങ്കില്‍ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എന്റെയീ ബലിഷ്ടമായ കൈകള്‍ നിന്നെ എന്നെന്നേക്കുമായി എനിക്കു സ്വന്തമാക്കിയിരിക്കും..”
പ്രണയവിവശതയുടെ ഭാവം മാഞ്ഞ് ഇംതിയാസ് അപ്പോൾ കോപക്കലികൊണ്ട് വിറച്ചു.

അവനെ കൊന്നുതള്ളാനുള്ള കരുത്ത് തനിക്കില്ലാതെ പോയതില്‍ വിലപിച്ചുകൊണ്ട് സര്‍വാംഗം തളര്‍ന്ന് സുറുമി താഴെ വീണുപോയി.
ചവുട്ടിയമര്‍ത്തിപ്പോകുന്ന ഇംതിയാസിന്റെ കാലടിശബ്ദം അവളെ വിട്ടകന്ന് നേർത്തില്ലാതാവുന്നത് അവൾ അവിടെ കിടന്നുകൊണ്ട് തന്നെ കേട്ടു.
ഇന്നു രാത്രി പുലരാതിരുന്നെങ്കിൽ..
ഇല്ലെങ്കിൽ വീണ്ടും.. 
നാളെ വെളുപ്പിനു തന്നെ ആ കാമാധമന്‍ പിന്നെയും വരും.
ചിലപ്പോളവന്‍ ഇന്ന് തന്നെ…
ആ രംഗം ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

എല്ലാം ഇവിടംകൊണ്ട്  തീരണം..
ഇലാഹീ..ഇതാ എന്റെ ജീവന്‍..
ഇനി ഇത് ഇവിടെ നിൻ്റെ പാദത്തിൽ ചേർത്ത് അവസാനിപ്പിക്കാനുള്ളതാണ്.
എന്റെ കുക്കുവിനു മാത്രമായി ഈ നിമിഷംവരെ 
കാത്തുപോന്ന എന്റെയീ  പ്രാണൻ  ഇതാ ഞാന്‍ നിനക്കു തന്നെ തിരിച്ചുതരുന്നു..

എന്റെ ജീവന്റെ ജീവനായ കുക്കൂ..
നിത്യസ്നേഹത്തിന്റെ ഈ  പറുദീസയില്‍ 
ഇനി  നിനക്കായി ഞാന്‍ ഒരിക്കലും ബാക്കിയുണ്ടാകില്ല.
ഇവിടെ ഈ ലോകത്തിൽ ഇനി നീ മാത്രം തനിച്ചാകുന്നത് എങ്ങനെ നീ സഹിക്കുമെന്ന് എനിക്കറിയില്ല.
പോകുന്നു..
പൂക്കളോടും പുഴകളോടും ഈദിന്റെ സുഗന്ധമുള്ള നിന്നോടുമൊത്തുള്ള എന്റെയീ ജീവസ്മരണകള്‍ മാത്രം ഇവിടെ ബാക്കിവെച്ച്,
ഇതുവരെ ഇപ്പോൾ വരെ എന്നും  നിന്റേതു മാത്രമായിരുന്ന  നിന്റെ സുറുമി പോവുകയാണ്..
ഒരു കരാളരൂപിക്ക് പിച്ചിച്ചീന്താൻ ബാക്കി വെക്കാതെ ഈ ദേഹം ഒരു പിടി പച്ചമണ്ണിനെറിഞ്ഞുകൊടുത്ത് ഖബറിടത്തിലേക്ക്.. 
നാളെ, ഞാനുറങ്ങുന്ന ആ ഇടത്തിൽ
എന്നെങ്കിലും ഒരു വേള വഴിതെറ്റിയിട്ടാണെങ്കിലും ആ വഴി നീ വരണെ..
അങ്ങിനെ ഒരിക്കൽ എപ്പോഴെങ്കിലും നീയവിടെ വന്നുവെങ്കില്‍ ഒരിറ്റു 
കണ്ണീരെങ്കിലും നീ എനിക്കുവേണ്ടി ആ മണ്ണില്‍ ഇറ്റിക്കണേ..
നിന്നെ പ്രാണനായി കരുതി ജീവിച്ച് ഒടുവിൽ ഹൃദയം നുറുങ്ങി നീറി നീറിയൊടുങ്ങിപ്പോയ ഈ നിർഭാഗ്യവതിക്കു വേണ്ടിച്ചെയ്യാൻ അവസാനത്തേതായി നീ അന്നു പൊഴിക്കുന്ന കണ്ണുനീർ എൻ്റെ ഖബറിടത്തിനു മേൽ പെരുക്കും!
എനിക്കും നിനക്കുമില്ലാതെ  നമുക്കു നഷ്ടമാകാൻ പോകുന്ന ഈ ലോകത്തിനു മുന്നിൽ എൻ്റെ സ്നേഹത്തെ നൂറു നൂറായി അടയാളപ്പെടുത്തി വെയ്ക്കും,
നിൻ്റേയും..!
ഒരു മരണത്തിനും പിരിക്കാൻ പറ്റാത്ത വിധം ഒന്നായി ചേർത്ത്!
നിശ്ചയം..

അങ്ങിനെയൊക്കെ ചിന്തിച്ചുറച്ചും വിലപിച്ചും കൊണ്ട് തന്റെ മരണത്തിനായി അവള്‍ തന്റെ വിരലിലേക്ക് മാത്രം നോക്കി. അവിടെ നിന്നും വലിയ പ്രഭ ചൊരിയുന്ന തൻ്റെ വജ്രമോതിരം 
വിറക്കുന്ന വിരലുകളോരോന്നും ചേര്‍ത്തുറപ്പിച്ച് അവള്‍ ഊരിയെടുത്തു.
മരണമാണ് ഇനി തന്റെ രക്ഷയെന്നുറപ്പിച്ച് അവള്‍ ആ മോതിരം കടിച്ചു വിഴുങ്ങാനായി ചുണ്ടോടുചേര്‍ത്തു..
(തുടരും.)

മനസ്സു വല്ലാതെ വിങ്ങുന്നു.
നിത്യസ്നേഹത്തിന്റെ വിശുദ്ധവനിയില്‍ പിറന്നിട്ടും തന്റെ പ്രണയത്തെ പരിരക്ഷിക്കാനാകാതെ ഇംതിയുടെ കാരാഗൃഹത്തിലൊടുങ്ങിത്തീരുന്ന പാവം കുക്കു..
തൻ്റെ തേങ്ങലുകളോരോന്നും മരണമാല്യം കണക്കെ ഹൃദയത്തിലണിഞ്ഞ് സ്വയം ഉരുകിയൊലിച്ചു തീർന്നു പോകാറായവൾ..

ഇംതിയുടെ കോട്ടഗോപുരങ്ങള്‍ തച്ചുതകര്‍ത്ത് തന്റെ പ്രാണപ്രിയയെ കൊണ്ടുപോകാന്‍എവിടെ നീ?

വായനക്കാരുടെ ഹൃദയങ്ങളെ വ്യഥയുടെ ആഴക്കടലിലെറിഞ്ഞ് ‍ അടയാളങ്ങളെന്ന നോവല്‍ പിന്നെയും അധ്യായങ്ങളില്‍ നിന്നുംഅധ്യായങ്ങളിലേക്ക് നീണ്ടുപോകുകയാണ്.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അനുവാചക ദു:ഖം സഹിക്കവയ്യാതെ സഫിയ തൻ്റെ കൈപ്പിടിയിൽ തളർന്നു വിശ്രമിക്കാനായുന്ന നാട്ടുപച്ച ആഴ്ചപ്പതിപ്പ് നടുവേ മടക്കിവെച്ച് കുറച്ചുനേരം ഖിന്നയായിത്തന്നെയിരുന്നു.

മുല്ലയെന്ന നാട്ടുപച്ചയിലെ എഴുത്തുകാരീ...
നിങ്ങളുടെ മനസ്സ് കുറെയൊക്കെ ക്രൂരമായിപ്പോയില്ലേ?

ഭ്രാന്തൻ കുന്നിൻ്റെ താഴ് വാരങ്ങൾ വിട്ട്  പച്ച ജോസിൻ്റെ റബർ തോട്ടത്തിലേക്ക് തന്റെ ആട്ടിൻ കൂട്ടങ്ങളിറങ്ങിപ്പോകുന്നത് അവള്‍ കണ്ടു.
ഉപ്പയിൽ നിന്നും അവയിനിയും അനുസരണ പഠിച്ചില്ലെന്നുണ്ടോ?!

ഉദയസൂര്യന്‍ നീട്ടുന്ന നീളമുള്ള നിഴലുകളെ എത്തിപ്പിടിക്കാനായുന്നു ചെരിവോരത്തെ കാറ്റു കൂട്ടങ്ങൾ !
ആർത്തിയോടെ കാറ്റിനെയും തിന്നാനായുന്ന ഒരുമ്പെട്ട കന്നുകൂട്ടങ്ങള്‍..

കുന്നിൻ മുകളിൽ കയറി നിന്നാൽ കാണാം തെല്ലകലെ ദീനം വന്നു മെലിഞ്ഞ കന്നിനെ പ്പോലെ വറ്റിവരളാന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന കേച്ചേരിപ്പുഴയെ ..
അവിടെയും ഗദ്ഗദമുണ്ട്.
ഇരമ്പിപ്പാഞ്ഞു വരുന്ന ഒരു മഴച്ചാർത്തിനെ മാറിലേൽക്കാൻ കേച്ചേരിപ്പുഴ കേഴുന്നു!
പുഴക്കക്കരെ നിന്നും പിന്നെയും ഭൂമി നീണ്ടു കിടക്കുന്നു.
അവിടെ നിന്നും ദൂരെ ദൂരേക്കു പോയാൽ
പെരിന്തൽമണ്ണയിൽ ചന്തയിലലയുന്നുണ്ടാകും തൻ്റെ പ്രിയനിപ്പോൾ!
നാട്ടുപച്ചയിലെ സുറുമിയുണർത്തിയ  അവളുടെ മുസ്തഫിക്ക!
കുന്നത്തെ ചരിവോരത്തും ഓർമ്മകളുടെ കാറ്റേറ്റു വിവശയായി അവൾ!

സ്വപ്നത്തിലെ കരടുകളെന്നോണം ചില കാക്കകള്‍ പശുക്കൾക്കു മേൽ ചെന്നിണമൂറ്റാൻ വരുന്ന പെരും ചെള്ളുകളെ കാത്ത് ചുറ്റും പാത്തു നടപ്പുണ്ട് .
അവ കരയുന്നു.
തൻ്റെ കൂട്ടങ്ങളെ കരഞ്ഞുതന്നെ വിളിക്കുന്നു.

“ചുന്നീ…”
സഫിയ നീട്ടിവിളിച്ചു.
തന്റെ പേരു വിളിച്ചതില്‍ നന്ദിസൂചകമെന്നോണം സഫിയയുടെ ആട് ചെറുതായി കരഞ്ഞു.
പിന്നെ ഉള്ളില്‍ കുരുന്നായി തുടിക്കുന്ന തൻ്റെ കുഞ്ഞിന് എന്ന വണ്ണം പുല്‍നാമ്പുകള്‍ക്ക് പിന്നെയും മുഖം കൊടുത്തു.
"ചുന്നീ..." തെല്ലരിശത്തോടെ തന്നെ സഫിയ വീണ്ടും നീട്ടി വിളിച്ചു.
വിളിച്ച വിളി കേട്ടെന്നവണ്ണം കുന്നിൽ ചരിവിൽ വന്നു കയറിയത് പക്ഷെ ജമീലയുടെ മുഖമായിരുന്നു!

പെട്ടെന്ന് ഷോക്കടിച്ച പോലെ സഫിയക്കു തോന്നി.
നാട്ടുപച്ച അവളുടെ കൈകളിൽ നിന്നും കുഴഞ്ഞിറങ്ങി ഇളം പുല്ലുകളെ പരതി.

ജമീലയെ കുറച്ചു നേരം അവളിലെ കളിക്കൂട്ടുകാരി നോക്കി നിന്നു.
അറപ്പാണ് ആദ്യം അവൾക്ക് തോന്നിയത്. പിന്നെ പിന്നെ പഴയ സ്നേഹകാലങ്ങൾ പിൻവിളി വിളിച്ചതുകൊണ്ടു മാത്രം സഫിയ ജമീലക്കു  മുഖം കൊടുത്തു.
അവളെ വിളിക്കുകയും ചെയ്തു..

"വാടീ .. "
സഫിയയുടെ വിളി ജമീല മാത്രം അനുസരിച്ചു.
അവൾ സഫിയക്കരികിലെത്തി.

"എടീ, നീയവനെ പൊന്നാനിക്ക് കൊണ്ടു പോവുന്നുണ്ടോ?"

എന്താണ് ഉദ്യേശം?
അതെ, അതു തന്നെ.
ജമീല മൗനിയായി നിന്നു.

"എന്നും ഇങ്ങനെ തന്നെ അവൻ്റെ കൂടെ കഴിയാനാണോ നിൻ്റെ തീരുമാനം?"
സഫിയയുടെ ചോദ്യത്തിന് ജമീല പിന്നെയും ഉത്തരം കൊടുത്തില്ല.
മൗനം സഫിയയെ വിറളി പിടിപ്പിക്കുന്നു.
നോവുകൾ കനത്ത് രൂക്ഷമാവുന്നു നോട്ടങ്ങൾ !

" ഉപ്പയെന്ത്യേഡീ? "
ഉപ്പയുടെ പേരുകേട്ടപ്പോഴെ ജമീലയുടെ കണ്ണു നനഞ്ഞു.

"ദീനു തെറ്റിച്ചാൽ എന്താവും ഫലമെന്ന് നിനക്കറിയാലോ?!
ഖിയാമത്ത് നാളിൽ അവൻ്റെ കൂടെത്തന്നെ നരകത്തീയിൽ വാരിയെല്ലായി നീയും കിടന്ന് കത്തും. 
ഇനി രണ്ടു പേരും ദീനുറപ്പിച്ച് സുബർക്കത്തിലെത്തിയാലോ, വാരിയെല്ലായാലെന്താ നീയും സുഖിക്കും!
വല്ല ബോധവുമുണ്ടോടീ മണ്ടത്തി നിനക്ക്?
പടച്ചവൻ പെണ്ണുങ്ങൾക്ക് റൂഹിനെ തന്നിട്ടില്ല.
പക്ഷെ ചിന്തിക്കാനുള്ള ബോധം തന്നിട്ടുണ്ടല്ലോ?
സ്രഷ്ടാവിനെ വിളിക്കാനും നന്ദികാണിക്കാനും അറിയാത്ത ഒരാണൊരുത്തനെക്കൊണ്ട് ഈ ദുനിയാവിന് തന്നെ എന്താടീ ഗുണം?"

മുനീറിക്കാൻ്റെ പരിപ്പുവടകളും കടിച്ചു മുറിച്ച് പകലുകളെ ആഘോഷിച്ചുക്കൊണ്ടിരിക്കുന്ന സ്വന്തം മക്കളെ ഒരു നിമിഷം നടുക്കത്തോടെ സഫിയ ആ വേളയിൽ സ്മരിച്ചു പോയി. 
അവരിലാരെങ്കിലും ഒരു ജമീലയോ വാസുദേവനോ ആകാൻ തൻ്റെ ഉദരം കടം കൊണ്ടിട്ടുണ്ടാകുമോ? 
അവരാരെങ്കിലും ദീനു മറന്ന് സൃഷ്ടാവിനോട് നന്ദിയില്ലാത്തവരായി ഇതുപോലത്തെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നവരാകുമോ? 
ഒരു നെടുവീർപ്പ് സഫിയയിൽ നിന്നുയർന്നു.

പാവം മുസ്തഫിക്കാ..
പെരിന്തൽമണ്ണ ചന്തയിൽ ചോര നീരാക്കി അധ്വാനിക്കുന്നു.
മക്കൾക്കു വേണ്ടി!
മക്കളായിപ്പിറന്നിട്ട് ജനിപ്പിച്ചവർക്കു നേർക്ക് ഇതുപോലെ ചെയ്തു കാണിച്ചാൽ സത്യം, ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല. 

സുബഹു മുതൽ ഇശാ വരെയുള്ള പ്രാർത്ഥനകൾ ലൈക്കിനും കമൻറിനും ഷെയറുകൾക്കുമിടയിൽ മുടങ്ങിപ്പോകുന്ന കാലം!
കമ്പ്യൂട്ടറും മൊബൈൽ ഫോണും വന്നു എല്ലാം വഴി തെറ്റിപ്പോയിട്ടുണ്ട്.
ഇബിലീസ് ഇൻ്റർനെറ്റിലും കേറി വഴിതെറ്റിക്കുന്നതാകാം.
കല്ലെറിഞ്ഞോടിക്കേണ്ടതിനെ കയ്യിലെടുത്ത് കൊഞ്ചിക്കുന്ന മക്കൾ!
എൻ്റെ മക്കളെ കാത്തോളണെ റബ്ബേ...

സഫിയയുടെ ആധി ഓരോ മാതാപിതാക്കളുടേതും കൂടിയായിരുന്നു.
ദൈവവിളിയില്ലാതെ, വീട്ടിനകത്തെ ഒരു പണി പോലും ചെയ്യാതെ ടച്ച് ഫോണിൽ തോണ്ടിത്തോണ്ടിയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങൾ !
വലിയവരും ചെറിയവരും ഒക്കെ ഒരേ കണക്ക്!

ജമീലക്ക് താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് ബോധ്യമായിട്ടുണ്ടാകണം.
അതു കൊണ്ടാണവൾ തന്റെ ചോദ്യങ്ങൾക്ക് മുഖം താഴ്ത്തിയും ഉത്തരം പറയാതെയും മാറി നിൽക്കുന്നത്.
അവൾക്കു ചുറ്റുമായി ജമീലയുടെ ആടുകൾ വന്നു നിരന്നിട്ടുണ്ട്. 
ജമീല അവയെ വീണ്ടും മടക്കി തെളിക്കാനൊരുങ്ങുകയാണ്.

"സഫിയാത്താ, എനിക്ക് ഉപ്പയെ കാണാൻ പോണം. ഞാൻ പോട്ടെ."

ആടുകളെയും കൊണ്ടു തിരികെ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ജമീലയെ കണ്ട് സഫിയ ആശ്വാസം കൊണ്ടു. 
തൻ്റെ ഉപദേശങ്ങൾക്ക് ഫലമുണ്ടായിട്ടുണ്ട്. അവൾ തീർച്ചയായും തൻ്റെ ഉപ്പയെ കാണും. വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരും.
തൻ്റെ തെറ്റുകൾ എല്ലാം തിരുത്തി അവനെയും കൂട്ടത്തിൽ ചേർന്ന് നല്ലവളും നന്മ നിറഞ്ഞവളുമായി മാറും. 
അതിനായി നാഥനവളെ അനുഗ്രഹിക്കട്ടെ..

2023, മേയ് 5, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ.6

അദ്ധ്യായം ആറ് .

ദൈവം ആദാമിനേയോ ആദാമിൻ്റെ വാരിയെല്ലെടുത്ത് ഹവ്വയേയോ സൃഷ്ടിച്ചിട്ടുണ്ടായിരുന്നുവോ?
മറിച്ച് ഡാർവിൻ അഭിപ്രായപ്പെട്ടതു പോലെ കുരങ്ങിൻ്റേയും മനുഷ്യൻ്റെയും ജനുസ്സിൽപെടുന്ന ഒരു പൊതു പൂർവ്വികനിൽ നിന്നുണ്ടായ പരിണാമ സൃഷ്ടി മാത്രമാണോ മനുഷ്യൻ?
ഇതെല്ലാം ജമീല പഠിക്കാൻ ശ്രമിച്ചിരുന്നു. 
പഠിച്ചാൽ പ്രത്യേകിച്ച് പെൺകുട്ടികൾ, പിഴച്ചു പോകുമെന്ന മുക്രിക്കയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട്  സാമാന്യം നന്നായി തന്നെ അവൾ പഠിക്കുകയും പിഴക്കുകയും ചെയ്തു.
എന്നിട്ട് ഒരേ ക്ലാസിൽ ഒരുമിച്ച് പഠിക്കാനിരുന്നവനെ  പ്രണയിക്കുകയും  മിശ്രവിവാഹം കഴിക്കുകയും കൂടി ചെയ്തു. 
മതം അനുവദിക്കാതിരുന്ന തെറ്റുകൾ ചെയ്യുക വഴി തത്വത്തിൽ അതെല്ലാം ദൈവഹിതത്തിനെതിരായ കാര്യങ്ങൾ തന്നെയായിരുന്നെന്ന് പൊതുസമൂഹം വിലയിരുത്തി.
അതിൻ്റെതായ ശിക്ഷാവിധികൾ ഉടനെ പുറകെയുണ്ടാകുമെന്നും അവർ അനുമാനിച്ചു.

ജമീലയും വാസുദേവനും..
അറിവുകൾ കൂടി വന്നപ്പോൾ രണ്ടു പേരും തങ്ങളുടെ മതങ്ങൾക്കും വിശ്വാസരീതികൾക്കും പിടികൊടുക്കാതെയായിരുന്നു പൂർണ്ണമായിത്തന്നെ പിഴച്ചു പോയത്!
അതെപ്പറ്റിയോർത്തു തന്നെയാണ് അവരുടെ മാതാപിതാക്കൾ ലജ്ജിച്ചതും. അവരെയോർത്ത് വേദനിക്കുകയും വിലപിക്കുകയും ചെയ്തതും.
ഇവയിൽ നിന്നെല്ലാം ഉയിർക്കൊണ്ട് അവരുടെ വീടുകളിൽ അസ്വാസ്ഥ്യം കനലുകൾ കാട്ടി. 
മനസ്സുകളെ പുകയായെരിച്ചു.

സെയ്തലവിയില്ലാത്ത വീട്ടിൽ അവർ രണ്ടു പേരുണ്ടായിട്ടും പിന്നെയും വലിയൊരു ശൂന്യത നിറഞ്ഞു.
അതുരുകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും ഘനീഭവിച്ചുറച്ചു.
എന്നാലും ജമീല കുലുങ്ങിയില്ല.

അവൾ ശേഖരൻ മാഷിൻ്റെ വചനങ്ങൾ ഉൾക്കൊണ്ടിരുന്നു.
ഐൻസ്റ്റീൻ്റെ ക്വാണ്ടം തിയറിയിൽ നിന്നും ഉയിർകൊണ്ടതും ജീവരാശികളിൽ ആഗ്രഹങ്ങളായി പെരുത്തു കയറി അനസ്യൂതം പ്രപഞ്ചസൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു  സ്രഷ്ടാവിനെ മാത്രമാണ് ജമീല തൻ്റെ ദൈവത്തിൻ്റെ സ്ഥാനത്ത് സങ്കൽപ്പിച്ചത്.
ദൈവം എന്നത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഊർജ്ജമാണെന്നും, തെറ്റെന്നും ശരിയെന്നും നമ്മൾ തീരുമാനിക്കുന്ന എല്ലാ പ്രവൃത്തികളുടേയും പിതാവ് എന്ന സ്ഥാനവും കൂടി അവൾ കൂടുതലായി ദൈവത്തിനു നൽകി.
ദൈവം സൃഷ്ടിച്ച തെറ്റും ശരിയുമാണ് മനുഷ്യൻ ഓരോരുത്തരും.
ഓരോ മനുഷ്യനും അതു പ്രകാരം തന്നെ ഭൂമിയിൽ തെറ്റും ശരിയുമായി ജനിക്കുന്നു.
ജമീലയെ ദൈവം തെറ്റെന്ന പേരിൽ ജനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദി ദൈവം തന്നെയാണ്.
എന്നാൽ വലിയ ന്യായപ്രമാണങ്ങളുണ്ടാക്കി ഇക്കാര്യത്തിൽ തന്നെ വിധിക്കാൻ വന്നു നിൽക്കുന്നവരുണ്ടല്ലോ.,
പ്രപഞ്ചത്തിൽ ഒരു കുമിള പോലെ വന്നു വീർത്തു ഒരു അടയാളം പോലും ബാക്കിയാകാതെ പൊട്ടിപ്പോകുന്നവർ!
തൻ്റെ ചുറ്റുപാടുമിപ്പോൾ നിരന്നു നിൽക്കുന്ന ആ തൻ പ്രമാണിമാരെ താനൊരിക്കലും ഭയപ്പെടാനോ തന്നെ വിധിക്കാനുള്ള അവകാശം ചാർത്തിക്കൊടുക്കാനോ പോകുന്നില്ല.
ഇത് ജമീലയാണ്.
അവൾ അങ്ങിനെയാണ്.
അവളുടെ ദൈവവും അതുപോലത്തേത് തന്നെയാണ്.
ഇതായിരുന്നു ജമീലയുടെ തീരുമാനങ്ങൾ .

എന്നാൽ വാസുദേവൻ്റെത് മറ്റൊരു വിചിത്ര രീതിയായിരുന്നു!
അയാൾ തന്നെ പൊതിഞ്ഞു നിൽക്കുന്ന പുരാവൃത്തങ്ങളിൽ നിന്നും പൂർണ്ണമായും പുറത്തു വരാൻ കൂട്ടാക്കിയില്ല.
ലൗ ജിഹാദിനും ഘർ വാപസിക്കും പിടികൊടുക്കാതെ തങ്ങൾക്കു മാത്രം സ്വന്തവും സ്വതന്ത്രവുമായ  വിശ്വാസരീതികളോടെ അവർക്കുള്ളിലെ സ്രഷ്ടാവിനെ തേടിയലയാൻ വാസുദേവൻ പിന്നെയും മടിച്ചു.
ജമീലക്കുള്ളതുപോലെയുള്ള സ്ഥൈര്യം വാസുദേവനിൽ വളരെ കുറവായിരുന്നു.

വാസുദേവൻ മനുസ്മൃതിയുടെ കർത്താവെന്നനുമാനിക്കുന്ന ആദിമമനുഷ്യൻ മനുവിനെ സൃഷ്ടിച്ച അതേ ബ്രഹ്മാവിൽ തന്നെ തൻ്റെ സൃഷ്ടി സങ്കൽപ്പത്തെ തൂക്കി നിർത്തി. 
സൃഷ്ടികർത്താവായ ബ്രഹ്മാവ് മാത്രമാണ് ബ്രഹ്മാണ്ഡ രൂപത്തിലുള്ള പ്രപഞ്ചമത്രയും എന്നയാൾ വിശ്വസിച്ചു.
വിവിധ ജാതിയിലും മതത്തിലും പെട്ട് പലനാടുകളിലും പലഭാഷകളിലും തൻ്റെ സംസ്കാരത്തെ രൂപപ്പെടുത്തിയവർ എല്ലാവരും തന്നെ  പല പേരുകളിൽ തന്നെത്തന്നെ വിളിക്കുന്നു.

പ്രപഞ്ച സൃഷ്ടാവ് ബ്രഹ്മാവു മാത്രമാണ്. മറ്റാർക്കും ഇക്കാര്യത്തിൽ അവകാശമില്ലാത്ത വിധം താൻ തന്നെ സ്രഷ്ടാവും സൃഷ്ടിയുമായി  പല ഭാവത്തിലും പല രൂപത്തിലുമായി മാറിയതാണ് ഈ പ്രപഞ്ചമത്രയും!
തൻ്റെ തന്നെ ചിദ് സ്വരൂപത്തിൽ നിന്ന് അതതു കാലങ്ങളിൽ തൻ്റേതു തന്നെയായ അനേക തരം സൃഷ്ടീരൂപങ്ങളായി കാലാകാലങ്ങളിൽ പരിണമിച്ച് മാറുന്നതാണ് ഈ പ്രപഞ്ചമെല്ലാം തന്നെ ! 
ബ്രഹ്മാവു മാത്രമാണ് സത്യം .
മറ്റുള്ളതെല്ലാം  മിഥ്യയാണ്.
പ്രപഞ്ചമെന്ന ഈ മഹാ നാടകത്തിൽ പല തരം വേഷങ്ങളാടാനായി വന്നും പോയുമിരിക്കുന്ന മുപ്പത്തിമുക്കോടി ദേവകളും സമസ്ത പ്രവാചകരും നാസ്തികരും ബുദ്ധിജീവികളുമടക്കം സർവ്വചരാചരങ്ങളും എല്ലാം അതു തന്നെയാണ്!

ഇങ്ങനെയൊക്കെ തൻ്റേതായ രീതിയിൽ മറ്റുള്ളവരിൽ നിന്നും വേറിട്ട് ചിന്തിച്ച് വാസുദേവനും എല്ലാവരിൽ നിന്നും വ്യത്യസ്ഥനായിത്തീർന്നു. 
എല്ലാം പഠിച്ചു തീർന്നെന്നുറപ്പിച്ചു അയാൾ. താനും ബ്രഹ്മാവും ഒന്നുതന്നെയാണെന്ന് ശരിയായി അറിയുന്നവൻ പിന്നീട് ഈ ലോകം മുഴുവൻ നശിപ്പിച്ചാലും നശിപ്പിക്കുന്നേയില്ല എന്ന് സ്വയം സമാധാനിപ്പിച്ച്  ജമീലയെ ചുറ്റിപ്പിടിച്ച് ഉറങ്ങാൻ കിടന്നു.
അവളുടെ ഗന്ധം കുറെശ്ശെയായി അവൻ്റെ നാസാരന്ധ്രങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ അവൻ ഉന്മാദിയാവാൻ തുടങ്ങി .

പക്ഷെ ജമീലയുടെ അവസ്ഥ അങ്ങിനെയായിരുന്നില്ല.
അവൾ അനാഥ സദനത്തിലേക്ക് സ്വന്തമിഷ്ടപ്രകാരം നടന്നകന്നു പോയ സ്വന്തം ഉപ്പയെ കുറിച്ച് അനുനിമിഷം ഓർക്കുകയും അസ്വസ്ഥയായിക്കൊണ്ടിരിക്കുകയുമായിരുന്നു.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലപ്പോഴും കണ്ണീരുപ്പിൻ്റെ നേർശകലങ്ങൾ ഉണങ്ങാറായിരുന്നില്ല. 

വീട്ടിലെ വഴക്കുകൾ ഉപ്പ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്നാണ് അവൾ വിചാരിച്ചിരുന്നത്. 
വീട്ടിൽ സന്തോഷം തിരിച്ചെത്താത്തിടം കാലം അരുകിലോ ദൂരത്തോ ഒരു സാന്ത്വനം തേടി ദു:ഖിതർ പുറപ്പെട്ടു പോകാറുണ്ട്. 
ഇവിടെയും സ്വന്തം ഇഷ്ടപ്രകാരം ഉപ്പ ഇറങ്ങിപ്പോയതാണ്. 
സ്വയം നിർബന്ധവും വാശിയും കലർത്തി മകളുടെ സ്നേഹം, സാമീപ്യം ഇവയ്ക്കപ്പുറം സ്വയം ഒരു ശിക്ഷ പോലെ അനാഥമായിത്തീരാൻ പാകത്തിൽ വലിയ സങ്കടക്കടൽ ഉള്ളിലേറി പുറത്തേക്കു നടക്കുകയായിരുന്നു പാവം ഉപ്പ. 

ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം വലിയൊരു യാത്ര പറഞ്ഞ് പോയ ഉമ്മയെപ്പോലെ തനിക്ക് വലിയ ദു:ഖം തന്നവൾ ആരുമില്ല.
മാതൃവാത്സല്യം വേണ്ടത്ര നുകർന്നിട്ടില്ലാത്ത ഒരു ബാല്യകാലം 
എപ്പോഴുമെനിക്ക് ബാക്കി നിർത്തിയിട്ട് ഉപ്പയെക്കൂടി തകർത്തു താറുമാറാക്കിപ്പോയതാണ്.
ഉപ്പയെ ആകെ തകർന്നു കാണുന്നത് അന്നു മുതൽക്കിന്നുവരെയുണ്ട്. 
അന്നു മുതൽ ഇന്നുവരെക്കുള്ള ആ ദുരിത നാളുകൾക്കു മേൽ അരുമയായ ഏക മകളും കൂടുതൽ ദുരിതക്കനലുകൾ വാരി വിതറിയിട്ടു.
പാവം! ഹൃദയം മുഴുവൻ ഉരുകിയൊലിച്ചിട്ടുണ്ടാവും. അനാഥാലയത്തിലിപ്പോൾ എന്തു ചെയ്യുന്നോ ആവോ? 

രാവിലെയെഴുന്നേറ്റ് ആടുകൾക്ക് വെള്ളവും തീറ്റയും കൊടുക്കണം. 
എന്നിട്ട് ഓടിപ്പോകണം .
പരമാവധി വേഗത്തിൽ സാന്ത്വനത്തിലെത്തണം. 
ഒരിക്കൽ കൂടി ഉപ്പയോടു കെഞ്ചണം, വീട്ടിൽ വരില്ലേ വരില്ലേയെന്ന്. 

മരുമകനിപ്പോൾ ശാന്തനാണ്. 
പുതിയ ജീവിതരീതികളോട് പൊരുത്തപ്പെട്ടു വരുന്നതായിരിക്കാം.
അദ്ദേഹത്തിന് ഉപ്പയെ സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിയുമൊ?ആർക്കറിയാം!
ജമീല ഈ വക ആകുലതകളോടൊപ്പം ഉറങ്ങിപ്പോയി.
എന്നാൽ വാസുദേവനപ്പോഴും ഉറക്കം വന്നിട്ടില്ലായിരുന്നു. 

അവളുടെ ഉപ്പ പോയതിനു ശേഷം അവൾ തന്നെ സ്നേഹിക്കാനോ ഓമനിക്കാനോ വന്നിട്ടില്ല. 
അവളിൽ എന്നോടുള്ള സ്നേഹം കുറഞ്ഞു പോയിക്കാണും. 
തൻ്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ ... ചിന്തകൾ നെഞ്ചു കൂടു പിളർത്തിക്കൊണ്ട് ഉണർന്നു വരികയാണ്.

വാസുദേവൻ എഴുന്നേറ്റ് ജനൽപ്പാളികൾ തുറന്ന് പുറത്തേക്ക് നോക്കി. 
ചുറ്റിലും നിലാവുണ്ട്,
ചിവീടുകൾ കൂട്ടമായി കരഞ്ഞുണ്ടാക്കുന്ന സംഗീതവുമുണ്ട്.
പാല പൂത്ത സുഗന്ധം .
കുന്നിറങ്ങി വരുന്നുണ്ടൊ പാലമരങ്ങളെ പുണർന്നുറങ്ങിയിരുന്ന യക്ഷിക്കൂട്ടങ്ങൾ?

നാളിതുവരെ യക്ഷികളെ കണ്ടിട്ടില്ല. 
എങ്കിലും പാലമരച്ചുവട്ടിൽ ഒരു യക്ഷി തൻ്റെ യക്ഷനേയും കാത്തു രാവിൻ പാൽപ്പശിമയുണങ്ങാതെ വാർമുടി കനപ്പിച്ചു നിൽക്കുന്നതായി വെറുതെ സങ്കൽപ്പിച്ചു നോക്കി. 
വാതിൽ തുറന്ന് കുറച്ച് നേരം മുറ്റത്തെ നിലാവിൽ നടന്നാലോ? 
ജമീലയുണരാത്ത വിധം അയാൾ വാതിൽ തുറന്നു .
ചാരി പുറത്തു നിലാവിൻ്റെ തണുത്ത വെള്ളി വെളിച്ചത്തിലേക്കി ഇറങ്ങിച്ചെന്നു.
വലിയൊരു യക്ഷി മുടിയഴിച്ചിട്ടെന്ന പോലെ കുന്നിൻ മുകളിൽ കനത്തു നിൽപ്പുണ്ട് തൊടുന്നിടത്തൊക്കെ പാൽ ചുരത്തുന്ന ആ വലിയ പാലമരം.
ഭ്രാന്തൻ കുന്നിൻ്റെ നെറുകയിൽ പടർന്ന്  താഴേക്ക് ചുറ്റിയിറങ്ങി ഇവിടെ വന്നെത്തി തന്നെ വിളിച്ചു കൊണ്ടു പോകുവാൻ ശ്രമിക്കുന്ന മദിപ്പിക്കുന്ന സുഗന്ധവും!

ഭ്രാന്തൻ കുന്നിന്റെ ചരിത്രം കുറച്ചൊക്കെ വാസുദേവനുമറിയാമായിരുന്നു.
ഇന്നീ വീടു നിൽക്കുന്നിടത്തെവിടെയോ ആയി വലിയൊരു ചുടുകാടുണ്ടായിരുന്നത്രെ പണ്ട്! 
ഭ്രാന്തനെ ആളുകൾ ആദ്യം കാണുന്നത് ഈ ചുടുകാട്ടിൽ വെച്ചാണ്. 
ജടപിടിച്ച മുടിയും നഗ്നമായ ഉടലും ഒരു കൈയ്യിൽ വെൺമഴുവും മറുകൈയ്യിൽ ഒരു തലയോട്ടിയുമായി ആജാനുബാഹുവായി ഒരു ഭയപ്പെടുത്തുന്ന രൂപം.
കത്തിത്തുടങ്ങിയ ചിതയിൽ നിന്ന് മനുഷ്യ ശരീരം വെട്ടിയെടുത്തു ഭക്ഷിക്കാറുണ്ടത്രെ! ചിതയിൽ നിന്നെടുക്കുന്ന ഭസ്മം ദേഹമാസകലം വാരിപ്പൂശും.
തീ ചിതറുന്ന പോലെയുള്ള കണ്ണുകൾ കണ്ടാൽ ആരുമാമുഖത്തേക്ക് നോക്കാൻ ഭയപ്പെടും!
ഭ്രാന്തൻ്റെ പ്രധാന താവളം ആ കുന്നിൻ മുകളിലാണ്. 
പണ്ട്താഴ് വാരത്തിൽ നിന്നും മുകളിലേക്ക് ഉരുട്ടിക്കയറ്റിയതെന്ന് പറയുന്ന വലിയൊരു പാറക്കല്ല് ഇപ്പോഴും കുന്നിൻ മുകളിലുണ്ട്.

വിശക്കുമ്പോൾ താഴേക്ക് ഭിക്ഷാടനത്തിനിറങ്ങും. 
കൈയ്യിലിരിക്കുന്ന തലയോടു നീട്ടി ഭിക്ഷ തേടും. 
ഒരു വിധം ആളുകളും ഭ്രാന്തനെ കണ്ടാൽ ഓടിയൊളിക്കും. 
അപൂർവ്വം ചിലർ ഭിക്ഷ നൽകാറുണ്ട്. നൽകുന്നതെന്തും കഴിക്കും, അതും അമേദ്യമായാൽ പോലും!

മാംസാഹാരത്തെ പറ്റി ചിന്തിക്കുമ്പോൾ തന്നെ വാസുദേവനു ഓക്കാനം വരും. അതും മനുഷ്യമാംസത്തെ പറ്റി .
ഇന്ന് ജമീല അയില വാങ്ങി വറുത്തു വെച്ചിരുന്നു.അതും നല്ല സ്വാദോടെ തിളച്ച വെളിച്ചെണ്ണയിൽ മസാലയൊക്കെ പുരട്ടി മൊരിയിച്ചെടുത്തത്.
കഴിച്ചു പരിചയമില്ലാത്ത ഇനങ്ങളായതുകൊണ്ട് അവൾ എപ്പോഴും നല്ല രുചിയോടെ തന്നെയാണ് പാചകം ചെയ്ത് നൽകുന്നത്. ബീഫ് ,മീൻ ,മുട്ട അങ്ങിനെ ഒരിക്കലും കഴിച്ചു ശീലിച്ചിട്ടില്ലാത്ത തൊക്കെ പുതിയ ശീലങ്ങളായി മാറിമറിയാൻ തുടങ്ങി.
ജമീലയുടെ സ്നേഹം അവനെ അരുതാത്തതെല്ലാം ഊട്ടിത്തുടങ്ങി!
തനിക്കിപ്പോൾ ഒരു സാദൃശ്യം ഭ്രാന്തനോടായിത്തുടങ്ങിയിട്ടുണ്ട്!

ഭ്രാന്തനെ സ്നേഹിക്കുന്നവരും ഉണ്ടായിരുന്നത്രെ!
ഭ്രാന്തൻ ഭിക്ഷാംദേഹിയാണ് ,
ഭ്രാന്തൻ്റെ ലിംഗം പൂജിക്കപ്പെടാനുള്ളതാണ്, പൂക്കളർപ്പിക്കാനുള്ളതാണ് എന്നൊക്കെ അഭിപ്രായപ്പെട്ടിരുന്നവർ ഒത്തുചേർന്ന് കുന്നിൻ മുകളിൽ ഭ്രാന്തൻ കല്ലിനു സമീപം പണ്ട് ചെറിയൊരു ലിംഗപ്രതിഷ്ഠ ചെയ്തിരുന്നു.
പക്ഷെ അത് ശിവ സങ്കൽപ്പത്തിൽ പെട്ടതല്ലായിരുന്നതുകൊണ്ട് ആളുകൾ വരാതെയും നേർച്ചകൾ കഴിക്കാതെയും മണ്ണുമൂടിപ്പോയി.

എന്നും അതിരാവിലെ തണുത്തുറഞ്ഞ അതും മഞ്ഞുവീഴുന്ന പ്രഭാതത്തിൽ പോലും കുന്നിൻ്റെ കിഴക്കേ ചരിവിലുള്ള ഏറാട്ടുകുളത്തിൽ ഭ്രാന്തൻ ആറാട്ടിനിറങ്ങുമത്രെ! 
കാലുകൾ സിദ്ധാസനത്തിൽ പിണച്ച് വെള്ളത്തിനു മുകളിൽ മലർന്നു കിടന്ന് ജലശയനവും ചെയ്യും. 
എല്ലാവർക്കും പേടിയായിരുന്നതുകൊണ്ട് ഒളിഞ്ഞല്ലാതെ തെളിഞ്ഞ് ആരും അത് കാണാൻ ധൈര്യപ്പെട്ടില്ല.

ഭ്രാന്തനും വിരോധികളുണ്ടായിരുന്നു.
അവർ ഭ്രാന്തൻ നരഭോജിയാണെന്നും തരം കിട്ടിയാൽ സ്ത്രീകളെ വെട്ടിക്കൊന്ന് കക്കും കരളുമെടുത്ത് കറിവെച്ചു കഴിക്കുമെന്നും ശവഭോഗം ചെയ്യുമെന്നും പൂർണ്ണ നഗ്നമാക്കപ്പെട്ട ഇരയുടെ ശവശരീരത്തിൽ കയറിയിരുന്ന് പൂജയും ധ്യാനവുമൊക്കെ ചെയ്യുമെന്നും പറഞ്ഞു പ്രചരിപ്പിച്ചു അവർ.

ഇപ്പോഴും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്.
തലമുറകൾക്കു മുമ്പെ നടന്നു കഴിഞ്ഞിരുന്ന കാര്യങ്ങളായിരുന്നതുകൊണ്ട് ഏതാണു ശരി ഏതാണ് തെറ്റ് എന്നൊന്നു മറിയില്ല. എന്തായിരുന്നാലും ഭ്രാന്തൻ മലയാളിയായിരുന്നില്ല.
എന്നാൽ അയാൾ ഹിന്ദുവായിരുന്നു, ഹിന്ദിക്കാരനായിരുന്നു. 
കൈലാസത്തിൽ നിന്നുമാണ് ഭ്രാന്തൻ വന്നത് എന്നു പോലും ചിലർ വിശ്വസിച്ചു.

ഇവിടത്തെ ആചാരങ്ങളിലൊന്നും ഭ്രാന്തന് താൽപ്പര്യമില്ലായിരുന്നു. 
കളം വരക്കലും കള്ളു നേദിക്കലും കോഴിയെ വെട്ടലും മധു മാംസാദികൾ പാനം ചെയ്യലും ചാത്തൻമാരെക്കൊണ്ടു തുള്ളിക്കലുമൊന്നും  ഭ്രാന്തനെ ബാധിക്കുന്ന വിഷയമായിരുന്നില്ല. പക്ഷെ അയാൾ ഒന്നു ചെയ്തു. 
തൻ്റെ കൈവശമിരുന്ന കഞ്ചാവുവിത്തുക്കൾ ഭ്രാന്തൻ കുന്നിൽ പാകി.
പാകമായ ചെടികൾ പിഴുത് ഭാംഗുണ്ടാക്കിക്കഴിച്ചു.
കഞ്ചാവിൻ്റെ ആലസ്യത്തിലമർന്ന് കടുത്ത ധ്യാനത്തിലമർന്നു.
അന്നത്തെ അവശേഷിപ്പുകളായി അടുത്ത കാലം വരെ ഭ്രാന്തൻ കുന്നിൽ കഞ്ചാവു ചെടികൾ ഉണ്ടായിരുന്നു, 
പിന്നീട് പോലീസുകാർ വന്ന് മിനക്കെട്ടിരുന്ന് എല്ലാം കത്തിച്ച് ഭസ്മമാക്കും വരെ!

ഭ്രാന്തനെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവുമുണ്ടായില്ല. 
ധ്യാനവും സമാധിയുമായി ആർക്കും ശല്ല്യമാകാതെ ഒരു നാൾ എപ്പോഴോ ഭ്രാന്തൻ പ്രകൃതിയിൽ തന്നെ ലയിച്ചു പോയി. 

അങ്ങിനെയങ്ങിനെ കുറെശ്ശെ കുറെശ്ശെയായി കൂടെ കയറി വന്ന ഭ്രാന്തൻ ചിന്തകൾ കൂടി വാസുദേവനെ വല്ലാതെ വലച്ചപ്പോൾ അർദ്ധരാത്രിയിൽ തന്നെ കുന്നുകയറി വെറുതെ ഭ്രാന്ത സമാധിയിലേക്ക് പോകണമെന്ന് അയാൾക്കു തോന്നി.

മാംസം ഭക്ഷിച്ചു ഭക്ഷിച്ചു തനിക്കും ഒരഘോരിയെപ്പോലാകണം. 
ചുടുകാടിൻ നടുവിലും നട്ട പാതിരായിലും ഒന്നിലും ഭയമില്ലാത്ത ജഢാ ഭാരങ്ങൾ കെട്ടിയാടുന്ന ധീര ധീരനായ ഒരു മുഴുനീളൻ അഘോരി!

അടുത്ത് കുന്നിൻ മുകളിൽ തന്നെ പൂർണ്ണ ചന്ദ്രൻ വലിയ വെളിച്ചമായി അയാൾക്കു വഴികാട്ടിക്കൊണ്ട് നിൽക്കുന്നു.
ഒരു നടത്തത്തിനു തയ്യാറായി വാസുദേവൻ തൻ്റെ പാദരക്ഷകളെടുത്തണിഞ്ഞു.
കാൽപാടുകൾ പതിപ്പിക്കുന്ന കൊച്ചു കൊച്ചു ശബ്ദങ്ങൾ കടം കൊണ്ട് പാദരക്ഷകൾ വളരെ സൂക്ഷിച്ചു പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി.
പരിചിതമായ രൂപം തങ്ങൾക്കടുത്തു കണ്ട് ജമീലയുടെ ആടുകൾ കരഞ്ഞു ശബ്ദമുണ്ടാക്കി.

അയാൾ പടി തുറന്ന് മുന്നോട്ട് നടന്നു.
പെട്ടെന്നയാളുടെ കൈയ്യിലൊരു പിടി വീണു. കൈ തണ്ടയിൽ ഞെരിച്ചമർത്തി അതയാളെ പിറകോട്ടു വലിച്ചു. 
മുന്നിൽ തീപാറുന്ന കണ്ണുകളുമായി തെരുതെരെ മിഴിനീർ നിറച്ചു കൊണ്ട് ജമീല!

"നിങ്ങൾ പിന്നെയും അതു തന്നെ ചെയ്യാൻ പോവുകയാണോ? 
നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട്. 
പക്ഷെ നിങ്ങൾക്കതു മനസ്സിലാക്കാൻ കഴിവില്ലെന്നുണ്ടോ?"
അയാളൊന്നും മിണ്ടിയില്ല.

"വാ, നിങ്ങൾക്കാവശ്യമുള്ളതു ഞാൻ തരാം. അകത്തേക്കു വാ "
ജമീല വാസുദേവനേയും വലിച്ചുകൊണ്ട് വീടിനകത്തേക്കു പോയി. 
ഒടുവിൽ മുറിപ്പെട്ട ഹൃദയത്തോടെ തന്നെ തൻ്റെ ഭർത്താവിനെ തൃപ്തിപ്പെടുത്തി അവൾ തളർന്നു കിടന്നു. 

പതിവായി തൻ്റെ ഉറക്കങ്ങൾ കുറെ രാത്രികളായി നഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവിൽ ജമീല വിതുമ്പിക്കരയുകയും എന്നത്തേയും പോലെ വൈകി മാത്രം തളർന്നുറങ്ങുകയും ചെയ്തു.

2023, മേയ് 2, ചൊവ്വാഴ്ച

മരം വെട്ടുന്നവൾ. നോവൽ


അദ്ധ്യായം അഞ്ച്.

സെയ്തലവി കുന്നുകയറിയതിൻ്റെ മൂന്നാം ദിവസം മുനീറിൻ്റെ തട്ടുകടയിലേക്ക് പതിവു ചായക്കായി ഉസ്മാൻ വന്നു.
രാവിലത്തെ പത്തു മണിച്ചായയുടെ തിരക്കിനു മുമ്പുള്ള ഒരുക്കലിൻ്റെതായ തത്രപ്പാടിലായിരുന്നു കടക്കാരൻ മുനീർ.

" മുനീറേ, ഇന്ന് സെയ്തലവിയെങ്ങാനും ചായ കുടിക്കാൻ വന്നോടാ?"

അന്വേഷിച്ചത് തൻ്റെ പ്രിയ സ്നേഹിതനെ പറ്റിയായിരുന്നെങ്കിലും ഉസ്മാനിലെ വർഗ്ഗ ബോധമുണർന്ന് തൻ്റെ സ്വരത്തിൽ അൽപ്പസ്വൽപ്പം അമർഷമൊക്കെ കൂട്ടിക്കലർത്തിക്കൊടുത്തിരുന്നു.

" ഇല്ല ഉസ്മാനിക്ക ."

"ഓനെ രണ്ടീസായിട്ട് കാണാനില്ലെന്ന് നമ്മടെ മുക്രിക്ക പറേണ് കേട്ടു. ഹും, ശെയ്ത്താൻ കയറിയ വീടു പോലായിട്ടുണ്ട് ഓൻ്റെ കാര്യം! "

ഉസ്മാൻ്റെ പരിതാപം സെയ്തലവിയുടെ വീട്ടിൽ ഇപ്പോൾ നടക്കുന്ന പുതിയ മാറ്റങ്ങളെപ്പറ്റിത്തന്നെയായിരുന്നു.
ആയതിൻ്റെ ഉത്കണ്ഠ മറച്ചുകാട്ടാതെ തന്നെ
ഉസ്മാനിപ്പോൾ  അന്വേഷിച്ചത് തട്ടുകടക്കാരൻ മുനീറിനോടു മാത്രമായിരുന്നില്ല.
കടയിലപ്പോൾ ഉണ്ടായിരുന്ന പരിചിത മുഖങ്ങളിലത്രയും അയാൾ തൻ്റെ അന്വേഷണം നടത്തി.

എന്നാൽ അവരിലാരും തന്നെ സെയ്തലവിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞവരോ, അതിൽ വ്യാകുലപ്പെടുന്നവരോ ആയിരുന്നവരല്ല.
എന്നിരുന്നാലും സെയ്തലവിയുടെ വീട്ടിൽ നടന്ന മിശ്രവിവാഹത്തെ പറ്റി തള്ളിയും, കൊണ്ടും സംസാരിക്കാൻ അവർ തയ്യാറായിരുന്നു താനും!

മനുഷ്യബന്ധങ്ങളിൽ പലപ്പോഴും വിള്ളലും അകൽച്ചയും വീഴാൻ അധികനേരമെടുക്കുന്നില്ല.
അത്തരം സമയത്ത്  വളരെ അടുത്തിരുന്നവർ തമ്മിൽ തമ്മിൽ പരസ്പരം നോക്കാനോ സന്തോഷം പങ്കുവെയ്ക്കാനോ വളരെയധികം മടിച്ചു പോകുന്നു.
കണ്ണിമ തുറന്നടക്കും വേഗത്തിൽ
മനുഷ്യന് അധികം സൂചനകൾ നൽകാതെത്തന്നെ കാലം അത്രയെളുപ്പത്തിൽ അവരെ വാരിക്കുഴികളിൽ അവനെ ചാടിച്ചു വീഴ്ത്തുന്നു.

മുനീറിൻ്റെ കടയിൽ പലതരം ആളുകളും വന്നു പോകുന്നു.
അവർക്കൊക്കെ കൈയ്യിൽ ഇത്തരം ധാരാളം വിശേഷങ്ങൾ സംസാരിക്കാൻ ഉണ്ടുതാനും.

മനുഷ്യൻ ഒരേ ചുവപ്പു നിറമുള്ള രക്തം ഉള്ളവരാണെങ്കിലും പലതരക്കാരായി ഭിന്നിച്ചിരിക്കകൊണ്ട് പല നിറത്തിലുള്ള വേഷങ്ങൾ ധരിച്ചെത്തുകയും പരസ്പരം അത്തരം നിറങ്ങൾ ധരിപ്പിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ്.

ചിലപ്പോളൊക്കെ ആയതിൻ്റെ വൈജാത്യങ്ങൾ അവിടെ പ്രകടമായ തർക്കമായും വാഗ്വാദമായും വളർന്നു പന്തലിച്ച് തട്ടുകടയെ ഉന്മാദത്തിലേക്ക് തള്ളിയിടാറുണ്ട്.

സെയ്തലവിയുടെ കാര്യത്തിലും ഇങ്ങനെയൊന്ന് മുനീറിൻ്റെ പക്കൽ നിന്നും ഒരു നിരോധനം ഏറ്റുവാങ്ങാവുന്ന പാകത്തിൽ പെട്ടെന്നവിടെയുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു തർക്ക വിഷയമാണെന്ന കാര്യം  ഉസ്മാനും മുനീറും പ്രത്യേകം ഓർത്തുവെച്ചിരുന്നു. 

"എന്നും ഈ നേരത്ത് ഒരു ചായ കുടിക്കാൻ വരാറുള്ളതാണ്. മിനിങ്ങാന്ന് കുന്നുകയറിപ്പോവുന്നത് കണ്ടോര്ണ്ട്. ഇനിയിപ്പോ വല്ല ബന്ധുക്കളോടേം പോയിട്ട്ണ്ടാവും."

അതുകൊണ്ടു തന്നെ മുനീർ തനിക്കീ കാര്യത്തിലുള്ള അനുമാനങ്ങൾ ഒരു തർക്ക വിഷയമായി മാറിപ്പോകാതെ എല്ലാം ചെറിയൊരഭിപ്രായത്തിൽ മാത്രമൊതുക്കി, തിളച്ച വെള്ളത്തിൽ ചായപ്പൊടിയുടേതായ ചുവന്ന നിറം നേർപ്പിച്ചു ചേർക്കുന്നതിൽ വ്യാപൃതനായി.

"എത്രയായാലും മോൾക്കും മര്യോന്ക്കും അറിയാണ്ടിരിക്കില്ലല്ലോ. വര്ന്ന വഴിക്കൊന്ന് ചോദിക്കായിരുന്നില്ലേ?"

ഉസ്മാൻ്റെ അടുത്ത ബന്ധത്തെ അകത്തി മാറ്റിയിടത്ത് മാത്രം ഒന്നമർത്തിയൂന്നി ഒരാൾ ചോദിച്ചു !

"ഹും!" ഉസ്മാനിക്ക പുറത്തേക്കൊന്ന് നീട്ടിത്തുപ്പി.

" ആ . ഒരു ചായയെടുക്ക്."

അവർക്കിടയ്ക്കും കുറച്ചു നേരം മൗനം കനലിട്ടു.
ചായ തിളക്കുന്നതിൻ്റേയും ചില്ലു ഗ്ലാസ്സിൽ പകർത്തുന്നതിൻ്റേയും പലഹാര പാത്രങ്ങൾ കലമ്പൽ കൂട്ടുന്നതിൻ്റേയും ശബ്ദങ്ങൾ മാത്രം ധൃതി പിടിച്ചു നടന്നു.
എങ്കിലും ചുട്ടു നീറ്റലിൻ്റേതായ ചില നിശ്വാസങ്ങൾ ഉസ്മാനിൽ നിന്നുണ്ടായി.

" സെയ്തലവി ഇതുവരെ ഇവിടെ വന്നു കടം പറഞ്ഞിട്ടില്ല. 
അതിലും കൂടുതലായി എനിക്കു വേറൊന്നും ആരോടും ചോദിക്കാനുമില്ല.
വരും. 
എന്നും പതിവുള്ള കാര്യമായതോണ്ട് ചായ ചോയിക്കാതെ തന്നെ ഞാനെടുത്തു കൊടുക്ക്യേം ചെയ്യും. 
നിങ്ങക്കൊക്കെ ഉള്ളതുപോലെ അത്ര ഉത്സാഹം എനിക്കിതിലൊന്നുമില്ല"

സംവാദകനെ ഒന്നിരുത്തി നോക്കി മുനീർ എല്ലാം അവിടെത്തന്നെ ഒതുക്കി നിർത്തി.

" മുനീറേ, വീട്ടിൽ സഫിയാൻ്റെ പിള്ളേര് വന്നിട്ട്ണ്ട്ടാ.നാല് പരിപ്പുവട എനിക്കു പൊതിഞ്ഞോടാ"

മുനീർ പരിപ്പുവട  നാലെണ്ണമെടുത്ത് കടലാസിൽ പൊതിഞ്ഞെടുത്ത് ഉസ്മാനുകൊടുത്തു.

തട്ടുകടയിൽ ആളു കൂടിത്തുടങ്ങി.  
ചർച്ച ചെയ്യാൻ വിഷയമന്വേഷിക്കുന്നവർ സെയ്തലവിയെ പറ്റി കൂടുതലോർക്കാൻ അതു പ്രത്യേക കാരണമായി.

ആദ്യമൊക്കെ നല്ലവണ്ണത്തിൽ കുടവയറൊക്കെയുള്ള മനുഷ്യനായിരുന്നു സെയ്തലവി .
അതും ആറടി ഉയരത്തിൽ!

അദ്ദേഹത്തിൻ്റെ ഭാര്യ അകാലത്തിൽ മരിച്ചതാണെന്നും അവർക്കു കാൻസറായിരുന്നുവെന്നും അവരെല്ലാവരും ഒരുമിച്ചുകൂടിയിരുന്നുള്ള സംഭാഷണത്തിൽ നിന്നും  വ്യക്തമായിരുന്നു. 
തനിക്കു വേണ്ടി മതം മാറി ഉമ്മുകുൽസുവായ തൻ്റെ സ്നേഹനിധിയായ ഭാര്യക്കു വേണ്ടി അമല കാൻസർ സെൻ്ററിൽ ചികിത്സയുറപ്പിച്ചതും അവർ സമയാസമയങ്ങളിൽ ആവശ്യപ്പെട്ടിരുന്ന പണമത്രയും നൽകി  ചികിത്സിച്ച കൂട്ടത്തിൽ കടം വളരെ ഉയരെ കുമിഞ്ഞുകൂടിയതും പിന്നീടാരും
ആരും അയാൾക്കു കടം കൊടുക്കാതെയായി തുടർ ചികിത്സയെ ബാധിച്ചതുമെല്ലാം അവർ ആ ചർച്ചയിൽ വിഷയമാക്കി. 
കിട്ടിയ വിലക്ക് സ്വത്തു വിറ്റു.
അതിൽ നിന്നേറെയെടുത്ത് പിന്നെയും ചികിത്സിച്ചു.
എന്നിട്ടും ചികിത്സക്കൊടുവിൽ അയാളുടെ ഭാര്യ മരിച്ചു പോയി. 

എല്ലാം പടച്ചവൻ്റെ പരീക്ഷണം എന്നു കരുതി അയാൾ സ്വയം സമാശ്വസിച്ചു.
പിന്നീട് അയാൾക്ക് ഒരിക്കലും തൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിച്ചില്ല. ഷുഗറുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്.
പ്രഷറുണ്ടോ എന്നു ചോദിച്ചാൽ അതുമുണ്ട്.
മുതലാളിമാർക്കു മാത്രം വന്നിരുന്ന അസുഖങ്ങളൊക്കെയും അയാൾക്കും കൂട്ടുണ്ടായി. 
സെയ്തലവി ദരിദ്രനായി.
കുറഞ്ഞ വില കൊടുത്തു വാങ്ങിയ പുതിയിടത്തേക്ക് താമസം മാറി വരുകയും ചെയ്തു.

സെയ്തലവിക്ക് നല്ല തല്ലുകാരനുള്ള രൂപസാദൃശ്യമൊക്കെ പണ്ടുണ്ടായിരുന്നു. അതും പലിശക്കാരൻ വർഗ്ഗീസ് മാപ്പിളയുടെ കാര്യസ്ഥപ്പണി ചെയ്തിരുന്ന കാലത്ത് .
എന്നാൽ തല്ലുകൊണ്ടും കൊടുത്തുമല്ല സെയ്തലവി ഇന്നാൾ വരെ ജീവിച്ചു പോന്നത്. 

പണം പലിശക്കു വാങ്ങിക്കൊണ്ടു പോകുന്നവരിൽ തിരിച്ചടവിനു മടി കാണിക്കുന്നവരെ തിരഞ്ഞുപിടിച്ച് ശാസിക്കാനും, വിരട്ടി പാകപ്പെടുത്തി തിരിച്ചടവിനു തയ്യാറാക്കാൻ വേണ്ടിയും വർഗ്ഗീസുമാപ്പിള കണ്ടെത്തിയ ഒരു സാധ്യത മാത്രമായിരുന്നു സെയ്തലവിയുടെ തണ്ടും തടിയും ഒട്ടുമിക്കതും!

ഒരിക്കൽ കണ്ടങ്കോരനെ അവൻ പണി ചെയ്തിരുന്ന പാടവരമ്പിൽ വെച്ചു തന്നെ കഴുത്തിനു കുത്തിപ്പിടിച്ച് പൊന്തിച്ചു നിർത്തിയിട്ടുണ്ട് സെയ്തലവി! 
അതു നുണയായിരുന്നില്ല.
അതുണ്ടായത് അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലല്ലായിരുന്നു.
പിന്നെയോ, മകളുടെ തിരണ്ടു കല്യാണത്തിന് ചിലവാവശ്യങ്ങളുടെ പേരിൽ വർഗ്ഗീസുമാപ്പിളയോട് കണ്ടങ്കോരൻ കടം കൊണ്ടു എന്നതായിരുന്നു കാരണം.
ഇവിടെ സെയ്തലവിയെ പ്രകോപിപ്പിക്കാനുണ്ടായ വിഷയം കണ്ടങ്കോരന്റെ തിരിച്ചടവ് വല്ലാതെ നീണ്ടുപോയി എന്നതായിരുന്നു.

മാപ്പിളക്കു വേണ്ടി കുരുമുളകും അടക്കയും കൊപ്രയുമൊക്കെ വാങ്ങിക്കൂട്ടാൻ സെയ്തലവി പല സ്ഥലത്തും പോയിട്ടുണ്ട്.
കുറഞ്ഞ വിലക്കു കിട്ടാൻ പേശി നിന്നിട്ടുണ്ട്. ഒടുവിൽ മാപ്പിളക്ക് വയസ്സായി ശാരീരികാവശതകൾ വന്നതോടെ അയാളുടെ കാര്യസ്ഥ പണി ഉപേക്ഷിച്ച് അത്തരം കച്ചവടങ്ങൾ സ്വന്തമായി ഏറ്റെടുത്ത്  നടത്താൻ തുടങ്ങുകയായിരുന്നു. 
കുയിലത്ത് നായർ തറവാട്ടിൽ ധാരാളം കവുങ്ങും തെങ്ങും വാഴയുമുണ്ടായിരുന്നു.
വലിയ പാടശേഖരത്തിൽ ധാരാളം നെല്ലു വിളഞ്ഞുകിട്ടുമായിരുന്നു.
ആയതിൻ്റെ കച്ചവട സാധ്യതകൾക്കിടയിലാണ് ഉമ്മു കുത്സുവിനെ സെയ്തലവി കാണുന്നതും കൂടെയിറക്കിക്കൊണ്ടു പോന്നതും. 

നാലുനാൾ കൊണ്ടു തന്നെ മതം മാറ്റി കുടുംബത്തിൽ പുതുമണവാട്ടിയാക്കി കൊണ്ടുവന്നു കയറ്റി. 
പുതിയ ഹൂറിയെ ഉപ്പയും ഉമ്മയും സഹോദരങ്ങളും സ്നേഹപൂർവ്വം വരവേറ്റു.
മഹല്ലു കമ്മറ്റിക്കും എതിരഭിപ്രായമുണ്ടായില്ല. എങ്കിലും പതിവുപോലെ
ചിലർ സഹതപിച്ചു. 
ചിലർ കുറ്റപ്പെടുത്തി.
അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങളുണ്ടായി. 
കാലം ക്രമേണ അവിടെയും ശാന്തമായി.

ശിവരാമൻ നായർ ശിവസേനക്കാരനാണ്.
അദ്ദേഹം സെയ്തലവിയെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കണം എന്ന അഭിപ്രായക്കാരനാണ്. 
പള്ളിപ്പാട്ട് തറവാട്ടു കാരനാണെങ്കിലും അദ്ദേഹത്തിന് കുയിലത്തുകാരോടും പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
അത് തൻ്റെതായ വർഗ്ഗബോധത്തിൻ്റെ പുറത്തായിരുന്നു താനും.

സംവാദകനായ ശിവരാമൻ നായരുടെ സാന്നിധ്യം ചർച്ചയിൽ വേർതിരിഞ്ഞു വന്നപ്പോൾ തങ്ങളുടെ ഹിന്ദു സഹോരങ്ങളുടെ വോട്ട് ഭിന്നിച്ചു പോകരുതെന്ന് അഭിപ്രായമുള്ളവർ അയാൾക്കു കൂടെച്ചേരുകയും ചില കമ്യൂണിസ്റ്റ് അനുഭാവികൾ വിരോധ ശബ്ദത്തിൽ അവിടെ മൂളുകയും ചെയ്ത് തട്ടുകടയിലെ ഈ ചർച്ചക്ക് വളരെ ഗൗരവ സ്വഭാവം വരുത്തി.

വെളിച്ചപ്പാട് മണിയേട്ടൻ്റെ ചായക്കടയിൽ നിന്നേ ചായ കുടിക്കൂ. 
മുനീറിൻ്റെ തട്ടുകടയിലേക്ക് വരാറില്ല. സ്വാതന്ത്ര്യാനന്തരഭാരതം ഇന്ത്യയും പാക്കിസ്ഥാനുമായി രണ്ടായി വിഭജിക്കപ്പെട്ടതാണ് വെളിച്ചപ്പാടിൻ്റെ ഈ പ്രതികൂല നിലപാടിനു കാരണമെന്ന് ശിവരാമൻ നായർ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നത് ഈ അവസരത്തിൽ മുനീർ ഓർത്തു .
ഒന്നമർത്തിച്ചിരിച്ച് താൻ കടുപ്പത്തിലെടുത്ത ചായ ഡെസ്കിൽ ശിവരാമൻ നായർക്കു മുന്നിലായി അമർത്തിതന്നെ പതിപ്പിച്ചു വെച്ചു.

ചർച്ച അതിരു കടന്നപ്പോൾ സെയ്തലവീ വിഷയം ചായ ഗ്ലാസ്സുകൾക്കിടയിലും അവയിരിക്കുന്ന കൈകൾക്കിടക്കും പെട്ടെന്നൊരു ക്ഷോഭമായി ഉരുത്തിരിയുകയും പെട്ടെന്നു തന്നെ ഉസ്മാൻ ചായ കുടി മതിയാക്കി പോകാനെഴുന്നേൽക്കുകയും ചെയ്തു.

മറവിക്കൂടുതൽ കാരണം കടം കൊടുക്കുന്നതല്ല  എന്നൊരു സ്റ്റിക്കർ മുനീർ തൻ്റെ തട്ടു കടയിൽ  നേരത്തെ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
ഉസ്മാൻ അവിടേക്കൊന്നു വിരലോങ്ങി.

" ഞാനിത്തിരി മറവി കൂടുതലുള്ള ആളാ. ഇന്നാ അൻ്റെ പൈസ " 
ഉസ്മാൻ തൻ്റെ ചായ പൈസയും കൊടുത്ത് പുറത്തിറങ്ങിപ്പോയി.

"സെയ്തലവിയുടേത് പോക്കാക്കില്ലത്ത് തറവാടും ഉസ്മാൻ്റെ തറവാട് അമ്പലത്തുമാണ് .
ശിവരാമൻ നായരുടേതാകട്ടെ പള്ളിപ്പാട്ടും. ഹിന്ദുവാണെന്നു കരുതി പള്ളിപ്പാട്ട് കളയാനും മുസ്ലിമാണെന്നു കരുതി അമ്പലവും ഇല്ലവും തറവാട്ടു പേരിൽ നിന്ന് മാറ്റാനും മൂവരും വിചാരിച്ചാൽ സാധിക്കുകയുമില്ല. 
മനുഷ്യൻ്റെ രക്തം ചുവപ്പാണ്. 
അതിനും പച്ച നിറമോ കാവിയോ കൊടുക്കാനൊന്നും പറ്റില്ല. 
നിങ്ങൾ എൻ്റെ അഭിപ്രായത്തോട് യോജിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,
ഞാൻ എൻ്റെ അഭിപ്രായം എവിടെയും തുറന്നു പറയും "
പാർട്ടിയുടെ മുൻ ബ്രാഞ്ചു സെക്രട്ടറിയായിരുന്ന ചിറ്റിലപ്പിള്ളി തറവാട്ടുകാരൻ മുരളി പരിപ്പുവടയലമാരി തുറന്നടച്ച് തൻ്റെ സംതൃപ്തി കട്ടൻ ചായയോടു ചേർക്കുന്നതിനിടയിൽ ചർച്ചയിൽ കടന്നു കയറി തൻ്റേതായ ശബ്ദം അഭിപ്രായ രൂപത്തിൽ രേഖപ്പെടുത്തി.

ആരോ ചുമക്കുന്ന ശബ്ദം. 
മുനീർ ആളെ തിരഞ്ഞു.
മുക്രിക്കയാണ്.

" എന്താ മുക്രിക്ക?"
" മൂന്നു ചായ പള്ളിയിലേക്ക് കൊടുത്തു വിട്"
"ആവാം"
മുക്രിക്ക പള്ളിയിലേക്കു തന്നെ തിരിച്ചു നടന്നു.

ഭ്രാന്തൻ കുന്നിൽ നിന്നും കരിങ്കല്ലു നിറച്ച ഒരു ടിപ്പർ കടക്കു മുന്നിൽ നിന്നു.
" ഒരു സ്ട്രോങ്ങ് ചായ "വണ്ടിയിലിരുന്നു തന്നെ ഡ്രൈവർ തൻ്റെ ചായ ഓർഡർ ചെയ്തു.

" ആരെങ്കിലും കളിക്കാനുണ്ടോ?"
ചോദ്യം വന്നപാടെ കുറച്ചു പേർ എഴുന്നേറ്റു.
അവർ ഒരു ചീട്ടുകളി സംഘമായിരുന്നു.

"സെയ്തലവി എവിടെയുണ്ടെന്ന് എനിക്കറിയാം. അങ്ങേര് സാന്ത്വനത്തിലുണ്ട്."

മുരളിയുടെ വെളിപ്പെടുത്തലിൽ അവർ എല്ലാവരും ഉത്തരമറിഞ്ഞു.

" അയാൾ അവിടത്തെ അന്തേവാസിയായി മാറി.
അതിൻ്റെ കാരണക്കാർ നമ്മളോരോരുത്തരുമാണ്. 
മതവും ജാതിയും തിരിഞ്ഞ് പരസ്പരം തമ്മിലടിക്കാനും കുറ്റപ്പെടുത്തി പരിഹസിക്കാനും നമ്മൾ സമയം കണ്ടെത്തുമ്പോൾ ഇതുപോലുള്ള പൊതു സമൂഹത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട് അനാഥാലയത്തിൻ്റെ ഇടുങ്ങിയ മൂലകളിൽ ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന എത്രയെത്ര സെയ്തലവിമാർ നമ്മുടെ നാട്ടിലുണ്ടെന്ന് ചിന്തിക്കാൻ മാത്രം നമുക്ക് സമയമോ മനസ്ഥിതിയോ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ?" 

മുരളി ചിറ്റിലപ്പിള്ളി എല്ലാവരെയും കൂട്ടി നിർത്തി ശാസിച്ചു.

" അതെങ്ങനെ ഇത്ര ഉറപ്പിച്ചു പറയാൻ പറ്റും? മുരളി ഇത് നേരിട്ടു കണ്ടോ?"

ശിവരാമൻ സംശയനിഴലിട്ട് തുടർ സംവാദത്തിനു മുതിർന്നു. 

"ഞാൻ കണ്ടില്ല.
പക്ഷെ, ഒരടിയന്തര സദ്യക്ക് ശേഷം ബാക്കി വന്ന ഭക്ഷണം സാന്ത്വനത്തിൽ കൊണ്ടു കൊടുക്കാൻ പോയ എൻ്റെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കൾ നേരിട്ട് കണ്ടതാണ് .
അവർ ആളോടു സംസാരിക്കുകയും ചെയ്തു. 
എല്ലാവരുടേയും പ്രവൃത്തി ഗുണം കൊണ്ട് മനസ്സു പൊള്ളിയിട്ടാണ് ആ പാവം സാന്ത്വനം റീഹാബിലിറ്റേഷൻ സെൻ്ററിലേക്ക് പോയത്"

മുരളി എല്ലാവരുടേയും സന്ദേഹങ്ങളെ പെരുക്കിയലക്കി അവസാനിപ്പിച്ചു.